· 6 മിനിറ്റ് വായന

ആ വെളുപ്പിൻ്റെ ജീനിങ്ങെടുത്തേ

EthicsGenetic DiseasesHoaxParentingPediatricsകിംവദന്തികൾനൈതികത

ഒരു കുഞ്ഞു പിറന്നാൽ ഒരു കാര്യവുമില്ലാത്ത ചോദ്യം രണ്ടെണ്ണം ഉറപ്പാണ്. അതിപ്പൊ ചോദിക്കുന്നതിന് ഇന്നാരെന്നൊന്നുമില്ല. ആരും ചോദിക്കും. വെറുതെ വഴിയിൽ ബസ് കാത്ത് നിന്നാൽ വെയ്റ്റിംഗ് ഷെഡിനു താങ്ങിട്ടിരിക്കുന്ന തൂണുവരെ ചോദിക്കും… ചോദ്യം നമ്പർ ഒന്ന് – “ആണാണോ പെണ്ണാണോ ?”, ചോദ്യം നമ്പർ രണ്ട് – “കാണാനെങ്ങനെയുണ്ട് ?”. ഈ ചോദ്യം കേൾക്കുമെന്ന് പേടിയുള്ളവരും ഇല്ലാത്തവരുമായ അച്ഛനമ്മമാരും കുടുംബാംഗങ്ങളും അഭ്യുദയ കാംക്ഷികളും കുഞ്ഞിനു നിറം കിട്ടാനും ബുദ്ധി കിട്ടാനും വയറ്റിലൊരു കുഞ്ഞ് അനക്കം വച്ചുതുടങ്ങുന്നത് തൊട്ട് ഓട്ടം തുടങ്ങുകയായി.

അത് മുതലെടുത്ത് ഗർഭത്തിൽ തൊട്ട് കുഞ്ഞിനു നിറം വയ്പ്പിക്കാനുള്ള ലൊടുക്കുവിദ്യകൾ. ഇനി ഒന്ന് പിറന്ന് കിട്ടിയാലോ, നാവിൽ മുലപ്പാലിനു മുൻപ് തൊടുന്ന എവിടെയൊക്കെയോ കറങ്ങിത്തിരിഞ്ഞ മോതിരത്തിലെ ചെളിയും (പൊന്ന് എന്നാണ് വിശ്വാസം) തേനും വയമ്പും അടുത്ത പടിയായി പൊക്കം വയ്പ്പിച്ചേ ഞങ്ങൾ അടങ്ങൂ എന്ന വാശിയോടെ “വളരുന്ന കുട്ടികൾക്ക് സ്പെഷ്യൽ” പൊടികളും എല്ലാം പണി തുടങ്ങുകയായി. “സൽപ്പുത്രന്മാരെയും പുത്രികളെയും” സൃഷ്ടിക്കുന്നതിൽ ഈ വിദ്യകൾക്കൊക്കെ എന്തെങ്കിലും പങ്കുണ്ടോ? ഇതിലൊക്കെ എന്തെങ്കിലും കാര്യമുണ്ടോ എന്ന് ഒന്ന് പരിശോധിക്കുകയാണ് ഇൻഫോ ക്ലിനിക് ഇന്ന്.

ഒരു കഥയിൽ നിന്ന് തുടങ്ങാം. കഥ നടക്കുന്നത് അങ്ങ് സൗത്താഫ്രിക്കയിലാണ്. തേൻമാവിൻ കൊമ്പത്തിലെ കറുത്ത കിട്ടപ്പക്കും കറുത്ത ചിന്നമ്മക്കും എങ്ങനെ വെളുത്ത കുട്ടിയുണ്ടായി എന്ന തർക്കം ഓർമ്മയില്ലേ ? അതിൽ വളരെ സിമ്പിളായി നെടുമുടി വേണുവിന്റെ കഥാപാത്രം ചിന്നമ്മയെ നാടുകടത്തലിൽ നിന്നും രക്ഷിച്ചെടുക്കുന്ന ആ രംഗം കാണികൾ കയ്യടികളോടെയാണ് സ്വീകരിച്ചത്.അത്രയൊന്നും ഭാഗ്യം പക്ഷേ സാന്ദ്രയ്ക്കുണ്ടായില്ല. ആരാണു സാന്ദ്രയെന്നല്ലേ?

സൗത്ത് ആഫ്രിക്കയിൽ അപ്പാർത്തീഡ് കാലഘട്ടത്ത് വെളുത്ത വർഗ്ഗക്കാരായ ‘സാനി-അബ്രഹാം’ ദമ്പതികൾക്ക് 1955-ൽ പിറന്ന കുഞ്ഞ് സാന്ദ്ര ലൈങ്ങിന് നേരിടേണ്ടിവന്നത് കടുത്ത പീഠനങ്ങളായിരുന്നു. കാരണം അവളുടെ നിറം കറുപ്പായിരുന്നു എന്നതു തന്നെ. അവളുടെ മൂന്നു തലമുറകൾ മുന്നോട്ടുനോക്കിയാലും എല്ലാവരും വെളുത്തവർ തന്നെയായിരുന്നു. ഈ ഒരു യുക്തിയിൽ ഒരു അന്യഗ്രഹ ജീവിയോടെന്നപോലെ ആയിരുന്നു അക്കാലത്ത് സഹജീവികൾ അവളോട് പെരുമാറയിരുന്നത്. ഇക്കാരണത്താൽ സ്കൂളിൽ നിന്ന് പുറത്താക്കപ്പെട്ടു, സഹോദരങ്ങളാൽ വെറുക്കപ്പെട്ടു, അങ്ങനെ ഒരുപാട് പീഢനങ്ങള്‍.

അക്കാലത്തെ നിയമം ഒരു വെളുത്തവർഗ ദമ്പതികൾക്ക് ഒരു ‘നിറം കൂടിയ’ കുട്ടിയെ വളർത്തുവാൻ അനുവാദം നൽകിയിരുന്നില്ല. എങ്കിലും അക്കാലത്ത് അവളുടെ കുടുംബം തളരാതെ പോരാടി. നിയമത്തിനു മുന്നിൽ രക്തപരിശോധനയിലൂടെ താനാണ് അവളുടെ അച്ഛൻ എന്ന് എബ്രഹാമിന് തെളിയിക്കേണ്ടിവന്നു. എന്നിരുന്നാല്‍ പോലും പിന്നീട് സാഹചര്യങ്ങളുടെ സമ്മർദ്ദം അവളെ കറുത്തവർഗ്ഗക്കാരിയായി ജീവിതം തുടരുന്നതിന് നിർബന്ധിതയാക്കി. അക്കാലത്ത് DNA പരിശോധന നിലവിലുണ്ടായിരുന്നില്ല, പകരം ‘ബ്ലഡ് ടൈപ്പിംഗ്’ ആണ് ചെയ്തത്.ലൈങ്ങിന്റെ കഥ പിന്നീട് ബി.ബി.സി. ഡോക്യുമെന്ററിയായും ബുക്കുകളായും, 2008 ൽ ഇറങ്ങിയ ‘SKIN’ എന്ന ചലചിത്രമായും ലോകമറിഞ്ഞു…

നിറം, പൊക്കം, ബുദ്ധി തുടങ്ങി അടിമുടി കാണുന്ന സകല സൂത്രങ്ങളുടെയും പ്രത്യേകതകൾ നിർണയിക്കുന്നത് ജീൻസ് – അലക്കാതെ കൊണ്ടുനടക്കുന്ന ആ സംഭവമല്ല, ഇത് ജനിതക ഘടകങ്ങൾ – ആണ്. ഡി.എൻ.എ എന്ന് എല്ലാവരും കേട്ടിരിക്കും. പിരിയൻ കോവണിയുടെ ആകൃതിയുള്ള DNA-കൾ ചേർന്നാണ് ക്രോമസോം ഉണ്ടാവുന്നത്. ഈ DNA-യുടെ ഭാഗമാണ് ജീനുകൾ. ഓരോരുത്തരും എങ്ങിനെ ആയിരിക്കണം എന്നൊരു ഡിസൈൻ മനുഷ്യ ശരീരത്തിലെ കോശങ്ങൾക്കുള്ളിലെ ഈ ക്രോമസോമുകൾക്കുള്ളിൽ ഭദ്രമായി രേഖപ്പെടുത്തി വെച്ചിരിക്കുന്നു. 23 ജോഡി ക്രോമസോമുകളാണ് മനുഷ്യ കോശത്തിന്റെ ന്യൂക്ലിയസിലുള്ളത്. ഈ ക്രോമസോമുകളാണ് മനുഷ്യന്റെ ജനിതക ഘടന നിർണ്ണയിക്കുന്നത്. ഓരോ മനുഷ്യകോശത്തിലും മനുഷ്യന്റെ ഏതാണ്ടെല്ലാ ജീനുകളും ഉൾപ്പെട്ടിരിക്കുന്നു.

ഈ ജീനുകൾ ജീനുകൾ എന്ന് പറയുമ്പോൾ നമ്മൾ വിചാരിക്കും; പൊക്കത്തിന് ഒരു ജീൻ, നിറത്തിനു ഒരു ജീൻ, ബുദ്ധിക്ക് ഒരു ജീൻ, അങ്ങനെ ആണെന്ന്. എന്നാൽ ഇങ്ങനെയല്ല. വളരെ ചുരുക്കം പ്രത്യേകതകളും അസുഖങ്ങളും മാത്രമേ ഒരൊറ്റ ജീനിന്റെ പ്രവർത്തനം കൊണ്ട് വരുന്നുള്ളു. മിക്ക കാര്യങ്ങളും ഒന്നിലേറെ ജീനുകളുടെ പ്രവർത്തനത്തിലൂടെയാണ് സംഭവിക്കുന്നത്.

ഉദാഹരണത്തിന് തൊലിയുടെ നിറം. മെലാനിൻ എന്ന കറുപ്പ് ചായത്തിന്റെ ലെവൽ ആണ് തൊലിയുടെ നിറം നിശ്ചയിക്കുന്നത്. ചുരുങ്ങിയത് ഇരുപത് ജീനുകളെങ്കിലും ഇതിനായി പ്രവർത്തിക്കുന്നു എന്ന് കണ്ടു പിടിച്ചിട്ടുണ്ട്. കൂടുതൽ ഉണ്ടായേക്കാം. ഇങ്ങനെ വരുമ്പോൾ അച്ഛന്റെയും അമ്മയുടെയും ഇടക്കുള്ള ഒരു നിറം വരാനാണ് സാധ്യത. എന്നാൽ ചിലപ്പോൾ അല്ലാതെയും മാറ്റങ്ങൾ വരാം; തികച്ചും ആകസ്മികമായി..

നിങ്ങളെ വെളുപ്പിച്ച് (പോക്കറ്റാണോ ആവോ) സുന്ദരനാക്കിയേ അടങ്ങൂ എന്ന് കച്ചകെട്ടി ഇറങ്ങുന്നവർ ആദ്യം കൈ വയ്ക്കുന്നത് തൊലിപ്പുറത്തല്ലേ… അതുകൊണ്ട് ആദ്യം നിറത്തിലേക്ക് വരാം. ശരീരത്തിലെ മറ്റേതൊരു അവയവത്തിലുമെന്നതുപോലെ തന്നെ ത്വക്കിന്റെ നിർമിതിയും കോശങ്ങളാലാണ്. ഒരു ഭിത്തിയുടെ നിർമിതിയിലെന്ന പോലെ പല അടുക്കുകളിലായി കോശങ്ങൾ നിരത്തപ്പെട്ടിരിക്കുന്നു. അതിലെ ഏറ്റവും പുറത്തെ ഒരു നിര ‘എപ്പിഡെർമിസ്’ എന്നാണ് അറിയപ്പെടുന്നത്. ഇതിൽ ഏറ്റവും താഴത്തേ ഒരു നിര കോശങ്ങളുടെ നിരന്തരമായ വിഭജനം മൂലം പുതിയ കോശങ്ങൾ നിരന്തരം ഉണ്ടായിക്കൊണ്ടേയിരിക്കും, പുതിയ കോശങ്ങൾ തൊലിയുടെ പ്രതലത്തിലേക്ക് തള്ളപ്പെടുകയും ചെയ്തുകൊണ്ടേയിരിക്കും. കോശങ്ങളുടെ ഈ ഒരു യാത്ര ഏകദേശം 28 ദിവസം കൊണ്ടാണ് പൂർത്തിയാവുക.

മനുഷ്യരുടെ നിറം നിർണയിക്കുന്നതിൽ ഏറ്റവും പ്രധാനമായ പങ്കുവഹിക്കുന്ന മെലാനിൻ എന്ന വർണവസ്തു നിർമിക്കപ്പെടുന്നത് എപ്പിഡെർമിസിൽ കുടികൊള്ളുന്ന ‘മെലനോസൈറ്റ്’ എന്ന സ്പെഷ്യലിസ്റ്റ് കോശങ്ങളിലാണ്. മെലനോസൈറ്റുകളിൽ മെലാനിൻ നിർമ്മിക്കപ്പെടുന്നത് പല ഘടങ്ങളുള്ള ഒരു സങ്കീർണമായ പ്രക്രിയയിലൂടെയാണ്. ഈ ഘട്ടങ്ങൾ ഓരോന്നിലും പല ജീനുകളുടെ നിയന്ത്രണം ഉണ്ട്. ചില ജീനുകൾ മെലാനിൻ ഉണ്ടാക്കുന്നത് നിയന്ത്രിക്കുന്നു.

പ്രധാനമായും രണ്ടു തരത്തിലുള്ള മെലാനിൻ ആണ് നിർമ്മിക്കപ്പെടുക. 1. കടും കറുപ്പു നിറത്തിലുള്ള “യൂമെലാനിൻ” 2. ചുവപ്പ്/മഞ്ഞ നിറമുള്ള “ഫിയോമെലാനിൻ”. ഈ രണ്ടു വർണവസ്തുക്കളുടെയും സാന്ദ്രത ഓരോ വ്യക്തികളിലും വ്യത്യസ്തമായിരിക്കും. അതായത് കൂടുതൽ യൂമെലാനിൻ ഉള്ള ആളുകൾക്ക് കൂടുതൽ ഇരുണ്ട നിറമായിരിക്കും.

ഇങ്ങനെ നിർമ്മിക്കപ്പെടുന്ന മെലാനിൻ ചെറിയ പാക്കറ്റുകളാക്കി (മെലനോസോം) തൊലിപ്പുറത്തെ മറ്റു കോശങ്ങളുടെ ഉള്ളിലേക്ക് കടത്തിവിടപ്പെടും. ഈ മെലനോസോമുകളുടെ പ്രധാന കടമ, ഒരു കുട പോലെ നിന്ന് സൂര്യപ്രകാശത്തിലെ അൾട്രാവയലറ്റ് രശ്മികളുടെ ആക്രമണത്തിൽ നിന്ന് നൂക്ലിയസിനുള്ളിലെ ജനിതകവസ്തുക്കളെ രക്ഷിക്കുക എന്നതാണ്. യൂമെലാനിൻ കുറവുള്ള ആളുകളിൽ തൊലിയിൽ പതിക്കുന്ന അൾട്രാവയലറ്റ് രശ്മികൾ താഴെയുള്ള കോശങ്ങളിൽ ജനിതകമാറ്റത്തിനു കാരണമാകാറുണ്ട്. ഇതാണ് പൊതുവെ വെളുപ്പു കൂടുതലുള്ള മനുഷ്യരിൽ ത്വക് കാൻസറുകൾ കൂടുതലായി കാണപ്പെടാനുള്ള കാരണം…

ച്ചാൽ വെളുപ്പ് എപ്പൊഴും അനുഗ്രഹം എന്ന് വിളിക്കാൻ പറ്റില്ലായെന്ന്…ന്നാലും എന്തുകൊണ്ടായിരിക്കും ചില പ്രദേശക്കാർക്ക് അല്പം നിറം കൂടുതൽ ? അതായത് ഭൂമിയിലെ ഓരോ മേഖലയിലും കാണുന്ന അൾട്രാവയലറ്റ് രശ്മികളുടെ സാന്ദ്രതയ്ക്കനുസരിച്ച് വർഷങ്ങൾ (ഒന്നോ രണ്ടോ അല്ല കേട്ടോ… പതിനായിരക്കണക്ക് വരും) കൊണ്ട് പരിണാമചക്രത്തിൽ ഓരോ നിറങ്ങൾ ഉരുത്തിരിഞ്ഞതാണ്….അതാണ് ഏഷ്യയിലെയും ആഫ്രിക്കയിലെയും യൂറോപ്പിലെയും മനുഷ്യർക്ക് നിറവൈവിദ്ധ്യമുണ്ടാകാൻ കാരണം.

ഇനി “ഞാൻ വളരുകയല്ലേ മമ്മീ ?”… അതെ, പൊക്കം. പൊക്കത്തിന്റെ കാര്യം പറയുമ്പൊ രണ്ട് പേർ നോക്കിച്ചിരിക്കുന്നുണ്ട്. സച്ചിൻ തെണ്ടുൽക്കറും വീരേന്ദർ സെവാഗും. അത് അവസാനം പറയാം..

നിറത്തേക്കാൾ സങ്കീര്‍ണ്ണമാണ് പൊക്കം. പൊക്കം നിശ്ചയിക്കുന്ന ഏകദേശം നാനൂറ് ജീനുകൾ ഉണ്ട് എന്ന് കണക്കാക്കപ്പെടുന്നു ! അത് കൊണ്ട് തന്നെ അച്ഛന്റെയും അമ്മയുടെയും മദ്ധ്യേ ഉള്ള ഒരു പൊക്കമായിരിക്കും മിക്കവാറും കുട്ടികൾക്ക് (ആണുങ്ങൾക്ക് കൂടും, പെണ്ണുങ്ങൾക്ക് കുറയും. ഇത് കണ്ടെത്താൻ ഒരു ഏകദേശക്കണക്കുമുണ്ട്. ഉദാഹരണത്തിന് അച്ഛന്റെ ഉയരം 180 സെന്റിമീറ്ററും യും അമ്മയുടേത് 160 സെന്റിമീറ്ററും ആണെന്നിരിക്കട്ടെ. അവരുടെ കുട്ടി ആൺകുട്ടിയാണ് എങ്കിൽ 176 സെന്റിമീറ്ററിൽ നിന്ന് ഒരല്പം അങ്ങോട്ടോ ഇങ്ങോട്ടോ മാറിയും പെൺകുഞ്ഞാണെങ്കിൽ 163 സെന്റിമീറ്ററിനോട് അടുത്തുമായിരിക്കും.). പക്ഷെ ഈ കണക്കു നോക്കിയിട്ടും വലിയ കാര്യമില്ല. പോഷകാഹാരം, വ്യായാമം, വളർന്നു വരുമ്പോൾ ഉണ്ടായേക്കാവുന്ന അസുഖങ്ങൾ ഇവയൊക്കെ തന്നെ പൊക്കത്തെ ബാധിക്കാം

ഇത് രണ്ടിനേക്കാളും സങ്കീർണ്ണമാണ് ബുദ്ധി. അതെന്താണ് എന്നതിന് തന്നെ വിദഗ്ധർ തമ്മിൽ അഭിപ്രായ വ്യത്യാസമുണ്ട്. എന്നാലും ഒന്നുറപ്പാണ്. ഐ ക്യു ടെസ്റ്റ് എന്ന ടെസ്റ്റ് ഉപയോഗിച്ചു അളക്കുന്ന, ലോജിക്കൽ, മാത്തമറ്റിക്കൽ, ഭാഷാപ്രാവീണ്യം, പ്രശ്ന പരിഹാരം, സ്പേഷ്യൽ സ്‌കിൽസ് എന്നിങ്ങനെ ഉള്ള സാമാന്യ ബുദ്ധി (ജനറൽ ഇന്റലിജൻസ്) എന്ന സാധനവും പാരമ്പര്യവും തമ്മിൽ എന്തായാലും ബന്ധം ഉണ്ട്. നമ്മുക്ക് അറിയാൻ പാടില്ലാത്തതാണ് ഇത്തരം കാര്യങ്ങളുടെ പാരമ്പര്യം. എന്നാലും ഒരു പോലിരിക്കുന്ന ഇരട്ട കുട്ടികൾ (ജന്മനാ രണ്ടു വീട്ടിൽ വളർന്നവരിൽ) ഉള്ള പഠനങ്ങൾ (മിസ്‌ട്രാ -മുതലായവ) കാണിക്കുന്നത് ഇത്തരം ബുദ്ധിശക്തി അമ്പതു ശതമാനത്തോളം പാരമ്പര്യം ഉണ്ടെന്നാണ്.

എന്നാൽ പോലും നാമോർക്കണം – അൻപത് ശതമാനം പാരമ്പര്യം മൂലമല്ല ! പഠനം, ഭക്ഷണം, സ്‌കൂൾ, കൂട്ടുകാർ, ചുറ്റുപാടുകൾ ഒക്കെ പ്രധാനമാണ്. മാത്രമല്ല, ഗാർഡ്നർ എന്ന ശാസ്ത്രഞ്ജന്റെ നിഗമനം അനുസരിച്ച ബുദ്ധിക്ക് ഐ ക്യു ടെസ്റ്റ് മൂലം അളക്കാൻ പറ്റാത്ത കുറെ മാനങ്ങൾ കൂടിയുണ്ട്. പാട്ട്, ചിത്രകല തുടങ്ങിയവ, മറ്റുള്ളവരുമായി ബന്ധം സ്ഥാപിച്ചു നന്നായി ഇടപഴകുന്നത്, സ്പോർട്സ്, കളികൾ എന്നിവയിൽ ഉള്ള കഴിവ് എന്നിവയൊക്കെ അതിൽ പെടും .

മാത്രമല്ല – ബുദ്ധി എന്ന് പറയുന്ന നിർവചനത്തിൽ പെടാത്ത പലതും ഒരു മനുഷ്യന് അത്യാവശ്യമാണ്. സഹ ജീവികളെ സമത്വ ഭാവത്തോടെ കാണാനുള്ള കഴിവ്, സമൂഹത്തിൽ തനിക്ക് എന്തിക്കെ ചെയ്യാനാകും എന്ന തിരിച്ചറിവ്, സ്വന്തം കഴിവുകൾ എന്തൊക്കെ, പരിമിതികൾ ഏതെല്ലാം എന്നറിയാനുള്ള തിരിച്ചറിവ്, തുടങ്ങി മറ്റുള്ളവർ വേറെ തരത്തിലും വിശ്വാസത്തിലും ഉള്ളവരായാലും അവരെ ദ്വേഷിക്കുകയും ഉപദ്രവിക്കുകയും ചെയ്യാനുള്ള പ്രവണതയെ നിയന്ത്രിക്കാനുള്ള പരമമായ വിവേകം ഇവയൊക്കെ വേണം. അല്ലേ – ഉവ്വോ ?

കുട്ടിയുടെ ലിംഗം ഏതെന്ന് നിശ്ചയിക്കപ്പെടുന്നതിനെ പറ്റിയും നിരവധി അന്ധവിശ്വാസങ്ങളുണ്ട്. ചില പ്രത്യേക സമയത്ത് ലൈംഗികബന്ധത്തിൽ ഏർപ്പെട്ടാൽ കുട്ടി ആണായിരിക്കുമെന്നൊക്കെയുള്ള സന്ദേശങ്ങൾ ഇപ്പോൾ പ്രചരിക്കുന്നുണ്ടല്ലോ. അതിലെ വസ്തുതകളിലേക്ക് ഒന്നുസഞ്ചരിക്കണ്ടേ ?

സ്ത്രീയുടെ അണ്ഡവുമായി (Ovum) സംയോജിക്കുന്ന പുരുഷ ബീജത്തിലെ (Sperm) സെക്സ് ക്രോമസോം ഏതെന്നതനുസരിച്ചാണ് കുട്ടി ആണാണോ പെണ്ണാണോ എന്ന് തീരുമാനിക്കപ്പെടുന്നത്. X-ക്രോമസോമാണ് സംയോജിക്കുന്നതെങ്കിൽ പെൺകുട്ടിയും Y-ക്രോമസോമാണ് സംയോജിക്കുന്നതെങ്കിൽ ആൺകുട്ടിയുമായിരിക്കും. അതായത് അണ്ഡത്തിൽ X-ക്രോമസോം മാത്രമേയുള്ളൂ.

സംയോജനത്തിന് ശേഷം XX ആണെങ്കിൽ പെൺകുട്ടിയും XY ആണെങ്കിൽ ആൺകുട്ടിയും. 10 കോടി ബീജങ്ങളൊക്കെയാണ് ഒരു മില്ലി ശുക്ലത്തിലുണ്ടാവുക. അവയിൽ ഏത് സെക്സ് ക്രോമസോമുള്ളതാണ് അണ്ഡവുമായി സംയോജിക്കുന്നതെന്നത് നിർണ്ണയിക്കാനോ നിയന്ത്രിക്കാനോ സാധ്യമല്ല. 2 മില്ലിലിറ്ററെങ്കിലും ശുക്ലമാണ് ഒരു സ്‌ഖലനത്തിൽ (Ejaculation) സാധാരണയുണ്ടാവുക. ഏത് സമയത്ത് ലൈംഗിക ബന്ധത്തിലേർപ്പെട്ടാലും ഈ പ്രക്രിയയിൽ വ്യത്യാസമുണ്ടാവുന്നില്ല.

മനസിലാക്കേണ്ടത് ഇതാണ്. കുട്ടി ആണാണോ പെണ്ണാണോ എന്ന് തീരുമാനിക്കുന്നത് ആണിന്റെ ബീജമാണ്. അത് പെണ്ണിന്റെ കുറ്റമായും കുറവായും അതിപുരാതനകാലം തൊട്ടേ വ്യാഖ്യാനങ്ങളുണ്ടെന്നറിഞ്ഞുകൊണ്ടാണ് ഇത് പറയുന്നത്. രണ്ട്, കഞ്ഞി കുടിക്കുന്നതോ നാരങ്ങവെള്ളം കുടിക്കുന്നതോ ഇറച്ചി കഴിക്കുന്നതോ ദിവസം നോക്കി ബന്ധപ്പെടുന്നതോ അതിനെ ബാധിക്കുകയുമില്ല.

ബാഹ്യ രൂപത്തിലെ വൈവിദ്ധ്യം നൽകുന്നത് മാത്രമാണ് നിറത്തിനും പൊക്കത്തിനും ഉള്ള പ്രത്യേകത. പൊക്കവും നിറവും രൂപവും വച്ച് ഉത്തമൻ എന്ന വിധികൽപ്പന ശാസ്ത്രീയമല്ല. ആയിരുന്നെങ്കിൽ പൊക്കം അല്പം കുറവായ സച്ചിൻ തെണ്ടുൽക്കറും വീരേന്ദർ സെവാഗും നിറം അല്പം കൂടുതലുള്ള ഉസൈൻ ബോൾട്ടും ജെസി ഓവൻസും ശരീരം അനക്കാൻ പോലും കഴിയാത്ത സ്റ്റീവൻ ഹോക്കിൻസെന്ന മഹാശാസ്ത്രജ്ഞനുമൊന്നും ആ പട്ടികയിൽ പെടില്ലായിരുന്നല്ലോ.

എപ്പോളും ഓർമ്മിക്കേണ്ട ഒന്നുണ്ട്, അതുകൂടി പറഞ്ഞവസാനിപ്പിക്കാം.

ഇന്ത്യൻ ഭരണഘടനയിലെ ആർട്ടികൾ 51 A (h) എന്താണ് പറയുന്നതെന്നറിയണ്ടേ ? ശാസ്ത്ര അഭിരുചിയും മാനവികതയും അന്വേഷണത്വരയും പരിഷ്കരണബോധവും വളർത്തുക എന്നത് ഇന്ത്യയിലെ ഏതൊരു പൗരന്റെയും കടമയാണ്. ഈ അടിസ്ഥാന ആശയങ്ങളെ പോലും അവഗണിച്ചുകൊണ്ട് പ്രചരിപ്പിക്കപ്പെടുന്ന ശാസ്ത്ര-വിരുദ്ധ പരിഷ്കര-വിരുദ്ധ ആശയങ്ങളെ ഇല്ലായ്മ ചെയ്യേണ്ടേ ?

ലേഖകർ
Jimmy Mathew, MBBS, MS, MCh, completed his studies in Medical college, Thrissur, JIPMER and Medical college, Kozhikode respectively. He has worked in Sree Chithra Institute, Baby Memorial hospital, St. John's Institute of medical sciences, Bangalore, and Amrita Institute at Kochi. He is a Reconstructive Microsurgeon and Clinical Professor. He has over 25 academic publications. He has published four books in the popular press. Loves to write.He blogs at Healthylifehappylife. in.
Dr. Jinesh P.S. Completed MBBS and MD in Forensic Medicine from Govt Medical College, Kottayam. He has worked in Dept. of Forensic at Govt Medical College, Kottayam as Lecturer and at Community Health Center Kumarakom and Edayazham as Medical Officer. He is interested in spreading of scientific temper, health awareness.
Dr. KIRAN NARAYANAN MBBS. Graduated from Govt. TD Medical College, Alappuzha. Currently, he is working in Kerala Government Health Services, as Assistant Surgeon at Primary Health Centre, Valakom, near Muvattupuzha, Ernakulam District. Founder member of AMRITHAKIRANAM, a public health awareness initiative by Kerala Government Medical Officer's Association. His area of interest outside medicine is, "Whistling". He was a member of the team who is currently holding Limca, Asia & Indian records for the event, 'Group Whistling'. He has been a member of Guinness world record holding team by Flowers Channel.
ചിത്രകാരൻ
Design Co-ordinator, Infoclinic.

മികച്ച വർഗ്ഗങ്ങൾ

എല്ലാ വർഗ്ഗങ്ങളും
പൊതുജനാരോഗ്യം

284 ലേഖനങ്ങൾ

Current Affairs

240 ലേഖനങ്ങൾ

കോവിഡ്-19

236 ലേഖനങ്ങൾ

ആരോഗ്യ അവബോധം

115 ലേഖനങ്ങൾ

സുരക്ഷ

64 ലേഖനങ്ങൾ

ശിശുപരിപാലനം

59 ലേഖനങ്ങൾ

കിംവദന്തികൾ

53 ലേഖനങ്ങൾ

Infectious Diseases

52 ലേഖനങ്ങൾ

Medicine

45 ലേഖനങ്ങൾ