· 5 മിനിറ്റ് വായന

സ്പന്ദിക്കുന്ന അസ്ഥിമാടങ്ങൾ

Current AffairsForensic Medicine

1661, സ്ഥലം ബ്രിട്ടനിലെ വെസ്റ്റ്മിൻസ്റ്റർ ആബി.

ഒരു രാജ്യദ്രോഹിയുടെ ശവശരീരം കുഴിച്ചെടുക്കുന്നത് കാണാൻ ആവേശത്തോടെ കൂടിയിരിക്കുകയാണ് ജനം. രാജാധികാരത്തിൽ നിന്നും ഇംഗ്ലണ്ടിനെ മോചിപ്പിച്ച് ഒരു കോമൺവെൽത്ത് രൂപീകരിച്ച ഒലിവർ ക്രോംവെൽ 1658-ൽ മരിച്ചതിനുശേഷം അന്ത്യവിശ്രമം കൊണ്ടത് വെസ്റ്റ്മിൻസ്റ്റർ ആബിയിലായിരുന്നു. രാജാവ് അധികാരം തിരികെ പിടിക്കുകയും വീണ്ടും രാജഭരണം സ്ഥാപിക്കുകയും ചെയ്തതോടെ ആ രാജ്യദ്രോഹിയെ മരണശേഷം ശിക്ഷിക്കണമെന്ന് തീരുമാനിക്കപ്പെട്ടു. സംസ്കരിക്കപ്പെട്ട ഒലിവർ ക്രോംവെലിന്റെ മൃതദേഹം മൂന്നു വർഷങ്ങൾക്കുശേഷം കുഴിമാടം തുറന്ന് പുറത്തെടുക്കപ്പെട്ടു. ആളുകൾക്ക് നന്നായി കാണാവുന്ന വിധത്തിൽ ലണ്ടൻ നഗരത്തിലെ കഴുമരങ്ങളിൽ ഒന്നിൽ അദ്ദേഹത്തിൻറെ മൃതദേഹം ചങ്ങലയിൽ തൂങ്ങിയാടി. തുടർന്ന് തല വെട്ടിമാറ്റി ഒരു കോലിൽ കുത്തി 1685 വരെ വെസ്റ്റ്മിൻസ്റ്റർ ഹാളിന്റെ പുറത്ത് പ്രദർശിപ്പിച്ചു. 1960 കേബ്രിഡ്ജിലെ സിഡ്നി സസെക്സ് കോളേജിൻറെ ഭൂമിയിൽ അടക്കം ചെയ്യുന്നതുവരെ, നീണ്ട മുന്നൂറു വർഷങ്ങൾ ആ തല പലരും കൈവശം വയ്ക്കുകയും വിൽക്കുകയും വാങ്ങുകയും ചെയ്തു.

പതിനായിരക്കണക്കിന് വർഷങ്ങളായി ശവശരീരം മറവുചെയ്യുന്ന സ്വഭാവമുള്ള ജീവിയാണ് മനുഷ്യൻ. ചിമ്പാൻസികൾ, ആനകൾ, കാട്ടുനായ്ക്കൾ എന്നിവയ്ക്കിടയിലും ഏറിയും കുറഞ്ഞും ശവശരീരം മറവ് ചെയ്യുന്ന രീതി കണ്ടുവരാറുണ്ട്. വിവിധ മാനവസംസ്കാരങ്ങളിൽ ശവശരീരം ദഹിപ്പിച്ചു കളയുന്ന രീതിയും നിലവിലുണ്ടെങ്കിലും മിക്കവാറും സമൂഹങ്ങളിൽ ശവശരീരം മണ്ണിനടിയിൽ മറവ് ചെയ്യുന്ന രീതിയാണ് നിലവിലുള്ളത്. ഇത് കുഴിച്ച് പുറത്തെടുക്കുന്നത് ശവ ശരീരത്തോടുള്ള അനാദരവായി കണക്കാക്കുന്നതും മിക്ക സമൂഹങ്ങളിലും സാധാരണമാണ്.

എന്നാൽ പല സന്ദർഭങ്ങളിലും നാം ശവശരീരം മണ്ണു നീക്കി പുറത്തെടുത്തിട്ടുണ്ട്. പ്രദർശിപ്പിച്ചിട്ടുമുണ്ട്. ഈജിപ്തിലെ മമ്മികളും മറ്റും ഉദാഹരണം. എന്നാൽ ഇന്നും നിയമത്തിൻറെ നിർവഹണത്തിന് പലപ്പോഴും മറവ് ചെയ്ത ശരീരം പുറത്തെടുത്ത് പരിശോധിക്കേണ്ടതായി വരാറുണ്ട്. നിലവിൽ ചർച്ച ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്ന മരണങ്ങൾ ഒരു ഉദാഹരണമാണ്. ഇത്തരത്തിൽ ഒരിക്കൽ മറവുചെയ്യപ്പെട്ട ശരീരം പുറത്തെടുത്ത് പരിശോധിക്കുന്നതിനെയാണ് എക്സുമേഷൻ (exhumation) എന്ന് പറയുന്നത്. ഇന്ത്യയിൽ നിലവിലുള്ള നിയമപ്രകാരം ശവം മറവ് ചെയ്ത് എത്ര വർഷം കഴിഞ്ഞാലും ശരീരം പുറത്തെടുത്ത് പരിശോധന നടത്താം.

ചില അസാധാരണ സാഹചര്യങ്ങളിലാണ് ഇങ്ങനെയൊരു നടപടി വേണ്ടിവരാറ്. സ്വാഭാവിക മരണമാണ് എന്ന ധാരണയിൽ മറവ് ചെയ്യപ്പെട്ട ശേഷം കൊലപാതകമാകാൻ സാധ്യതയുണ്ട് എന്ന് സംശയിക്കപ്പെടുന്ന സാഹചര്യത്തിൽ, മറവ് ചെയ്യപ്പെട്ട ശരീരം ആരുടേത് എന്ന് തിരിച്ചറിയാൻ വേണ്ടി, മുൻപ് ചെയ്ത ഒരു പോസ്റ്റ്മോർട്ടം തൃപ്തികരമല്ല എന്ന് തോന്നിയാൽ, ഈ സാഹചര്യങ്ങളിലൊക്കെ നിയമപ്രകാരം മറവ് ചെയ്ത ശരീരം പുറത്തെടുക്കേണ്ടിവരും ഒരു കുറ്റകൃത്യം മറച്ചുവയ്ക്കാൻ വേണ്ടി ശരീരം മറവ് ചെയ്ത സാഹചര്യം (ഉദാ: ക്രിമിനൽ അബോർഷന് ശേഷം), കൊലപാതക ശേഷം ശരീരം ഒളിപ്പിക്കാൻ വേണ്ടി മറവ് ചെയ്ത സാഹചര്യം എന്നിവയിലും ശവശരീരം പുറത്തെടുക്കേണ്ടിവരും.

എക്സിക്യൂട്ടീവ് മജിസ്ട്രേറ്റ് ആണ് എക്സുമേഷന് ഉത്തരവ് നൽകേണ്ടത്. ജില്ലാ കളക്ടർ, ഡെപ്യൂട്ടി കളക്ടർ, ആർ ഡി ഒ, തഹസിൽദാർ ഇങ്ങനെ ആരെങ്കിലും ആണ് അത് ചെയ്യേണ്ടത്.

എക്സിക്യൂട്ടീവ് മജിസ്ട്രേറ്റ്, പോലീസ് ഉദ്യോഗസ്ഥർ, പോസ്റ്റ്മോർട്ടം പരിശോധന നടത്തുന്ന ഡോക്ടർ എന്നിവരുടെ സാന്നിധ്യത്തിലാണ് ശരീരം പുറത്ത് എടുക്കേണ്ടത്. മരിച്ച വ്യക്തിയെക്കുറിച്ചും ശരീരം മറവ് ചെയ്ത സ്ഥലത്തെക്കുറിച്ചും അറിവുള്ള ബന്ധുക്കളുടെയോ സുഹൃത്തുക്കളുടെയോ സാന്നിധ്യം ഉപകാരപ്രദമാണ്. ആരംഭംമുതൽ ഓരോ ഘട്ടങ്ങളിലും ഫോട്ടോ എടുത്തു വയ്ക്കണം. പകൽവെളിച്ചത്തിൽ മാത്രമേ എക്സുമേഷൻ നടത്താൻ പാടുള്ളൂ. രാവിലെ ആരംഭിച്ച് ഉച്ചസമയത്തിന് തീർക്കുന്നതാണ് ഏറ്റവും ഉചിതം. അന്തരീക്ഷ താപനില വർദ്ധിക്കുമ്പോൾ ജീർണ്ണിക്കൽ പ്രക്രിയ വേഗത്തിലാവും എന്നതാണ് കാരണം.

ഘട്ടംഘട്ടമായി മണ്ണ് മാറ്റുകയും ശരീരം ശ്രദ്ധയോടെ പുറത്തെടുക്കുകയും ചെയ്യുന്നു. പുറത്തെടുത്ത ശേഷം സാധാരണ പോസ്റ്റ്മോർട്ടം പരിശോധനയിൽ ചെയ്യുന്ന കാര്യങ്ങൾ എല്ലാം ചെയ്യണം. മണ്ണിൽ കുഴിച്ചിട്ടിരിക്കുന്ന ശരീരമാണെങ്കിൽ രാസ പരിശോധനക്കായി പല ഭാഗങ്ങളിൽനിന്നുള്ള മണ്ണും ശേഖരിക്കേണ്ടതുണ്ട്.

ഇങ്ങനെ പുറത്തെടുത്ത ശരീരത്തിൽ നിന്നും പ്രാധാന്യമുള്ള പല കാര്യങ്ങളും കണ്ടുപിടിക്കാൻ സാധിക്കും. പക്ഷേ അതൊരു വലിയ വെല്ലുവിളിയുമാണ്.

സൂക്ഷ്മജീവികളുടെ, പ്രധാനമായും ബാക്ടീരിയകളുടെ പ്രവർത്തനം കൊണ്ട് മൃതദേഹം ജീർണ്ണിക്കാനാരംഭിക്കുന്നു. ശരീരത്തിലെ കലകളും കോശങ്ങളും അവയിലെ അന്നജവും കൊഴുപ്പും മാംസ്യവും മറ്റും ശിഥിലീകരിക്കുകയും ചെയ്യുന്നു. ഹൈഡ്രജൻ സൾഫൈഡ്, സൾഫർ ഡയോക്‌സൈഡ്, അമോണിയ, മീഥേൻ തുടങ്ങിയ വാതകങ്ങൾ ശരീരത്തിൽ ഉണ്ടാവുന്നു. വയറ്, വൃഷണസഞ്ചി എന്നിവ വീർക്കുകയും മുഖം ചീർക്കുകയും നാക്ക് പുറത്തേക്കുതള്ളുകയും ചെയ്യുന്നു. കൂടാതെ അഴുകുന്നതിന്റെ അസുഖകരമായ ഗന്ധവും ഉണ്ടാകാം.

മരണത്തിന് 24 മണിക്കൂറിന് ശേഷം ശരീരത്തിലെ ചർമ്മത്തിൽ അവിടിവിടെയായി കുമിളകൾ രൂപപ്പെടുകയും ചര്‍മ്മം ഇളകുകയും കൈപ്പത്തിയിലെയും പാദത്തിലെയും കട്ടിയുള്ള ചർമ്മഭാഗം വരെ ഇളകുകയും ചെയ്യും. 72 മണിക്കൂർ കഴിയുന്നതോടെ തലമുടി തലയിൽ നിന്നും വിട്ടുപോകാൻ തുടങ്ങും.

കൂടാതെ ശരീരത്തിന്റെ നിറം മാറാൻ തുടങ്ങുകയും ചെയ്യും. അടിവയറിൽ ആരംഭിച്ച് മറ്റു ഭാഗങ്ങളിലേക്ക് പച്ചനിറം വ്യാപിക്കുന്നു. അതുപിന്നീട് പച്ച കലർന്ന കറുപ്പാകുകയും ചെയ്യും.

രക്തക്കുഴലുകളിലൂടെ സഞ്ചരിക്കുന്ന ബാക്ടീരിയകൾ സൃഷ്ടിക്കുന്ന ഹൈഡ്രജൻ സൾഫൈഡ് ഹീമോഗ്ലോബിൻ രൂപാന്തരം പ്രാപിച്ചുണ്ടായ Methemoglobin-നുമായി കൂടിച്ചേർന്ന് Sulphmethemoglobin ഉണ്ടാവുന്നു. ബ്രാഞ്ചുകളായി പിരിയുന്ന രക്തക്കുഴലുകളിൽ പച്ച നിറത്തിലുള്ള ഈ സംയുക്തം ഉള്ളതിനാൽ കാഴ്ചയിൽ മാർബിൾ പോലെ തോന്നിക്കുന്നു. മരണത്തിന് 36 മണിക്കൂർ ശേഷമേ മാർബ്ലിംഗ് ഉണ്ടാവുകയുള്ളൂ.

ഇതോടൊപ്പം തന്നെ ആന്തരാവയവങ്ങളും ജീർണ്ണിക്കും. പുരുഷന്മാരിൽ പ്രൊസ്റ്റേറ്റ് ഗ്രന്ഥിയും (Prostate gland) സ്ത്രീകളിൽ ഗര്‍ഭപാത്രവുമാണ് (Uterus) ഏറ്റവും അവസാനം അഴുകുന്ന ആന്തരാവയവങ്ങൾ. 12 മണിക്കൂറിന് ശേഷം ശ്വാസനാളിയുടെയും (Larynx and trachea) മഹാധമനിയുടെയും (Aorta) ഉൾവശം പിങ്ക് കലർന്ന ചുവപ്പുനിറമാകുന്നു. രണ്ട് ദിവസം കൊണ്ട് പ്ലീഹ (Spleen) കുഴമ്പുരൂപത്തിലാകാം. മരണത്തിന് 36 മണിക്കൂറിന് ശേഷം കരൾ (Liver) മൃദുവാകുകയും ശേഷം തേനീച്ചക്കൂട് (Honey-comb appearance) പോലെ ആവുകയും ചെയ്യും. ശ്വാസകോശം (Lungs) കുറച്ചുദിവസങ്ങൾ കൊണ്ട് ജീർണ്ണിച്ചു ചുരുങ്ങി ഒരു കറുത്ത പിണ്ഡമായി മാറും. തലച്ചോർ 3 മുതൽ 5 ദിവസം കൊണ്ട് പച്ച കലർന്ന നരച്ച നിറത്തിലുള്ള ദ്രാവക രൂപത്തിലാവും. ഹൃദയം, വൃക്ക തുടങ്ങി ആന്തരാവയവങ്ങൾ എല്ലാം മൃദുവാകുകയും ജീർണ്ണിക്കുകയും ചെയ്യുന്നു. എന്നാൽ മൂത്രസഞ്ചി താരതമ്യേന സാവകാശം മാത്രമേ അഴുകുകയുള്ളൂ. ഇങ്ങനെ എല്ലാ അവയവങ്ങളും കുറച്ച് ദിവസങ്ങൾ കൊണ്ടുതന്നെ ജീർണിച്ച് പോകുന്നു. കുറച്ചു മാസങ്ങൾ കൊണ്ട് എല്ലുകളും പല്ലുകളും പോലും ദ്രവിച്ചു തുടങ്ങും.

ശരീരം അസ്ഥികൾ മാത്രമായി മാറാൻ ഏതാണ്ട് ഒരു വർഷം വേണമെന്നാണ് മതിപ്പ്. ഈ എല്ലുകളും പല്ലുകളും മൂന്ന് മുതൽ പത്ത് വർഷം വരെയുള്ള കാലയളവിൽ ദ്രവിക്കും. എന്നാൽ ചില സാഹചര്യങ്ങളിൽ സമയ വ്യത്യാസം ഉണ്ടാവാം.

അന്തരീക്ഷ താപനില, അന്തരീക്ഷത്തിലെ ഈർപ്പം, മൃതശരീരത്തിലെ വസ്ത്രം, ശരീരത്തിലെ കൊഴുപ്പിന്റെ അളവ്, മരണ കാരണം, ശരീരം സ്ഥിതിചെയ്യുന്നത് കരയിലോ വെള്ളത്തിലോ ശരീരം പെട്ടിയിൽ അടക്കിയോ എന്നിങ്ങനെ നിരവധി ഘടകങ്ങള്‍ ശരീരത്തിന്റെ ജീർണ്ണിക്കലിനെ ബാധിക്കുന്നു. വായു സഞ്ചാരം ഉള്ള സ്ഥലത്തായിരിക്കും ഏറ്റവും വേഗതയിൽ ഇത് സംഭവിക്കുക, അതിന്റെ ഇരട്ടി സമയം കൊണ്ടേ വെള്ളത്തിൽ മുങ്ങിക്കിടക്കുന്ന ശരീരത്തിൽ അതേ വ്യത്യാസങ്ങൾ ഉണ്ടാവൂ, ആഴത്തിൽ കുഴിച്ചിടുന്ന ശരീരങ്ങളിൽ എട്ട് മടങ്ങ് സമയവും വേണം അതേ വ്യത്യാസങ്ങൾ ഉണ്ടാവാൻ. തണുത്ത കാലാവസ്ഥയിൽ ഈ വിവരിച്ചിരിക്കുന്ന ജീർണ്ണിക്കൽ പ്രക്രിയ എല്ലാം മന്ദഗതിയിലാവും.

ഈ അഴുകൽ പ്രക്രിയയാണ് ഇത്തരം പരിശോധനകളിൽ വെല്ലുവിളി സൃഷ്ടിക്കുന്നത്.

ചില അപൂർവ്വ സാഹചര്യങ്ങളിൽ ശവശരീരത്തിൽ സ്വാഭാവികമായി സംഭവിക്കുന്ന മമ്മിഫിക്കേഷൻ, അഡിപോസിർ ഫോർമേഷൻ എന്നീ പ്രക്രിയകൾ നടന്നിട്ടുണ്ടെങ്കിൽ മാത്രം എക്സുമേഷൻ പരിശോധന മുൻപ് പറഞ്ഞതിനേക്കാൾ കൂടുതൽ വിവരങ്ങൾ നൽകും. ഈജിപ്ഷ്യൻ മമ്മികളെക്കുറിച്ച് വായിക്കാത്തവർ ഉണ്ടാവില്ലല്ലോ. താപനില, വരണ്ട കാലാവസ്ഥ, ചില രാസമാറ്റങ്ങൾ എന്നിവമൂലം അഴുകൽ പ്രക്രിയ തടസ്സപ്പെടുകയാണ് ഈ സാഹചര്യങ്ങളിൽ ഉണ്ടാകുന്നത്. ഇങ്ങനെ സംഭവിച്ചിട്ടുണ്ടെങ്കിൽ വളരെയധികം വിവരങ്ങൾ പുറത്തെടുക്കുന്ന മൃതദേഹ പരിശോധന നടത്തുന്നതിലൂടെ ലഭിക്കും.

വളരെ വർഷങ്ങൾക്കു ശേഷമാണ് എക്സുമേഷൻ നടത്തുന്നത് എങ്കിൽ മിക്കവാറും എല്ലുകൾ മാത്രമേ കിട്ടുകയുള്ളൂ. അവയുടെ പരിശോധന വളരെ ശ്രദ്ധാപൂർവ്വം ചെയ്യേണ്ടതുണ്ട്.

ശേഖരിക്കുന്ന എല്ലുകൾ എല്ലാം പരിശോധനയ്ക്ക് വിധേയമാക്കണം. എല്ലുകളിൽ പറ്റിപ്പിടിച്ചിരിക്കുന്ന മണ്ണും ചെളിയും മാറ്റിയ ശേഷം വിശദമായ പരിശോധന ആരംഭിക്കും.

ലഭിച്ച എല്ലുകൾ മനുഷ്യൻറേതാണോ മറ്റേതെങ്കിലും ജീവികളുടെ ആണോ എന്ന് തുടക്കത്തിൽ തന്നെ പരിശോധിക്കണം. ചിലപ്പോൾ കുഴിച്ചെടുക്കുമ്പോൾ മനുഷ്യരുടെയും മൃഗങ്ങളുടെയും എല്ലുകൾ കലർന്ന് ലഭിക്കാറുണ്ട്. അങ്ങനെയുള്ള സാഹചര്യങ്ങളിൽ മനുഷ്യരുടെ എല്ലുകൾ വേർതിരിക്കണം. കുറച്ചു വർഷങ്ങൾക്ക് മുൻപ് കെട്ടിട നിർമ്മാണത്തിനായി ഒരു സ്ഥലം കുഴിച്ചപ്പോൾ ഒരു തലയോട്ടി ലഭിച്ചിരുന്നു, പ്ലാസ്റ്റർ ഓഫ് പാരീസ് കൊണ്ട് നിർമ്മിച്ച തലയോട്ടി. ഇങ്ങനെയും സംഭവിക്കാൻ സാധ്യതയുണ്ട്.

ഒന്നിൽ കൂടുതൽ ആൾക്കാരുടെ അസ്ഥികൾ ഉണ്ടോ എന്ന് പരിശോധിക്കുന്നു. അങ്ങനെ ഉണ്ടെങ്കിൽ അവയും വേർതിരിക്കുന്നു. ഇതൊട്ടും എളുപ്പമുള്ള ഒരു ജോലിയല്ല.

വേർതിരിച്ചെടുത്ത എല്ലുകൾ പുരുഷൻറെ ആണോ സ്ത്രീയുടെ ആണോ എന്ന് വിലയിരുത്തുന്നു. തലയോട്ടി, കീഴ്ത്താടി, ഇടുപ്പെല്ല് തുടങ്ങിയവയിൽ നിന്നും വ്യക്തമായ സൂചനകൾ ലഭിക്കും.

എല്ലുകളിൽ നിന്നും പ്രായവും പൊക്കവും കണ്ടുപിടിക്കുകയാണ് അടുത്തപടി. പല്ലുകളിൽ നിന്നും എല്ലുകളിൽ നിന്നും ഇവ കണ്ടുപിടിക്കാം.

ഇങ്ങനെ ലഭിക്കുന്ന വിവരങ്ങൾ ആളെ തിരിച്ചറിയുന്നതിനായി ഉപയോഗിക്കുന്നു. ചിലപ്പോഴൊക്കെ എല്ലുകളിലെ ഒടിവുകളും സർജറി ചെയ്ത അടയാളങ്ങളും തിരിച്ചറിയാൻ വളരെയധികം സഹായിക്കാറുണ്ട്‌. കൂടാതെ ഡിഎൻഎ അനാലിസിസ് നടത്താനായി സാമ്പിളുകളും ശേഖരിക്കണം.

മരണ ശേഷം എത്ര കാലമായി എന്ന് കണ്ടുപിടിക്കുക വളരെ പ്രധാനമാണ്. അഴുകൽ പ്രക്രിയ എത്രത്തോളമുണ്ട് എന്ന് വിലയിരുത്തിയാണ് ഇത് ചെയ്യുക.

വിശദമായ പരിശോധനയിലൂടെ മരണകാരണം കണ്ടെത്താൻ ശ്രമിക്കുന്നു. ഇത് അത്ര എളുപ്പമുള്ള കാര്യമല്ല. വളരെ കാലത്തിന് ശേഷമാണ് പരിശോധന നടക്കുന്നത് എങ്കിൽ സ്വാഭാവിക അസുഖങ്ങൾ മൂലമുള്ള മരണങ്ങൾ മിക്കവാറും കണ്ടുപിടിക്കാൻ സാധിക്കില്ല. വെടിയുണ്ട ശരീരത്തിലേറ്റുള്ള മരണം ആണെങ്കിൽ കണ്ടുപിടിക്കാൻ സാധിക്കും. അതുപോലെ എല്ലുകളിൽ എന്തെങ്കിലും ആയുധങ്ങൾ കൊണ്ടുള്ള പരിക്കേറ്റിട്ടുണ്ടെങ്കിൽ അതും കണ്ടുപിടിക്കാൻ സാധിച്ചേക്കും. വിഷം ഉള്ളിൽ ചെന്ന് ഉള്ള മരണം ആണെങ്കിൽ എല്ലുകൾ രാസപരിശോധന നടത്തുന്നതിലൂടെ വിഷത്തിൻറെ സാന്നിധ്യം കണ്ടുപിടിക്കാൻ സാധിച്ചേക്കാം. എല്ലാ വിഷപദാർത്ഥങ്ങളും ഇങ്ങനെ കണ്ടുപിടിക്കാൻ സാധിക്കില്ല. ആഴ്സനിക് പോലുള്ള ഹെവി മെറ്റലുകൾ കണ്ടുപിടിക്കാൻ സാധ്യത ഉണ്ട്. വർഷങ്ങൾ കഴിഞ്ഞ് നടക്കുന്ന പരിശോധനയിൽ സയനൈഡ്, ഒതളങ്ങ തുടങ്ങിയ വിഷങ്ങൾ കണ്ടുപിടിക്കുക എന്നത് പ്രായോഗികമായി ഒട്ടും എളുപ്പമല്ല.

പൊതുവേ ഇത്രയും കാര്യങ്ങളാണ് മൃതശരീരം കുഴിച്ചെടുത്ത് പരിശോധിക്കുമ്പോൾ ചെയ്യേണ്ടി വരിക.

കാലതാമസം ഉണ്ടാകും തോറും വിവരങ്ങൾ ലഭിക്കാനുള്ള സാധ്യത കുറഞ്ഞു കൊണ്ടിരിക്കുന്നു. ചുരുക്കത്തിൽ ശരീരം പുറത്തെടുത്ത് പരിശോധന നടത്താൻ എത്രകാലം വൈകുന്നുവോ, പരിശോധനയിലൂടെ മരണകാരണം അടക്കമുള്ള വിവരങ്ങൾ കണ്ടുപിടിക്കാനുള്ള സാധ്യതയും അത്രത്തോളം കുറയുന്നു.

ലേഖകർ
Dr. Jinesh P.S. Completed MBBS and MD in Forensic Medicine from Govt Medical College, Kottayam. He has worked in Dept. of Forensic at Govt Medical College, Kottayam as Lecturer and at Community Health Center Kumarakom and Edayazham as Medical Officer. He is interested in spreading of scientific temper, health awareness.
ചിത്രകാരൻ
Design Co-ordinator, Infoclinic.

മികച്ച വർഗ്ഗങ്ങൾ

എല്ലാ വർഗ്ഗങ്ങളും
പൊതുജനാരോഗ്യം

284 ലേഖനങ്ങൾ

Current Affairs

240 ലേഖനങ്ങൾ

കോവിഡ്-19

236 ലേഖനങ്ങൾ

ആരോഗ്യ അവബോധം

115 ലേഖനങ്ങൾ

സുരക്ഷ

64 ലേഖനങ്ങൾ

ശിശുപരിപാലനം

59 ലേഖനങ്ങൾ

കിംവദന്തികൾ

53 ലേഖനങ്ങൾ

Infectious Diseases

52 ലേഖനങ്ങൾ

Medicine

45 ലേഖനങ്ങൾ