· 4 മിനിറ്റ് വായന

എക്സിമ : ചർമ്മം തിളയ്ക്കുമ്പോൾ

Dermatology
വളരെ സാധാരണമായി കണ്ടു വരുന്ന ഒരു ചർമ്മ രോഗമാണ് എക്സിമ. ലോകത്ത് പലയിടങ്ങളിലും സെപ്റ്റംബറിലെ മൂന്നാമത്തെ ആഴ്ച എക്സിമ അവബോധ വാരം (Eczema Awareness Week) ആയി ആചരിക്കപ്പെടുന്നു.
എക്സിമയാകട്ടെ നമ്മുടെ ഇന്നത്തെ വിഷയം…
?എന്താണ് എക്സിമ?
ലളിതമായി പറഞ്ഞാൽ ചർമ്മത്തിന്റെ നീർക്കെട്ട് ആണ് എക്സിമ അഥവാ ഡെർമടൈറ്റീസ്.
” എക്സിമ് ” എന്ന ഗ്രീക്ക് വാക്കിന്റെ അർഥം തിളച്ചു മറിയുക (to boil out) എന്നാണ്. എക്സിമ എന്ന ഈ തിളച്ചു മറിയൽ ചർമ്മത്തിന്റെ ഒരു തരം പ്രതിപ്രവർത്തനം ആണ് . അതു ശരീരത്തിനുള്ളിൽ ഉള്ള ഘടകങ്ങളോട് (Endogenous factors) ആകാം, പുറമെയുള്ള ഘടകങ്ങളോടും (Exogenous factors) ആകാം.
?മൂന്നു ഘട്ടങ്ങളിൽ ആയാണ് ഇത് സംഭവിക്കുന്നത് :
?അക്യൂട്ട് എക്സിമ ( Acute eczema )
?സബ് അക്യൂട്ട് എക്സിമ ( Sub acute eczema)
?ക്രോണിക് എക്സിമ ( Chronic eczema )
അക്യൂട്ട് എക്സിമയിൽ ചർമ്മത്തിൽ ചുവപ്പ്, കുമിളകൾ , പുകച്ചിൽ , നീരോലിപ്പ് എന്നിവ അനുഭവപ്പെടുന്നു. സബ് അക്യൂട്ട് എക്സിമായിലാകട്ടെ ചൊറിച്ചിലോട് കൂടി മൊരിച്ചിൽ (scaling) , പൊറ്റ (crusting) എന്നീ ലക്ഷണങ്ങൾ കാണുന്നു. ക്രോണിക് എക്സിമയിൽ ചൊറിച്ചിലിനോടൊപ്പം ചർമ്മം കറുത്ത്, കട്ടി കൂടി (lichenification) കാണപ്പെടുന്നു.
ഒരാളിൽ നിന്ന് മറ്റൊരാളിലേക്ക് എക്സിമ പകരില്ല.
? പലതരം എക്സിമ ഉണ്ട് :
?ശരീരത്തിനുള്ളിലുള്ള ഘടകങ്ങൾ മൂലം ഉണ്ടാകുന്ന ചില എക്സിമകൾ
?കോൺടാക്ട് ഡെർമടൈറ്റിസ് (Contact dermatitis)
അലർജിയുള്ള പദാർത്ഥങ്ങളുമായി സമ്പർക്കം വന്ന ശരീരഭാഗത്ത്‌, സമ്പർക്കം വന്ന മാതൃകയിൽ എക്സിമയുടെ ലക്ഷണങ്ങൾ കാണപ്പെടുന്നു.
?ഫോട്ടോഡെർമടൈറ്റിസ് (Photodermatitis)
സൂര്യപ്രകാശം ഏൽകുന്ന ശരീരഭാഗങ്ങളിൽ (മുഖം, കഴുത്ത്, കൈകളുടെ പുറം ഭാഗം) കാണപ്പെടുന്നു.
?ഇൻഫെക്റ്റീവ് ഡെർമടൈറ്റിസ് (Infective dermatitis)
അണുബാധയുള്ള ശരീരഭാഗത്തിന് അടുത്തായി എക്സിമ കണ്ടു വരുന്നു.
?ശരീരത്തിനു പുറമെയുള്ള ഘടകങ്ങൾ മൂലം ഉണ്ടാകുന്ന ചില എക്സിമകൾ
?അസ്റ്റിയാടോട്ടിക്‌ എക്സിമ (Asteatotic eczema)
വരണ്ട ചർമ്മം മൂലം, പ്രധാനമായും കാലുകളിൽ ഉണ്ടാകുന്നു.
?സെബോറിക് ഡെർമടൈറ്റിസ്( Seborrhoeic dermatitis )
താരൻ മൂലം ശിരോചർമ്മത്തിൽ, പുരികത്തിൽ, മൂക്കിന്റെ വശങ്ങളിൽ, ചുണ്ടിന് താഴെ, നെഞ്ചത്ത് എക്സിമ കണ്ടു വരുന്നു.
?വരിക്കോസ് എക്സിമ (Varicose eczema)
വരിക്കോസ് വെയ്ൻ കാരണമുള്ള രക്തയോട്ടത്തിലെ അപാകത മൂലം കണങ്കാലിൽ കണ്ടു വരുന്നു.
?അടോപിക് എക്സിമ (Atopic eczema)
ആസ്തമ, മൂക്കൊലിപ്പ് പോലെയുള്ള അലർജികൾക്കൊപ്പം കണ്ടു വരുന്നു.
?പോംഫോലിക്സ് (Pompholyx)
കൈപത്തിയിലും കാൽപാദത്തിലും ചൊറിച്ചിലിനോടൊപ്പം മുത്തു പോലെ വെള്ളം നിറഞ്ഞ കുമിളകൾ കണ്ടു വരുന്നു.
?നമ്മുലാർ എക്സിമ (Nummular eczema)
വൃത്താകൃതിയിലുള്ള പാടുകളായി, കാലുകളിൽ കണ്ടു വരുന്നു.
വിസ്താരഭയം മൂലം ഓരോ തരത്തിലും ഉള്ള എക്സിമയെ പറ്റിയുള്ള വിശദീകരണം ഒഴിവാക്കുന്നു.
?രോഗനിർണ്ണയം
ലക്ഷണങ്ങൾ മാത്രം ആശ്രയിച്ചു എക്സിമ രോഗനിർണയം നടത്താനാകും, എന്നാൽ എക്സിമയുടെ കാരണം കണ്ടു പിടിക്കാനായി ഡോപ്ളർ സ്കാൻ ( വരിക്കോസ് എക്സിമ ) , അല്ലർജിക് പാച്ച് ടെസ്റ്റ്‌ (അല്ലർജിക് കോൺടാക്ട് ഡെർമറ്റൈറ്റിസ് ), ബയോപ്സി (മറ്റു രോഗങ്ങളിൽ നിന്നും തിരിച്ചറിയാൻ ) എന്നീ ടെസ്റ്റുകൾ വേണ്ടി വന്നേക്കാം.
?ചികിത്സ
ഒഴിവാക്കാൻ പറ്റുന്ന പ്രതികൂല ഘടകങ്ങൾ ഒഴിവാക്കുക എന്നതാണ് എക്സിമക്കുള്ള ശാശ്വതപരിഹാരം.
ഉദാഹരണത്തിന് :
?കോൺടാക്ട് ഡെർമടൈറ്റിസിൽ അലർജി ഉണ്ടാക്കുന്ന പദാർത്ഥങ്ങളുമായുള്ള സമ്പർക്കം ഒഴിവാക്കുക.
?ഫോട്ടോഡെർമടൈറ്റിസിൽ അമിതമായ സൂര്യപ്രകാശം ഒഴിവാക്കുക, കുട , തൊപ്പി, ഗ്ലൗസ്, സൺസ്‌ക്രീൻ എന്നിവ ഉപയോഗിക്കുക.
?ഇൻഫെക്റ്റീവ് ഡെർമടൈറ്റിസിൽ അണുബാധ ചികിൽസിക്കുക.
?അസ്റ്റിയാടോട്ടിക്‌ എക്സിമ, പോംഫോലിക്സ്, നമ്മുലാർ എക്സിമ എന്നിവയിൽ മോയ്‌സ്ചറൈസേർ ഉപയോഗിക്കുകയും സോപ്പുകളുടെ അമിതോപയോഗം കുറയ്ക്കുകയും ചെയ്യുക.
?സെബോറിക് ഡെർമടൈറ്റിസിൽ താരനുള്ള ചികിത്സ കൂടി വേണം.
?വരിക്കോസ് എക്സിമയിൽ വരിക്കോസ് വെയ്നുള്ള ചികിത്സ കൂടി ചെയ്യുക.
?അടോപിക് എക്സിമ (Atopic eczema)
അലർജി ഉണ്ടാക്കുന്ന ഘടകങ്ങൾ ഒഴിവാക്കുക, ചർമ്മം വരണ്ടതാകാതെ സൂക്ഷിക്കുക.
ഇതിനോടൊപ്പം എക്സിമയുടെ ഘട്ടത്തിനനുസൃതമായി ആന്റിബയോട്ടിക്‌, സ്റ്റിറോയ്ഡ് ലേപനങ്ങൾ, ചൊറിച്ചിലിന് ആന്റിഹിസ്റ്റമിനുകൾ എന്നിവ ഉപയോഗിച്ച് വരുന്നു. ഉപ്പ് വെള്ളം, പൊട്ടാസ്യം പെർമംഗനെറ്റ് തുടങ്ങിയ ലായനികൾ കോട്ടൺ തുണിയിൽ മുക്കി പിടിക്കുന്നത് ആക്യൂട്ട് / സബ് അക്യൂട്ട് എക്സിമയിൽ നീരോലിപ്പും പൊറ്റയും കുറയ്ക്കാൻ സഹായിക്കും.
ചുരുക്കി പറഞ്ഞാൽ,
എക്സിമയുടെ കാരണം കണ്ടെത്തി, അതു നിയന്ത്രിക്കുക അല്ലെങ്കിൽ ഉന്മൂലനം ചെയ്യുക എന്നതാണ് ഏറ്റവും പ്രധാനം !
ലേഖകർ
Assistant Professor at Department of Dermatology, Government medical college, Kottayam. Completed MBBS from Government medical college, Alappuzha in 2010, and MD in Dermatology, venerology and leprosy from Government medical college, Thiruvananthapuram in 2015. Interested in teaching, public health and wishes to spread scientific temper. Psoriasis, Leprosy, drug reactions and autoimmune disorders are areas of special interest.
ചിത്രകാരൻ
Design Co-ordinator, Infoclinic.

മികച്ച വർഗ്ഗങ്ങൾ

എല്ലാ വർഗ്ഗങ്ങളും
പൊതുജനാരോഗ്യം

284 ലേഖനങ്ങൾ

Current Affairs

240 ലേഖനങ്ങൾ

കോവിഡ്-19

236 ലേഖനങ്ങൾ

ആരോഗ്യ അവബോധം

115 ലേഖനങ്ങൾ

സുരക്ഷ

64 ലേഖനങ്ങൾ

ശിശുപരിപാലനം

59 ലേഖനങ്ങൾ

കിംവദന്തികൾ

53 ലേഖനങ്ങൾ

Infectious Diseases

52 ലേഖനങ്ങൾ

Medicine

45 ലേഖനങ്ങൾ