· 6 മിനിറ്റ് വായന
ഉഷ്ണം ഉഷ്ണേന
ടോക്കിയോ ഒളിംപിക്സിലെ മാരത്തൺ ഓട്ടം എണ്ണൂറു കിലോമീറ്റർ വടക്കുള്ള ഒരു നഗരത്തിലേക്ക് മാറ്റാൻ തീരുമാനിച്ച വാർത്തയായിരുന്നു ഒളിമ്പിക്സിനെ പറ്റി കഴിഞ്ഞ വർഷം വന്ന ഒരു പ്രധാന വാർത്ത. പിന്നീട് കോവിഡ് കാരണം ഒളിമ്പിക്സ് തന്നെ മാറ്റേണ്ടി വന്നു. മത്സരം നടക്കുന്ന വേനൽ കാലത്ത് പ്രതീക്ഷിക്കാവുന്ന കൊടുംചൂട് കാരണം മാരത്തോൺ ഓടി തീർക്കുന്നതിനിടെ അത്‌ലറ്റുകൾക്കു ഗുരുതരമായ ദേഹാസ്വാസ്ഥ്യം പോലും ഉണ്ടാവുമോ എന്ന ആശങ്കയാണ് ഏറെ ചർച്ചകൾക്കൊടുവിൽ ഈ തീരുമാനത്തിലേക്കെത്തിച്ചത്. ടോക്കിയോ മാത്രമല്ല ലോകത്തങ്ങോളമിങ്ങോളം പല നഗരങ്ങളും ചുട്ടുപൊള്ളുന്നുണ്ട്. മാരത്തോൺ ഓടുന്നവരെ മാത്രമല്ല നിത്യജീവിതത്തിന്റെ എല്ലാ മേഖലകളെയും സകല ജീവജാലങ്ങളുടെയും നിലനില്പിനെയും ബാധിക്കുന്ന രീതിയിൽ ആഗോളതാപനവും കാലാവസ്ഥാ വ്യതിയാനവും മാറിത്തുടങ്ങിയിരിക്കുന്നു .
കൂടുതൽ ചൂടുള്ള ലോകം; തീവ്രമായ കാലാവസ്ഥാസാഹചര്യങ്ങൾ ; പ്രളയം; സമുദ്രനിരപ്പ് ഉയർന്നു കരയെ കവരുന്നത് ; തീവ്രമായ വറുതിക്ക് വഴി വെക്കുന്ന വരൾച്ച. മുൻപൊരിക്കലും ഉണ്ടാവാത്തപോലുള്ള സർവ്വനാശകാരികളായ ചുഴലിക്കാറ്റുകളും, കത്തിപ്പടരുന്ന കാട്ടുതീയും സംഹാരതാണ്ഡവമാടുന്ന ഒരു ലോകം വാർത്തകളിൽ നിറയുന്നു.
കാലാവസ്ഥാ വ്യതിയാനം ഭൂമിയുടെ ആരോഗ്യത്തിന് മാത്രമല്ല ദോഷകരമായിട്ടുള്ളത് അതിൽ അധിവസിക്കുന്ന മനുഷ്യരുടെയും ആരോഗ്യത്തിന് ദോഷകരമാണ്. കഴിഞ്ഞ അമ്പതു വര്ഷം കൊണ്ട് ആരോഗ്യരംഗത്ത് നേടിയെടുത്ത നേട്ടങ്ങൾ നിഷ്പ്രഭമാക്കാൻ കരുത്തുള്ള വിനാശകാരിയായ ദുരന്തസാധ്യത എന്നാണ് ലാൻസെറ്റ് ജേർണൽ ഈയിടെ നടത്തിയ അന്താരാഷ്ട്രപഠനത്തിൽ കാലാവസ്ഥാമാറ്റത്തെ വിലയിരുത്തിയത് .
2030 നും 2050 നും ഇടയിൽ, കാലാവസ്ഥാ വ്യതിയാനം പ്രതിവർഷം രണ്ടര ലക്ഷത്തിലധികം അധിക മരണങ്ങൾക്ക് കാരണമാകുമെന്ന് ലോകാരോഗ്യ സംഘടന കണക്കാക്കുന്നത് . പോഷകാഹാരക്കുറവ്, മലേറിയ, വയറിളക്കരോഗങ്ങൾ, ഉയർന്ന താപമുണ്ടാക്കുന്ന അസ്വാസ്ഥ്യം എന്നിവയാണ് അതിൽ പ്രധാന കാരണങ്ങളാവുക എന്ന് കരുതപ്പെടുന്നു .
*കടുത്ത ചൂട്*
ഉയർന്ന അന്തരീക്ഷ താപനില ഹൃദയ, ശ്വാസകോശ സംബന്ധമായ അസുഖങ്ങൾ, പ്രത്യേകിച്ച് പ്രായമായവരിൽ മരണങ്ങൾക്ക് തന്നെ നേരിട്ട് കാരണമാകുന്നു. ഉദാഹരണത്തിന് യൂറോപ്പിലെ 2003 വേനൽക്കാലത്തെ ഉഷ്ണ തരംഗത്തിൽ 70,000 ലധികം മരണങ്ങൾ രേഖപ്പെടുത്തി. കൂടാതെ ഉയർന്ന താപനില വായുവിലെ ഓസോണിന്റെയും മറ്റ് മലിനീകരണകാരികളുടെയും അളവ് ഉയർത്തുന്നു, ഇത് ഹൃദയ/ ശ്വാസകോശ സംബന്ധമായ രോഗങ്ങളെ വർദ്ധിപ്പിക്കുന്നു. പരാഗങ്ങളുടെയും അലർജനുകളുടെയും അളവും കടുത്ത ചൂടിൽ കൂടുതലാണ്. ആസ്ത്മ പോലുള്ള രോഗങ്ങൾക്ക് ഇവ കാരണമാകും. 300 ദശലക്ഷം ആളുകളെ ഇത് നേരിട്ട് ബാധിക്കുമെന്ന് കണക്കാക്കപ്പെടുന്നു. അത്യുഷ്ണം മൂലം, തൊഴിൽ ചെയ്യാനുള്ള സാഹചര്യം നഷ്ടപ്പെടുന്നത് വരുമാനനഷ്ടത്തിന് ഇടവരുത്തുന്നു. ചൂടും ഈർപ്പവും വർദ്ധിക്കാൻ സാധ്യതയുള്ള പുറംജോലിയെ കൂടുതൽ ആശ്രയിക്കുന്ന ദരിദ്രരുള്ള ഏഷ്യയെ ഇത് കൂടുതൽ ബാധിക്കാനാണ് സാധ്യത. മക്കിൻസി ഗ്ലോബൽ ഇൻസ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ച റിപ്പോർട്ടിൽ പറയുന്നു. 2050 ഓടെ, ആ അധ്വാനത്തിന്റെ നഷ്ടം ജിഡിപിയിൽ പ്രതിവർഷം 4.7 ട്രില്യൺ ഡോളർ വരെയാകാമെന്ന് പ്രവചിക്കുന്നു.
*സാംക്രമിക രോഗങ്ങൾ*
കാലാവസ്ഥാ സാഹചര്യങ്ങൾ ജലജന്യരോഗങ്ങളെയും കൊതുകു പോലുള്ള പ്രാണികളിലൂടെ പകരുന്ന രോഗങ്ങളെയും ശക്തമായി ബാധിക്കുന്നു.
കൊതുക് പോലുള്ള വെക്റ്ററുകൾ പരത്തുന്ന പ്രധാന രോഗങ്ങളുടെ സംക്രമണ കാലം വർദ്ധിപ്പിക്കാനും അവയുടെ ഭൂമിശാസ്ത്രപരമായ പരിധികൾ മാറാനും ഇത് വഴിതെളിക്കുന്നു. ഉദാഹരണത്തിന് കാലാവസ്ഥ മലേറിയയെ ശക്തമായി സ്വാധീനിക്കുന്നു. വ്യാപകമായി കാട് വെട്ടി തെളിക്കുന്നതും തീയിടുന്നതും ഇതിനു സഹായിക്കുന്നുണ്ട് .
അനോഫെലിസ് കൊതുകുകൾ വഴി പകരുന്ന മലേറിയ ഓരോ വർഷവും നാലുലക്ഷത്തിലധികം മനുഷ്യരുടെ ജീവനെടുക്കുന്നു. പ്രധാനമായും 5 വയസ്സിന് താഴെയുള്ള ആഫ്രിക്കൻ കുട്ടികളാണിതിൽ പെടുന്നത് എന്നത് ദുഃഖകരമാണ്.
നമുക്ക് സുപരിചിതമായ ഡെങ്കിപ്പനിയിലെ വെക്റ്ററായ എഡീസ് കൊതുകിനെയും കാലാവസ്ഥ വ്യതിയാനം രോഗവ്യാപനത്തിന് സഹായിക്കുന്നുണ്ട് . കഴിഞ്ഞ മുപ്പത് വർഷം കൊണ്ട് ഡെങ്കിപ്പനി രോഗികൾ അമ്പതിരട്ടിയായെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ഇതിൽ മിക്കവയും ഏഷ്യാ- പെസിഫിക്ക് മേഖലയിലാണ്. എന്നാൽ പല രോഗങ്ങളും ഇന്ന് സാധാരണ കണ്ടു വരുന്ന ഭൂപരിധികൾക്കപ്പുറത്തേക്ക് പകരുന്നു.
ചെള്ളുകൾ (tick)പടർത്തുന്ന രോഗങ്ങൾ , ഒച്ചുകളെ പോലെ തണുത്ത രക്തമുള്ള ജീവികൾ പടർത്തുന്ന രോഗങ്ങൾ എന്നിവയും വർദ്ധിക്കാനിടയുണ്ട് .
ആഗോളതാപനത്തോടൊപ്പം ആവാസവ്യവസ്ഥകൾ കയ്യേറിയുള്ള കൃഷി , കാട് വെട്ടി വെളുപ്പിക്കൽ , അശാസ്ത്രീയമായ നഗരവൽകരണം തുടങ്ങിയ ഘടകങ്ങൾ വവ്വാലുകൾ പോലുള്ള ജീവികളിൽ ഒതുങ്ങിയിരുന്ന പല വൈറസുകളുടെയും മനുഷ്യനിലേക്കുള്ള വ്യാപനത്തിന് കാരണമാകുന്നു എന്ന് പഠനങ്ങൾ തെളിയിക്കുന്നു.
*ജലജന്യ രോഗങ്ങൾ*
വരൾച്ച മൂലം ജലലഭ്യത കുറയുന്നതാണ് ഇതിലെ മുഖ്യ ഘടകം. പല സ്രോതസുകളിൽ നിന്നുള്ള മലനീകരണം ഗുരുതരമായ മറ്റൊരു ആരോഗ്യ പ്രശ്‌നമാണ്. സുരക്ഷിതമായ വെള്ളത്തിന്റെ അഭാവം ഗുരുതരമായ സാമൂഹിക പ്രശ്നമാകുന്നതോടെ ശുചിത്വത്തിൽ വീഴ്ച വരാനും വയറിളക്കരോഗ സാധ്യത ഇപ്പോഴുള്ളതിനേക്കാളും വർധിക്കുവാൻ ഇട വരും. പ്രത്യേകിച്ച് അഞ്ചു വയസ്സിൽ താഴെയുള്ള കുട്ടികളിൽ ഇത് മരണത്തിനു വരെ കാരണമാകാം.
ഗഹനമായ പഠനങ്ങൾക്ക് വിധേയമായ എൽനിനോ പ്രതിഭാസത്തിൽ, ശരാശരി അഞ്ച് ഡിഗ്രി സെൽഷ്യസ് താപനിലവർദ്ധനവ് പെറുവിലെ കുട്ടികളിൽ വയറിളക്കത്തിന്റെ 200 ശതമാനം വർദ്ധനവിന് കാരണമായി. താപനില ഒരു ഡിഗ്രി സെൽഷ്യസ് വർദ്ധിക്കുന്നത് വയറിളക്കരോഗങ്ങളുടെ എണ്ണം എട്ട് ശതമാനം വർദ്ധിപ്പിക്കാൻ കാരണമാകുമെന്നു കണക്കുകൾ സൂചിപ്പിക്കുന്നു .
*അത്യുഷ്ണങ്ങൾ, അതിവർഷങ്ങൾ
അഭയാത്ഥികളുടെ ആർത്തമാം പ്രവാഹങ്ങൾ …. *
ആഗോളതലത്തിൽ, കാലാവസ്ഥയുമായി ബന്ധപ്പെട്ട പ്രകൃതി ദുരന്തങ്ങളുടെ എണ്ണം അറുപതുകൾ (1960 s)ൾക്ക് ശേഷം മൂന്നിരട്ടിയായി വർദ്ധിച്ചു. എല്ലാ വർഷവും, ഈ ദുരന്തങ്ങൾ അര ലക്ഷത്തിലധികം മരണങ്ങൾക്ക് കാരണമാകുന്നു, പ്രധാനമായും വികസ്വര രാജ്യങ്ങളിലാണിത് ഉണ്ടാകുന്നത്.
പ്രാദേശിക, ആഗോള തലത്തിൽ ആവൃത്തിയിലും തീവ്രതയിലും വെള്ളപ്പൊക്ക കെടുതികൾ വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. വർദ്ധിച്ചുവരുന്ന താപനിലയും മഴയുടെ ലഭ്യതയിൽ ഉണ്ടാകുന്ന തീവ്ര വ്യതിയാനങ്ങളും പ്രധാന ഭക്ഷണവിളകളുടെ ഉത്പാദനം കുറയ്ക്കാൻ സാധ്യതയുണ്ട്. ഇത് പോഷകാഹാരക്കുറവിന്റെയും വ്യാപനം വർദ്ധിപ്പിക്കും.
ദരിദ്രരാജ്യങ്ങളെയാണ് ഇത് കൂടുതൽ ബാധിക്കുക. മഴയുടെ ലഭ്യതയിലെ പ്രവചനാതീതമായ രീതികൾ മുകളിൽ സൂചിപ്പിച്ചത് പോലെ ശുദ്ധജല വിതരണത്തെ ബാധിക്കും. വെള്ളപൊക്കങ്ങൾ മുങ്ങിമരണത്തിനും ശാരീരിക പരിക്കുകൾക്കും കാരണമാകുന്നതിന് പുറമെ വീടുകൾക്ക് കേടുപാടുകൾ വരുത്തുകയും പുറമെ മെഡിക്കൽ, ആരോഗ്യ സേവനങ്ങളുടെ വിതരണം തടസ്സപ്പെടുത്തുകയും ചെയ്യുന്നു. മറ്റു പലയിടങ്ങളിൽ ജലക്ഷാമം വരൾച്ചയ്ക്കും ക്ഷാമത്തിനും കാരണമാകുന്നു.
സമുദ്രനിരപ്പ് ഉയരുന്നതു ജനങ്ങളെ മാറി താമസിക്കാൻ നിർബന്ധിതരാക്കിയേക്കാം. ലോക ജനസംഖ്യയുടെ പകുതിയിലധികം പേരും ജീവിക്കുന്നത് കടലിന്റെ 60 കിലോമീറ്ററിനുള്ളിലാണ്. സ്ഥിതിവിവരകണക്കുകൾ കൊണ്ട് വിശദീകരിക്കാവുന്നതിനപ്പുറമുള്ള മാനസിക, സാമൂഹിക, സാമ്പത്തിക വെല്ലുവിളികൾ ഇതിലുണ്ട്.
“എന്നും രാവിലെ എണീക്കുമ്പോൾ നിങ്ങൾ വീടെന്ന് കരുതുന്ന ഇടം മെല്ലെ മുങ്ങുകയാണ് എന്ന് മനസിലാക്കേണ്ടി വരുന്ന അവസ്ഥ ഭയാനകമാണ്” എന്ന് ഒരു പത്രത്തിൽ നമ്മുടെ തന്നെ നാട്ടിലെ മൺറോ തുരുത്തിനെ കുറിച്ചുള്ള ലേഖനത്തിൽ അന്നാട്ടുകാരിലൊരാൾ എഴുതിയതോർക്കുന്നു.
മറ്റു പല പരിസ്ഥിതി പ്രശ്നങ്ങളും പോലെ ഘടകങ്ങൾ മൺറോ തുരുത്തിന്റെ ദുരവസ്ഥയ്ക്ക് പുറകിലുണ്ടെന്ന് കരുതപ്പെടുന്നു .തെന്മല അണക്കെട്ട് വന്നതോടെയാണ് തുരുത്തിന് ശനിദശയാരംഭിച്ചത് എന്ന് ആണ് തദ്ദേശവാസികൾ പൊതുവെ കരുതുന്നത്. അതോടെ ശുദ്ധജലപ്രവാഹം നിലച്ചു .മണ്ണ് ഫലഭൂയിഷ്ഠമല്ലാതാമായി തുടങ്ങി.
സുനാമിയുടെ ദുരിതത്തോടെ തുരുത്ത് മുങ്ങുന്നത് ത്വരിതപ്പെട്ടു. കാലാവസ്ഥ വ്യതിയാനവും ആഗോള താപനവും സ്ഥിതി വഷളാക്കി. ദശകങ്ങൾ കൊണ്ട് മാത്രം വീടുകൾക്ക് സംഭവിക്കുന്ന കേടുപാടുകൾ വർഷങ്ങൾ കൊണ്ട് സംഭവിക്കുവാൻ തുടങ്ങി. തുരുത്തിലെ ചില ദ്വീപുകൾ പൂർണമായും വെള്ളത്തിലായി. വേലിയേറ്റ സമയത്ത് വെള്ളം ഇരച്ചു കയറി. ശുദ്ധജല ലഭ്യത കുറഞ്ഞു. പ്രാഥമിക ചികിൽസയടക്കമുള്ള അടിസ്ഥാന സൗകര്യങ്ങൾ ദുഷ്ക്കരമായി. കൂടുതൽ കൂടുതൽ ആളുകൾ അവിടെ നിന്ന് ജീവിതം പറച്ചു നടാൻ നിർബന്ധിതരായി. ഇത്തരം സാമൂഹികമായ ദുരന്തങ്ങളുടെ ആഘാതം പ്രവചിക്കുവാനോ അളക്കുവാനോ കഴിയില്ല. പ്രത്യക്ഷമായി ആരോഗ്യരക്ഷയുമായി ബന്ധമില്ലെന്ന് കരുതാമെങ്കിലും മനുഷ്യന്റെ ജീവിതത്തെ ബാധിക്കുന്ന ഇത്തരം ഘടകങ്ങൾ കൂടി പരാമർശിച്ചില്ലെങ്കിൽ ഈ ചർച്ച അർത്ഥരഹിതമാകും.
കാലാവസ്ഥാ വ്യതിയാനവും പരിസ്ഥിതി വെല്ലുവിളികളും മനുഷ്യരെ തുരത്തിയത് ഈ തുരുത്തിൽ നിന്നു മാത്രമല്ല . കാലാവസ്ഥാ അഭയാർത്ഥികൾ ലോകത്തിന്റെ പലയിടത്തും പലായനം ആരംഭിച്ചിരിക്കുന്നു. അവരുടെ എണ്ണം ഇനിയും വർദ്ധിക്കാനാണ് സാധ്യത. 2018 ൽ ഐക്യരാഷ്ട്രസംഘടന കാലാവസ്ഥ വ്യതിയാനം അഭയാർത്ഥി പ്രവാഹത്തിനിടയാക്കാവുന്ന പ്രധാന ഘടകങ്ങളുടെ പട്ടികയിൽ പെടുത്തി കഴിഞ്ഞു.
ചുരുക്കി പറഞ്ഞാൽ കാലാവസ്ഥാ വ്യതിയാനം ആരോഗ്യ സ്വാസ്ഥ്യം ഉറപ്പു വരുത്താൻ വേണ്ട സാമൂഹികവും പാരിസ്ഥിതികവുമായ നിർണ്ണയ ഘടകങ്ങളെ – ശുദ്ധവായു, സുരക്ഷിതമായ കുടിവെള്ളം, മതിയായ ഭക്ഷണം, സുരക്ഷിതമായ പാർപ്പിടം എന്നിവയെ ബാധിക്കുന്നു. സാംക്രമിക രോഗങ്ങളുടെ വ്യാപനത്തിന് വഴിവെക്കുന്നു.
എല്ലാ മനുഷ്യരെയും എല്ലാ രാജ്യങ്ങളെയും ഇത് ഒരു പോലെയല്ല ബാധിക്കുക. കുട്ടികളെയും, വൃദ്ധരെയും, സാമ്പത്തികവും സാമൂഹികവുമായി പിന്നോക്കം നിൽക്കുന്നവരെയാണ് ഇത് കൂടുതൽ ബാധിക്കുക. ഭക്ഷ്യ സുരക്ഷയിലും ആരോഗ്യരംഗത്തെ അടിസ്ഥാന സൗകര്യങ്ങളിലും മുന്നേറിയ വികസിത രാജ്യങ്ങളേക്കാൾ വികസ്വര രാജ്യങ്ങളിലെ ജനങ്ങളാണ് കൂടുതൽ ദുരിതം അനുഭവിക്കേണ്ടി വരുക.