· 5 മിനിറ്റ് വായന

മദ്യപിച്ച് വാഹനം ഓടിക്കരുത്

Current AffairsLife Styleആരോഗ്യ അവബോധംപൊതുജനാരോഗ്യം

മദ്യം സഞ്ചരിക്കുമ്പോൾ നമ്മൾ സഞ്ചരിച്ചാൽ ?!

ശീലം കൊണ്ടാർജ്ജിച്ച സ്വാഭാവികമായ ഒരു വഴക്കം എന്ന നിലയക്ക് നാം വാഹനം ഡ്രൈവ് ചെയ്യുന്നു. മദ്യപാനം അതിനെ സാരമായി ബാധിക്കുന്നു. പ്രധാനമായും മദ്യം ഡ്രൈവിങ്ങിനെ ബാധിക്കുന്നത് ഇങ്ങനെയാണ്.

1. കണ്ണെത്തുന്നിടത്ത് അത്ര തന്നെ വേഗത്തില്‍ കയ്യും മെയ്യും മനസ്സുമെത്തുന്ന ഒരു കല തന്നെയാണ് ഡ്രൈവിങ്ങ്. ഇത് തമ്മിലുള്ള ഏകോപനത്തെയും റിഫ്ളക്സുകളെയും മദ്യം കീഴടക്കുന്നു.

2. അമിതമായ ആത്മവിശ്വാസവും, അപകടകരമായി വണ്ടിയോടിക്കാനുള്ള ധൈര്യവും പലപ്പോഴും മദ്യസവാരിയുടെ മുഖമുദ്രയാണ്.

3. എത്ര മാത്രം തന്റെ ഡ്രൈവിങ്ങ് ശേഷിക്ക് കോട്ടം വന്നിട്ടുണ്ട് എന്ന ബോധവും തിരിച്ചറിവും വ്യക്തിക്ക് കാണില്ല എന്നത് അപകടം വർധിപ്പിക്കുന്നു. ശരിയായ തീരുമാനമെടുക്കാൻ കഴിവ് നഷ്ടപ്പെടുന്നു.

4. ഒന്നിലധികം കാര്യങ്ങൾ ഒരുമിച്ച് ചെയ്യാനുള്ള കഴിവ് പരിമിതപ്പെടുന്നു.

ശാസ്ത്രീയമായി വിശകലനം ചെയ്താൽ ഒരു നിശ്ചിത വേഗത്തിൽ ഓടുന്ന ഒരു വാഹനം പൂർണമായി നിൽക്കുവാൻ എടുക്കുന്ന സമയം – (വിരാമവിളംബം എന്ന് വിളിക്കാം) പ്രധാനമായും മസ്തിഷ്കം അപായ സാധ്യത തിരിച്ചറിയാൻ എടുക്കുന്ന സമയം (Perception time), തുടർന്ന് കാല് ആക്സിലേറ്ററിൽ നിന്ന് മാറ്റി ബ്രേക്ക് ചവിട്ടാൻ എടുക്കുന്ന പ്രതികരണത്തിനുള്ള താമസം (Human Reaction time), ബ്രേക്ക് പെഡലിൽ കാലമർത്തിയാൽ അതിനോട് പ്രതികരിക്കാൻ വാഹനം എടുക്കുന്ന സമയം (vehicle reaction time) ബ്രേക്കിങ്ങ് ശേഷി (breaking capability ) എന്നിവയെ ആശ്രയിക്കുന്നു.

ഇതിൽ Perception time, Reaction time എന്നിവ സുബോധത്തിൽ അര മുതൽ മുക്കാൽ നിമിഷം വരെ മാത്രമേ എടുക്കൂ. എന്നാൽ മദ്യം, ലഹരിമരുന്നുകൾ, ക്ഷീണം, ശ്രദ്ധയില്ലായ്മ ഇവയെല്ലാം ഈ സമയം വർധിപ്പിക്കുന്നു. നൂറു കിലോമീറ്റർ വേഗതയിൽ ഓടുന്ന വണ്ടിയിൽ ഇപ്രകാരം ഈ സമയം 4 നിമിഷമായ് നീണ്ടാൽ ബ്രേക്കിൽ പാദമമരും മുമ്പ് തന്നെ വണ്ടി ഒരു ഫുട്ബോൾ മൈതാനത്തിന്റെ നീളം താണ്ടി കഴിയും. മരണം വിളിച്ചു വരുത്താൻ ക്വട്ടേഷൻ നൽകുക എന്നല്ലാതെ എന്താണ് ഇതിനെ വിളിക്കുക.

*എത്ര വരെ കുടിച്ചാൽ സുരക്ഷിതമായി ഓടിക്കാം …?*

യാത്ര പുറപ്പെടാൻ നേരം ഒരു ഡ്രിങ്ക് കഴിക്കുന്ന ശീലം ചിലർക്കുണ്ട്. One for the road എന്ന് സ്റ്റൈലിലൊക്കെ പറയും. ഇന്ത്യയിലെ നിയമപ്രകാരം ഡ്രൈവിങ്ങിൽ അനുവദിച്ചിട്ടുള്ള അളവിൽ (100 ml രക്തത്തിൽ 30 mg alcohol) പോലും അപകടസാധ്യത കഴിക്കാത്തവരേക്കാൾ ഏഴിരട്ടി വരെ ഉണ്ടെന്ന് പഠനങ്ങൾ പറയുന്നു. നിസംശയം പറയാം. None for the road എന്നതാണ് ജീവനിൽ കൊതിയുള്ളവർ വഴിയിൽ പാലിക്കേണ്ടത്.

മദ്യം പോലെ തന്നെ ബോധപൂർവ്വം തീരുമാനമെടുക്കാൻ കഴിവിനെ ബാധിക്കുന്ന ഉറക്കമിളച്ച് ഓടിക്കൽ, വിശ്രമമില്ലാതെ ഓടിക്കൽ, മയക്കം വരുത്തുന്ന മരുന്നുകൾ കഴിച്ച് ഓടിക്കൽ ഒക്കെ അപകടം ക്ഷണിച്ചു വരുത്തലാണ്. പൊതുവാഹനങ്ങൾ ഓടിക്കുന്ന പ്രൊഫഷനൽ ഡ്രൈവർമാരിൽ പോലും ഈ ശീലമുളളവരുണ്ട് എന്നത് വളരെ ഗുരുതരമായ വിഷയമാണ്.

രക്തത്തിലെ ആല്‍ക്കഹോളിന്റെ അളവ് പല ഘടകങ്ങളെയും ആശ്രയിച്ചു പലരിലും വത്യസ്ഥ പ്രഭാവം ആയിരിക്കും ഉണ്ടാക്കുക. (കൃത്യമായ ഒരു സേഫ് അളവ് എന്നത് മിഥ്യ ആണെന്ന് വേണമെങ്കില്‍ വിവക്ഷിക്കാം.)

സ്ത്രീകള്‍ക്ക് അതെ അളവില്‍ കഴിക്കുന്ന പുരുഷന്മാരേക്കാള്‍ BAC ( രക്തത്തിലെ മദ്യത്തിന്റെ അളവ് )കൂടുതലാവാം.

ശരീരഭാരം കുറവ് ഉള്ളവരില്‍ അതേ അളവ് കുടിച്ച ഭാരം കൂടിയ ആളിലെക്കാള്‍ BAC കൂടുതലാവാം.

ഭക്ഷണം കഴിക്കുന്നത്‌ ആല്‍ക്കഹോള്‍ ന്‍റെ ആഗിരണ തോത് കുറയ്ക്കാം, വെറും വയറ്റില്‍ ആണ് മദ്യം കഴിക്കുന്നതെങ്കില്‍ BAC കൂടുതലായിരിക്കാം.

കുടിക്കുന്ന തോത് – വേഗതയില്‍ മദ്യം അകത്താക്കിയാല്‍ രക്തത്തിലെ അളവ് പെട്ടന്ന് കൂടാം.

പൊതുവിലുള്ള ആരോഗ്യം മോശം ആണെങ്കില്‍ കരളിന് കേടുപാടുകള്‍ ഉണ്ടെങ്കില്‍ ആല്‍ക്കഹോളിനെ കരള്‍ കൈകാര്യം ചെയ്യാന്‍ കാലതാമസം എടുക്കാം.

കൂടെ മറ്റു മരുന്നുകള്‍ കഴിക്കുന്നത്‌ റിസ്കുകള്‍ പലവിധത്തില്‍ കൂട്ടിയേക്കാം.

ആല്‍ക്കഹോള്‍ നിങ്ങളുടെ മൂഡ്‌ വ്യതിയാനങ്ങള്‍ക്ക് കാരണം ആവാം, ഉദാ: നിങ്ങള്‍ തളര്‍ന്നിരിക്കുകയാണെങ്കില്‍ കൂടുതല്‍ തളര്‍ത്തിയെക്കാം

അഞ്ച് ശതമാനം വാഹനാപകട മരണങ്ങൾ ഇന്ത്യയിൽ നേരിട്ട് മദ്യപാനവുമായി ബന്ധമുള്ളതാണെന്ന് കണക്കുകൾ പറയുന്നു. യഥാർത്ഥ സംഖ്യ ഇതിലും വളരെ ഉയർന്നതാണ് എന്ന് കരുതപ്പെടുന്നു. മരിച്ചയാളുടെ ഇൻഷുറൻസ് നഷ്ടപ്പെടും എന്ന കാരണത്താൽ അത്യാഹിത വിഭാഗത്തിൽ അപകടം സംഭവിച്ച് എത്തിയാലും, ചില ഡോക്ടർമാർ പോസ്റ്റ്മോർട്ടം പരിശോധന നടത്തുന്ന അവസരത്തിലും രക്തസാമ്പിളുകൾ അയക്കാറില്ല എന്നത് പോലെ പല കാരണങ്ങൾ ഇതിനുണ്ട്.

*ലഹരിയിൽ യാത്രയില്ല*

“എത്ര ഫിറ്റായാലും, സ്റ്റിയറിങ്ങ് പിടിച്ചാൽ സ്റ്റെഡിയാണ്” എന്ന് പറയുന്നവരെയും” എനിക്ക് അടിച്ചാൽ നടക്കാനേ പാടുള്ളൂ, ബൈക്ക് ഓടിക്കാൻ പ്രശ്നമില്ല” എന്ന് പ്രഖ്യാപിക്കുന്നവരെയും പലപ്പോഴും കാണാറുണ്ട്. വലിയ അപകടമാണ് അവർ വിളിച്ചു വരുത്തുന്നത്. കണാരനായാലും കുമാരനായാലും ബാഹുബലിയായാലും മദ്യത്തിന് ശരീരത്തിൽ ഒരു സഞ്ചാര രീതിയുണ്ട്.

കൈനറ്റിക്സ് എന്ന് പറയും

മദ്യം പുറന്തള്ളപ്പെടുന്നത് zero order kinetics എന്ന വ്യവസ്ഥ പ്രകാരമാണ്. അതായത് ഒരു നിശ്ചിത സമയത്തിൽ ഇത്ര അളവ് (ശ്രദ്ധിക്കുക, അളവാണ് പ്രൊപ്പോർഷൻ അല്ല) വീതമേ ശരീരം ഇവയെ പുറന്തള്ളൂ. അതിൽ പ്രധാനമായ ഒന്നാണ് ആൽക്കഹോൾ. നിങ്ങൾ കഴിക്കുന്ന മദ്യത്തിന്റെ ഒരു ചെറിയ അളവ് മാത്രമേ ഓരോ മണിക്കൂറിലും ശരീരം പുറന്തള്ളൂ. അങ്ങനെ വരുമ്പോൾ കൂടുതൽ മദ്യപിക്കുന്നവർക്ക് ആ മദ്യം മൊത്തം ശരീരത്തിൽ നിന്ന് പുറത്തേക്ക് പോകാൻ അനേകം മണിക്കൂറുകൾ എടുക്കാം.

ഏകദേശ കണക്ക് വെച്ച് നോക്കിയാൽ ഒരു യൂണിറ്റ് ആൽക്കഹോൾ ശരീരം പുറത്തു കളയാൻ ഏകദേശം ഒരു മണിക്കൂർ എടുക്കുമെന്നാണ് കണക്ക്. അപ്പോൾ ഒരാൾ പത്ത് യൂണിറ്റ് മദ്യം കഴിച്ചുവെന്നിരിക്കട്ടെ, പത്തു മണിക്കൂർ നേരം കഴിഞ്ഞാലേ അയാളുടെ ശരീരത്തിൽ നിന്ന് മദ്യം പൂർണ്ണമായും അപ്രത്യക്ഷമാകൂ. ഒരു പാർട്ടിയിൽ വെച്ച് പന്ത്രണ്ട് യൂണിറ്റ് മദ്യം കഴിക്കുന്ന ഒരാൾ വെളുപ്പിനെ ഒരു മണിക്ക് മദ്യപാനം അവസാനിപ്പിച്ചു ഉറങ്ങാൻ പോയെന്നിരിക്കട്ടെ. അടുത്ത ദിവസം ഉച്ചയ്ക്ക് ഒരു മണിയാകണം, അയാളുടെ ശരീരത്തിൽ നിന്ന് മദ്യത്തിന്റെ അവസാന കണികയും അപ്രത്യക്ഷമാകാൻ.

മദ്യത്തെ കൈകാര്യം ചെയ്ത് കരളിന് രക്തത്തിലെ മദ്യത്തിന്റെ അളവ് കുറയ്ക്കാൻ അപ്പോൾ ഏറ്റവും പ്രധാനം സമയമാണ്. കാപ്പി കുടിക്കുക, വിയർക്കുവോളം ഓടുക, തണുത്ത വെള്ളത്തിൽ കുളിക്കുക, മോരും വെള്ളം കുടിക്കുക, കൂടുതല്‍ വെള്ളം കുടിക്കുക ഇതിനൊന്നിനും അത് ത്വരിതപ്പെടുത്താൻ കഴിയില്ല. നിങ്ങളെ അല്പം കൂടി ഉണര്‍വ്വ് ഉള്ളവരാക്കുന്ന ഫീൽ തോന്നിയേക്കാം എന്നതിനപ്പുറം രക്തത്തിലെ മദ്യത്തിന്‍റെ കുറയ്ക്കാന്‍ ഉള്ള സൂത്രപ്പണി ആയി അത് പ്രവര്‍ത്തിക്കില്ല. (ഊതിയാൽ പിടിക്കില്ല എന്ന് പറഞ്ഞ് പലതരം വറവുകൾ മൂപ്പിച്ച എണ്ണ അണ്ണാക്കിൽ കൊണ്ട് ‘ഗുൾ ഗുളിച്ച് ‘ തുപ്പുന്ന തന്ത്രങ്ങൾ വേറെ! )

അപ്പോൾ മദ്യപിച്ച് കഴിഞ്ഞ് ലാഘവത്തോടെയും ആത്മവിശ്വാസത്തോടെയും ‘ഇതൊക്കെയെന്ത് ‘ എന്ന് പറഞ്ഞ് വണ്ടി എടുക്കുന്നത് ഒഴിവാക്കുക.
മദ്യം നാട്ടില്‍ നിരോധിച്ചിട്ടില്ല മദ്യപാനവും, ആ യാഥാര്‍ത്ഥ്യം ഉള്‍ക്കൊണ്ട് ചോദിക്കട്ടേ?
അപ്പോൾ അത്യാവശ്യം ആഘോഷങ്ങൾക്ക് ഒന്ന് മിനുങ്ങേണ്ടി വന്നാൽ എന്ത് ചെയ്യും ?

മുൻകൂട്ടി പ്ലാൻ ചെയ്യുക. ആഘോഷത്തിൽ മദ്യപാനത്തിനുള്ള ചെറിയ സാധ്യതയുണ്ടെങ്കിൽ തന്നെ മടക്കയാത്ര പ്ലാൻ ചെയ്യാം. പരിപാടി കഴിഞ്ഞ് പലപ്പോഴും ഇത് പ്ലാൻ ചെയ്യാനുള്ള നില കാണില്ല. മദ്യപിക്കാത്ത ഒരു സുഹൃത്തിനെ, അല്ലെങ്കിൽ ഡ്രൈവറെ ഇതിനായി “സ്കെച്ച് ചെയ്ത് സോപ്പ് ഇട്ടു” വെക്കാം . ചില ബാറുകൾ ഇത്തരം സേവാനന്തര സേവനങ്ങൾ നൽകുന്നുണ്ട്. സുഹൃത്തുക്കൾക്കൊപ്പം ടാക്സി പിടിച്ച് യാത്ര ചെയ്യുക, നിയമം മൂലം നിരോധിച്ചിട്ടില്ലാത്ത പൊതു യാത്രാസംവിധാനങ്ങൾ ഉപയോഗിക്കുക എന്നതും മാർഗ്ഗങ്ങളാണ്. (പൊതുസ്ഥലത്ത് അന്യര്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാക്കും വിധം “പ്രകടനങ്ങള്‍” നിയമവിരുദ്ധമാണെന്നതും മറക്കരുത്). മദ്യലഹരി മാറും വരെ ‘ സംഭവസ്ഥലത്ത് ‘ തങ്ങുന്നത് നല്ലൊരു നടപടിയാവും.

മദ്യപിച്ചുള്ള ഡ്രൈവിങ്ങ് അവനവന് മാത്രമല്ല വഴിയിലുള്ള മറ്റുള്ളവർക്കും ഭീഷണിയാണ്. ബോധവൽക്കരണം, നിയമ നിർമാണം, കർശനമായ പാലനം, വാഹന ഡിസൈനിലെ തന്ത്രങ്ങൾ എന്നിവ ഉപയോഗിച്ച് ഇതിന് തടയിടണ്ടത് അത്യാവശ്യമാണ്.

1. മദ്യപിച്ച് വാഹനം ഓടിക്കുന്നത് നിയമവിരുദ്ധം ആക്കിയതും, കൃത്യമായ ഇടവേളകളിൽ ഉള്ള വാഹന പരിശോധനയും അപകടങ്ങളുടെ അളവ് ഗണ്യമായി കുറയാൻ കാരണമായിട്ടുണ്ട്. 21 വയസിൽ കുറവുള്ളരുടെ മദ്യപാനം നിയമപരമായി നിയന്ത്രിച്ചത് , മാതൃകാപരമായ ശിക്ഷ രീതികൾ ഒക്കെ അപകടകരമായ ഡ്രൈവിംഗ് ഒഴിവാക്കാൻ പ്രേരിപ്പിക്കും.

2. ഡ്രൈവർ മദ്യപിച്ച് ഒരു പ്രത്യേക അളവിൽ കൂടുതൽ ആണെങ്കിൽ അത് മനസിലാക്കി, വണ്ടി സ്റ്റാർട്ട് ചെയ്യാൻ പറ്റാത്ത Ignition interlocks വിദേശ രാജ്യങ്ങളിൽ ഉപയോഗിക്കുന്നുണ്ട്. പലതവണ മദ്യപിച്ച് വാഹനം ഓടിച്ച് പിടിക്കപ്പെട്ട ആളുകളുടെ വണ്ടിയിലാണ് ഇത്തരം ഉപകരണങ്ങൾ ഉപയോഗിക്കുക.

3. സ്കൂളുകളിൽ മദ്യപാനത്തിന്റെ ദൂഷ്യ വശങ്ങളെ കുറിച്ച് പഠിപ്പിക്കുന്നതും, ഉത്തരവാദിത്ത പൂർണ്ണമായ ഡ്രൈവിംഗ് പാഠങ്ങൾ നൽകുന്നതും ഭാവിയിൽ ഇത്തരം സാഹചര്യം ഉണ്ടാകുന്നത് തടയാൻ സഹായിക്കും.

4. പലതവണ മദ്യപിച്ച് വാഹനം ഓടിക്കുന്നവർ പലപ്പോഴും രോഗത്തിന്റെ തലത്തില്‍ മദ്യപാനസക്തിയുള്ളവര്‍ ആയിരിക്കാൻ സാധ്യത ഉണ്ട്. അതുകൊണ്ട് തന്നെ നിയമപരമായ നടപടികൾക്ക് ഒപ്പം അവര്‍ക്ക് ആവശ്യമായ ചികിത്സ ഉറപ്പാക്കുന്നതും പ്രധാനമാണ്.

5. മാധ്യമങ്ങൾ വഴി മദ്യപിച്ച് വാഹനം ഓടിക്കുന്നതിലെ അപകടങ്ങളെ കുറിച്ചും, അതിന്റെ നിയമപരമായ പ്രത്യാഘാതങ്ങളെ കുറിച്ചും ഓർമ്മപ്പെടുത്തുന്നതും ജനങ്ങളിൽ അവബോധം വളരാൻ സഹായിക്കും. അത് പോലെ ഇത്തരം അപകടങ്ങൾ ഉണ്ടാക്കുന്നവരെ, അപകടങ്ങളിൽ പരുക്ക് പറ്റുന്നവരുടെ ശുശ്രൂഷയിൽ സഹായിക്കുന്ന സാമൂഹിക സേവനത്തിനു നിര്‍ബന്ധിതമാക്കുന്ന ശിക്ഷണ നടപടികൾ മാനസികമായ പരിവർത്തനത്തിന് സഹായകമായേക്കാം.

6. പിഴ കുത്തനെ ഉയർത്തുക, തുടർച്ചയായി മദ്യസവാരി നടത്തുന്നവരെ, താൽകാലികമായി ലൈസൻസ് സസ്പെൻഡ് ചെയ്യുക, സ്ഥിരം പ്രശ്നത്തിൽ പെടുന്നവർക്ക് ലൈസൻസ് പിൻവലിക്കുക തുടങ്ങിയവ നിയമപരമായ മാർഗ്ഗങ്ങൾ ആണ്.

പാതയിലെ പാതകങ്ങൾ ആവർത്തിച്ചു കൂടാ. സുരക്ഷിതമാകട്ടെ നമ്മുടെ നിരത്തുകൾ.

ലേഖകർ
Dr. Anjit.U. MBBS from Academy of Medical Sciences 2000, MD Pathology from Government Medical College, Thiruvananthapuram in 2007. Worked in various private Medical colleges before joining Govt.Medical College Manjeri in 2014 under Medical education Department . Specially interested in public health, propelling scientific culture. Member of editorial board of Kerala wing of Indian Medical Association health magazine 'Nammude Arogyam'.
Medical doctor,psychiatry resident interested in public health. Areas of interest are public health, neuropsychiatry, addiction medicine and human evolution gender psychiatry and LGBTQ issues
Dr. Jinesh P.S. Completed MBBS and MD in Forensic Medicine from Govt Medical College, Kottayam. He has worked in Dept. of Forensic at Govt Medical College, Kottayam as Lecturer and at Community Health Center Kumarakom and Edayazham as Medical Officer. He is interested in spreading of scientific temper, health awareness.
ചിത്രകാരൻ
Design Co-ordinator, Infoclinic.

മികച്ച വർഗ്ഗങ്ങൾ

എല്ലാ വർഗ്ഗങ്ങളും
പൊതുജനാരോഗ്യം

284 ലേഖനങ്ങൾ

Current Affairs

240 ലേഖനങ്ങൾ

കോവിഡ്-19

236 ലേഖനങ്ങൾ

ആരോഗ്യ അവബോധം

115 ലേഖനങ്ങൾ

സുരക്ഷ

64 ലേഖനങ്ങൾ

ശിശുപരിപാലനം

59 ലേഖനങ്ങൾ

കിംവദന്തികൾ

53 ലേഖനങ്ങൾ

Infectious Diseases

52 ലേഖനങ്ങൾ

Medicine

45 ലേഖനങ്ങൾ