· 3 മിനിറ്റ് വായന

Doesn’t cholesterol matter now?

DieteticsHoaxLife Style

മിസ്റ്റർ ചോദ്യം: ഈ കൊളസ്റ്ററോൾ ശരീരത്തിന് വളരെ ആവശ്യമുള്ള സാധനമല്ലേ ? പിന്നെ എന്തിനാണ് വെറുതെ കഴിക്കരുത്, നോക്കരുത് എന്നൊക്കെ പറഞ്ഞ് പേടിപ്പിക്കുന്നത് ?

മിസ്റ്റർ സത്യാന്വേഷി- ശരീരത്തിന് കൊളസ്റ്ററോൾആവശ്യമാണ്… പക്ഷേ അത് ഭക്ഷണത്തിൽ ഉൾപ്പെടുത്തേണ്ട കാര്യമില്ല.

ചോ- ഭക്ഷണത്തിലൂടെയല്ലാതെ വായുവിലൂടെ കിട്ടുമോ ശരീരത്തിന് കൊളസ്റ്ററോൾ ?

മിസ്റ്റർ സത്യാന്വേഷി : പറയട്ടെ, വാട്ട് സാപ്പിൽ കണ്ട ഉടനെ നാൽപത് ഗ്രൂപ്പിൽ ഷെയർ ചെയ്യുന്ന സംഗതി അല്ലേ… കുറച്ച് ക്ഷമ കാണിക്ക്. ഭക്ഷണത്തിലൂടെ നമുക്ക് കൊളസ്റ്ററോൾ കിട്ടുന്നുണ്ട്. എന്നാൽ പ്രധാനമായും മറ്റു കൊഴുപ്പുകളിൽ നിന്ന് ശരീരം തന്നെ ഉത്പ്പാദിപ്പിക്കുന്നതാണ് കൊളസ്ട്രോൾ. അത് കൊണ്ട് ഭക്ഷണത്തിൽ ഉൾപെടുത്തിയില്ലെങ്കിലും പ്രശ്നമൊന്നുമില്ല. നമ്മുടെ ആവശ്യവും രക്തത്തിലെ അളവും തമ്മിൽ വലിയ ബന്ധമില്ല ഇതിന്റെ കാര്യത്തിൽ. ഉദാഹരണത്തിന് ഗ്ലൂക്കോസ് നമുക്ക് അത്യാവശ്യമാണ് . പക്ഷെ രക്തത്തിലെ ഗ്ലൂക്കോസ് ഉയരുന്നതാണ് പ്രമേഹത്തിലെ പ്രധാന പ്രശ്നം . .

മിസ്റ്റർ ചോ: കൊളസ്റ്ററോൾ ഒരു കുഴപ്പവുമില്ല എന്നാണല്ലോ ഹേ ഇപ്പോൾ കേൾക്കുന്നത് ? ഇനി നിങ്ങൾ കുറച്ച് കഴിയുമ്പോൾ പറയും കൊളസ്റ്ററോൾ കുറഞ്ഞാലാണ് അസുഖം വരിക എന്ന്.. വെറുതെ എത്ര നാളായി മരുന്ന് കഴിക്കുന്നു ?

മിസ്റ്റർ സത്യാ: രക്തത്തിലെ കൊളസ്റ്ററോൾ അളവ് നിയന്ത്രണത്തിലായിരിക്കണമെന്ന് ഉള്ള നിർദേശങ്ങൾക്ക് ഒരു മാറ്റവും വന്നിട്ടില്ല. നമ്മൾ തിന്നുന്ന കൊളസ്റ്ററോൾ അല്ല പ്രധാന പ്രശ്നം എന്ന് മാത്രമേ ഉള്ളു. ഇത് ഒരെട്ടു പത്തു വർഷങ്ങളായിട്ടുള്ള ഒരറിവാണു .

എന്നാൽ ഈയടുത്ത് അമേരിക്കൻ ഡയറ്ററി അസോസിയേഷന്റെ മാർഗ്ഗനിർദേശങ്ങളിൽ ആഴ്ചയിൽ മൂന്നാലു പ്രാവശ്യം മുട്ട കഴിക്കാം എന്നാക്കി. മുട്ടയുടെ ഉണ്ണി കുറച്ചേ കഴിക്കാവൂ എന്നത് മാറ്റി. ഇത്രയേ സംഭവിച്ചിട്ടുള്ളൂ.

മിസ്റ്റർ ചോ: ശരിക്കും ? ഞാൻ വായിച്ചതങ്ങനല്ലല്ലോ?

സത്യാ- എവിടെ … ഫോണിൽ കിട്ടിയ ഫോർവേർഡാകും. ഇതൊക്കെ വായിച്ചാൽ ഫോർവേഡ് അല്ല ബാക്ക് വേർഡാകും. കൊഴുപ്പുകൾ കൂടിയ മാട് , ആട് , പോർക്ക് , പാൽ , വെണ്ണ , നെയ്യ് – എന്നിവ കഴിക്കുന്നത് കഴിയുന്നതും കുറക്കണം – അതിലൊന്നും ഒരു മാറ്റവുമില്ല

ചോ- എന്നാലും ..

മിസ്റ്റർ സത്യ: പറയട്ടെ, അതിലൊന്നും മാറ്റമില്ല. എന്ന് മാത്രമല്ല ഇതൊക്കെ ഒഴിവാക്കുന്നത് നല്ലതാണെന്ന് ഊട്ടിയുറപ്പിക്കുന്ന ഫലങ്ങളാണ് പുതിയ പഠനങ്ങൾ ഒക്കെ തന്നെ . പൂർണമായും വേണ്ട എന്നൊന്നും ആരും പറയുന്നില്ല . രക്തത്തിന്റെ കൊളസ്റ്ററോൾ നില കൂട്ടുന്നവയാണ് അവയൊക്കെ .

മിസ്റ്റർ ചോ: ഈ രക്ത ലെവൽ കൂടിയാൽ കുഴപ്പം ഉണ്ടെന്നാര് പറഞ്ഞു ? എനിക്ക് തോന്നുന്നത് ഇതൊക്കെ ശരീരത്തിന് തന്നെ നിയന്ത്രിക്കാനാകുമെന്നാണ് ..

മിസ്റ്റർ സത്യ: എന്റെയോ താങ്കളുടെയോ തോന്നലുകളിൽ നിന്നല്ല പഠനങ്ങളിൽ നിന്നാണ് കൊളസ്റ്ററോൾ ലെവലുകളും ഹൃദയരോഗം, മസ്തിഷ്കാഘാതം ഇവയുമായി ബന്ധമുണ്ടെന്ന് മനസ്സിലായത്.. കൊളസ്റ്ററോളിന്റെ (പിന്നെ LDL, VLDL, HDL,ടിജി എന്നിവയുടെയൊക്കെ) ശരീരത്തിലെ നിർമാണം, ഫിസിയോളജി, ബയോകെമിസ്റ്ററി തുടങ്ങിയവയൊക്കെ നല്ലത് പോലെ മനസ്സിലാക്കി കഴിഞ്ഞു. ഇതിനെക്കുറിച്ച് ഒക്കെ ധാരാളം ലേഖനങ്ങൾ ഉണ്ട്. നല്ലതും, തെറ്റിധാരണ പരത്തുന്നതും. അതായത് പുകവലിയും രോഗങ്ങളുമായി ബന്ധമുണ്ടെന്ന് നമുക്ക് എങ്ങനെ മനസ്സിലായി ? അത് പോലെ തന്നെ. വളരെ അധികം പഠനങ്ങൾ …

മിസ്റ്റർ ചോ: മരുന്ന് കമ്പനിക്കാർ നടത്തിയ പഠനങ്ങളല്ലേ? അവർക്ക് കച്ചവടം വേണ്ടേ?

മിസ്റ്റർ സത്യ: മരുന്ന് കമ്പനികളുടെ കഞ്ഞിവെപ്പുകാരായ ഡോക്ടർമാർ, മരുന്ന് മാഫിയ… അതൊക്കെയല്ലേ… ന്യായമായും സംശയിക്കാം. അവരുടെ മരുന്ന് ചെലവാക്കുന്നതിൽ അവർക്കു താല്പര്യം കാണും. എന്നാൽ ലോകം ആകമാനമുള്ള ഡോക്ടർമാർ, ഫർമസിസ്റ്റുകൾ, ശാസ്ത്രജ്ഞന്മാർ, പൊതു ആരോഗ്യ പ്രവർത്തകർ, ഡയറ്റീഷ്യൻമാർ എല്ലാവരും പലയിടത്തും പലപ്പോഴും നടത്തിയ പഠനങ്ങൾ, പ്രധാനമായും ജനസംഖ്യാ പഠനങ്ങൾ epidemiological studies എന്നു പറയും, ഇതിലൊക്കെ വളരെ വ്യക്തമായ ഒരു കാര്യം എല്ലാവരും ഒത്തു ചേർന്ന് കച്ചവടത്തിന് കൂട്ട് നിന്ന് കളിക്കുകയാണ് എന്ന് പറയുന്നത് വല്ലാത്ത കടന്നു ചിന്തയാണ് എന്നാണ് എന്റെ അഭിപ്രായം. അങ്ങനെ ചിന്തിക്കുന്നവർക്ക് ചികിത്സ എടുക്കാതിരിക്കാനുള്ള പൂർണ സ്വാതന്ത്ര്യവുമുണ്ട്. ആരും നിർബന്ധിക്കുന്നില്ല.

ചോ – എന്ത് പഠിച്ചൂന്ന് ? എപ്പിസോഡോളജിയോ?

സത്യാ: ജനസംഖ്യാ പഠനം… ഉദാഹരണത്തിന് ഫ്രെമിങ്ഹാം ഹാർഡ് സ്റ്റഡി എന്ന അതിപ്രധാന പഠനം മുതൽ ഇങ്ങോട്ടു നടന്ന പതിനായിരക്കണക്കിന് പഠനങ്ങൾ അനുസരിച്ച് ഈ അസുഖങ്ങൾ വരാൻ കൂടുതൽ സാധ്യത ഉള്ള അനേകം ഘടകങ്ങൾ കണ്ടത്തിട്ടിട്ടുണ്ട് . അതിൽ ഏറ്റവും പ്രധാനമായവ:

അധിക ബ്ലഡ് പ്രഷർ

പ്രമേഹം

പുകവലി

കൊളസ്റ്ററോളും അനുബന്ധ ഘടകങ്ങളുടെ രക്ത ലെവലുകൾ എന്നിവയാണ് .

ഇവ നന്നായി നിയന്ത്രിക്കുന്നത് വഴി ഈ അസുഖങ്ങൾ ഒരു വലിയ അളവ് വരെ നിയന്ത്രിക്കാൻ സാധിക്കും .

മിസ്റ്റർ ചോ: എന്നാലും എന്തൊരു പുകിലാണ് ? നിങ്ങൾ കുറച്ച് നേരായി ഈ അസുഖം, ഈ അസുഖം ന്ന് പറയുന്നണ്ടല്ലോ? ഏതസുഖം ? എന്തിനാണിത്ര ആവേശം ഇതിനൊക്കെ ?

മിസ്റ്റർ സത്യ: അതായത് ഹൃദ്രോഗം, മസ്തിഷ്കാഘാതം എന്നിവ ആണ് ലോകത്തിലെ നമ്പർ വൺ ആളെക്കൊല്ലി. സ്ത്രീകളും പുരുഷന്മാരും മരിക്കുന്നതിന്റെ ഏറ്റവും പ്രധാന കാരണക്കാരായ രണ്ടു രോഗങ്ങളാണവ. ലോകത്തിലെ തന്നെ കണക്കുകൾ അങ്ങനാണ്. പ്രതിരോധിക്കാനുള്ള ഒരേ ഒരു വഴി രോഗം വരാനുള്ള സാധ്യത കുറക്കുക എന്നതാണ്. രോഗം വന്ന് വെറുതെ മരുന്ന് കമ്പനിക്കാർക്ക് കാശ് കൊടുക്കണ്ടല്ലോ!

മിസ്റ്റർ ചോ: ദീർഘകാലം മരുന്ന് കഴിക്കാമോ ? അത് കുഴപ്പമല്ലേ ?

മിസ്റ്റർ സത്യ: ഒരു ഡോക്ടറുടെ മേൽനോട്ടത്തിൽ ദീർഘകാലം കഴിച്ചു മേല്പറഞ്ഞ പ്രമേഹം, പ്രഷർ, കൊളസ്റ്ററോൾ എന്നിവ നിയന്ത്രിക്കുന്നത് വഴി ഉണ്ടാകുന്ന മെച്ചം വല്ലപ്പോഴും ചിലർക്ക് മാത്രം ഉണ്ടാവുന്ന ചെറിയ പാർശ്വ ഫലങ്ങളെക്കാൾ അനേക മടങ്ങ് വലുതാണ് എന്നാണ് പഠനങ്ങൾ. നിർബന്ധിച്ച് ആരും നമ്മെ ചികിൽസിക്കുന്നില്ല. നമുക്ക് ബോധ്യമായാൽ മാത്രം ചികിത്സ എടുത്താൽ മതി. എന്നാൽ ശാസ്ത്രീയമായി പറഞ്ഞാൽ ഇപ്പോഴത്തെ അറിവ് വച്ച് ഇതൊക്കെയാണ് ശരി .

മിസ്റ്റർ ചോ: അപ്പോൾ ഇതെക്കെ മാറാമെന്ന്, അല്ലെ ? അപ്പൊ ഇതിനൊന്നും ഒരു സ്ഥിരതയില്ലേ ?

മിസ്റ്റർ സത്യ: വളരെ വലിയ മാറ്റങ്ങൾ വരാൻ സാധ്യത തീരെ കുറവാണ്. മാറ്റങ്ങൾ വരുന്നത് നല്ല ലക്ഷണവുമാണ്. സദാ തേച്ചു മിനുക്കപ്പെടുന്ന ശാസ്ത്രത്തിന്റെ ഒരു സ്വഭാവമാണ് മാറ്റങ്ങൾ. മാറ്റങ്ങൾ ഒരിക്കലും വരാത്ത ശാഖകളെ കുറച്ച സംശയത്തോടെ നോക്കേണ്ടി വരും. ജീവിച്ചിരിക്കുന്നതിന്റെയും സദാ ചോദ്യം ചെയ്യപ്പെടുന്നതിന്റെയും ഉത്തരങ്ങൾ കണ്ടെത്താൻ ശ്രമിക്കുന്നതിന്റെയും ലക്ഷണമാണ് മാറ്റങ്ങൾ. ഭൂമി ഉരുണ്ടതാണെന്നും ഭൂമി സൂര്യനു ചുറ്റും കറങ്ങുന്നു എന്നതും ഒക്കെ കണ്ടു പിടിച്ച കാലത്ത് മാറ്റങ്ങളായിരുന്നു.

ലേഖകർ
Jimmy Mathew, MBBS, MS, MCh, completed his studies in Medical college, Thrissur, JIPMER and Medical college, Kozhikode respectively. He has worked in Sree Chithra Institute, Baby Memorial hospital, St. John's Institute of medical sciences, Bangalore, and Amrita Institute at Kochi. He is a Reconstructive Microsurgeon and Clinical Professor. He has over 25 academic publications. He has published four books in the popular press. Loves to write.He blogs at Healthylifehappylife. in.
ചിത്രകാരൻ
Design Co-ordinator, Infoclinic.

മികച്ച വർഗ്ഗങ്ങൾ

എല്ലാ വർഗ്ഗങ്ങളും
പൊതുജനാരോഗ്യം

284 ലേഖനങ്ങൾ

Current Affairs

240 ലേഖനങ്ങൾ

കോവിഡ്-19

236 ലേഖനങ്ങൾ

ആരോഗ്യ അവബോധം

115 ലേഖനങ്ങൾ

സുരക്ഷ

64 ലേഖനങ്ങൾ

ശിശുപരിപാലനം

59 ലേഖനങ്ങൾ

കിംവദന്തികൾ

53 ലേഖനങ്ങൾ

Infectious Diseases

52 ലേഖനങ്ങൾ

Medicine

45 ലേഖനങ്ങൾ