വായ്നാറ്റം: കാരണങ്ങളും പരിഹാരമാർഗ്ഗങ്ങളും
ദിവസേന പല കാരണങ്ങൾക്കായി ചികിത്സ തേടിയെത്തുന്ന ദന്തരോഗികളിൽ മിക്കവരും പറയാറുള്ള പ്രധാന പ്രശ്നങ്ങളിലൊന്നാണ് വായ്‌നാറ്റം. ഇത് പലപ്പോഴും പൊതുസ്ഥലങ്ങളിലും തൊഴിലിടങ്ങളിലും സുഹൃദ്‌വലയത്തിലും കുടുംബത്തിലും സംസാരത്തിലേർപ്പെടുന്ന വേളയിൽ അപകർഷബോധം ഉളവാക്കാറുണ്ട്.
വായ്നാറ്റത്തെ പ്രധാനമായും മൂന്നായി തരം തിരിക്കാം.
• യഥാർത്ഥത്തിലുള്ള വായ്‌നാറ്റം
• യഥാർത്ഥത്തിൽ ഇല്ലാത്ത വായ്‌നാറ്റം. (ഉണ്ടെന്നുള്ള വികലമായ ധാരണ)
• വായ്‌നാറ്റം ഉണ്ടെന്ന അകാരണമായ ഭയം അഥവാ ഉത്കണ്ഠ
യഥാർത്ഥത്തിലുള്ള വായ്‌നാറ്റം തന്നെ വീണ്ടും രണ്ടു തരമുണ്ട്.
നമുക്കെല്ലാവർക്കും തന്നെ രാവിലെ ഉറങ്ങി എഴുന്നേൽക്കുന്ന ഉടനെ ചെറിയ തോതിൽ വായ്‌നാറ്റം അനുഭവപ്പെടാറുണ്ട്. ഉറങ്ങുന്ന സമയത്ത് ഉമിനീരിന്റെ പ്രവർത്തനം കുറയുന്നതു മൂലം വായിലെ കീടാണുക്കളുടെ പ്രവർത്തനങ്ങൾ കൂടുകയും തത്ഫലമായി ഉണ്ടാകുന്ന രാസസംയുക്തങ്ങൾ വായിൽ നിന്നുള്ള രൂക്ഷ ഗന്ധത്തിന് കാരണമാവുകയും ചെയ്യുന്നു. ഇതിനെ ശരീരധർമ്മാനുബന്ധമായ വായ്‌നാറ്റം എന്നു പറയാം.
രണ്ടാമത്തേത് വായിലെയോ, ശരീരത്തിലെ മറ്റേതെങ്കിലും അവയവങ്ങളെ ബാധിക്കുന്ന രോഗങ്ങൾ കാരണമുള്ള വായ്‌നാറ്റമാണ്. ഇതിനെ രോഗനിദാനാനുബന്ധമായ വായ്നാറ്റം എന്ന് പറയാം. ആദ്യം നാം പറഞ്ഞ ശരീരധർമ്മാനുബന്ധമായ വായ്നാറ്റം നാം ഉപയോഗിക്കുന്ന ഭക്ഷണപദാർത്ഥങ്ങളുമായും ബന്ധപ്പെട്ടിരിക്കുന്നു. പാൽ, പാൽക്കട്ടി, ഐസ്ക്രീം, സൾഫർ അടങ്ങിയ ഉള്ളി, വെളുത്തുള്ളി തുടങ്ങിയവയുടെ ഉപയോഗം ഇതിന് കാരണമാകാറുണ്ട്. അതോടൊപ്പം പുകവലിയും മദ്യപാനവും ഉപവാസം ചെയ്യുന്ന സ്ത്രീകളിൽ ആർത്തവ കാലങ്ങളിലും എല്ലാം ഇത്തരത്തിൽ വായ്നാറ്റം അനുഭവപ്പെടാറുണ്ട്. രോഗനിദാനാനുബന്ധമായ വായ്നാറ്റത്തിന് പലതരം കാരണങ്ങളുണ്ട്. ഈ കാരണങ്ങളെ പ്രധാനമായും രണ്ടായി തരം തിരിക്കാറുണ്ട്.
1. വായിലെ കാരണങ്ങൾ
2. മറ്റ് അവയവങ്ങളിലെ അസുഖങ്ങൾ
വായിലെ കാരണങ്ങൾ
• ദന്തക്ഷയം
• മോണവിക്കം
• മോണപഴുപ്പ്
• നാവിനെ ബാധിക്കുന്ന പൂപ്പൽബാധ
• ഹെർപ്പിസ് വൈറസ് ബാധമൂലമുണ്ടാകുന്ന ദന്തരോഗങ്ങൾ
• പല്ലെടുത്ത ഭാഗത്തെ ഉണങ്ങാത്ത മുറിവും പഴുപ്പും.
• കൃത്രിമ ദന്തങ്ങൾ വൃത്തിയായി സൂക്ഷിക്കാത്തവരിൽ
• വായിലുണ്ടാകുന്ന വ്രണങ്ങൾ, മുറിവുകൾ എന്നിവ
മറ്റ് അസുഖങ്ങൾ കാരണമുണ്ടാവുന്ന വായ്നാറ്റവും ഈ സ്ഥിതിവിശേഷത്തിൽ പ്രധാനമായ പങ് വഹിക്കാറുണ്ട്. മൂക്കിലെയും തൊണ്ടയിലെയും അസുഖങ്ങൾ, സൈനസൈറ്റിസ് (sinusitis), മുക്കിലുള്ള പഴുപ്പ്, ശ്വസനനാളിയിലെ അണുബാധ, ശബ്ദനാളത്തിലെ അണുബാധ, ശബ്ദനാളത്തിലെ അർബുദം എന്നിവ.
ശ്വാസകോശ സംബന്ധിയായ രോഗങ്ങൾ:
ശ്വാസകോശത്തിലെ അണുബാധ, പഴുപ്പ്, ശ്വാസംമുട്ട്, ആസ്ത്മ, ക്ഷയരോഗം, ശ്വാസകോശാർബുദം, ന്യൂമോണിയ തുടങ്ങിയവ.
ഉദരസംബന്ധിയായ രോഗങ്ങൾ:
ഉദരത്തിലെ അണുബാധ, പഴുപ്പ്, ഗ്യാസ്ട്രബിൾ, ഹെർണിയ തുടങ്ങിയ അസുഖങ്ങൾ
പ്രമേഹം : ചീഞ്ഞ പഴത്തിന്റെ ഗന്ധം ഉണ്ടാക്കുന്നു.
കരൾ രോഗങ്ങൾ
വൃക്ക രോഗങ്ങൾ: മത്സ്യത്തിന്റെ ഗന്ധം വായിൽ ഉണ്ടാക്കുന്നു
വിഷാദരോഗങ്ങളും മാനസിക സമ്മർദ്ദത്തിനുള്ള ചില മരുന്നുകളുടെ ഉപയോഗവും കാരണം.
സൾഫർ അടങ്ങിയ സംയുക്തങ്ങളായ മീഥൈൽ മെർക്യാപ്റ്റൻ (methyl mercaptan), ഹൈഡ്രജൻ സൾഫൈഡ് (Hydrogen sulphide), ഡൈമീഥൈൽ സൾഫൈഡ് (Dimethyl sulphide) എന്നീ മൂന്നു വാതകങ്ങളാണ് പ്രധാനമായും വായ്നാറ്റത്തിന് കാരണമാവുന്നത്. ഇവയെ അസ്ഥിര നൈസർഗിക സംയുക്തങ്ങൾ എന്ന് പറയുന്നു.
പല്ലുകളുടെ ഇടയിലും മറ്റും കടന്നുകൂടിയിരിക്കുന്ന ഭക്ഷണാവശിഷ്ടങ്ങളിൽ അണുക്കളുടെ പ്രവര്‍ത്തന ഫലമായി ഹാനികരമായ രാസവസ്തുക്കൾ ഉണ്ടാകുന്നു. വായിലെ ഉമിനീരിന്റെ തോത് കുറയുന്ന അവസ്ഥയിലും വായിലെ ജീവവായുവിന്റെ അനുപാതം കുറയുന്ന വേളയിലും ഈ പ്രവർത്തനം ത്വരിതപ്പെടുന്നു.
രോഗനിർണയം
സ്വയം നിർണയിക്കാനുള്ള എളുപ്പവിദ്യകൾ
$ ഒരു കരണ്ടി ഉപയോഗിച്ച് നാവിന്റെ പുറകുവശം ചുരണ്ടിയതിന് ശേഷം ആ കരണ്ടി മണപ്പിച്ചു നോക്കുക.
$ പല്ല് കുത്താനുപയോഗിക്കുന്ന ടൂത്ത്പിക്കോ പല്ലിനിടയിലെ അഴുക്ക് നീക്കം ചെയ്യാനുപയോഗിക്കുന്ന സെന്റൽ ഫ്ളോസോ പല്ലുകൾക്കിടയിൽ ഇറക്കിയതിനുശേഷം തിരികെയെടുത്ത് മണപ്പിച്ച് നോക്കുക.
$ ഒരു കരണ്ടിയിലോ കപ്പിലോ ഉമിനീർ തുപ്പിയതിനുശേഷം മണപ്പിച്ചു നോക്കുക.
$ കൈത്തണ്ട നക്കിയതിനു ശേഷം ഉണങ്ങാനായി അൽപ്പനേരം കാത്തുനിന്നതിനു ശേഷം മണപ്പിച്ച് നോക്കുക.
ഇത്തരം ലളിതമായ വിദ്യയിലൂടെ ഈ പ്രശ്നം രോഗിക്ക് സ്വയം സ്ഥിരീകരിക്കാവുന്നതാണ്. കൂടാതെ അവയവഗ്രാഹണ പരിശോധന (Organoleptic Measurement) , ഹാലിമീറ്റർ (Halimeter), ഫേസ് കോൺട്രാസ്റ്റ് മൈക്രോസ്കോപ്പി (Phase Contrast microscopy), ഗ്യാസ് ക്രൊമാറ്റോഗ്രാഫി (Gas Chromatography), ഇലക്ട്രോണിക് നോസ് (Electronic nose) എന്നിവയിലൂടെയും വായ്നാറ്റം സ്ഥിരീകരിക്കാം.
ചികിത്സ
വായിലെ കാരണങ്ങൾ:
$ ദന്തശുചിത്വം ഉറപ്പുവരുത്തുക.
$ ശരിയായ ബ്രഷിംഗ് രീതി അവലംബിക്കുക, ദിവസേന രണ്ടുനേരം ബ്രഷ് ചെയ്യുക
$ പല്ലിന്റെ ഇടയിലെ അഴുക്ക് ഡെന്റൽ ഫ്ളോസ് (Dental Floss) അല്ലെങ്കിൽ ഇന്റർ ഡെന്റൽ ബ്രഷ് ഉപയോഗിച്ച് നീക്കം ചെയ്യുക.
$ ബ്രഷിന്റെ പ്രതലമോ ടംങ് ക്ലീനറോ ഉപയോഗിച്ച് നാവ് വൃത്തിയാക്കുന്നത് ശീലമാക്കുക. സ്റ്റീൽ ടംങ് ക്ലീനർ (Steel tongue cleaner)ഒഴിവാക്കുന്നതാണ് നാവിലെ രസമുകുളങ്ങൾക്ക് നല്ലത്.
$ നാവിന്റെ പുറകുവശം വരെ നന്നായി വൃത്തിയാക്കേണ്ടത് അത്യാവശ്യമാണ്.
$ ആറു മാസത്തിലൊരിക്കൽ മോണരോഗ വിദഗ്ദ്ധനെ കാണുക.
$ പല്ലുകൾ അൾട്രാസോണിക് ഉപകരണം ഉപയോഗിച്ച് ക്ലീൻ ചെയ്യുക.
$ ദന്തക്ഷയം ചികിത്സിച്ച് ഭേദമാക്കുക.
$ വായിലെ പൂപ്പൽ ബാധ, മറ്റു വ്രണങ്ങൾ എന്നിവയ്ക്കും ആവശ്യമായ ചികിത്സ നേടുക
മറ്റു കാരണങ്ങൾ മൂലമുണ്ടാകുന്ന വായ്നാറ്റത്തിന്:
$ പ്രമേഹം നിയന്ത്രിച്ച് നിർത്തുക
$ ശ്വാസകോശ സംബന്ധമായ രോഗങ്ങൾ, മൂക്കിലേയും തൊണ്ടയിലേയും രോഗങ്ങൾ, കരൾ രോഗങ്ങൾ, ഉദര രോഗങ്ങൾ തുടങ്ങിയവയെല്ലാം ചികിത്സിക്കുക.
$ ചില മരുന്നുകള്‍ വായ്നാറ്റമുണ്ടാക്കിയേക്കാം. ദന്തരോഗവിദഗ്ദ്ധന്റെ നിര്‍ദ്ദേശാനുസരണം ചികില്‍സിക്കുന്ന ഡോക്ടറോട് പറഞ്ഞ് പ്രസ്തുത മരുന്നുകള്‍ മാറ്റിവാങ്ങുക.
(ഇൻഫോക്ലിനിക്കിനു വേണ്ടി ഈ പോസ്റ്റ് എഴുതിയത് ഡോ. മണികണ്ഠൻ ജി.ആർ, പെരിഓഡോൻ്റിസ്റ്റ്, തിരുവനന്തപുരം)