തീ പ്രശ്നമാണ്
“ചുമ്മാ ഭർത്താവിനെ പേടിപ്പിക്കാൻ ചെയ്തതാണ് ” മുപ്പതുകാരിയായ സ്ത്രീ പറഞ്ഞതിതാണ് . ഒരു ചെറിയ വഴക്കിനു ശേഷം സ്വയം സാരിക്ക് തീ കൊളുത്തിയതാണ് . കാണുമ്പോൾ അധികം പൊള്ളിയിട്ടില്ല . ഒരു കൈ ഏകദേശം മൊത്തം – അതായത് ഒൻപതു ശതമാനം . പിന്നെ നെഞ്ചിലും വയറിലും കുറച് . നെഞ്ചിൻറെയും വയറിന്റെയും മുൻഭാഗം മുഴുവൻ പതിനെട്ടു ശതമാനമാണ് . ഇതൊരു പതിനഞ്ചു ശതമാനമേയുള്ളു . അതായത് ആകെ ഏകദേശം ഇരുപതു – ഇരുപത്തഞ്ചു ശതമാനം മാത്രം . ഡോക്ടർമാരല്ലാത്ത ആളുകൾ പോലും പെട്ടന്ന് കണ്ടാൽ അത്ര ഗുരുതരമല്ലല്ലോ എന്ന് തോന്നും .
പക്ഷെ മൂന്നാഴ്ചയോളം മരണത്തോട് മല്ലിട്ടു അവസാനം അതിനു കീഴടങ്ങുകയായിരുന്നു അവർ . അവസാന നാളിലും അവർ പറഞ്ഞു :
“ഞാൻ വെറുതെ പകുതി തമാശക്കു ചെയ്തതാ “
നമ്മൾ ഒന്ന് മനസ്സിലാക്കണം . നമ്മുടെ നാട്ടിൽ തീരെ വികസിച്ചിട്ടില്ലാത്ത ഒരു കാര്യമാണ് തീപൊള്ളലിന്റെ ചികിത്സ. തീപൊള്ളൽ തടയുകയാണ് ഏറ്റവും വേണ്ടത് . എന്നാൽ നമുക്കിവിടെ തീരെ അവബോധമില്ലാത്ത കാര്യങ്ങളിലൊന്നുമാണിത്
ഒരു ഇരുപതു ശതമാനത്തിനു മേലെ പൊള്ളലുണ്ടായാൽ അത് അപകടകാരിയാവാം . അമ്പതു ശതമാനത്തിനു മേലെയാണ് പൊള്ളലേങ്കിൽ മരണപ്പെടാനുള്ള സാധ്യത വളരെ അധികമാണ് .
വളരെ പൊള്ളലുണ്ടെങ്കിൽ നിർജലിക്കരണം വന്നു ആൾ ഒന്ന് രണ്ടു ദിവസങ്ങൾക്കുള്ളിൽ മരിക്കാം . എന്നാൽ ആശുപത്രിയിലെത്തിച്ചു സിരകളിൽ കൂടി ജലം നൽകുന്നത് വഴി ഈ മരണങ്ങൾ മിക്കവാറും ഒഴിവാക്കാം . എന്നാൽ നാലഞ്ച് ദിവസങ്ങൾക്കുള്ളിൽ പൊള്ളിയ ഭാഗത്തുണ്ടാവുന്ന അണുബാധ തൊലിയുടെ സുരക്ഷാകവചം ഇല്ലാത്തതിനാൽ ശരീരത്തിൽ പ്രവേശിക്കുന്നതാണ് ഒട്ടു മിക്ക മരണങ്ങളുടെയും കാരണം .
എന്നാൽ പത്തു ശതമാനത്തേക്കാൾ താഴെയാണ് പൊള്ളലിങ്കിൽ വലിയ കുഴപ്പമില്ല . പ്രത്യേകിച്ചും തിളച്ച വെള്ളം വീണുണ്ടാവുന്ന പൊള്ളൽ ഒരു പത്തു ദിവസത്തിനുള്ളിൽ ദിവസവും കഴുകി മരുന്ന് പുരട്ടുന്നതിലൂടെ മിക്കവാറും ഉണങ്ങും. പൊള്ളലിന് അധികം ആഴമുണ്ടായിരിക്കയില്ല – അതാണ് പെട്ടന്ന് തനിയെ ഉണങ്ങാൻ കാരണം . തീ , തിളച്ച എണ്ണ , മുതലായവ ആഴത്തിലുള്ള പൊള്ളൽ ഉണ്ടാക്കിയേക്കാം . ഇത് ചെറിയ ശതമാനമാണെങ്കിൽ കൂടി ചിലപ്പോൾ പിന്നീട് തൊലി വെട്ടി ഒട്ടിക്കുന്ന ശസ്ത്രക്രിയ ചെയ്യേണ്ടി വന്നേക്കാം .
അതിപ്രധാനം തീപൊള്ളല് വരുന്നത് തടയുന്നതു തന്നെ .
1 . തമാശക്ക് പോലും സ്വയം തീ കൊളുത്തുന്നതിനെപ്പറ്റി ആലോചിക്കുകയെ അരുത് .
2 . തീ സൂക്ഷിച്ചു കൈകാര്യം ചെയ്യുക . സാരി, ഷാൾ , തട്ടം എന്നിവ പറന്നു തീയിലേക്ക് കിടക്കരുത് .
3 . ചെറിയ പെൺകുട്ടികളെ (ആൺകുട്ടികളും) അടുക്കളയിൽ പാകം ചെയ്യാൻ തനിയെ വിടരുത്
4 . ഗ്യാസിന്റെ മണം വന്നാൽ സിലിണ്ടർ കെടുത്തുക – പൂർണമായും . ഒരു സ്വിച്ച്ചും ഓണാക്കുകയോ ഓഫാക്കുകയോ ചെയ്യരുത് . ഫാനിടരുത് . ജനലും വാതിലും മണം പോകുന്നത് വരെ തുറന്നിടുക . റിപ്പയറിനു ആളെ വിളിക്കുക
5 . സിഗരറ്റു കുറ്റി , കത്തുന്ന തീപ്പെട്ടി എന്നിവ കെടുത്തി എന്നുറപ്പു വരുത്തിയതിനു ശേഷം മാത്രം കളയുക .
6 . തിളച്ച വെള്ളം സൂക്ഷിക്കുക . നല്ലൊരു ശതമാനം തിളച്ച വെള്ളം മൂലമുണ്ടാവുന്ന പൊള്ളലുകൾ കുട്ടികളിലാണ് . അവർ ബക്കറ്റും മറ്റും വലിച്ചിട്ടു മറിക്കും .
7 . വൈദ്യുതി പ്രശ്നമാണ് – പ്രത്യേകിച്ചും തേപ്പുപെട്ടി , വെള്ളം പമ്പ് ചെയുന്ന മോട്ടോറുകൾ എന്നിവ . സൂക്ഷിച്ചു ഉപയോഗിക്കുക
8 . ഹൈ ടെൻഷൻ ലൈനുകളിൽ തട്ടി ഉണ്ടാകുന്ന പൊള്ളലുകളോളം അപകടകാരി മറ്റൊന്നില്ല . പറ്റിയാൽ മരണം അഥവാ ഗുരുതര അംഗവൈകല്യം ഉറപ്പാണ് . വളരെ ആഴത്തിലുള്ള പൊള്ളലുകൾ എല്ലിലും രക്തക്കുഴലിലും മറ്റും ബാധിക്കുന്നതിനാൽ കൈ , കാൽ ഒക്കെ മുറിച്ചു മാറ്റേണ്ടി വരുന്നത് സാധാരണ ആണ് . മരങ്ങളിൽ കായ് പറിക്കാൻ നീളത്തിലുള്ള തോട്ടികൾ ഉപയോഗിക്കുന്നത് മൂലമുള്ള ഗുരുതര വൈദ്യുത ആഘാതങ്ങൾ വളരെ കൂടി വരുന്നു . അലൂമിനിയം തോട്ടികൾ മാത്രമല്ല പ്രശ്നം എന്നോർക്കുക . ഹൈ ടെൻഷൻ ലൈൻ ആണെങ്കിൽ എന്ത് കോണ്ടാക്റ്റും വളരെ പ്രശ്നമാണ് .
9 . പടക്കം സൂക്ഷിച്ചു ഉപയോഗിക്കുക . കൈയിൽ വച്ച് പൊട്ടിക്കുക , പൊടി കൂട്ടിയിട്ടു കത്തിക്കാൻ ശ്രമിക്കുക തുടങ്ങിയുള്ള വീരസ്യങ്ങൾ വേണ്ട
.
വസ്ത്രത്തിനു തീ പിടിച്ചാൽ ഉടൻ നിലത്തു കിടന്നുരുളണം . ഓടരുത് . ആരുടെയെങ്കിലും വസ്ത്രത്തിനു തീ പിടിച്ചാൽ നിലത്തുരുളാൻ പറഞ്ഞിട്ട് പുതപ്പോ ചാക്കോ പൊതിഞ്ഞോ വെള്ളമൊഴിച്ചോ തീ കെടുത്താം
പൊള്ളലേറ്റാൽ ഒരു പത്തു ശതമാനത്തിൽ താഴെയാണെങ്കിൽ (ഏകദേശം ഒരു തോൾ മുതൽ കൈപ്പത്തി വരെയുള്ള അത്രയും ഏരിയ ) ധാരയായി തണുത്ത വെള്ളം ഏകദേശം പത്തു മിനിട്ട് ഒഴിക്കാവുന്നതാണ് . പതിനഞ്ചു ശതമാനം വരെ ഇങ്ങനെ ചെയ്യാം . അതിനു മേലെയുള്ള വലിയ പൊള്ളലുകളിൽ ഒന്നും ചെയ്യരുത് . കരിഞ്ഞ വസ്ത്രങ്ങൾ മുറിച്ചെടുത്തു കളയാം . വൃത്തിയായ പുതപ്പിൽ മുഴുവൻ പുതപ്പിച്ചു എത്രയും പെട്ടന്ന് ആശുപത്രിയിൽ എത്തിക്കണം . വെള്ളവും ഭക്ഷണവും ഉടൻ കൊടുക്കരുത് .
ഓർക്കുക – തീ പ്രശ്നമാണ് . നമ്മുടെ സുഹൃത്താണ് . പക്ഷെ സൂക്ഷിച്ചു കൈകാര്യം ചെയ്യേണ്ട സുഹൃത്ത്.