ഗ്യാസ് ഗ്യാസെയ്
മലയാളത്തിൽ ഏറ്റവും കൂടുതൽ പര്യായമുള്ളത് ‘മരിച്ചു’ എന്ന വാക്കിനാണ് എന്നൊരു കോമഡി കേൾക്കാറുണ്ട്. ‘അന്തരിച്ചു’ പോലുള്ള അച്ചടി പ്രയോഗം തൊട്ട് വടിയായി, കാറ്റു പോയി എന്നിങ്ങനെ വാമൊഴി പ്രയോഗങ്ങൾ വരെ എത്രയെത്ര എത്രയെത്ര വാക്കുകൾ… അതിനെ കടത്തിവെട്ടാൻ സാധ്യതയുള്ള ഒന്നാണ് ഗ്യാസ് എന്ന് വിളിക്കപ്പെടുന്ന വിഷമാവസ്ഥ. നെഞ്ചെരിച്ചിൽ, എരിപിരി സഞ്ചാരം, പരവേശം, വയറ്റിന്ന് ഉരുണ്ടുകയറ്റം, പുളിച്ചുതികട്ടൽ തുടങ്ങി നാനാവിധ പദങ്ങളാൽ വിശേഷിപ്പിക്കപ്പെടുന്ന ഈ അവസ്ഥ സർവസാധാരണമാണ്. എങ്ങനെ വിളിച്ചാലും വേണ്ടില്ല, വല്ലാതെ വലയ്ക്കുന്ന ഈ അവസ്ഥയെക്കുറിച്ച് ഒരു എത്തിനോട്ടമാകാം.
ദഹനത്തിനും പ്രതിരോധത്തിനും സഹായിക്കുന്ന ഹൈഡ്രോക്ലോറിക് ആസിഡ് എന്ന അമ്ലം ആമാശയം ഉൽപ്പാദിപ്പിക്കുന്നു. അതെങ്ങനെ ശരിയാകും? അപ്പോൾ ആമാശയം തന്നെ ഇതിൽ ദഹിച്ചു പോവില്ലേ ? ഈ അമ്ലത്തിൻറെ ദ്രവിപ്പിക്കലിൽ നിന്നും ആമാശയത്തിന്റെ ഭിത്തിയെ സംരക്ഷിക്കാൻ അനുയുക്തമായ സംവിധാനങ്ങൾ പ്രകൃത്യാ ആമാശയത്തിനുണ്ട്. പക്ഷേ തൊട്ടയൽവാസിയായ അന്നനാളത്തിനതിനുള്ള ശേഷിയില്ല. ആമാശയത്തിലെ അമ്ലരസം അന്നനാളത്തിലേക്കു തികട്ടിക്കയറിയാൽ വീര്യമേറിയ ഈ രസങ്ങൾ പ്രതിരോധിക്കാനുള്ള സംവിധാനം അന്നനാളത്തിലില്ല.
ദഹനരസങ്ങൾ തികട്ടി വരാതിരിക്കാനുള്ള സംവിധാനങ്ങളാണ് അന്നനാളത്തെ ഈ രാസാക്രമണത്തിൽ നിന്നു രക്ഷിക്കുന്നത്. ആവശ്യം കഴിഞ്ഞാൽ അന്നനാളത്തിന്റെ കീഴ്ഭാഗവും ആമാശയവും തമ്മിലുള്ള ബന്ധം തടയുന്ന പേശിയാണ് ഇതിൽ പ്രധാന ഘടകം. (ഈ പേശിയുടെ സാധാരണ പ്രവർത്തനം മൂലമാണ് തലകുത്തി നിന്നാലും കഴിച്ച ഭക്ഷണം തിരികെ വായിലേക്ക് ഇറങ്ങി വരാത്തത്). ഈ സംവിധാനത്തിൽ എന്തെങ്കിലും വീഴ്ച സംഭവിക്കുമ്പോൾ അമ്ലരസം അന്നനാളത്തിലേക്ക് തികട്ടിക്കയറുകയും ശക്തിയേറിയ ആസിഡ് അന്നനാളത്തെ വേവിച്ച് നെഞ്ചെരിച്ചിൽ ഉണ്ടാക്കുകയും ചെയ്യുന്നു. ഇതാണു പുളിച്ചു തികട്ടൽ, അഥവാ ഗ്യാസ്ട്രോ ഈസോഫേജ്യൽ റിഫ്ളക്സ് ഡിസീസ്.
അന്നനാളത്തിലുണ്ടാകുന്ന 75 % പ്രശ്നങ്ങൾക്കും കാരണം ഈ രോഗമാണ്. പൊണ്ണത്തടി, അന്നനാളത്തിന്റെ ഘടനയിൽ ജന്മനാ ഉള്ളതോ പിന്നീടു സംഭവിച്ചതോ ആയ വ്യതിയാനങ്ങൾ, അന്നനാളത്തെ സംരക്ഷിക്കുന്ന സ്ഫിംക്റ്റർ പേശിയുടെ ഘടനയിലോ പ്രവർത്തനത്തിലോ ഉള്ള തകരാറ്, പ്രമേഹം, വിവിധ തരം മരുന്നുകൾ എന്നിവയൊക്കെ ഇതിന് കാരണമാകാം. കുട്ടികളിലും ഗർഭിണികളിലും ഈ അവസ്ഥ കൂടുതലായി കണ്ടുവരുന്നു. ഉയർന്ന സമ്മർദമുള്ള ജീവിതശൈലി, മദ്യപാനം, പുകവലി എന്നിവയും പുളിച്ചുതികട്ടലിന് പ്രധാന കാരണങ്ങളാണ്.
നെഞ്ചുവേദന, നെഞ്ചെരിച്ചിൽ, വായിൽ പുളിരസം തികട്ടി വരിക, ദഹനക്കേട്, ഭക്ഷണം ഇറക്കുമ്പോളുള്ള വേദന, ശബ്ദത്തിലുള്ള വ്യത്യാസം, തുടർച്ചയായ ചുമ, ശ്വാസംമുട്ടൽ, ശർദ്ദി എന്നിവയൊക്കെ ഈ രോഗത്തിൻറെ ലക്ഷണമാകാം. കിടക്കുമ്പോൾ ലക്ഷണങ്ങൾ കൂടുതലായി അനുഭവപ്പെടാം. അതുകൊണ്ടുതന്നെ രാത്രിയാണ് ബുദ്ധിമുട്ടുകൾ കൂടുതലാകുക. നെഞ്ചെരിച്ചിൽ ചിലപ്പോഴെങ്കിലും ഹൃദ്രോഗ സംബന്ധമായ നെഞ്ച് വേദനയാണോ എന്ന ഭയം രോഗിയിലും ചിലപ്പോൾ ചികിൽസകനിലും ഉണർത്താറുണ്ട്. (ജീവഹാനികരമായ, ഹൃദ്രോഗ സംബന്ധമായ നെഞ്ചുവേദനയല്ല എന്ന് ഉറപ്പിക്കുന്നതിനാവും അപ്പോൾ അടിയന്തിര ചികിൽസയിൽ മുൻഗണന ലഭിക്കുക.)
കൃത്യസമയത്ത് ശരിയായ ചികിത്സ സ്വീകരിച്ചില്ലെങ്കിൽ അന്നനാളത്തിന്റെ വീക്കം, അന്നനാളത്തിന്റെ കീഴറ്റം ചുരുങ്ങിപ്പോവുക, അന്നനാളത്തിന്റെ നീളം കുറയുക, അന്നനാളത്തിലെ ശ്ലേഷ്മ സ്തരത്തിൻറെ സ്വഭാവം മാറി അത് ചെറുകുടലിലേതുപോലെ ആകുക എന്നിവയൊക്കെ ഉണ്ടാകാം. തുടർച്ചയായി ഏറെക്കാലം ആസിഡ് അന്നനാളത്തെ ശല്യം ചെയ്യുന്നത് ഭാവിയിൽ അന്നനാള ക്യാൻസറിന് വഴിവെച്ചേക്കാം.
24 മണിക്കൂർ നേരം തുടർച്ചയായി അന്നനാളത്തിന്റെ കീഴ്ഭാഗത്തെ ആസിഡ് അളവ് പരിശോധിക്കുന്ന 24 Hour pH monitoring ആണ് ഈ രോഗം കൃത്യമായി കണ്ടെത്തുന്നതിന് ലഭ്യമായ ഏറ്റവും മികച്ച ടെസ്റ്റ്. എന്നാൽ എല്ലായിടത്തും ഈ ടെസ്റ്റ് ലഭ്യമല്ല. അന്നനാളത്തിന്റെ കീഴേ അറ്റത്തെ സ്ഫിങ്റ്റർ പേശിയുടെ മുറുക്കം അളക്കുന്ന മാനോമെട്രി, അന്നനാളത്തിലേക്ക് കുഴൽ ഇറക്കിയുള്ള പരിശോധന, (എൻഡോസ്കോപ്പി) മരുന്നു കുടിച്ചശേഷം എക്സറേ എടുത്തുള്ള പരിശോധന (ബേരിയം സ്വാലോ) എന്നിവയൊക്കെ രോഗനിർണയത്തിന് ഉപയോഗിക്കാറുണ്ട്.
സങ്കീർണതകളിലേക്ക് എത്തിയിട്ടില്ലാത്ത പുളിച്ചുതികട്ടലിനെ ജീവിതശൈലീ മാറ്റങ്ങൾ കൊണ്ട് ഒരു പരിധിവരെ നിയന്ത്രിക്കാനാവും. പൊണ്ണത്തടി കുറയ്ക്കുക, പുകവലിയും മദ്യപാനവും നിർത്തുക, ചായ, കാപ്പി തുടങ്ങിയവയുടെ ഉപയോഗം കുറയ്ക്കുക, എരിവും പുളിയുമുള്ള ഭക്ഷണസാധനങ്ങളുടേയും കാർബണേറ്റഡ് പാനീയങ്ങളുടേയും ഉപയോഗം കുറയ്ക്കുക, ഭക്ഷണം കഴിച്ച ഉടൻ കിടക്കുന്നത് ഒഴിവാക്കുക, ചെറിയ ഇടവേളകളിൽ കുറഞ്ഞ അളവിൽ ഭക്ഷണം കഴിക്കുക എന്നിവ ശീലിച്ചാൽ വലിയൊരു പരിധിവരെ പുളിച്ചുതികട്ടൽ മൂലമുള്ള ബുദ്ധിമുട്ടുകൾ ഒഴിവാക്കാം. കിടന്നുറങ്ങുമ്പോൾ ഇടതുവശം ചരിഞ്ഞു കിടക്കുന്നതും കട്ടിലിന്റെ കാലിനടിയിൽ ഇഷ്ടികയോ മറ്റോ വെച്ച് തലഭാഗം പൊന്തിച്ചു കിടന്നുറങ്ങുന്നതും രാത്രിയിലെ ബുദ്ധിമുട്ടുകൾ കുറയ്ക്കാൻ സഹായിക്കും.
ആമാശയത്തിലെ ആസിഡിന്റെ നിർമ്മാണം കുറയ്ക്കുന്ന മരുന്നുകളും ആമാശയത്തിൽ നിന്ന് ഭക്ഷണവും ദഹനരസങ്ങളും പെട്ടെന്ന് താഴേക്ക് പോകാൻ സഹായിക്കുന്ന മരുന്നുകളും മറ്റും ഫലപ്രദമാണ്. അൻറാസിഡുകൾ എന്ന പേരിൽ അറിയപ്പെടുന്ന ഈ മരുന്നുകൾ ഏറെ വിറ്റഴിക്കപ്പെടുന്ന മരുന്നുകളിൽ പെടുന്നു. വൈദ്യോപദേശമില്ലാതെ ഇവ അലക്ഷ്യമായി കഴിക്കപ്പെടുന്നതും കണ്ട് വരുന്നുണ്ട്.
രോഗം സങ്കീർണമാകുകയാണ് എങ്കിൽ നിയന്ത്രിക്കാൻ എൻഡോസ്കോപ്പി വഴിയുള്ള വിവിധ ചികിത്സകളും നിലവിലുണ്ട്. ജീവിതശൈലി കൊണ്ടും മരുന്നുകൾ കൊണ്ടും രോഗം നിയന്ത്രിക്കാനാവുന്നില്ലെങ്കിൽ ശസ്ത്രക്രിയ പരിഗണിക്കാവുന്നതാണ്. താക്കോൽ ദ്വാര ശസ്ത്രക്രിയകളും ഈ രോഗത്തിന് ഇപ്പോൾ ചെയ്തു വരുന്നുണ്ട്.
നിലവിൽ ചെറിയതോതിലുള്ള പുളിച്ചുതികട്ടലിന് മരുന്നുകൾ ഉപയോഗിച്ച് ഡോക്ടർമാർ ചികിത്സ നിർദ്ദേശിക്കാറുണ്ടെങ്കിലും ആറു മാസത്തിലധികം നീണ്ടു നിൽക്കുന്ന ബുദ്ധിമുട്ടുകൾ ഉണ്ടെങ്കിൽ ഡോക്ടർ പറയുന്ന വിശദമായ പരിശോധനകൾക്ക് വിധേയരാകണം. മുൻപ് ഉണ്ടാകാത്ത നെഞ്ചെരിച്ചിൽ പോലുളള ലക്ഷണങ്ങൾ മധ്യവയസിൽ ആരംഭിക്കുന്നവരും പരിശോധനകൾക്ക് വിധേയരാകുന്നതാണ് ഉത്തമം.
മരുന്നുകൾ ഉപയോഗിച്ച് താൽക്കാലിക ആശ്വാസം നേടാമെങ്കിലും തുടർച്ചയായി ഡോക്ടറുടെ നിർദ്ദേശമില്ലാതെ ഇവ തോന്നും പടി ഉപയോഗിക്കുന്നത് സുരക്ഷിതമല്ല.
ജീവിതശൈലി മാറ്റങ്ങളും വിടാതെ പാലിക്കണം.
‘ഗ്യാസിനെ ‘ വരുതിയിൽ നിർത്താൻ എല്ലാർക്കും കഴിയട്ടെ.