മരണത്തിൽ നിന്നും ജീവിതത്തിലേക്ക്
ആംബുലൻസിന്റെ സീറ്റിൽ നിന്നും താഴെ കമിഴ്ന്നു വീണു കിടക്കുന്ന രീതിയില്‍ ആണ് ഇവരെ ആദ്യമായി കാണുന്നത്. തടി കാരണം തറയില്‍ വീണു കിടന്ന അവരെ തിരിച്ചു സീറ്റില്‍ കിടത്താന്‍ കൂടെ വന്ന ആളുകള്‍ ശ്രമിച്ചിട്ട് നടന്നു കാണില്ല. അത്യാഹിത വിഭാഗത്തില്‍ ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന മുഴുവന്‍ സ്റ്റാഫും ഒരുമിച്ചു ശ്രമിച്ചാണ് ആംബുലൻസിൽ നിന്നും അവരെ എമർജൻസി റൂമില്‍ എത്തിച്ചത്.
പരിശോധിച്ചപ്പോള്‍ ഹൃദയമിടിപ്പും ശ്വാസവും ഇല്ല. വേണമെങ്കില്‍ മരിച്ചു എന്ന് പറയാം. ഏതാനും നിമിഷങ്ങള്‍ കൂടി ഒന്നും ചെയ്യാതിരുന്നാല്‍ മരണം ഉറപ്പ്. ഒട്ടും പ്രതീക്ഷ ഉണ്ടായിരുന്നില്ലെങ്കിലും അത്യാഹിത വിഭാഗത്തില്‍ ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന ജൂനിയര്‍ ഡോക്റുമൊത്ത് നടത്തിയ തീവ്ര പരിശ്രമത്തില്‍ ഹൃദയമിടിപ്പ് വീണ്ടെടുത്തു. ശ്വാസം നല്‍കാനായി ശ്വാസകോശത്തിലേക്ക് ട്യൂബും ഇട്ടു. ഏതാനും നിമിഷങ്ങള്‍ കൂടി കഴിഞ്ഞപ്പോള്‍ നില കുറച്ചു കൂടെ മെച്ചപ്പെട്ടു. ഉടനെ തന്നെ തീവ്രപരിചരണ വിഭാഗത്തിൽ വെന്റിലേറ്ററിൽ പ്രവേശിപ്പിച്ചു.
പത്തു ദിവസം ഞാന്‍ അടക്കമുള്ള ഡോക്ടർമാരുടെ ഒരു ടീമും തീവ്ര പരിചരണ വിഭാഗത്തിലെ മറ്റു സ്റ്റാഫും ചേർന്നു നടത്തിയ കഠിന പരിശ്രമത്താല്‍ ഇന്ന് അവരെ വെന്റിലേറ്ററിൽ നിന്ന് മാറ്റി. ഇതിനിടെ രോഗിയുടെ കൂടെ ഉള്ളവരുടെ അനേകം ചോദ്യങ്ങളും ആശങ്കകളും നേരിടേണ്ടി വന്നു. സീരിയസ് ആണെന്ന് പറഞ്ഞപ്പോള്‍ മറ്റു ആശുപത്രിയിലേക്ക് കൊണ്ട് പോവണോ എന്നാ പതിവ് ചോദ്യത്തിന് എല്ലാ ചികിത്സയും നൽകാൻ സൗകര്യം ഇവിടെ ഉണ്ട്, ഈ അവസ്ഥയില്‍ മറ്റൊരു ആശുപത്രിയിലേക്ക് മാറ്റുന്നതും റിസ്ക് ആണ്, എന്നാല്‍ കൊണ്ട് പോവണോ വേണ്ടയോ എന്ന അവസാന തീരുമാനം പറയേണ്ടത് രോഗിയുടെ ബന്ധുക്കള്‍ ആണ്, കൊണ്ട് പോവുന്നു എന്നാന്നു തീരുമാനം എങ്കില്‍ വെന്റിലേറ്റർ ഉള്ള ആംബുലന്സ് അറേഞ്ച് ചെയ്തു തരാം എന്ന് മറുപടി കൊടുത്തു. അവസാനം പലരുമായും സംസാരിച്ചു, പലതവണ എന്റടുത്തു വന്നു ചോദ്യങ്ങളും മറു ചോദ്യങ്ങളും എറിഞ്ഞു ഇവിടെ തന്നെ ചികിത്സ തുടരാന്‍ തന്നെ തീരുമാനിച്ചു.
ഒരു കാര്യം പ്രത്യേകം എടുത്തു പറയാതെ വയ്യ. ഇവിടെ ചികിത്സ തുടരാം എന്ന തീരുമാനം എടുത്ത ശേഷം അസാമാന്യ ക്ഷമയാണ് കൂടെയുള്ള ബന്ധുക്കള്‍ കാണിച്ചത്. അനാവശ്യമായ ഒരു ചോദ്യവും പിന്നീട് ഉണ്ടായില്ല. സീരിയസ് ആണ് എന്ന് ഞാന്‍ പറയുമ്പോള്‍ നിശ്ശബ്ദമായികുനിഞ്ഞ മുഖത്തോടെ എല്ലാം കേട്ടു. പുരോഗതി ഉണ്ടെന്നു പറയുമ്പോള്‍ തിളങ്ങുന്ന കണ്ണുകളാല്‍ എന്നെ നോക്കി. രോഗിയുടെ കൂടെ ഉള്ള ആളുകളില്‍ നിന്നും കിട്ടുന്ന അത്തരം ഒരു സപ്പോർട്ട് ആണ് ഏതൊരു ഡോക്ടറുടെയും ഭാഗ്യം.
ഇതിനിടെ കൂടുതല്‍ ദിവസം വെന്റിലേറ്റർ സഹായം വേണ്ടി വരാന്‍ സാധ്യത ഉണ്ടെന്നും ഭീമമായ ഒരു ബില്ല് വരാന്‍ സാധ്യത ഉണ്ടെന്നും സാമ്പത്തികമായി ബുദ്ധിമുട്ട് ഉള്ള ആളുകള്‍ ആണെങ്കില്‍ മെഡിക്കല്‍ കോളേജ് ലേക്ക് മാറ്റുന്ന കാര്യം വേണേല്‍ ആലോചിക്കാവുന്നതനെന്നും ഞാന്‍ ഓർമ്മിപ്പിച്ചിരുന്നു. പണം പ്രശ്നമല്ല, ഇവിടെ തന്നെ ചികിത്സിച്ചാല്‍ മതി എന്നായിരുന്നു മറുപടി.
ഇന്ന് തൊഴുകൈകളോടെ അവര്‍ ഞങ്ങളോട് സംസാരിക്കുന്നു. മകളോടും ഭർത്താവിനോടും സംസാരിക്കുന്നു. ഡാൻസ് ടീച്ചർ ആണ്. ICU സ്റ്റാഫ് നു സ്റ്റെപ്പുകൾ ഒക്കെ പറഞ്ഞു കൊടുക്കുന്നു !!
ഹൃദയമിടിപ്പും ശ്വാസവും നിന്ന അവരെ മരിച്ചു എന്ന് എഴുതി തള്ളി ഒന്നും ചെയ്യാതെ വിട്ടിരുന്നെങ്കില്‍ ആശുപത്രിയെ സംബന്ധിച്ചിടത്തോളം അതൊരു സാധാരണ സംഭവം ആവുമായിരുന്നിരിക്കാം. എന്നാല്‍ ഒരു കുടുംബത്തിനു അത് തീര്‍ത്താല്‍ തീരാത്ത നഷ്ടം ആവുമായിരുന്നു. മരിച്ച രോഗികളെ വെന്റിലേറ്ററിൽ കിടത്തി പണം പിടുങ്ങുന്നു ഡോക്ടർമാർ എന്ന അങ്ങേയറ്റം ഹീനമായ ആരോപണം ഭയന്നു ഞങ്ങള്‍ പിന്തിരിഞ്ഞിരുന്നെങ്കിലോ? !!
അങ്ങനെ പിന്തിരിയാന്‍ അല്ലല്ലോ ഞാന്‍ അടക്കമുള്ള ഡോകടർമാർ പഠിച്ചത്. സ്ഥാപിത താല്പര്യങ്ങളാല്‍ കുപ്രചരണം നടത്തുന്നവരെ ഭയന്ന് ഈ മഹത്തായ ജോലിയുടെ നിലവാരം തകർക്കാൻ കഴിയില്ല. ഇതുപോലെ വെന്റിലേറ്ററിൽ പ്രവേശിപ്പിക്കുന്ന നൂറ് രോഗികളില്‍ 99 പേരും മരിച്ചാലും ഒരാള്‍ ചിലപ്പോള്‍ രക്ഷപ്പെട്ടേക്കാം. ആ ഒരാളെ കുറിച്ചുള്ള ഓർമ മാത്രം മതി ഞങ്ങൾക്ക് ഇത് തുടരാന്‍.
നമ്മളുടെ സ്വന്തം കഴിവുകൊണ്ടല്ല നമ്മള്‍ ഈ ഭൂമിയില്‍ ജനിച്ചു വീണത്, അത് നിയന്ത്രിക്കാന്‍ ഒരു ദൈവം ഉണ്ടെന്നു ഞാന്‍ വിശ്വസിക്കുന്നു. വിശ്വാസം ഇല്ലാത്തവർക്ക് അതിനെ പ്രകൃതിയുടെ തീരുമാനം എന്നോ മറ്റോ വിശേഷിപ്പിക്കാം. അത് പോലെ മരണവും നമ്മള്‍ തീരുമാനിക്കുന്നതല്ല. ഒരാളെയും എഴുതി തള്ളാന്‍ പാടില്ല എന്ന് അനുഭവങ്ങളിലൂടെ പഠിച്ചവര്‍ ആണ് ഡോക്ടർമാർ. രക്ഷപ്പെടില്ല എന്ന് മനസ്സില്‍ ഉറപ്പിച്ച രോഗികള്‍ അത്ഭുതകരമായി ജീവിതത്തിലേക്ക് മടങ്ങുന്നതും രക്ഷപ്പെടും എന്ന് ഉറച്ചു വിശ്വസിക്കുന്ന പലരും മരണത്തിനു കീഴടങ്ങുന്നതും ഇടക്കൊക്കെ കാണുന്ന ആളുകള്‍. സ്വന്തം അനുഭവങ്ങളിലൂടെ പരിചയിച്ച ഈ അനിശ്ചിതത്വം ആണ് അവസാന നിമിഷവും ഒരു ജീവന്റെമേല്‍ അള്ളി പിടിക്കാന്‍ ഡോക്ർമാരെ പ്രേരിപ്പിക്കുന്നത്. അതിനെ പണത്തോടുള്ള ആർത്തിയായി ചിത്രീകരിച്ചു നിങ്ങൾക്ക് ഞങ്ങളുടെ മനോവീര്യം തകർക്കാൻ കഴിയുമായിരിക്കും. എന്നാലും തകർന്ന മനസുമായി ഞങ്ങള്‍ ഇത് വീണ്ടും വീണ്ടും ചെയ്തുകൊണ്ടിരിക്കും. കാരണം ഇങ്ങനെ ഒക്കെ ചെയ്തിട്ടും മരണപ്പെടുന്ന ആളുകളുടെ മുഖം അല്ല ഞങ്ങളുടെ മനസ്സില്‍. രക്ഷപ്പെടുന്നവരുടെ മുഖത്തെ ചിരിയും സന്തോഷവുമാണ്. അവരുടെ കുടുംബത്തിന്റെ സന്തോഷമാണ് ഞങ്ങളുടെ ഊർജ്ജം.
എന്തുകൊണ്ട് വെന്റിലേറ്റർ ചികിത്സയെ കുറിച്ച് ഇത്രയേറെ കള്ള പ്രചാരണങ്ങള്‍?? എന്തുകൊണ്ട് ഇത്രയേറെ തെറ്റിധാരണകള്‍ ?
സ്വന്തമായി ശ്വാസം നിലനിര്‍ത്താന്‍ കഴിയാതെ ഗുരുതരാവസ്ഥയില്‍ എത്തുന്ന രോഗികളെ ആണല്ലോ വെന്റിലേറ്ററിൽ പ്രവേശിപ്പിക്കുന്നത്. സ്വാഭാവികമായും ഇത്തരം രോഗികളുടെ മരണ നിരക്ക് കൂടുതലായിരിക്കും. വെന്റിലേറ്റർ ചികിത്സയുടെ വിജയം പ്രധാനമായും ഏതു രോഗം കൊണ്ടാണോ രോഗി വെന്റിലേറ്ററിൽ കയറേണ്ടി വന്നത് എന്നതിനെ അനുസരിച്ച് ഇരിക്കും.
മൂര്‍ഖന്‍ പാമ്പിന്റെ കടിയേറ്റു ശ്വാസം വലിക്കാന്‍ കഴിയാതെ നീല നിറം വന്നു മരിക്കാന്‍ തുടങ്ങുന്ന ഒരാളെ വെന്റിലേറ്ററിൽ ഇട്ടാല്‍ അയാള്‍ രക്ഷപ്പെടാന്‍ ഉള്ള സാധ്യത ഏതാണ്ട് നൂറ് ശതമാനത്തിനടുത്താണ്. പാമ്പിന്റെ വിഷം ശരീരത്തില്‍ നിന്ന് നിര്‍വീര്യമാക്കി കളഞ്ഞാല്‍ സ്വാഭാവികമായുള്ള ശ്വസന പ്രക്രിയ പുനരാരംഭിക്കപ്പെടുകയും രോഗിയെ വെന്റിലേറ്ററിൽ നിന്ന് ഉടനെ മാറ്റാനും കഴിയും.
എന്നാല്‍ തലച്ചോറിനെയോ മറ്റു പ്രധാന ആന്തരികാവയവങ്ങളെയോ ബാധിക്കുന്ന ഗുരുതരമായ അസുഖം മൂലമാണ് വെന്റിലേറ്റർ ചികിത്സ വേണ്ടി വരുന്നതെങ്കില്‍ രക്ഷപ്പെടാനുള്ള സാധ്യത കുറയും. അത് പോലെ ന്യൂമോണിയ, ഹൃദയ സംബന്ധമായ ചില അസുഖങ്ങള്‍, ചിലയിനം വിഷം കഴിക്കുമ്പോള്‍ ശ്വാസകോശത്തില്‍ വരുന്ന നീര്‍ക്കെട്ട് , ശ്വസിക്കാന്‍ സഹായിക്കുന്ന മസിലുകളുടെ ബലക്കുറവ് , Myasthenia crisis തുടങ്ങിയ അവസ്ഥകളില്‍ വെന്റിലേറ്റർ ഉപയോഗിക്കേണ്ടി വരുന്ന രോഗികളില്‍ എല്ലാം ഈ ചികിത്സ കൊണ്ട് തരിച്ചു കിട്ടുന്നത് ഒരു വിലപ്പെട്ട ജീവന്‍ തന്നെയായിരിക്കും.
മസ്തിഷ്ക മരണവും വെന്റിലേറ്ററും ആണ് പ്രധാനമായും ജനങ്ങളില്‍ തെറ്റിദ്ധാരണ ഉണ്ടാക്കുന്ന ഒരു പ്രശ്നം. മസ്തിഷ്ക മരണം മനസിലാക്കാന്‍ പ്രയാസം ഇല്ലെങ്കിലും അത് സ്ഥിരീകരിക്കാന്‍ നിയമപരമായി ചില നൂലാമാലകള്‍ ഉണ്ട്. ഒരു neurologist ഉള്‍പ്പെടെ ഡോക്ടർമാരുടെ ഒരു സംഘം ആണ് അക്കാര്യത്തില്‍ തീരുമാനം എടുക്കേണ്ടത്. ചില ടെസ്റ്റുകള്‍ ഒക്കെ ചെയ്തു മരണം ഉറപ്പു വരുത്തുകയും വേണം. എന്നാല്‍ ഏതാനും മണിക്കൂറുകള്‍ അല്ലെങ്കില്‍ അപൂര്‍വമായി ഏതാനും ദിവസങ്ങള്‍ കഴിഞ്ഞാല്‍ രോഗി പൂര്‍ണ്ണമായും മരിക്കും എന്നതിനാല്‍ പലപ്പോഴും ഈ നൂലമാലകളിലേക്ക് ഡോക്ർമാര്‍ കടക്കാറില്ല.
മാത്രമല്ല മസ്തിഷ്ക മരണം സംഭവിച്ചാലും രോഗിയുടെ ഹൃദയം ഉള്‍പ്പെടെ മറ്റു അവയവങ്ങള്‍ കുറെ സമയത്തേക്ക് ഒരു പക്ഷെ പ്രവര്‍ത്തനക്ഷമമായിരിക്കും. ഹൃദയം മിടിച്ചു കൊണ്ടിരിക്കുന്ന ഒരു ജീവനെ രക്ഷപ്പെടാന്‍ ഒരു സാധ്യതയും ഇല്ലെങ്കില്‍ പോലും സ്വന്തം കൈകൊണ്ട് വെന്റിലേറ്ററിൽ നിന്ന് വേര്‍പ്പെടുത്തി ഉടനെ മരണത്തിലേക്ക് തള്ളി വിടുക എന്നത് ആര്‍ക്കും അത്ര എളുപ്പം ചെയ്യാവുന്ന ഒരു കാര്യമല്ല.
ഇത്തരം അവസ്ഥയില്‍ പലപ്പോഴും രോഗിയുടെ ബന്ധുക്കളോട് ഞാന്‍ സംസാരിച്ചിട്ടുണ്ട്. രക്ഷപ്പെടാന്‍ ഒരു സാധ്യതയും ഇല്ല, എന്നാല്‍ ഹൃദയം മിടിക്കുന്നുണ്ട്,, വെന്റിലേറ്ററിൽ നിന്ന് മാറ്റിയാല്‍ ഉടനെ മരണപ്പെടും.. വെന്റിലേറ്റർ ഓഫ് ചെയ്തു നമ്മളായിട്ട് മരണത്തിലേക്ക് തള്ളി വിടണോ അതോ ഏതാനും മണിക്കൂര്‍ അല്ലെങ്കില്‍ ദിവസം വെയിറ്റ് ചെയ്തു സ്വാഭാവിക മരണത്തിനു വിട്ടു കൊടുക്കണോ എന്ന് ചോദിച്ചപ്പോള്‍ എല്ലാം തന്നെ എനിക്ക് കിട്ടിയ മറുപടി സ്വാഭാവിക മരണം വരെ കാത്തു നില്ക്കാം എന്നാണ്.
രണ്ടു വര്‍ഷം മുന്നേ എഴുതിയതാണിത്. ചില ആനുകാലിക സംഭവങ്ങള്‍ ആണ് വീണ്ടും ഇത് പൊടി തട്ടിയെടുക്കാന്‍ കാരണം. മേല്‍ പറഞ്ഞ രോഗിയെ പിന്നീട് പലതവണ ഞാന്‍ ഓപിയില്‍ കണ്ടിട്ടുണ്ട്. പതിഞ്ഞ ശബ്ദത്തില്‍ സൗമ്യമായി സംസാരിക്കുന്ന അവര്‍ എനിക്ക് തന്ന സ്നേഹവും ആദരവും കുറച്ചൊന്നുമല്ല. പ്രസ്തുത ആശുപത്രി വിട്ടു ഞാന്‍ പോരുന്നതിന്‍റെ തലേ ആഴ്ച പോലും അവരെ കണ്ടു.
വെന്റിലേറ്ററിലെ മരണവും അതിജീവനവുമെല്ലാം ഡോക്ടര്‍മാരുടെ ജീവിതത്തിലെ പുതുമയില്ലാത്ത സംഭവങ്ങളാണ്. അതുകൊണ്ട് തന്നെ പലരെയും ക്രമേണ മറന്നു പോവും. എന്നാല്‍ ചിലരെയെങ്കിലും എന്നും ഓര്‍മ കാണും. അത്തരത്തിലുള്ള രണ്ടു പേരെ കൂടി പറയാം.
ഒരാള്‍ എന്‍റെയും ആശുപത്രിയുടെയും അയല്‍ക്കാരി. വ്യക്തിപരമായി അടുപ്പമുള്ളവര്‍. ന്യൂമോണിയ ബാധിച്ചു അഡ്മിറ്റ് ആയതാണ്. രാത്രി റൌണ്ട്സ് കഴിഞ്ഞു പോരുമ്പോള്‍ അവര്‍ വലിയ കുഴപ്പമില്ലാത്ത അവസ്ഥയില്‍ ആയിരുന്നു. ഒന്നോ രണ്ടോ ദിവസത്തിനുള്ളില്‍ ICU വില്‍ നിന്ന് പുറത്തേക്കു മാറ്റാം എന്ന് ഭര്‍ത്താവിനോട് പറഞ്ഞാണ് ഞാന്‍ പോന്നത്.
എന്നാല്‍ അതിരാവിലെ അഡ്മിറ്റ് ആയ മറ്റൊരു രോഗിയെ കാണാന്‍ വേണ്ടി വീണ്ടും ICU വില്‍ ചെല്ലേണ്ടി വന്നു. പോരുന്ന വഴിക്ക് ഈ രോഗിയെ ഒന്നുകൂടെ നോക്കിയപ്പോള്‍ ഒരു സുഖമില്ലായ്മ തോന്നി. ശ്വാസം മുട്ട് കൂടുതലായിട്ടുണ്ട്. ശരീരത്തില്‍ ഘടിപ്പിച്ച ഉപകരണങ്ങളില്‍ നിന്ന് ഇടയ്ക്ക് ചില മുന്നറിയിപ്പുകള്‍ വരുന്നു. ചില ചുവന്ന ലൈറ്റുകള്‍ കാണുന്നുണ്ട്. രക്തത്തിലെ ഓക്സിജന്‍ന്റെ അളവ് താഴ്ന്നു വരുന്നു. വെന്റിലേറ്റർ ഇല്ലെങ്കില്‍ ചിലപ്പോള്‍ ജീവന്‍ അപകടത്തിലായെക്കാം. ഉടനെ പുറത്തു ഉറക്കം തൂങ്ങി ഇരുന്നിരുന്ന ഭര്‍ത്താവിനെ വിളിച്ചുണര്‍ത്തി കാര്യം പറഞ്ഞു. പെട്ടന്ന് ആള്‍ ഒന്ന് പകച്ചുവെങ്കിലും രാത്രി കുഴപ്പമില്ല എന്ന് പറഞ്ഞു ഇപ്പോള്‍ മാറ്റി പറയുന്നതെന്താ എന്ന് തട്ടികയറിയില്ല. പുള്ളിയുടെ മകനും മരുമകളും ഡോക്ടര്‍മാര്‍ ആയതു കൊണ്ട് എനിക്ക് കാര്യങ്ങള്‍ എളുപ്പമായി. ദൂരെയുള്ള മകനുമായി അപ്പോള്‍ തന്നെ ഫോണില്‍ സംസാരിച്ചു. എന്ത് ചികിത്സക്കും ഫുള്‍ സപ്പോര്‍ട്ട് എന്നാണ് മകന്‍ പറഞ്ഞത്. ഉടനെ തന്നെ വെന്റിലേറ്ററിലേക്ക് മാറ്റി.
ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ അസുഖം മാറി അവര്‍ വീട്ടില്‍ പോയി. ഡിസ്ചാര്‍ജ് ചെയ്ത പിറ്റേ ദിവസം എന്നെ കാണാന്‍ ഒരു കേക്കുമായി അവര്‍ തിരിച്ചു വന്നു.. അതില്‍ ഇങ്ങനെ എഴുതിയിരുന്നു.. “Thank you Dr.Jamal, Thanks for everything” ആ കേക്ക് ഞാന്‍ കഴിച്ചതില്‍ വച്ച് ഏറ്റവും മുന്തിയതായിരുന്നില്ല.. പക്ഷെ ഏറ്റവും രുചിയേറിയതായിരുന്നു. ഒരു ഡോക്ടറുടെ മനസിന് ആ കേക്കിനു വിലയിടാന്‍ കഴിയില്ല.
നാട്ടില്‍ നിന്ന് പോരുന്നതിന്‍റെ ഏതാനും ആഴ്ചകള്‍ക്ക് മുന്‍പാണ് വിഷം കഴിച്ചു അവശനായ ആ വൃദ്ധനെ ഞാന്‍ കാണുന്നത്. ഒപിയില്‍ നിന്ന് ഓടി ICU വില്‍ എത്തിയപ്പോഴേക്കും അവസാന ശ്വാസം പോലെ ആഞ്ഞു ശ്വാസം വലിക്കുന്ന അയാളെയാണ് ഞാന്‍ കണ്ടത്. കീടനാശിനി കഴിച്ചതാണ്. മുഴുവന്‍ സമയ കുടിയനാണ്. തികച്ചും മദ്യത്തിനു അടിമ. മുഴുക്കുടിയന്മാര്‍ക്കുള്ള ഒരു പ്രശ്നമാണിത്. ചിലപ്പോള്‍ ചുമ്മാ ഒന്ന് ആത്മഹത്യ ചെയ്യണം എന്ന് തോന്നും. പ്രത്യേകിച്ച് കാരണം ഒന്നും വേണ്ട. അങ്ങനെ വീട്ടില്‍ ആരും ഇല്ലാത്ത സമയം നോക്കി കീടനാശിനി കുടിച്ചതാണ്. വെന്റിലേറ്റർ ഇല്ലാതെ രോഗി രക്ഷപ്പെടില്ല എന്ന് ഉറപ്പാണ്. പുറത്തു രോഗിയെ കൊണ്ട് വന്ന മകനെയും മറ്റു ബന്ധുക്കളെയും ഒരു മിന്നായം പോലെ കണ്ടാണ് ഞാന്‍ ICU വില്‍ കയറിയത്. ദാരിദ്ര്യം എല്ലാവരുടെയും മുഖത്ത് എഴുതി വച്ചിട്ടുണ്ട്. ചികിത്സ ചെലവ് അവര്‍ക്ക് താങ്ങാന്‍ കഴിയില്ല എന്ന് ഏതാണ്ട് ഉറപ്പാണ്. പക്ഷെ ആലോചിച്ചു നിന്നാല്‍ രോഗി മരിക്കും. സാധാരണ വെന്റിലേറ്റർ ഉപയോഗിക്കുന്ന മുന്നേ ബന്ധുക്കളുമായി വിശദമായി സംസാരിച്ചു സമ്മത പത്രം ഒപ്പിടീച്ച ശേഷമാണ് ചെയ്യാറ്. എന്നാല്‍ ഇവിടെ അതിനൊന്നും സമയം ഇല്ല. തൽക്കാലം ശ്വാസകോശത്തിലേക്ക് ട്യൂബ് കടത്തി രോഗിയെ വെന്റിലേറ്ററിൽ കണക്ട് ചെയ്തു. അതിനു ശേഷം മകനുമായി സംസാരിച്ചു.
വെന്റിലേറ്റർ ഇല്ലാതെ രക്ഷയില്ല. ചെലവ് കൂടുതലായിരിക്കും. മെഡിക്കല്‍ കോളേജ് വേണമെങ്കില്‍ പരിഗണിക്കാം എന്ന് ഞാന്‍ പറഞ്ഞു. എന്‍റെ സാറേ ഞാന്‍ ഇന്നേ വരെ അദ്ധ്വാനിച്ച പണത്തിന്റെ മുക്കാല്‍ ഭാഗവും അച്ഛന്‍ കുടിച്ചു കളഞ്ഞതാണ്. ജീവിതത്തില്‍ ഇന്നേ വരെ ഒരു സമാധാനം തന്നിട്ടില്ല. സ്വന്തം അച്ഛന്‍ അല്ലെ. വഴിയില്‍ കളയാന്‍ പറ്റില്ലല്ലോ. ദൈന്യതയോടെ അയാള്‍ എന്റെ മുഖത്ത് നോക്കി..
ചിലര്‍ അങ്ങനെയാണ്. കുടുംബത്തിനു ഒരു ഉപകാരവും ഇല്ലാത്ത ചില ജീവിതങ്ങള്‍. ഉപകാരമില്ലാത്തത് പോട്ടെ. മറിച്ചു ഉപദ്രവങ്ങള്‍ ധാരാളം ഉണ്ടാവുകയും ചെയ്യും. മിക്ക മുഴു കുടിയന്മാരുടെയും വീട്ടിലെ അവസ്ഥകള്‍ ഏതാണ്ട് ഇതുപോലെ ഒക്കെ തന്നെ ആയിരിക്കും.
എത്ര ദിവസം വെന്റിലേറ്റർ വേണ്ടി വരും സാറെ? മകന്‍റെ വേവലാതിയോടെയുള്ള ചോദ്യം. അങ്ങനെ കൃത്യമായി പറയാന്‍ കഴിയില്ല.. ചിലപ്പോള്‍ ഒന്നോ രണ്ടോ ദിവസം. ചിലപ്പോള്‍ അതില്‍ കൂടുതല്‍..
എന്തായാലും തല്ക്കാലം ഞാന്‍ കടം വാങ്ങി കുറച്ചു പണം തിരിമറി ചെയ്തിട്ടുണ്ട്. ഇവിടെ തന്നെ ചികിത്സിച്ചാല്‍ മതി.
2 ദിവസം കഴിഞ്ഞതോടെ ആളുടെ നിലയില്‍ കാര്യമായ പുരോഗതി വന്നു. പക്ഷെ വെന്റിലേറ്റർ മാറ്റാം എന്ന് ഞങ്ങള്‍ ചിന്തിച്ചു തുടങ്ങിയപ്പോള്‍ ആണ് പുതിയൊരു പ്രശ്നം. കീടനാശിനി കഴിച്ചാല്‍ അപൂര്‍വ്വമായി കണുന്ന ഒരു പ്രശനമാണ് പേശികളുടെ ബലക്കുറവ്. കഴുത്ത് മുതല്‍ പാദം വരെയുള്ള പേശികള്‍ അനക്കാന്‍ വയ്യാത്ത അവസ്ഥ.
Intermediate syndrome എന്നാണ് ഈ അവസ്ഥയുടെ പേര്. ഈ അവസ്ഥ ചിലപ്പോള്‍ ആഴ്ചകളോളം നീണ്ടു നില്‍ക്കാം. ശ്വസനത്തിനു വേണ്ട പേശികള്‍ എല്ലാം തളര്‍ന്നു കിടക്കുന്നതിനാല്‍ ശ്വാസം എടുക്കാന്‍ കഴിയില്ല. വെന്റിലേറ്റർ ഊരിയാല്‍ നിമിഷങ്ങള്‍ കൊണ്ട് ശ്വാസം മുട്ടി മരിക്കും. ഒട്ടൊന്നുമല്ല ഇതെന്നെ അസ്വസ്ഥനാക്കിയത്. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വച്ച് ഇത്തരത്തില്‍ ഒരു രോഗി ഒരു മാസം വെന്റിലേറ്ററിൽ കിടന്നതാണ് എനിക്ക് ഓർമ്മ വന്നത്. വന്നു കയറിയ കൃത്യം മുപ്പതാം ദിവസം ആണ് ICU വില്‍ നിന്ന് പുറത്തു പോയത്. സര്‍ക്കാര്‍ ചികിത്സ ആയതിനാല്‍ അവര്‍ക്ക് ഒന്നും അറിയേണ്ടി വന്നില്ല .. ഇവിടെ അതാണോ സ്ഥിതി ..
കാര്യം പറഞ്ഞപ്പോള്‍ മകന്‍ തളര്‍ന്നു, നിരാശയോടെ തറയില്‍ ഇരുന്നു. എങ്ങനെ ആശ്വസിപ്പിക്കും.. !! പണത്തിനു അത് തന്നെ വേണമല്ലോ..
മെഡിക്കല്‍ കോളേജില്‍ പോയി ഒന്ന് അന്വേഷിക്കൂ.. വെന്റിലേറ്റർ ഫ്രീ ആണെങ്കില്‍ ഞാന്‍ ഇപ്പോള്‍ തന്നെ അങ്ങോട്ടേക്ക് മാറ്റാന്‍ സൗകര്യം ചെയ്തു തരാം എന്ന് പറഞ്ഞു. അതനുസരിച്ച് തൃശ്ശൂര്‍ മെഡിക്കല്‍ കോളേജില്‍ പോയി ബന്ധുക്കള്‍ അന്വേഷിച്ചു. രക്ഷയില്ല; എല്ലാ വെന്റിലേറ്ററിലും രോഗികള്‍ ഉണ്ട്..
എന്തൊരു ദുരവസ്ഥയാണെന്ന് നോക്കൂ. വെന്റിലേറ്റർ ഇല്ലാതെ ജീവന്‍ രക്ഷപ്പെടുത്താന്‍ കഴിയില്ല. എന്നാല്‍ ചെലവ് താങ്ങാന്‍ കുടുംബത്തിനു കഴിയുന്നും ഇല്ല. മകന്‍റെ സമ്പാദ്യം മുഴുവന്‍ കുടിച്ചു നശിപ്പിച്ച അയാള്‍ക്ക് വേണ്ടി വീണ്ടും നെട്ടോട്ടം ഓടേണ്ടി വരിക. കഷ്ടം തന്നെ..
ശ്വാസം വലിക്കാന്‍ കഴിയുന്നില്ല എന്നതൊഴിച്ചാല്‍ രോഗി വളരെ നോര്‍മല്‍ ആണ്. ബോധം ഉണ്ട്. കണ്ണ് തുറക്കുന്നു. ചുറ്റിലും നടക്കുന്നത് അറിയുന്നു, കേള്‍ക്കുന്നു. അത്തരത്തില്‍ ഒരാളെ വെന്റിലേറ്ററിൽ നിന്ന് വേര്‍പ്പെടുത്താനും കഴിയില്ല. ആഴ്ചകളോളം അയാളെ വെന്റിലേറ്ററിൽ കിടത്തേണ്ടി വന്നാല്‍ ഉള്ള അവസ്ഥ ആലോചിച്ചു എനിക്ക് തന്നെ ടെന്‍ഷന്‍ ആയി തുടങ്ങി..
എന്നാല്‍ ആരുടെയൊക്കെയോ ഭാഗ്യം കൊണ്ട് ഒരാഴ്ച കഴിഞ്ഞപ്പോള്‍ പതിയെ പതിയെ പേശികളുടെ ബലം പുരോഗമിച്ചു തുടങ്ങി. ഏതാണ്ട് 10 ദിവസം കഴിഞ്ഞപ്പോള്‍ വെന്റിലേറ്റർ ഇല്ലാതെ തന്നെ ശ്വസിക്കാന്‍ തുടങ്ങി. അതില്പരം ഒരു ആശ്വാസം അടുത്തിടെ ഒന്നും അനുഭവിച്ചിട്ടില്ല. കടം വാങ്ങിയ വലിയൊരു തുകയുടെ ഭാരം അയാളുടെ മകന്‍റെ തലയില്‍ ഉണ്ടെങ്കിലും ആ മുഖത്ത് ഒരു പുഞ്ചിരി വിരിയിക്കാന്‍ കഴിഞ്ഞു എന്നതില്‍ എനിക്കും വലിയ സന്തോഷം തോന്നി..
ഡിസ്ചാര്‍ജ് ചെയ്യുന്ന ദിവസം രോഗിയെ ഒറ്റയ്ക്ക് വിളിപ്പിച്ചു കുറെ സംസാരിച്ചു. ഒരു വ്യക്തിക്ക് സ്വന്തത്തോടും സമൂഹത്തോടും ഉള്ള ഉത്തരവാദിത്തം ഒക്കെ അയാളെ ഓര്‍മ്മിപ്പിച്ചു. കുറ്റബോധം കൊണ്ട് തല കുനിച്ചിരുന്നു അയാള്‍ ആണയിട്ടു. ഇനി കുടിക്കില്ല. ചിലപ്പോള്‍ അയാള്‍ കുടി നിര്‍ത്തിക്കാണും.. ചിലപ്പോള്‍ പല കുടിയന്മാരുടെയും ശപഥം പോലെ അതും വെറും വാക്കായി കാണും. എന്തായാലും പിന്നീട് അയാളെ കണ്ടിട്ടില്ല..
പറഞ്ഞു വരുന്നത് മറ്റൊന്നും അല്ല. വെന്റിലേറ്ററിനെ കുറിച്ച് പുറത്തറിയുന്ന കഥകള്‍ എല്ലാം അതില്‍ കിടന്നു മരണപ്പെട്ട ആളുകളുടെ നിരാശയും ധനനഷ്ടവും നിറഞ്ഞവയാണ്. എന്നാല്‍ വെന്റിലേറ്റർ ചികിത്സ മൂലം ജീവന്‍ തിരിച്ചു കിട്ടിയവര്‍ ആരും തന്നെ സോഷ്യല്‍ മീഡിയകളില്‍ അത് പോസ്റ്റ് ചെയ്യുന്നില്ല. തന്മൂലം യഥാര്‍ത്ഥത്തില്‍ ജനങ്ങള്‍ അറിയേണ്ട കഥകള്‍ അറിയാതിരിക്കുകയും തെറ്റിദ്ധരിപ്പിക്കപ്പെടുന്നവ മാത്രം അറിയുകയും ചെയ്യുന്നു. അത്തരം കഥകള്‍ക്ക് ഞെട്ടിപ്പിക്കുന്ന രൂപത്തിലുള്ള പ്രചാരണവും കിട്ടുന്നു.
വെന്റിലേറ്റർ എന്നാല്‍ തീര്‍ച്ചയായും അര്‍ഹിക്കുന്ന രോഗികളില്‍ ഒരു മികച്ച ജീവന്‍ രക്ഷാ ഉപാധിയാണ് . ശ്വസിക്കാന്‍ കഴിയാത്ത ഒരാള്‍ക്ക് ശ്വാസം നല്‍കുക എന്നതില്‍ കവിഞ്ഞു ഒരു അത്ഭുത സിദ്ധിയും ഇല്ലാത്ത ഒരു ഉപകരണം. മരണ ശേഷം വെന്റിലേറ്ററിൽ തന്നെ വച്ച് കൊണ്ടിരുന്നാല്‍ ശ്വാസകോശത്തിലേക്ക് വായു വെറുതെ കയറി ക്കൊണ്ടിരിക്കും എന്നതില്‍ കവിഞ്ഞു ശരീരത്തിന് സംഭവിക്കുന്ന അഴുകല്‍ എന്ന പ്രക്രിയ തടയാന്‍ കഴിയില്ല. സാമാന്യ ബുദ്ധികൊണ്ട് ആലോചിച്ചു മനസിലാക്കാവുന്ന കാര്യം. പിന്നെങ്ങനെ മരണശേഷം 5 ദിവസം രോഗിയെ വെന്റിലേറ്ററിൽ കിടത്തും ??
അനാവശ്യമായ തെറ്റിധാരണകള്‍ രോഗിക്ക് മികച്ച ചികിത്സ ലഭിക്കുന്നത് തടയാനേ ഉപകരിക്കൂ, ആസന്ന മരണത്തില്‍ നിന്നും രോഗിയെ രക്ഷപ്പെടുത്താനുള്ള തീവ്ര ശ്രമത്തില്‍ ചികിത്സകരും രോഗിയുടെ ബന്ധുക്കളും തമ്മിലുള്ള പരസ്പര ബന്ധത്തിന്റെ പാലം വളരെ പ്രാധാന്യം ഉള്ളതാണ്. അതിനു ബലക്ഷയം സംഭവിച്ചാല്‍ ചികിത്സ വിശ്വാസമുള്ള മറ്റൊരിടത്തേക്ക് മാറ്റുന്നത് ഉള്‍പ്പെടെ ആലോചിക്കാവുന്നതാണ്. പക്ഷെ ചികിത്സിക്കുന്ന ഡോക്ടര്‍ക്കും ആശുപത്രിക്കും ബന്ധുക്കള്‍ നല്‍കേണ്ട പിന്തുണ വളരെ പ്രാധാന്യം അര്‍ഹിക്കുന്നു. മികച്ച പിന്തുണ നിങ്ങളുടെ ചികിത്സകരുടെ ആത്മവിശ്വാസവും ആത്മാര്‍ഥതയും വര്‍ധിപ്പിക്കും എന്നതില്‍ സംശയമില്ല. അതില്ലെങ്കില്‍ ഡോക്ടറുടെ ശ്രദ്ധയുടെ ഒരു ഭാഗം രോഗി മരണപ്പെട്ടാല്‍ ഉണ്ടാകാന്‍ പോവുന്ന പ്രശ്നങ്ങളെ നേരിടേണ്ടത് എങ്ങനെ എന്ന കാര്യത്തിലേക്ക് മാറി പോയേക്കാം. ആവശ്യത്തിനും അനാവശ്യത്തിനും സമ്മത പത്രങ്ങള്‍ ഒപ്പിടേണ്ടി വന്നേക്കാം. വളരെ അത്യാവശ്യം അല്ലാത്ത ചില ടെസ്റ്റുകള്‍ സ്വന്തം ഭാഗം കുറ്റമറ്റതാക്കാന്‍ ഡോക്ടര്‍മാര്‍ ചെയ്യിച്ചേക്കാം. അവസാന കൂട്ടിക്കിഴിക്കലില്‍ നഷ്ടം സംഭവിക്കുന്നത് രോഗിക്ക് തന്നെ.
ഒരു കാര്യം ഊന്നി പറയുന്നു. അസുഖം മാറിയിട്ടും വെന്റിലേറ്ററിൽ കിടത്തുന്നു എന്ന കഥകള്‍ വെറും ഭാവനാ വിലാസങ്ങള്‍ മാത്രമാണ്. സ്വന്തം രോഗി വെന്റിലേറ്ററിൽ കിടക്കുന്നത് ഒരു ഡോക്ടറെ സംബന്ധിച്ചിടത്തോളം അത്ര സുഖകരമായ അവസ്ഥയല്ല. വെന്റിലേറ്റർ ചികിത്സ അത്ര എളുപ്പമുള്ള കാര്യവുമല്ല. രോഗിയെ മെഷീനില്‍ ഘടിപ്പിച്ചു കയ്യും കെട്ടി വെറുതെ നില്‍ക്കാന്‍ കഴിയില്ല. വെന്റിലേറ്റർ സെറ്റിംഗ് അടിക്കടി നിരീക്ഷിക്കണം. രോഗി എങ്ങനെ പ്രതികരിക്കുന്നു എന്ന് വിലയിരുത്തണം. പ്രതികരണത്തിന് അനുസരിച്ച് സെറ്റിംഗ്സ് മാറ്റികൊണ്ടിരിക്കണം. മാറ്റിയ സെറ്റിംഗ്സ് രോഗി സ്വീകരിക്കുന്നുണ്ടോ അതോ തിരസ്കരിക്കുന്നുണ്ടോ എന്ന് നോക്കണം. വെന്റിലേറ്റർ ചികിത്സയ്ക്കിടെ സ്വാഭാവികമായും ഉണ്ടാവുന്ന ചില ഗുരുതര പ്രശ്നങ്ങള്‍ വരുന്നുണ്ടോ എന്ന് നോക്കി കൊണ്ടേ ഇരിക്കണം. ഇതെല്ലാം വളരെ ബുദ്ധിമുട്ടേറിയ കാര്യങ്ങളാണ്. വെന്റിലേറ്ററിൽ നിന്ന് എത്രയും പെട്ടെന്ന് രോഗിയെ മോചിപ്പിക്കാനെ ഏതൊരു ഡോക്ടറും പരിശ്രമിക്കൂ. മരിച്ചു കഴിഞ്ഞു വെന്റിലേറ്ററിൽ കിടത്തിയാലുള്ള സ്ഥിതി മുകളില്‍ സൂചിപ്പിച്ചല്ലോ .
അപ്പോള്‍ നമുക്ക് വസ്തുതകള്‍ മനസിലാക്കാന്‍ ശ്രമിക്കാം. തെറ്റിദ്ധാരണകള്‍ മാറ്റി വെയ്ക്കാം, എന്നിട്ട് ഒന്ന് തിരിഞ്ഞു നടക്കാം. ആ പഴയ കാലത്തിലേക്ക്.. ഡോക്ടറും രോഗിയും പരസ്പരം അറിയുകയും സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്തിരുന്ന ആ പഴയ കാലത്തിലേക്ക് …..