മായാമോഹന സ്കാനിങ്
വാട്ട്സാപ് ഗ്രൂപ്പുകളിൽ നിറഞ്ഞ സദസിൽ പ്രദർശനം തുടരുന്ന, “എം.ആർ.ഐ സ്കാൻ ഒരു തട്ടിപ്പ്” എന്ന വീഡിയോയുടെ ശില്പികൾ അണിയിച്ചൊരുക്കിയ “ഇത് അങ്ങനെയാണെങ്കിൽ അത് ഇങ്ങനെയാണ്” വാട്ട്സാപ്പിൽ പ്രദർശനമാരംഭിച്ചു.കൺഫ്യൂഷൻ കോമഡി വിഭാഗത്തിൽ പെടുന്ന ഈ ചിത്രം ഇതിനോടകം തന്നെ പ്രേക്ഷകമനസുകൾ “സ്കാൻ ചെയ്ത്” മുന്നേറുന്നു.
ഇല്ല..ഫ്ലാറ്റ് മാറി കയറിയിട്ടില്ല.ഇൻഫോ ക്ലിനിക് തന്നെ.അല്പസ്വല്പം മെഡിക്കൽ വിവരമുള്ളവർക്ക് ഒരു കോമഡി സിനിമയും അല്ലാത്തവർക്ക് ആശയക്കുഴപ്പവുമുണ്ടാക്കി മോഡേൺ മെഡിസിനിൽ അവിശ്വാസം ജനിപ്പിക്കാൻ കാരണമാവുന്ന വീഡിയോയെക്കുറിച്ചായതുകൊണ്ട് ഇങ്ങനെ തുടങ്ങിയെന്നേയുള്ളൂ.
തിരശീല ഉയരുമ്പോൾ രംഗത്ത് ജനപ്രിയ (ഞാൻ എന്നെത്തന്നെ വിളിക്കുന്നത് അങ്ങനെയാണ്) വൈദ്യരും “മനുഷ്യശരീരത്തിൽ എന്തൊക്കെ തകരാറുകൾ ഉണ്ടെന്ന് കണ്ടുപിടിക്കുന്ന മെഷീനുകൾ”സപ്ലൈ ചെയ്യുന്ന അജ്ഞാതനും.തുടർന്ന് നടക്കുന്ന പത്തുമിനിറ്റ് ചോദ്യോത്തര പംക്തിയിലെ പമ്പരവിഡ്ഢിത്തമെന്ന് വിളിക്കാവുന്ന തെറ്റുകൾ തുറന്നുകാട്ടുകയാണിവിടെ.അജ്ഞാത സുഹൃത്ത് വാ തുറന്ന് മിനിറ്റ് ഒന്ന് തികയുന്നതിനു മുൻപ് തന്നെ ആദ്യ ഭൂലോക അബദ്ധം പിണഞ്ഞു കഴിഞ്ഞു.
സ്കാനിംഗ് മെഷീനില്‍ ഇ.സി.ജി യെ ഒക്കെ പെടുത്തിയ കാവ്യഭാവനേ നിനക്കഭിനന്ദനം…”വാചകമടിച്ച് ഡോക്ടര്‍മാരെ വീഴ്ത്തി” താന്‍ വിൽക്കുന്നെന്ന് പറയുന്നവ എന്താണെന്നുള്ള വിവരം പോലും ഇദ്ദേഹത്തിനില്ലെന്ന് അവിടെ മനസിലാക്കാം. ശരീരം കീറി മുറിക്കാതെതന്നെ ശരീരത്തിനുള്ളിലെ അവയവങ്ങളുടെ ആകാരത്തെക്കുരിച്ചും, പ്രവര്‍ത്തനത്തെക്കുറിച്ചും, അതിലുണ്ടാവുന്ന വ്യതിയാനങ്ങളെക്കുറിച്ചും ധാരണകള്‍ പകര്‍ന്നു തരാൻ കഴിയുന്ന ഉപാധികളാണ് വിവിധങ്ങളായ ഇമേജിങ്ങ് ടെക്നിക്കുകൾ.
എക്സ്-റേയും വിവിധ സ്കാനുകളുമാണ്(അൾട്രാ സൗണ്ട്,സി.ടി സ്കാൻ, എം.ആർ.ഐ സ്കാനുകൾ, PET സ്കാനുകൾ) ഇമേജിങ്ങ് ടെക്നിക്കുകളിൽപ്പെടുന്നത്. ജനപ്രിയൻ ആൻഡ് ടീം പറഞ്ഞുവന്നപ്പോൾ പാവം ഇ.സി.ജി – ഹൃദയത്തിന്റെ വിദ്യുത് സന്ദേശങ്ങളുടെ പ്രയാണം പഠിച്ച് ഹൃദയത്തിലെ പ്രശ്നങ്ങൾ പറഞ്ഞുതരുന്ന പരിശോധന – ആവേശത്തള്ളിച്ചയിൽ സ്കാനിന്റെ കൂടെ കയറിപ്പോയി.
സ്കാനുകളെക്കുറിച്ച് കൂടുതൽ പറയുന്നതിനു മുൻപ് മറ്റ് പ്രധാന വാർത്തകളിലൂടെ ഒന്ന് കണ്ണോടിച്ചിട്ട് പോകാം,ല്ലേ?
*മെഷീൻ കൊണ്ടുനടന്ന് വിൽക്കുന്നവർ പറയുന്നതല്ലാതെ യാതൊരറിവും ഡോക്ടർമാർക്കില്ല എന്ന് അസന്നിഗ്ധമായി ടിയാൻ പറഞ്ഞുവയ്ക്കുന്നുണ്ട്.
അപ്പോൾ റേഡിയോ ഡയഗ്നോസിസ് എന്ന മെഡിക്കൽ സ്പെഷ്യൽറ്റിയിൽ നൽകുന്ന മൂന്ന് വർഷത്തെ എം.ഡി – ഡി.എൻ.ബി കോഴ്സുകൾ പഠിപ്പിക്കുന്നത് “മീൻ അവിയൽ എങ്ങനെ ഉണ്ടാക്കാം? ” അതോ ഇനി “മെഷീനില്‍ എങ്ങനെ ഫോട്ടോ നിറയ്ക്കാം” എന്നതിനെക്കുറിച്ച് ആണോ എന്ന ചോദ്യം അന്തരീക്ഷത്തിൽ ഉയരുന്നുണ്ട്. അവിടെ വരെയൊന്നും പോകേണ്ടതില്ലെങ്കിലും എക്സ്-റേ, ഇ.സി.ജി, സി.ടി സ്കാൻ, എം.ആർ.ഐ തുടങ്ങിയവയുടെ അടിസ്ഥാന പാഠങ്ങള്‍ എം.ബി.ബി.എസിൽ തന്നെ പഠിപ്പിക്കുന്നുണ്ട്.
പലവിധ സ്പെഷ്യാലിറ്റിയില്‍ പി.ജി എടുത്ത വിദഗ്ധ ഡോക്ടര്‍മാരും അവരുടെ പരിധിയില്‍ വരുന്ന അവയവങ്ങളുടെ സ്കാനിംഗ് പരിശോധനകള്‍ വിശകലനം ചെയ്യാന്‍ ഉള്ള വൈദഗ്ധ്യം നേടിയവര്‍ ആയിരിക്കും.ഉദാ:ഒരു ഹൃദ്രോഗ വിദഗ്ധന്‍ ഹൃദയത്തിന്റെ എക്കോ കാര്‍ഡിയോഗ്രാഫി,ശ്വാസകോശരോഗവിദഗ്ധന്‍ ശ്വാസനാളത്തിനുള്ളിലെ മുഴകള്‍ സ്കാന്‍ സഹായത്തോടെ ബയോപ്സി എടുക്കാന്‍ ഒക്കെ!
*ശരീരത്തെ പറ്റി ഒന്നും അറിയാത്ത ആളാണ് ലാബ് ടെക്നീഷ്യന്‍ എന്ന ഒരു പ്രസ്താവന ഇക്കൂട്ടര്‍ സംയുക്തമായി സാക്ഷ്യപ്പെടുത്തുന്നുണ്ട്, യോഗ്യതയുള്ള ലാബ് ടെക്നീഷ്യന്മാര്‍ കേട്ടോ? കേള്‍ക്കേണ്ട, നല്ല പെട കിട്ടും. കേരളത്തിലെ സര്‍വകലാശാലയില്‍ പഠിപ്പിക്കുന്ന വിവിധ ലാബ് ടെക്നീഷ്യന്‍ കോഴ്സുകളുടെ സിലബസ് ഒന്ന് വായിച്ചു നോക്കണം.അനാട്ടമി ഫിസിയോളജി ബയോക്കെമിസ്ട്രിയില്‍ തുടങ്ങി എം.ബി.ബി.എസിലും പഠിപ്പിക്കുന്ന പല വിഷയങ്ങളും 4 വര്‍ഷമെടുത്തു പഠിച്ചു പാസ് ആയിട്ടാണ് ഇവര്‍ പണി ചെയ്യാന്‍ ഇറങ്ങുന്നത്.
ഒരു പൈലറ്റ് കൂടുതല്‍ അറിയേണ്ടത് പ്ലെയിന്‍ പറത്തുന്നത് എങ്ങനെ ആണെന്നാണ്,ഒരു എയ്റോ നോട്ടിക്കല്‍ എന്‍ജിനീയര്‍ അറിയുന്നത്ര ഗഹനമായി പ്ലെയിനിന്റെ യന്ത്ര ഭാഗങ്ങളുടെ പ്രവര്‍ത്തനം അറിയേണ്ടതില്ല, തിരിച്ചു എന്‍ജിനീയര്‍ പ്ലെയിന്‍ പറപ്പിച്ചു കഴിവ് തെളിയിക്കെണ്ടതില്ല! അതായത് ഡോക്ടറും ലാബ് ടെക്നീഷ്യനും അവരവരുടെ മേഖലകളില്‍ കൂടുതലായി അറിയേണ്ട കാര്യങ്ങളില്‍ ആണ് അവരുടെ ശ്രദ്ധ പതിയേണ്ടത്.
രക്തപരിശോധനകൾക്ക് ക്ലിനിക്കൽ അറിവുകളുടെ നിര്‍ബന്ധമില്ല, അറിവുണ്ടോ ഇല്ലയോ എന്നത് അവയുടെ റിസൾട്ടിനെ മാറ്റുന്നുമില്ല. ഉദാ:ഒരു കിലോ പഞ്ചസാര തൂക്കിനോക്കാൻ പഞ്ചസാര ഉണ്ടാക്കുന്നതെങ്ങനെയെന്നറിയേണ്ടതില്ല.ത്രാസ് എങ്ങനെ ഉപയോഗിക്കണമെന്ന് അറിഞ്ഞാൽ മതി അതില്‍ വൈദഗ്ധ്യം ഉണ്ടാവുന്നതാണ് പ്രധാനം. സ്കാനുകളെടുക്കുന്ന ടെക്നീഷ്യന്മാർക്ക് മെഡിക്കൽ വിവരങ്ങൾ ഗാഢമായിഅറിയില്ലെങ്കിലും അത് വിശകലനം ചെയ്യുന്ന ഡോക്ടര്‍ക്ക് ആ വിവരം ആവോളമുണ്ടാകും.
*സ്കാന്‍ മെഷീന്‍ വില്‍ക്കുന്ന ആള്‍ പറഞ്ഞു കൊടുക്കുന്നത് വെച്ചാണ് ഡോക്ടര്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് എന്നൊക്കെ ഉള്ള തള്ളല്‍ മാരകം ആയിപ്പോയി.
സ്കാന്‍ ചെയ്യുന്ന മെഷീന്‍ പ്രവര്‍ത്തിപ്പിക്കാന്‍/പരിപാലിക്കാന്‍ ഒക്കെ ടെക്നീഷ്യന്‍ ഉണ്ടെങ്കിലും സ്കാന്‍ ഫലം വിശകലനം ചെയ്തു റിപ്പോര്‍ട്ട് ഉണ്ടാക്കുന്ന റേഡിയോളജിസ്റ്റ് ഈ വിഷയത്തില്‍ പി.ജി പഠനം നടത്തിയിട്ട് നിത്യേന ഈ തൊഴില്‍ ചെയ്യുന്ന വിദഗ്ധ ഡോക്ടര്‍ ആണ്. മറ്റൊരു പ്രധാന വസ്തുത – ഒരു ഡോക്ടറും ചികിൽസിക്കുന്നത് ടെസ്റ്റുകളെയല്ല .രോഗിയോട് ചോദിച്ചറിഞ്ഞ വിവരങ്ങളും ശാരീരിക പരിശോധന നടത്തി കണ്ടെത്തിയ കാര്യങ്ങളുമൊക്കെ അടിസ്ഥാനപ്പെടുത്തിയാണ് രോഗനിർണയവും ചികിൽസയും.അതിനെ സഹായിക്കാനുള്ള ഉപോല്‍ബലക ഉപാധി മാത്രമാണ് ലാബ്/സ്കാന്‍ പരിശോധനകൾ.
എം.ആർ.ഐ –
മാഗ്നറ്റിക് റെസൊണൻസ് ഇമേജിങ്ങെന്നുള്ളതിന്റെ ചുരുക്കപ്പേരാണ് എം.ആർ.ഐ.നമ്മുടെ ശരീരത്തിൽ ഭൂരിഭാഗം ജലമാണ്.ജലാംശത്തിലും കൊഴുപ്പിലും മറ്റുമുള്ള ഹൈഡ്രജൻ ആറ്റം കാന്തിക മണ്ഡലത്തിൽ പെടുമ്പോഴുള്ള മാറ്റവും അത് തിരികെ സാധാരണ അവസ്ഥയിലേക്ക് തിരിച്ച് പോകുമ്പോൾ പുറപ്പെടുവിക്കുന്ന ഊർജം പിടിച്ചെടുത്ത് കമ്പ്യൂട്ടറിന്റെ സഹായത്തോടെ ചിത്രം നിർമിക്കലുമാണത്…( ഹോ എന്തോന്നെടേ ഇതൊക്കെ..ഹൈഡ്രജൻ, കാന്തം, ഊർജം…അതൊന്നും വേണ്ട. കമ്പ്യൂട്ടറിൽ വച്ച ഫോട്ടോ എടുത്ത് കൊടുക്കുന്നു…അത് മതി)
ഉയർന്ന ശേഷിയുള്ള കാന്തിക മണ്ഡലം എം.ആർ.ഐ ചെയ്യാൻ ഉപയോഗിക്കുന്നതിനാൽ എം.ആർ.ഐ മെഷീൻ ഇരിക്കുന്ന മുറിയിൽ ചിലർക്ക് പ്രവേശനമില്ല. മെറ്റൽ കൊണ്ടുള്ള കൃത്രിമ അവയവങ്ങളും സ്റ്റെന്റുകളും ക്ലിപ്പുകളും ഘടിപ്പിച്ചവരും പേസ് മേക്കറുകൾ ഉപയോഗിക്കുന്നവരുമാണവർ.ഇനി സി.ടി സ്കാനിനാണെങ്കിൽ എക്സ് റേയിൽ ഉപയോഗിക്കുന്ന ഏതാണ്ട് അതേ സാങ്കേതികവിദ്യതന്നെയാണുപയോഗിക്കുന്നത്. അതുകൊണ്ടാണ് ഗർഭിണികൾക്ക് എക്സ് റേ പോലെതന്നെ സി.ടിയിലും വിലക്കുള്ളത്.
വണ്ടി അവിടെനിന്നൊക്കെ വിട്ട് ഇപ്പോൾ പോസിട്രോൺ എമിഷൻ ടോമോഗ്രാഫി എന്ന് അറിയപ്പെടുന്ന ” പെറ്റ് സ്കാനും ” സിംഗിൾ ഫോട്ടോൺ എമിഷൻ കമ്പ്യൂട്ടഡ് ടോമോഗ്രാഫിയുമൊക്കെയായി മുന്നേറിക്കൊണ്ടിരിക്കുന്നു. സി.ടി പോലും തലയിൽ കയറാത്ത വൈദ്യർക്ക് സ്പെക്റ്റിലേക്ക് വണ്ടി കിട്ടാത്തത് നമുക്ക് ക്ഷമിക്കാം.
അങ്ങനെ, വളരെ ആധികാരികമായി മണ്ടത്തരങ്ങള്‍ പ്രഖ്യാപിക്കുകയും അവയെല്ലാം തന്നെ ഐസ് കട്ടക്ക് പെയിന്റ് അടിക്കുന്ന രീതിയില്‍ ജനമനസ്സുകളില്‍ നിറം പടര്‍ത്താന്‍ ശ്രമിക്കുകയും ചെയ്ത ശേഷം എക്സ് റെ കഴിഞ്ഞാല്‍ ഏറ്റവും ജനകീയമായ ഇമേജിംഗ് ടെക്നിക് ആയ Ultrasonography അഥവാ അള്‍ട്രാ സൗണ്ട് സ്കാനിങ്ങിലേക്ക് മുഖാമുഖം പുരോഗമിക്കുകയാണ്.
അള്‍ട്രാസൌണ്ട് സ്കാനില്‍ പേര് പോലെ തന്നെ നമ്മുടെ കാതുകള്‍ക്ക് കേള്‍ക്കാന്‍ കഴിയാത്തത്ര വലിയ ഫ്രീക്വന്‍സിയുള്ള ശബ്ദവീചികള്‍ ശരീരത്തിനകത്തു കടത്തി വിട്ട്, അവ തിരിച്ച് റേഡിയോളജിസ്റ്റിന്റെ കൈയിലുള്ള ട്രാന്‍സ്ഡ്യൂസറില്‍ എത്തുന്നത് ചിത്രരൂപത്തിലേക്ക് പകര്‍ത്തുകയാണ് ചെയ്യുന്നത്.
വീഡിയോയില്‍ സംസാരിച്ച കാര്യങ്ങളിലെ തെറ്റുകള്‍ വിവരിക്കും മുന്‍പ് ചില അടിസ്ഥാന കാര്യങ്ങള്‍
വീഡിയോയിൽ പറയുന്നപോലെ കുഞ്ഞിനെ കാണാൻ മാത്രല്ലാ അൾട്രാസൗണ്ട്, എക്കോ കാർഡിയോഗ്രാഫിയും വയറിന്റെയും തൈറോയ്ഡിന്റെയും സ്കാനുമടക്കം ഒരുപിടി ഉപയോഗങ്ങൾക്ക് ഈ ശബ്ദവീചികൾ ഉപയോഗിക്കുന്നുണ്ട്.
പിന്നെ ultrasound guided biopsy, aspiration തുടങ്ങിയ ചില പ്രക്രിയകള്‍ ഉണ്ട്,അതായത് അള്‍ട്രാസൗണ്ട് മെഷീന്‍ കൊണ്ട് ബയോപ്സി എടുക്കേണ്ട ഭാഗം ഫോക്കസ് ചെയ്തു സൂചി ആ ഭാഗത്തേക്ക് കൃത്യമായി കയറ്റി സാമ്പിള്‍ എടുക്കുന്ന പരിപാടി, കൃത്യത കൂടും, പിഴവ് കുറയും.
ഇനി വീഡിയോയില്‍ ഗര്‍ഭസ്ഥശിശു വിശേഷങ്ങളിലെ തെറ്റുകള്‍ ഇവയാണ്;
*ഇദ്ദേഹം പരസ്പര വിരുദ്ധമായ കാര്യങ്ങളാണ് പറഞ്ഞു വെക്കുന്നത്. തുടക്കത്തില്‍ ഗര്‍ഭാവസ്ഥയിലെ സ്കാനില്‍ “ഏറെക്കുറെ വ്യക്തം”, “അത് നല്ല കാര്യം”, “കുട്ടിയുടെ ഭാരം, വളര്‍ച്ച എന്നിവ അറിയാന്‍ സാധിക്കും” എന്നൊക്കെ പറയുന്ന ഇദ്ദേഹം അല്പം കഴിയുമ്പോ ദോണ്ടേ പറയുന്നു ഇവയൊക്കെ പ്രീ ലോഡ് ചെയ്ത ഇമേജുകള്‍ ആണെന്ന് ?!! പ്രീ ലോഡ് ചെയ്ത ഇമേജ് നോക്കിയാല്‍ എങ്ങനെ സ്കാന്‍ ചെയ്യപ്പെടുന്ന ഗര്‍ഭിണിയുടെ കുഞ്ഞിന്റെ ഭാരവും വളര്‍ച്ചയും കിടക്കുന്ന പൊസിഷനും മനസ്സിലാകും?
*അള്‍ട്രാ സൌണ്ട് സ്കാന്‍ മെഷീന്റെ മോണിട്ടറില്‍ ചലിക്കുന്ന ദൃശ്യങ്ങള്‍ ആണ് പ്രത്യക്ഷപ്പെടുക, ശരീരഭാഗത്ത് വെക്കുന്ന ഉപകരണത്തിന്റെ സ്ഥാനം മാറുന്നതനുസരിച്ച് ദൃശ്യങ്ങളും മാറുന്നത് കാണാം, കുഞ്ഞിന്റെ ചലനവും ഹൃദയമിടിപ്പും ഒക്കെ പല ഡോക്ടര്‍മാരും അമ്മയ്ക്ക് കാണിച്ചു കൊടുക്കാറുണ്ട്. വേണ്ട പൊസിഷന്‍ എത്തുമ്പോ അവിടെ ഫ്രെയിം ഫ്രീസ് ചെയ്താണ് അത് പ്രിന്റ് ആയി എടുത്തു കൊടുക്കുന്നത്. ഇതൊക്കെ രഹസ്യമായി ചെയ്യുന്നതല്ല ചുറ്റിനും ഉള്ളവര്‍ക്ക് കാണുകയും ചെയ്യാം.നേരെ ഫോട്ടോ ആയി പ്രിന്റ് ആയി വരുന്നു എന്നൊക്കെ തട്ടി വിട്ടത് കൊണ്ട് പറഞ്ഞൂവെന്ന് മാത്രം.
* സ്കാനില്‍ മുന്‍പ് കണ്ട മുഴകളും മറ്റും പിന്നീടു ശസ്ത്രക്രിയ വഴി പുറത്തെടുത്തു ബന്ധുക്കളെ കാണിക്കുന്നുണ്ട്. ഉദാ: ഗര്‍ഭപാത്രത്തിലെ ഫൈബ്രോയിഡ് എന്ന സാധാരണ മുഴകള്‍ കണ്ടെത്താന്‍ ഉപയോഗയുക്തമാക്കുന്നത് അള്‍ട്രാ സൌണ്ട് സ്കാനിംഗ് ആണ്.ഈ മെഷീന്‍ വഴി ശരീരത്തിനുള്‍വശം കാണാന്‍ കഴിയുന്നില്ലെങ്കില്‍, ഇതെങ്ങനെയാണ് സാധിക്കുക?
*ശരീരത്തില്‍ തറച്ചു കയറുന്ന അല്ലെങ്കില്‍ ശരീരത്തിന് ഉള്ളില്‍ (വിഴുങ്ങുകയോ,അബദ്ധത്തില്‍ ശ്വാസകോശത്തിന് ഉള്ളില്‍ പോവുകയോ) കുടുങ്ങുകയോ ചെയ്യുന്ന ചില വസ്തുക്കള്‍(റേഡിയോ അതാര്യം ആണെങ്കില്‍) പലവിധ സ്കാനുകളില്‍ ദൃശ്യമാവും.മുന്‍പേ ലോഡ് ചെയ്ത ഇമേജ് ആണെങ്കില്‍ ഇത് എങ്ങനെ സാധ്യമാവും?!
*എക്സ് റെ യും ഇമ്മാതിരി മുന്‍പ് ലോഡ് ചെയ്തതാണ് എന്ന് ആരോപണം ഇല്ലല്ലോ അല്ലെ? സി ടി സ്കാന്‍ എന്നത് ഇതേ എക്സ്റേ തന്നെ ഉപയോഗിച്ചുള്ള ഒന്നാണ്. പല തലത്തില്‍ ഉള്ള വിവിധ എക്സ് റെകളുടെ സംയോജനം ആണ് അതില്‍ ഉപയോഗപ്പെടുത്തുന്നത്.
*വെറ്റിനറി ഡോക്ടര്‍മാര്‍ വരെ ഉപയോഗിക്കുന്നതാണ് USG. അവര്‍ക്ക് കിട്ടുന്ന ചിത്രങ്ങളോ?അതും മുന്‍കൂട്ടി കയറ്റി വെക്കുന്നതാണ് എന്ന് പറയുമോ? പൂച്ചപ്പെണ്ണിന്‍റെ വയറ്റിലെ കുഞ്ഞിപ്പൂച്ചകളുടെ ചിത്രം എങ്ങനെയാണ് കിട്ടുക?
* “അതാണെങ്കില്‍ ഇത്, ഇതല്ലെങ്കില്‍ അത്” എന്ന തത്വം അനുസരിച്ചാണത്രെ സ്കാന്‍ പ്രവര്‍ത്തിക്കുന്നത്. ഇതെന്തോന്നിത്..അതുതാനല്ലയോ ഇതെന്ന് തോന്നാൻ ഉല്പ്രേക്ഷയോ?
* സുഹൃത്ത് വിദേശത്ത് വെച്ച് കുട്ടി ആണോ പെണ്ണോ എന്ന് സ്കാന്‍ ചെയ്തത് തെറ്റിപ്പോയി എന്നാണു ആഘോഷിക്കപ്പെടുന്ന അടുത്ത അപരാധം.
കുട്ടി ആണോ പെണ്ണോ എന്ന് സ്കാനിലൂടെ അറിയുന്നത് ‘ലിംഗം കാണുന്നുണ്ടോ’ എന്ന് നോക്കിയാണ്.
സ്കാന്‍ മെഷീന്റെ മോണിട്ടറില്‍ ആണ്‍കുട്ടിയുടെ അവയവം കാണുന്നില്ലെങ്കില്‍, മുന്നിലുള്ള ഗര്‍ഭസ്ഥശിശു പെണ്ണാണെന്ന് മനസ്സിലാക്കും.സ്കാന്‍ ചെയ്യുന്ന സമയത്ത് കുഞ്ഞു കാല് ചേര്‍ത്ത് വെച്ചിരിക്കുകയാണെങ്കില്‍, അല്ലെങ്കില്‍ വ്യക്തമായി ലിംഗം കാണാന്‍ സാധിക്കുന്നില്ലെങ്കില്‍, ആ ഭാഗത്ത് കൂടി കടന്നു പോവുന്ന പൊക്കിള്‍ക്കൊടി തെറ്റിധാരണയ്ക്ക് ഇടയാക്കുകയാണെങ്കില്‍,അവയവത്തിനു ആവശ്യത്തിനു വളര്‍ച്ച ആയിട്ടില്ലെങ്കില്‍,എല്ലാം ഗര്‍ഭസ്ഥശിശു പെണ്ണാണ് എന്ന് റിപ്പോര്‍ട്ട് തെറ്റായി നല്കപ്പെടാം.
ഇത് സ്കാന്‍ റിപ്പോര്‍ട്ട് ചെയ്യുന്ന ഡോക്ടര്‍ക്ക് അപൂര്‍വമായി സംഭവിക്കാന്‍ ഇടയുള്ള ഒരു സാധാരണ എറര്‍ എന്നേ വിവക്ഷിക്കാന്‍ ആവൂ.
*ചെവിയില്‍ മൂളിക്കൊടുത്ത അത്യധികം ആധികാരികമായ ആ ട്രേഡ് സീക്രട്ടിലേക്ക്… ഓരോ രാജ്യത്തിലേക്കുള്ള സ്കാന്‍ മെഷീനിനും ഓരോ കോഡ് ഉണ്ടത്രേ.അത് വെച്ചാണ് ഗര്‍ഭാവസ്ഥയില്‍ കുഞ്ഞിന്റെ മുഖം രക്ഷിതാക്കള്‍ക്ക് ഇമേജ് ആയി നല്‍കുന്നത് എന്ന് തട്ടി മൂളിക്കുന്നുണ്ട്.
കോഡുകള്‍ ഒരു നരവംശത്തിന് മുഴുവനായാണ് ചേര്‍ക്കുന്നത്. അതായത് ഏഷ്യക്കാര്‍ക്ക് ഒരു കോഡ്, ആഫ്രിക്കക്കാര്‍ക്ക് ഒരു കോഡ് അങ്ങനെ.
കാരണം ഗര്‍ഭസ്ഥ ശിശുവിന്റെ വളര്‍ച്ച നിര്‍ണ്ണയിക്കുന്ന ചില അളവുകോലുകള്‍(കുട്ടികളുടെ തുടയെല്ലിന്റെ നീളം, വയറിന്‍റെ ചുറ്റളവ് തുടങ്ങിയവ) ഓരോ നരവംശത്തിനും വെവ്വേറെ ആയതിനാല്‍ ആ ഫോര്‍മുല സൌകര്യത്തിനായി സോഫ്റ്റ്‌വെയറില്‍ സ്റ്റോര്‍ ചെയ്തു വെച്ചിരിക്കുന്നത് പ്രദേശം അനുസരിച്ച് മാറുന്നു അത്ര മാത്രമേ ഉള്ളൂ ഇതിനു പിന്നില്‍.
ഏഷ്യന്‍ കുട്ടിയുടെ അളവുകള്‍ വെച്ച് ആഫ്രിക്കന്‍ കുട്ടി ഗര്‍ഭാശയത്തില്‍ വളര്‍ച്ച നേടുന്നത് അളക്കാന്‍ കഴിയില്ല.അല്ലാതെ മുന്‍കൂട്ടി മുഖത്തിന്റെ ചിത്രം കയറ്റി വെക്കാന്‍ അല്ല ഇതൊന്നും ഉപയോഗിക്കുന്നത്.
8 മാസം വരെ എല്ലാം ഒരു പോലാ,ആ അമ്മയുടെ ഉദരത്തില്‍ കിടക്കുന്ന കുട്ടിയുടെ ഫോട്ടോ അല്ല എടുത്തു കൊടുക്കുന്നത്” എന്നാണു മറ്റൊരു വാദം.
അങ്ങനെ എങ്കില്‍,
1, അണ്ഡവാഹിനിക്കുഴലില്‍ ഗര്‍ഭം ഉണ്ടാവുന്ന ട്യൂബല്‍ പ്രെഗ്നന്സി നോര്‍മല്‍ ആയി കാണിക്കില്ലേ?അപ്പോള്‍ അന്നെരത്തു സ്കാന്‍ ചെയ്യാത്ത ഗര്‍ഭിണികള്‍ അണ്ഡവാഹിനിക്കുഴല്‍ പൊട്ടി മരണാസന്നരാവുന്നത് എന്താ? നേരത്തിനു ട്യൂബല്‍ പ്രഗ്നന്സി കണ്ടെത്തുന്നവരെ രക്ഷപ്പെടുത്താനും സാധിക്കുന്നതിനൊക്കെ മെഷീന്‍ വില്‍പ്പനക്കാരനു വിശദീകരണം ഉണ്ടാവുമോ ആവോ?
2, സ്കാന്‍ ചെയ്യുന്നത് വഴി മുച്ചിറി, കൈ കാലുകള്‍ ഇല്ലാത്ത അവസ്ഥ, ആന്തരികാവയവങ്ങള്‍ക്കുള്ള സാരമായ പ്രശ്നങ്ങള്‍ തുടങ്ങിയവയൊക്കെ കണ്ടെത്താന്‍ സാധിക്കാറുണ്ട്.കുഞ്ഞ് ജനിച്ചു വീഴുമ്പോഴും ഇതൊക്കെ അവിടെത്തന്നെ കാണും?ഇതെങ്ങനെ സാധിക്കും?
3, ഇരട്ട കുട്ടികള്‍ ആണെന്ന് കണ്ടെത്തുന്നത് എങ്ങനെയാണ്? ഒന്നിലേറെ ഭ്രൂണം ഉണ്ടാകുമ്പോള്‍ ഓരോന്നും വേറെയായി സ്കാനിലൂടെ ഇമേജ് ചെയ്യുന്നത് എങ്ങനെയാണ്? അതോ ഇതൊക്കെ അങ്ങ് മനോധര്‍മ്മം അനുസരിച്ച് ഡോക്ടറോ മെഷീന്‍ തന്നെയോ ലോഡ് ചെയ്ത് കൊടുക്കയാണെന്നാണോ?
ഇന്ത്യയില്‍ ആകെപ്പാടെ ഉള്ള ആ ഫോട്ടോകള്‍ ആണ് നല്‍കുന്നതെങ്കില്‍, യാതൊന്നും കണ്ടെത്താന്‍ കഴിയാതെ ‘ലൈറ്റ്’ അടിച്ചു വിടുകയാണ്’ (അള്‍ട്രാ “സൗണ്ടില്‍” ലൈറ്റോ?! ) എങ്കില്‍ ഇത് സാധിക്കുന്നത് എങ്ങനെയാണ്?
*സംസാരത്തിലുടനീളം ഗൂഡാലോചന സിദ്ധാന്തക്കാരനും ഭീതി വ്യാപാരിയും ബോധപൂര്‍വം കേള്‍വിക്കാരിലേക്ക് കുത്തി വെക്കാന്‍ ശ്രമിക്കുന്ന ഒന്നുണ്ട്,സ്കാനിംഗ് മെഷീനുകള്‍ അതുണ്ടാക്കുന്ന കമ്പനികള്‍ക്കും ഡോക്ടര്‍മാര്‍ക്കും പത്തു പുത്തന്‍ ഉണ്ടാക്കാന്‍ വേണ്ടി രൂപീകരിച്ച ഒന്നാണ് എന്ന്.
അല്ലയോ മാന്യ ദേഹങ്ങളേ, ഇതൊക്കെ ഡോക്ടര്‍മാര്‍ക്ക് വേണ്ടി മാത്രം രൂപീകൃതമായ സാങ്കേതിക വിദ്യകള്‍ ഒന്നുമല്ല.മോഡേണ്‍ മെഡിസിന്‍ ആധുനിക ശാസ്ത്രത്തിന്റെ ഒരു ഘടകം മാത്രമാണ്.അതിന്റെ മനോഹാരിത എന്നത് അതില്‍ ഫിസിക്സും കെമിസ്ട്രിയും എന്‍ജിനീയറിങ്ങും എല്ലാം സമജ്ഞസമാണ് എന്നതാണ്.
ഈ പറഞ്ഞ വിവിധതരം മെഷീനുകള്‍ ഒക്കെ കണ്ടെത്തിയ മഹാന്മാരില്‍ ഭൂരിഭാഗവും ഡോക്ടര്‍മാര്‍ ആയിരുന്നില്ല, ഫിസിസിസ്റ്റുകള്‍ ആയിരുന്നു.
മനുഷ്യരിലും മൃഗങ്ങളിലും മാത്രമല്ല ഈ സാങ്കേതിക വിദ്യയുടെ പ്രയോഗം നടക്കുന്നത്,മറ്റു പലയിടത്തും ഉണ്ട്.
ഉദാ: എയര്‍പോര്‍ട്ട് സെക്ക്യൂരിറ്റി സ്കാനിംഗ് മെഷീനില്‍, ബോഡി സ്കാനറുകളില്‍ ഒക്കെ കത്തിയോ ബോംബോ ഒക്കെ സ്കാന്‍ ചെയ്തു കണ്ടെത്തുന്നതും സി ടി സ്കാനിലും,എം ആര്‍ ഐ സ്കാനിലും ഒക്കെ ഉപയോഗിക്കുന്നതിനു സമാനമായ സാങ്കേതിക വിദ്യയാണ്.മാന്യരേ.അവിടെ ഏതായാലും മുന്‍കൂട്ടി ശേഖരിച്ചു വെച്ച പെട്ടിയുടെയും കത്തിയുടെയും പടം ആണെന്ന് വാദം ഇല്ലല്ലോ, അല്ലേ? അങ്ങനെ സംശയം ഉള്ള വൈദ്യ ഭക്തർക്ക് നെടുമ്പാശേരി എയർപോർട്ട് വഴി കത്തി കടത്താൻ ശ്രമിച്ച് സായൂജ്യമടയാവുന്നതാണ്.
Non Destructive testing എന്ന് കേട്ടിട്ടുണ്ടോ? Industrial CT Scanning, ultrasonic testing എന്നതൊക്കെ ഇതിന്റെ പരിധിയില്‍ വരും. എക്സ് റേ,അള്‍ട്രാ സൌണ്ട് എന്നിവ ഒക്കെയുപയോഗിച്ച് വ്യാവസായിക ഉപകരണങ്ങള്‍,കാര്‍ഗോ കണ്ടയിനറുകള്‍, കോണ്ക്രീറ്റ് നിര്‍മ്മിതികള്‍,സ്റ്റീല്‍ ഫാക്ടറി മുതല്‍ വിമാന നിര്‍മ്മാണം വരെ ഉള്ള ഫാക്ടറികളിലെ യന്ത്രഭാഗങ്ങള്‍ എന്നിവ ഒക്കെ സ്കാന്‍ ചെയ്തു അവയില്‍ തകരാറുകള്‍ ഉണ്ടോ എന്ന് കണ്ടെത്താന്‍ ഉപയോഗിക്കുന്നു.
ചുരുക്കിപ്പറഞ്ഞാല്‍ വാചകമടിച്ചു ഡോക്ടര്‍മാരെ വീഴ്ത്തി കച്ചോടം നടത്തുന്ന സഹോദരന് മെഡിക്കല്‍ കാര്യങ്ങളോ സാങ്കേതിക വശങ്ങളോ വലിയ പിടുത്തം ഇല്ലെന്നത് വ്യക്തം.
വാല്‍ക്കഷ്ണം: കൂട്ടത്തില്‍, ‘കാലിന്റെ തുമ്പിലെ കുരു’വിനു വരെ സ്കാന്‍ ചെയ്യുമെന്ന് കച്ചവടക്കാരന്‍ പരിഹസിക്കുന്നത് കേട്ടു.ഏത് ആരോഗ്യപ്രശ്നത്തിന് ഏത് പരിശോധന എന്നത് ഒരു ഊഹത്തിന് ചെയ്യുന്നതല്ല.ഉദാഹരണത്തിന് പരാമര്‍ശിക്കപ്പെട്ട അരിമ്പാറക്കേസ് എടുക്കാം,
ഇപ്പറഞ്ഞ സാധനം Wart എന്നത് തന്നെ ആണോ എന്ന് ഒരു ഡോക്ടര്‍ക്ക് സംശയം തോന്നുന്ന അവസ്ഥയില്‍ ആവാം അത് ബയോപ്സി ചെയ്യുന്നത്.പരിഹസിച്ച കൂട്ടര്‍ക്ക് അറിയില്ലയെങ്കിലും അപൂര്‍വമായി കാണപ്പെടുന്ന verrucous carcinoma പോലെയുള്ള ചില ത്വക് ക്യാന്‍സറും സമാന സവിശേഷതകള്‍ കാണിക്കാം എന്നറിവുള്ള ഡോക്ടര്‍ക്ക് അത് അരിമ്പാറ ആണെന്ന് ഉറപ്പു വരുത്തി രോഗിയുടെ നന്മ ഉറപ്പു വരുത്തണം എന്ന് തോന്നല്‍ ഉണ്ടായി കാണണം.