· 8 മിനിറ്റ് വായന
ഭക്ഷ്യ വിഷബാധ
ഭക്ഷ്യ സുരക്ഷ കൂടുതൽ കൂടുതൽ ചർച്ച ചെയ്യപ്പെടുന്ന സമയമാണല്ലോ.
എന്താണ് ഭക്ഷ്യ വിഷബാധ?
മലിനമായതോ, പഴകിയതോ, സുരക്ഷിതമല്ലാത്തതോ ആയ ഭക്ഷണമോ ജലമോ കഴിച്ചത് കൊണ്ടുണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങൾക്ക് പൊതുവായി പറയുന്ന പേരാണ് ഭക്ഷ്യവിഷബാധ.
എന്തെല്ലാം ആണ് ഭക്ഷ്യവിഷബാധയുടെ ലക്ഷണങ്ങൾ?
വയറ്റിലുള്ള അസ്വസ്ഥതകളാണ് (വയറുവേദന, ഓക്കാനം, ഛർദ്ദി, വയറിളക്കം, പനി) പ്രധാന ലക്ഷണങ്ങൾ എങ്കിലും, ഇവയിൽ മാത്രം ഒതുങ്ങി നിൽക്കണമെന്നില്ല. വളരെ ലഘുവായ ലക്ഷണങ്ങൾ മുതൽ മരണകാരണംവരെയാകാം ഭക്ഷ്യവിഷബാധയുടെ പരിണിത ഫലം.
എന്തൊക്കെയാണ് ഇതിന് കാരണമാവുന്നത്?
രോഗാണുക്കൾ : ബാക്ടീരിയ (ഇ.കോളി, ഷിഗെല്ല, സാൽമോണെല്ല മുതലായവ), വൈറസുകൾ (നോവോ വൈറസ്) ഫംഗസുകൾ,വിഷക്കൂണുകൾ പരാദങ്ങൾ എന്നിവയാകാം കാരണം.രോഗാണുക്കൾ ഉൽപാദിപ്പിക്കുന്ന വിഷവസ്തുക്കൾ (Toxins) അടങ്ങിയ ഭക്ഷണം വിഷബാധക്കിടയാക്കും. സ്‌റ്റാഫൈലോകോക്കസ് പോലുള്ള ചില ബാക്ടീരിയകളാൽ മലിനമാക്കപ്പെട്ട ഭക്ഷണത്തിൽ കഴിക്കുന്നതിനു മുമ്പ് തന്നെ വിഷ വസ്തുക്കൾ അടങ്ങിയിരിക്കും. കഴിച്ച് രണ്ടു മൂന്നു മണിക്കൂറുകൾക്കുള്ളിൽ തന്നെ ലക്ഷണങ്ങൾ തുടങ്ങും. ഇത്തരം ടോക്സിനുകൾ ഭക്ഷണം ചൂടാക്കിയത് കൊണ്ട് നശിക്കണമെന്നില്ല. മറ്റു ചില രോഗാണുക്കളാകട്ടെ, കുടലിൽ പ്രവേശിച്ച ശേഷമാകും വിഷവസ്തുക്കൾ ഉൽപാദിപ്പിക്കുക (ഉദാ: ഷിഗെല്ല ).
ഇത് കൂടാതെ ഭക്ഷണത്തിൽ കലർന്ന വിഷവസ്തുക്കൾ, ഉദാ -മെർക്കുറി, ലെഡ്, കീടനാശിനികൾ, മൂലം ഇവ ഉണ്ടാകാം
ഭക്ഷ്യവിഷബാധ കൂടാതെ ഭക്ഷണത്തിലൂടെയും വെള്ളത്തിലൂടെയും പകരുന്ന ധാരാളം രോഗങ്ങൾ ഉണ്ട് . വയറിളക്ക രോഗങ്ങൾ, കോളറ, ടൈഫോയിഡ്, ചില വൈറസുകൾ മൂലമുള്ള മഞ്ഞപ്പിത്തം, അമീബ മൂലമുള്ള വയറുകടി, വിരബാധ തുടങ്ങി നിരവധി രോഗങ്ങൾ ഇവയിൽ പെടും.
വായിൽ വെക്കും മുൻപ് ശ്രദ്ധിക്കാൻ നാല് ‘ വ ‘കൾ
4 C ( Clean, Cross contamination prevention, Cook,Chill ) എന്നു വിശേഷിപ്പിക്കപെടുന്ന അടിസ്ഥാന മുൻകരുതലുകൾ ആണ് പൊതുവെ ഭക്ഷ്യവിഷ ബാധ തടയുവാൻ പ്രധാനമായി കരുതുന്നത്. ഇതിനെ ഓർത്തിരിക്കാൻ എളുപ്പത്തിനു നാലു
‘വ ‘കൾ എന്ന് പറയാം. പുറത്ത് നിന്നു കഴിക്കുക ആണെങ്കിൽ അതിനൊക്കെ ശ്രദ്ധ കൊടുക്കുവാൻ ഇടയുള്ള സ്ഥലത്ത് നിന്ന് കഴിച്ചാൽ അപകടം കുറവായിരിക്കും.
വൃത്തി
വൃത്തിയുള്ള കൈകൾ, വൃത്തിയുള്ള പ്രതലങ്ങളും പരിസരവും, വൃത്തിയുള്ള ഭക്ഷണവും മൂന്നും പ്രധാനം ആണ്. ഹോട്ടലുകളുടെ അടുക്കള ഉപഭോക്താക്കളെ കാണിക്കുവാൻ പറ്റുന്ന രീതിയിൽ വൃത്തിയാക്കിയിരിക്കണം.
ഭക്ഷ്യവസ്തുക്കൾ കൈകാര്യം ചെയ്യുന്നവരുടെ വ്യക്തിശുചിത്വം പ്രധാനമാണ്.
കൈ കഴുകൽ
കൈ നഖങ്ങൾ വെട്ടി, വൃത്തിയാക്കി വെക്കൽ
ഭക്ഷണം പാകം ചെയ്യുമ്പോൾ വൃത്തിയുള്ള വസ്ത്രം ധരിക്കുക
പാകം ചെയ്യുമ്പോൾ /ഭക്ഷണസാധനങ്ങൾ കൈകാര്യം ചെയ്യുമ്പോൾ പുകവലിക്കരുത്
അസുഖങ്ങൾ ഉള്ളപ്പോൾ (ജലദോഷം, ചുമ, വയറിളക്കം, മഞ്ഞപ്പിത്തം, ടൈഫോയിഡ് ) ഭക്ഷണം പാകം ചെയ്യുന്നതിൽ നിന്നും വിട്ടുനിൽക്കുക / മറ്റുള്ളവർക്ക് രോഗം പകരാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക
കയ്യിൽ വ്രണങ്ങളുണ്ടെങ്കിൽ നന്നായി ബാൻഡേജ് ചെയ്യുക / ഗ്ലൗസ് ഉപയോഗിക്കുക
സോപ്പുപയോഗിച്ച് കൈ കഴുകേണ്ടത് എപ്പോൾ?
ഭക്ഷണം കഴിക്കുന്നതിന് മുമ്പും ശേഷവുംഭക്ഷണസാധനങ്ങൾ കൈകാര്യം ചെയ്യുന്നതിന് മുമ്പും ശേഷവും
കക്കൂസിൽ പോയ ശേഷം
വേസ്റ്റ് സാധനങ്ങൾ കൈകാര്യം ചെയ്ത ശേഷം
മൂക്കു പിഴിയുക , തലമുടി തടവുക, കയ്യിലേക്ക് ചുമക്കുകയോ തുമ്മുകയോ ചെയ്യുക, ചെവിയിൽ വിരലിടുക, പുകവലിക്കുക എന്നിവ ചെയ്ത ശേഷം.
കൈ കഴുകുമ്പോൾ അരമിനിറ്റെങ്കിലും എടുത്ത്, കയ്യുടെ എല്ലാ ഭാഗവും വൃത്തിയാക്കണം.
ഭക്ഷണം തയ്യാറാക്കുന്ന അടുക്കളയുടെ പ്രതലം വൃത്തിയായിരിക്കണം. പാത്രങ്ങൾ, കട്ടിംഗ് ബോർഡുകൾ, കൗണ്ടർടോപ്പുകൾ എന്നിവ ഓരോ ഭക്ഷണ സാധനങ്ങളും തയ്യാറാക്കിയ ശേഷം ചൂടുള്ള സോപ്പ് വെള്ളത്തിൽ കഴുകുക.ഒഴുകുന്ന വെള്ളത്തിനടിയിൽ പഴങ്ങളും പച്ചക്കറികളും കഴുകുക.
പാകം ചെയ്യാത്ത മാംസം, കോഴി, മത്സ്യം, മറ്റ് അസംസ്കൃത ഭക്ഷണങ്ങൾ എന്നിവ കൈകാര്യം ചെയ്തതിന് ശേഷം, മറ്റ് ഭക്ഷണങ്ങളുമായി സമ്പർക്കം പുലർത്തുന്നതിന് മുമ്പായി കൈകളും പാത്രങ്ങളും പ്രതലങ്ങളും നന്നായി കഴുകുന്നത് പ്രധാനം ആണ്.പ്രത്യേകിച്ച് പാകം ചെയ്തതും ഉടൻ കഴിക്കാൻ ഉതകുന്നതുമായ ഭക്ഷണങ്ങൾ സ്പർശിക്കുന്നതിനു മുൻപ് ഇതു വളരെ പ്രധാനം ആണ്.
വൃത്തിയാക്കാൻ ശരിയായ മെറ്റീരിയലുകൾ ഉപയോഗിക്കുക.ഡിറ്റർജന്റു ദ്രാവകങ്ങൾ ഗ്രീസ്, എണ്ണ, അഴുക്ക് എന്നിവ അലിയിക്കുന്നതിനാണ് രൂപകൽപ്പന ചെയ്തിരിക്കുന്നത്.ബ്ലീച്ച് പോലുള്ള അണുനാശിനികൾ രോഗാണുക്കളെ കൊല്ലാൻ രൂപകൽപ്പന ചെയ്തിട്ടുള്ളതാണ്.ഗ്രീസും അഴുക്കും നീക്കം ചെയ്യുന്നതിനായി എല്ലായ്‌പ്പോഴും പ്രതലങ്ങൾ ആദ്യം ഡിറ്റർജന്റ് ഉപയോഗിച്ച് വൃത്തിയാക്കുക, തുടർന്ന് ശേഷിക്കുന്ന അണുക്കളെ നശിപ്പിക്കാൻ അണുനാശിനി പ്രയോഗിക്കുക എന്നതാണ് ഉചിതം . ഇവ വിവേചനരഹിതമായി ഉപയോഗിക്കാൻ പാടില്ല.കൃത്യം നിർദേശങ്ങൾ പാലിക്കുക.
തറ വൃത്തിയാക്കാൻ പ്രത്യേക ബക്കറ്റുകളും തുണികളും ഉപയോഗിക്കുക.തുടക്കുന്ന തുണികളോ സ്പോഞ്ചുകളോ ഒന്നിലധികം തവണ ഉപയോഗിക്കുന്ന തരമാ ണെങ്കിൽ, ചൂടുവെള്ളത്തിലും സോപ്പിലും കഴുകുക, തുടർന്ന് അനുയോജ്യമായ അണുനാശിനിയിൽ വയ്ക്കുക, നന്നായി കഴുകി ഉണങ്ങാൻ അനുവദിക്കുക.
വേവിക്കൽ ( Cook)
പൊതുവെ നമ്മുടെ നാട്ടിൽ പ്രചാരത്തിൽ ഉള്ള മിക്ക ഭക്ഷണങ്ങളും ശരിയായ താപനിലയെത്തുന്നത് വരെ വേവിച്ചു സുരക്ഷ ഉറപ്പു വരുത്തെണ്ടവയാണ്. അസുഖമുണ്ടാക്കുന്ന രോഗാണുക്കളെ കൊല്ലാൻ കഴിയുന്നത്ര ഉയർന്ന ആന്തരിക താപനില ലഭിക്കുമ്പോൾ ആണ് ഇത്തരം ഭക്ഷണം സുരക്ഷിതമായി പാകം ചെയ്യപ്പെടുന്നത് . ഇറച്ചി -പ്രത്യേകിച്ച് അരച്ച ഇറച്ചി,സോസേജുകൾ, ബർഗറുകൾ, എന്നിവയെല്ലാം കൃത്യമായി പാകം ചെയ്തിട്ടുണ്ടോയെന്ന് രണ്ടുതവണയെങ്കിലും ഉറപ്പു വരുത്തുക. പൊതുവെ പറഞ്ഞാൽ അവയുടെ മധ്യഭാഗത്ത് വേവാത്ത നിറം ആയിരിക്കരുത്. ( ഇതിനു അപവാദം ആയി നാട്ടിൽ അത്ര സാധാരണമല്ലാത്ത സ്റ്റീക് പോലുള്ള ഭക്ഷ്യവസ്തുക്കൾ ഉള്ളത് മറക്കുന്നില്ല ).കത്തികൊണ്ട് തുളച്ചാൽ മാംസത്തിൽ നിന്ന് ഒഴുകുന്ന നീര് രക്തം കലരാതെ തെളിഞ്ഞതാകണം. മത്സ്യം ഒരു ഫോർക് ഉപയോഗിച്ച് നോക്കിയാൽ മാംസം എളുപ്പത്തിൽ അടരുന്നതുവരെ വേവിക്കുന്നത് ബുദ്ധിയാണ്.മാംസത്തിന്റെ സുതാര്യത പൂർണമായുംനഷ്ടപെട്ടിട്ടുണ്ടാവണം.
ഭക്ഷണത്തിന്റെ നിറവും കാഴ്ചക്കുള്ള പാകവും പരിശോധിച്ച് സുരക്ഷിതമായി പാകം ചെയ്തിട്ടുണ്ടോ എന്ന് ഉറപ്പിച്ചു പറയാനാവില്ല എന്നതാണ് സത്യം .പ്രായോഗികമായി ബുദ്ധിമുട്ടാണെങ്കിലും സുരക്ഷിതമായ ആന്തരിക ഊഷ്മാവിൽ ഭക്ഷണം പാകം ചെയ്യപ്പെട്ടുവെന്ന് ഉറപ്പാക്കാനുള്ള ഏക മാർഗം ഫുഡ് തെർമോമീറ്റർ ഉപയോഗിക്കുക എന്നതാണ്.
ഉദാഹരണത്തിന്
ബീഫ്, ആട് എന്നിവയുടെ മുഴുവൻ കട്ടുകൾ, മത്സ്യം : 145°F
കോഴിയിറച്ചി: 165°F. എന്നീ ഊഷ്മാവ് സുരക്ഷിതം ആണ്.
വിളമ്പുന്നതിന് മുമ്പ് ഭക്ഷണം ചൂടുള്ളതാണെന്ന് പരിശോധിക്കുക.
ഭക്ഷണം വളരെ നേരത്തെ പാചകം ചെയ്യുന്നത് ഒഴിവാക്കുക . പാകം ചെയ്‌തുകഴിഞ്ഞാൽ, ഭക്ഷണം കഴിക്കാൻ സമയമാകുന്നതുവരെ മൂടിവെച്ച് ചൂടോടെ സൂക്ഷിക്കണം . ഭക്ഷണം നല്ല രീതിയിൽ എല്ലായ്പ്പോളും ഈച്ച, ഉറുമ്പ് , പല്ലി, എലി, പാറ്റ എന്നിവ കടക്കാത്ത തരത്തിൽ .
നന്നായി അടച്ചു വെക്കുക.
വേറിട്ടുസൂക്ഷിക്കൽ ( Cross contamination prevention )
ഒരു ഭക്ഷണത്തിലെ രോഗാണുക്കൾ കൈകളിലൂടെയോ അടുക്കള പാത്രങ്ങളിലൂടെയോ വ്യാപിക്കുന്നത് ഭക്ഷ്യവിഷബാധക്ക് ഇട വരുത്തും .
അസംസ്കൃത ഭക്ഷണങ്ങൾ എല്ലായ്പ്പോഴും പാകം ചെയ്തതും കഴിക്കാൻ തയ്യാറായതുമായ ഭക്ഷണത്തിൽ നിന്ന് വേറിട്ട് സൂക്ഷിക്കുക.
പ്രത്യേകിച്ച് അസംസ്‌കൃത മാംസം, മത്സ്യം, കോഴി, മറ്റ് അസംസ്കൃത ഭക്ഷണങ്ങൾ എന്നിവ സലാഡുകൾ, ബ്രെഡ്, സാൻഡ്‌വിച്ചുകൾ തുടങ്ങിയ റെഡി-ടു ഈറ്റ് ഭക്ഷണങ്ങളിൽ നിന്ന് അകറ്റി നിർത്തുക. പാകം ചെയ്ത ഭക്ഷണം മുമ്പ് അസംസ്‌കൃത ഭക്ഷണങ്ങൾ സൂക്ഷിച്ചിരിക്കുന്ന പ്ലേറ്റിൽ നന്നായി കഴുകാതെ വെയ്ക്കരുത്.
അസംസ്കൃതവും പാകം ചെയ്ത ഭക്ഷണങ്ങൾക്കുമായി പ്രത്യേക ചോപ്പിംഗ് ബോർഡുകൾ ഉപയോഗിക്കുമെന്ന് ഉറപ്പാക്കുക.മുൻപ് പറഞ്ഞത് പോലെ അസംസ്കൃത ഭക്ഷണങ്ങൾ കൈകാര്യം ചെയ്തതിനു ശേഷവും മറ്റ് ഭക്ഷണങ്ങളും പാത്രങ്ങളും സ്പർശിക്കുന്നതിന് മുമ്പും കൈകൾ കഴുകുക.റഫ്രിജറേറ്ററിൽ മറ്റെല്ലാ ഭക്ഷണങ്ങളിൽ നിന്നും വേറിട്ട് കഴിയുമെങ്കിൽ അടച്ച കവറിൽ അസംസ്കൃത മാംസം, കോഴി, മത്സ്യം മുതലായവ സൂക്ഷിക്കുക. അസംസ്കൃത ഭക്ഷണങ്ങൾ ഫ്രിഡ്ജിന്റെ അടിയിൽ സൂക്ഷിച്ചാൽ അതിൽ നിന്നും ചോർന്നൊലിക്കുന്ന നീര് പാകം ചെയ്ത ഭക്ഷണത്തിലേക്ക് വീഴുന്നത് ഒഴിവാക്കാം.
വിറങ്ങലിപ്പിക്കൽ( Chill )
തണുപ്പിക്കുക,ഉടൻ ഫ്രിഡ്ജിൽ വയ്ക്കുക.മുറിയിലെ ഊഷ്മാവിൽ ഭക്ഷണം സൂക്ഷിക്കുന്നത് പരിമിതപ്പെടുത്തുക. ഏറിയാൽ 2 മണിക്കൂർ,അതിനപ്പുറം പോയാൽ പാകം ചെയ്ത ഭക്ഷണം ഫ്രിഡ്ജിൽ വെക്കുന്നതാണ് ഉചിതം.ഭക്ഷണം 90°F-ന് മുകളിലുള്ള താപനിലയുമായി (ഉദാഹരണം ചൂടുള്ള കാലാവസ്ഥയിൽ കാറിൽ വെച്ചത് ) സമ്പർക്കം പുലർത്തുകയാണെങ്കിൽ, 1 മണിക്കൂറിനുള്ളിൽ ഫ്രിഡ്ജിൽ വയ്ക്കുന്നതാണ് സുരക്ഷിതം .
മുറിയിലെ ഊഷ്മാവിൽ,അല്ലെങ്കിൽ 40°F നും 140°F നും ഇടയിലുള്ള “അപകടമേഖല”യിൽ(danger zone) അവശേഷിച്ചാൽ ബാക്ടീരിയകൾ ഭക്ഷണത്തിൽ അതിവേഗം വർധിക്കും .ഭക്ഷണത്തിനൊപ്പം, ഊഷ്മാവ്, ഈർപ്പം എന്നിവ കൂടെ ഉണ്ടെങ്കിൽ രോഗാണുക്കൾ സമയം കടന്ന് പോകുന്തോറും പെരുകും.
റഫ്രിജറേറ്ററിലെ തണുപ്പ് 40°F ൽ താഴെയും താഴെയും ഫ്രീസർ 0˚F അല്ലെങ്കിൽ താഴെയും ആയിരിക്കണം. ശീതീകരിച്ചു ഉറച്ചു പോയ ഭക്ഷണം ഉപയോഗിക്കുവാൻ നേരത്ത് ഉരുകുവാൻ അനുവദിക്കുന്നത് (thawing )കൌണ്ടറിനു മുകളിൽ വെച്ച് ആവരുത്. മുറിയിലെ ഊഷ്മാവിൽ എത്തുന്ന ഭക്ഷണത്തിന്റെ ഭാഗങ്ങളിൽ ബാക്ടീരിയകൾ പെട്ടെന്ന് പെരുകും.ഇതിനു ശീതീകരിച്ച ഭക്ഷണം ഒരു പ്ലാസ്റ്റിക് ബാഗിൽ വെച്ച് , തണുത്ത വെള്ളത്തിൽ മുക്കുക. ഭക്ഷണം ഉരുകുന്നത് വരെ ഓരോ 30 മിനിറ്റിലും വെള്ളം മാറ്റുക. അല്ലെങ്കിൽ മൈക്രോവേവു ഉപയോഗിച്ച് ഇതു ചെയ്യാം. ഇപ്രകാരം thaw ചെയ്ത ഭക്ഷണം ഉടൻ പാകം ചെയ്യുക പ്രധാനമാണ്. ഭാഗികമായി ചൂടാക്കിയ മാംസം മുറിയിലെ ഊഷ്മാവിൽ വെക്കുന്നത് രോഗാണുക്കൾക്ക് പരവതാനി വിരിക്കുന്നത് പോലെ ആണ്.
ബാക്കി വന്ന ഭക്ഷണം നിങ്ങൾ വീണ്ടും വിളമ്പാൻ ഉദ്ദേശിക്കുമ്പോൾ. പാകം ചെയ്യാനായി പുറത്തെടുത്ത് സാധാരണ ഊഷ്മാവിൽ വന്ന ശേഷം വീണ്ടും ഫ്രീസറിൽ വെകുന്നത് ഒഴിവാക്കാൻ ഓരോ തവണയും ആവശ്യമുള്ള അളവിൽ മാത്രം പുറത്തെടുക്കുക. ഓരോ തവണയും ആവശ്യം വരുന്ന.സുരക്ഷ ഉറപ്പാക്കാൻ, 74°C (165°F) വരെ നന്നായി ചൂടാക്കുക. 2-3 ദിവസത്തിൽ കൂടുതൽ ഫ്രിഡ്ജിൽ സൂക്ഷിക്കാതെ കളയുവാൻ മടി കാണിക്കരുത്.
ഭക്ഷണം വാങ്ങുമ്പോൾ പഴക്കം ചെല്ലാത്ത മാംസവും പച്ചക്കറികളും ലഭിക്കുന്ന
ശുചിത്വമുള്ളതും വിശ്വസനീയവും ആയ സ്ഥലങ്ങളിൽ നിന്നും വാങ്ങുന്നു എന്ന് ഉറപ്പാക്കുക.പായ്ക്ക് ചെയ്ത ഭക്ഷണത്തിന്റെ ലേബലുകളിൽ expiry date അല്ലെങ്കിൽ “ഇത്ര ദിവസങ്ങൾക്കുള്ളിൽ ഉപയോഗിക്കുക” പോലുള്ള നിർദേശങ്ങളും
സ്റ്റോറേജ് നിർദ്ദേശങ്ങളും കൃത്യമായി പിന്തുടരുക.കാഴ്ചയിൽ അസാധാരണമായ ഒരു ഭക്ഷണവും വാങ്ങരുത്, ഉദാഹരണത്തിന്:ടിന്നിലടച്ച ഭക്ഷണം തുരുമ്പിച്ചതോ വീർത്തതോ ആയ ക്യാനുകളിൽ കാണുക. . എക്സ്പയറി ഡേറ്റ് കഴിഞ്ഞവ, പൂപ്പൽ ബാധിച്ച ബ്രഡ്, ചീസ്, അഴുകിയ ഇറച്ചി, മീൻ , കേടുവന്ന പാൽ എന്നിവ ഉപേക്ഷിക്കാൻ മടികാണിക്കരുത്.വേസ്റ്റ് ബാസ്കറ്റിൽ വേസ്റ്റ് കുമിഞ്ഞുകൂടാതെ ഇടക്കിടക്ക് ഒഴിവാക്കണം. ഇല്ലെങ്കിൽ പാറ്റ, പല്ലി, എലി എന്നിവ താവളമാക്കും.
ചൂടുകാലത്ത് ഐസ് ഇട്ട് തണുപ്പിച്ച ജ്യൂസും മറ്റും പ്രിയമാണല്ലോ. ഭക്ഷണാവശ്യത്തിന് ഉപയോഗിക്കുന്ന ഐസിന്റെ നിലവാരം ഉറപ്പു വരുത്തേണ്ടതുണ്ട്. വീട്ടിൽ ഐസ് ഉണ്ടാക്കാൻ (വീട്ടിൽ മാത്രമല്ല, ഭക്ഷ്യ ആവശ്യത്തിന് വ്യാവസായികമായി ഉണ്ടാക്കുന്ന ഐസും ) തിളപ്പിച്ചാറിയതോ ഫിൽട്ടർ ചെയ്തതോ ആയ വെള്ളത്തിൽ നിന്നുള്ള ഐസ് മാത്രമേ ഉപയോഗിക്കാവൂ. ഐസ് കൈ കൊണ്ട് എടുക്കരുത്. വലിയ ഐസ് കട്ടകൾ നിലത്ത് വെക്കുകയോ അതിൽ ഇരിക്കുകയോ ചെയ്യരുത്.
യാത്ര ചെയ്യുമ്പോൾ കഴിയുമെങ്കിൽ തിളപ്പിചാറ്റിയ വെള്ളം കൂടെ കരുതുക.സമൂഹസദ്യകളിൽ പങ്കെടുക്കുമ്പോളോ ഭക്ഷ്യ വിഷബാധ ഒഴിവാക്കാൻ പാകം ചെയ്ത ഭക്ഷണം മാത്രം കഴിക്കുക. (ഉദാ: ബിരിയാണി കഴിക്കുമ്പോൾ സാലഡ് ഒഴിവാക്കുക). ഇല്ലെങ്കിൽ വെളളം കുടിക്കാതിരിക്കുക / bottled വെളളം മാത്രം കുടിക്കുക. ചൂടുവെള്ളം എന്ന് പറഞ്ഞ് ഹോട്ടലുകളിൽ ലഭിക്കുന്നത് പലപ്പോഴും തിളപ്പിച്ച വെളളമല്ല, മറിച്ച് തിളച്ച വെള്ളവും പച്ച വെള്ളവും മിക്സ് ചെയ്തതാണ്.
ഐസ് ഒഴിവാക്കുക. നമ്മൾ ഒഴിവാക്കണമെന്ന് ആഗ്രഹിക്കുന്ന വെളളം ഉപയോഗിച്ചാവും ഐസ് ഉണ്ടാക്കിയിരിക്കുന്നത്.
അത്യാവശ്യം തിരക്കുള്ളതും ആ നാട്ടുകാർ കൂടുതൽ ആശ്രയിക്കുന്നതുമായ ഹോട്ടലുകളിൽ പോവുക.
പാലുൽപന്നങ്ങൾ ഒഴിവാക്കുക. തിളപ്പിച്ച പാൽ പ്രശ്നമില്ല. ഐസ് ക്രീം, ഫ്രൂട്ട് സാലഡ്, ഷേക്കുകൾ എന്നിവ പ്രശ്നമായേക്കാം.പന്തലിൽ കയറുമ്പോൾ ചിരി തൂകി തരുന്ന വെൽകം ഡ്രിങ്ക് ചിരിയോടെ തന്നെ നിരസിക്കുന്നത് ബുദ്ധിയാവും. സമൂഹസദ്യകളിലും മറ്റും കൈ കഴുകാൻ പലപ്പോഴും മറക്കുന്നത് പതിവാണ്.
നമ്മുടെ വീട്ടിൽ / കുടുംബത്തിൽ നടക്കുന്ന ആഘോഷങ്ങൾക്ക് ( വിവാഹം, ഗൃഹപ്രവേശം, പിറന്നാൾ എന്നിവ) ധാരാളം പേരെ ക്ഷണിക്കുക സാധാരണമാണ്. എന്നാൽ അവർക്ക് കെടുക്കുന്ന ഭക്ഷണത്തിന്റെ ഗുണനിലവാരം നമ്മൾ ഉറപ്പു വരുത്താറുണ്ടോ എന്നാലോചിക്കണം.
ഇതേ സാഹചര്യമാണ് ആഘോഷങ്ങൾ, ഉത്സവങ്ങൾ തുടങ്ങിയവയിലും . ഏതെങ്കിലും ഒരു ഏജൻസിയെ ഏൽപിക്കുന്നതിൽ കവിഞ്ഞ് മേൽ പറഞ്ഞ ഓരോ കാര്യത്തിലും നിഷ്കർഷ പുലർത്തിയേ പറ്റൂ. ഇത്തരം സാഹചര്യത്തിൽ ഭക്ഷണം ഒരുക്കുന്നവരും കഴിക്കുന്നവരും ഒരുപോലെ ജാഗരൂകരാവേണ്ടതുണ്ട്.
എല്ലാ ഭക്ഷ്യ വ്യാപാര സ്ഥാപനങ്ങളും പാലിക്കേണ്ട അവശ്യ ഭക്ഷ്യ സുരക്ഷാനടപടികൾ ആണ് ഇവ . അവയിലെ ജീവനക്കാരെ ബോധവൽക്കരിക്കുകയും ഇതിൽ പരിശീലനം നൽകുകയും സേവനങ്ങളുടെയും ഭക്ഷ്യവസ്തുക്കളുടെയും ഗുണനിലവാരം തുടർച്ചയായി നിരീക്ഷിക്കുകയും ഉറപ്പ് വരുത്തുകയും ഭക്ഷണശാലകളും അധികൃതരും ചേർന്നു നിർവഹിക്കാതെ ഇത് സാധ്യം ആവില്ല.ഹോട്ടൽ തൊഴിലാളികൾക്ക് ഇക്കാര്യങ്ങളെപ്പറ്റി അവബോധം ഉണ്ടാക്കേണ്ടതുണ്ട്. ഇടക്കിടക്കുള്ള പരിശോധനയിലൂടെ ഇക്കാര്യങ്ങൾ പാലിക്കുന്നുണ്ട് എന്ന് ഉറപ്പു വരുത്തേണ്ടതും, പാലിക്കാത്ത സ്ഥാപനങ്ങളുടെ ലൈസൻസ് റദ്ദ് ചെയ്യേണ്ടതും ആവശ്യമാണ്.