· 4 മിനിറ്റ് വായന

യുതനേഷ്യ

Genericനൈതികത

വാക്കിന്റെ അർത്ഥം നോക്കാം. ഗ്രീക്ക് ഭാഷയിൽ രൂപപ്പെട്ട വാക്കാണിത്. യു എന്നാൽ നല്ലത് എന്നാണ് അർത്ഥം, താനറ്റോസ് എന്നാൽ മരണമെന്നും. മേഴ്സി കില്ലിങ് എന്ന വാക്കാണ് നമ്മൾ സാധാരണ ഉപയോഗിക്കാറ്.

വേദനാപൂർണവും അല്ലാത്തതുമായ ദീർഘകാല രോഗങ്ങളാൽ വലയുന്ന, രോഗമുക്തി പൂർണ്ണമായും സാധ്യമല്ലാത്ത അവസ്ഥകളിൽ തുടരുന്ന രോഗികൾക്ക് തൽസ്ഥിതി തുടരാതിരിക്കാതെ വേദനാരഹിതമായ ജീവിതാന്ത്യം എന്നതാണ് യൂത്തനേഷ്യയുടെ അടിസ്ഥാനതത്വം.

1939-ൽ അഡോൾഫ് ഹിറ്റ്ലർ ആണ് യൂത്തനേഷ്യ പ്രോഗ്രാം ആരംഭിക്കുന്നത്. കിടപ്പിലായ രോഗികൾക്കും മാനസിക ആരോഗ്യം ഇല്ലാത്തവർക്കും ചികിത്സിച്ച് ഭേദപ്പെടുത്താൻ സാധ്യത ഇല്ലാത്തവർക്കും വേണ്ടി പണം ചെലവാക്കേണ്ടതില്ല എന്ന കാഴ്ചപ്പാട് കൊണ്ടാണ് ഇങ്ങനെയൊരു ആശയം രൂപപ്പെന്നത്. ബന്ധുക്കളുടെ സമ്മതം പോലും ഇല്ലാതെ നിരവധിപേരുടെ ജീവൻ ഇങ്ങനെ നഷ്ടപ്പെട്ടിട്ടുണ്ട്. ഇങ്ങനെ മരണമടഞ്ഞവരുടെ ശരീരഭാഗങ്ങൾ ഗവേഷണ ആവശ്യങ്ങൾക്കായി ഉപയോഗിച്ചിരുന്നു.

1941-ൽ ഔദ്യോഗികമായി ജർമ്മനിയിൽ യൂത്തനേഷ്യ നിരോധിച്ചെങ്കിലും 1945-ൽ നാസികൾ പരാജയപ്പെടുന്നത് വരെ അത് തുടർന്നു. ഏതാണ്ട് രണ്ട് ലക്ഷത്തിലധികം പേർ ഇങ്ങനെ മരണപ്പെട്ടിട്ടുണ്ട് എന്നാണ് കണക്കാക്കപ്പെടുന്നത്.

യൂത്തനേഷ്യ പലവിധത്തിലുണ്ട്.

  1. ആക്ടീവ് യൂത്തനേഷ്യ (act of commission)

ഏതെങ്കിലും ഒരു പ്രത്യേക പ്രവർത്തിയിലൂടെ ജീവൻ ഇല്ലാതാക്കുന്നു. ഉദാഹരണമായി ഉയർന്ന അളവിലുള്ള മരുന്നുകൾ ശരീരത്തിൽ കുത്തിവയ്ക്കുന്നു.

  1. പാസ്സീവ് യൂത്തനേഷ്യ (act of omission)

നൽകേണ്ട ചികിത്സയോ പ്രവർത്തനങ്ങളോ നൽകാതിരിക്കുന്നതുമൂലമുള്ള മരണം. ഉദാഹരണമായി വർഷങ്ങളായി കിടപ്പിലായ ഒരു രോഗിക്ക് ഹൃദയസ്തംഭനം ഉണ്ടായാൽ ചികിത്സിക്കേണ്ട എന്ന് തീരുമാനിക്കുന്നു, ശരീരത്തിൽ അണുബാധയുണ്ടായാൽ ആന്റിബയോട്ടിക്കുകൾ നൽകേണ്ട എന്ന് തീരുമാനിക്കുന്നു, വെന്റിലേറ്റർ നൽകേണ്ട എന്ന് തീരുമാനിക്കുന്നു.

  1. വൊളന്ററി യൂത്തനേഷ്യ

തന്റെ ജീവൻ നിലനിർത്തേണ്ട എന്ന് ഒരു വ്യക്തി സ്വയം ആവശ്യപ്പെടുന്നു

  1. നോൺ-വൊളന്ററി യൂത്തനേഷ്യ

കൺസന്റ് നൽകാൻ കഴിവില്ലാത്ത ഒരു വ്യക്തിയുടെ ജീവൻ നിലനിർത്തേണ്ട എന്ന് മറ്റൊരാൾ തീരുമാനിക്കുന്നു. ഉദാഹരണമായി വർഷങ്ങളായി കോമാ സ്റ്റേറ്റിൽ കിടക്കുന്ന രോഗിയുടെ ദയാവധം ആകാമെന്ന് ബന്ധുക്കൾ തീരുമാനിക്കുന്നു.

  1. അസിസ്റ്റഡ് ഡെത്ത്

ഒരു ഡോക്ടറുടെ ആലോചനാപൂർവമായ പ്രവൃത്തിയിലൂടെ ആസന്നമരണനായ രോഗിയുടെ മരണം വേഗത്തിലാക്കുന്നു.

  1. അസിസ്റ്റഡ് സുയിസൈഡ്

മറ്റൊരാളുടെ സഹായത്താൽ ഒരു വ്യക്തി ആത്മഹത്യ ചെയ്യുന്നു.

ധാർമികമായി യൂത്തനേഷ്യ അനുവദിക്കാമോ എന്നതിനെക്കുറിച്ച് സോക്രട്ടീസ്, പ്ലേറ്റോ, സ്റ്റോയിക്ക്സ് തുടങ്ങിയവർ ചർച്ചചെയ്തിരുന്നു.

തീവ്രപരിചരണ വിഭാഗങ്ങളിൽ വെന്റിലേറ്റർ അടക്കമുള്ള ജീവൻരക്ഷാ ഉപകരണങ്ങൾ എപ്പോൾ പിൻവലിക്കണം എന്നുള്ളത് പണ്ടുമുതൽ തന്നെ ചർച്ചയായ വിഷയമാണ്. വെന്റിലേറ്റർ അടക്കമുള്ള സൗകര്യങ്ങൾ വിച്ഛേദിക്കുന്നതിനെ കുറിച്ച് 1999-ൽ ബ്രിട്ടീഷ് മെഡിക്കൽ കൗൺസിൽ മാർഗ്ഗനിർദ്ദേശങ്ങൾ പ്രസിദ്ധീകരിച്ചിരുന്നു.

യൂത്തനേഷ്യ നിയമപരമാക്കാൻ ഉള്ള ശ്രമങ്ങൾ ആരംഭിച്ചത് ഇംഗ്ലണ്ടിലാണ്, 1935-ൽ. വോളണ്ടറി യൂത്തനേഷ്യ ലീഗലൈസേഷൻ സൊസൈറ്റി സി. കില്ലിക് മില്ലാർഡിന്റെ നേതൃത്വത്തിൽ ആരംഭിച്ചു. പക്ഷേ സൊസൈറ്റി സമർപ്പിച്ച ബിൽ 1936 ലും 1950 ലും നിയമനിർമ്മാണസഭ നിരാകരിച്ചു. 1961-ൽ ബ്രിട്ടീഷ് പാർലമെന്റിൽ സുയിസൈഡ് ആക്ട് അംഗീകരിക്കപ്പെട്ടു.

യൂത്തനേഷ്യ സൊസൈറ്റി ഓഫ് അമേരിക്ക 1938-ൽ ആരംഭിച്ചു.

രണ്ടാം ലോകമഹായുദ്ധാനന്തരം ലോക രാജ്യങ്ങളിൽ യൂത്തനേഷ്യ സംബന്ധമായ നിരവധി ചർച്ചകൾ ആരംഭിക്കുകയുണ്ടായി. പല രാജ്യങ്ങളിലെയും പരമോന്നത കോടതികളിൽ നിരവധി കേസുകളും നടന്നു.

1990 മുതൽ 130 ലധികം ആൾക്കാരുടെ ജീവൻ ഇല്ലാതാക്കാൻ സഹായിച്ചു എന്ന് ഡോക്ടർ ജാക് കെവോർക്കിയൻ അവകാശപ്പെട്ടു. മരണ കാരണമാകാവുന്ന മരുന്നുകൾ കുത്തിവച്ച് നടത്തിയ ആക്ടീവ് വോളന്ററി യൂത്തനേഷ്യ ആയിരുന്നു ഇവ. മരിക്കുന്നത് ഒരു കുറ്റം അല്ല എന്നായിരുന്നു അദ്ദേഹത്തിന്റെ അവകാശവാദം. ഇദ്ദേഹം ഡോക്ടർ ഡെത്ത് എന്ന് പിന്നീട് വിളിക്കപ്പെട്ടു.

സെക്കന്റ് ഡിഗ്രി മർഡർ നടത്തിയതിനെ തുടർന്ന് 25 വർഷത്തെ കഠിനതടവിന് ഇദ്ദേഹം വിധേയനായി.

1990-ൽ നെവാദ സുപ്രീംകോടതിയിൽ 21 വർഷമായി വെന്റിലേറ്ററിന്റെ സഹായത്തോടെ ജീവൻ നിലനിർത്തി കൊണ്ടിരുന്ന മക് കേയുടെ യൂത്തനേഷ്യ കേസ് പരിഗണിക്കുകയുണ്ടായി. ആത്മഹത്യക്ക് വേണ്ടിയുള്ള അപേക്ഷയായി കണക്കാക്കാനാവില്ലെന്നായിരുന്നു കോടതിയുടെ നിരീക്ഷണം. ജീവൻ നിലനിർത്താൻ സഹായകരമാകുന്ന കൃത്രിമ ഉപകരണങ്ങൾ ഒഴിവാക്കണം എന്ന ആവശ്യം ആത്മഹത്യ ആയി കണക്കാക്കാനാവില്ല എന്നായിരുന്നു നിരീക്ഷണം.

1997-ൽ അമേരിക്കയിലെ ഓറിഗോൺ സ്റ്റേറ്റ് ഡെത്ത് വിത്ത് ഡിഗ്നിറ്റി ആക്ട് പാസാക്കി. മരുന്നുകൾ സ്വയം കുത്തി വച്ച് മരിക്കാനുള്ള അവകാശം രോഗികൾക്കുണ്ട് എന്നായിരുന്നു ആക്ടിന്റെ അന്തസത്ത.

2002 ഏപ്രിൽ മാസത്തിൽ യൂത്തനേഷ്യയും അസിസ്റ്റന്റ് സുയിസൈഡും ഡച്ച് പാർലമെന്റ് നിയമപരമായി അംഗീകരിച്ചു.

തുടർന്ന് കൊളംബിയയിൽ ആക്ടീവ് യൂത്തനേഷ്യ നിയമപരമായി അംഗീകരിക്കപ്പെട്ടു.

ബെൽജിയം, ലക്സംബർഗ്, സ്വിറ്റ്സർലൻഡ്, തായ്‌ലൻഡ് എന്നീ രാജ്യങ്ങളിലും യൂത്തനേഷ്യ നിയമപരമായി അംഗീകരിക്കപ്പെട്ടു.

ഇന്ത്യയിലും യൂത്തനേഷ്യ സംബന്ധമായ ചർച്ചകൾ സജീവമായിരുന്നു. ഐപിസി 309 പ്രകാരം ഒരു രോഗി സ്വയം ജീവനൊടുക്കാൻ ശ്രമിക്കുന്നത് സുയിസൈഡ് ആയി പരിഗണിക്കപ്പെട്ടിരുന്നു. ഒരു വർഷം വരെ പിഴയോടുകൂടിയതോ അല്ലാത്തതോ ആയ തടവായിരുന്നു ശിക്ഷ. അതുപോലെ യൂത്തനേഷ്യ ചെയ്യാൻ സഹായിക്കുന്നവർക്കെതിരെ ഐപിസി 305, 306 പ്രകാരം ആത്മഹത്യാ പ്രേരണാ കുറ്റം ചാർജ് ചെയ്യാം. അതുപോലെ തന്നെ മർഡർ ആയി വേണമെങ്കിലും കണക്കാക്കാം എന്നുള്ളതായിരുന്നു സാഹചര്യം.

യൂത്തനേഷ്യ അധാർമികമാണെന്ന് 2002-ൽ ഇന്ത്യൻ മെഡിക്കൽ കൗൺസിൽ വിലയിരുത്തിയിട്ടുണ്ട്.

ആർട്ടിക്കിൾ 21 പ്രകാരം ജീവിക്കാനുള്ള സ്വാതന്ത്ര്യം പൗരന്റെ അവകാശമാണ്.

1994-ലെ പി. രത്തിനം കേസ് ആണ് ഈ വിഷയത്തിൽ പുതിയ ചർച്ചകൾ ഉയർത്തിയത്. “Right to life” എന്നതിൽ “right to die” ഉൾപ്പെടുമോ എന്നുള്ളതായിരുന്നു ചോദ്യം. ആർട്ടിക്കിൾ 21 ഐപിസി 309-ഉം പരസ്പരവിരുദ്ധമാണ് എന്നുള്ള ചർച്ചകൾ നടന്നു കൊണ്ടിരുന്നു.

തുടർന്ന് ആത്മഹത്യ കുറ്റകരമായി കണക്കാക്കാനാവില്ല എന്ന നിർദ്ദേശം 2008-ൽ ലോ കമ്മീഷൻ മുന്നോട്ട് വച്ചു.

16 മാസമായി കോമാ സ്റ്റേജിൽ കിടന്നിരുന്ന തന്റെ ഭാര്യയ്ക്ക് ദയാവധം നൽകണമെന്ന താരകേശ്വർ ചന്ദ്രവൻസിയുടെ അപേക്ഷ 2001 മാർച്ചിൽ പാറ്റ്ന ഹൈക്കോടതി നിരസിച്ചു. 2001 ഡിസംബറിൽ ബി. കെ. പിള്ളയുടെ സമാനമായ അപേക്ഷ കേരള ഹൈക്കോടതിയും നിരസിച്ചു.

അരുണ രാമചന്ദ്രൻ ഷാൻബാഗ് കേസാണ് ഇന്ത്യയിൽ യൂത്തനേഷ്യ യെക്കുറിച്ച് ഏറ്റവുമധികം ചർച്ചകൾ നടക്കാൻ കാരണമായത്. മുംബൈ കിംഗ് എഡ്വേർഡ് മെമ്മോറിയൽ ഹോസ്പിറ്റലിൽ ജൂനിയർ നേഴ്സ് ആയിരുന്നു അരുണ. 1973 നവംബർ 27 രാത്രിയിൽ അരുണാ ക്രൂരമായി ബലാത്സംഗം ചെയ്യപ്പെട്ടു. തലയ്ക്ക് അടിയേറ്റു വീണ അരുണയെ കഴുത്തു ഞെരിച്ച ശേഷം പ്രകൃതിവിരുദ്ധ ലൈംഗിക പീഡനത്തിന് ഇരയാക്കി.

തലച്ചോറിലേക്കുള്ള ഓക്സിജൻ സപ്ലൈ നിലച്ചതു കൊണ്ടും, തലച്ചോറിന്റെ പലഭാഗങ്ങളിലും ചതവേറ്റത് കൊണ്ടും, സ്പൈനൽ കോഡിന് പരിക്കുകൾ പറ്റിയത് മൂലവും അരുണ വർഷങ്ങളോളം ശയ്യാവലംബിയായി കിടന്നു. അരുണയുടെ കാഴ്ച നഷ്ടപ്പെടുകയും ചെയ്തു. റയിൽസ് ട്യൂബ് ഉപയോഗിച്ചായിരുന്നു ഭക്ഷണം നൽകിക്കൊണ്ടിരുന്നത്.

37 വർഷം നീണ്ട ഈ നരകയാതന അവസാനിപ്പിക്കാൻ വേണ്ടി മാധ്യമപ്രവർത്തക പിങ്കി വിരാനി സമർപ്പിച്ച ഹർജി 2011-ൽ സുപ്രീംകോടതി അനുവദിച്ചില്ല. എങ്കിലും പാസീവ് യൂത്തനേഷ്യ പരിഗണിക്കാവുന്നതാണ് എന്ന് കോടതി വിലയിരുത്തി.

വിധിയോട് പോരാടി 2015 മെയ് 18-ആം തീയതി അരുണ ഷാൻബാഗ് ഇഹലോകവാസം വെടിഞ്ഞു.

ഇങ്ങനെ ദീർഘമായ ധാർമിക നൈതിക നിയമ തർക്കങ്ങളുടെയും സംഘർഷങ്ങളുടെയും പശ്ചാത്തലം ഇതിനുണ്ട്. ഇന്ന് സുപ്രീം കോടതി മുകളിൽ പറഞ്ഞവയിൽ പാസ്സീവ് യുത്തനേഷ്യയാണ് നിയമവിധേയമാക്കിയത്. ചിരമായ നിർജീവാവസ്ഥയിലേക്ക് വീണു പോയ, യന്ത്ര രക്ഷാ ഉപാധികളുടെ സഹായമില്ലാതെ ജീവൻ നിലനിർത്താനാവാത്തവരെ മരിക്കാനനുവദിക്കുക എന്നതാണ് ഇത് കൊണ്ടുദ്ദേശിക്കുന്നത് എന്ന് നേരത്തെ പറഞ്ഞല്ലോ. ദയാവധം അല്ലെങ്കിൽ മേഴ്സി കില്ലിംഗ് എന്നീ പദങ്ങൾ ഇതിൽ തീർത്തും തെറ്റിദ്ധാരണാജനകമാണ്. ഹിന്ദി മാധ്യമങ്ങൾ പരക്കെ ഉപയോഗിച്ചു കണ്ട ഇച്ഛാ മൃത്യു എന്ന വാക്കാവും കൂടുതൽ അനുയോജ്യം.

അതോടൊപ്പം ഇത്തരം അവസ്ഥകളിൽ മുൻകൂട്ടി തന്നെ തനിക്ക്, പിന്നീടൊരിക്കൽ തീരുമാനമെടുക്കാനുളള ബോധം നഷ്ടപ്പെട്ടാൽ ജീവരക്ഷോപാധികളുടെ സഹായത്തോടെ ജീവൻ നിലനിർത്തേണ്ടതില്ല എന്ന് രേഖാമൂലം അറിയിക്കാനുള്ള അവകാശവും രോഗിക്കുണ്ടെന്ന് കോടതി വിധിയിലുണ്ട്. (നിയമജ്ഞന്റെ സൂക്ഷ്മ വായനയല്ല ഇത്) ഇത്തരം Living will എപ്പോൾ, എങ്ങനെ, ആരുടെ സാന്നിധ്യത്തിൽ നടപ്പിലാക്കും എന്നതിനെ കുറിച്ച് കൃത്യമായ, ദുരുപയോഗ സാധ്യതയില്ലാത്ത മാർഗരേഖകൾ രൂപീകരിക്കലാണ് അടുത്ത പടി.

ജീവരക്ഷാ ഉപാധികളുടെ സഹായത്തോടെ മാത്രം ജീവിതം നീട്ടികൊണ്ട് പോകുന്ന നിർജീവ അവസ്ഥകളിൽ (Vegetative states) പണ്ട് കവി പാടിയത് പോലെ

“വിട തരൂ മതി പോകട്ടെ ഞാനുമെന്‍

നടന വിദ്യയും മൂക സംഗീതവും”എന്ന് തീരുമാനമെടുക്കാനുള്ള അവകാശവും ആത്മാഭിമാനത്തോടെ, അന്തസോടെ മരിക്കാനുള്ള അവകാശവും ഉയർന്ന മാനുഷിക മൂല്യങ്ങൾക്ക് ചേർന്നതാണ് എന്ന രീതിയിലുളള നിഗമനങ്ങളാണ് കോടതിയുടെത്.

ഏതായാലും ഈ വിഷയത്തിൽ തുടർ ചർച്ചകളും ഭിന്നാഭിപ്രായങ്ങളും സ്വാഭാവികമായും പ്രതീക്ഷിക്കാം.

ലേഖകർ
Dr. Anjit.U. MBBS from Academy of Medical Sciences 2000, MD Pathology from Government Medical College, Thiruvananthapuram in 2007. Worked in various private Medical colleges before joining Govt.Medical College Manjeri in 2014 under Medical education Department . Specially interested in public health, propelling scientific culture. Member of editorial board of Kerala wing of Indian Medical Association health magazine 'Nammude Arogyam'.
Dr. Jinesh P.S. Completed MBBS and MD in Forensic Medicine from Govt Medical College, Kottayam. He has worked in Dept. of Forensic at Govt Medical College, Kottayam as Lecturer and at Community Health Center Kumarakom and Edayazham as Medical Officer. He is interested in spreading of scientific temper, health awareness.
ചിത്രകാരൻ
Design Co-ordinator, Infoclinic.

മികച്ച വർഗ്ഗങ്ങൾ

എല്ലാ വർഗ്ഗങ്ങളും
പൊതുജനാരോഗ്യം

284 ലേഖനങ്ങൾ

Current Affairs

240 ലേഖനങ്ങൾ

കോവിഡ്-19

236 ലേഖനങ്ങൾ

ആരോഗ്യ അവബോധം

115 ലേഖനങ്ങൾ

സുരക്ഷ

64 ലേഖനങ്ങൾ

ശിശുപരിപാലനം

59 ലേഖനങ്ങൾ

കിംവദന്തികൾ

53 ലേഖനങ്ങൾ

Infectious Diseases

52 ലേഖനങ്ങൾ

Medicine

45 ലേഖനങ്ങൾ