· 5 മിനിറ്റ് വായന

കുട്ടികളുടെ ഭക്ഷണം

Parentingശിശുപരിപാലനം

‘ഡോക്റ്ററെ എന്‍റെ കുഞ്ഞിനു ഒന്നും തിന്നാന്‍ വേണ്ട” എന്ന പരാതി കേരളത്തിലെ ശിശുരോഗവിഭാഗം സന്ദര്‍ശിക്കുന്ന 99.86 % രക്ഷിതാക്കള്‍ക്കുമുണ്ട്. അപ്പോള്‍ നിങ്ങള്‍ വിചാരിക്കും ബാക്കി 0.14% അച്ഛനമ്മമാരുടെ മക്കള്‍ മാരക ഫുഡ് അടിയാണ് എന്ന്. അല്ല, അവര്‍ ആ കാര്യം പറയാന്‍ വിട്ടു പോയതാണ്.മറവി മനുഷ്യസഹജമാണല്ലോ. ചുരുക്കിപ്പറഞ്ഞാല്‍ ഒരു ‘സമ്പൂര്‍ണ തിന്നാന്‍ വേണ്ടാത്ത കുട്ടികളുടെ സംസ്ഥാനം’ എന്ന ബഹുമതി കേരളത്തിനു സ്വന്തം. ഇത് കേട്ട് ചെവിയുടെ പാടയില്‍ തഴമ്പ് വന്നു തുടങ്ങിയത് കൊണ്ട്, ഇപ്പോള്‍ ഇപ്പറഞ്ഞ കാര്യം അത്രക്കങ്ങു മുഖവിലക്ക് എടുക്കാറില്ല. “അപ്പോള്‍ ശരിക്കും ഭക്ഷണം കഴിക്കാത്ത കുട്ടിയെ കണ്ടാല്‍ ഡോക്റ്റര്‍ ചികില്‍സിക്കൂല,അല്ലേ?” എന്ന് ചോദിച്ചു തല്ലാന്‍ വരേണ്ട, എല്ലാം വഴിയെ പറയാം..സിറ്റ് ഡൗണ്‍ പ്ലീസ്..

കുഞ്ഞിന്‍റെ ആറുമാസം വരെയുള്ള ഭക്ഷണം മുലപ്പാല്‍ മാത്രമാണെന്ന് അറിയാമല്ലോ.മുൻപ്‌ നാല്‌ മാസത്തിന്‌ ശേഷം കുറുക്ക്‌ കൊടുത്തു തുടങ്ങാൻ പറഞ്ഞിരുന്നെങ്കിൽ ഇപ്പോൾ ആറ്‌ മാസത്തേക്ക്‌ കുഞ്ഞിന്‌ മുലപ്പാലിന്റെ ഗുണം ആവോളം കിട്ടാനായി exclusive breastfeeding for six months എന്ന രീതിയാണ്‌ തുടരുന്നത്‌.

എന്നാൽ ഒരു നാല്‌ വർഷത്തേക്ക്‌ എക്‌സ്‌ക്ലൂസിവായി ബ്രെസ്‌റ്റ്‌ഫീഡിക്കൂടേ എന്ന കൊനിഷ്‌ട്‌ ചോദ്യമില്ലേ മനസ്സിൽ?പറ്റില്ല.കാരണം, വളരുന്നതിനനുസരിച്ച്‌ വാവക്കുള്ള പോഷകങ്ങൾ മുഴുവനെത്തിക്കാൻ മുലപ്പാലിന്‌ കഴിയില്ല എന്നത്‌ കൊണ്ടു തന്നെ.

നേരത്തെ കുറുക്ക്‌ നൽകിത്തുടങ്ങേണ്ടി വരുന്ന നിർബന്ധിതാവസ്‌ഥകളിൽ ഒഴികെ ഒരു കാരണവശാലും നേരത്തെ കോമ്പ്ലിമെന്ററി ഫീഡിങ്ങ് തിരഞ്ഞെടുക്കരുത്‌. അമ്മയുടെ ജോലി, ചികിത്സ, മാതൃമരണം തുടങ്ങിയ സാഹചര്യങ്ങളിലല്ലാതെ നേരത്തെ ഖരഭക്ഷണം നൽകുന്നത്‌ പരിഗണിക്കുക പോലുമരുത്‌.

അത്രയും നാള്‍(അത് കഴിഞ്ഞും-മുലയൂട്ടുന്ന നാളത്രയും) കുഞ്ഞിനേക്കാൾ നന്നായി കഴിക്കേണ്ടത് അമ്മയാണ്. ഓരോ ദിവസവും അമ്മയുടെ സാധാരണ ഭക്ഷണത്തില്‍ അറുനൂറു കിലോകലോറി അധികം ഉണ്ടാകണം. കൂടാതെ, ആവശ്യത്തിനു ഇരുമ്പും കാത്സ്യവും മാംസ്യവും (മാംസമല്ല,’പ്രോട്ടീന്‍’ എന്നതിനെ തർജ്‌ജമിച്ചതാണ്‌..മുദ്ര ശ്രദ്ധിക്കൂ) വൈറ്റമിനുകളും അടങ്ങിയ ആഹാരമായിരിക്കണം അവര്‍ കഴിക്കേണ്ടത്‌. ഇത് കുഞ്ഞിന്‍റെ വളര്‍ച്ച ത്വരിതപ്പെടുത്താന്‍ ഉപകരിക്കും.

ആദ്യ ആറുമാസം കാലയളവില്‍ മുലപ്പാല്‍ അല്ലാതെ യാതൊന്നും കുഞ്ഞിനു ആവശ്യമില്ല. കുഞ്ഞിനു ദാഹിക്കുമെന്നു പറഞ്ഞു തിളപ്പിച്ചാറിയ വെള്ളമൊക്കെ കൊടുക്കുന്നത് കാണാം. ദാഹം മാറ്റിയിട്ടു കുഞ്ഞിന് ഒളിമ്പിക്സിനു ഓടാന്‍ പോകാനൊന്നും ഇല്ലല്ലോ. ഓരോ സമയത്തും കുഞ്ഞിന്‍റെ ആവശ്യങ്ങള്‍ക്കനുസരിച്ച് മുലപ്പാലിന്‍റെ ഘടകങ്ങള്‍ക്കും മാറ്റം വരുന്നുണ്ട്(ദാഹം, അസുഖങ്ങള്‍).അത് കൊണ്ട് തന്നെയാണ് അസുഖങ്ങള്‍ ഉള്ളപ്പോള്‍ പോലും മുലയൂട്ടണമെന്നു നിര്‍ദേശിക്കുന്നത്.

ആറു മാസം വരെ മുലപ്പാലിന്‍റെ കസ്റ്റമൈസ്ഡ് ഓപ്ഷന്‍ ആയിരുന്ന അമ്മ ആറുമാസം തികയുന്ന ദിവസം തൊട്ടു കുഞ്ഞിനു എന്ത് കഴിക്കാന്‍ കൊടുക്കുമെന്ന ആശങ്കയിലാണ്. താഴെ പറയുന്ന കാര്യങ്ങള്‍ ഓര്‍ക്കുക..

*കുഞ്ഞിനു complementary feeding തുടങ്ങുന്നത് മൂന്ന്‌ കാര്യങ്ങള്‍ക്കാണ്- ഒന്ന്, കമിഴ്ന്നും ഇരുന്നും ഓടിച്ചാടിയും അവന്‍/അവള്‍ ചുറ്റുപാടുകളിലേക്ക് കൂടി പരിചിതനാകാന്‍ പോകുകയാണ്. അതിന് ഊര്‍ജം വേണം,രണ്ട്‌- അവൻ പ്രായത്തിനനുസരിച്ച്‌ വളരണം, മൂന്ന്‌- അവന്‍ സാധാരണ ഭക്ഷണം കഴിക്കാന്‍ പഠിക്കണം. ഈ കാരണങ്ങള്‍ ഉള്ളത് കൊണ്ട് തന്നെ നമ്മള്‍ ശ്രദ്ധിക്കേണ്ട ചിലതുണ്ട്. കുട്ടിക്ക് ആദ്യമായി കൊടുക്കുന്ന മുലപ്പാല്‍ അല്ലാത്ത ഭക്ഷണം കുടിക്കുന്നതാകരുത്, കഴിക്കുന്നതാകണം. ആറുമാസം പ്രായമായ കുട്ടിക്ക് ചിക്കന്‍ ബിരിയാണി കൊടുക്കണം എന്നല്ല പറഞ്ഞു വരുന്നത്. അവന്‍റെ ആദ്യഭക്ഷണം വെള്ളം പോലെയുള്ള ഒന്നാകരുത്. Semisolid(കുറുക്ക്) രീതിയില്‍ ഉള്ളതാണ് അഭികാമ്യം.

*കുറുക്കുണ്ടാക്കിയേക്കാം എന്നും കരുതി അടുക്കളയില്‍ കയറുമ്പോള്‍ ആവശ്യത്തിനുള്ള ചേരുവകള്‍ കാണാതെ വിഷാദമൂകയായി ഇരിക്കേണ്ടി വരാറുണ്ടോ?ഉടന്‍ തന്നെ കൈയിലുള്ള കാശ് മുഴുവന്‍ കളഞ്ഞു കിട്ടിയ റെഡിമേഡ് പൊടിയില്‍ ചൂടുവെള്ളമൊഴിച്ച് കുഞ്ഞിന്‍റെ വായിലേക്ക് കുത്തിക്കയറ്റാറുണ്ടോ ? എങ്കില്‍ നിങ്ങള്‍ നിസ്സംശയം മനസിലാക്കുക, നിങ്ങളൊരു മോശം അമ്മയാണ് എന്ന്.

യാതൊരു കഷ്ടപ്പാടും ഇല്ലാതെ തയ്യാറാക്കാവുന്ന വിഭവമാണ് കുറുക്കുകള്‍. റാഗി,നവര അരി, ഏത്തക്കപ്പൊടി എന്ന് തുടങ്ങി നമ്മള്‍ പാരമ്പര്യമായി കൊടുത്തു വരുന്നവയെല്ലാം തന്നെ കുഞ്ഞിനു കൊടുക്കാവുന്ന നല്ല ഭക്ഷണമാണ്. ശ്രദ്ധിക്കേണ്ട കാര്യം, ആദ്യമായി നല്‍കുമ്പോള്‍ കട്ടി കുറച്ചും ക്രമേണ കട്ടി കൂട്ടിയും കൊണ്ട് വരിക. ഓരോ ദിവസവും ഓരോന്ന് എന്ന രീതിയില്‍ രുചികള്‍ പരിചയപ്പെടുത്തുക. എല്ലാ ദിവസവും കുഞ്ഞ് നന്നായി കഴിക്കണമെന്നില്ല. ചിലപ്പോള്‍ ആദ്യമൊന്നും കുഞ്ഞ് കഴിക്കണമെന്നേ ഇല്ല. ഇഷ്ടങ്ങളും ഇഷ്ടക്കേടുകളുമുള്ള മനുഷ്യക്കുഞ്ഞാണ് കൈയിലുള്ളത് എന്ന് മനസ്സിലാക്കിയാല്‍ പകുതി പ്രശ്നം തീരും. തുപ്പുകയോ പാത്രം മറിച്ചു ഇടുകയോ ഒക്കെ ചെയ്തോട്ടെ. അവര്‍ രുചികള്‍ പഠിക്കട്ടെ.

*ആദ്യം ഒരു ധാന്യം കൊണ്ടുള്ള കുറുക്ക്‌ നൽകുക(റാഗി/അരി). റാഗിയാകുമ്പോൾ ചോറൂണ്‌ എന്ന ചടങ്ങിന്റെ പ്രശ്‌നമുദിക്കുന്നില്ല.കുറച്ച്‌ ശർക്കര കൂടി ചേർത്താൽ കാൽസ്യവും ഇരുമ്പും കൊണ്ട്‌ സമ്പുഷ്‌ടമായ വിഭവമായി.

രണ്ടാഴ്‌ചക്ക്‌ ശേഷം അടുത്ത ധാന്യം പരിചയപ്പെടുത്താം.ചോറ്‌ പരിചയിക്കാൻ വൈകാതിരിക്കാൻ ശ്രദ്ധിക്കണം.തിരുവനന്തപുരത്തുള്ള കുട്ടിയുടെ മുത്തശ്ശി മൂകാംബികയിലും കാസർഗോഡുള്ള കുട്ടിയുടെ മുത്തശ്ശി ഗുരുവായൂരും വെച്ച്‌ ചോറ്‌ കൊടുക്കാമെന്ന്‌ നേർച്ച നേർന്നിരിക്കുമ്പോഴുണ്ടാകുന്ന അവസ്‌ഥ കേൾക്കാൻ കോമഡിയാണെങ്കിലും കുഞ്ഞിന്റെ കാര്യത്തിൽ ട്രാജഡിയാണ്‌.കേരളപര്യടനം കഴിഞ്ഞ്‌ വിശപ്പ്‌ മാറാൻ പാകത്തിൽ കുറച്ച്‌ ചോറും കറിയും എന്നാകും കുട്ടിക്ക്‌ കിട്ടുക ! അരിഭക്ഷണം വൈകിക്കാത്തതാണ്‌ നമ്മുടെ സാമൂഹികസ്‌ഥിതിയിൽ നല്ലത്‌.

*പിന്നീട്‌ ഒന്നിലേറെ ധാന്യങ്ങൾ ചേർത്ത്‌ കുറുക്കി കൊടുക്കുക.കുഞ്ഞിന്‌ ഭാരക്കുറവുണ്ടെന്ന്‌ നിങ്ങളുടെ ഡോക്‌ടർ പറഞ്ഞിട്ടുണ്ടെങ്കിൽ(പറഞ്ഞിട്ടുണ്ടെങ്കിൽ മാത്രം) രണ്ട്‌ തുള്ളി ശുദ്ധമായ നെയ്യ്‌ ചേർക്കാം.ഭാരമുള്ള കുട്ടികൾക്ക്‌ ഇത്‌ ആവശ്യമില്ല.മധുരത്തിന്‌ ശർക്കരയോ കൽക്കണ്ടമോ ചേർക്കാം.

*അണ്ടിപ്പരിപ്പോ നിലക്കടലയോ പൊടിച്ചു വെച്ച്‌ അൽപ്പം കുറുക്കുന്ന ധാന്യത്തോടൊപ്പം ചേർക്കാം.ഇത്‌ ആഴ്‌ചയിൽ ഒന്നോ രണ്ടോ തവണ മതിയാകും.ഈ പൊടി സൂക്ഷിച്ചു വെക്കുന്ന പാത്രം മുൻകൂട്ടി കഴുകി വൃത്തിയാക്കിയ ശേഷം വെയിലത്ത്‌ വെച്ചുണക്കണം.പൂപ്പൽവളർച്ചക്കുള്ള സാധ്യത ഒഴിവാക്കാനാണിത്‌. ഈ പാത്രത്തിൽ നനഞ്ഞ സ്‌പൂൺ ഇടാതിരിക്കാനും പ്രത്യേകം ശ്രദ്ധിക്കണം.

*വീട്ടീലുണ്ടായ പഴങ്ങൾ നന്നായി പഴുത്ത ശേഷം കൈ കൊണ്ട്‌ ഉടച്ച്‌ നൽകാം.കുഞ്ഞിന്റെ ഭക്ഷണം കഴിവതും മിക്‌സിയിൽ അരച്ച്‌ കൊടുക്കരുത്‌. അവർ രുചിയറിഞ്ഞ്‌ ചവച്ച്‌ കഴിക്കാൻ പഠിക്കട്ടെ.മടിയിൽ കിടത്തി കോരിക്കൊടുക്കുന്ന പരിപാടിയും നിരുൽസാഹപ്പെടുത്തുക.

*ഇനിയിപ്പോൾ ഡോക്‌ടർ കുറുക്കാൻ പറഞ്ഞ സ്‌ഥിതിക്ക്‌ രണ്ടര ലിറ്റർ പാലിൽ അരക്കിലോ റാഗി കുറുക്കി ഫ്രിഡ്‌ജിൽ കയറ്റി സീരിയൽ കണ്ടിരിക്കാനുള്ള പദ്ധതിയുണ്ടോ?കുഞ്ഞിന്‌ സംസാരശേഷിയില്ലാത്തത്‌ നിങ്ങളുടെ ഭാഗ്യം ! ഒരേ ഭക്ഷണം നിങ്ങളെത്ര നേരം ഇഷ്‌ടത്തോടെ കഴിക്കുമെന്ന്‌ ആലോചിക്കുക. ഇളംചൂടോടെ നേരത്തിന്‌ പാകം ചെയ്‌ത്‌ കൊടുക്കുക. മൃഗപ്പാൽ ചേർക്കരുത്‌. ഇടനേരങ്ങളിൽ പഴങ്ങൾ ഉടച്ചതോ ഉരുളക്കിഴങ്ങ്‌/നേന്ത്രപ്പഴം പുഴുങ്ങിയുടച്ചതോ നൽകാം. കുട്ടിക്ക്‌ ഘരപദാർത്‌ഥങ്ങൾ കൊടുക്കുമ്പോൾ വലിയ കഷ്‌ണങ്ങൾ ഉണ്ടാകാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കുമല്ലോ.

*പാക്കറ്റുകളുടെ ഭംഗി നോക്കി കുറുക്കുപൊടികൾ വാങ്ങി ചൂടുവെള്ളത്തിൽ കലക്കിക്കൊടുക്കരുത്‌.ധനനഷ്‌ടം, ആരോഗ്യനഷ്‌ടം, വളർച്ചക്കുറവ്‌,വിളർച്ച, വല്ല അസുഖവും വന്ന്‌ ഡോക്‌ടറുടെ അടുത്ത്‌ കൊണ്ടു ചെന്നാൽ പാക്കറ്റ്‌ ഫുഡ്‌ കൊടുത്തതിനുള്ള ചീത്തവിളി കൊണ്ടുണ്ടാകുന്ന മാനഹാനി എന്നിവ തീർച്ച.ആവശ്യത്തിന്‌ പോഷകങ്ങളില്ലാത്ത ഈ പൊടികൾ കുഞ്ഞിന്റെ വളർച്ച കുറക്കുമെന്ന്‌ മാത്രമല്ല, വിശപ്പ്‌ കെടുത്തി കുഞ്ഞ്‌ നല്ല ഭക്ഷണം കഴിക്കുന്നത്‌ കൂടി ഇല്ലാതാക്കും.

*നേരിയ അരിയുടെ കഞ്ഞി നന്നായി വേവിച്ചുടച്ച്‌ നൽകാം.വേണമെങ്കിൽ കൂടെ പച്ചക്കറികളോ ചെറുപയറോ വീട്ടുവളപ്പിലുണ്ടായ ഇലക്കറികൾ അരിഞ്ഞിട്ടതോ ചേർത്ത്‌ വേവിക്കാം.

*ചെറുപയർ മുളപ്പിച്ചത്‌ ഉണക്കിപ്പൊടിച്ച്‌ കുറുക്കുകളിലും കഞ്ഞിയിലുമെല്ലാം ഇടക്ക്‌ ചേർത്ത്‌ കൊടുക്കാം.

*എട്ടു മാസത്തോടെ മുട്ടയും ഇറച്ചിയും മീനും കൊടുത്തു തുടങ്ങാം.ഒരു വയസ്സോടെ വീട്ടിലുണ്ടാക്കിയ സകല ഭക്ഷണവും കുഞ്ഞ്‌ രുചിച്ചിരിക്കണം.ഒറ്റക്ക്‌ വാരിക്കഴിച്ച്‌ തുടങ്ങണം.

*’കുട്ടിക്ക്‌ ബിസ്‌ക്കറ്റും കേക്കും മാത്രമാണ്‌ ഇഷ്‌ടം’ എന്ന്‌ വെച്ച്‌ കാച്ചുമ്പോൾ അവൻ പാന്റും ഷർട്ടുമിട്ട്‌ ബൈക്കെടുത്ത്‌ പോയി അതെല്ലാം വാങ്ങിക്കൊണ്ട്‌ വന്നു തിന്നു എന്നാണോ മനസ്സിലാക്കേണ്ടത്‌ ?ആര്‌ വാങ്ങിക്കൊടുത്തു?കുഞ്ഞ്‌ എങ്ങനെ ആ രുചി പരിചയിച്ചു?അനാരോഗ്യകരമായ ഭക്ഷണശീലങ്ങളിൽ നിന്ന്‌ കുഞ്ഞിനെ അകറ്റി നിർത്തുക.

ഈ രീതിയിൽ ഭക്ഷ്യശീലം പഠിപ്പിച്ച കുട്ടി തീർച്ചയായും എല്ലാ ഭക്ഷണവും കഴിക്കാൻ ശ്രമിക്കും.കറിയിലെ പച്ചക്കറിയും ഇറച്ചിയുമെല്ലാം എരിവുണ്ടാകുമെന്ന്‌ പറഞ്ഞ്‌ കഴുകിയും, കഞ്ഞി ജ്യൂസടിച്ചുമൊന്നും രുചി കളയരുത്‌. അവരെല്ലാം കഴിച്ച്‌ വളരട്ടെ.

ഭക്ഷണവും കൊണ്ട്‌ പിറകെ നടക്കുന്ന ശീലമുണ്ടാക്കരുത്‌. പകരം, വിശക്കുമ്പോൾ അവർ വന്ന്‌ ചോദിക്കുന്ന ശീലം വളർത്തുക. ‘ഡോക്‌ടർക്ക്‌ അത്‌ പറയാം, അപ്പോൾ കുട്ടി തീരെ വരാനും പോണില്ല, കഴിക്കാനും പോണില്ല’ എന്നാണോ? വിശന്നാൽ കുഞ്ഞ്‌ വരിക തന്നെ ചെയ്യും…

വ്യക്‌തിപരമായ അനുഭവം പറയുകയാണെങ്കിൽ, എത്ര നേരത്തേ കുറുക്കുകളിൽ നിന്ന്‌ കുടുംബത്തിന്റെ സാധാരണ ഭക്ഷ്യരീതിയിലേക്ക്‌ കുഞ്ഞിനെ കൊണ്ട്‌ വരുന്നോ അത്രയും വേഗം അവർ നന്നായി കഴിച്ചു തുടങ്ങും.നമ്മുടെ ഭക്ഷ്യവൈവിധ്യവും രുചികളും തന്നെ കാരണം.

ഇനിയുമേറെ എഴുതാനുണ്ട്‌.അതിനിടക്ക്‌ എന്റെ ഒരു വയസ്സുകാരി ആയ്‌ശു ”യായ” ചോദിച്ച്‌ വന്നിട്ടുണ്ട്‌…വെള്ളം വേണമെന്നാണ്‌…അവരുടെ ഭാഷയും ആശയുമെല്ലാം അമ്മയോളമറിയുന്ന ആരുണ്ടല്ലേ…

ഇനി ഭക്ഷണം കൂടി അവർക്ക്‌ വേണ്ട രീതിയിലാകട്ടെ…

ലേഖകർ
Dr.Shimna Azeez. General practitioner. Graduate in BA.Communicative English from CMS College, Kottayam. Completed MBBS from KMCT Medical College, Mukkom, Kozhikode. Currently works as Tutor in Community Medicine at Government Medical College, Manjeri. Her first book 'Pirannavarkum Parannavarkumidayil' was recently published by DC books.

മികച്ച വർഗ്ഗങ്ങൾ

എല്ലാ വർഗ്ഗങ്ങളും
പൊതുജനാരോഗ്യം

284 ലേഖനങ്ങൾ

Current Affairs

240 ലേഖനങ്ങൾ

കോവിഡ്-19

236 ലേഖനങ്ങൾ

ആരോഗ്യ അവബോധം

115 ലേഖനങ്ങൾ

സുരക്ഷ

64 ലേഖനങ്ങൾ

ശിശുപരിപാലനം

59 ലേഖനങ്ങൾ

കിംവദന്തികൾ

53 ലേഖനങ്ങൾ

Infectious Diseases

52 ലേഖനങ്ങൾ

Medicine

45 ലേഖനങ്ങൾ