പനിക്കാലം – കൊവിഡ് പഠിപ്പിച്ച പാഠം
മഴക്കാലം എത്തി, പനിക്കാലവും…
അതിനിപ്പോ ഇനി ഇതിൽ കൂടുതലെന്തു വരാൻ…. കോവിഡല്ലേ കൊവിഡ് …
അതെ, കൊവിഡും ജലദോഷപ്പനികളും ഒരേ തൂവൽ പക്ഷികളാണ് ; പ്രതിരോധമാർഗങ്ങളും ഒരുപോലെയാണ് … ആ വഴി നമുക്കൊന്ന് സഞ്ചരിച്ചാലോ…
ജലദോഷപ്പനി
മൂക്കൊലിപ്പ്, തുമ്മൽ, ചുമ, തൊണ്ട വേദന, തലവേദന, പനി… ഈ ലക്ഷണങ്ങളെ നമ്മൾ ജലദോഷം /ജലദോഷപ്പനി എന്നിങ്ങനെ ചെല്ലപേരിട്ടു വിളിച്ചു പോന്നു…
ഒരിക്കലെങ്കിലും ആശാനെ ഒന്ന് കൂടെ കൂട്ടിയിട്ടില്ലാത്തവർ ഉണ്ടാകില്ല. ഒന്ന് രണ്ടു ദിവസം ചൂട് കാപ്പിയും കഞ്ഞിയും ഒക്കെ കുടിച്ചു, മൂടി പുതച്ചുറങ്ങി എണീക്കുമ്പോഴേക്കും മിക്കവാറും പുള്ളി സ്ഥലം വിടും, അപ്പോഴേക്കും അടുത്ത ഇരയെ പുള്ളി കണ്ടു വച്ചിച്ചിട്ടുണ്ടാകും, 2-3 ദിവസങ്ങൾക്കുള്ളിൽ വീട്ടിലെ അടുത്തയാൾ പനിക്കിടക്കയിൽ…. ഇതിനിടയിൽ കടയിൽ പോക്ക്, ആശുപത്രിയിൽ പോക്ക്, ഒഴിവാക്കാനാകാത്ത ഒരു കല്യാണം; ഇവിടെയൊക്കെയുള്ള തിക്കും തിരക്കും.. അപ്പോഴേക്കും രോഗികൾ രണ്ടായി നാലായി എട്ടായി അങ്ങനെയങ്ങനെ പ്രദേശത്തെ മിക്ക കുടുംബങ്ങളും ആ വിരുന്നുകാരനു ആതിഥ്യം അരുളി സന്തോഷമായി യാത്രയാക്കുന്നു, ഇടയ്ക്കു ഒന്നോ രണ്ടോ കുടുംബങ്ങളിൽ ആശാൻ ചില്ലറ പ്രശ്നങ്ങൾ ഉണ്ടാക്കി; അഞ്ചാറു പേര് ആശുപത്രിയിൽ അഡ്മിറ്റ് ആകുന്നു , തമ്മിൽ ദുർബ്ബലൻ നിർഭാഗ്യവശാൽ മരണപ്പെടുകയും ചെയ്യുന്നു…
ഇതാണ് ഒരു സാധാരണ പനി സീസണിൽ നമ്മുടെ നാട്ടിൽ സംഭവിക്കുന്നത്.
ഇൻഫ്ലുൻസ, പാരാ ഇൻഫ്ലുൻസ, റൈനോ വൈറസ്, അഡിനോ വൈറസ്, റെസ്പിറേറ്ററി സിന്സിഷ്യൽ വൈറസ് എന്നിവയാണ് സാധാരണ ഈ പകർച്ചപ്പനിക്ക് കാരണക്കാർ…
കൊവിഡും ജലദോഷപ്പനികളും…
സാമ്യങ്ങൾ:
രോഗലക്ഷണങ്ങൾ :
മൂക്കൊലിപ്പ്, തുമ്മൽ, ചുമ, തൊണ്ട വേദന, തലവേദന, പനി. രോഗലക്ഷണങ്ങളുടെ തീവ്രതയിൽ വലിയ ഏറ്റക്കുറച്ചിലുകൾ കണ്ടു വരുന്നു. ലക്ഷണങ്ങൾ ഇല്ലാതെയും രോഗം വരാം.
രോഗവ്യാപന രീതി:
ശ്വസന സ്രവങ്ങളിലൂടെയോ, രോഗാണു പതിക്കുന്ന പ്രതലങ്ങളിൽ സ്പർശിക്കുന്നതിലൂടെയോ ആണ് പകരുന്നത്.
പ്രതിരോധം:
ശാരീരിക അകലം, കൈകളുടെ ശുചിത്വം, മാസ്‌കുകളുടെ ഉപയോഗം എന്നീ പ്രതിരോധമാർഗങ്ങൾ ഫലപ്രദമാണ്.
വ്യത്യാസങ്ങൾ
ഇൻക്യൂബേഷൻ പീരിയഡ് (രോഗാണു ശരീരത്തിൽ പ്രവേശിച്ച ശേഷം രോഗലക്ഷണങ്ങൾ വരുന്നത് വരെയുള്ള സമയം) കോവിഡിനു കൂടുതലാണ്.
ഒരു രോഗിയിൽ നിന്നും സമ്പർക്കത്തിൽ വരുന്ന ശരാശരി 2-3 ആളുകൾക്ക് കൊവിഡ് പകരുന്നു. സാധാരണ വൈറൽ പനികളേക്കാൾ കൂടുതലാണിത്.
ഇതുവരെ ലഭ്യമായ വിവരങ്ങൾ അനുസരിച്ചു സാധാരണ ജലദോഷപ്പനികളെ അപേക്ഷിച്ചു തീവ്രതയേറിയ ലക്ഷണങ്ങളുള്ളവരുടെ നിരക്കും മരണ നിരക്കും കൊവിഡിന് കൂടുതലാണ്. കൊവിഡ് 80% രോഗികളിൽ വളരെ തീവ്രത കുറഞ്ഞ ലക്ഷണങ്ങളോടെ / ഒരു ലക്ഷണങ്ങളും ഇല്ലാതെയും, 15% തീവ്രമായ ലക്ഷണങ്ങളോട് കൂടിയും, 5% രോഗികളിൽ വെന്റിലേറ്റർ ഉൾപ്പടെയുള്ള ക്രിട്ടിക്കൽ കെയർ വേണ്ടി വരുന്ന സ്ഥിതിയും വരാം. 3-4% മരണനിരക്കും കണ്ടു വരുന്നു (കേരളത്തിൽ ഇതു 1 ശതമാനത്തിൽ താഴെയാണ്).
കൊവിഡിനെതിരെയുള്ള വാക്‌സിൻ പരീക്ഷണഘട്ടത്തിലാണ്, ഇൻഫ്ലുൻസക്കെതിരെ ഫ്ലൂ വാക്‌സിൻ ചില രാജ്യങ്ങളിൽ നൽകി വരുന്നുണ്ട്.
ഇത്രയൊക്കെ ഭീകരനായിട്ടും കൊവിഡിനോടുള്ള യുദ്ധത്തിൽ നമ്മൾ തളർന്നില്ല ;സോപ്പും സാനിറ്റൈസറും ശാരീരിക അകലവും മാസ്കും ഒക്കെയായി നമ്മൾ പോരാട്ടം തുടരുന്നു.
ഈ പ്രതിരോധ മാർഗങ്ങൾ ജലദോഷപ്പനികളിൽ നിന്നും നമ്മളെ സംരക്ഷിക്കും എന്നത് മറക്കേണ്ട…
അതിനാൽ തന്നെ, കൊവിഡിൽ നിന്ന് രക്ഷ നേടിയ ശേഷവും ഈ പ്രതിരോധമാർഗങ്ങൾ എല്ലാ കാലവും നമ്മുടെ കൂടെ ഉണ്ടാകണം…
കൈകളുടെ ശുചിത്വം പ്രധാനം.
ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും തൂവാല കൊണ്ടു വായും മൂക്കും മറയ്ക്കുക.
പൊതുസ്ഥലങ്ങളിൽ തുപ്പരുത്.
ഇടയ്ക്കിടെ മുഖത്തു സ്പർശിക്കുന്ന ശീലം ഒഴിവാക്കുക.
പനി സീസണിൽ ആശുപത്രിയിലെ തിക്കും തിരക്കും രോഗവ്യാപനത്തിനു കാരണമായേക്കാം.
അനാവശ്യ ആശുപത്രി /രോഗീ സന്ദർശനം ഒഴിവാക്കുക.
രോഗലക്ഷണങ്ങളുള്ളവർ മാസ്ക് ധരിക്കുക.
രോഗലക്ഷണങ്ങൾ ഉള്ളവർ പ്രായമായവർ, കുഞ്ഞുങ്ങൾ, മറ്റു രോഗങ്ങൾ ഉള്ളവരുമായി അടുത്ത് ഇടപഴകാതെയിരിക്കുക.
രോഗലക്ഷണമുള്ളവർ വീടിനുള്ളിൽ , പറ്റുമെങ്കിൽ ഒരു മുറിയിൽ തന്നെ കഴിയാൻ ശ്രമിക്കുക. അനാവശ്യ യാത്രകളും ബന്ധു/സുഹൃത്ത് സന്ദർശനങ്ങളും പൊതു പരിപാടികളും ഒഴിവാക്കുക.
നമ്മുടെ രോഗം നമ്മളിൽ നിന്ന് മറ്റൊരാൾക്ക് കൂടി പകരാതിരിക്കേണ്ടത് നമ്മുടെ ഉത്തരവാദിത്തം ആണെന്ന് ഓരോരുത്തരും ഓർക്കണം…
ചുരുക്കി പറഞ്ഞാൽ കൊവിഡ് ഒരു നല്ല അധ്യാപകനാണ്; കഴിഞ്ഞു പോയ പനിക്കാലങ്ങൾ എങ്ങനെയായിരുന്നു നേരിടേണ്ടിയിരുന്നത് എന്ന് നമ്മളെ പഠിപ്പിച്ച അധ്യാപകൻ. ഈ ശുചിത്വ പാഠങ്ങൾ നമ്മളോടൊപ്പം ഉണ്ടായാൽ ഇനി വരുന്ന പനിക്കാലങ്ങളും നമുക്ക് കാര്യക്ഷമമായി നേരിടാം…
ഈ പാഠങ്ങൾ ഉൾക്കൊണ്ട് രോഗം പടരാതിരിക്കാനുള്ള എല്ലാ മുൻകരുതലും നമുക്ക് പാലിക്കാം, നല്ലൊരു നാളെക്കായി….