· 5 മിനിറ്റ് വായന
ഗൈനെക്കോമാസ്റ്റിയ അഥവാ ആണുങ്ങളിലെ സ്തന വളർച്ച
എനിക്ക് ഒരു പതിനാല് വയസ്സായപ്പോ നെഞ്ചത്ത് രണ്ടു വശത്തും ഒരു വേദന !
നോക്കിയപ്പോ ചെറുതായി രണ്ടു സ്തനങ്ങളും വളർന്നിരിക്കുന്നു!
ഇച്ചിരി പേടിച്ചു കേട്ടോ . എങ്കിലും ഇത് വളർച്ചയുടെ ഭാഗമാണ് എന്ന് മനസിലാക്കിയപ്പോൾ ആശ്വാസമായി . ഒന്ന് രണ്ടു വർഷങ്ങൾ കൊണ്ട് , അതങ്ങു പോവുകയും ചെയ്തു.
എങ്കിലും കൂട്ടുകാരുടെ കളിയാക്കലുകൾ ഒക്കെ ഉണ്ടായിരുന്നു . തമാശ അല്ലിത് . അത്യധികം മനപ്രയാസം ചിലരിൽ ഇത് ഉണ്ടാക്കാം.
ആണുങ്ങൾക്ക് സ്തനങ്ങൾ എന്തിന് ?
നമ്മുടെ ശരീര ഘടന അടിസ്ഥാനപരമായി മിക്ക സസ്തനികളുടേത് പോലെ തന്നെ പെൺ ശരീരത്തിന്റെ ആണ് . ഗർഭാവസ്ഥയിൽ , ഒരു ജനിതക ആണിന്റെ വൃഷണങ്ങൾ മുളക്കുന്നതോടെ ആണ് ഈ ശരീര ഘടന മാറി ആണ് ആവുന്നത് എന്ന് പറയാം . വൃഷണങ്ങളിൽ നിന്ന് വരുന്ന ടെസ്റ്റോസ്റ്റിറോൺ ആണ് പ്രധാനമായും കാരണം . അത് കൊണ്ട് തന്നെ ആണുങ്ങളിൽ ചെറു സ്തനങ്ങൾ ഉണ്ട് .
പെണ്ണുങ്ങളിൽ കൗമാര സമയത്ത് ഈസ്ട്രജൻ എന്ന ഹോർമോൺ മൂലം സ്തനങ്ങൾ വളരുന്നു . ആണുങ്ങളിൽ ഇത് സംഭവിക്കുന്നില്ല എന്ന് മാത്രം .
ആണുങ്ങളിലും പെണ്ണുങ്ങളിലും , ആൺ ഹോർമോണുകളും പെൺ ഹോർമോണുകളും ഉണ്ട്. ഇതിന്റെ തമ്മിലുള്ള അളവുകളുടെ ബാലൻസ് വ്യത്യാസപ്പെട്ടിരിക്കും എന്ന് മാത്രം . എങ്കിലും ചില പ്രത്യേക സാഹചര്യങ്ങളിൽ, ഈ ബാലൻസ് സ്വല്പം തെറ്റാം . അപ്പോൾ , സ്വല്പം സ്തന വളർച്ച ഉണ്ടാവാം .
ജനിച്ച ഉടനെ :
ജനിച്ച ഉടനെ വലിയ ഒരു ശതമാനം ആൺ കുട്ടികളിൽ സ്തനങ്ങൾ വലുതായി കാണാം . ചിലപ്പോൾ സ്തനങ്ങളിൽ നിന്ന് പാലും വന്നേക്കാം . അമ്മയുടെ ഈസ്ട്രജൻ മൂലം ആണിത് . ഏതാനും ആഴ്ചക്കുള്ളിൽ ഇത് നിശ്ശേഷം മാറും .
കൗമാര പ്രായക്കാലത്ത് :
പല ആൺകുട്ടികൾക്കും ഹോര്മോണൽ ഒഴുക്കിന്റെ കാലത്ത് ചില ഈസ്ട്രജൻ-ടെസ്റ്റോസ്റ്റിറോൺ അളവ് പിണക്കങ്ങളാൽ സ്‌തന വളർച്ച കണ്ടേക്കാം . ഞെക്കിയാലോ മുട്ടിയാലോ വേദനയും ഉണ്ടായേക്കാം . സാധാരണ ഗതിയിൽ , മാസങ്ങൾ കൊണ്ടോ , ഒന്നോ രണ്ടോ വർഷങ്ങൾ കൊണ്ടോ സംഭവം ചുങ്ങിക്കോളും . ഇത് വളർച്ചയുടെ ഒരു ഭാഗമായി കണ്ടാൽ മതി.
അൻപത് വയസ്സിന് ശേഷം :
വയസാവും തോറും ടെസ്റ്റോസ്റ്റിറോൺ കുറഞ്ഞു വരും . ഒരു അറുപത് , അറുപത്തഞ്ചു വയസ്സിനു ശേഷം , ലേശം സ്തനവളർച്ച സർവ സാധാരണം ആണെന്ന് പറയാം .
ചില മരുന്നുകൾ :
ചില മരുന്നുകൾ ആൺ സ്തന വളർച്ച ഉണ്ടാക്കിയേക്കാം . കാൻസറിന്റെ ചികിത്സ , പ്രത്യേകിച്ചും പ്രോസ്റ്റേറ്റ് കാൻസറിന്റേത് , ഇത് പോലുള്ള ഒന്നാണ് . ഡിജോക്സിൻ , സ്പൈറോണോലാക്ടോൺ , സിമെറ്റിഡിൻ , ചില ആന്റിഡിപ്രെസെന്റുകൾ , സൈക്കോട്രോപിക്കുകൾ അങ്ങനെ പല മരുന്നുകൾക്കും ഈ ഒരു പാർശ്വഫലം ഉണ്ടാക്കാനുള്ള സാദ്ധ്യത ഉണ്ട് . ഉണ്ടാക്കും എന്നല്ല , ഉണ്ടാക്കിയേക്കാം എന്നാണ് .
ബോഡി ബിൽഡിങ് ചെയ്യുമ്പോൾ , മസിലുകൾ വളരാൻ , നിയമ വിരുദ്ധമായി അനാബോളിക് സ്റ്റിറോയിഡുകൾ ഉപയോഗിക്കുന്നവർ ഉണ്ട്. ഗുരുതര പാർശ്വ ഫലങ്ങൾ ഇവ ഉണ്ടാക്കാം. ഗൈനെക്കോമാസ്റ്റിയ എന്ന ആൺ സ്തന വളർച്ചയും ഉണ്ടാക്കാം . മസിലിനു പകരം, ഉഗ്രൻ സ്തനങ്ങൾ വളർന്നു വന്നേക്കാം – ജാഗ്രതൈ!
ഇച്ചിരി സങ്കടകരമായ കാര്യം പറയട്ടെ- വെള്ളമടി ആ സംഭവം വരുത്തിയേക്കാം ! കഞ്ചാവും അതെ .
മറ്റസുഖങ്ങൾ:
ഹോര്മോണുകളുടെ വ്യതിയാനങ്ങൾ ഉണ്ടാക്കുന്ന അസുഖങ്ങൾ , ചില റ്റ്യുമറുകൾ , കരൾ , വൃക്ക രോഗങ്ങൾ, അങ്ങനെ ചില രോഗങ്ങൾ ഈ അവസ്ഥ ഉണ്ടാക്കിയേക്കാം.
അപ്പൊ – ആൺ സ്തന വളർച്ച പല കാരണങ്ങൾ കൊണ്ട് ഉണ്ടാവാം . രണ്ടു വശത്തും ഒരു പോലെ വളരാം. ചിലപ്പോ ഒരു വശത്തായിരിക്കും വളർച്ച കൂടുതൽ .
ഏറ്റവും പ്രധാനപ്പെട്ട കാര്യം :
ഇനി ഉള്ളതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം . ആൺ സ്തന വളർച്ചയെപ്പറ്റി ഏറ്റവും ആശങ്കയോടെ വരുന്നവർ മിക്കവരും കൗമാരം കഴിഞ്ഞ ചെറുപ്പക്കാർ ആണ് . ഇവരിൽ മഹാഭൂരിപക്ഷത്തിനും ഒരു അസുഖവുമില്ല . കൗമാരത്തിലും, വയസ്സായവരിലും സാധാരണ ആയി കാണാറുള്ളതിനേയും ഒരു അസുഖം ആയി കാണാനാവില്ല .
അതായത് , ആൺ സ്തന വളർച്ച മിക്കവരിലും ഒരു അസുഖമേയല്ല. അല്ലെങ്കിൽ തന്നെ എല്ലാ ആണുങ്ങൾക്കും ചെറിയ സ്തനങ്ങൾ ഉണ്ടല്ലോ . ചിലർക്ക് അലോസരം ഉണ്ടാക്കുന്ന വിധത്തിൽ അത് വലുതാണ് എന്ന് മാത്രം . കുറച്ചു പാരമ്പര്യവും കണ്ടേക്കാം . ഇങ്ങനെ ഉള്ളവരിൽ സ്തന ദശകൾ മാത്രമല്ല , ചുറ്റിനും കൊഴുപ്പ് അടിയുന്ന ശരീര പ്രകൃതിയും കാണാറുണ്ട് .
പറഞ്ഞു വന്നത് എന്താണെന്ന് വച്ചാൽ, ബഹുഭൂരിപക്ഷം ഇത്തരം കേസുകളും ശരീര ഘടനയുടെ സാദാ വ്യതിയാനമായി മാത്രം കണക്കാക്കാവുന്നതാണ് .
പക്ഷെ പലർക്കും ഇത് വലിയ മാനസിക വിഷമം ഉണ്ടാക്കുന്നതായി കാണുന്നു. കൂട്ടുകാരുടെ കളിയാക്കലുകൾ ഒരു വശത്ത്, തന്റെ ആണത്തത്തെ പറ്റി ഉള്ള ആശങ്കകൾ വേറൊരു വശത്ത് .
ഗുരുതരമായ ഒരു ശരീര സൗന്ദര്യ പ്രശ്നമാണ് മിക്കവർക്കും ഇത് .
എപ്പോഴാണ് അപ്പോൾ ഡോക്ടറെ കാണേണ്ടത് ?
വേറെ എന്തെങ്കിലും അസുഖം ഉണ്ടെങ്കിൽ
അതിവേഗത്തിലുള്ള വളർച്ച ഉണ്ടെങ്കിൽ
ഏതെങ്കിലും സ്തനത്തിന്റെ ഒരു ഭാഗം മാത്രം കല്ലിച്ച പോലെ ഉറച്ച ദശ വളരുന്നതായി തോന്നിയാൽ.
നിപ്പിളിൽ നിന്ന് ദ്രവം വല്ലതും വരുന്നുണ്ടെങ്കിൽ
നല്ല വേദന ഉണ്ടെങ്കിൽ
മറ്റു രോഗലക്ഷണങ്ങൾ ഉണ്ടെങ്കിൽ
ഏതെങ്കിലും മരുന്ന് സ്ഥിരമായി കഴിച്ചു തുടങ്ങിയതിന് ശേഷം ആണ് കാണുന്നതെങ്കിൽ. (വേറെ മരുന്ന് ആക്കിയാൽ ചിലപ്പോ ശരിയായേക്കാം .)
ഇങ്ങനത്തെ സംശയങ്ങൾ ഉണ്ടെങ്കിൽ ആദ്യം ഒരു ഫിസിഷ്യനെയോ എന്ടോക്രനോളജി ഡോക്റ്ററെയോ കാണുന്നതാണ് നല്ലത് .
പക്ഷെ ഇത് ഒരു ശരീര സൗന്ദര്യപ്രശ്നം മാത്രമായിട്ടാണ് തോന്നുന്നതെങ്കിൽ നേരിട്ട് ഒരു പ്ലാസ്റ്റിക് സർജനെ കാണുന്നതിൽ തെറ്റില്ല . എന്തെങ്കിലും സംശയങ്ങൾ ഉണ്ടെങ്കിൽ എൻഡോക്രൈനോളജി കൺസൾട്ടേഷനും, മറ്റു ടെസ്റ്റുകളും മറ്റും ചെയ്യാവുന്നതേ ഉള്ളു. ചില ജനറൽ സർജന്മാരും ഗൈനെക്കോമാസ്റ്റിയ ശസ്ത്രക്രിയ ചെയ്യാറുണ്ടെങ്കിലും , അടിസ്ഥാനപരമായി ഇത് ഒരു ശരീര സൗന്ദര്യ പ്രശ്നം ആയത് കൊണ്ടും , നല്ല റിസൾട്ട് കിട്ടാൻ , ലൈപ്പോസക്ഷൻ മിക്കവാറും വേണ്ടി വരും എന്നത് കൊണ്ടും, ഇതിനെ ഒരു പ്ലാസ്റ്റിക് സർജിക്കൽ പ്രശ്നമായി കാണുന്നതിൽ തെറ്റില്ല.
ചുറ്റും ഉള്ള കൊഴുപ്പ് ലൈപ്പോസക്ഷൻ ചെയ്തു എടുക്കുക ആണ് ആദ്യ പടി . തീരെ ചെറിയ ദ്വാരങ്ങളിലൂടെ ഇത് ചെയ്യാവുന്നതേ ഉള്ളു. മുഴുവൻ ദശയും അങ്ങനെ വന്നില്ലെങ്കിൽ നിപ്പിളിന്റെ ചുറ്റും ഉള്ള ബ്രൗൺ ഏരിയോളയും സാധാരണ തൊലിയും തമ്മിലുള്ള വരയിലൂടെ ചെറിയ മുറിവുണ്ടാക്കി ബാക്കിയുള്ളത് എടുക്കാം . ഷർട്ട് ഊരിയാലും മുറിവിന്റെ പാടുകൾ കാണാത്ത രീതിയിൽ തീരെ ചെറുതായിരിക്കും .
ഒരു ദിവസം ആശുപത്രി വാസമേ മിക്കവാറും പേർക്കും വേണ്ടി വരുള്ളൂ . ചെറിയ സ്തന വളർച്ചകൾ ആ ദിവസം തന്നെ വീട്ടിൽ വിടുന്ന സർജന്മാരും ഉണ്ട് .
ഏതൊരു ശസ്ത്രക്രിയയേയും പോലെ അപൂർവമായി സങ്കീർണതകൾ ഉണ്ടാവാം . പൊതുവെ വളരെ സുരക്ഷിത ശസ്ത്രക്രിയ ആണിത് . വിശദാംശങ്ങൾ ഡോക്ടറോട് തന്നെ ചോദിക്കുകയാവും ഉചിതം .