ഗ്ലോക്കോമ: ഇരുട്ടിലേക്കുള്ള വഴി
ജോണ്‍ ഗ്ലെന്നിനെ അറിയുമോ ?
ആദ്യമായി ഭൂമിക്കു ചുറ്റും വലം വെച്ച അമേരിക്കക്കാരന്‍ !
പൈലറ്റും, ബഹിരാകാശ ഗവേഷകനും, അമേരിക്കന്‍ സെനറ്ററും ഒക്കെയായിരുന്ന അദ്ദേഹത്തിന് ഗ്ലോക്കോമ എന്ന നേത്രരോഗം ഉണ്ടായിരുന്നു. എന്നാല്‍ ശരിയായ ചികിത്സ അദ്ദേഹത്തിന്‍റെ കാഴ്ച രക്ഷിച്ചു ! ഗ്ലോക്കൊമക്കെതിരെ പോരടിയ മുന്‍നിര വ്യക്തികളിൽ ഒരാളാണദ്ദേഹം !.
മാര്‍ച്ച് 12 മുതല്‍ 18 വരെ ലോക ഗ്ലോക്കോമവാരമായി ആചരിക്കുന്നുണ്ടിന്ന്. അന്ധതയുടെ കാരണങ്ങളില്‍ ലോകത്ത് രണ്ടാം സ്ഥാനം ഗ്ലോക്കൊമക്കാണ്. രോഗം ഉള്ളവരില്‍ തന്നെ 50 ശതമാനത്തില്‍ അധികം ആളുകള്‍ തങ്ങള്‍ക്കു ഈ പ്രശ്നം ഉണ്ടെന്നു തിരിച്ചറിയുന്നില്ല എന്നതാണ് ഈ രോഗത്തിന്റെ പ്രത്യേകത. വികസ്വര രാജ്യങ്ങളില്‍ ഇത് 90 ശതമാനമാണ്. ഇന്ന് ലോകത്ത് 4.5 ദശലക്ഷം ഗ്ലോക്കോമ രോഗികള്‍ ഉണ്ടെന്നാണ് കണക്കുകള്‍ പറയുന്നത്. 2020 ആകുമ്പോള്‍ ഇത് 11 ദശലക്ഷം ആയി ഉയരാന്‍ സാധ്യതയുണ്ട്.
അസുഖത്തിന്‍റെ പ്രാരംഭഘട്ടങ്ങളില്‍ പ്രത്യേക ലക്ഷണങ്ങള്‍ ഇല്ലാത്തതും, രോഗം കാലേകൂട്ടി കണ്ടുപിടിക്കാന്‍ സാധിക്കാത്തതുമാണ് ഈ പ്രശ്നം ഇത്രേം തീവ്രമാകാന്‍ കാരണം. ഇങ്ങനെ പ്രത്യേക ലക്ഷണങ്ങള്‍ ഇല്ലാതെ ഉണ്ടാകുന്ന ഗ്ലോക്കോമയെ തിരിച്ചറിയാനും അതിനെ ചെറുക്കാനും നമ്മളെ പ്രാപ്തരാക്കുക എന്നതാണ് ലോക ഗ്ലോക്കോമ വാരത്തിന്‍റെ ലക്ഷ്യം.
ഗ്ലോക്കോമ എന്ന ഈ നിശബ്ദ ഭീകരനെ നമുക്കൊന്ന് അടുത്തറിഞ്ഞാലോ ?
എന്താണ് ഗ്ലോക്കോമ (Glaucoma) ?
കണ്ണിലെ മർദ്ദം ക്രമാതീതമായി കൂടുന്നതുമൂലം കാഴ്ചഞരമ്പുകൾക്ക് നാശനഷ്‌ടം സംഭവിക്കുകയും അതുമൂലം കാലക്രമേണ വശങ്ങളിലെ കാഴ്ചനഷ്ടത്തിൽ തുടങ്ങി മുഴുവനായും കാഴ്ച നഷ്ടപ്പെടുന്ന അവസ്ഥയിൽ കൊണ്ടുചെന്നെത്തുന്ന രോഗമാണ് ഗ്ലോക്കോമ. ഒരിക്കൽ കാഴ്ച നഷ്ടപെട്ടാൽ പിന്നീടത് തിരികെ പിടിക്കാനാവില്ല എന്നത് ഈ രോഗത്തിന്റെ പ്രത്യേകതയാണ്.
കണ്ണിലും പ്രഷറോ?
അതെ, കണ്ണിലും പ്രഷര്‍ ഉണ്ട്. കണ്ണില്‍ രണ്ടുതരത്തിലുള്ള ദ്രവങ്ങളുണ്ട്. കണ്ണിനുള്ളിലെ മാംസ്യനിർമ്മിതമായ ലെന്‍സിനു മുന്‍പിലുള്ള അക്വസ് ദ്രവവും (Aqueous humor) ലെൻസിനു പിന്നില്‍ കാണുന്ന ജെല്ലി പോലത്തെ വിട്രിയസ് ദ്രവവും (Vitreous humor) , കണ്ണിനു ആവശ്യമായ പോഷകങ്ങള്‍ നല്‍കുക, കണ്ണിനെ ക്ഷതങ്ങളില്‍ നിന്നും സംരക്ഷിക്കുക തുടങ്ങിയവയാണ് ഇവരുടെ ചുമതലകൾ. ഇതില്‍ മുന്‍വശത്തുള്ള അക്വസ് ദ്രവത്തിന്റെ സ്വതഗതിയിലുള്ള ഉല്പാദനവും അതിന്റെ സാധാഗതിയിലുള്ള ഒഴുക്കുമാണ് കണ്ണിലെ മർദ്ദം നിയന്ത്രിക്കുന്നത്. സാധാരണയായി കണ്ണിനുള്ളിലെ മർദ്ദം 10-21 mm വരെയാണ്. ഇത് കൂടുമ്പോഴാണ് ഗ്ലോക്കോമ ഉണ്ടാകുന്നത്.
കണ്ണിലെ പ്രഷര്‍ കൂടാന്‍ കാരണം എന്തൊക്കെ ?
1.അക്വസ് ദ്രവത്തിന്‍റെ ഉല്പാദനം കൂടുന്നത്.
2.അക്വസ് ദ്രവത്തിന്‍റെ ഒഴുക്കിന് തടസമുണ്ടാകുന്നത് – കണ്ണിന്‍റെ ഐറിസിനും കോര്‍ണിയക്കും ഇടക്കുള്ള ഭാഗത്തുകൂടിയാണ് ഈ ദ്രവം പുറത്തേക്കൊഴുകുന്നത്. ഈ പാതയിലെവിടെയെങ്കിലുമുള്ള തടസങ്ങള്‍ പ്രഷര്‍ കൂടാന്‍ കാരണമാകും.
- കണ്ണിനു പറ്റുന്ന ചില പരിക്കുകള്‍.
- ചില മരുന്നുകള്‍.
ഗ്ലോക്കോമ എത്രതരമുണ്ട് ?
കണ്ണിലെ പ്രഷര്‍ കൂടാനുള്ള കാരണങ്ങളുടെ അടിസ്ഥാനത്തില്‍ ഗ്ലോക്കോമയെ പലതായി തിരിച്ചിട്ടുണ്ട്.
ഓപ്പൺ ആങ്കിൾ ഗ്ലോക്കോമ –
ഐറിസിനും കോര്‍ണിയക്കും ഇടക്കുള്ള ആംഗിള്‍ ഇത്തരക്കാരില്‍ തുറന്നു തന്നെയായിരിക്കും. അക്വസ് ഹ്യുമർ ഒഴുകി പുറത്തേക്കു പോകുന്ന ചാനലുകളില്‍ ഉണ്ടാകുന്ന തടസമാണ് പ്രഷര്‍ കൂടാന്‍ കാരണം. ഇവരില്‍ രോഗം പതിയെ മാത്രമേ പുരോഗമിക്കുകയുള്ളൂ. ആദ്യഘട്ടങ്ങളിലൊന്നും പ്രത്യേകിച്ച് ലക്ഷണങ്ങള്‍ ഉണ്ടാകില്ല. പ്രഷറും കൂടുന്നത് പതുക്കെയായിരിക്കും. പലപ്പോഴും മറ്റു പരിശോധന നടത്തുന്ന സമയത്ത് അപ്രതീക്ഷിതമായായിരിക്കും അസുഖം കണ്ടുപിടിക്കുക.
ആങ്കിൾ ക്ലോഷർ ഗ്ലോക്കോമ –
ഐറിസിനും കോര്‍ണിയക്കും ഇടയിലുള്ള വിടവ് ഇത്തരക്കാരില്‍ വളരെ കുറവായിരിക്കും. അതുകാരണം അക്വസ് ഹ്യുമർ ഒഴുകുന്നതില്‍ തടസമുണ്ടാകുകയും, പ്രെഷര്‍ പെട്ടെന്ന് കൂടി കണ്ണിനു നീരും, വേദനയും ഉണ്ടാകുകയും ചെയ്യും. കണ്ണിനു വേദനക്കൊപ്പം, തലവേദനയും ശര്‍ദിയും ഉണ്ടാകാം, പെട്ടെന്ന് കാഴ്ചയും മങ്ങാം.
ഈ രണ്ടുതരം കൂടാതെ ജന്മനാ തന്നെ കുട്ടികളിൽ ഉണ്ടാകുന്ന ഗ്ലോക്കോമയും, തിമിരം മൂലമുള്ള ഗ്ലോക്കൊമയും ഉണ്ട് .
എന്തൊക്കെയാണ് ഗ്ലോക്കോമയുടെ ലക്ഷണങ്ങള്‍ ?
65 വയസ് കഴിഞ്ഞവര്‍, കറുത്ത വര്‍ഗ്ഗക്കാര്‍, കുടുംബത്തില്‍ ഗ്ലോക്കോമ രോഗം ഉള്ളവര്‍, ഹ്ര്വസ ദൃഷ്ടി (Myopia) ഉള്ളവര്‍ എന്നിവരിലാണ് ഓപ്പൺ ആങ്കിൾ ഗ്ലോക്കോമ കൂടുതൽ കണ്ടുവരുന്നത്. പലപ്പോഴും ആദ്യമേ പ്രത്യേകിച്ച് ലക്ഷണങ്ങള്‍ ഒന്നുംതന്നെ ഉണ്ടാവില്ല. ചിലരില്‍ വശങ്ങളിലെ കാഴ്ച നഷ്ടപെട്ട് കാഴ്ചയുടെ ഫീല്‍ഡ് വല്ലാതെ ചുരുങ്ങും. അവസാനം ഒരു കുഴലിലൂടെ കാണുന്ന കാഴ്ചപോലെയാകും (Tubular vision).
ആങ്കിൾ ക്ലോഷർ ഗ്ലോക്കോമക്ക് തൊട്ട് മുൻപ് താഴെ പറയും പോലുള്ള ലക്ഷണങ്ങൾ കാണിക്കാം
- കണ്ണിനു കലശലായ വേദനയും ചുവപ്പും ഉണ്ടാകുക
- തലവേദനയും ശര്‍ദ്ദിയും
- പെട്ടെന്ന് കണ്ണിനു കാഴ്ച നഷ്ടപെടുക
- വസ്തുക്കള്‍ക്ക് ചുറ്റും നിറങ്ങള്‍ പോലെ കാണുക
കഠിനമായ തലവേദനയും ശര്‍ദ്ദിയും മൂലം ഇത്തരം രോഗികള്‍ മറ്റ് രോഗങ്ങളാണെന്ന് തെറ്റിദ്ധരിച്ച് മെഡിസിന്‍, ന്യൂറോ വിഭാഗങ്ങളില്‍ ചികിത്സയ്ക്കായി ചെല്ലാറുണ്ട്.
അസുഖം എങ്ങനെ കണ്ടെത്തും ?
മൂന്നു കാര്യങ്ങള്‍ ആണ് ഉറപ്പാക്കേണ്ടത് .
- കണ്ണിലെ പ്രഷര്‍ കൂടിയിരിക്കുക (ചിലരില്‍ നോര്‍മല്‍ ആയിരിക്കാം, എന്നാല്‍ ഒരിക്കലും കുറയാറില്ല). പ്രഷര്‍ പരിശോധിക്കുന്നത് ടോണോ മീറ്റര്‍ എന്ന ഉപകരണം ഉപയോഗിച്ചാണ്. സാധാരണ പ്രഷര്‍ 12നും 21നും ഇടയിലാരികക്കും. 22 ല്‍ കൂടുതല്‍ അപകടമാണ്. തുടർ പരിശോധനകൾക്ക് എന്തായാലും വിധേയമാക്കേണ്ടതാണ്.
- വിഷ്വൽ ഫീൽഡ് നോക്കി എത്രമാത്രം കാഴ്ചഞരമ്പുകൾക്ക് നാശം വന്നിട്ടുണ്ടെന്ന വിവരം പെരിമെട്രി എന്ന പരിശോധനയിലൂടെ അറിയാൻ സാധിക്കും. ആദ്യകാലത്ത് വശങ്ങളിലുള്ള ഉള്ള കാഴ്ച മാത്രമേ ബാധിക്കുകയുള്ളൂ. അതുകൊണ്ട് പലരും ഇത് തിരിച്ചറിയാറില്ല. പതിയെ കാഴ്ച ചുരുങ്ങി വരും . ഒടുവിൽ നടു ഭാഗത്ത് ഒരു ടണല്‍ പോലെ മാത്രമെ വസ്തുക്കൾ കാണാനാവുകയുള്ളൂ. പിന്നീടതുകൂടി നഷ്ടമായി പൂർണ്ണ അന്ധതയിലേക്ക് നയിക്കപ്പെടും.
- ഐറിസിനും കോർണിയക്കും ഇടയിലുള്ള ആംഗിള്‍ ചുരുങ്ങുക – ഗോണിയോസ്കോപ്പി ( gonioscopy) പരിശോധനയിലൂടെ ഈ കാര്യം മനസിലാക്കാം
- കാഴ്ചഞരമ്പുകളുടെ നേരിട്ടുള്ള പരിശോധനയ്ക്കായി ഒഫ്താല്‍മോസ്കോപ്പ്, OCT തുടങ്ങിയ പരിശോധകള്‍ ഉപയോഗിക്കാം .
ഗ്ലോക്കോമക്ക് ചികിത്സ ഉണ്ടോ ?
ഉണ്ട്, മരുന്ന് ചികിത്സ, ലേസര്‍ ചികിത്സ, ശസ്ത്രക്രിയ തുടങ്ങി നിരവധി സാധ്യതകള്‍ ഉണ്ട്. അസുഖത്തിന്‍റെ അവസ്ഥയും തീവ്രതയും ഒക്കെ കണക്കാക്കി ഒരു പ്രത്യേക ചികിത്സ തിരിഞ്ഞെടുക്കും .
മരുന്ന് ചികിത്സ:
പ്രധാനമായും തുറന്ന ആംഗിള്‍ ഗ്ലോക്കോമക്കാണ് തുള്ളിമരുന്നുകള്‍ ഉപയോഗിച്ചുള്ള ചികിത്സ. അക്വസ് ദ്രവത്തിന്‍റെ ഉത്പാദനം കുറക്കാന്‍ പറ്റുന്ന മരുന്നുകളും, പുറത്തേക്കുള്ള ഒഴുക്ക് സുഗമമാക്കുന്ന മരുന്നുകളും ഉണ്ട്. വിദഗ്ദ്ധനായ ഒരു ഡോക്ടറുടെ നിര്‍ദേശ പ്രകാരം ഈ മരുന്നുകള്‍ ഉപയോഗിക്കാവുന്നതാണ്. ചിലപ്പോള്‍ ഒന്നിലധികം മരുന്നുകള്‍ ഒരുമിച്ചും ഉപയോഗിക്കാറുണ്ട്.
ലേസര്‍ ചികിത്സ :
അടഞ്ഞ ആംഗിള്‍ ഗ്ലോക്കോമക്ക് കണ്ണിലെ പ്രഷര്‍ പെട്ടന്ന് കുറക്കേണ്ടത് അത്യാവശ്യമാണ്. ഇത്തരക്കാരില്‍ ലേസര്‍ ഉപയോഗിച്ച് കണ്ണിലെ ഐറിസ് എന്ന ഭാഗത്ത് ഒരു തുളയിടും (iridotomy). ഇത് ദ്രാവകം തടസംകൂടാതെ ഒഴുകുന്നതിനും, പ്രഷര്‍ കുറയുന്നതിനും സഹായിക്കും. ഇത്തരക്കാരില്‍ അസുഖമില്ലാത്ത കണ്ണിലും മുന്‍കരുതലിനായി ഇത്തരം തുളയിടാറുണ്ട് .
ശസ്ത്രക്രിയ :
തുറന്ന ആംഗിള്‍ ഗ്ലോക്കോമ ഉള്ളവരില്‍ രണ്ടില്‍ അധികം മരുന്നുകള്‍ ഉപയോഗിച്ചിട്ടും പ്രഷര്‍ നിയന്ത്രിക്കാന്‍ കഴിയുന്നില്ല എങ്കില്‍ അവര്‍ക്ക് ശസ്ത്രക്രിയ ആണ് ഉത്തമം. അക്വസ് ഒഴുകി പോകേണ്ട ഭാഗത്ത് ഒരു ടണല്‍ ഉണ്ടാകി ഒഴുകല്‍ സുഗമമാക്കുകയാണ് ചെയ്യുന്നത് .
ചികിത്സയിലൂടെ ഗ്ലോക്കോമ പൂര്‍ണ്ണമായും ഭേധമാകുമോ ?
പൂര്‍ണ്ണമായും അസുഖം ഭേദമാകില്ല. എന്നാല്‍ ചികില്‍സയിലൂടെ അസുഖം പുരോഗമിക്കാതെ സൂക്ഷിക്കാം . കാഴ്ച നഷപെടാതിരിക്കാനും, പൂര്‍ണ്ണ അന്ധത ഒഴിവാക്കാനും ചികിത്സ കൂടിയേ തീരൂ.
തുടര്‍ പരിശോധന ആവശ്യമാണോ ?
തുടര്‍ പരിശോധനകള്‍ അത്യാവശ്യമാണ്. അസുഖം എപ്രകാരം മുന്നോട്ടു പോകുന്നു എന്ന് മനസിലാക്കാനും, കണ്ണിലെ പ്രഷര്‍ നോർമലായോ എന്ന് നോക്കാനും, ചികിത്സകളില്‍ വേണ്ട മാറ്റം വരുത്താനും തുടര്‍പരിശോധനകള്‍ വേണം .
ഇത്ര സുന്ദരമായ ലോകത്തെ കാഴ്ചകള്‍ ഒന്നും കാണാതെ ജീവിക്കേണ്ടി വരിക എത്ര കഷ്ടമാരിക്കും അല്ലേ ? ഗ്ലോക്കോമ കൃത്യ സമയത്ത് കണ്ടെത്താന്‍ സാധിക്കാത്തതും, തുടര്‍ച്ചയായ ചികിത്സ ലഭിക്കാത്തതുമാണ് അന്ധതയിലേക്ക് നയിക്കുന്നത്. പ്രത്യേകിച്ചും തുറന്ന ആംഗിള്‍ ഗ്ലോക്കോമ ഉള്ളവരില്‍. അതിനാൽ ഇത്തരം രോഗ ലക്ഷണങ്ങള്‍ ഇല്ലാത്ത ഗ്ലോക്കോമയെ കണ്ടെത്തുകയും ചികിത്സിക്കുകയും വേണം. അങ്ങനെ അന്ധത ഇല്ലാത്ത ലോകം നമുക്ക് ഒരുമിച്ചു സൃഷ്ടിച്ചെടുക്കാം.