· 3 മിനിറ്റ് വായന

എൻഡോമെട്രിയോസിസ്

HoaxObstetrics

ഗർഭാശയത്തിന്റെ ഏറ്റവും ഉള്ളിലുള്ള സ്തരമാണ് എൻഡോമെട്രിയം. ഗർഭത്തിന് സജ്ജമാവുകയും ഹോർമോൺ ഏറ്റകുറച്ചിലനനുസരിച്ച് രക്തസ്രാവത്തോടെ നശിച്ച് പുറന്തള്ളപ്പെടുകയും ചെയ്യുന്ന, ഇപ്പോൾ ചർച്ചാ വിഷയമായ ആർത്തവത്തിന്റെ അരങ്ങാണ് ഈ എൻഡോമെട്രിയം.

‘എൻഡോമെട്രിയ’ ത്തിലെ കോശങ്ങൾ ഗർഭപാത്രത്തിന് വെളിയിലായി മറ്റ് ആന്തരിക അവയവങ്ങളിൽ കാണപ്പെടുന്ന അവസ്ഥയാണ് ‘എൻഡോമെട്രിയോസിസ്’ എന്നറിയപ്പെടുന്നത്. ലോകത്തെ സ്ത്രീകളിൽ ഏകദേശം 6 മുതൽ 10 ശതമാനം വരെ ( ഏകദേശം 11 മില്യൺ ) എൻഡോമെട്രിയോസിസ് ബാധയുള്ളവരാണ് എന്നാണ് കണക്കാക്കപ്പെട്ടിരിക്കുന്നത്. 1860 ൽ കാൾ വോൺ റോക്കിറ്റാൻസ്കി എന്ന ഒരു പത്തോളജിസ്റ്റാണ് ഈ രോഗം തിരിച്ചറിഞ്ഞത്.

ശരീരത്തിനുള്ളിൽ ഏത് ഭാഗത്തും കാണാമെങ്കിലും ഈ അവസ്ഥ കൂടുതലായും അണ്ഡാശയത്തിലും അണ്ഡവാഹിനി കുഴലിലും ഗർഭാശയത്തിൻറെ ബാഹ്യഭിത്തിയിലും മറ്റ് സമീപ പ്രദേശങ്ങളിലും ആയാണ് കാണപ്പെടുന്നത്. അപൂർവമായി യോനി, ഗർഭാശയഗളം, കുടൽ, മൂത്രസഞ്ചി, മുറിവ്/തുന്നലുണങ്ങിയുണ്ടാകുന്ന വടുക്കൾ ( Scarring ) എന്നീയിടങ്ങളിലും, അത്യപൂർവമായി, ശ്വാസകോശത്തിലും, തലച്ചോറിലും, തൊലിപ്പുറത്തും വരെ എൻഡോമെട്രിയോസിസ് കാണപ്പെടാം.

? എന്ത് കൊണ്ടാണ് എൻഡോമെട്രിയോസിസ് ഉണ്ടാകുന്നത്?

ഇതിനുത്തരം മെഡിക്കൽ സയൻസിന് ഇപ്പോഴും വ്യക്തമായി അറിയില്ലയെന്നതാണ് സത്യം. പല തിയറികളും ഉണ്ട്, പക്ഷെ കൃത്യമായി ഇന്നതാണ് കാരണം എന്നുറപ്പിച്ചു പറയാനാകാത്ത പഴുതുകൾ ഓരോന്നിലും ഉണ്ട്.

? ഇതിലേറ്റവും പഴക്കമുള്ളത് ‘റിട്രോഗ്രേഡ് മെൻസ്ട്രുവേഷൻ’ ( Retrograde Menstruation ) എന്ന തിയറിയാണ്.

മാസമുറക്കാലത്ത് ഗർഭാശയത്തിൽ നിന്ന് പുറത്തേക്ക് വരുന്നത് പോലെ കുറച്ചു രക്തം അണ്ഡവാഹിനിക്കുഴലുകൾ വഴി വയറ്റിനകത്തേക്കും കടക്കുമെന്നും, ഇവയിലുള്ള എൻഡോമെട്രിയൽ കോശങ്ങൾ അടിവയറ്റിൽ ഉള്ള അവയവങ്ങളിൽ പറ്റിപ്പിടിച്ചു വളരുമെന്നും ആണ് ഈ തിയറി. അണ്ഡവാഹിനിക്കുഴലുകൾക്ക് പ്രശ്നങ്ങളില്ലാത്ത 90% സ്ത്രീകളിലും ഈ റിട്രോഗ്രേഡ് മെൻസ്ട്രുവേഷൻ

നടക്കുന്നുണ്ടെങ്കിലും ഇതിൽ വളരെ ചെറിയ ശതമാനം പേർക്ക് മാത്രമേ എൻഡോമെട്രിയോസിസ് കാണപ്പെടുന്നുള്ളൂ. ചുരുക്കത്തിൽ എന്തു കൊണ്ട് ഭൂരിഭാഗം സ്ത്രീകളിലും എൻഡോമെട്രിയോസിസ് വരുന്നില്ല എന്ന ചോദ്യം ഈ തിയറി ബാക്കി വെക്കുന്നു…!

? സീലോമിക് മെറ്റാപ്ളേസിയ (Coelomic metaplasia) തിയറി.

വയറിന്റെ ഉള്ളിലുള്ള സ്തരങ്ങളിലുള്ള ചില കോശങ്ങൾ ഹോർമോൺ/ഇമ്മ്യൂൺ പ്രവർത്തനങ്ങളുടെ ഫലമായി എൻഡോമെട്രിയൽ കോശങ്ങളായി രൂപാന്തരം പ്രാപിക്കുന്നു എന്നാണ് ഇതിൽ പറയുന്നത്.

? സ്റ്റെം സെൽ (മൂലകോശ) തിയറി.

നമ്മുടെ ശരീരത്തിൽ കാണപ്പെടുന്ന മൂലകോശങ്ങൾ. (ഇതിന് മൂലാധാരം തുടങ്ങിയവയുമായ് ബന്ധമില്ല എന്ന് മുൻകൂട്ടി പറയേണ്ടിയിരിക്കുന്നു!). ആവശ്യമനുസരിച്ച് വ്യത്യസ്ത രൂപങ്ങളിലുള്ള അഡൽറ്റ് കോശങ്ങളായി രൂപം മാറാനുള്ള കഴിവുള്ളവയാണിവ. ഹോർമോണുകളുടെയും ചില ഘടകങ്ങളുടെയും സ്വാധീനത്താൽ എൻഡോമെട്രിയൽ കോശങ്ങളായി ഗർഭപാത്രത്തിന് വെളിയിൽ വളരുന്നു എന്നാണ് ഇത് സമർത്ഥിക്കുന്നത്.

? ജനിതക കാരണങ്ങൾ

അടുത്ത രക്തബന്ധുക്കളിൽ (അമ്മ, സഹോദരി, മകൾ ഇങ്ങനെ ഉള്ള ഫസ്റ്റ് ഡിഗ്രി ബന്ധുക്കളിൽ) ഈ രോഗമുള്ളവരിൽ എൻഡോമെട്രിയോസിസ് ഉണ്ടാകാൻ സാധ്യത കൂടുതലാണ്. ഇവരിൽ ഒരേപോലെ കാണപ്പെടുന്ന ജനിതക പ്രത്യേകതകൾ മൂലമാണിത് സംഭവിക്കുന്നത്.

? ഇവ കൂടാതെ, ഇമ്യൂൺ (പ്രതിരോധ) വ്യവസ്ഥയിലെ തകരാറുകൾ, കൂടിയ തോതിലുള്ള ഇൻഫ്ളമേഷനും ഓക്സീകരണം മൂലമുള്ള തകരാറുകളും, ഹോർമോൺ റിസപ്റ്റർ തകരാറുകൾ എന്നിവയും കാരണങ്ങളായി ചില പഠനങ്ങൾ പറയുന്നു.

ഒരു രോഗത്തിന് ഒറ്റ കാരണം തന്നെ ആവണം എന്നില്ല. പല കാരണങ്ങൾ കൊണ്ടോ ഇവയുടെ എല്ലാം കൂട്ടമായ പ്രവർത്തനം കൊണ്ടോ രോഗമുണ്ടാകാം. എൻഡോമെട്രിയോസിസും അതുപോലെയുള്ള ഒരു അവസ്ഥയാകാനാണ് സാധ്യതയെന്നാണ് ഇപ്പോൾ ലഭ്യമായ വിവരങ്ങൾ വെച്ച് നമുക്ക് അനുമാനിക്കാവുന്നത്.

30 നും 40 നും ഇടയിൽ പ്രായമുള്ള സ്ത്രീകൾ, ഇതുവരെ ഗർഭിണിയായിട്ടില്ലാത്തവർ, മാസമുറ 7 ദിവസത്തിൽ കൂടുതൽ നീണ്ടുനിൽക്കുന്നവർ, 28 ദിവസത്തിൽ താഴെ ദൈർഘ്യമുള്ള ആർത്തവചക്രം ഉള്ളവർ, 12 വയസ്സിനുമുമ്പ് ഋതുമതിയായവർ എന്നിവരിൽ എൻഡോമെട്രിയോസിസ് വരാനുള്ള സാധ്യത കൂടുതലാണ്.

? രോഗലക്ഷണങ്ങൾ

പ്രജനന ക്ഷമതയുള്ള പ്രായത്തിലുള്ള ( reproductive age group ) സ്ത്രീകൾക്കാണ് കൂടുതലായും ലക്ഷണങ്ങൾ കണ്ടു വരുന്നത്. ആർത്തവ സമയത്ത് വസ്തി പ്രദേശത്ത് അനുഭവപ്പെടുന്ന അമിതമായ വേദന, വന്ധ്യത എന്നിവയാണ് ഈ രോഗത്തിൻറെ സർവസാധാരണമായ ലക്ഷണങ്ങൾ. ഭൂരിഭാഗം സ്ത്രീകളിലും മാസമുറയോടനുബന്ധിച്ചാണ് ഈ വേദന അനുഭവപ്പെടുന്നത്. ചുരുക്കം ചിലരിൽ സ്ഥിരമായ വേദനയായും അനുഭവപ്പെടാറുണ്ട്. ചിലരിൽ ഈ വേദന ലൈംഗികബന്ധത്തിനിടയിലോ, ശേഷമോ, മലമൂത്രവിസർജന സമയത്തോ അനുഭവപ്പെടും.

ഈ രോഗാവസ്ഥയിലുള്ള പകുതിയോളം ആളുകളിൽ വന്ധ്യതയ്ക്കുള്ള സാധ്യത വളരേ കൂടുതലാണ്. മിക്കവാറും വന്ധ്യതയ്ക്ക് ചികിത്സയ്ക്കായി ഒരു ഗൈനക്കോളജിസ്റ്റിനെ സമീപിക്കുമ്പോഴാവും ഇതാണ് വില്ലൻ എന്നു കണ്ടെത്തുന്നത് തന്നെ.

ഏകദേശം 25 ശതമാനത്തോളം സ്ത്രീകളിൽ ഈ രോഗം യാതൊരുവിധ ലക്ഷണങ്ങളും തന്നെ പ്രകടിപ്പിക്കാറില്ല.

? എന്തുകൊണ്ട് വേദന??

മാസമുറയുടെ സമയത്ത് ഗർഭപാത്രത്തിനുള്ളിൽനിന്നു മാത്രമല്ല, മറ്റു ഭാഗങ്ങളിലുള്ള എൻഡോമെട്രിയോസിസ് കലകളിൽ നിന്നു കൂടി രക്തസ്രാവം സംഭവിക്കുന്നു. ഈ രക്തം വയറിനുള്ളിലെ മറ്റ് ആന്തരികാവയവങ്ങളിൽ ചെറിയതോതിൽ ഇറിറ്റേഷൻ ഉണ്ടാക്കുകയും അത് വേദനയിലേക്ക് നയിക്കുകയും ചെയ്യുന്നു. രക്തസ്രാവത്തിനു ശേഷം ആ ഭാഗം ഉണങ്ങുമ്പോൾ ഉണ്ടാകുന്ന വടുക്കളും ഭാവിയിൽ വേദനയ്ക്കു കാരണമാകാം.

? വന്ധ്യത എന്തുകൊണ്ട്?

അണ്ഡവാഹിനിക്കുഴലിൽ എൻഡോമെട്രിയോസിസ് മൂലമുണ്ടാകുന്ന തടസ്സങ്ങൾ വന്ധ്യതയിലേക്ക് നയിക്കാം. അതല്ലാതെ അണ്ഡാശയങ്ങളിലും അണ്ഡവാഹിനി കുഴലുകളിലും ഗർഭാശയത്തിനു പുറത്തുമായി നിലകൊള്ളുന്ന എൻഡോമെട്രിയോസിസ് അവയുടെ പ്രവർത്തനത്തെ പലരീതിയിൽ തടസ്സപ്പെടുത്തുന്നതും വന്ധ്യതയിലേക്ക് നയിച്ചേക്കാം.

? രോഗനിർണയം

കൃത്യമായി രോഗചരിത്രം വിശകലനം ചെയ്യുന്നതിലൂടെയും ദേഹപരിശോധനയിലൂടെയും ഉള്ളുപരിശോധനയിലൂടെയും ഒരു പരിശീലനം ലഭിച്ച ഡോക്ടർക്ക് എൻഡോമെട്രിയോസിസ് തിരിച്ചറിയാനാകും.

അത് സ്ഥിരീകരിക്കുന്നതിനായി അൾട്രാസൗണ്ട്, എം.ആർ.ഐ., സി.ടി. സ്കാൻ എന്നീ സങ്കേതങ്ങളും, ലാപ്രോസ്കോപ്പിക് പരിശോധനയും നടത്താറുണ്ട്.

ഇതിൽ ലാപ്രോസ്കോപ്പിക് പരിശോധനയോടൊപ്പം എൻഡോമെട്രിയോസിസ് നീക്കം ചെയ്യുന്നതിനുള്ള ശസ്ത്രക്രിയ ചെയ്യാനോ അവ കരിച്ചുകളയുന്നതിനുള്ള സങ്കേതങ്ങളോ ഉപയോഗിക്കാമെന്നുള്ള സൗകര്യംകൂടിയുണ്ട്. ഒപ്പം രോഗനിർണയം ബയോപ്സി പരിശോധനയിലൂടെ പൂർത്തിയാക്കുന്നതിനായി കലകളുടെ സാമ്പിളുകളും എടുക്കാം.

? ചികിത്സ

ചില ഹോർമോണൽ മരുന്നുകളുപയോഗിച്ച് എൻഡോമെട്രിയോസിസിനോടനുബന്ധിച്ച് ആർത്തവദിനത്തിൽ വരുന്ന വേദന ലഘൂകരിക്കുന്ന ചികിത്സാരീതികളുണ്ട്. അവയോടൊപ്പം വേദനയെ കൈകാര്യം ചെയ്യുന്നതിനായി എൻ.എസ്.എ.ഐ.ഡി. കുടുംബത്തിൽപ്പെട്ട മരുന്നുകളും ഉപയോഗിച്ചുവരുന്നു.

നേരത്തേ തന്നെ സൂചിപ്പിച്ചതുപോലെ ലാപ്രോസ്കോപ്പിയുടെ സഹായത്തോടെ എൻഡോമെട്രിയോസിസ് ബാധിച്ച ഭാഗങ്ങൾ നീക്കം ചെയ്യുകയോ കരിച്ചുകളയുകയോ ചെയ്യും. ഒപ്പം വടുക്കൾ മൂലമുള്ള തടസ്സങ്ങൾ നീക്കം ചെയ്യുകയും ചെയ്യും. ഭൂരിഭാഗം വ്യക്തികളിലും വന്ധ്യതയ്ക്ക് കാരണം ഇത്തരം തടസ്സങ്ങളാണ്.

അതിസങ്കീർണ്ണമായ ചില രോഗികളിൽ, പ്രസവം നിർത്തിയതിനു ശേഷം ഒരു ശസ്ത്രക്രിയയിലൂടെ എൻഡോമെട്രിയോസിസ് ബാധിച്ച അണ്ഡാശയവും ഗർഭാശയവും പരിപൂർണ്ണമായി നീക്കം ചെയ്യേണ്ടതായും വരാറുണ്ട്.

ലേഖകർ
Dr. KIRAN NARAYANAN MBBS. Graduated from Govt. TD Medical College, Alappuzha. Currently, he is working in Kerala Government Health Services, as Assistant Surgeon at Primary Health Centre, Valakom, near Muvattupuzha, Ernakulam District. Founder member of AMRITHAKIRANAM, a public health awareness initiative by Kerala Government Medical Officer's Association. His area of interest outside medicine is, "Whistling". He was a member of the team who is currently holding Limca, Asia & Indian records for the event, 'Group Whistling'. He has been a member of Guinness world record holding team by Flowers Channel.
Kunjali Kuty is a pen name. A doctor trained in India and abroad now working in a foreign country. No specific interests.
ചിത്രകാരൻ
Design Co-ordinator, Infoclinic.

മികച്ച വർഗ്ഗങ്ങൾ

എല്ലാ വർഗ്ഗങ്ങളും
പൊതുജനാരോഗ്യം

284 ലേഖനങ്ങൾ

Current Affairs

240 ലേഖനങ്ങൾ

കോവിഡ്-19

236 ലേഖനങ്ങൾ

ആരോഗ്യ അവബോധം

115 ലേഖനങ്ങൾ

സുരക്ഷ

64 ലേഖനങ്ങൾ

ശിശുപരിപാലനം

59 ലേഖനങ്ങൾ

കിംവദന്തികൾ

53 ലേഖനങ്ങൾ

Infectious Diseases

52 ലേഖനങ്ങൾ

Medicine

45 ലേഖനങ്ങൾ