· 4 മിനിറ്റ് വായന

പെണ്ണുടൽ ച്ഛേദം: ചേലില്ലാത്ത സത്യങ്ങൾ

ആരോഗ്യ അവബോധംസ്ത്രീകളുടെ ആരോഗ്യം

അറേബ്യൻ രാജകുമാരി, സൗഭാഗ്യങ്ങളുടെ ആധിക്യത്തിൽ ജനിച്ചവൾ. അവളുടെ ബാല്യത്തിലൊരു നാൾ കൊട്ടാരത്തിൽ എന്തോ ആഘോഷമുണ്ടായി. അവൾക്കും കിട്ടി പുതിയ ഉടുപ്പ്‌. എല്ലാവർക്കും അന്ന്‌ പതിവില്ലാത്ത സ്‌നേഹം, ലാളന. പൂമ്പാറ്റയെപ്പോലെ മറ്റു കുമാരിമാർക്കൊപ്പം പറന്നു നടന്ന ആ രാജകുമാരിയെ പിന്നീടെപ്പൊഴോ കുറേ സ്‌ത്രീകൾ ചേർന്ന്‌ പിടിച്ചു കിടത്തി, അടിയുടുപ്പുകൾ അഴിച്ച്‌ മാറ്റി, കണ്ണുകൾ ഇറുകെ മൂടി വെച്ചു, കാലുകളകറ്റി…ചുറ്റും ഉയരുന്ന മന്ത്രധ്വനികൾക്കിടയിൽ അവിടെ എന്തോ നനവ്‌… പറിഞ്ഞു പോകുന്ന വേദന സഹിക്കാൻ വയ്യാതെ അവൾ മൂത്രമൊഴിച്ചു പോയി…അന്നവളുടെ ചേലാകർമ്മമായിരുന്നു…

ജീൻ സാസ്സൺ എഴുതിയ ‘പ്രിൻസസ്‌’ എന്ന പുസ്‌തകത്തിലെ ഒരു യഥാർത്‌ഥസാഹചര്യത്തിന്റെ ഏകദേശരൂപമാണ്‌ മുകളിൽ മാറ്റി എഴുതപ്പെട്ടിരിക്കുന്നത്‌.

ഒരു അറേബ്യൻ രാഷ്‌ട്രത്തിലെ രാജകുമാരിയുടെ ആത്‌മകഥയായ ‘പ്രിൻസസ്‌’ സ്‌കൂളിൽ പഠിച്ച കാലത്ത്‌ വായിച്ചത്‌ വഴിയാണ്‌ ലോകത്ത്‌ ഇങ്ങനെയൊരു കാര്യം നിലവിലുണ്ടെന്ന്‌ തന്നെ ആദ്യമായി അറിയുന്നത്‌. അന്ന്‌ തോന്നിയ ഭീതിയിൽ തപ്പിയെടുത്ത്‌ വായിച്ച ലേഖനങ്ങൾ പലതും ഞെട്ടലുളവാക്കി. സ്‌ത്രൈണതയുടെ മേൽ ഉള്ള കടന്നുകയറ്റമെന്നൊന്നും ലഘൂകരിച്ചും മയം പുരട്ടിയും പറയേണ്ട വിഷയമേ അല്ലിത്‌- “കൊടുംക്രൂരത”- മറ്റൊരു വാക്കില്ല.

കാലാകാലങ്ങളായി സ്‌ത്രീലൈംഗികതക്ക്‌ കൽപിച്ച്‌ നൽകിയ നിഗൂഢതയും, ജിജ്‌ഞാസാവഹവും അതിശയോക്തിപരമായ വിശദീകരണങ്ങളുമെല്ലാം പെണ്ണിന്‌ ദോഷം മാത്രമാണ്‌ വരുത്തിയിട്ടുള്ളത്‌. രണ്ട്‌ വ്യക്തികൾ തമ്മിലുള്ള അടുപ്പത്തിന്റെ പാരമ്യത/ശാരീരികമായ മാത്രം ആവശ്യം/ കടമ നിർവ്വഹിക്കൽ തുടങ്ങി ഏത്‌ രീതിയിൽ സംഭവിക്കുന്ന ലൈംഗികബന്ധമായാലും പ്രകൃതി രൂപീകരിച്ച രീതിയിൽ തന്നെ സ്‌ത്രീ ലൈംഗികാവയവം അതിന്റെ ധർമ്മത്തിന്‌ സുസജ്ജമാണ്‌. സ്‌ത്രീ ലൈംഗികാവയവത്തില്‍ ഒരു വെട്ടലിനും തിരുത്തലിനും സ്‌ഥാനമില്ല.

അങ്ങനെയൊന്നുണ്ടാകുന്നതിനെ ഒരു തരത്തിലും ന്യായീകരിക്കാവുന്നതല്ല. ‘മതപരം’ എന്ന്‌ ചിലർ പറയുമ്പോഴും ആ മതത്തിൽ പെട്ടവർ തങ്ങൾക്കിങ്ങനെ ഒരു ആചാരമില്ലെന്നും ഇത്‌ അനാചാരമാണെന്നും ശക്‌തിയുക്‌തം പറയുന്നത്‌ ശ്രദ്ധേയമാണ്‌. പിന്നെ ഇത്തരമൊരു കാടൻ രീതി എവിടെ നിന്ന്‌ വന്നു എന്ന ചോദ്യം ഉയരുമ്പോൾ പുരുഷകേന്ദ്രീകൃത മനോഭാവത്തിന്റെ ഏറ്റവും നീചമായ രൂപം എന്നല്ലാതെ ഇതിനെക്കുറിച്ചൊന്നും പറയാനുമില്ല.

നാല്‌ രീതിയിൽ സ്‌ത്രീകളിൽ ജനനേന്ദ്രിയം വികലമാക്കുന്നത് ചെയ്യപ്പെടുന്നതായി ലോകാരോഗ്യ സംഘടന വിലയിരുത്തുന്നു. സ്‌പർശത്തോട്‌ നന്നായി പ്രതികരിക്കുന്ന കൃസരിയുടെ മേലാവരണം മുറിച്ചു മാറ്റുന്നത്‌ ലൈംഗികസുഖം കൂട്ടുന്നു എന്നാണ്‌ വാദം. (WHO classification പ്രകാരമുള്ള ആദ്യരീതി). ഈ വാദത്തിന് യാതൊരു അടിസ്ഥാനവുമില്ല. സ്ത്രീയുടെ സ്വയം തീരുമാനപ്രകാരമാല്ലാതെ മറ്റുള്ളവരുടെ സമ്മര്‍ദ്ദമോ താല്‍പര്യമോ പ്രകാരം നടത്തുന്ന ഈ പ്രക്രിയയെ ഈ വാദം കൊണ്ട് ന്യായീകരിക്കത്തക്കതും അല്ല.

വിരോധാഭാസമെന്നോണം, WHO classification 2, 3, 4 പ്രകാരം കൃസരിയോ കൃസരിയോടു കൂടി അതിനു താഴെയായുള്ള labia majora, labia minora എന്നിവ കൂടി മുറിച്ചു മാറ്റുകയോ ഇവയെല്ലാം മുറിച്ച്‌ മാറ്റിയ ശേഷം തുന്നിക്കൂട്ടി വെക്കുന്ന രീതിയോ കരിക്കുകയോ ചെയ്യുന്നത്‌ സ്‌ത്രീയിൽ ലൈംഗികസുഖം ഇല്ലാതാക്കുകയും, പെണ്ണ്‌ വഴി പിഴച്ച്‌ പോകാതിരിക്കുകയും ചെയ്യാനാണ്‌ എന്നാണ്‌ വാദം. കടുത്ത വേദനയുളവാക്കുന്ന ലൈംഗികബന്ധമാണ്‌ ഇതിന്റെ ബാക്കിപത്രം. അവളിലെ പെണ്ണിനോട്‌ ചെയ്യാവുന്ന ഏറ്റവും വലിയ മനുഷ്യാവകാശ ലംഘനമാണിത്‌.

ലൈംഗികത സ്‌ത്രീപുരുഷഭേദമന്യേയുള്ള അവകാശമാണ്‌.

സ്‌ത്രീശരീരത്തിൽ സ്‌പർശത്തോട്‌ ഏറ്റവും നന്നായി പ്രതികരിക്കുന്ന, ഏറ്റവും കൂടുതൽ അനുഭൂതി പ്രദാനം ചെയ്യുന്ന കൃസരി മുറിച്ച്‌ കളഞ്ഞ്‌ പുരുഷന്റെ ആവശ്യത്തിനുള്ള ഒരു ശരീരമായി അസ്‌തിത്വം പണയം വേക്കേണ്ടി വരുന്ന അവസ്‌ഥ ഇന്നും നിലനിൽക്കുന്നു !ആഫ്രിക്കൻ രാജ്യങ്ങളിൽ ഇത്‌ സർവ്വസാധാരണമാണ്‌. ഈജിപ്‌തിൽ 15-55 വയസ്സിനിടയിൽ 90% സ്‌ത്രീകളിലും ചേലാകർമ്മം ചെയ്‌തിട്ടുണ്ടെന്ന്‌ കണക്കുകൾ സൂചിപ്പിക്കുന്നു.

Female Genital Mutilation (F.G.M)) എന്ന അതീവഹീനവും നിന്ദ്യവുമായ പ്രവര്‍ത്തിയെ ചേലാകർമ്മം എന്ന് ലഘൂകൃത രൂപത്തിലേക്ക് തര്‍ജ്ജിമ ചെയ്യുന്നത് തന്നെ ഒരു അപാകത ആവും…!! മ്യൂട്ടിലേറ്റ് എന്ന വാക്കിനെ മലയാളത്തിലാക്കിയാൽ വികലമാക്കുകയെന്നോ വികൃതമാക്കുകയെന്നോ വായിക്കാം. ചേലാകര്‍മ്മം എന്ന് തുലനം ചെയ്യുമ്പോള്‍ കുറച്ചു കൂടി സാമൂഹികമായി അംഗീകരിക്കപ്പെട്ട ഒന്നായി മാറുകയും, ഇസ്ലാം/ജൂത മതവിശ്വാസത്തിന്റെ ഭാഗമായി അനുഷ്ഠിക്കുന്ന പുരുഷ ചേലാകര്‍മ്മത്തിന്റെ ഫീമെയില്‍ വേര്‍ഷന്‍ ആണ് എന്നും തോന്നിക്കുന്ന ഒന്നാവുകയും ചെയ്യുന്നു.

കേരളത്തിലും ചേലാകര്‍മ്മം നടക്കുന്നു എന്ന പത്രവാര്‍ത്തയുടെ ഞെട്ടലില്‍ ആയിരിക്കുമല്ലോ എല്ലാവരും . പരിഷ്കൃത സമൂഹത്തിനു അപമാനമായ ഇത്തരം ദുരാചാരങ്ങള്‍ നമ്മുടെ നാട്ടില്‍ നടക്കുന്നു എന്ന വാര്‍ത്ത തന്നെ മനസ്സ്‌ മരവിപ്പിക്കുന്നതാണ് .

Female Genital Mutilation എന്നത് സ്ത്രീകളുടെ ആരോഗ്യ സംരക്ഷണത്തിനായി ആധുനിക വൈദ്യശാസ്ത്രം നിര്‍ദ്ദേശിക്കുന്ന ഒന്നല്ല എന്ന് മാത്രമല്ല വളരെയധികം ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാക്കാവുന്നതുമാണ് എന്ന് എടുത്ത് പറഞ്ഞേ മതിയാകൂ. ശാരീരികവും മാനസികവുമായ ഒട്ടനവധി ബുദ്ധിമുട്ടുകൾ പെൺകുട്ടികൾക്ക് നേരിടേണ്ടി വരുന്നുമെന്ന്‌ നിസ്സംശയം പറയാം.

  1. നിയമവിരുദ്ധമായതുകൊണ്ട് തന്നെ മയക്കാതെ – അനസ്തേഷ്യ നൽകാതെയാണ് ഇത് ചെയ്യുന്നത്. അതുകൊണ്ട് തന്നെ ഇത് പ്രാകൃതവും ക്രൂരവുമാകുന്നു. അശാസ്ത്രീയവും , വൃത്തി ഹീനവുമായ ഈ കര്‍മ്മം മൂലം അമിത രക്തസ്രാവം , മുറിവുകളിലെ അണുബാധ , മയക്കം നല്‍കാത്തത് മൂലം അതി കഠിനമായ വേദന തുടങ്ങിയവ ഉണ്ടാകും.
  2. കൃസരി മാത്രം നീക്കം ചെയ്യുന്നത് തൊട്ട്‌, യോനിയുടെ ബാഹ്യഭാഗങ്ങള്‍ മൊത്തം നീക്കം ചെയ്ത്‌ ചെറിയ ഒരു ദ്വാരം മാത്രം നില നില്‍ക്കുന്ന രീതിയില്‍ ആക്കുകയും ഗര്‍ഭധാരണ ആവശ്യത്തിനായി വീണ്ടും മുറിവുണ്ടാക്കി വികസിപ്പിക്കുകയും ചെയ്യുന്ന പ്രാകൃത രീതി (Infibulation), സ്ത്രീ ജനനേന്ദ്രിയ ഭാഗങ്ങളില്‍ മുറിവ്, തുള, കരിക്കല്‍ എന്നിവ നടത്തുന്ന ഗിഷിരി കട്ടിംഗ് എന്നിങ്ങനെ പ്രാകൃതവും ക്രൂരവുമായ പല രീതികള്‍ ആണ് ഉള്ളത്. പുരുഷ ചേലാകര്‍മ്മത്തെക്കാള്‍ ആരോഗ്യപരമായി സങ്കീര്‍ണ്ണവും ഹാനികരമായതും ആണിതെന്ന്‌ താരതമ്യം ചെയ്‌താല്‍ പറയാം.
  3. മൂത്രം പോകാനുള്ള തടസം നല്ലൊരു ശതമാനം ആളുകളിലും ഉണ്ടാവാറുണ്ട്. ഈ തടസം ഉണ്ടാകുന്നത് തുടരെ തുടരെ മൂത്രത്തില്‍ പഴുപ്പ് വരാനും , ചിലപ്പോള്‍ വൃക്കകള്‍ വരെ അണുബാധ ഉണ്ടാവാനും കാരണമാകും. ആര്‍ത്തവ രക്തവും ഒഴുകി പോകുന്നതിനു തടസം ഉണ്ടാകാം. ഇത് ആര്‍ത്തവ രക്തം യോനിയിലും, ഗര്‍ഭപാത്രത്തിലും കെട്ടി കിടക്കാനും, ഗര്‍ഭപാത്രത്തില്‍ അണുബാധയുണ്ടാക്കാനും, ചിലപ്പോള്‍ വന്ധ്യതക്കും കാരണമാകും.
  4. ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നതിനും തടസങ്ങളുണ്ടാകും. ബന്ധപ്പെടുമ്പോള്‍ അമിതമായ വേദനയും ലൈംഗിക അവയവങ്ങള്‍ക്ക് മുറിവും ഉണ്ടാകാം. ലൈംഗിക ജീവിതം തന്നെ ആസ്വദിക്കാന്‍ സാധിക്കാതെ വരും. യഥാർഥത്തിൽ ഇതുമൊരു കാരണമാണ് എന്ന് വേണമെങ്കിൽ പറയാം. പ്രാകൃത രീതിയില്‍ ഇത്തരമൊന്ന് ചെയ്യപ്പെടുന്നതിന് പിന്നില്‍ വികലമായ തീവ്ര പുരുഷകേന്ദ്രീകൃത കാഴ്ചപ്പാടുകള്‍ തന്നെ ആണെന്ന് ഉറപ്പിക്കാം.

പ്രത്യക്ഷമായും പരോക്ഷമായും ഇത് സ്ത്രീ ലൈംഗികതയെയും, സ്ത്രീയുടെ വ്യക്തിത്വത്തെയും അടിച്ചമര്‍ത്തി തീരെ ദുര്‍ബല ആക്കാന്‍ വേണ്ടി നിര്‍മ്മിക്കപ്പെട്ട ഒരു രീതിയാണെന്ന് വിലയിരുത്തേണ്ടി വരും. സ്ത്രീക്ക്‌ ലൈംഗിക ബന്ധത്തിലൂടെ ഉണ്ടാവുന്ന വൈകാരിക ശാരീരിക സുഖങ്ങൾ ഇല്ലാതാക്കുക എന്നത് തന്നെയാണ് പ്രാഥമിക ലക്‌ഷ്യം. സ്ത്രീകളുടെ “വിശുദ്ധി/പാതിവ്രത്യം/പരിശുദ്ധി” എന്നിങ്ങനെയുള്ളവയുടെ പ്രാചീന സാമൂഹിക സങ്കല്‍പ്പങ്ങളെ അടിസ്ഥാനമാക്കി നിലനിര്‍ത്തുന്ന ഒന്നാണിത്.

  1. Clitoral hood reduction അഥവാ clitoridotomy കൃസരിയുടെ മേല്‍ ആവരണമായ ത്വക്കിന്റെ അളവ് കുറയ്ക്കുന്ന ഒരു പ്ലാസ്റ്റിക് സര്‍ജറി പ്രക്രിയ ആണ് ഇത്. ഇത് മുതിര്‍ന്ന സ്ത്രീകളില്‍ അവരുടെ അറിവോടും സമ്മതത്തോടും കൂടി ഡോക്ടര്‍ നിര്‍ദ്ദേശിക്കുന്ന പ്രകാരം ചെയ്യുന്ന കോസ്മെറ്റിക് സര്‍ജറി ആണ് (ഇതില്‍ മതപരമോ ആചാരപരമോ ആയ ഇടപെടല്‍ ഇല്ല). ഈ ശസ്ത്രക്രിയയും കുഞ്ഞുങ്ങളില്‍ നടത്തുന്ന “സ്ത്രീ ചേലാകര്‍മ്മവും” ഒന്നാണെന്ന് കരുതാന്‍ വയ്യ. അത്തരം ന്യായീകരണങ്ങളും അംഗീകരിക്കാവതല്ല.

6 വിവിധ മാനസിക പ്രശ്നങ്ങൾ – അതായത് പൊതുവേ എല്ലാത്തിനോടും ഭയവും, സംഭവിച്ചതിനെ കുറിച്ചുള്ള അപമാനവും തന്‍റെ വ്യക്തിത്വം ചോദ്യം ചെയ്യപ്പെട്ടത്‌ പോലെയും വഞ്ചിക്കപ്പെട്ടപോലെയും തോന്നാം.

ഇംഗ്ലണ്ടിൽ വിക്‌റ്റോറിയൻ കാലഘട്ടത്തിൽ ഭർത്താവ്‌ ദൂരയാത്ര പോകുമ്പോൾ സ്‌ത്രീ ചാരിത്രം സൂക്ഷിക്കുന്നു എന്നുറപ്പ്‌ വരുത്താൻ ‘chastity belt’ ധരിപ്പിച്ച്‌ പോകുമായിരുന്നെന്ന്‌ വായിച്ചിട്ടുണ്ട്‌. ഭാര്യയുടെ ചാരിത്രശുദ്ധി പൂട്ടി വെച്ച അഭിമാനത്തിന്റെ താക്കോലുമേന്തി അയാൾ വഴി നീളെ മോഹം തോന്നിയ സ്‌ത്രീകളെയെല്ലാം പ്രാപിക്കുമ്പോഴും ഇവൾ വീട്ടിൽ അവനായി കാത്തിരിപ്പുണ്ടാകും. അടിച്ചമർത്തലിന്റെ ആത്മരതി അവനെ ഊറ്റം കൊള്ളിക്കും.

സ്‌ത്രീലൈംഗികത എന്നും അടിച്ചമർത്തപ്പെടേണ്ടതും അവൾ ബന്ധപ്പെടുന്നത്‌ കുട്ടിയെ ഉണ്ടാക്കാൻ മാത്രമാണ്‌ എന്നതുമെല്ലാം കാലം തിരശ്ശീല വീഴ്‌ത്തിയ കഥകളാണെന്ന്‌ ഒരു ധാരണയുണ്ടായിരുന്നു.

ഇപ്പോഴും നമ്മുടെ കേരളത്തിൽ പെണ്ണിന്റെ ശരീരത്തിൽ നിന്നും അവളുടെ വൈകാരികസുഖം പറിച്ചു കളയാനുള്ള ശ്രമമുണ്ടെന്നതിന്‌ ഉറപ്പ്‌ പറയാനായിട്ടില്ല.

അന്വേഷണം പുരോഗമിക്കട്ടെ.

ഒന്നറിയാം, അങ്ങനെയൊന്ന്‌ നടക്കുന്നുണ്ടെങ്കിൽ, അവളുടെ അവയവത്തിന്‌ മാത്രമല്ല അവളെന്ന വ്യക്‌തിയോട്‌ കൂടി ചെയ്യാവുന്ന ഏറ്റവും വലിയ പാതകമാണ്‌ അതെന്ന്‌… ആണിടങ്ങൾ തന്റെ ‘പൗരുഷം’ മെച്ചപ്പെടുത്താൻ എണ്ണയും ഗുളികയും കുത്തിവെപ്പും, മെഡിക്കൽ ഷോപ്പിലെ കാഷ്‌ കൗണ്ടറിനടുത്ത്‌ വെച്ച സർവ്വ വികലവസ്‌തുക്കളും പരീക്ഷിച്ച്‌ അവൾക്ക്‌ മേൽ കുതിര കയറുമ്പോഴും അവളറിയേണ്ടത്‌ അവളറിയാതെ പോകുന്ന ഗതികേട്‌… അതുണ്ടാക്കി വെക്കാൻ കാരണമാകുന്ന അനാചാരങ്ങൾ…

പെണ്ണിനെ കാൽക്കീഴിലാക്കാനുള്ള ഓരോ കഷ്‌ടപ്പാടുകളേ !

പുരുഷന്മാരില്‍ ചെയ്യുന്ന ചേലാകര്‍മ്മത്തെക്കുറിച്ച് വിശദമായ ഒരു ലേഖനം പിന്നീട് ഇന്‍ഫോ ക്ലിനിക്കില്‍ പ്രസിദ്ധീകരിക്കുന്നതാണ്.

ലേഖകർ
Dr. Jinesh P.S. Completed MBBS and MD in Forensic Medicine from Govt Medical College, Kottayam. He has worked in Dept. of Forensic at Govt Medical College, Kottayam as Lecturer and at Community Health Center Kumarakom and Edayazham as Medical Officer. He is interested in spreading of scientific temper, health awareness.
Medical doctor,psychiatry resident interested in public health. Areas of interest are public health, neuropsychiatry, addiction medicine and human evolution gender psychiatry and LGBTQ issues
Dr. Deepu Sadasivan. Obtained a medical degree from Kottayam Medical College. Currently working in Kerala State health services department. Articles related to Medical science have been published in periodicals and newspapers.
Dr.Shimna Azeez. General practitioner. Graduate in BA.Communicative English from CMS College, Kottayam. Completed MBBS from KMCT Medical College, Mukkom, Kozhikode. Currently works as Tutor in Community Medicine at Government Medical College, Manjeri. Her first book 'Pirannavarkum Parannavarkumidayil' was recently published by DC books.
ചിത്രകാരൻ
Design Co-ordinator, Infoclinic.

മികച്ച വർഗ്ഗങ്ങൾ

എല്ലാ വർഗ്ഗങ്ങളും
പൊതുജനാരോഗ്യം

284 ലേഖനങ്ങൾ

Current Affairs

240 ലേഖനങ്ങൾ

കോവിഡ്-19

236 ലേഖനങ്ങൾ

ആരോഗ്യ അവബോധം

115 ലേഖനങ്ങൾ

സുരക്ഷ

64 ലേഖനങ്ങൾ

ശിശുപരിപാലനം

59 ലേഖനങ്ങൾ

കിംവദന്തികൾ

53 ലേഖനങ്ങൾ

Infectious Diseases

52 ലേഖനങ്ങൾ

Medicine

45 ലേഖനങ്ങൾ