· 7 മിനിറ്റ് വായന

കുട്ടികളിലെ പനി

PediatricsPrimary Careശിശുപരിപാലനം

ആണ്ടിനും അമാവാസിക്കും വന്നു പോകുന്ന പനി ഒരു തരത്തില്‍ പറഞ്ഞാല്‍ സുഖകരമാണ്. പുതപ്പിനകത്ത് ചുരുണ്ട് കൂടി മടി പിടിച്ചു കിടക്കാനും, ഇടക്കൊരു ചുക്കുകാപ്പിയില്‍ വിയര്‍ത്തൊലിക്കാനുമെല്ലാം കൊതിക്കുന്നവര്‍ പോലും മക്കളുടെ ദേഹത്തുണ്ടാകുന്ന നേരിയ താപവ്യതിയാനത്തിന് അടുത്ത ഓട്ടോക്ക് ആശുപത്രി പിടിക്കും. ഈ ധൃതിപിടിത്തവും പനിപ്പേടിയും എല്ലാ ശിശുരോഗവിഭാഗത്തിലെയും പതിവ് കാഴ്ചയാണ്. മറ്റേതൊരു അസുഖവും ആശുപത്രിയിലെത്താന്‍ ഒരല്‍പം താമസിക്കുമ്പോള്‍ പനിക്കും മാത്രം കിട്ടുന്ന അധികപരിഗണനയുടെ കാരണം ചിന്തിച്ചു നോക്കിയിട്ടുണ്ടോ? ഉത്തരം പറയും മുന്‍പ് പനിയെക്കുറിച്ച് കുറച്ചെങ്കിലും പറയാതെ വയ്യ.

*എന്താണ് പനി?

ശരീരതാപനിലയെ നിയന്ത്രിക്കുന്ന തലച്ചോറിന്റെ ഭാഗമാണു ‘ഹൈപ്പോതലാമസ്’. വിവിധകാരണങ്ങള്‍ കൊണ്ട് ശരീരത്തില്‍ മാറ്റങ്ങള്‍ ഉണ്ടാകുമ്പോൾ ഈ പറഞ്ഞ തലച്ചോറിന്റെ ഭാഗത്തെ താപനിയന്ത്രണസംവിധാനത്തിന്‌ വശപ്പിശക്‌ സംഭവിക്കുന്നതാണ്‌ പനി. പനി ഒരു രോഗമല്ല, ഒരു രോഗലക്ഷണം മാത്രമാണ്. എന്നിട്ടും മരുന്ന് കൊടുത്ത് ചൂട് കുറച്ച് അതിനെ ചികിത്സിക്കാന്‍ ശ്രമിക്കുന്നത് എന്തിനെന്നല്ലേ? അത് വലിയൊരു കഥയാണ്. വഴിയെ പറയാം.

*പനിയുടെ പ്രധാനകാരണങ്ങള്‍

  • അണുബാധ- ബാക്ടീരിയ, വൈറസ് ബാധിക്കുമ്പോള്‍ ഉണ്ടാകുന്നത്
  • ശരീരത്തില്‍ പരാദങ്ങളുടെ സാന്നിധ്യം – മലമ്പനി, കരിമ്പനി (കാലാ അസര്‍)
  • മറ്റു കാരണങ്ങള്‍- വാക്സിന്‍ നല്‍കിക്കഴിഞ്ഞാല്‍ സ്വാഭാവികമായി ഉണ്ടാകുന്ന ചെറിയ പനി
  • ഓട്ടോഇമ്മ്യൂണ്‍ അപാകതകള്‍ – ശരീരത്തിന്‍റെ പ്രതിരോധവ്യവസ്ഥ സ്വന്തം ശരീരത്തെ തന്നെ പ്രതിരോധിക്കുന്ന അവസ്ഥകള്‍ – Systemic Lupus Erythematosus (SLE), Juvenile Idiopathic Arthritits (JIA)
  • കാന്‍സര്‍/ ട്യൂമര്‍- രക്താര്‍ബുദം, ലിംഫോമ
  • ശരീരതാപനില മാറുന്ന അവസ്ഥകള്‍- ഹൈപ്പര്‍തൈറോയ്ഡിസം, ഹൈപ്പര്‍തെര്‍മിയ

പൊതുവായ ഉദാഹരണങ്ങള്‍ മാത്രമാണ് മേലെ നല്‍കപ്പെട്ടിരിക്കുന്നത്‌. ഇവയില്‍ തന്നെ വൈറസ്‌ ബാധ കൊണ്ടുണ്ടാകുന്ന പനിയാണ് കുട്ടികളില്‍ സര്‍വ്വസാധാരണം.

*പനിയെ നേരിടേണ്ട വിധം

പനി വരുമ്പോഴെക്ക് രക്ഷിതാക്കള്‍ നെഞ്ചിടിപ്പ് കൂട്ടുന്നതിനു പകരം ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ പനി ഒരു പണിയായി മാറാതെ സൂക്ഷിക്കാം. കുട്ടികളുള്ള വീട്ടില്‍ എപ്പോഴും ഒരു തെര്‍മോമീറ്റര്‍ ഉണ്ടായിരിക്കണം. മെര്‍ക്കുറി ഉപയോഗിക്കുന്ന സാധാരണ തെര്‍മോമീറ്ററിനെ അപേക്ഷിച്ച് ഡിജിറ്റല്‍ തെര്‍മോമീറ്റര്‍ ആണ് സുരക്ഷിതം . അബദ്ധത്തില്‍ കൈയില്‍ നിന്ന് വീണാല്‍ പോലും വിഷവസ്തുവായ മെര്‍ക്കുറി നിങ്ങളുടെ കുഞ്ഞിനു കൈയെത്തുന്നിടത്ത് പരക്കുന്നതൊഴിവാക്കാന്‍ ഇത് സഹായിക്കും.

കൂടാതെ, ‘നല്ല പനി/ഇടത്തരം പനി/കുഞ്ഞന്‍പനി’ എന്ന് അമ്മയോ രക്ഷിതാവോ പറയുന്നതിന് പകരം ഓരോ മണിക്കൂറിലും കുഞ്ഞിന്റെ ചൂട് തെര്‍മോമീറ്റര്‍ വെച്ച് അളന്നു എഴുതി വെക്കുകയാണെങ്കില്‍ (documented fever) അത് കുഞ്ഞിനെ ചികിത്സിക്കുന്ന ഡോക്ടര്‍ക്ക് ഒരു മുതല്‍കൂട്ടായിരിക്കും. മെര്‍ക്കുറി തെര്‍മോമീറ്റര്‍ ഒരു മിനിറ്റ് തികച്ചും ശരീരത്തില്‍ വെച്ചിട്ടുണ്ട് എന്നുറപ്പ് വരുത്തണം.ഡിജിറ്റല്‍ തെര്‍മോമീറ്ററുകള്‍ ബീപ് ശബ്ദം ഉണ്ടാക്കുന്നത് വരെ വെച്ചിരുന്നാല്‍ മതി. വായില്‍ വെച്ചാണ് പനിച്ചൂട് അളക്കുന്നതെങ്കില്‍, ചൂട് നോക്കുന്നതിനു തൊട്ടു മുന്‍പ് കുഞ്ഞ് ചൂടുള്ളതോ തണുപ്പുള്ളതോ ആയ ഒന്നും കഴിച്ചിട്ടില്ല എന്നുറപ്പ് വരുത്തുക. തെറ്റായ ഊഷ്മാവ് കാണിച്ചു തെര്‍മോമീറ്റര്‍ നമ്മളെ പറ്റിക്കാതിരിക്കാനുള്ള മുന്‍കരുതല്‍ ആണിത്.

ഏത് പനിയായാലും ഏറ്റവുമാദ്യം ചെയ്യാവുന്ന ഒന്നാണ് നനച്ചു തുടക്കല്‍ (tepid sponging). ഇതൊരിക്കലും തണുത്തവെള്ളം കൊണ്ടോ ചൂടുവെള്ളം കൊണ്ടോ അല്ല ചെയ്യേണ്ടത്. പകരം, സാധാരണ ഊഷ്മാവില്‍ ഉള്ള വെള്ളം കൊണ്ട് കുഞ്ഞിന്റെ ശരീരം മുഴുവന്‍ നനച്ചു തുടക്കണം. കക്ഷം,തുടയുടെ മേല്‍ഭാഗത്തെ മടക്കില്‍ ചൂട് തങ്ങി നില്‍ക്കുന്നയിടം എന്നിവിടങ്ങളില്‍ കൂടുതല്‍ നന്നായി തുണി കൊണ്ട് നനച്ചു തുടച്ചു ചൂട് കുറക്കണം.

പനിക്ക് സാധാരണ കൊടുക്കുന്ന മരുന്നായ പാരസെറ്റമോള്‍ വീട്ടില്‍ സൂക്ഷിക്കുന്നത് നല്ലതാണ്. ആധുനികവൈദ്യത്തില്‍ മരുന്ന് നല്‍കുന്നത് പ്രായത്തിന് അനുസരിച്ചല്ല, ശരീരഭാരത്തിന് അനുസരിച്ചാണ്. ഉദാഹരണത്തിന് പാരസെറ്റമോള്‍ ഡോസ് 15mg/kg/ഡോസ് എന്നതാണ്. അതായത് പത്തു കിലോ ഭാരമുള്ള ഒരു കുട്ടിക്ക് ഒരു നേരം 150 പാരസെറ്റമോള്‍ ആണ് പരമാവധി ഡോസ്. ഇത് പോലെയുള്ള കണക്ക് ഓരോ മരുന്നിനുമുണ്ട്.

ഗുളികയായി ലഭിക്കുമ്പോള്‍ ഈ കണക്കു കൂട്ടല്‍ എളുപ്പമാണ്. എന്നാല്‍, പാരസെറ്റമോള്‍ മരുന്ന് വിവിധ അളവില്‍ ലയിപ്പിച്ച സിറപ്പുകള്‍ ലഭ്യമാണ്. 125 mg/5ml ഉള്ള സിറപ്പ് അഞ്ചു മില്ലി കുട്ടിക്ക് കൊടുക്കാന്‍ നിര്‍ദേശിക്കപ്പെട്ടിരിക്കേ, വീട്ടിലുള്ള 250mg/5ml ഉള്ള സിറപ്പ് കുഞ്ഞിനു എടുത്തു കൊടുത്താല്‍ നേര്‍ ഇരട്ടി മരുന്നാണ് അകത്തു ചെല്ലുക. ഇത് വളരെയധികം സൂക്ഷിക്കണം. പാരസെറ്റമോള്‍ സിറപ്പ് ഇതിനു പുറമേയും വിവിധ അളവുകളില്‍ ലഭ്യമാണ്. ഇവയില്‍ ഏതെങ്കിലും ഒന്നായിരിക്കും മെഡിക്കല്‍ ഷോപ്പിലെ ‘ഡോക്ടര്‍’ തോന്നിയ പോലെ എടുത്തു തരുന്നത്. അവയെല്ലാം ഒരമ്മ പെറ്റ മക്കളാണ് എന്ന അദ്ദേഹത്തിന്‍റെ താത്വികമായ അവലോകനം ദോഷം ചെയ്യുക നമ്മളുടെ മക്കള്‍ക്കാണ്. അതായത്, ഒരു പാരസെറ്റമോള്‍ സിറപ്പ് പോലും വൈദ്യോപദേശത്തോടെയല്ലാതെ, ഡോസ് തീര്‍ച്ചയില്ലാതെ കൊടുക്കരുത് എന്നര്‍ത്ഥം.

ഫില്ലര്‍ ഉപയോഗിച്ച് മരുന്ന് കൊടുക്കുമ്പോള്‍ ഇരുപതു തുള്ളികള്‍ ഒരു മില്ലിലിറ്റര്‍ ആണ്. അര ഫില്ലര്‍ മരുന്ന് കൊടുക്കാന്‍ നിര്‍ദേശം കിട്ടിയ അമ്മ, പകരം അര ടീസ്പൂണ്‍ മരുന്ന് കൊടുക്കുമ്പോള്‍, 50 മില്ലിക്ക് പകരം അകത്തു ചെല്ലുക 250 മില്ലി മരുന്നായിരിക്കും. അഞ്ചിരട്ടി മരുന്ന് അകത്തു ചെല്ലുന്ന പിഞ്ചുകുഞ്ഞിന്റെ കരളിനെ ബാധിക്കാന്‍ ഈ ഓവര്‍ഡോസ് ധാരാളമായിരിക്കും. മരുന്നിന്റെ കാര്യത്തില്‍ അശ്രദ്ധ പാടില്ലെന്ന് സാരം.

തുള്ളിമരുന്നു കൊടുക്കാന്‍ ഡ്രോപ്പറും ഒഴിച്ച് കൊടുക്കേണ്ട സിറപ്പുകള്‍ക്ക് മീതെ ഫൈബര്‍ കാപ്പുമാണ് ഉണ്ടാകുക. വളരെയധികം ശ്രദ്ധിക്കേണ്ട, ഒരിക്കലും സംഭവിച്ചു കൂടാത്ത ഒരു അബദ്ധമാണ് മരുന്നിന്റെ അളവില്‍ വന്നേക്കാവുന്ന മാറ്റം.

പനിക്ക് പാരസെറ്റമോള്‍ വീട്ടില്‍ നിന്ന് കൊടുക്കേണ്ട ഡോസ് തീരുമാനിക്കേണ്ടത് അമ്മയുടെ മനോധര്‍മം അനുസരിച്ചല്ല. ഡോക്ടര്‍ മുന്‍പ് നിര്‍ദേശിച്ച ഡോസ് ഓര്‍മ്മ വേണം. മൂത്ത കുട്ടിയും ഇളയ കുട്ടിയും ഇടക്കുള്ള കുട്ടിക്കുമെല്ലാം അഞ്ചു മില്ലി പാരസെറ്റമോള്‍ കലക്കിയത് കുടിക്കേണ്ടി വരുന്നത് തികച്ചും അശാസ്ത്രീയമാണ്.

താരതമ്യേന സുരക്ഷിതമായ മരുന്നാണിത്. ലിവറിനെ ബാധിക്കുന്ന മഞ്ഞപിത്തം പോലുള്ള അസുഖങ്ങള്‍ ഉള്ളപ്പോള്‍ പോലും അറിയാതെ കുഞ്ഞിനു ഒരു നേരം പാരസെറ്റമോള്‍ കൊടുത്തു പോയി എന്നതൊന്നും ഓര്‍ത്തു തീ തിന്നേണ്ട ആവശ്യമില്ല. ഓവര്‍ഡോസ് എന്ന അപകടമൊഴിച്ചാല്‍ സാധാരണ ഗതിയില്‍ ഭയക്കാനും ഒന്നുമില്ലെന്ന് തന്നെ പറയാം.

എന്നാല്‍, ഇത് പോലെയല്ല മെഫനെമിക് ആസിഡ്, ഇബുപ്രോഫെന്‍ പോലെയുള്ള പനി മരുന്നുകള്‍. ഇവ ഉപയോഗിക്കാവുന്ന അവസ്ഥയും ഉപയോഗിക്കരുതാത്ത അവസ്ഥയുമുണ്ട്. ഉദാഹരണത്തിന്, ഡെങ്കിപ്പനി ഉള്ള കുട്ടിക്ക് പനി പെട്ടെന്ന് മാറുമെന്ന് പറഞ്ഞു മെഫാനെമിക് ആസിഡ് അടങ്ങിയ മരുന്ന് കൊടുത്താല്‍ ദഹനവ്യവസ്ഥയില്‍ രക്തസ്രാവം ഉണ്ടാകാം. ഇത്തരം പ്രശ്നങ്ങള്‍ വേറെയുമുണ്ട്. ഈ മരുന്ന് കുഴപ്പക്കാരന്‍ ആണെന്നല്ല പറഞ്ഞു വരുന്നത്, ഉപയോഗിക്കുമ്പോള്‍ അത് നിര്‍ബന്ധമായും ഒരു ഡോക്ടറുടെ മേല്‍നോട്ടത്തില്‍ ആയിരിക്കണം എന്നാണ്.

‘ജലദോഷപ്പനി’ എന്ന് ഓമനപ്പേരിട്ടു വിളിക്കുന്ന വൈറല്‍ ഫീവര്‍ കുറയാന്‍ ഇത്രയൊക്കെ തന്നെ ധാരാളം. കൂടാതെ ധാരാളം വിശ്രമവും ശരീരത്തില്‍ യഥേഷ്ടം ജലാംശവും ഉണ്ടാകണം. വെള്ളം കുടിക്കണം എന്ന് പറയുമ്പോഴെക്ക് ‘പൊടി കുറഞ്ഞ മധുരം കുറഞ്ഞ കട്ടന്‍ ചായ അല്ലെങ്കില്‍ കട്ടന്‍കാപ്പി’ എന്ന ദിവ്യദ്രാവകം വിത്ത്‌ റസ്ക്/ ബ്രെഡ്‌എന്ന ചിന്ത മനസ്സില്‍ പോയെങ്കില്‍ ഒരു വാക്ക്. ചായയും കാപ്പിയും ശരീരത്തില്‍ ഉള്ള വെള്ളം വലിച്ചു പുറത്തു കളയുന്ന വസ്തുക്കളാണ്. ശരീരത്തിലെ ജലാംശം നിലനിര്‍ത്താന്‍ ഇവ സഹായിക്കില്ല.തിളപ്പിച്ചാറിയ വെള്ളം, കഞ്ഞിവെള്ളം, തണുപ്പില്ലാത്ത ജ്യൂസ്, കരിക്കിന്‍വെള്ളം തുടങ്ങിയവ വളരെ നല്ലതാണ്.ബ്രെഡ്‌/റസ്ക് എന്നിവയ്ക്ക് പനിയുമായുള്ള ബന്ധം ഒരു തരം പൊക്കിള്‍കൊടി ബന്ധമായി നാട്ടുകാര്‍ അംഗീകരിച്ചതാണെങ്കില്‍ കൂടിയും, അതിലും വലിയ കാര്യമില്ല. കഞ്ഞി, പച്ചക്കറികള്‍, പഴങ്ങള്‍, എളുപ്പം ദഹിക്കുന്ന വീട്ടിലുണ്ടാക്കിയ ഭക്ഷണങ്ങള്‍ തുടങ്ങിയവ ധൈര്യമായി കഴിക്കാം. പട്ടിണി കിടന്നു പനി മാറ്റാന്‍ ശ്രമിച്ചാല്‍ പനിയൊട്ടു മാറാനും പോകുന്നില്ല, ക്ഷീണം ഏറുകയും ചെയ്യും. കുഞ്ഞിനു ഭക്ഷണം വേണ്ടെന്നു പറഞ്ഞാല്‍ പോലും സ്നേഹിച്ചു ഊട്ടുക.

ഇത്രയൊക്കെ ചെയ്തിട്ടും, കുഞ്ഞിനു പനി കുറയുന്നില്ലെങ്കില്‍, അടുത്ത നടപടിയായി ആശുപത്രി പിടിക്കുക തന്നെ വേണം. വെപ്രാളം പിടിച്ചു ഓടി വരാനുള്ള കാരണങ്ങള്‍ ഇപ്പോഴും പറഞ്ഞിട്ടില്ല. ഒരു കാരണവശാലും ഡോക്ടറെ കാണല്‍ നീട്ടികൊണ്ട് പോകാന്‍ പാടില്ലാത്ത പനിയവസരങ്ങള്‍ തിരിച്ചറിയല്‍ അത്യാവശ്യമാണ്. അവയെ ഒന്നോടിച്ചു വായിക്കാം.

*ചികിത്സ വൈകിക്കരുത്

  • നവജാതശിശുവിന് വരുന്ന പനി- ജനിച്ച് ഇരുപത്തെട്ടു ദിവസത്തിനുള്ളില്‍ കുഞ്ഞിനു പനി വരുന്നത് അപകടകരമാണ്. അണുബാധ കൊണ്ടുള്ള അപകടകരമായ സെപ്സിസ് ആയിരിക്കാം. എന്റെ കുഞ്ഞിനു അണുബാധയൊന്നും വരില്ല എന്ന മുന്‍വിധി വേണ്ട. പൊക്കിളിനു ചുറ്റും ഉണ്ടാകുന്ന നേരിയ തിളക്കമുള്ള ചുവപ്പും നീരും അവഗണിക്കുന്നത് പോലും പിന്നീടു സാരമായ അണുബാധക്ക് വഴി വെക്കുന്ന അവസരങ്ങള്‍ ഉണ്ടാകാറുണ്ട്. കുഞ്ഞിന്റെ പ്രതിരോധവ്യവസ്ഥക്ക് പക്വതയെത്തിയിട്ടില്ല എന്നറിയുക.

മറ്റൊരു സാധ്യതയുള്ളത് മുലപ്പാല്‍ കുറവുള്ള അമ്മമാരുടെ കുഞ്ഞുങ്ങള്‍ക്ക് നിര്‍ജലീകരണം കൊണ്ടുണ്ടാകുന്ന ‘ഡീഹൈട്രേഷന്‍ ഫീവര്‍’ ആണോ ഇതെന്നത്‌ മാത്രമാണ്. അത് കണ്ടു പിടിക്കണമെങ്കിലും ഒരു ശിശുരോഗവിദഗ്ധന്‍റെ സഹായയും ഉപദേശവും ആവശ്യമാണ്. അതായത് നവജാതശിശുവിന് വരുന്ന പനിക്ക് ഡോക്ടറെ കാണാതിരിക്കാന്‍ പാടില്ല.

  • പൊതുവേ കളിച്ചു തിമിര്‍ത്തു നടക്കുന്ന കുട്ടി തളര്‍ന്നു കിടക്കുന്നത് അത്ര നല്ല ലക്ഷണമല്ല. വൈറല്‍ ഫീവര്‍ ആകുമ്പോള്‍ ഇടയ്ക്കു തളര്‍ന്നു കിടക്കും, പനി വിടുമ്പോള്‍ ഓടി നടക്കും. സാരമായ കാരണങ്ങള്‍ കൊണ്ടുള്ള പനിക്ക് ഈ ഇടവേള പോലും ഉണ്ടായിക്കോളണമെന്നില്ല. മുലപ്പാല്‍ കുടിക്കാന്‍ മടി, നിര്‍ത്താതെയുള്ള കരച്ചില്‍, കടുത്ത വാശി എന്നിവയും നിസ്സാരമാവണമെന്നില്ല.
  • കുഞ്ഞിനു ഭക്ഷണം കഴിക്കാന്‍/ ശരീരത്തില്‍ ഭക്ഷണം നിലനിര്‍ത്താന്‍ കഴിയുന്നില്ലെങ്കില്‍ ഉടന്‍ വൈദ്യസഹായം തേടണം. പേരിനു കുറച്ചു തിന്നാന്‍ വേണ്ടായ്ക എല്ലാ പനിക്കും പറഞ്ഞിട്ടുള്ളതാണ്. പക്ഷെ, കുഞ്ഞ് ഒന്നും കഴിക്കാന്‍ കൂട്ട് വെക്കുന്നില്ലെങ്കിലോ, കഴിക്കുന്നത്‌ മുഴുവന്‍ ഛർദ്ദിക്കുകയോ വയറിളക്കം അനുഭവപ്പെടുകയോ ചെയ്‌താല്‍ ഉടന്‍ ആശുപത്രിയില്‍ എത്തിക്കണം. നിര്‍ജലീകരണം മുതിര്‍ന്നവരേക്കാള്‍ വേഗത്തില്‍ കുഞ്ഞുങ്ങളെ തളര്‍ത്തും. മൂത്രത്തിന്റെ അളവ് പ്രത്യേകം ശ്രദ്ധിക്കണം. ശരീരത്തിലെ ജലാംശം ക്രമാതീതമായി കുറഞ്ഞാല്‍ വൃക്കയുടെ പ്രവര്‍ത്തനം താല്‍ക്കാലികമായി തകരാറിലാകാം. കുഞ്ഞ് തീരെ മൂത്രമൊഴിക്കാതിരിക്കുന്ന അവസ്ഥ അപകടകരമാണ്.
  • കുട്ടി വിളിച്ചിട്ട് മിണ്ടാതിരിക്കുകയോ ബോധം മറയുകയോ അപസ്മാരലക്ഷണം കാണിക്കുകയോ ചെയ്‌താല്‍ ഒരു കാരണവശാലും വെച്ച് താമസിപ്പിക്കരുത്.
  • ശരീരത്തില്‍ ചുവന്ന പൊങ്ങിയ പാടുകള്‍ ഉണ്ടായാല്‍ പ്രത്യേകം ശ്രദ്ധിക്കണം. അഞ്ചാംപനി, ചിക്കന്‍പോക്സ്, തക്കാളിപ്പനി, ഡെങ്കിപ്പനി തുടങ്ങി ചില മരുന്നുകളുടെ അലര്‍ജിയായി പോലും ദേഹത്ത് പാടുകള്‍ വരാം. ചുവന്ന പാടുകളുടെ കാരണം തീരുമാനിക്കേണ്ടത് ഡോക്ടര്‍ ആണ്. കുഞ്ഞുങ്ങള്‍ക്ക്‌ കൃത്യമായി കുത്തിവെപ്പുകള്‍ എടുത്തു എന്നുറപ്പ് വരുത്തേണ്ടത് രക്ഷിതാക്കളുടെ ഉത്തരവാദിത്ത്വവും.
  • കുഞ്ഞിന്റെ ശ്വസനത്തില്‍ ഉള്ള വ്യതിയാനം, പുറത്തേക്ക് കേള്‍ക്കുന്ന വലിവ്, കുറുകുറുപ്പ് എന്നിവയും അവഗണിക്കരുത്.

ഇതിലേത് തന്നെയായാലും കുഞ്ഞിന് കൃത്യമായ വൈദ്യസഹായം ലഭിച്ചെന്നു ഉറപ്പ് വരുത്തെണ്ടതുണ്ട്. തീര്‍ന്നിട്ടില്ല, ആശുപത്രിയില്‍ എത്തിക്കഴിഞ്ഞും ശ്രദ്ധിക്കേണ്ട കാര്യങ്ങളുണ്ട്.

  • രോഗലക്ഷണങ്ങള്‍, നിങ്ങള്‍ എഴുതി രേഖപ്പെടുത്തിയ temperature chart ഉള്‍പ്പെടെ ഡോക്ടറുമായി പങ്കു വെക്കുന്നത് രോഗനിര്‍ണയം എളുപ്പമാക്കും. ഓര്‍ക്കുക, ചികിത്സിക്കേണ്ടത് പനിയെ അല്ല, പനിയുടെ കാരണത്തെയാണ്. അതിനു നിങ്ങളുടെ സഹായം കൂടിയേ തീരൂ.
  • ശരീരതാപനില ക്രമാതീതമായി കൂടുന്നത് അഞ്ചു വയസ്സിനു താഴെയുള്ള കുട്ടികള്‍ക്ക് അപസ്മാരമുണ്ടാക്കാം (febrile seizure). ഈ കാരണം കൊണ്ട് തന്നെയാണ് അവര്‍ക്ക് പനി തുടങ്ങുമ്പോള്‍ തന്നെ നനച്ചു തുടക്കാനും മരുന്ന് കൊടുക്കാനും ശ്രദ്ധിക്കണമെന്ന് ആവര്‍ത്തിച്ചു പറയുന്നത്.

പനി കൂടി അപസ്മാരം വന്ന കുട്ടികളുടെ രക്ഷിതാക്കള്‍ കുഞ്ഞിനു വീണ്ടും പനിക്കുന്നു എന്ന് കണ്ടാല്‍ ഉടന്‍ തന്നെ പനിക്കുള്ള മരുന്നും നനച്ചു തുടക്കലും ആരംഭിക്കണം. കൂടാതെ, ഡോക്ടര്‍ പറഞ്ഞു തന്ന മറ്റു മുന്‍കരുതലുകളും എടുക്കണം (അപസ്മാരം തടയാനുള്ള ഗുളിക ഉള്‍പ്പെടെയുള്ളവ). ഫെബ്രൈല്‍ സീഷര്‍ എന്ന ഈ അപസ്മാരം നിങ്ങളുടെ കുഞ്ഞിന്റെ മസ്തിഷ്കത്തെ സാരമായി ബാധിക്കുമെന്നോ അവരുടെ ബൗദ്ധികവളര്‍ച്ചയെ തകിടം മറിക്കുമെന്നോ ഒന്നും ഭയപ്പെടേണ്ടതില്ല എന്ന് മാത്രമല്ല, ആറ് വയസ്സോടെ ഈ അവസ്ഥ ഏതാണ്ട് പൂര്‍ണമായും മാറുകയും ചെയ്യും.

ഈ കുട്ടികള്‍ക്കുള്ള മരുന്ന് എപ്പോഴും കൈയെത്തുന്നിടത്ത് ഉണ്ടായിരിക്കണം. പക്ഷെ, കുട്ടികള്‍/വൃദ്ധര്‍/മാനസിക രോഗികള്‍ എന്നിവര്‍ക്ക് കിട്ടുന്ന രീതിയില്‍ ഒരു മരുന്നും ഉണ്ടാകാന്‍ പാടുള്ളതല്ല.

  • കുത്തിവെപ്പ് വഴിയുള്ള മരുന്നുകള്‍ക്ക് മാതാപിതാക്കള്‍ അങ്ങോട്ട്‌ ആവശ്യപ്പെടുന്നത് കാണാറുണ്ട്‌. പാരസെറ്റമോള്‍ ഉള്‍പ്പെടെയുള്ള മരുന്നുകള്‍ കുഞ്ഞിനു വായിലൂടെ കൊടുക്കാന്‍ കഴിയുമെങ്കില്‍ അത് തന്നെയാണ് നല്ലത്. അനാവശ്യമായി കുത്തിവെക്കുമ്പോള്‍ കുഞ്ഞിനുണ്ടാകുന്ന വേദന, മുറിവ്, അണുബാധക്കുള്ള സാധ്യത എന്നിവ മനസ്സില്‍ കാണണം. ഒരല്പം വേഗത്തില്‍ മരുന്ന് പ്രവര്‍ത്തിക്കും , മരുന്ന് വയറ്റില്‍ അസ്വസ്ഥത ഉണ്ടാക്കാനുള്ള സാധ്യത കുറയും എന്നീ കാരണങ്ങള്‍ ഒഴിച്ചാല്‍ പ്രത്യേകിച്ചു ഗുണമൊന്നും കുത്തിവെപ്പ് നല്‍കുന്നത് കൊണ്ടില്ല.അത്യാവശ്യമെങ്കില്‍ അല്ലാതെ ഒരു കുഞ്ഞിനും കുത്തിവെപ്പുകള്‍ ഡോക്ടര്‍മാര്‍ നിര്‍ദേശിക്കില്ല. ചികിത്സ ഏത് വിധത്തില്‍ വേണമെന്നത് ഡോക്ടറുടെ തീരുമാനമാണ്. അദ്ദേഹത്തെ വിശ്വസിക്കുക.
  • മുലയൂട്ടുന്ന കുഞ്ഞിനു ഏതൊരു അസ്വസ്ഥത ഉണ്ടെങ്കിലും മുലയൂട്ടല്‍ തുടരുക തന്നെ വേണം. മറ്റേതൊരു മരുന്നിനോളം തന്നെ പ്രാധാന്യമുള്ളതാണ് അമ്മയുടെ ശരീരം കുഞ്ഞിനായി മാത്രമുണ്ടാക്കുന്ന ഈ അമൃത്. ഛർദ്ധിയോ വയറിളക്കമോ പനിയോ കരച്ചിലോ പാല് കൊടുക്കാതിരിക്കാനുള്ള കാരണമല്ല.

അവസാനം പതിവ് പോലെ പനി എങ്ങനെ തടയാം എന്ന ചോദ്യത്തില്‍ എത്തിയ സ്ഥിതിക്ക് അത് കൂടി പറയാം. പനി വരുന്നത് പേടിക്കേണ്ട കാര്യമൊന്നുമല്ല. അല്പം വിവേകത്തോടെ പനിയെ കാണാന്‍ പഠിച്ചാല്‍ മാത്രം മതി. നവജാതരില്‍ പനി സാധാരണമല്ലാത്തത് കൊണ്ട് പ്രത്യേകം ശ്രദ്ധിക്കുക.അംഗന്‍വാടിയില്‍ ചേര്‍ന്ന പൂമ്പാറ്റക്കുഞ്ഞുങ്ങള്‍ക്ക് കൂട്ടമായൊരു പനി പതിവാണ്. ആദ്യമായി അവര്‍ സമൂഹവുമായി ഇടപഴകിയതല്ലേ, അതുണ്ടാകും. അവരിനിയും പോയി പാടിയും പഠിച്ചുമിരിക്കട്ടെ. അവരെ തടയേണ്ട.

അല്പം മുതിര്‍ന്നു കഴിഞ്ഞ കുസൃതിക്കുടുക്കകള്‍ക്ക് പനി വന്നാല്‍ അവരെ നനച്ചും തുടച്ചും നെഞ്ചോടു ചേര്‍ത്തുമിരിക്കുക. കുറുമ്പ് കൂടുകയോ വയ്യാതാവുകയോ ചെയ്‌താല്‍ നമുക്ക് ഡോക്ടറെ കാണിക്കാം. പിന്നെ, ഡോക്ടറുടെ നിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കാം. വാക്സിനുകള്‍ ചില പനികളില്‍ നിന്നവരെ രക്ഷിക്കും. അതവരുടെ അവകാശവും അവര്‍ക്ക് നല്‍കല്‍ നമ്മുടെ കടമയുമാണ്. അത് മറക്കാതിരിക്കാം. അവര്‍ക്ക് നല്ല ഭക്ഷണമുണ്ടാക്കി നല്‍കാം. അവരോടൊപ്പം കളിയ്ക്കാന്‍ കൂടാം, അവരറിയാതെ അവരുടെ വളര്‍ച്ച കാണാം, കൗതുകം കൊള്ളാം .

ചെറിയ ഉവ്വാവു ഒന്നും സാരമില്ലെന്നേ…കുഞ്ഞുങ്ങളല്ലേ…

ലേഖകർ
Dr.Shimna Azeez. General practitioner. Graduate in BA.Communicative English from CMS College, Kottayam. Completed MBBS from KMCT Medical College, Mukkom, Kozhikode. Currently works as Tutor in Community Medicine at Government Medical College, Manjeri. Her first book 'Pirannavarkum Parannavarkumidayil' was recently published by DC books.
ചിത്രകാരൻ
Design Co-ordinator, Infoclinic.

മികച്ച വർഗ്ഗങ്ങൾ

എല്ലാ വർഗ്ഗങ്ങളും
പൊതുജനാരോഗ്യം

284 ലേഖനങ്ങൾ

Current Affairs

240 ലേഖനങ്ങൾ

കോവിഡ്-19

236 ലേഖനങ്ങൾ

ആരോഗ്യ അവബോധം

115 ലേഖനങ്ങൾ

സുരക്ഷ

64 ലേഖനങ്ങൾ

ശിശുപരിപാലനം

59 ലേഖനങ്ങൾ

കിംവദന്തികൾ

53 ലേഖനങ്ങൾ

Infectious Diseases

52 ലേഖനങ്ങൾ

Medicine

45 ലേഖനങ്ങൾ