· 3 മിനിറ്റ് വായന

മാംസഭോജി ബാക്ടീരിയ

Genericകിംവദന്തികൾ

മാംസഭോജി ബാക്ടീരിയയുടെ ഞെട്ടിപ്പിക്കുന്ന കഥകള്‍ വരും ദിവസങ്ങളില്‍ മലയാള മാദ്ധ്യമങ്ങളില്‍ സ്തോഭാജനക തലക്കെട്ടുകളോടെ പ്രത്യക്ഷപ്പെടാന്‍ ഇടയുള്ള ഒന്നാണ്.അമീബ ഇര പിടിക്കാന്‍ ഇറങ്ങിയ കഥ ഉണ്ടാക്കിയ ഭാവന പോലുള്ള പലതും വന്നേക്കാം എന്നുള്ളത് കൊണ്ട് അവിശ്വസനീയം എന്ന് തോന്നുന്ന ഈ വാര്‍ത്തയ്ക്കു പിന്നിലെ സത്യവും മിഥ്യയും വേര്‍ തിരിച്ചേക്കാം.

“ മനുഷ്യകുലത്തിന് തന്നെ ഭീഷണിയായി മാറിയിരിക്കുന്നത്.” “മാരക ബാക്ടീരിയ രോഗം പടര്‍ന്നു പിടിക്കുന്നു” എന്നൊക്കെയാണ് ചില ഓണ്‍ലൈന്‍ പോര്‍ട്ടലുകള്‍ തട്ടി വിട്ടിരിക്കുന്നത്.(ഇങ്ങനെ ഒക്കെ തള്ളാമോ?!!)

ഇക്കഥയിലെ നായകനായ വിബ്രിയോ വള്‍നിഫൈക്കസ് എന്ന ബാക്ടീരിയയെ 1975 ല്‍ കണ്ടെത്തിയതാണ്! അന്ന് തൊട്ടു ഈ രോഗം റിപ്പോര്‍ട്ട്‌ ചെയ്യപ്പെടുന്നതുമാണെങ്കിലും, കഴിഞ്ഞ ദിവസം അമേരിക്കയില്‍ മൈക്കല്‍ ഫങ്ക് എന്നൊരാള്‍ മരണപ്പെട്ട വാര്‍ത്തയിലൂടെ ആണ് ഇപ്പോള്‍ നമ്മുടെ കഥാനായകന്‍ വീണ്ടും സ്റ്റേജില്‍ എത്തുന്നത്.എന്നാല്‍ ഇന്നലെ കണ്ടെത്തിയതെ ഉള്ളൂ എന്ന നിലയിലാണ് ചില റിപ്പോര്‍ട്ടിംഗ്!!

മേല്‍പ്പറഞ്ഞ രോഗത്തിന്റെ രീതികള്‍ ഒക്കെ കേട്ടാല്‍ സ്വാഭാവികമായും ഞെട്ടാന്‍ അല്പം വകുപ്പൊക്കെ ഉണ്ട് താനും.എന്നാല്‍ വാര്‍ത്താ പ്രാധാന്യം കിട്ടാന്‍ എഴുതി പെരുപ്പിക്കുന്നത് പോലെ അമിത ആശങ്ക ഒന്നും വേണ്ട ഒന്നല്ലയിത് എന്നതാണ് വാസ്തവം.

കോളറ രോഗം ഉണ്ടാക്കുന്ന ബാക്ടീരിയയെ പോലെ വിബ്രിയോ ഗണത്തില്‍ പെടുന്ന വിബ്രിയോ വള്‍നിഫൈക്കസ്,കടലില്‍ അല്ലെങ്കില്‍ ഉപ്പു വെള്ളത്തില്‍ വസിക്കുന്ന രോഗാണുവാണ്.ചെറിയ ചൂടുള്ള വെള്ളമാണ് ഇവര്‍ക്ക് പഥ്യം എന്നതിനാല്‍ വേനല്‍ക്കാലത്താണ് ഇവ മൂലമുള്ള വിബ്രിയോസിസ് എന്ന രോഗം കൂടുതല്‍ കാണപ്പെടുന്നത്.

ഒറ്റ വായനയില്‍ പേടിപ്പെടുത്താവുന്ന ചില പ്രത്യേകതകള്‍ ഈ രോഗത്തിനുണ്ട്.അതെന്തൊക്കെ എന്ന് നോക്കാം!

*തൊലിപ്പുറത്ത് ഉള്ള മുറിവിലൂടെ ആണ് വിബ്രിയോ കയറിപ്പറ്റുന്നത് എങ്കില്‍ ആ ഭാഗത്തെ മാംസ ഭാഗങ്ങളില്‍ പെട്ടന്ന് പടര്‍ന്നു പിടിക്കുന്ന നീര്‍ക്കെട്ടല്‍ (expanding cellulitis) ഉണ്ടാവുന്നു.തൊലിപ്പുറത്ത് രക്തം നിറഞ്ഞ കുമിളകള്‍ പോലെ ആവും തുടക്കം പിന്നീട് വൃണങ്ങള്‍ ആയി മാറാം.

*ഈ അവസ്ഥ ദ്രുതഗതിയില്‍ ശരീരഭാഗങ്ങളില്‍ പടരുന്നതിനാല്‍ മാംസഭാഗങ്ങള്‍ ശസ്ത്രക്രിയയിലൂടെ മുറിച്ചു നീക്കുകയോ ചിലപ്പോള്‍ ജീവന്‍ രക്ഷിക്കാനുള്ള ശ്രമത്തില്‍ കൈകാലുകള്‍ തന്നെ മുറിച്ചു മാറ്റുകയോ വേണ്ടി വന്നേക്കാം.

*രോഗാണുബാധ ഉള്ള കക്ക,ചിപ്പി (Oyster പോലുള്ള ഷെല്‍ ഫിഷ്‌) പാചകം ചെയ്യാത്ത(Raw) അതല്ലേല്‍ Undercooked പരുവത്തില്‍ കഴിച്ചാല്‍ ഇവ വയറിനുള്ളില്‍ എത്തി വയറുകടി ഉണ്ടാക്കാം.

*ഈ രോഗാണുക്കളുടെ സാന്നിധ്യം ഭക്ഷണത്തിന്റെ ബാഹ്യരൂപത്തിനോ,രുചിക്കോ,മണത്തിനോ വ്യതിയാനം ഉണ്ടാക്കില്ല എന്നത് കൊണ്ട് പുറമേ തിരിച്ചറിയാനാവില്ല.ചര്‍ദ്ദില്‍,കടുത്ത വയറു വേദന,വയറിളക്കം എന്നിവ ആയിരിക്കും ലക്ഷണങ്ങള്‍.

*പെട്ടന്ന് ചികിത്സ നല്‍കിയില്ല എങ്കില്‍ രോഗാണുബാധ രക്തത്തില്‍ പടര്‍ന്നു(Septicemia) പനി വിറയല്‍ എന്നിവ ഉണ്ടാക്കുകയും രക്തസമ്മര്‍ദ്ദം കുറഞ്ഞു(Septicemic Shock) ദ്രുതഗതിയില്‍ (ദിവസങ്ങള്‍ക്കുള്ളില്‍) തന്നെ മരണം സംഭവിക്കുകയും ചെയ്യാം.

*കരള്‍ രോഗങ്ങള്‍ ഉള്ളവരിലും രോഗപ്രതിരോധശേഷി കുറവുള്ളവരില്‍ (ഉദാ:ക്യാന്‍സര്‍,അനിയന്ത്രിതമായ പ്രമേഹം) ഈ രോഗം കൂടുതല്‍ തീവ്രമായിരിക്കും മരണസാധ്യതയും കൂടുതലായിരിക്കും.

*മരണ സാധ്യത :- ഉയര്‍ന്ന മരണ സാധ്യത ഉള്ള ഒരു രോഗമാണിത്.രോഗം കണ്ടെത്തി ചികിത്സിക്കാന്‍ താമസിച്ചാല്‍ മരണ സാധ്യത ഉയരും 25%-50% വരെയാണ് മരണ സാധ്യത.

*അമേരിക്കയില്‍ നിന്നാണ് വാര്‍ത്ത എങ്കിലും ഇന്ത്യ ഉള്‍പ്പെടെ ഉള്ള രാജ്യങ്ങളില്‍ അപൂര്‍വമായി ഈ രോഗം റിപ്പോര്‍ട്ട്‌ ചെയ്യപ്പെട്ടിട്ടുണ്ട്.

******* അമിത ആശങ്ക വേണ്ട! എന്ത് കൊണ്ട്? *****

*മാംസഭോജി(Flesh eating) എന്നൊക്കെ ഞെട്ടിപ്പിക്കല്‍ വിശേഷണങ്ങള്‍ പത്രക്കാര്‍ വിപുലമായി പ്രയോഗിക്കുന്നുണ്ട് എങ്കിലും യഥാര്‍ത്ഥത്തില്‍ ഈ ബാക്ടീരിയ മാംസം തിന്നുകയൊന്നുമില്ല.ഒരു തെറ്റായ പ്രയോഗം(Misnomer)വിശേഷണം ആണിത്.

*താരതമ്യേന അപൂര്‍വമായ ഒരു രോഗമാണ് ഇത്.2014 ല്‍ അമേരിക്കയില്‍ 90 കേസാണ് റിപ്പോര്‍ട്ട്‌ ചെയ്തത്.ഇതേ സമയം ഇന്ത്യയില്‍ റിപ്പോര്‍ട്ട്‌ ചെയ്യപ്പെട്ടതായി അറിവില്ല.

പൊതുജനാരോഗ്യ പ്രശ്നം എന്നുള്ള നിലയിലുള്ള തീവ്രത താരതമ്യത്തിനായി ക്ഷയരോഗത്തിന്റെ കണക്കുകള്‍ എടുക്കാം.2014 ല്‍ ലോകത്ത് ആകമാനം 96 ലക്ഷം പേരാണ് പുതുതായി ക്ഷയരോഗ ബാധിതരായത് അതില്‍ 22 ലക്ഷത്തോളം ഇന്ത്യയിലാണ് ക്ഷരോഗം മൂലമുള്ള മരണം 15ലക്ഷവും(ഇന്ത്യയില്‍ 15000 ത്തോളം).

*ചൂടുകാലത്താണ് ഈ രോഗം പ്രധാനമായും കണ്ടു വരുന്നത്,പാചകം ചെയ്യാത്ത ഷെല്‍ ഫിഷ്‌ കഴിക്കുന്ന മാര്‍ഗ്ഗത്തിലൂടെയാണ് കൂടുതലും രോഗബാധ.

*വെള്ളത്തില്‍ ഇറങ്ങുന്നതിലൂടെ അല്ല,അനേകര്‍ ഇറങ്ങിയാല്‍ അതില്‍ അത്യപൂര്‍വ്വമായി വളരെ ചെറിയ ഒരു ശതമാനത്തിനു മാത്രമാണ് രോഗബാധ ഉണ്ടാവുന്നത്,മുറിവ് ഉണ്ടെങ്കിലാണ് ആണ് രോഗസാധ്യത കൂടുന്നത്.

*കരള്‍ സംബന്ധമായ രോഗം പോലുള്ളവ ഉള്ളവരില്‍ ആണ് രോഗബാധ തീവ്രമാവാന്‍ സാധ്യത കൂടുതല്‍.

*നിലവിലെ കണക്കുകള്‍ പ്രകാരം ഈ രോഗം കുട്ടികളില്‍ അധികം തീവ്രമായി റിപ്പോര്‍ട്ട്‌ ചെയ്യപ്പെട്ടിട്ടില്ല.

*ചില മുന്‍കരുതലുകള്‍ എടുത്താല്‍ വലിയൊരളവില്‍ രോഗം പ്രതിരോധിക്കാന്‍ കഴിയും.

ഷെല്‍ ഫിഷ്‌ ഒക്കെ നന്നായി പാചകം ചെയ്തു കഴിക്കുക.(പാചകം ചെയ്യാതെ ഇതൊക്കെ കഴിക്കുന്ന ശീലം അമേരിക്കക്കാരെ പോലെ നമ്മള്‍ക്ക് ഇല്ലാത്തത് കൊണ്ട് ഈ രീതിയില്‍ രോഗം വരാന്‍ നമ്മള്‍ക്ക് സാദ്ധ്യതകള്‍ തീരെ കുറവാണെന്ന് പ്രത്യേകിച്ച് പറയേണ്ടല്ലോ)

ഇത്തരം കക്ക ഒക്കെ കൈകാര്യം ചെയ്യുമ്പോള്‍ കയ്യുറ ഉപയോഗിക്കുക,മുറിവ് ഉണ്ടെങ്കില്‍ സമ്പര്‍ക്കം ഒഴിവാക്കുക,ശേഷം സോപ്പും വെള്ളവും ഉപയോഗിച്ച് നന്നായി കൈ കഴുകുക.

ശരീരത്തില്‍ മുറിവുണ്ടെങ്കില്‍ ഉപ്പു വെള്ളമുള്ള ഇടങ്ങളില്‍ ഇറങ്ങാതെ ഇരിക്കുക.ഇറങ്ങേണ്ടി വന്നാല്‍ പരുക്കുകള്‍ പറ്റാതെ ശ്രദ്ധിക്കുക.

മേല്‍പ്പറഞ്ഞ രോഗബാധകള്‍ ഉണ്ടായാല്‍ കടലില്‍ ഇറങ്ങിയ വിവരം/സീ ഫുഡ്‌ കഴിച്ച വിവരം പോലുള്ളവ ഡോക്ടറുടെ ശ്രദ്ധയില്‍പ്പെടുത്തുക.

*ചികിത്സ ഇല്ലാ രോഗം ഒന്നും അല്ലയിത്.ബാക്ടീരിയകള്‍ക്ക് എതിരായി ഫലപ്രദമായ ആന്റി ബയോട്ടിക്കുകള്‍ ഉപയോഗിച്ചുള്ള ചികിത്സ നിലവിലുണ്ട്.(ഡോക്സിസൈക്ക്ലിന്‍ ടെട്രസക്ക്ലിന്‍ പോലുള്ളവ,ഫ്ലൂറോക്വിനലോണുകള്‍,സെഫലോസ്പ്പോറിനുകള്‍ ഇത്യാദി)

*ഒരാളില്‍ നിന്നും മറ്റൊരാളിലേക്ക് ഈ രോഗം പകരില്ല.

“Even if you want to eat raw oysters, you’re more likely to die in a car accident on the way to the restaurant than from Vibrio.”

Paul Gulig, a professor of microbiology at the University of Florida.

ലേഖകർ
Dr. Deepu Sadasivan. Obtained a medical degree from Kottayam Medical College. Currently working in Kerala State health services department. Articles related to Medical science have been published in periodicals and newspapers.

മികച്ച വർഗ്ഗങ്ങൾ

എല്ലാ വർഗ്ഗങ്ങളും
പൊതുജനാരോഗ്യം

284 ലേഖനങ്ങൾ

Current Affairs

240 ലേഖനങ്ങൾ

കോവിഡ്-19

236 ലേഖനങ്ങൾ

ആരോഗ്യ അവബോധം

115 ലേഖനങ്ങൾ

സുരക്ഷ

64 ലേഖനങ്ങൾ

ശിശുപരിപാലനം

59 ലേഖനങ്ങൾ

കിംവദന്തികൾ

53 ലേഖനങ്ങൾ

Infectious Diseases

52 ലേഖനങ്ങൾ

Medicine

45 ലേഖനങ്ങൾ