· 3 മിനിറ്റ് വായന

രോഗിയും ഡോക്ടറും

Ethicsആരോഗ്യ അവബോധം

” മഞ്ഞപ്പിത്തം, ടൈഫോയിഡ്, അകാരണമായ പനി ,ഡ്രഗ്‌ റിയാക്ഷൻ ,അപ്പന്റിസൈറ്റിസ് കൊണ്ടുണ്ടാകുന്ന വയറുവേദന തുടങ്ങി ഒട്ടേറെ അസുഖങ്ങൾക്ക് ഞാൻ ഡോക്ടറുടെ അടുത്ത് ചികിൽസക്ക് വന്നിട്ടുണ്ട്.എല്ലാ അവസരങ്ങളിലും എനിക്കുണ്ടായിട്ടുള്ള രോഗശമനം വൈദ്യശാസ്ത്രത്തിന്റെയും മരുന്നുകളുടെയും സിദ്ധികൾക്ക് ഉപരിയാണെന്ന് തീർച്ചയായിരുന്നു.”

ഇയ്യിടെ വായിച്ച വരികള്‍ ആണ്…

കൈപ്പുണ്യം,സിദ്ധി തുടങ്ങി ശിക്ഷണം കൊണ്ട് ലഭിക്കാവുന്നതിനപ്പുറത്തൊരു ഗുരുപ്രസാദം ഒരു നല്ല ചികിൽസകനുണ്ട് എന്ന വിശ്വാസം, നമ്മുടെ എല്ലാം ഉള്ളിലെ ശമനം തേടുന്ന രോഗിയെ ഈ കാലത്തും നയിക്കുന്നുണ്ട്. മരണത്തിന്റെ കാലൊച്ചയെത്ര ദൂരത്ത് എന്ന് നാഡി പിടിച്ച് കൃത്യമായി പറയാൻ സിദ്ധിയുള്ള ജീവൻ മശായിയാണ് ഇന്നും എന്നും നമ്മുടെ ഉത്തമ വൈദ്യസങ്കൽപം.ശാസ്ത്രീയത ഈ ദിവ്യത്വത്തെ വെളിപ്പെടുത്തുന്ന പളുങ്കു പാത്രവും!

ഓർമ്മയിൽ ആദ്യം തെളിയുന്ന ആശുപത്രി രംഗം അച്ചച്ചൻ പ്രമേഹ സംബന്ധമായ സങ്കീർണതകളുമായ് തൃശൂരെ ഒരു ചെറിയ നഴ്സിങ്ങ് ഹോമിൽ കിടക്കുന്നതാണ്‌.

അടുത്തൊരു മുറിയിൽ രോഗാവശതയോടെ ‘ചോര തുടിക്കുന്ന ചെറു കൈയ്യുകളോട് പന്തങ്ങൾ പേറുവാൻ’ ആഹ്വാനം ചെയ്ത മലയാളത്തിന്റെ പ്രിയ കവിയുണ്ടായിരുന്നു…. ആകാശം എന്നും ഭൂമി എന്നും മാറി മാറി പറയുമ്പോൾ ആശുപത്രിയിലിലെ കട്ടിലിലേക്കും നിലത്തേക്കും മാറി മാറി ചാടുന്ന കളിയുമായി ഞങ്ങൾ ബാലതാരങ്ങൾ.

‘ ഓർമകളുടെ വരും വരായ്കളിലൊരിക്കലും ‘ അന്ന് പിന്നീട് വൈദ്യ വൃത്തിയിലേക്ക് വരുമെന്ന് തോന്നിയിരുന്നില്ല.

അച്ഛച്ചൻ വൈദ്യനായിരുന്നു. അന്ന് പുള്ളിയുടെ നാട്ടിൽ കവലയിൽ ഒരു നഴ്സിങ്ങ് ഹോമുണ്ട്. അവിടെ ചികിൽസിക്കുന്ന ഡോക്ടർക്ക് നാട്ടിലെ ഒട്ടു മിക്ക മനുഷ്യരുമായി വ്യക്തി ബന്ധമുണ്ടായിരുന്നു. കരയിലെ പ്രധാന ഉൽസവങ്ങൾക്കും ഉൽസാഹങ്ങൾക്കും പ്രധാന കാർമ്മികരിലൊളാണ് ഡോക്ടർ. രോഗികളെ കാണാൻ ഡോക്ടർമാർ ഗൃഹസന്ദർശനം നടത്തും. പൊതുവേ ജീവിതം ലളിതവും ജീവബന്ധങ്ങൾ സ്നേഹാർദ്രവുമായിരുന്നു. (ഇന്നത്തേക്കാൾ സുഖകരവും സൗകരപ്രദവുമായിരുന്നു എന്ന് ഏതായാലും തോന്നുന്നില്ല. അതല്ലല്ലോ വിഷയം…)

എൺപതുകളുടെ തുടക്കത്തിലൊക്കെ 25 ബെഡ്ഡുകളിൽ താഴെയുള്ള സ്വകാര്യ ആശുപത്രികളായിരുന്നു നാട്ടിലേറെയും. പിന്നീട് സ്ഥിതി മാറി. തിരുവനന്തപുരത്ത് 80കളുടെ രണ്ടാം പാതിയിൽ റിട്ടയേർഡ് ക്ലാർക്കായ ബാലകൃഷ്ണൻ ബൈപാസ് സർജറിക്ക് മദിരാശിയിൽ പോയപ്പോൾ മൂന്നു മാസം കാത്തിരിക്കേണ്ട അവസ്ഥയായിരുന്നു. നാൽപ്പതിനായിരം രൂപയായിരുന്നു മദിരാശിയിൽ അതിന് ഏറ്റവും കുറഞ്ഞ നിരക്കിൽ ചെയ്യുന്ന ആശുപത്രി ഈടാക്കിയതെങ്കിൽ മുപ്പതിനായിരം രൂപയ്ക്ക് തിരുവനന്തപുരത്തെ പുതിയ സ്വകാര്യ ആശുപത്രി ചെയ്തു കൊടുത്തു. അന്നത്തെ വാർത്തയാണ്. Going hi tech എന്ന് പറഞ്ഞ് Echocardiographന്റെ പടവും ആ വാർത്തയിലുണ്ട്. ഇന്നോർക്കുമ്പോൾ ആശ്ചര്യം തന്നെ.

ആരോഗ്യ കാര്യങ്ങളിൽ ഉത്കണ്ഠയും ആകാംക്ഷയും ജനങ്ങളിൽ വർദ്ധിച്ചു.പ്രധാനമായും മദ്ധ്യവർഗ്ഗത്തെ ലക്ഷ്യമിട്ട് തുടങ്ങിയ സ്വകാര്യ മേഖല പിന്നീട് വളർന്നു. സ്വകാര്യ ആശുപത്രികൾ കേരളത്തിന് നൽകിയ സംഭാവനകൾ തള്ളിക്കളയാനാകില്ല.

അത്യാധുനികമായ രോഗ നിർണയ സൗകര്യങ്ങളും വളരെ സ്പെഷ്യലൈസ്ഡായ ചികിൽസയും കിട മൽസരങ്ങളും വാണിജ്യ താൽപര്യങ്ങളും എന്നാൽ ക്രമേണ സ്വകാര്യമേഖലയെ പലയിടത്തും സാധാരണക്കാരന് അന്യമാക്കി തുടങ്ങി. സർക്കാർ മേഖലയിലാകട്ടെ വീട്ടിൽ പോയി കണ്ട് കൈക്കൂലി നൽകിയാലേ കാര്യങ്ങൾ നടക്കൂ എന്ന ചിന്ത ജനങ്ങൾക്കിടയിൽ പ്രബലമായി. സേവനോൽസുകതയേക്കാൾ സാമ്പത്തികലാഭത്തോടുള്ള താൽപര്യമാണ് ഡോക്ടർമാരെ നയിക്കുന്നത് എന്ന ധാരണ രൂഢമൂലമായി.(അത് വെറും ധാരണയാണ് എന്നും പറയാനാവില്ല!! ). നാട്ടിലെ പ്രധാന ആശുപത്രികളെ കംസനും മിംസനും എന്ന് ജനം വിളിക്കുന്ന അവസ്ഥ വന്നു ! അങ്ങനെ വിളിക്കുന്നതിൽ ന്യായമുണ്ടോ ഇല്ലയോ എന്നത് തർക്ക വിഷയമാണ്. പക്ഷേ അങ്ങനെ വിളിക്കുന്ന അവസ്ഥയുണ്ടെന്നതിൽ തർക്കമില്ല.

ആശുപത്രികൾ എന്നത് ആധുനിക സമൂഹം വ്യാവസായികാടിസ്ഥാനത്തിൽ രോഗങ്ങളുടെ കമ്പോള മൂല്യം ഉപയോഗപ്പെടുത്താൻ ആവിഷ്കരിച്ച സ്ഥാപനങ്ങൾ അല്ല . ചരകന്റെയും ശുശ്രുതന്റെയും സംഹിതകളിൽ ആശുപത്രികളുടെ ഘടനയെക്കുറിച്ചും കുട്ടികളുടെ വാർഡിനെക്കുറിച്ചും ലേബർ റൂം സൗകര്യങ്ങളെക്കുറിച്ചും വിശദീകരിച്ചിട്ടുണ്ട് എന്നാണ് ഞാൻ മനസ്സിലാക്കുന്നത്.

80കളുടെ അവസാനത്തിലെ പത്ര വാര്‍ത്തയില്‍ കൊച്ചി നഗരത്തിൽ 41 ഡോക്ടർമാർ സ്വകാര്യ ഇൻഷുറൻസ് കമ്പനിയുടെ പ്രൊഫഷണൽ കേസുകളിൽ കൊടുക്കേണ്ടി വരാവുന്ന നഷ്ടപരിഹാരത്തിന് കവറേജ് കിട്ടാൻ പോളിസി എടുത്ത വാർത്ത അത്യൽഭുതപൂർവ്വം കൊടുത്തിട്ടുണ്ട്. ഇന്നാണെങ്കില്‍ ഇത്തരം സ്കീമുകളിൽ ചേരാത്ത ഡോക്ടർമാർ കുറവാണ്.

ഡോക്ടർമാരുടെ ചികിൽസാരീതിയെ ജനങ്ങൾ സംശയത്തോടെ വീക്ഷിച്ചു തുടങ്ങി. ഡോക്ടർമാർ വിലയിരുത്തപ്പെടുവാൻ തുടങ്ങിയത് സ്വാഗതാർഹമായ മാറ്റം തന്നെയാണ്. ലോകത്തെവിടെയും ഒരു പരിഷ്കൃത സമൂഹത്തിൽ ഡോക്ടർക്ക് തെറ്റു പറ്റില്ല എന്ന മട്ടിലെ ആധികാരികതയും അപ്രമാദിത്വവും കൽപിക്കുന്നില്ല. മോഡേൺ മെഡിസിന്റെ ശക്തി അതിന്റെ അക്കൗണ്ടബിലിറ്റിയാണ്. ഇന്നും രോഗ പരിചരണത്തിൽ മറ്റു ചികിൽസാ രീതികൾ വിജയിക്കുന്നത് വാർത്തയാകുമ്പോൾ മോഡേൺ മെഡിസിൻ പരാജയപെടുന്നതാണ് വാർത്തയാകുന്നത്.

എന്നാൽ നെഞ്ചുവേദനയുമായ് ചെന്ന രോഗിയെ അകാരണമായി (ലാഭേച്ഛ കൊണ്ടെന്ന് വായിക്കുക) ഓപ്പൺ ഹാർട്ട് സർജറി ചെയ്തു തുടങ്ങിയ വാർത്തകൾ പ്രിന്റ് മീഡിയയിൽ ( അന്ന് സ്വകാര്യ ചാനലുകളും സോഷ്യൽ മീഡിയയുമില്ലല്ലോ) ചിലപ്പോഴെങ്കിലും അഭ്യൂഹത്തിന്‌ പുറത്ത് പോലും കൂടുതൽ സ്ഥാനം കണ്ടെത്തി തുടങ്ങി.

വ്യക്തിബന്ധത്തിലും കാൽപ്പനികതയിലും അധിഷ്ഠിതമായ ഡോക്ടർ – രോഗി ബന്ധമെന്നത് ഒരു പരിഷ്കൃത സമൂഹത്തിന് ചേരുന്ന രീതിയിൽ നിയമം കൊണ്ട് ‘ ഒരു സേവന ദാതാവ് – ഉപഭോക്താവ് ‘ ബന്ധമെന്ന് നിഷ്കർഷിക്കുന്ന ഉപഭോക്തൃ നിയമ നിർമാണം നടന്നു .

” ആ ഭിഷഗ്വരൻ എന്നെ ഒന്ന് തൊട്ടാൽ മതി, വിശ്വാസത്തിന്റെയും ജീവിതകാമനയുടേതുമായ ഒരു ശക്തികുഞ്ജം എന്നിൽ സ്ഫോടനം ചെയ്യപ്പെടുന്നു. ഏത് രോഗവും ശരീരത്തിൽ നിന്ന് ഉച്ചാടനം ചെയ്യപ്പെടുന്നു.”(- കെ.പി രാമനുണ്ണി, ഓർമ്മ, മൾബെറി പബ്ലിഷേർസ് )

ദിവ്യസ്പർശം കൊണ്ട് രോഗമകറ്റുന്ന വൈദ്യസങ്കൽപം ഇന്ന് കുറച്ചു കൂടെ ശാസ്ത്രബോധത്തിലും യാഥാർത്ഥ്യത്തിലും അധിഷ്ഠിതമാണ്. അത്യാധുനിക രോഗ നിർണയ ഉപകരണങ്ങളുടെ സഹായത്തോടെ സ്പെഷ്യലിസ്റ്റുകൾ മൾട്ടി സ്പെഷ്യാലിറ്റി ആശുപത്രികളിൽ കണ്ടെത്തുന്ന മിക്ക രോഗങ്ങളും പഴയ ഡോക്ടർമാർ കൈ കൊണ്ട് കണ്ടെത്തുമായിരുന്നു എന്ന് പറയുന്നവർ തന്നെ നിസ്സാര രോഗങ്ങൾക്ക് പോലും സ്പെഷ്യലിസ്റ്റുകളുടെ ചികിൽസക്കെത്തുകയും ടെസ്റ്റുകൾ ചെയ്യാൻ താൽപര്യപ്പെടുകയും ചെയ്യുന്നുണ്ട്‌. ഡോക്ടർക്ക് ആണെങ്കിൽ ധാർമ്മികമമാകും നിയമപരമായും അതൊന്നും പാടെ ഒഴിവാക്കി ദിവ്യപുരുഷനാകാനും കഴിയുകയുമില്ല!

ഡോക്ടറുടെയും രോഗിയുടെയും ഇടയിൽ ഉള്ളത് സാമൂഹികമായ ഒരു ഉടമ്പടിയാണ്. അദൃശ്യമായതാണ് അത് . വിശ്വാസമാണ് അതിന്റെ അന്ത:സത്ത. ആ വിശ്വാസത്തിന് ഇന്ന് കോട്ടം തട്ടിയിട്ടുണ്ടെന്നത് പകൽ പോലെ വ്യക്തമാണ്.

എന്ത് കൊണ്ടാണത് സംഭവിച്ചത്?

ഇന്ന് ജൂലൈ ഒന്ന്..

ഡോക്ടേർസ് ഡേ..ഇതുമായി ബന്ധപ്പെട്ടു ഞങ്ങള്‍ ഡോക്ടർമാരെ കുറിച്ച് മാത്രമായി ഒന്നും എഴുതുന്നില്ല. രോഗികളെ കുറിച്ച് ,ഡോക്ടർ – രോഗി ബന്ധത്തെ കുറിച്ച്, അതിന്റെ ഉള്ളറകളെക്കുറിച്ച് വെളിച്ചം വീശുന്ന ഒരു ലേഖന പരമ്പരയാണ് ഇൻഫോ ക്ലിനിക്ക് ഇനി വരുന്ന ദിവസങ്ങളില്‍ ഉദ്ദേശിക്കുന്നത്.

യാഥാർത്ഥ്യബോധ്യത്തോടെയും ശാസ്ത്രീയതോടെയും തന്നെ ആധുനിക വൈദ്യശാസ്ത്രത്തിന്റെ ദുഷ്പ്രവണതകൾ വിമർശിക്കപ്പെടുക കൂടി ചെയ്യുമ്പോഴാണ് ഈ ഇടപെടൽ അർത്ഥവത്താകുന്നത് .

ഒരിക്കൽ കൂടെ ഏവര്‍ക്കും ഡോക്ടർ ദിനാശംസകൾ.

ലേഖകർ
Dr. Anjit.U. MBBS from Academy of Medical Sciences 2000, MD Pathology from Government Medical College, Thiruvananthapuram in 2007. Worked in various private Medical colleges before joining Govt.Medical College Manjeri in 2014 under Medical education Department . Specially interested in public health, propelling scientific culture. Member of editorial board of Kerala wing of Indian Medical Association health magazine 'Nammude Arogyam'.
ചിത്രകാരൻ
Design Co-ordinator, Infoclinic.

മികച്ച വർഗ്ഗങ്ങൾ

എല്ലാ വർഗ്ഗങ്ങളും
പൊതുജനാരോഗ്യം

284 ലേഖനങ്ങൾ

Current Affairs

240 ലേഖനങ്ങൾ

കോവിഡ്-19

236 ലേഖനങ്ങൾ

ആരോഗ്യ അവബോധം

115 ലേഖനങ്ങൾ

സുരക്ഷ

64 ലേഖനങ്ങൾ

ശിശുപരിപാലനം

59 ലേഖനങ്ങൾ

കിംവദന്തികൾ

53 ലേഖനങ്ങൾ

Infectious Diseases

52 ലേഖനങ്ങൾ

Medicine

45 ലേഖനങ്ങൾ