· 5 മിനിറ്റ് വായന

കുട്ടികളുടെ വളർച്ച

DieteticsParentingPediatricsആരോഗ്യ പരിപാലനംശിശുപരിപാലനം

കുട്ടികൾ എത്രത്തോളം വളരും? ഇത്രയൊക്കെ വളർന്നാൽ മതിയോ? വളർന്നാൽ തന്നെ “Taller” “Stronger” “Sharper” ആക്കാൻ എന്തെങ്കിലും കുറുക്കുവഴി ഉണ്ടോ എന്നൊക്കെ ആലോചിച്ച് വിഷമിക്കുന്ന അമ്മമാരേ അച്ഛന്മാരേ അമ്മൂമ്മമാരേ അയല്വക്കത്തെ ചേച്ചിമാരേ ഇതിലേ ഇതിലേ ഇതിലേ….

Dr Nelson Joseph കുട്ടികളുടെ വളർച്ചയെപ്പറ്റി എഴുതുന്നു.

തലയിൽ വച്ചാൽ പേനരിക്കും , താഴെ വച്ചാൽ ഉറുമ്പരിക്കും, തോളിലിരുത്തിയാൽ ചെവികടിക്കും എന്ന് കരുതി കൈ വളരുന്നുണ്ടോ , കാൽ വളരുന്നുണ്ടോ എന്ന് നോക്കാനുള്ള എളുപ്പത്തിന് തോളിലിരുത്തി കുഞ്ഞുങ്ങളെ വളർത്തിയിട്ട് ” അവനു വിശപ്പേ ഇല്ല . വല്ല ടോണിക്കും ഉണ്ടോ? ” ” അവൾക്ക് നന്നാകാനുള്ള മരുന്ന് എന്തെങ്കിലും? ” എന്ന് ചോദിക്കാത്ത അപ്പനമ്മമാരും ” ഹോ അവൻ വല്ലാണ്ട് ക്ഷീണിച്ചുപോയി…നീ അവനു തിന്നാൻ ഒന്നും കൊടുക്കുന്നില്യോടീ ” എന്ന് ചോദിക്കാത്ത അപ്പൂപ്പനമ്മൂമ്മമാരും ചുരുക്കമായിരിക്കും. അപ്പനും അമ്മയ്ക്കും കെട്ടിച്ച് വിട്ടാലും മക്കൾ എന്നും പിള്ളേരായി ഇരിക്കുന്നതുകൊണ്ട് ” വളരുന്നുണ്ടോ? ” ” വണ്ണം ഇത് മതിയോ? ” ” പൊക്കം ഇനീം വെക്കുമോ? ” എന്നുവേണ്ട നൂറുനൂറായിരം സംശയങ്ങളായിരിക്കും. ദാണ്ടെ ഈ ആഴ്ചകൂടെ ഒരു “കുഞ്ഞിന്റെ അമ്മയുടെ ” സംശയം തീർത്തതേ ഉള്ളൂ.. (ഡോക്ടറേ,” അവന് ഏത്തപ്പഴം കഴിക്കാമോ” എന്നായിരുന്നു ഡൗട്ട്.എന്തിനാണെന്ന് ചോദിച്ചപ്പൊ “കുഞ്ഞിന്റെ” കല്യാണമാണ് അടുത്താഴ്ച .അപ്പൊ അതിനു മുൻപ് പെട്ടെന്ന് വണ്ണം വെപ്പിക്കണം. അയിനാണ്..ഒരുപാട് വണ്ണം വെച്ചാൽ ചെക്കൻ വയറുകുറയ്ക്കാൻ ഒരുപാട് ഓടേണ്ടിവരുമെന്നും ഗുണ്ടുമുളകായിരിക്കുന്നതല്ല ആരോഗ്യമെന്നും പറഞ്ഞ് മനസിലാക്കിക്കാൻ കുറച്ച് ബുദ്ധിമുട്ടി).

തുടങ്ങുമ്പൊ അങ്ങ് തുടക്കം മുതലേ തുടങ്ങണം. എവിടെ? ” അമ്മേ, ഞാൻ എവിടുന്നാ വന്നത്? ” എന്ന് വീട്ടിലുള്ള കാന്താരി ചോദിക്കുമ്പൊ “കാക്ക കൊണ്ടുവന്നതാണെന്നും” “ചന്തയിൽ നിന്ന് വാങ്ങിച്ചതാണെന്നും” തൊട്ട്, “പോടാ, മൊട്ടേന്ന് വിരിയുന്നതിനു മുന്നേ അവന്റെ ചോദ്യം കേട്ടില്ലേ?” എന്ന് വരെ ഉത്തരം കൊടുത്ത് സ്കൂട്ടാകുന്ന അവിടെനിന്ന്. അമ്മയുടെ കയ്യിൽ നിന്ന് പകുതി ക്രോമസോമും അച്ഛന്റെ കയ്യിൽ നിന്ന് ബാക്കി പകുതിയുമായി ഒരൊറ്റ കോശത്തിൽ നിന്ന് ജീവിതം തുടങ്ങിയവരാണു നമ്മളെല്ലാവരും. ആ ഒറ്റയാൻ വളർന്ന് വളർന്ന് 10^14 (10 കഴിഞ്ഞ് 14 പൂജ്യമിട്ടാൽ മതി) കോശമുള്ള ഘടാ ഘടിയന്മാരും ഘടിയത്തികളുമാകുന്നത് “ആഹാരം” എന്ന ഒരൊറ്റ സംഗതിയെ ആശ്രയിച്ചാണെന്ന് കരുതുന്നതാണ് നമ്മുടെയൊക്കെ തെറ്റ്.

ഒരു കുഞ്ഞിന്റെ വളർച്ചയെ സ്വാധീനിക്കുന്ന പല ഘടകങ്ങളുണ്ട്. ” അതിൽ ഒന്ന് മാത്രമാണ് ആഹാരം.”

ജനിതക ഘടകങ്ങൾ, ലിംഗ വർണഭേദങ്ങൾ, പാരിസ്ഥിതികമായ ഘടകങ്ങൾ,ഗർഭാവസ്ഥയിലെയും പ്രസവത്തിലെയും ഘടകങ്ങൾ, കുഞ്ഞിന് ഉണ്ടാകാവുന്ന രോഗങ്ങൾ തുടങ്ങി അമ്മയും കുഞ്ഞും തമ്മിലെ ബന്ധവും കുടുംബത്തിലെ അന്തരീക്ഷവും വരെ വളർച്ചയെ സ്വാധീനിക്കുന്ന ചെറുതും വലുതുമായ ഘടകങ്ങളാണ്.വളർച്ചയും വികാസവും (Growth and Development) ഒരുപോലെ പ്രധാനമാണ്.എല്ലാ അവയവങ്ങളും ഒരേപോലെയല്ല വളരുന്നത്.ഉദാഹരണത്തിന് തലച്ചോറിന്റെ വളർച്ച നേരത്തെ തുടങ്ങുന്നു, പക്ഷേ ലൈംഗികാവയവങ്ങൾ ഇല്ലത്തുനിന്ന് ഇറങ്ങാൻ തുടങ്ങുന്നത് കുറച്ചുകാലം കഴിഞ്ഞാകും..

” കോടക്കാറ്റൂഞ്ഞാലാടും കായൽത്തീരം, അവിടെ കാറ്റുകൊള്ളും തള്ളഞണ്ടും പിള്ളഞണ്ടും…” (ഞാനൊക്കെ കുഞ്ഞായിരുന്നപ്പൊ കേട്ട പാട്ടാ. ദേ ഇവിടുണ്ട് 🙂https://youtu.be/3AoA2yThLUw ) അമ്മയെ നോക്കി പിന്നോട്ട് നടന്ന് പഠിച്ച ഒരു ഞണ്ടിൻ കുഞ്ഞിന്റെ കഥയാണ്. നടപ്പിനെ കുറ്റം പറഞ്ഞ അമ്മയോട് ” ഞാൻ അമ്മയെ നോക്കി നടക്കാൻ പഠിച്ചതാ, തെറ്റാണെങ്കിൽ അമ്മ മുന്നോട്ട് ഒന്ന് നടന്ന് വരൂ എന്ന് പറഞ്ഞ കുഞ്ഞ് ഞണ്ട് ” ഇതുപോലെയാണ് കുഞ്ഞുങ്ങൾ വളരുന്നതിന്റെ കാര്യവും. അമ്മ ഞണ്ടും അച്ഛൻ ഞണ്ടും ജനിതകമായി നൽകുന്നതേ കുഞ്ഞിനുണ്ടാകൂ. അത് എത്ര എനർജി ഡ്രിങ്കുകളും പൊടികളും കലക്കിക്കൊടുത്താലും കൂടണമെന്നില്ല..

കുഞ്ഞുങ്ങളുടെ വളർച്ചയെ വിലയിരുത്താൻ പല മാർഗങ്ങളുണ്ട്. അവ

(1) നീളം/പൊക്കം , തൂക്കം, തലയുടെ ചുറ്റളവ്,നെഞ്ചളവ്,കയ്യുടെ ചുറ്റളവ് എന്നീ ശാരീരിക അളവുകളും

(2) വളർച്ചാ സൂചകങ്ങളായ (Developmental Milestones) ചില പ്രത്യേകതകളുമാണ് (കേട്ട് പേടിക്കണ്ടാ. കുഞ്ഞ് ചിരിക്കുന്നതിനും അമ്മയെ വിളിക്കുന്നതിനും നിൽക്കാനും നടക്കാനും തുടങ്ങുന്നതിനുമൊക്കെ അതിന്റേതായ സമയമുണ്ട് ദാസാ..അതിനെ ശാസ്ത്രീയമായിട്ട് പറഞ്ഞെന്നേയുള്ളൂ.)

ആദ്യം ശരീരമാകട്ടെ അല്ലേ? വളർച്ചാ സൂചകങ്ങൾ പിന്നീടൊരിക്കലാകാം. കുഞ്ഞരിപ്പല്ല് വരുന്നതിനു തൊട്ട് പാൽപ്പല്ലുകൾ പൊഴിഞ്ഞ് സ്ഥിരമായ ദന്തങ്ങൾ വരുന്നതിനും എല്ലുകളുടെ വളർച്ചയ്ക്കും ഒക്കെ സമയക്രമങ്ങളുണ്ട്. തൽക്കാലം അതൊക്കെ ഡോക്ടർക്ക് വിട്ട് നിങ്ങൾ ആകാംക്ഷയോടെ കാത്തിരുന്ന ആ അസുലഭമുഹൂർത്തത്തിലേക്ക് ഇതാ എത്തിച്ചേരുകയാണ്. എല്ലാവരും ഓരോ പേനയും പേപ്പറും എടുത്തോളൂ. അല്ലെങ്കിൽ തൊട്ട് കൂട്ടുന്ന (ടച്ചിങ്ങ്സല്ല) ആ കാൽക്കു ആയാലും മതി.

തൂക്കം. “കൊച്ചിനു വെയ്റ്റ് പോരാ” എന്ന് സർട്ടിഫിക്കറ്റ് കൊടുക്കുന്നതിനു മുൻപ് അറിഞ്ഞിരിക്കേണ്ട ഇച്ചിരെ കണക്കുകളുണ്ട്. ജനിക്കുമ്പൊ ഉള്ള തൂക്കം (ആദ്യത്തെ ആദ്യത്തെ ആഴ്ചയിൽ ഇച്ചിരെ കുറഞ്ഞിട്ട്) അഞ്ച് മാസം കൊണ്ട് ഏകദേശം ഇരട്ടിയാകും.ഒരു വയസ് കൊണ്ട് മൂന്നിരട്ടിയും. അത് കഴിഞ്ഞ് അവനും അവളും ബിസി ബോഡി ആകുന്നതുകൊണ്ട് (വിചാരിക്കുന്നത് പോലല്ല. പിടിപ്പത് പണിയാ. ആറു മാസം വരെ അമ്മിഞ്ഞ നുണയലും നാപ്പി വൃത്തികേടാക്കലും ഉറക്കവുമല്ലാതെ വേറെ ജോലിയൊന്നും ഇല്ലാഞ്ഞ ആള് നിന്ന് , പിച്ചവച്ച്, നടന്ന് …ഹോ) നാലു മടങ്ങാകാൻ രണ്ട് വയസ് തികച്ച് എടുക്കും. പൊതുവെ പറഞ്ഞതാ ട്ടോ. ജനിക്കുമ്പൊ തൂക്കം കുറവുള്ള ചില കുഞ്ഞുവാവകൾ ഈ നിയമമൊക്കെ വായിച്ച് അനുസരിക്കാൻ നിന്നാൽ ഒരു വയസാകുമ്പൊ തൂക്കം വല്ലാണ്ട് കുറഞ്ഞുപോകും. അതുകൊണ്ട് ഒരല്പം ശ്രദ്ധ കൂടുതൽ കൊടുത്താൽ അവർ ഓടിപ്പിടിച്ചുകൊള്ളും (റെഡി വൺ ടു ത്രീ…ചേയ്സ്….). അതുപോലെ ജനിച്ചപ്പൊ ഛോട്ടാ ഭീം ആയിരുന്നവർ ഇരട്ടി ആയില്ലല്ലോ എന്ന് കരുതി സങ്കടപ്പെടുകയും വേണ്ട.

കുഞ്ഞിന് വേണ്ടത്ര തൂക്കമുണ്ടോ എന്നറിയാൻ ഒരു സൂത്രവാക്യമുണ്ട് (കണക്കാണോ? അടിപൊളി, ബാ പൂവാം എന്ന് പറയാൻ വരട്ടെ..അനിയാ നിൽ…..ഡോക്ടർമാരു കണക്കിനു മോശമാ..ഞങ്ങ ചെയ്യുമെങ്കിൽ നിങ്ങക്കും ചെയ്യാം)

1 മുതൽ 6 വയസ് വരെയുള്ള കുഞ്ഞുങ്ങളുടെ തൂക്കം = (പ്രായം x 2 ) + 8,

7 മുതൽ 12 വയസ് വരെ = [( പ്രായം x 7 ) – 5] / 2

12 വയസ് കഴിഞ്ഞ് ബോഡി മാസ് ഇൻഡക്സ് എന്ന സൂചകം അനുസരിച്ച് മുതിർന്നവരുടേത് പോലെ കണക്കാക്കാം.

ഉദാഹരണത്തിന് ഇപ്പൊ നാലു വയസാണെങ്കിൽ 4×2+8=16 കിലോ ,

9 വയസാണെങ്കിൽ 9×7=63; 63-5=58 ; 58/2 = 29 കിലോഗ്രാം. അങ്ങനെ.

പൊക്കവും ഇതുപോലെ നോക്കാം. അതിനുള്ള സൂത്രം ( പ്രായം x 6 + 77 ) = ഉയരം സെന്റിമീറ്ററിൽ എന്നാണ്.

പക്ഷേ ഒരു ചെറിയ പ്രശ്നമുണ്ട്. നേരത്തെ പറഞ്ഞ ഞണ്ടിനെ ഓർക്കുന്നില്ലേ? അമ്മയ്ക്കും അച്ഛനും ഉയരം കുറവോ കൂടുതലോ ആയാൽ കുഞ്ഞ് അതനുസരിച്ചേ വളരൂ. അത് ഒരിക്കലും രോഗലക്ഷണമല്ല. ജനിതകഘടനയുടെ പ്രത്യേകത മാത്രം…. എല്ലാ കുഞ്ഞുങ്ങളും ഒരുപോലെ വളരണമെന്ന് നിയമം കൊണ്ടുവരാൻ സാധിക്കില്ലല്ലോ. അപ്പൊ അങ്ങനെ എല്ലാവരെയും (ഏകദേശം….) അളക്കാൻ പറ്റുന്ന ഒരു സ്കെയിൽ ഉണ്ടോ ഡോക്ടറേ എന്ന് ചോദിച്ചാൽ, ഉണ്ടല്ലോ എന്നാണുത്തരം.

അതിനാണു ഗ്രോത്ത് ചാർട്ടുകൾ.ഗ്രോത്ത് ചാർട്ടെന്ന് പറഞ്ഞാൽ കുഞ്ഞിന്റെ തൂക്കവും ഉയരവുമെല്ലാം ഗ്രാഫ് പേപ്പറിൽ രേഖപ്പെടുത്തി വയ്ക്കുന്ന സൂത്രം. ഗ്രോത്ത് ചാർട്ടുകൾ കമന്റ് സെക്ഷനിൽ കൊടുക്കുന്നുണ്ടേ.എല്ലാം പറഞ്ഞ് കൺഫ്യൂഷനാക്കുന്നില്ല. ഉദാഹരണം ഒരു Growth Chart വച്ച് വിശദീകരിക്കാം. ഏതാണ്ട് അതുപോലെ തന്നെയാണ് മറ്റുള്ളവയിലും. വ്യത്യാസങ്ങൾ അതാത് ചാർട്ടിനൊപ്പം നൽകുന്നു.നമ്മൾ നോക്കാൻ പോകുന്നത് ഒരു പെൺകുഞ്ഞിന്റെ വളർച്ചയുടെ ഗ്രാഫാണ്. ആ ചാർട്ടൊന്ന് നോക്ക്യേ, ഇടത് വശത്ത് തൂക്കം, താഴെ പ്രായം . നടുക്ക് മഴവില്ല് പോലെ പല നിറത്തിൽ വരകൾ കൊടുത്തിട്ട് വലത് വശത്ത് 3,15,50,85,97 എന്ന് എഴുതിയത് കണ്ടില്ലേ? അതിന് പെർസെന്റൈൽ എന്നാണ് പറയുക.3rd പെർസെന്റൈൽ എന്നാൽ നൂറിൽ 97 കുട്ടികളും അവളെക്കാൾ തൂക്കം ഉള്ളവളാണെന്ന് അർഥം. (അങ്ങനെ സിമ്പിളായിട്ട് പറഞ്ഞൂടേന്നോ? സോറി,എനിക്ക് പാടുള്ളതേ പറ്റൂ 😉 ) ഒട്ടുമിക്ക കുട്ടികളുടെയും തൂക്കം ഈ 3ന്റെയും 97ന്റെയും വരകളുടെ ഇടയിലായിരിക്കും.

ഇതൊരു ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി അല്ല.അതായത് പല തവണ അളവുകൾ രേഖപ്പെടുത്തേണ്ടിവരുമെന്ന്. തൂക്കം അളന്ന് പ്രായത്തിനു നേരെ വരുന്ന ലൈൻ കണ്ടെത്തി അടയാളപ്പെടുത്തിയാൽ മാത്രം മതി.അടുത്ത തവണ ഇതേ കൃത്യം ആവർത്തിക്കുക. അങ്ങനെ രണ്ട് മൂന്നു വട്ടമാകുമ്പോൾ പല കുത്തുകൾ കിട്ടും. യോജിപ്പിക്കുക. അങ്ങനെ രേഖപ്പെടുത്തുമ്പോൾ വളർച്ചയുടെ തോതും ദിശയും നമുക്ക് അറിയാൻ സാധിക്കും.വിവിധ ഗ്രോത്ത് ചാർട്ടുകൾ കമന്റിൽ. കുറിപ്പുകൾ അതോടൊപ്പമുണ്ട്.

താമരശ്ശേരി ചുരത്തിലെ റോഡ് റോളറ് പോലെ ഒന്ന് അങ്ങോട്ടോ ഒന്ന് ഇങ്ങോട്ടോ മാറിയാൽ തവിടുപൊടിയാകുന്ന എഞ്ചിനല്ല ഞമ്മടേത്. ഒരു ചാർട്ട് കിട്ടിയതല്ലേ, എങ്കിൽ എല്ലാ ദിവസവും നോക്കിക്കളയാമെന്ന് കരുതി എല്ലാ ദിവസവും കുഞ്ഞിനെ പിടിച്ച് നിർത്തി പൊക്കവും തൂക്കവും എടുക്കുകയും വേണ്ടാ…. ഒന്നര വയസ് വരെ ആ വാക്സിനൊക്കെ എടുക്കാൻ പോകുമ്പൊഴും അതിനു ശേഷം ഒന്നര തൊട്ട് എട്ട് വയസ് വരെ ആറുമാസത്തിലൊരിക്കലും പിന്നെ വർഷത്തിൽ ഒരിക്കലുമൊക്കെയേ വേണ്ടൂ. മറ്റ് അനാരോഗ്യങ്ങളൊന്നുമില്ലാതെ കളിച്ച് ചിരിച്ച് ഉല്ലസിച്ച് നടക്കുന്ന അവനെയും അവളെയും ” അടങ്ങി ഒരിടത്ത് ഇരി കൊച്ചേ ” എന്നും പറഞ്ഞ് പിടിച്ചിരുത്തി ആരെങ്കിലും പറഞ്ഞത് കേട്ട് ബലൂണിൽ കാറ്റ് നിറച്ചതുപോലെ ആക്കണോ?

ലേഖകർ

മികച്ച വർഗ്ഗങ്ങൾ

എല്ലാ വർഗ്ഗങ്ങളും
പൊതുജനാരോഗ്യം

284 ലേഖനങ്ങൾ

Current Affairs

240 ലേഖനങ്ങൾ

കോവിഡ്-19

236 ലേഖനങ്ങൾ

ആരോഗ്യ അവബോധം

115 ലേഖനങ്ങൾ

സുരക്ഷ

64 ലേഖനങ്ങൾ

ശിശുപരിപാലനം

59 ലേഖനങ്ങൾ

കിംവദന്തികൾ

53 ലേഖനങ്ങൾ

Infectious Diseases

52 ലേഖനങ്ങൾ

Medicine

45 ലേഖനങ്ങൾ