· 6 മിനിറ്റ് വായന

ഗർഭകാലത്തെ പ്രമേഹം

Endocrinologyസ്ത്രീകളുടെ ആരോഗ്യം
 
പ്രമേഹ രോഗികളുടെ എണ്ണം കൂടിക്കൂടി വരുന്നതായാണ് കാണുന്നത്. ജീവിത ശൈലിയിലും ജീവിത ദൈർഘ്യത്തിലും ഉണ്ടായ മാറ്റങ്ങളാണ് കാരണം. ഗർഭകാലത്ത് സ്ത്രീകളിലുണ്ടാകാറുള്ള പ്രമേഹവും വർദ്ധിച്ചു വരികയാണ്. ഗർഭിണിക്കും അവൾക്കുണ്ടാകുന്ന കുഞ്ഞിനും അനേകം സങ്കീർണ്ണതകൾ ഉണ്ടാക്കിയേക്കാവുന്ന ഒരു പ്രശ്നമാണിത്. അതേസമയം, ശ്രദ്ധിക്കുകയാണെങ്കിൽ വളരെയേറെ നിയന്ത്രണ വിധേയമാക്കാവുന്നതും.
?ഗർഭകാലത്തെ പ്രമേഹം രണ്ട് തരത്തിലാകാം :
? ഗർഭാവസ്ഥയിലാണ് പ്രമേഹം ആദ്യമായി ഉണ്ടാകുന്നത്, അതിന് മുമ്പ് ഇല്ലായിരുന്നു എങ്കിൽ ഇതിനെ Gestational diabetes എന്നു പറയാം.
?ഗർഭധാരണത്തിന് മുമ്പു മുതലേ പ്രമേഹം ഉണ്ടായിരുന്നു എങ്കിൽ അതിനെ overt അഥവാ pre gestational diabetes എന്നു പറയാം. ഇത്തരക്കാർക്കും അവർക്ക് ജനിക്കുന്ന കുഞ്ഞുങ്ങൾക്കും പ്രശ്നങ്ങൾ ഉണ്ടാകാൻ സാധ്യത കൂടുതലാണ്.
ഇതിൽ ആദ്യത്തെ തരത്തിലുളള പ്രമേഹം പ്രസവശേഷം അപ്രത്യക്ഷമാകാറാണ് പതിവ്. എങ്കിലും ഇവർക്ക് ഭാവിയിൽ പ്രമേഹം ഉണ്ടാകാനുള്ള സാധ്യത മറ്റുള്ളവരെക്കാൾ കൂടുതലാണ്.
?ലക്ഷണങ്ങൾ :
ഭൂരിഭാഗം ഗർഭിണികളിലും പ്രത്യേക ലക്ഷണങ്ങളൊന്നും കാണപ്പെടാറില്ല. ചിലർക്ക് കൂടുതൽ വിശപ്പ്, ദാഹം, കൂടെക്കൂടെ മൂത്രം ഒഴിക്കേണ്ടി വരിക എന്നിങ്ങനെയുള്ള ലക്ഷണങ്ങൾ ഉണ്ടാകാം. പ്രമേഹമില്ലാത്ത ഗർഭിണികളിലും ഈ ലക്ഷണങ്ങൾ സാധാരണമാണു താനും.
?എന്ത് കൊണ്ടാണ് ഗർഭകാലത്ത് പ്രമേഹം ഉണ്ടാകുന്നത് ?
സാധാരണയായി വിവിധ തരം ഹോർമോണുകളുടെ സന്തുലിതമായ പ്രവർത്തനത്താലാണ് രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് വളരെ കൂടാതെയും അതേ സമയം കുറഞ്ഞു പോകാതെയും നിയന്ത്രിച്ചു നിർത്തുന്നത്. എന്നാൽ ഗർഭാവസ്ഥയിൽ ഈ ഹോർമോണുകളുടെ അളവിൽ വ്യതിയാനം ഉണ്ടാകുന്നു. ഇത് കാരണം ഗ്ലൂക്കോസിന്റെ അളവ് കൂടുന്നു.
?ആർക്കൊക്കെയാണ് സാധ്യത കൂടുതൽ ?
അമിത വണ്ണം ഉള്ളവർക്ക്
വ്യായാമം ചെയ്യുന്നതിൽ അലംഭാവം കാണിക്കുന്നവർക്ക് മുൻപത്തെ ഗർഭ സമയത്തും പ്രമേഹം ഉണ്ടായിരുന്നവർ, ഗർഭിണിയാകുന്നതിന് മുമ്പ് തന്നെ ഗ്ലൂക്കോസിന്റെ അളവ് സാധാരണയിലും കൂടുതൽ ഉണ്ടായിരുന്നവർ ( Prediabetes)
പി സി ഓ ഡി എന്ന പ്രശ്നം ഉളളവർ
അടുത്ത ബന്ധുക്കൾക്ക് പ്രമേഹം ഉണ്ടെങ്കിൽ (രക്ത ബന്ധമുളളവർക്ക്)
മുൻപ് പ്രസവിച്ച കുഞ്ഞിന് 4 കിലോയിലധികം ഭാരം ജനന സമയത്ത് ഉണ്ടായിരുന്നു എങ്കിൽ
?എന്തൊക്കെയാണ് ഇത് കൊണ്ടുള്ള പ്രശ്നങ്ങൾ ?
?സിസേറിയൻ വേണ്ടിവരാനുള്ള സാധ്യത കൂടുന്നു.
?ഗർഭസ്ഥ ശിശുവിന് സാധാരണയിലും അധികം തൂക്കം ഉണ്ടാകുന്നു. അതുകൊണ്ടു തന്നെ സാധാരണ രീതിയിൽ പ്രസവം നടക്കുമ്പോൾ കുഞ്ഞ് പുറത്ത് വരുന്നത് തടസ്സപ്പെടാനും, കുഞ്ഞിന് ശ്വാസം മുട്ടാനും(Asphyxia), തലച്ചോർ അടക്കമുള്ള വിവിധ അവയവങ്ങൾക്ക് തകരാറുണ്ടാകാനും കാരണമായേക്കാം.
പ്രസവ സമയത്ത് കുഞ്ഞിന് പരിക്ക് പറ്റുവാനുള്ള സാധ്യതയും കൂടുതലാണ്. തോളെല്ല്, കയ്യിലെ എല്ല് എന്നിവ ഒടിയുക, തലയ്ക്കകത്ത് രക്തസ്രാവമുണ്ടാകുക എന്നിങ്ങനെയുള്ള പ്രശ്നങ്ങൾ അപൂർവ്വമായി കണ്ടുവരാറുണ്ട്.
?മാസം തികയാതെ പ്രസവിക്കാനുളള സാധ്യത കൂടുതലാണ്. മാസം തികയാതെ പ്രസവിക്കുന്ന കുഞ്ഞുങ്ങൾക്ക് മറ്റുള്ളവരെ അപേക്ഷിച്ച് പല പ്രശ്നങ്ങളും ഉണ്ടാകാനും, അതു മൂലം മരണപ്പെടാനും, തുടർജീവിതത്തെ മോശമായി ബാധിക്കുന്ന തരത്തിലുള്ള സങ്കീർണ്ണതകൾ ഉണ്ടാകാനും സാധ്യത കൂടുതലാണ്.
മാസം തികയാതെ പ്രസവിക്കുന്ന കുഞ്ഞുങ്ങൾക്ക് പ്രസവശേഷം കാണാറുള്ള ശ്വാസംമുട്ടൽ (Respiratory Distress Syndrome) പ്രമേഹ രോഗിയായ അമ്മയുടെ കുഞ്ഞിന് വരാൻ സാധ്യത കൂടുതലാണ്, മാസം തികയാറായിട്ടുണ്ട് എങ്കിലും.
?ജനിച്ച് ആദ്യത്തെ രണ്ട് മൂന്ന് ദിവസങ്ങളിൽ ഈ കുഞ്ഞുങ്ങൾക്ക് രക്തത്തിൽ ഗ്ലൂക്കോസിന്റെ അളവ് വല്ലാതെ കുറഞ്ഞ് പോകാൻ സാധ്യതയുണ്ട്. Hypoglycemia എന്നു വിളിക്കുന്ന ഈ പ്രതിഭാസം ലക്ഷണങ്ങളോടെയും ലക്ഷണങ്ങളില്ലാതെയും വരാം. കൂടുലായി മയക്കം, മുലപ്പാൽ വലിച്ച് കുടിക്കാൻ പ്രയാസം, കൂടുതൽ വിയർപ്പ്, കൃത്യസമയത്ത് മനസ്സിലാക്കി ചികിൽസിച്ചില്ല എങ്കിൽ അത് മൂലം അപസ്മാരം ഒക്കെ ഉണ്ടാകാം. ലക്ഷണങ്ങൾ ഒന്നും ഉണ്ടായില്ല എങ്കിൽ പോലും ഭാവിയിൽ ബുദ്ധിമാന്ദ്യം, അപസ്മാരരോഗം, കാഴ്ച തകരാറുകൾ എന്നിവ ഹൈപ്പോഗ്ലൈസീമിയ മൂലം ഉണ്ടായേക്കാം.
?ഗർഭസ്ഥ ശിശു അപ്രതീക്ഷിതമായി മരണപ്പെടുന്ന അവസരങ്ങളും ഗർഭാവസ്ഥയിലെ പ്രമേഹം നന്നായി നിയന്ത്രിച്ചില്ലെങ്കിൽ ഉണ്ടായേക്കാം.
?ഹൃദയപേശികൾക്ക് കട്ടികൂടുന്നത് മൂലം ബുദ്ധിമുട്ടുകൾ ഉണ്ടാകാം (Asymmetric septal hypertrophy)
?ഗർഭിണിക്ക് ഉണ്ടാകാവുന്ന പ്രശ്നങ്ങൾ
രക്തസമ്മർദ്ദം ഉയരാനും, അതിന്റെ ഭാഗമായി അപസ്മാരം പോലെ ജീവൻ തന്നെ അപകടത്തിലാക്കുന്ന പ്രശ്നങ്ങൾ (eclampsia) ഉണ്ടാകാനും സാധ്യതയുണ്ട്.
സിസേറിയൻ വേണ്ടി വരാനുള്ള സാധ്യത കൂടുതലാണ്.
ഭാവിയിൽ പ്രമേഹം ഉണ്ടാകാനുള്ള സാധ്യത താരതമ്യേന കൂടുതലാണ്.
?എങ്ങനെ തടയാം ?
നൂറു ശതമാനവും തടയാൻ പറ്റില്ലെങ്കിലും, ആരോഗ്യകരമായ ജീവിത ശൈലി പിൻതുടരുന്നതിലൂടെ വലിയൊരളവു വരെ നമുക്ക് ഈ പ്രശ്നം ഒഴിവാക്കാൻ പറ്റും.
?ആരോഗ്യകരമായ ഭക്ഷണശീലം
കൂടുതൽ നാരുകൾ ഉള്ള , കൊഴുപ്പും അന്നജവും കുറഞ്ഞ ഭക്ഷണമാണ് നല്ലത്. പഴങ്ങൾ, പച്ചക്കറികൾ, തൊലി കളയാത്ത ധാന്യങ്ങൾ (whole grains) എന്നിവ പ്രധാനമാണ്. ചോറ്, കപ്പ, കിഴങ്ങുവർഗ്ഗങ്ങൾ, മധുര പലഹാരങ്ങൾ, എണ്ണ, നെയ്യ് എന്നിവ കഴിയുന്നതും കുറക്കണം. മൂക്കു മുട്ടെ കഴിക്കുന്ന ശീലം ഒഴിവാക്കണം. വെറുതെ ഇരിക്കുമ്പോൾ എന്തെങ്കിലും കഴിച്ചു കൊണ്ടിരിക്കുന്ന ശീലവും നന്നല്ല.
?ശാരീരിക അധ്വാനം
വ്യായാമങ്ങൾ ജീവിതത്തിന്റെ ഭാഗമാക്കണം . ഗർഭം ധരിക്കുന്നതിന് മുമ്പാകട്ടെ, അതിന് ശേഷമാകട്ടെ, ദിവസേന 30 മിനിറ്റെങ്കിലും വ്യായാമം ചെയ്യണം. അതി കഠിനമായ വ്യായാമ മുറകൾ ഒഴിവാക്കാം. വേഗത്തിൽ, കൈകൾ ഇളക്കി നടക്കുക, സൈക്കിൾ ചവിട്ടുക, നീന്തുക ഇവയൊക്കെ നല്ല വ്യായാമ മുറകളാണ്. കടയിൽ സാധനം വാങ്ങാൻ പോകുമ്പോൾ വാഹനം അതിന്റെ പടിക്കൽ നിർത്താതെ അൽപം ദൂരെ നിർത്തുന്നതും നടക്കുന്ന സമയം കൂട്ടാൻ സഹായിക്കും.
അഭിലഷണീയമായ ശരീരഭാരം ആയതിന് ശേഷം മാത്രം ഗർഭിണിയാവുക.
?ഗർഭം ധരിക്കുന്നത് പ്ലാൻ ചെയ്തിട്ടാകണം, പ്രത്യേകിച്ചും പ്രമേഹം ഉള്ള സ്ത്രീകൾ ഗർഭിണിയാകാൻ ആഗ്രഹിക്കുമ്പോൾ അതിന് മുമ്പ് തന്നെ ഡോക്ടറെ കാണുകയും വിവിധ ആരോഗ്യപ്രശ്നങ്ങൾ ചർച്ച ചെയ്യുകയും വേണം. അഭിലഷണീയമായ ശരീര ഭാരം, ബി എം ഐ എന്നിവ എത്രയാണ് എന്ന് മനസ്സിലാക്കുക. അത് നേടിയെടുക്കാനായി പ്രവർത്തിക്കുക. പ്രമേഹം ഉള്ളവർ അത് നിയന്തണ വിധേയമാക്കുക.
ഗർഭാവസ്ഥയിൽ ശരീരഭാരം സ്വാഭാവികമായും കൂടും. ഏകദേശം 10-12 കിലോ ആണ് ആകെ കൂടേണ്ടത്. അതും പടിപടിയായി മാത്രം. വളരെ പെട്ടെന്ന്, വേണ്ടതിലും കൂടുതൽ തൂക്കം കൂടുന്നില്ല എന്ന് ഉറപ്പു വരുത്തുക.
ആവശ്യമാണെങ്കിൽ മരുന്നുകൾ, ഇൻസുലിൻ എന്നിവ ഉപയോഗിക്കാൻ മടികാണിക്കരുത്.
?അനേക വർഷങ്ങളായി പ്രമേഹരോഗമുള്ളവർ ഗർഭം ധരിക്കുമ്പോൾ അവർക്ക് ഉണ്ടാകുന്ന കുഞ്ഞിന് ഭാരം കുറഞ്ഞിരിക്കാനാണ് സാധ്യത. അതുപോലെ ഗർഭധാരണത്തിന്റെ ആദ്യമാസങ്ങളിൽ രക്തത്തിൽ ഗ്ലൂക്കോസിന്റെ അളവ് കൂടുതലാണെങ്കിൽ കുഞ്ഞിന് അംഗവൈകല്യങ്ങളുണ്ടാകാൻ സാധ്യതയുണ്ട്.
?സാധാരണയായി ഗർഭധാരണത്തിനു ശേഷമുള്ള ആദ്യത്തെ ചെക്കപ്പിൽ തന്നെ രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് പരിശോധിക്കാറുണ്ട്. Overt diabetes ആണെങ്കിൽ അപ്പോൾ തന്നെ അറിയാം. രാവിലെ ഭക്ഷണത്തിന് മുമ്പ് ഗ്ലൂക്കോസിന്റെ അളവ് 126 mg% ന് മുകളിലാണെങ്കിൽ Overt diabetes ആണ്. അത് നോർമൽ ആണെങ്കിൽ
24 – 28 ആഴ്ചകൾക്കിടയിൽ “ഓറൽ ഗ്ലൂക്കോസ് ടോളറൻസ് ടെസ്റ്റ് ” ചെയ്യണം. Fasting blood sugar നോക്കിയതിന് ശേഷം 75 gram ഗ്ലൂക്കോസ് കലക്കിക്കുടിക്കണം. പിന്നീട് 2 മണിക്കൂർ കഴിഞ്ഞ് വീണ്ടും ഷുഗർ ടെസ്റ്റ് ചെയ്യും. അത് 140 mg% ന് മുകളിലാണെങ്കിൽ Gestational diabetes ആണെന്ന് തീരുമാനിക്കാം. ഹോർമോൺ വ്യത്യാസം ഏറ്റവും കൂടുതൽ ഈ സമയത്ത് ആണ് എന്നതിനാൽ ഈ സമയത്ത് നോർമൽ ആണെങ്കിൽ പിന്നീട് പ്രശ്നം ഉണ്ടാകാൻ സാധ്യത കുറവാണ് എങ്കിലും ഉണ്ടായിക്കൂടെന്നുമില്ല.
?ചികിൽസ
പ്രമേഹത്തിന് സാധാരണ ഉപയോഗിക്കുന്ന എല്ലാ മരുന്നുകളും ഗർഭാവസ്ഥയിൽ ഉപയോഗിക്കാൻ പറ്റില്ല. ഇൻസുലിനാണ് ഏറ്റവും സുരക്ഷിതം. Metformin പോലുള്ള മരുന്നുകളും ഉപയോഗിക്കാറുണ്ട്. എങ്കിലും ഏത് മരുന്നാണ്, ഡോസ് എത്രയാണ് എന്നൊക്കെ ഡോക്ടറുടെ നിർദ്ദേശപ്രകാരം മാത്രം തീരുമാനിക്കേണ്ടതാണ്. രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് നിയന്ത്രണാധീനമാക്കേണ്ടത് വളരെ പ്രധാനമാണ്. സാധാരണ പ്രസവം സാധ്യമാകുമോ, സിസേറിയൻ വേണ്ടി വരുമോ, എങ്കിൽ എപ്പോൾ വേണം എന്നതൊക്കെ തുടർ പരിശോധനകൾ വഴി തീരുമാനിക്കേണ്ട കാര്യങ്ങളാണ്.
നവജാത ശിശുവിന് രക്തത്തിൽ ഗ്ലൂക്കോസിന്റെ അളവ് കുറഞ്ഞു പോകുന്നുണ്ടോ എന്ന് പല തവണ പരിശോധിക്കാറുണ്ട്. ലക്ഷണങ്ങൾ ഉണ്ടാകാൻ കാത്തു നിൽക്കാറില്ല. ജനിച്ച ഉടനെ എത്രയും പെട്ടെന്ന് മുലയൂട്ടി തുടങ്ങേണ്ടതും അത്യാവശ്യമാണ്.
ലേഖകർ
Dr. Mohandas Nair, Pediatrician. MBBS from Government Medical College, Kozhikode in 1990, MD Pediatrics from Government Medical College, Thiruvananthapuram in 1996. Worked as assistant surgeon under health services department in Kasaragod district for 18 months. Joined Medical Education Department of Kerala in 1998 and has worked in Government Medical Colleges in Kozhikode, Alappuzha and Manjeri. At present working as Additional Professor in Pediatrics in Government Medical College, Kozhikode. Specially interested in Pediatric Genetics and is in charge of Genetics clinic here for last 10 years.
ചിത്രകാരൻ
Design Co-ordinator, Infoclinic.

മികച്ച വർഗ്ഗങ്ങൾ

എല്ലാ വർഗ്ഗങ്ങളും
പൊതുജനാരോഗ്യം

284 ലേഖനങ്ങൾ

Current Affairs

240 ലേഖനങ്ങൾ

കോവിഡ്-19

236 ലേഖനങ്ങൾ

ആരോഗ്യ അവബോധം

115 ലേഖനങ്ങൾ

സുരക്ഷ

64 ലേഖനങ്ങൾ

ശിശുപരിപാലനം

59 ലേഖനങ്ങൾ

കിംവദന്തികൾ

53 ലേഖനങ്ങൾ

Infectious Diseases

52 ലേഖനങ്ങൾ

Medicine

45 ലേഖനങ്ങൾ