· 4 മിനിറ്റ് വായന

പനിയോട് ചേർന്നു വരുന്ന അപസ്മാരം, കുട്ടികളിൽ (Febrile convulsions)

Pediatricsശിശുപരിപാലനം

ഒന്നര വയസ്സുകാരൻ അപ്പുവിന് രാവിലെ എഴുന്നേറ്റപ്പോൾ മുതൽ ജലദോഷവും ചെറിയ പനിയും. വൈകുന്നേരം ഡോക്ടറെ കാണിക്കണമെന്ന് കരുതിയിരിക്കുകയായിരുന്നു അവന്റെ അമ്മ. ജലദോഷപ്പനിയല്ലേ… തനിയെ മാറുന്നതാണെന്ന് ഡോക്ടർ തന്നെ മുമ്പ് പറഞ്ഞിട്ടുണ്ട്… മോനാണെങ്കിൽ വലിയ ക്ഷീണമൊന്നുമില്ല… കളിയും ചിരിയുമൊക്കെയുണ്ട്.

ഉച്ചക്ക് അൽപം ചോറ് കൊടുക്കാൻ ഒരുങ്ങിയതാണ്. പനിയുണ്ട്. പെട്ടെന്നാണ് അത് സംഭവിച്ചത്. അപ്പുവിന് എന്തോ വല്ലായ്ക… എങ്ങോട്ടെന്നില്ലാതെ തുറിച്ചു നോക്കുന്നു… കണ്ണിന്റെ കൃഷ്ണമണി മേൽപ്പോട്ട് മറിഞ്ഞു പോകുന്നു… കയ്യും കാലും ബലം പിടിച്ച് കഴുത്തും ശരീരവും വില്ലുപോലെ പുറകിലേക്ക് വളയുന്നു. കൈ ചുരുട്ടിപ്പിടിച്ചിരിക്കുന്നു… അപ്പോഴേക്കും വായിൽ നിന്നും നുരയും പതയും വന്നു തുടങ്ങി….. മോൻ മരിക്കാൻ പോവുകയാണെന്ന ഭയം മനസ്സിൽ നിറഞ്ഞു.. അവൾ പേടിച്ചു നിലവിളിച്ചു… കുഞ്ഞിനെ കിടക്കയിൽ കിടത്തി… എന്തു ചെയ്യണമെന്നറിയില്ല.. ഇപ്പോൾ കയ്യും കാലും ചുണ്ടും വിറക്കുന്നുണ്ട്…. ഇതിനിടയിൽ അറിയാതെ മലവും മൂത്രവും പോയി…

സാധാരണ ഉണ്ടാകാത്തതാണ്… മുത്തശ്ശി ഓടി വന്നു… മറ്റു പലരും… ചിലർ ഒരു താക്കോൽ കയ്യിൽ മുറുക്കി പിടിപ്പിക്കാൻ പറഞ്ഞു. ഏതോ ഒരു നെയ്യ് കയ്യിലും മൂർദ്ധാവിലും പുരട്ടാൻ മറ്റു ചിലരുടെ നിർദ്ദേശം…. അതിനിടയിൽ വിറയൽനിന്നു… അപ്പു ആകെ കുഴഞ്ഞു… മയക്കത്തിലേക്ക് വഴുതി വീണു… വിളിച്ചിട്ടും ഉണരുന്നില്ല…

അതിനിടയിൽ അപ്പുവിന്റെ അച്ഛൻ ഒരു ഓട്ടോ പിടിച്ചു വന്നു… വാരിപ്പിടിച്ച് ആശുപത്രിയിലേക്ക്… അവിടെ എത്തുമ്പോഴേക്കും അപ്പു ഉണർന്നിരുന്നു… ഒന്നും സംഭവിക്കാത്ത പോലെ… സാധാരണ പോലെ മനോഹരമായ ചിരി… അവൾക്ക് ശ്വാസം നേരെ വീണത് അപ്പോഴാണ്…എന്നാൽ കഴിഞ്ഞ 30 മിനിറ്റ് അവൾക്ക് 30 മണിക്കൂറായി അനുഭവപ്പെട്ടു… ആശ്വാസത്തോടെ വീട്ടിലേക്ക്

മടങ്ങുമ്പോൾ അപ്പുവിന്റെ അച്ഛന് ചെറുപ്പത്തിൽ ഇതുപോലെ വന്ന കാര്യം മുത്തശ്ശി പറയുന്നുണ്ടായിരുന്നു

അപ്പുവിന് അപസ്മാരമായിരുന്നു. പനിയോട് കൂടി വരുന്ന അപസ്മാരം. പല കാരണങ്ങൾ കൊണ്ടും ഇത് സംഭവിക്കാം.. മാരക രോഗങ്ങളായ മെനിഞ്ചൈറ്റിസ്, എൻസെഫലൈറ്റിസ് എന്നിവ മുതൽ വളരെ സാധാരണവും, താരതമ്യേന നിരുപദ്രവകരവുമായ ഫെബ്രൈൽ കൺവൽഷൻ വരെ…

എന്താണ് ഫെബ്രൈൽ കൺവൽഷൻ?

100 കുട്ടികളിൽ ഏകദേശം രണ്ടു മുതൽ അഞ്ചു വരെ പേർക്ക് ഇത് കാണപ്പെടുന്നു.

6 മാസം മുതൽ 6 വയസ്സ് വരെയുള്ള പ്രായക്കാരിലാണ് സാധാരണ കാണുന്നത്.

പനി തുടങ്ങി 24 മണിക്കൂറിനുള്ളിലാണ് സാധാരണ അപസ്മാരം വരുന്നത്.

ചിലപ്പോൾ അപസ്മാരം വന്നതിനു ശേഷമേ പനി ഉള്ളതായി മനസ്സിലാവുകയുള്ളൂ.

ഏതാനും നിമിഷങ്ങളേ നീണ്ടു നിൽക്കൂ. അപൂർവമായി 15 മിനിറ്റിൽ കൂടുതൽ നീണ്ടു നിൽക്കാറുണ്ട്

കൂടുതലും ജലദോഷപ്പനിയോ, മറ്റു വൈറൽ പനികളോ, കുത്തിവെപ്പിനെ തുടർന്നുള്ള പനിയോ ആകാം കാരണം. ഒരു പനിയോടനുബന്ധിച്ച് ഒന്നോ അപൂർവ്വമായി ഒന്നിലധികമോ തവണ അപസ്മാരം വരാം.

പലപ്പോഴും രക്തബന്ധമുള്ള ആർക്കെങ്കിലും ഇതുപോലെ ചെറുപ്പത്തിൽ വന്നിട്ടുണ്ടാകാം.

പനിയില്ലാതെത്തന്നെ മുമ്പ് അപസ്മാരം വന്നിട്ടുണ്ടെങ്കിലോ, കാര്യമായ developmental delay (വളർച്ചയുടെ നാഴികക്കല്ലുകൾ പൂർത്തിയാക്കാൻ പ്രയാസം) ഉണ്ടെങ്കിലോ പനിയോടു കൂടി വരുന്ന അപസ്മാരത്തെ ഫെബ്രൈൽ ഫിറ്റ്സ് ആയി കണക്കാക്കാറില്ല.

പനിയുടെ കാരണം മെനിഞ്ചൈറ്റിസ്, എൻസെഫലൈറ്റിസ് എന്നീ തലച്ചോറിനെ ബാധിക്കുന്ന ഇൻഫെക്ഷൻ ആണെങ്കിൽ ഫെബ്രൈൽ ഫിറ്റ്സ് അല്ല

മെനിഞ്ചൈറ്റിസ് എന്ന രോഗം അല്ല എന്ന് നിർണ്ണയിക്കുന്നത് വളരെ പ്രധാനമാണ്. കൂടുതലായുള്ള ശാഠ്യം (Irritability), തലയിലെ പതപ്പ് (Anterior fontanelle) ഉയർന്നു നിൽക്കുക, മലർന്നു കിടന്നു കൊണ്ട് കഴുത്ത് മടക്കുമ്പോൾ വേദന കാരണം അതിനു സാധിക്കാതിരിക്കൽ (Neck stiffness) എന്നീ ലക്ഷണങ്ങൾ രോഗനിർണ്ണയത്തെ സഹായിക്കുന്നു.

ആവശ്യമെങ്കിൽ, നട്ടെല്ലിന്റെ താഴത്തെ ഭാഗത്ത് സൂചി കുത്തി CSF (Cerebrospinal fluid) എന്ന നീരെടുത്ത് പരിശോധിക്കേണ്ടി വരും (Lumbar puncture) കാരണം, മെനിഞ്ചൈറ്റിസ് വേഗത്തിൽ കണ്ടു പിടിച്ച്‌ ചികിൽസ ആരംഭിക്കേണ്ട ഗുരുതരമായ രോഗമാണ്.

ഫെബ്രൈൽ കൺവൽഷൻ ഒരിക്കൽ വന്നാൽ വീണ്ടും പനി വരുമ്പോൾ വരാൻ സാധ്യത കൂടുതലാണ്. എന്നാൽ സാധാരണ ഗതിയിൽ സ്വഭാവ വൈകല്യങ്ങളോ, പഠന വൈകല്യങ്ങളോ, ബുദ്ധിമാന്ദ്യമോ, ശ്രദ്ധക്കുറവോ ഇതു മൂലം ഉണ്ടാകാറില്ല. മറ്റു കുട്ടികളെ അപേക്ഷിച്ച് പനി ഇല്ലാതെ അപസ്മാരം വരാനുള്ള സാധ്യത (അപസ്മാര രോഗം, epilepsy) അൽപം കൂടുതലാണ്, ഇവരിൽ.

എന്താണ് ഫെബ്രൈൽ കൺവൽഷന്റെ കാരണം?

ജനിതക പരമായ കാരണങ്ങളാണ് പ്രധാനം. ഏകദേശം പത്തോളം ജീനുകളിലുള്ള വ്യത്യാസങ്ങൾ (Mutation) ഇതിനു കാരണമാകുന്നതായി കണ്ടിട്ടുണ്ട്. അതിൽ ചിലത് കാരണം ഭാവിയിൽ അപസ്മാര രോഗം വരാനുള സാധ്യത കൂടുതലാണെന്നും പഠനങ്ങൾ വഴി കണ്ടെത്തിയിട്ടുണ്ട്. എന്നാൽ സാധാരണ ഗതിയിൽ ഇത്തരം ടെസ്റ്റുകൾ ചെയ്യാൻ ഡോക്ടർമാർ ആവശ്യപ്പെടാറില്ല.

അപസ്മാരം വന്നാൽ എന്തു ചെയ്യണം?

കുഞ്ഞിന് അപകടം വരാതെ സംരക്ഷിക്കുക. കഴുത്തിൽ മുറുകുന്ന വസ്ത്രങ്ങളും ആഭരണങ്ങളും നീക്കം ചെയ്യുക. അപകടരഹിതമായ സ്ഥലത്ത് തറയിൽ കിടത്തുക. ചരിച്ചു കടത്തിയാൽ വായിലുള്ള തുപ്പലും മറ്റും ശ്വാസനാളത്തിൽ പോകാതെ പുറത്തേക്ക് ഒഴുകിപ്പോകാൻ സഹായിക്കും. മലർന്നു കിടക്കുമ്പോൾ ശ്വാസതടസ്സം വരാൻ സാധ്യത കൂടുതലാണ്. നാക്ക് പിറകിലേക്ക് വീണ് ശ്വാസതടസ്സം വരാം.

അപസ്മാരം നിർത്തുക. സാധാരണ, ഏതാനും നിമിഷങ്ങൾ കൊണ്ട് തനിയേ മാറും. 3 – 4 മിനിറ്റ് കൊണ്ട് മാറ്റുന്നില്ല എങ്കിൽ എത്രയും വേഗം ആശുപത്രിയിൽ എത്തിക്കുക. കയ്യിൽ ആണിയോ താക്കോലോ പിടിപ്പിക്കുന്നതോ തലയിൽ നെയ്യ് പുരട്ടുന്നതോ കൊണ്ട് പ്രത്യേകിച്ച് കാര്യമൊന്നുമില്ല.

പനിയുടെ കാരണം കണ്ടെത്തുക. കൂടുതലും ജലദോഷപ്പനിയായിരിക്കും. ചിലപ്പോൾ ദേഹത്ത് തരി തരിപോലെ പൊങ്ങുന്ന തരം വൈറൽ പനിയായിരിക്കും. വയറിളക്കം, മൂത്രത്തിൽ പഴുപ്പ് എന്നിവ മൂലമുള്ള പനിയും കാരണമാകാറുണ്ട്. ഏറ്റവും പ്രധാനം, മെനിഞ്ചൈറ്റിസ് അല്ല എന്ന് ഉറപ്പാക്കലാണ്.

രക്ത പരിശോധന, ഈ. ഈ. ജി, (EEG) MRI എന്നിവ ആവശ്യമാണെങ്കിൽ മാത്രം.

ഒരിക്കൽ ഫെബ്രൈൽ കൺവൽഷൻ വന്നാൽ വീണ്ടും വരാതിരിക്കാൻ മുൻകരുതൽ എടുക്കാവുന്നതാണ്.

ചെറിയ പനി വരുമ്പോൾ തന്നെ പച്ച വെള്ളത്തിൽ തുണി നനച്ച് ദേഹം മുഴുവൻ വീണ്ടും വീണ്ടും തുടച്ച് കൊടുത്ത് പനി കൂടുതലാകാതെ നോക്കാം. ഐസ് വെള്ളം ഉപയോഗിക്കരുത്. ഇത് ചർമ്മം മാത്രമേ തണുപ്പിക്കുകയുള്ളു. രക്തക്കുഴലുകൾ സങ്കോചിക്കുന്നതിനാൽ ഉള്ളിലെ ചൂട് (core temperature) പെട്ടെന്ന് കുറയില്ല. സിനിമയിലും മറ്റും കാണുന്നത് പോലെ നെറ്റിയിൽ മാത്രം തുണി നനച്ചിടുന്നത് കൊണ്ട് പ്രയോജനമില്ല. കഴുത്ത്, കക്ഷം, തുടയിടുക്കുകൾ എന്നിവിടങ്ങളിലാണ് പ്രധാനമായും നനച്ച് തുടക്കേണ്ടത്… കാരണം വലിയ രക്തക്കുഴലുകൾ ഏറ്റവും പുറമേ കാണുന്നത് ഇവിടെയാണ്.

പനിക്കുള്ള പാരസെറ്റമോൾ മരുന്ന് വീട്ടിൽ സൂക്ഷിക്കുകയും ചെറിയ പനി കാണുമ്പോൾ തന്നെ കൊടുത്തു തുടങ്ങുകയും ചെയ്യുക. യാത്ര ചെയ്യുമ്പോഴും മരുന്ന് കയ്യിൽ കരുതുന്നത് നല്ലതാണ്.

അപസ്മാരം തടയുന്നതിന് ഡോക്ടർ തന്ന മരുന്നുകൾ പനിയുടെ തുടക്കത്തിൽ തന്നെ കൊടുത്തു തുടങ്ങുക.

മൂക്കിനകത്ത് സ്പ്രേ ചെയ്യാവുന്ന മിഡാസോളാം (Midazolam), മലദ്വാരത്തിൽ വെക്കാവുന്ന ഡയസിപാം (Diazepam) എന്നിവ അപസ്മാരം 5 മിനിറ്റിൽ കൂടുതൽ നീണ്ടു നിന്നാൽ മാത്രം ഉപയോഗിക്കാം. ഡോക്ടറുടെ നിർദ്ദേശ പ്രകാരം ഈ മരുന്നുകളും കരുതി വെക്കുക.

പാരസെറ്റമോൾ മരുന്ന് കഴിക്കാൻ കൂട്ടാക്കാത്ത അവസരങ്ങളിൽ മലദ്വാരത്തിൽ വെക്കാവുന്ന പാരസെറ്റമോളും ലഭ്യമാണ് .

ഡോക്ടറെ കാണുന്നതിനു മുമ്പ് മരുന്നുകൾ കൊടുത്തു തുടങ്ങാമെങ്കിലും, സാധാരണ പനി വരുമ്പോൾ ചെയ്യുന്നത് പോലെ ഡോക്ടറുടെ ഉപദേശം തേടേണ്ടതാണ്, കാരണം ചിലപ്പോൾ പനി ഗുരുതരമായ രോഗം കാരണം ആകാം..

സാധാരണ ഗതിയിൽ അപസ്മാരം വരാതിരിക്കാനുള്ള മരുന്നുകൾ സ്ഥിരമായി ഉപയോഗിക്കേണ്ടി വരാറില്ല. എന്നാൽ കൂടെ കൂടെ വരുന്നുണ്ടെങ്കിലോ, വളരെയേറെ നേരം നീണ്ടു നിൽക്കുന്നുണ്ടെങ്കിലോ, ഈഈജി പരിശോധനയിൽ തകരാറുകൾ കാണുന്നുണ്ടെങ്കിലോ ചിലപ്പോൾ അങ്ങനെ വേണ്ടി വരാറുണ്ട്.

ലേഖകർ
Dr. Mohandas Nair, Pediatrician. MBBS from Government Medical College, Kozhikode in 1990, MD Pediatrics from Government Medical College, Thiruvananthapuram in 1996. Worked as assistant surgeon under health services department in Kasaragod district for 18 months. Joined Medical Education Department of Kerala in 1998 and has worked in Government Medical Colleges in Kozhikode, Alappuzha and Manjeri. At present working as Additional Professor in Pediatrics in Government Medical College, Kozhikode. Specially interested in Pediatric Genetics and is in charge of Genetics clinic here for last 10 years.
ചിത്രകാരൻ
Design Co-ordinator, Infoclinic.

മികച്ച വർഗ്ഗങ്ങൾ

എല്ലാ വർഗ്ഗങ്ങളും
പൊതുജനാരോഗ്യം

284 ലേഖനങ്ങൾ

Current Affairs

240 ലേഖനങ്ങൾ

കോവിഡ്-19

236 ലേഖനങ്ങൾ

ആരോഗ്യ അവബോധം

115 ലേഖനങ്ങൾ

സുരക്ഷ

64 ലേഖനങ്ങൾ

ശിശുപരിപാലനം

59 ലേഖനങ്ങൾ

കിംവദന്തികൾ

53 ലേഖനങ്ങൾ

Infectious Diseases

52 ലേഖനങ്ങൾ

Medicine

45 ലേഖനങ്ങൾ