ആദ്യാർത്തവം
ഇല്ലത്തു നിന്ന് പുറപ്പെട്ടു എന്നാൽ അമ്മാത്തൊട്ട് എത്തിയതുമില്ല എന്ന അവസ്ഥയാണ് കൗമാരക്കാലം. കുട്ടിയാണോ? അല്ല, എന്നാൽ മുതിർന്ന ആളായോ ? അതുമില്ല. ഈ വിഷമസന്ധിയിയിലൂടെ ശാരീരികവും മാനസികവും വൈകാരികവുമായ പാകപ്പെടലുകളിലൂടെ പക്വതയാർജ്ജിക്കുന്ന കാലമാണ് കൗമാരം.
കൗമാരത്തിലെ ആദ്യ ഘട്ടമായ യൗവനപ്രാരംഭത്തിന്റെ (Puberty)തുടക്കം ആർത്തവാരംഭമല്ല പെൺകുട്ടികളിൽ.
പ്രായപൂർത്തിയാവുന്നതിന്റെ അടയാളപ്പെടുത്തലുകൾ പെൺകുട്ടികളിൽ ആദ്യം ആരംഭിക്കുന്നത് സ്തനങ്ങളിലാണ്. എട്ടിനും പന്ത്രണ്ടിനും ഇടയ്ക്ക് പ്രായമുള്ളപ്പോൾ തന്നെ സ്തനമുകുളങ്ങൾ (Breast Buds) രൂപപ്പെടാൻ തുടങ്ങും. അതിന് ശേഷം രണ്ട് രണ്ടര വർഷത്തിന് ശേഷമാണ് ആദ്യ ആർത്തവം സാധാരണ നടക്കുക. ഗുഹ്യഭാഗത്തെയും കക്ഷത്തിലേയും രോമവളർച്ചയും മറ്റും സ്തനമുകുളങ്ങൾ ഉണ്ടായി 6-12 മാസങ്ങൾക്കുള്ളിൽ നടക്കും.
സ്തനമുകുളങ്ങൾ രൂപപ്പെടുന്നതിനും ആർത്തവാരംഭത്തിനും ഇടയിലുള്ള രണ്ട് രണ്ടര വർഷങ്ങൾ ഏറെ പ്രധാനപ്പെട്ടതാണ്. പെൺകുട്ടികളുടെ ശാരീരികമായ വളർച്ച ഏറ്റവും അധികം നടക്കുന്ന സമയമാണിത് (Growth Spurt). ഈ സമയത്ത് ഗണ്യമായ പൊക്കവും പെൺകുട്ടികൾ നേടുന്നു.
നിങ്ങളുടെ മകൾ നല്ല വളർച്ച നേടണമെങ്കിൽ അവളുടെ ഭക്ഷണക്രമത്തിലും ആരോഗ്യത്തിലും നിങ്ങൾ അവളുടെ ആർത്തവാരംഭത്തിന് മുമ്പുള്ള രണ്ട് വർഷങ്ങളിൽ കൂടുതൽ ശ്രദ്ധ നൽകണം എന്നർത്ഥം. മക്കളുടെ സ്തനമുകുളങ്ങൾ നിങ്ങളെ ഓർമ്മിപ്പിക്കുന്നതും ഇതു തന്നെ.
ആർത്തവാരംഭത്തിന്റെ പ്രായം …?
അന്താരാഷ്ട്ര തലത്തിൽ പെൺകുട്ടികളിൽ ആർത്തവാരംഭത്തിന്റെ ശരാശരി പ്രായം 13.53 വയസ്സാണ്. കഴിഞ്ഞ ദശകങ്ങളിലായി ആദ്യാർത്തവത്തിന്റെ ശരാശരി പ്രായം പതിയെ കുറഞ്ഞു കൊണ്ടിരിക്കുകയാണ്.
വർഗം, കുടുംബ പശ്ചാത്തലം, സാമ്പത്തിക സാമൂഹിക ചുറ്റുപാടുകൾ, പരിസ്ഥിതി, ഭക്ഷണക്രമം, ആരോഗ്യസ്ഥിതി തുടങ്ങി മാനസികവും വൈകാരികവുമായ നിരവധി കാരണങ്ങൾ ആർത്തവാരംഭത്തെ സ്വാധീനിക്കാം.
നമ്മുടെ ജീവിതരീതികളിലും ഭക്ഷണക്രമങ്ങളിലും വന്ന മാറ്റങ്ങൾ മൂലം ഒമ്പതും പത്തും വയസ്സിൽ തന്നെ നിരവധി പെൺകുട്ടികളിൽ ആദ്യാർത്തവം ആരംഭിച്ചു കാണുന്നത് സാധാരണമാണ്.
? ശരീരത്തിലെ കൊഴുപ്പിന്റെ അളവ്.
(Percentage of Body Fat)
ശരീരത്തിലെ കൊഴുപ്പ് 17 ശതമാനമെങ്കിലും ആകുമ്പോഴാണ് ആർത്തവാരംഭം നടക്കുക. ആർത്തവം കൃത്യമായി തുടർന്നു പോകാൻ ശരീരത്തിലെ കൊഴുപ്പിന്റെ അളവ് ചുരുങ്ങിയത് 22% എങ്കിലും വേണ്ടതുണ്ട്.
ഒരു പാട് കൊഴുപ്പ് കലർന്ന ഭക്ഷണ രീതികളും അമിത വണ്ണവും ആർത്തവാരംഭം നേരത്തേയാക്കാൻ കാരണമാവുന്നു എന്ന് വ്യക്തം.
? വൈകുന്ന ആർത്തവാരംഭം
പെൺകുട്ടികളിൽ ആദ്യാർത്തവം വൈകുന്നത് മാതാപിതാക്കളുടെ ആധിയേറ്റുന്ന ഒന്നാണ്. അത് കൊണ്ട് തന്നെ ആദ്യാർത്തവം അവരെപ്പറ്റി ആശങ്കകൾ ഏറെ സൃഷ്ടിക്കുമ്പോൾ തന്നെ, അവർ അടുത്ത തലമുറയ്ക്ക് ജന്മം നൽകാൻ പ്രാപ്തരാകുന്നു എന്ന തിരിച്ചറിവ് മാതാപിതാക്കൾക്ക് ആശ്വാസമേകുന്ന ഒന്നാണ്.
? ശ്രദ്ധിക്കുക …
? ആദ്യ ആർത്തവം 16 വയസ്സിനുള്ളിൽ വന്നില്ലെങ്കിൽ
? 14 വയസ്സിനുള്ളിൽ സ്തനമുകുളങ്ങൾ, രോമവളർച്ച തുടങ്ങിയ യൗവന പ്രാരംഭ ലക്ഷണങ്ങൾ തുടങ്ങിയിട്ടില്ലെങ്കിൽ..
നിങ്ങളുടെ കുട്ടിയെ അടുത്തുള്ള ശിശുരോഗ വിദഗ്ദ്ധനേയോ, ഗൈനക്കോളജിസ്റ്റിനേയോ കാണിക്കണം.
? എട്ട് വയസ്സിനുള്ളിൽ ആർത്തവമോ, സ്തന വളർച്ചയോ, രോമവളർച്ചയോ പോലെയുള്ള ലക്ഷണങ്ങൾ Precocious Puberty യെ സൂചിപ്പിക്കുന്നു. ആയതും യഥാവിധി ഡോക്ടറെക്കണ്ട് പരിശോധനകൾക്ക് വിധേയമാകേണ്ടതാണ്.
▪ തയ്യാറെടുപ്പുകൾ
ഇന്ത്യ അടക്കമുള്ള വികസ്വര രാജ്യങ്ങളിൽ ആർത്തവത്തെ കുറിച്ച് ശരിയായ അറിവ് വളരെ കുറച്ചു ആളുകൾക്ക് മാത്രമേ ലഭിക്കുന്നുള്ളൂ. ശാരീരികമായ ഒരു പ്രക്രിയ ആണെങ്കിലും കുട്ടികളുടെ മാനസികാരോഗ്യത്തെ വരെ ബാധിക്കാൻ ആദ്യ ആർത്തവത്തിന് കഴിയും. ആദ്യമായി തന്റെ ശരീരത്തിൽ നിന്നും രക്തം വരുന്നതിന്റെ പേടിയും, കടുത്ത വേദനയും, മറ്റുള്ളവർ എന്ത് വിചാരിക്കും എന്ന സംശയവും ഒക്കെ കുട്ടികളുടെ മാനസികാരോഗ്യത്തെ ബാധിക്കാം. മാത്രവുമല്ല ആർത്തവവുമായി അനുബന്ധിച്ച് കൂട്ടുകാർക്ക് ഇടയിൽ ഉണ്ടാകുന്ന കളിയാക്കൽ,ഒറ്റപ്പെടുത്തൽ ഒക്കെ കുട്ടികളെ ബാധിക്കാം. തന്റെ കൂട്ടുകാരേക്കാൾ വളരെ മുൻപോ, വളരെ വൈകിയോ ആർത്തവം തുടങ്ങുന്നതും ഉത്കണ്ഠയ്ക്കും അപകർഷതാ ബോധത്തിനും കാരണമാകാം.
കുട്ടികളുടെ ശാരീരികമായ വളർച്ച ഉറപ്പു വരുത്തുന്നതിനോടൊപ്പം തന്നെ മാനസികമായും നമ്മൾ അവരെ ആദ്യ ആർത്തവത്തിന് ഒരുക്കേണ്ടതുണ്ട്. അത് തന്റെ സ്വത്വ ബോധം വർധിപ്പിക്കാനും ബോഡി ഇമേജ് കൂട്ടാനും കുട്ടികളെ വളരെയധികം സഹായിക്കും. ലൈംഗിക വിദ്യാഭ്യാസത്തിന്റെ ഭാഗമായി ഇതും നമുക്ക് ഉൾപ്പെടുത്തേണ്ടതുണ്ട്.
✔ തുറന്നു സംസാരിക്കാം
“എന്റെ മോൾക്ക് ഏഴെട്ടു വയസ്സല്ലേ ആയിട്ടുള്ളൂ, ഇതൊക്കെ എങ്ങനെ പറഞ്ഞു കൊടുക്കും ?” എന്ന ഉൾവലിയലൊന്നും ആവശ്യമില്ല. എന്താണ് ആർത്തവമെന്നും, ജനനേന്ദ്രിയത്തിൽ നിന്നും രക്തം വരുന്നത് കണ്ട് പരിഭ്രാന്തരാകേണ്ടതില്ലെന്നും പെൺകുട്ടികളെ പറഞ്ഞു മനസ്സിലാക്കാം.
പെൺകുഞ്ഞുങ്ങളിൽ സ്തനമുകുളങ്ങൾ വളർന്നുതുടങ്ങുമ്പോഴേ അവർക്ക് ആർത്തവ സംബസമായ അറിവുകൾ പകർന്നു നൽകാം.
സാനിറ്ററി പാഡുകൾ ഉപയോഗിക്കുന്നതിനെക്കുറിച്ചും അത് സുരക്ഷിതമായി ഡിസ്പോസ് ചെയ്യുന്നതിനെക്കുറിച്ചും പറഞ്ഞു കൊടുക്കാം. ആവശ്യമെങ്കിൽ വിദ്യാലയങ്ങളിലെ സ്ത്രീകളായ അധ്യാപകരുടെ സഹായം തേടാൻ കുഞ്ഞിനെ ഉപദേശിക്കാം. ഒപ്പം ഇത്തരം കാര്യങ്ങളിൽ ഒന്നു ശ്രദ്ധിക്കണമെന്ന് ടീച്ചറോട് പറഞ്ഞു വെക്കുകയുമാവാം.
പലപ്പോഴും ഉടുപ്പിൽ രക്തം പറ്റി സഹപാഠികളുടെ മുമ്പിൽ അപഹാസ്യരായി നിൽക്കാനിട വരുന്നത് കുട്ടികളിൽ മാനസിക സംഘർഷങ്ങൾക്ക് വഴി തെളിക്കാറുണ്ട്. ആർത്തവം തികച്ചും സ്വാഭാവികമായ ജൈവിക പ്രക്രിയയാണെന്നും അതിൽ അപമാനം തോന്നേണ്ടതില്ലെന്നും നമ്മുടെ പെൺമക്കളോട് അഭിമാനത്തോടെ പറയണം.
ആർത്തവ ശുചിത്വം പാലിക്കേണ്ടതിന്റെ പ്രാധാന്യവും കുട്ടികൾക്ക് പറഞ്ഞു കൊടുക്കേണ്ടതുണ്ട്. കൃത്യമായ ഇടവേളകളിൽ സാനിറ്ററി പാഡ് മാറ്റാതിരിക്കുന്നത് അണുബാധയ്ക്ക് കാരണമായേക്കാം എന്ന വസ്തുതയും അവരുടെ ഉള്ളിലുറയ്ക്കേണ്ടതുണ്ട്.
മാതാപിതാക്കൾ ഒന്നോർക്കുക. ആർത്തവം സംബന്ധിച്ച് നിങ്ങൾ നിങ്ങളുടെ മക്കൾക്ക് പകർന്നു നൽകുന്ന അവബോധം തലമുറകളോളം പകർന്നു നൽകപ്പെടാനുള്ളവയാണ്. അനാചാരങ്ങളുടേയും അസ്പൃശ്യതയുടേയും വേലിക്കെട്ടുകളില്ലാതെ അഭിമാനപൂർവ്വം ആ അറിവിന്റെ വെളിച്ചം വരും തലമുറകളിലേക്കുമെത്തിച്ചേരട്ടെ.