· 9 മിനിറ്റ് വായന

Gendered Brain and Neurosexism

Psychiatry
❤️മാർച്ച് 8, അന്താരാഷ്ട്ര വനിതാ ദിനമാണല്ലോ! നൂറ്റാണ്ടുകളായി സ്ത്രീ ആയതിൻ്റെ പേരിൽ അടിച്ചമർത്തപ്പെടുകയും, പാർശ്വ വൽകരിക്കപ്പെടുകയും ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്ന സ്ത്രീ സമൂഹത്തിന് അവരുടെ അവകാശങ്ങൾ ഉറപ്പാക്കാനുള്ള മുന്നേറ്റങ്ങൾക്ക് കരുത്ത് പകരാൻ ഈ ദിനാഘോഷങ്ങൾ കൊണ്ട് സാധിക്കും.
❤️“Choose to challenge” എന്നതാണ് ഈ വർഷത്തെ തീം. Women in leadership: Achieving an equal future in a COVID-19 world,” എന്ന വിഷയവും ഈ വർഷം ചർച്ച ചെയ്യപ്പെടുന്നുണ്ട്. നിലനിൽക്കുന്ന സാമൂഹിക സാഹചര്യങ്ങളെ വെല്ലുവിളിക്കുന്നതിലൂടെ മാത്രമേ മാറ്റങ്ങൾ കൊണ്ടുവരാൻ സാധിക്കൂ. അങ്ങനെയാണ് ഇതുവരെ മാറ്റങ്ങൾ ഉണ്ടായിട്ടുള്ളത്. അതിന് സ്ത്രീകളെ പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇങ്ങനെ ഒരു തീം തിരഞ്ഞെടുത്തത്. ഈ ഇരുപത്തിയൊന്നാം നൂറ്റാണ്ടിലും സ്ത്രീകളുടെ ചുറ്റും ഇത്തരം സാഹചര്യങ്ങളാണ് ഉള്ളത്. അത് സ്വന്തം വീട്ടിലാണെങ്കിലും, സമൂഹത്തിലാണെങ്കിലും, ജോലി സ്ഥലത്താണെലും ഒട്ടും വ്യത്യസ്തമല്ല. സ്ത്രീകൾക്ക് നമ്മുടെ സമൂഹത്തിൽ അവരുടെ അർഹമായ സ്ഥാനം കണ്ടെത്താൻ ഇന്നും ഓരോ ചുവടുകളും വളരെ കഷ്ടത സഹിച്ചു വേണം മുൻപോട്ടു വെക്കാൻ. ഇത്തരം സാഹചര്യങ്ങളെ വെല്ലുവിളിക്കുന്നത് വഴിയായി അനീതികൾ ചർച്ചയാവുകയും, അതിൽ നിന്ന് പരിഹാരം ഉണ്ടാവുകയും ചെയ്യും.
?പുരാതനകാലം മുതൽ സ്ത്രീയെ ഒതുക്കി നിറുത്താനും, അവളുടെ മേൽ അധികാരം സ്ഥാപിക്കാനും വിവിധ വഴികൾ പുരുഷ കേന്ദ്രീകൃത സമൂഹം തേടിയിട്ടുണ്ട്. മത, രാഷ്ട്രീയ, സാമൂഹിക സംവിധാനങ്ങൾ തന്നെ അതിനായി ഒരുക്കിയിരുന്നു. അതോടൊപ്പം തന്നെ സ്ത്രീ എന്നും പുരുഷന് പലപടി പിന്നിലാണ് എന്ന് സ്ഥാപിക്കാൻ സ്ത്രീയും പുരുഷനും തമ്മിലുള്ള ജൈവപരമായ വുത്യാസങ്ങളെ കൂട്ട് പിടിക്കുന്നതും പതിവായിരുന്നു. സ്ത്രീയുടെ ബലം കുറഞ്ഞ ശരീരം അവൾക്ക് ഭാരമേറിയ ജോലികൾ ചെയ്യുന്നതിന് തടസമാണെന്നും, ആർത്തവം അവളെ ക്ഷീണിതായാക്കുമെന്നും ഇത്തരക്കാർ പറഞ്ഞു നടന്നു. സ്ത്രീകൾക്ക് ഭാരമേറിയ ജോലികൾ ചെയ്യാനോ, കുടുംബത്തിനായി സമ്പാദിക്കാനോ സാധിക്കില്ല, വീട്ടുജോലികളും കുട്ടികളെ വളർത്തലും മാത്രമാണ് അവരുടെ പണി എന്ന് സമൂഹം കരുതിവന്നു. ഈ വ്യത്യാസങ്ങൾ ഒക്കെതന്നെ അതുവരെ നിലനിന്നിരുന്ന സ്ത്രീ-പുരുഷ വിവേചനത്തിന് ശാസ്ത്രീയ തെളിവുകൾ എന്ന വ്യാജേന അവതരിപ്പിക്കപ്പെട്ടു. അങ്ങനെ ഈ വിവേചനം കൂടുതൽ ഊട്ടി ഉറപ്പിക്കപ്പെട്ടു.
?ഇതുപോലെ സ്ത്രീ-പുരുഷ വിവേചനത്തിന് അടിസ്ഥാനമായി പറയുന്ന മറ്റൊരു വാദമാണ് സ്ത്രീയുടെയും പുരുഷൻ്റെയും തലച്ചോറുകൾ തമ്മിലുള്ള വ്യത്യാസം.
?പൊതുവിൽ സ്ത്രീ വിരുദ്ധമായ ഒരു സമൂഹത്തോട്, ഇതേ പെണ്ണുങ്ങളുടെ തലച്ചോറിന് ആണുങ്ങളുടെ അത്രയും വലിപ്പമില്ല, അല്ലെങ്കിൽ സ്ത്രീയുടെ തലച്ചോറിന് കൂടുതൽ ബുദ്ധിശേഷി ആവശ്യമായ കാര്യങ്ങൾ കൈകാര്യം ചെയ്യാൻ പറ്റില്ല എന്ന് പറഞ്ഞാൽ എന്ത് സംഭവിക്കും?
ഇത് ഞങ്ങൾ പണ്ടേ പറഞ്ഞതല്ലേ എന്ന് സമൂഹം തിരിച്ചു ചോദിക്കും!
?സ്ത്രീയുടെയും പുരുഷന്റെയും ലൈംഗിക ഹോർമോണുകളുടെ സ്വാധീനത്തിൽ ചെറുപ്പത്തിൽ ഉണ്ടാകുന്ന തലച്ചോറിലെ മാറ്റങ്ങൾ മൂലമാണ് ആണുങ്ങളിൽ ചില കഴിവുകൾ കൂടുന്നതും, സ്ത്രീകൾ ചില ജോലികൾക്ക് അനുയോജ്യരല്ലാത്തതും എന്ന് ഇവർ വാദിക്കുന്നു. ഈ വ്യത്യാസങ്ങൾ മൂലമാണ് സ്ത്രീ-പുരുഷന്മാരുടെ ബൗദ്ധിക ശേഷിയിലും, വികാര നിയന്ത്രണത്തിലുമാറ്റങ്ങൾ ഉണ്ടാകുന്നത് എന്നുമാണ് ഇവരുടെ വാദം. ഇതിനായി നിരവധി ശാസ്ത്രീയ പഠനങ്ങളുടെ കണ്ടെത്തലുകളും ഇവർ തെറ്റായി വ്യാഖ്യാനം ചെയ്തു ഉപയോഗിക്കാറുണ്ട്.
ഉദാഹരണത്തിന്
?ആണുങ്ങളുടെ തലച്ചോറിന് സ്ത്രീകളുടെ തലച്ചോറിനേക്കാൾ ഭാരവും, വലുപ്പവും ഉണ്ട്. അത് ആണുങ്ങളുടെ ഉയർന്ന ബൗദ്ധിക ശേഷിയുടെ ലക്ഷണമാണ്.
?ആണുങ്ങളുടെ ചുറ്റുപാടുകളെ കുറിച്ചുള്ള അറിവ്/സ്ഥലകാലബോധം നിയന്ത്രിക്കുന്ന തലച്ചോറിൻ്റെ ഭാഗം സ്ത്രീകളെക്കാൾ മെച്ചമാണ്. അതുകൊണ്ട് ഈ കഴിവ് വേണ്ട ജോലികൾക്കു അവരാണ് ഉത്തമം.
?തലച്ചോറിലെ കണക്ക് ,അപഗ്രഥനം സംബന്ധമായ ഭാഗവും ആണുങ്ങളിൽ കൂടുതൽ വികസിച്ചതാണ്. അതാണ് കണക്ക്, മറ്റ് ശാസ്ത്ര വിഷയങ്ങളിൽ ഒക്കെ സ്ത്രീകളെക്കാൾ കൂടുതൽ ആണുങ്ങൾ മികച്ചു നിൽക്കുന്നത്.
?സ്ത്രീകൾക്ക് വികാരങ്ങൾ, എമ്പതി ഇവ നിയന്ത്രിക്കുന്ന ഭാഗങ്ങൾ കൂടുതൽ വികസിച്ചതായതുകൊണ്ട് കുട്ടികളെ വളർത്താനും, കുടുംബത്തിലെ ജോലിക്കും, മറ്റുള്ളവരെ പരിചരിക്കാനും അവരാണ് മികച്ചത്.
?Leonard Sax നെ പോലെയുള്ള വ്യക്തികൾ സ്ത്രീ-പുരുഷ തലച്ചോറിലെ വ്യത്യസങ്ങൾ അടിസ്ഥാനമാക്കി ആൺകുട്ടികളെയും പെൺകുട്ടികളെയും പ്രത്യേകം പഠിപ്പിക്കണം എന്ന് വരെ വാദിച്ചു.
❓എന്താണ് ന്യൂറോസെക്സിസം?
സമൂഹത്തിൽ നിലനിൽക്കുന്ന സ്ത്രീ- പുരുഷ അസമത്വങ്ങൾ, സ്ത്രീകൾ പുരുഷന്മാരേക്കാൾ പിന്നിലാണ്, ബൗദ്ധിക ശേഷി വേണ്ട പല ജോലികൾക്കും അവര് അനുയോജ്യരല്ല, തുടങ്ങിയ നിരീക്ഷണങ്ങൾ, കേവലം ലൈംഗിക ഹോർമോണുകളുടെ സ്വാധീനത്തിൽ ഉണ്ടാകുന്ന തലച്ചോറിൻ്റെ സ്ഥായിയായ മാറ്റങ്ങളുടെ ഭാഗമാണ് എന്ന് പറയുന്നതും, അതിനായി തലച്ചോറിനെ സംബന്ധിച്ച ശാസ്ത്രീയ പഠനങ്ങൾ തെറ്റായി വ്യാഖ്യാനം ചെയ്യുന്നതും അങ്ങനെ സാമൂഹിക വിവേചനം ഊട്ടി ഉറപ്പിക്കുന്നതുമായ പ്രക്രിയ അറിയപ്പെടുന്നത് ന്യൂറോസെക്സിസം എന്നാണ്. ഇത്തരത്തിൽ തെറ്റായ വ്യാഖ്യാനം നൽകുന്നത് പണ്ട് മുതലേ നിലനിൽക്കുന്ന സ്ത്രീ-പുരുഷ വിവേചനത്തെ കൂടുതൽ ശക്തമാക്കുകയും, വിദ്യാഭ്യാസം, സാമൂഹിക ജീവിതം, ജോലി തുടങ്ങിയ പല മേഖലയിലും സ്ത്രീകൾക്ക് തുല്യ അവകാശം നിഷേധിക്കാൻ കാരണമാവുകയും ചെയ്യും.
കോഡിലിയ ഫൈൻ (Cordelia Fine) എന്ന മനഃശാസ്ത്ര വിദഗ്ദ്ധയാണ് ഈ വിഷയം ആദ്യമായി ചർച്ചയാക്കിയത്. അവരുടെ “Delusions of Gender” എന്ന പുസ്തകത്തിൽ ഈ വിഷയത്തെ കുറിച്ച് വളരെ വിശദമായി എഴുതിയിട്ടുണ്ട്. അതുപോലെ തന്നെ ജീന റിപ്പൺ (Gina Rippon) എന്ന ബ്രിട്ടീഷ് ന്യൂറോ സയന്റിസ്റ് The Gendered Brain എന്ന അവരുടെ പുസ്തകത്തിൽ സ്ത്രീ പുരുഷ വ്യത്യാസങ്ങൾ കണ്ടെത്തിയ പല പഠനങ്ങളെയും കൃത്യമായി വിശകലം ചെയ്ത് അതിലെ തെറ്റുകൾ ചൂണ്ടി കാണിക്കുകയും, എങ്ങനെയാണ് ജീവിതാനുഭവങ്ങൾ അടക്കുള്ള കാര്യങ്ങൽ തലച്ചോറിൻ്റെ വളർച്ചയ്ക്ക് പങ്ക് വഹിക്കുന്നത് എന്നും, അതുവഴി തലച്ചോറിലെ സ്ത്രീ പുരുഷ വ്യത്യാസങ്ങൾ എങ്ങനെ ഉണ്ടാകുന്നു എന്നും പറയുന്നുണ്ട്. ശാസ്ത്ര ലോകത്ത് തന്നെ ഈ വിഷയത്തിൽ വലിയ തർക്കങ്ങൾ ഉണ്ടായിട്ടുണ്ട്.
❓എന്താണ് ജൻഡേർഡ്‌ ബ്രെയിൻ (Gendered Brain)?
സ്ത്രീയും പുരുഷനും തമ്മിൽ അവരുടെ തലച്ചോറിൻ്റെ രൂപത്തിലും, പ്രവർത്തനത്തിലും, കാര്യമായ മാറ്റമുണ്ടെന്നും, അതിനു കാരണം ശിശു ആയിരിക്കുമ്പോൾ, സ്ത്രീ പുരുഷ ഹോർമോണുകളുടെ സ്വാധീനത്തിൽ ഉണ്ടാകുന്ന തലച്ചോറിൻ്റെ വളർച്ചയിലെ വ്യതിയാനം ആണെന്നും,അത് സ്ഥായിയായ മാറ്റമാണെന്നും, സ്ത്രീയും പുരുഷനും തമ്മിലുള്ള സ്വഭാവത്തിലെ വ്യത്യാസങ്ങൾ തലച്ചോറിലെ ഈ പ്രത്യേകത കൊണ്ട് മനസിലാകാൻ സാധിക്കുമെന്നും ഉള്ള ചിന്തയാണ് ജൻഡേർഡ്‌ ബ്രെയിൻ. മനുഷ്യൻ്റെ തലച്ചോറിനെ സ്ത്രീ തലച്ചോർ പുരുഷ തലച്ചോർ എന്ന രണ്ടു വ്യത്യസ്ത രൂപങ്ങൾ ആയി മാത്രമാണ് ഇവർ കാണുക. തലച്ചോറിൻ്റെ അനാട്ടമി, പ്രവർത്തനം, വിവിധ ഭാഗങ്ങൾ തമ്മിലുള്ള ബന്ധങ്ങൾ ഇവയൊക്കെ പഠിച്ചാണ് ഈ വ്യത്യാസങ്ങൾ കണ്ടെത്തുക. തലച്ചോറിൻ്റെ പ്രവർത്തനം മനസ്സിലാക്കാൻ സഹായിക്കുന്ന വിവിധ തരം സ്കാനിംഗ് ഇന്ന് ലഭ്യമാണ്. സ്ത്രീ പുരുഷ തലച്ചോറുകളിലെ വ്യതിയാനം മനസ്സിലാക്കാൻ ഏറ്റവും കൂടുതൽ ഉപയോഗിക്കുക ഇത്തരം സ്കാനിങ് ആണ്. സ്ത്രീ പുരുഷ തലച്ചോറുകൾ തമ്മിൽ കാര്യമായ വ്യത്യാസമുണ്ട് എന്ന് സ്ഥാപിക്കുന്ന പല പഠനങ്ങളും പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്.
❓എന്താണ് ഈ കണ്ടെത്തലുകളിലെ പ്രശ്നം?
?മനുഷ്യൻ്റെ ബയോളജിക്കൽ സെക്സ് മാത്രമാണ്, അവൻ്റെ/അവളുടെ തലച്ചോറിൻ്റെ വളർച്ചക്ക് അടിസ്ഥാനമെന്നും, ഒരാളുടെ തലച്ചോറും അതുപോലെ മറ്റു ബ്രയിൻ ഫംഗ്ഷനുകളും, അതുവഴി പെരുമാറ്റവും ജനിക്കുമ്പോൾ തന്നെ തീരുമാനിക്കപ്പെടുന്നു എന്നാണല്ലോ ഇവർ പറയുന്നത്. അതായത് സ്ത്രീ പുരുഷ വ്യതിയാനങ്ങൾ ജനിക്കുമ്പോൾ തന്നെ ഏകദേശം തീരുമാനിക്കപപ്പെടുന്നവയാണന്ന്.
?അങ്ങനെയാണ് എങ്കിൽ ആകെ രണ്ടു തരത്തിലുള്ള തലച്ചോറും അതുപോലെ രണ്ടു തരത്തിലുള്ള സ്വഭാവ സവിേഷതകളും ഉള്ള ആളുകളെ മാത്രമേ നമ്മളുടെ ഇടയിൽ കാണാൻ പാടുള്ളൂ. അത് അങ്ങനെയല്ല എന്ന് നമുക്ക് അറിയാം.
?സ്ത്രീയും പുരുഷനും തമ്മിലുള്ള തലച്ചോറിലെ വ്യത്യാസങ്ങൾ കണ്ടുപിടിച്ചിട്ടുള്ള പല പഠനങ്ങളും ഈ വ്യക്തികൾ കടന്നു പോയിട്ടുള്ള ജീവിതസാഹചര്യങ്ങളെ ഒരിക്കൽപോലും കണക്കിലെടുത്തില്ല.
?ഒരേ വീട്ടിൽ ജനിക്കുന്ന ആൺകുട്ടിക്കും പെൺകുട്ടിക്കും പോലും ഒരേ പരിഗണന ലഭിക്കുന്നില്ല എന്നത് നമ്മൾ ഓർക്കണം. ആൺകുട്ടികളെ പോലെ ഇഷ്ടമുള്ള സുഹൃത്തുക്കളെ തിരഞ്ഞെടുക്കാനോ, ഇഷ്ടമുള്ള കളികൾ കളിക്കാനോ, ഇഷ്ടമുള്ള ഭകഷണം കഴിക്കാനോ പെൺകുട്ടിക്ക് അവസരമില്ലാത്ത നാടാണ് നമ്മളുടേത്. ഈ കാര്യങ്ങൾ ഒക്കെ തലച്ചോറിൻ്റെ വികാസത്തിൽ പങ്കു വഹിക്കുന്നവയാണ്. ഈ അന്തരം നിലനിൽക്കുമ്പോൾ കേവലം ജൈവപരമായ ലിംഗത്തിൻ്റെ അടിസ്ഥാനത്തിൽ തലച്ചോറിനെ പഠിക്കുന്നത് എങ്ങനെ ശരിയാകും?
?അതുകൊണ്ട് തന്നെ കേവലം ജൈവപരമായ സെക്സ് മാത്രമാണ് തലച്ചോറിൻ്റെയും അതുവഴി സ്വഭാവവും നിശ്ചയിക്കുന്നത് എന്ന വാദം തെറ്റാണ്.
?തലച്ചോറിലെ കണ്ടെത്തലുകളെ അവരുടെ ജൈവപരമായ സെക്സുമായി കമ്പയർ ചെയ്യുക മാത്രമാണ് ഈ പഠനങ്ങൾ ചെയ്തത്. ഇതിൽ വളരെ വലിയൊരു വീഴ്ചയുണ്ട്. നമ്മൾ സ്ത്രീ പുരുഷ വ്യത്യാസങ്ങൾ ആയി കണക്കിലെടുക്കുന്ന പല മാറ്റങ്ങളും, അവരുടെ ജൈവപരമായ സെക്സിൻ്റെ പ്രതിഫലനം അല്ല.(ഉദാഹരണത്തിന് സ്ത്രീയുടെ ജോലി ) മറിച്ച് അവരുടെ സാമൂഹികമായ ജൻഡർ റോളിൻ്റെ ഭാഗമാണ്. പഠനങ്ങൾ പലപ്പോഴും ഈ ഒരു കാര്യം കണക്കിൽ എടുത്തിട്ടില്ല.
?അതുപോലെ ഈ തരത്തിലുള്ള പല പഠനങ്ങളും ,ചെറിയ sample size മാത്രമുള്ളതും, തലച്ചോർ തമ്മിലുള്ള വ്യത്യാസങ്ങൾ മാത്രം കണക്കിലെടുക്കുന്നവയും ആയിരുന്നു. സാമ്യങ്ങൾ അവർ പരിഗണിച്ചതെ ഇല്ല. മിക്ക പഠനങ്ങളിലും സ്ത്രീ സാമ്പിളുകളുടെ എണ്ണത്തിലും കുറവുണ്ടായി.
❓ഒരിക്കൽ രൂപപ്പെട്ടാൽ തലച്ചോറിൽ മാറ്റങ്ങൾ പിന്നീട് ഉണ്ടാകുമോ?
?തലച്ചോറിനും, അതുപോലെ നാഡീ കോശങ്ങൾക്കും ആദ്യ കുറച്ചു വർഷങ്ങൾ കഴിഞ്ഞാൽ പിന്നെ വളരാൻ പറ്റില്ല എന്നാണ് നമ്മൾ മുൻപ് കരുതിയിരുന്നത്.
?എന്നാൽ നമ്മുടെ തലച്ചോറിന് പ്ലാസ്റ്റിസിറ്റി എന്നൊരു പ്രത്യേകതയുണ്ടെന്ന് പിന്നീട് കണ്ടുപിടിക്കപ്പെട്ടു. നാഡീ കോശങ്ങൾക്കും, അവയുടെ കണക്ഷനുകൾ ആയ സിനാപ്സുകൾക്കും ഉപയോഗത്തിനും, ഉപയോഗ കുറവിനും അനുസരിച്ച് എണ്ണത്തിലും, രൂപത്തിലും മാറ്റം വരും. ഇതാണ് പ്ലാസ്റ്റിസിറ്റി. നമ്മൾ കൂടുതലായി ഉപയോഗിക്കുന്ന തലച്ചോറിൻ്റെ ഭാഗങ്ങൾക്ക് കൂടുതൽ വികാസം സംഭവിക്കുകയും, അധികമായി ഉപയോഗിക്കാത്ത ഭാഗങ്ങളുടെ കഴിവുകൾ കുറയുകയും ചെയ്യാം. പ്രായം കൂടും തോറുമുള്ള തലച്ചോറിൻ്റെ പരിണാമത്തിന് ഈ പ്രക്രിയ അത്യന്താപേക്ഷിതമാണ്.
?രണ്ടാമതായി കണ്ടെത്തിയ മറ്റൊരു കാര്യം ഓരോ വ്യക്തിയും കടന്നു പോകുന്ന സാമൂഹിക, രാഷ്ട്രീയ സാഹചര്യങ്ങൾ, ജീവിതാനുഭവങ്ങൾ, ഏർപ്പെടുന്ന കളികൾ, വ്യായാമം, ഭക്ഷണം അടക്കം പല ഘടകങ്ങൾക്കും തലച്ചോറിൻ്റെ പരിണാമത്തിൽ കാര്യമായ പങ്കുണ്ട് എന്നതാണ്. തലച്ചോറിലെ കോശങ്ങൾ നിർമ്മിക്കപ്പെപ്പെടുന്നത് പ്രത്യേക ജീനുകളുടെ പ്രവർത്തനം മൂലമാണ്. ഈ ജീനുകൾ എങ്ങനെ ഒരാളിൽ എക്സ്പ്രസ്സ് ചെയ്യുന്നു എന്നതിൽ മാറ്റം വരുത്താൻ ഈ സാഹചര്യങ്ങൾക്ക് കഴിയും. Epigenetics എന്ന പ്രക്രിയ വഴിയാണ് ഇത് സാധ്യമാവുക. മുകളിൽ സൂചിപ്പിച്ച കാര്യങ്ങളും ഇത്തരത്തിൽ തലച്ചോറിലെ ജീനുകളിൽ epigenetic വ്യതിയാനങ്ങൾ ഉണ്ടാക്കാൻ സാധിക്കുന്നവയാണ്. ഒരാളിൽ നിലവിലുള്ള ജീനുകളുടെ പ്രവർത്തനത്തിൽ വരെ സാഹചര്യങ്ങൾക്ക് മാറ്റം വരുത്താൻ സാധിക്കും.
?ഈ രണ്ടു മസ്തിഷ്ക പ്രത്യേകതകളും, തലച്ചോറിന് ഒരിക്കൽ രൂപപ്പെട്ട കഴിഞ്ഞാൽ മാറ്റമുണ്ടാകില്ല എന്നുള്ള മുൻധാരണക്ക് വിരുദ്ധമായിരുന്നു. ലബോറട്ടറി സാഹചര്യങ്ങളിലും, മനുഷ്യ പരീക്ഷണങ്ങളിലും എങ്ങനെയാണ് ഇത്തരം ഭൗതിക സാഹചര്യങ്ങൾക്ക് തലച്ചോറിൽ മാറ്റമുണ്ടാക്കാൻ സാധിക്കുക എന്ന് ശാസ്ത്രജ്ഞന്മാർ കണ്ടെത്തിയിട്ടുണ്ട്. സ്ത്രീകളിലും പുരുഷന്മാരിലും വ്യത്യസ്തമായി കണ്ടിരുന്ന പല ഭാഗങ്ങൾക്കും ഈ സാഹചര്യത്തിലൂടെ കടന്നുപോകുമ്പോൾ മാറ്റമുണ്ടാകുന്നു എന്നും കണ്ടെത്തിയിട്ടുണ്ട്. ചില മാനസിക രോഗാവസ്ഥകൾക്കുള്ള സാധ്യത കൂട്ടുന്നതിൽ ആദ്യകാല ജീവിതാനുഭവങ്ങളുടെ പങ്ക് തെളിയിക്കപ്പെട്ടിട്ടുണ്ട്.
❓സ്ത്രീയും പുരുഷനും തമ്മിൽ തലച്ചോറിൽ വ്യത്യാസമുണ്ടോ? പുതിയ കണ്ടെത്തലുകൾ എന്താണ് പറയുന്നത്?
?സ്ത്രീ പുരുഷൻമാരുടെ തലച്ചോറിലെ മാറ്റങ്ങൾ എത്രത്തോളം വ്യത്യാസം ഉള്ളതാണ്, അതും വ്യക്തിയുടെ സ്വഭാവവും എങ്ങനെ ബന്ധപ്പെട്ട് കിടക്കുന്നു എന്നൊക്കെ പുതിയ പഠനങ്ങൾ നടക്കുന്നുണ്ട്. Functional MRI,Brain connectivity പഠനങ്ങൾ ഇവയൊക്കെ ഇതിനായി ഉപയോഗിക്കുന്നുണ്ട്. ആണുങ്ങൾക്കും പെണ്ണുങ്ങൾക്കും വ്യത്യസ്തമായി കാണുന്നു എന്ന് പറയുന്ന തലച്ചോറിൻ്റെ ഭഗാങ്ങളെ എടുത്തു പഠനം നടത്തിയപ്പോൾ അവർക്ക് ചില കാര്യങ്ങൾ മനസ്സിലായി.
?ആണുങ്ങളുടെ പ്രത്യേകതയായി കരുതുന്ന പല സവിശേഷതകളും സ്ത്രീകളിലും കാണാറുണ്ട്. മറിച്ചും ഉണ്ട്.
?ഒരേ ജൻഡർ ഉള്ള ആളുകളെ എടുത്തു നോക്കിയാലും മാറ്റങ്ങൾ ഒരേ പോലെ അല്ല. അവരിൽ തന്നെ പല സവിശേഷതകളും ഏറിയും കുറഞ്ഞും ഉണ്ട്. എല്ലാം കുടി മിക്സ് ആയ രീതിയിലാണ് ഈ വ്യത്യാസങ്ങൾ കാണുക.
?സ്ത്രീകളിലും പുരുഷന്മാരിലും കൂടുതലായി ഉണ്ട് എന്ന് കരുതുന്ന പല തലച്ചോറിൻ്റെ കഴിവുകളും പരിശീലനം വഴി മറ്റെ ജൻഡർ ഉള്ളവരിലും ഉണ്ടാക്കിയെടുക്കാം.
?സ്ത്രീകളിലും പുരുഷന്മാരിലും വ്യത്യസ്തമായി കണ്ടിരുന്ന പല ഭാഗങ്ങൾക്കും വിവിധ സാമൂഹിക സാഹചര്യത്തിലൂടെ കടന്നുപോകുമ്പോൾ മാറ്റമുണ്ടാകുന്നു എന്നും കണ്ടെത്തിയിട്ടുണ്ട്.
?ഹോർമോണുകളുടെ സ്വാധീനത്തിന് ഒപ്പം തന്നെ മറ്റു നിരവധി സാമൂഹിക ഘടകങ്ങൾ തലച്ചോറിൻ്റെ വളർച്ചയിൽ പ്രധാനമാണ്.
?അതായത് ഒരു വ്യക്തിയുടെ തലച്ചോർ സ്ത്രീയിലും പുരുഷനിലും വ്യത്യസ്തമായും, പൊതുവായും കണ്ടുവരുന്ന പല മാറ്റങ്ങളും ചേർന്ന് ഒരു മൊസൈക് പോലെയാണ് എന്നർത്ഥം.വളരെ ചെറിയ ഒരു ശതമാനം ആളുകളിൽ മാത്രമേ ടിപ്പിക്കൽ ആയുള്ള മാറ്റങ്ങൾ കണ്ടെത്തിയിട്ടുള്ളു (8%). തലച്ചോർ മാത്രം നോക്കി അയാൾ സ്ത്രീയോ പുരുഷനോ അതോ മറ്റു ലിംഗത്തിൽ പെട്ടവരോ എന്ന് പറയുക വളരെ ബുദ്ധിമുട്ട് ആയിരിക്കും എന്നാണ് ശാസ്ത്രജ്ഞർ പറയുക. അതുപോലെ ഫങ്ഷണൽ MRI എടുക്കുമ്പോൾ ഇഷ്ടപെട്ട കളിയെ കുറിച്ചോ,ജോലിയെ കുറിച്ചോ ചോദിക്കുന്നതും ആളുടെ ജൻഡർ കണ്ടെത്താൻ സഹായിക്കില്ല എന്നും കണ്ടെത്തിയിട്ടുണ്ട്.
❤️അപ്പോൾ പറഞ്ഞ് വരുന്നത് സ്ത്രീയും പുരുഷനും തമ്മിൽ ഒരു മാറ്റവും ഇല്ലാ എന്നല്ല. രണ്ടുപേരിലും തലച്ചോറിൻ്റെ പ്രവർത്തനങ്ങളിൽ ഉള്ള പ്രത്യേകതകളാണ് ചില മാനസിക രോഗാവസ്ഥകൾ സ്ത്രീകളിലും ചിലതു പുരുഷന്മാരിലും കൂടുതലായി കാണാൻ കാരണം. എന്നാൽ ഈ വ്യത്യാസങ്ങൾക്ക് അടിസ്ഥാനം കേവലം ഒരാളുടെ ജൈവപരമായ ലിംഗമാണെന്ന് പറയുന്നത് ശാസ്ത്രീയമായി നിലനിൽക്കില്ല. അതുപോലെ ഒരാൾ എന്ത് ജോലി ചെയ്യുന്നു, എന്ത് ഇഷ്ടപെടുന്നു എന്നത് കേവലം ജൈവപരമായ ലിംഗത്തിൻ്റെ അടിസ്ഥാനത്തിലല്ല. അതിനു ജൈവപരമായ പ്രത്യേകതകൾക്കൊപ്പം മറ്റു പല സാമൂഹിക/ഭൗതിക ഘടകങ്ങളും പങ്കു വഹിക്കുന്നുണ്ട്. അത് മറച്ചുവച്ചുകൊണ്ടു ശാസ്ത്രീയ പഠനങ്ങളെ തെറ്റായി വ്യാഖ്യാനം ചെയ്തു സ്ത്രീ വിരുദ്ധയെ ശാസ്ത്രീയ വത്കരിക്കാൻ നടത്തുന്ന ശ്രമങ്ങളെ തിരിച്ചു അറിയുകയും എതിർക്കുകയും വേണം.
❤️പുരുഷൻമാർ ചൊവ്വയിൽ നിന്നോ സ്ത്രീകൾ ശുക്രനിൽ നിന്നോ ഉള്ളവരല്ല, മറിച്ചു നമ്മൾ എല്ലാവരും ഭൂമിയിൽ നിന്ന് ഉള്ളവരാണ്. അതുകൊണ്ടു നമ്മൾക്ക് ഈ ഭൂമിയിൽ ഒരേ അവകാശമാണുളളത്.
happy women’s day wishes to all.
ലേഖകർ
Medical doctor,psychiatry resident interested in public health. Areas of interest are public health, neuropsychiatry, addiction medicine and human evolution gender psychiatry and LGBTQ issues
ചിത്രകാരൻ
Design Co-ordinator, Infoclinic.

മികച്ച വർഗ്ഗങ്ങൾ

എല്ലാ വർഗ്ഗങ്ങളും
പൊതുജനാരോഗ്യം

284 ലേഖനങ്ങൾ

Current Affairs

240 ലേഖനങ്ങൾ

കോവിഡ്-19

236 ലേഖനങ്ങൾ

ആരോഗ്യ അവബോധം

115 ലേഖനങ്ങൾ

സുരക്ഷ

64 ലേഖനങ്ങൾ

ശിശുപരിപാലനം

59 ലേഖനങ്ങൾ

കിംവദന്തികൾ

53 ലേഖനങ്ങൾ

Infectious Diseases

52 ലേഖനങ്ങൾ

Medicine

45 ലേഖനങ്ങൾ