· 6 മിനിറ്റ് വായന

ഫൈബ്രോമയാൾജിയ

Medicine
ജനറൽ ഓപ്പിയിൽ ഇരുന്നിരുന്ന കാലത്താണ് സാംക്രമിക രോഗങ്ങളൊഴിച്ചാൽ ഏറ്റവുമധികം ആളുകൾക്കു കണ്ടുവരുന്ന പരാതി വിവിധതരം വേദനകളാണ് എന്നു മനസ്സിലായത്. പ്രായം ചെന്നവർക്ക് സന്ധിവേദന, ഭാരം കൂടിയവർക്ക് പുറം വേദന, താഴേക്കു നോക്കി ജോലി ചെയ്യുന്നവർക്ക് കഴുത്തു വേദന തുടങ്ങി പലതരം വേദനകൾ. എന്നാൽ എത്ര നോക്കിയാലും കാരണമൊന്നും കണ്ടെത്താനാകാത്ത ചില വേദനകളും ഇക്കൂട്ടത്തിൽ കാണും.കാരണം കണ്ടുപിടിക്കപെടാതെ ഇതിൽ പലരും പല ആശുപത്രികൾ കയറി ഇറങ്ങിയിട്ടുണ്ടാകും. രോഗികളെ പോലെ തന്നെ ഡോക്ടർമാരെയും കുഴക്കുന്ന ഒരവസ്ഥയാണ് ഇത്.
ഇത്തരത്തിൽ ശരീരമാസകലം വേദനയും അതിനൊപ്പം ശ്രദ്ധക്കുറവ്, ഉറക്കക്കുറവ്, ക്ഷീണം തുടങ്ങിയ ലക്ഷണങ്ങളോടെയും കാണുന്ന ഒരു രോഗാവസ്ഥയാണ് ഫൈബ്രോമയാൾജിയ. മുതിർന്നവരിൽ ഏകദേശം 2 മുതൽ 8% പേരെ ബാധിക്കാവുന്ന ഈ അവസ്ഥ റൂമറ്റോളജി ഓപ്പിയിൽ എത്തുന്ന രോഗികളിൽ കാണുന്ന രണ്ടാമത്തെ സാധാരണമായ അസുഖമാണ്. അവ്യക്തമായ രോഗലക്ഷണങ്ങൾ മൂലം കൃത്യമായ ചികിത്സ ഇവർക്ക് സമയത്തു ലഭിക്കാറില്ല എന്നതാണ് ഏറ്റവും സങ്കടകരമായ വസ്തുത. മരണകാരണമാകാൻ സാധ്യത കുറഞ്ഞ അവസ്ഥയാണെങ്കിലും, ഇതിലൂടെ കടന്നുപോകുന്ന വ്യക്തികൾ അനുഭവിക്കുന്ന ദുരിതങ്ങൾ വളരെ വലുതാണ്. പലർക്കും വ്യക്തിപരമായും സാമൂഹ്യമായും വളരെയധികം നഷ്ടങ്ങൾ ഉണ്ടാക്കുകയും ജീവിതത്തിൻ്റെ നിലവാരം കുറയ്ക്കുകയും ചെയ്യുന്ന രോഗാവസ്ഥയാണിത്.
?ചരിത്രത്തിലൂടെ…
ഏകദേശം പതിനേഴാം നൂറ്റാണ്ടു മുതലാണ് ഇത്തരം ഒരു രോഗാവസ്ഥയെക്കുറിച്ച് വൈദ്യശാസ്ത്രം ശ്രദ്ധിച്ചു തുടങ്ങിയത്. ശാരീരികമായ കാരണങ്ങൾ കണ്ടെത്താൻ സാധിക്കാത്തതുകൊണ്ട് പലപ്പോഴും ഇതിനെ ഒരു മാനസിക രോഗാവസ്ഥ എന്ന നിലയിലാണ് വൈദ്യശാസ്ത്രം കണ്ടിരുന്നത്. മസ്കുലാർ റുമാറ്റിസം, ന്യൂറസ്തീനിയ തുടങ്ങിയ പേരുകളിലാണ് ആദ്യ കാലങ്ങളിൽ ഈ രോഗം അറിയപ്പെട്ടിരുന്നത്. ഇത് ഒരു രോഗാവസ്ഥ ആണെന്ന് അമേരിക്കൻ മെഡിക്കൽ അസോസിയേഷൻ അംഗീകരിച്ചതും, ഫൈബ്രോമയാൾജിയ എന്ന പേര് നൽകപെട്ടതും 1980 കളിലാണ്. 2007ലാണ് ഇതിനായി ഒരു മരുന്ന് അംഗീകരിക്കപ്പെട്ടത്.
?ലക്ഷണങ്ങൾ
?ശരീരമാസകലം ബാധിക്കുന്ന, വളരെക്കാലം നീണ്ടു നിൽക്കുന്ന, സാധരണ വേദനസംഹാരികൾ കൊണ്ട് കാര്യമായ മാറ്റമുണ്ടാകാത്ത വേദനയാണ് പ്രധാന ലക്ഷണം. ശരീരത്തിന് ഇരുവശത്തും, അരയ്ക്കു മുകളിലും താഴെയുമായി ഏതാണ്ട് എല്ലാ മസിലുകൾക്കും വേദനയുണ്ടാകും.
?വേദനക്കൊപ്പം എപ്പോഴും ക്ഷീണം തോന്നുകയും, ഒന്നും ചെയാനുള്ള ഊർജ്ജസ്വലതയില്ലാത്ത അവസ്ഥയുമുണ്ടാകാം.
?രാത്രിയിൽ നല്ല രീതിയിൽ ഉറങ്ങാനും ഇവർക്ക് സാധിക്കാറില്ല. രാവിലെ എണീക്കുമ്പോൾ ക്ഷീണവും നല്ല ഉറക്കം ലഭിച്ചില്ല എന്ന തോന്നലും ഉണ്ടാകാം.
?ഇതോടൊപ്പം ശ്രദ്ധക്കുറവ്, ചിന്താ ശേഷിയിലുള്ള കുറവ് ഇവയും കാണാം. അതുകൊണ്ടു തന്നെ പഠനം, ജോലി ഒക്കെ അവതാളത്തിലാകാം.
?ശാരീരിക ബുദ്ധിമുട്ടുകൾക്കൊപ്പം വിഷാദം, ഉത്കണ്ഠാരോഗം തുടങ്ങിയ മാനസിക രോഗാവസ്ഥകളും ഇതിൽ പലർക്കും ഉണ്ടാകാം.
?കാഴ്ചയ്ക്കുള്ള ബുദ്ധിമുട്ടുകൾ, ഓർക്കാനം, വയറ്റിൽ എരിച്ചിൽ, ആർത്തവ സംബന്ധമായ ബുദ്ധിമുട്ടുകൾ ഇങ്ങനെ പല ശാരീരിക അസ്വസ്ഥതകളും ഇവർക്ക് ഉണ്ടാകും.
?കാരണങ്ങൾ
കൃത്യമായ കാരണം കണ്ടെത്താൻ ഇതുവരെ സാധിച്ചിട്ടില്ലങ്കിലും, ഫൈബ്രോമയാൾജിയക്ക് കാരണമാകുന്ന പല ഘടകങ്ങളും കണ്ടെത്തിയിട്ടുണ്ട്.
?ജനിതകപരമായ കാരണങ്ങൾ – കുടുംബത്തിൽ ആർക്കെങ്കിലും ഈ അവസ്ഥയുണ്ടെങ്കിൽ മറ്റുള്ളവർക്ക് വരാനുള്ള സാധ്യത ഏകദേശം 8 മടങ്ങാണ്. ചില നാഡീരസങ്ങളുടെ പ്രവർത്തനവുമായി ബന്ധപ്പെട്ട ജീനുകളിലെ വ്യതിയാനങ്ങൾ ഈ അവസ്ഥയുള്ളവരിൽ കണ്ടെത്തിയിട്ടുണ്ട്.
?തലച്ചോറിലെ മാറ്റങ്ങൾ: വേദന അറിയാൻ നമ്മളെ സഹായിക്കുന്ന നാഡികളും, തലച്ചോറിലെ ഭാഗങ്ങളും ഈ അവസ്ഥയുള്ളവരിൽ കൂടുതൽ സെൻസിറ്റീവ് ആണെന്ന് പഠനങ്ങൾ കണ്ടെത്തിയിട്ടുണ്ട്. മറ്റുള്ളവർക്ക് വേദന തോന്നാത്ത സംവേദങ്ങൾ പോലും അതുകൊണ്ടു ഈ അവസ്ഥയുള്ളവർക്കു വേദനയായി അനുഭവപ്പെടും. ഇത്തരത്തിലുള്ള സെൻട്രൽ സെൻസിറ്റിവിറ്റി സിൻഡ്രോമുകളുടെ കൂട്ടത്തിലാണ് നിലവിൽ ഫൈബ്രോമയാൾജിയ എന്ന അവസ്ഥ കണക്കാക്കപ്പെടുന്നത്.
?നാഡീരസങ്ങളിലെ മാറ്റങ്ങൾ: വേദന കൂട്ടുന്ന നാഡീരസങ്ങളായ സബ്സ്റ്റൻസ് പി, ഗ്ലുട്ടാമേറ്റ് ഇവ ഫൈബ്രോമയാൾജിയയിൽ കൂടിയിരിക്കുന്നതായും, അതോടൊപ്പം വേദന കുറക്കുന്ന സെറോട്ടോണിൻ, നോർ അഡ്രിനാലിൻ എന്നിവ കുറഞ്ഞിരിക്കുന്നതായും പഠനങ്ങൾ കണ്ടെത്തിയിട്ടുണ്ട്. ഈ മാറ്റങ്ങളെയാണ് ഫൈബ്രോമയാൾജിയയിലെ മരുന്നു ചകിത്സ ലക്ഷ്യം വെക്കുന്നത്.
?ചില അണുബാധകൾ, വാതസംബന്ധമായ ചില രോഗാവസ്ഥകൾ, പരിക്കുകൾ ഏൽക്കുന്നത്, ചെറുപ്പത്തിൽ ശാരീരികവും മാനസികവുമായ പീഡനങ്ങൾ അനുഭവിക്കുന്നത്, നിലവിലെ മാനസിക സമ്മർദ്ദം ഇവയൊക്കെ ഈ അവസ്ഥ മോശമാകാൻ കാരണമാകാം.
?രോഗനിർണയം
ഫൈബ്രോമയാൾജിയ നിർണയിക്കുന്നതിന് ടെസ്റ്റുകൾ ഒന്നും തന്നെയില്ല. മറ്റു കാരണങ്ങളൊന്നും കണ്ടെത്താൻ സാധിക്കാതെ മുകളിൽ പറഞ്ഞ ലക്ഷണങ്ങൾ മൂന്നു മാസത്തിലധികം ഉണ്ടെങ്കിൽ ഈ രോഗം സംശയിക്കാനുള്ള ഒരു പ്രധാന കാരണം അതുതന്നെ. ലക്ഷണങ്ങൾ മുൻനിർത്തിക്കൊണ്ടുള്ള ക്ലിനിക്കൽ മാനദണ്ഡങ്ങൾ ഉപയോഗിച്ചാണ് ഡോക്ടർ ഈ രോഗനിർണയത്തിൽ എത്തുക.
കൃത്യമായ രോഗനിർണയത്തിന് സഹായിക്കാൻ അമേരിക്കൻ കോളേജ് ഓഫ് റൂമറ്റോളജി 2010ൽ പുതുക്കിയ മാർഗ്ഗനിർദ്ദേശങ്ങൾ പുറത്തിറക്കിയിട്ടുണ്ട്. ഇതിനായി രോഗമുള്ള വ്യക്തിയുടെ ലക്ഷണങ്ങളുടെ തീവ്രത കൃത്യമായി അറിയാൻ സാധിക്കുന്ന രണ്ടു തോതുകൾ(scales) ആണ് ഉപയോഗിക്കുന്നത്. പരമാവധി സ്കോർ 19 ആണ്.
വൈഡ്സ്പ്രെഡ് പെയ്ൻ ഇൻഡക്സ്(WPI): ശരീരത്തിലെ 19 പോയിന്റുകൾ പരിശോധിച്ച് അവിടെ അനുഭവപ്പെടുന്ന വേദനയുടെ തീവ്രത അറിയാൻ സഹായിക്കുന്ന സ്കെയിൽ ആണിത്.
സിംപ്ടം സിവിയരിറ്റി ഇൻഡക്സ്(SS): ഉറക്ക കുറവ്, ക്ഷീണം, ശ്രദ്ധക്കുറവ്, മറ്റു അസ്വസ്ഥതകൾ ഇവയുടെ തീവ്രത അറിയാനുള്ള തോത്. മാക്സിമം സ്കോർ 12 ആണ്.
WPI സ്കോർ ഏഴോ അതിൽ കൂടുതലോ,ഒപ്പം SS സ്‌കോർ 5ൽ കൂടുതലോ, അല്ലെങ്കിൽ WPI സ്കോർ 3-6നും ഇടയിലോ ,SS സ്‌കോർ 9ൽ കൂടുതലോ ഉണ്ടെങ്കിൽ, അതിനൊപ്പം ഈ ലക്ഷണങ്ങൾ മൂന്ന് മാസമെങ്കിലും നീണ്ടു നിൽക്കുകയും ഈ ലക്ഷണങ്ങൾക്കു മറ്റു കാരണങ്ങൾ കണ്ടെത്താൻ സാധിക്കാതെ വരികയും ചെയ്യുമ്പോഴാണ് ഒരാൾക്ക് ഫൈബ്രോമയാൾജിയ ഉണ്ടെന്നു കരുതുന്നത്.
?ചികിത്സ
എല്ലവർക്കും മരുന്നുചികിത്സ ആവശ്യമില്ല. ജീവിത ശൈലിയിലുള്ള ആരോഗ്യകരമായ മാറ്റങ്ങൾ ഈ രോഗത്തിൻ്റെ രൂക്ഷത കുറയ്ക്കുന്നതിനു വളരെയേറെ സഹായിക്കും. രോഗ തീവ്രത അനുസരിച്ചു വിവിധ തരത്തിലുള്ള ചികിത്സ ലഭ്യമാണ്.
?ബോധവൽകരണം: മുകളിൽ സൂചിപ്പിച്ചതുപോലെ, ഈ വ്യക്തികളിൽ പലരും എന്താണ് തനിക്കു സംഭവിക്കുന്നത് എന്ന് അറിയാൻ പറ്റാതെ കുറെ നാളുകളായി ആശുപത്രികൾ കയറി ഇറങ്ങുന്നവരാകും. അതുകൊണ്ടു തന്നെ തൻ്റെ രോഗാവസ്ഥ കണ്ടത്തി എന്ന അറിവ് അവർക്കു ഒത്തിരി ആശ്വാസം നൽകുമെന്നാണ് പഠനങ്ങൾ പറയുന്നത്. ചികിത്സയുടെ ആദ്യപടിയായി രോഗത്തെ കുറിച്ചും ലക്ഷണങ്ങളെ കുറിച്ചും, രോഗ കാരണങ്ങളെ കുറിച്ചും വ്യക്തികൾക്കു പറഞ്ഞു നൽകണം.
?ധാരാളം ഉറങ്ങുക :
ഫൈബ്രോമയാള്ജിയ ബാധിച്ചവരുടെ പ്രധാന പരാതി ഉറക്കത്തിൻ്റെ നിലവാരക്കുറവും ഉറക്കത്തിനു ശേഷവും ക്ഷീണം മാറായ്കയും ആയിരിക്കും. എന്നാൽ ചില ശീലങ്ങൾ മെച്ചപ്പെടുത്തുക വഴി ഉറക്കത്തിൻ്റെ നിലവാരം ഉയർത്താൻ സാധിക്കും. വൈകുന്നേരം ആറുമണിക്ക് ശേഷം കഫീൻ അടങ്ങിയ കാപ്പി,ചായ, പെപ്സി തുടങ്ങിയ പാനീയങ്ങൾ കുടിക്കാതിരിക്കുക, കിടപ്പുമുറിയിൽ ശക്തിയേറിയ ലൈറ്റുകളും ശബ്ദശല്യവും ഒഴിവാക്കുക, കിടക്കുന്നതിനു തൊട്ടുമുൻപ് വരെ മൊബൈൽഫോൺ ഉപയോഗിക്കുന്ന ശീലം നിർത്തുക, എല്ലാ ദിവസവും ഒരേ സമയത്ത് കിടന്നുറങ്ങാൻ ശ്രമിക്കുക എന്നിവയൊക്കെ ഉറക്കത്തിൻ്റെ നിലവാരം ഉയർത്തുകയും രോഗലക്ഷണങ്ങളിൽ കുറവുണ്ടാക്കുകയും ചെയ്യും.
?സ്ഥിരമായി വ്യായാമം ചെയ്യുക:
ഓട്ടം, നീന്തൽ പോലെയുള്ള എയറോബിക് വ്യായാമങ്ങൾ ശരീരത്തെ റിലാക്സ് ചെയ്യുകയും തലച്ചോറിലെ എൻഡോർഫിനുകൾ പോലെയുള്ള രാസവസ്തുക്കൾ റിലീസ് ചെയ്യുകയും ചെയ്യും. ഫൈബ്രോമയാൾജിയയിൽ കണ്ടുവരുന്ന ക്ഷീണം, ശരീരവേദന എന്നിവ കുറയുന്നതിന് സ്ഥിരമായ വ്യായാമം സഹായിക്കും എന്നുപറഞ്ഞാൽ ആദ്യം വിശ്വസിക്കാൻ പ്രയാസം തോന്നുമെങ്കിലും അതാണ് സത്യം. ഓരോരുത്തർക്കും യോജിച്ച വ്യായാമമുറകൾ മനസ്സിലാക്കാൻ വേണമെങ്കിൽ ഒരു ഫിസിയോതെറാപ്പിസ്റ്റിൻ്റെ സഹായം തേടാം.
?മാനസികസംഘർഷം കുറയ്ക്കുക:
ആകാംക്ഷയും മാനസികസംഘർഷവും ഫൈബ്രോമയാൾജിയയുടെ ലക്ഷണങ്ങൾ ഗുരുതരമാക്കാം. ഒഴിവാക്കാവുന്ന മാനസിക സംഘർഷങ്ങളിൽ നിന്ന് അകന്നു നിൽക്കുകയും ആകാംക്ഷ ഒഴിവാക്കാൻ സഹായിക്കുന്ന നല്ല ശീലങ്ങൾ പിന്തുടരുകയും വേണം. ചിലരിൽ വിഷാദം പോലെയുള്ള രോഗാവസ്ഥകളും ഉണ്ടാകാം. കോഗ്നിറ്റീവ് ബിഹേവിയറൽ തെറാപ്പി, റിലാക്സേഷൻ വ്യായാമങ്ങൾ തുടങ്ങിയവ ഒരു മാനസികാരോഗ്യ ഡോക്ടറുടെ സഹായത്തോടെ പരിശീലിക്കുന്നത് ബുദ്ധിമുട്ടുകൾ കുറയാൻ സഹായിക്കും.
?മരുന്ന് ചികിൽസകൾ
മറ്റു ചികിൽസകൾ കൊണ്ടൊന്നും ആശ്വാസം ലഭിച്ചില്ലെങ്കിൽ മരുന്നുകൾ ഉപയോഗിച്ചുള്ള ചികിത്സയും ഫൈബ്രോമയാൾജിയയ്ക്ക് ലഭ്യമാണ്. വല്ലപ്പോഴും മാത്രം ബുദ്ധിമുട്ടുള്ള ആളുകളിൽ പാരസെറ്റമോൾ പോലെയുള്ള വേദനാസംഹാരികൾ ഉപയോഗിച്ച് വേദന നിയന്ത്രിക്കാൻ സാധിച്ചേക്കും. മറ്റു ചിലരിലാകട്ടെ നാഡീവ്യൂഹത്തിൽ പ്രവർത്തിക്കുന്ന ഡ്യുലോക്സെറ്റിൻ, പ്രെഗാബലിൻ തുടങ്ങിയ മരുന്നുകൾ ഈ രോഗത്തിൻറെ നിയന്ത്രണത്തിന് ലഭ്യമാണ്.നാഡീരസങ്ങളുടെ അളവിലുള്ള വ്യത്യാസങ്ങളിൽ മാറ്റംവരുത്തിയാണ് മരുന്നുകൾ പ്രവർത്തിക്കുന്നത്. കൃത്യമായി രോഗനിർണയം നടത്തിയ ശേഷം ആവശ്യമെങ്കിൽ ഡോക്ടർ ഈ മരുന്നുകൾ നിർദ്ദേശിക്കും.
നിത്യജീവിതത്തിൻ്റെ നിലവാരത്തെ ബാധിക്കാവുന്ന ഒരു രോഗമാണ് ഫൈബ്രോമയാൾജിയ. ഇത് ദീർഘനാൾ നീണ്ടുനിൽക്കുകയും ചെയ്യാം. ഡോക്ടർമാർ പോലും പലപ്പോഴും ഈ അവസ്ഥയെ തിരിച്ചറിയാതെ പോവുകയോ, അറിഞ്ഞാലും കൃത്യമായ നിർദ്ദേശങ്ങൾ നൽകാതെ നിസ്സാരവല്കരിക്കുകയോ ചെയ്യാറുണ്ട്. അതുകൊണ്ടു തന്നെ പ്രാഥമികാരോഗ്യ രംഗത്ത് പ്രവർത്തിക്കുന്ന ആരോഗ്യപ്രവർത്തകർക്കടക്കം ഈ രംഗത്ത് പരിശീലനം നൽകേണ്ടതുണ്ട്. ജീവിതനിലവാരത്തെ രോഗം ബാധിക്കാതിരിക്കാൻ ബന്ധുജനങ്ങളുടേയും സുഹൃത്തുക്കളുടെയും സഹായം ആവശ്യമായി വരാം. അതുകൊണ്ടുതന്നെ ഈ രോഗത്തെപ്പറ്റി അവരെ പറഞ്ഞു മനസ്സിലാക്കുന്നതും പ്രധാനമാണ്. മൂന്നു മാസത്തിലധികം നീണ്ടു നിൽക്കുന്ന വേദനയുണ്ടെങ്കിൽ തീർച്ചയായും ഡോക്ടറെ കണ്ട് ചികിത്സ തേടേണ്ടതാണ്. കൃത്യമായ ജീവിതശൈലി മാറ്റങ്ങളും മരുന്നുകളും വഴി സാധാരണ ജീവിതം നയിക്കാനാവും.
ലേഖകർ
Medical doctor,psychiatry resident interested in public health. Areas of interest are public health, neuropsychiatry, addiction medicine and human evolution gender psychiatry and LGBTQ issues
ചിത്രകാരൻ

മികച്ച വർഗ്ഗങ്ങൾ

എല്ലാ വർഗ്ഗങ്ങളും
പൊതുജനാരോഗ്യം

284 ലേഖനങ്ങൾ

Current Affairs

240 ലേഖനങ്ങൾ

കോവിഡ്-19

236 ലേഖനങ്ങൾ

ആരോഗ്യ അവബോധം

115 ലേഖനങ്ങൾ

സുരക്ഷ

64 ലേഖനങ്ങൾ

ശിശുപരിപാലനം

59 ലേഖനങ്ങൾ

കിംവദന്തികൾ

53 ലേഖനങ്ങൾ

Infectious Diseases

52 ലേഖനങ്ങൾ

Medicine

45 ലേഖനങ്ങൾ