· 4 മിനിറ്റ് വായന

അടിമകളല്ല, ദൈവങ്ങളുമല്ല! മനുഷ്യരാണ്

Current Affairsകോവിഡ്-19പകര്‍ച്ചവ്യാധികള്‍പൊതുജനാരോഗ്യം

കോവിഡ് പോസിറ്റീവ് ആയവർക്ക് സപ്പോർട്ടും ചികിത്സയും നൽകാൻ വേണ്ടി ആരംഭിക്കുന്ന കോവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെൻറ് സെൻറുകളിൽ ഡ്യൂട്ടിക്ക്, കോവിഡ് രോഗബാധിതരായ (എന്നാൽ ഗുരുതരാവസ്ഥ ഇല്ലാത്ത, ലക്ഷണങ്ങൾ കുറവുള്ള) ഡോക്ടർമാർ അടക്കമുള്ള ആരോഗ്യപ്രവർത്തകരെ നിയോഗിക്കാൻ തീരുമാനിച്ചു എന്നൊരു അറിയിപ്പ് തൃശ്ശൂർ ജില്ലാ കളക്ടറുടെ ഫേസ്ബുക്ക് പേജിൽ വരികയും പിന്നീട് പിൻവലിക്കപ്പെടുകയും ചെയ്തു. ആരോഗ്യ പ്രവർത്തകരുടെ ക്ഷാമം പരിഹരിക്കാനാണെന്ന ന്യായത്തോടെ പുറത്തിറക്കിയ മേൽ അറിയിപ്പ് പിൻവലിക്കപ്പെട്ടെങ്കിലും ഇത്തരം തീരുമാനങ്ങൾ ഭാവിയിൽ ആവർത്തിക്കപ്പെടാതിരിക്കാൻ ഇതിലെ അപകടങ്ങൾ ചർച്ച ചെയ്യപ്പെടേണ്ടതുണ്ട്.

രോഗലക്ഷണങ്ങൾ ഇല്ലാത്ത നിരവധി ആരോഗ്യപ്രവർത്തകർ കോവിഡ് പോസിറ്റീവായി ക്വാറന്റൈനിൽ കഴിയുകയാണെന്നും അവരുടെ സേവനം ഉപയോഗപ്പെടുത്താൻ വേണ്ടിയാണ് ഈ തീരുമാനം എന്നുമാണ് പോസ്റ്റിൽ പറയുന്നത്. തെളിച്ചു പറഞ്ഞാൽ കോവിഡ് പോസിറ്റീവായ ആരോഗ്യപ്രവർത്തകർ ആ സമയത്ത് ഒരു ജോലിയും ചെയ്യാതിരിക്കുകയാണ് എന്നും അവരെ കൊണ്ട് ജോലി ചെയ്യിപ്പിക്കണം എന്നും വ്യംഗ്യമായ അർത്ഥം.അവർക്ക് പ്രത്യേകിച്ച് രോഗലക്ഷണങ്ങൾ ഇല്ലെങ്കിൽ പിന്നെ ചുമ്മാതിരിക്കാൻ അനുവദിക്കേണ്ടല്ലോ എന്ന ലളിതയുക്തിയുടെ മറവിലാണ് ഇത്തരം ഒരു മനുഷ്യത്വ രഹിതമായ തീരുമാനം പരസ്യമായി പ്രഖ്യാപിക്കപ്പെടുന്നത് എന്ന് വീക്ഷിക്കാം.

ചൂഷണം ചെയ്യുക, തങ്ങളുടെ അധികാരം മറ്റുള്ളവരുടെ തലയിൽ അടിച്ചേൽപ്പിക്കുക ഇതൊക്കെയാണ് ഇത്തരമൊരു തീരുമാനത്തിനു പിന്നിൽ കാണാൻ കഴിയുന്നത് എന്നു പറയാതെ വയ്യ!!!

രോഗലക്ഷണങ്ങൾ ഇല്ലാത്ത രോഗികൾക്ക് ബഹുഭൂരിപക്ഷം രാജ്യങ്ങളിലും വീട്ടിൽ ചികിത്സ മതി എന്ന് നിർദേശിച്ചിരിക്കുന്ന കാലത്ത് അവർക്ക് ഫസ്റ്റ് ലൈൻ ട്രീറ്റ്മെൻറ് സെൻററുകൾ തുടങ്ങിയ നാടാണ് കേരളം.അതായത് ഓരോ മനുഷ്യനും സാധിക്കുന്നതിന്റെ പരമാവധി പരിചരണവും ശ്രദ്ധയും കൊടുക്കാൻ ശ്രമിക്കുന്നു എന്ന് ചുരുക്കം. അവിടെയാണ് വിശ്രമമില്ലാതെ ജോലി ചെയ്യുന്ന ആരോഗ്യ പ്രവർത്തകരോട് മാത്രം ഇത്തരം നിലപാട് സ്വീകരിക്കുന്നത്.

ആരോഗ്യപ്രവർത്തകർക്ക്, ഡോക്ടർമാർക്ക് കൊവിഡ് ബാധിച്ചാൽ എന്താണ് ചെയ്യേണ്ടത്?

വളരെ ലളിതമാണ് ഉത്തരം. അവരും മനുഷ്യരാണ്. വിശ്രമം വേണം, ചികിൽസയും വേണം. വിശ്രമം എന്ന് വച്ചാൽ മാനസികവും ശാരീരികവുമായ വിശ്രമം തന്നെയാണ് ഉദ്ദേശിക്കുന്നത്.

കോവിഡ് പോസിറ്റീവായി, ചികിത്സിച്ച് മാറിയശേഷം കോവിഡ് രോഗികളെ ചികിത്സിച്ച ഡോക്ടർമാരും ആരോഗ്യ പ്രവർത്തകരും ഉള്ള നാടുകൾ ഉണ്ട്. ആരോഗ്യ സംവിധാനങ്ങൾ തകർച്ച നേരിട്ടപ്പോൾ ആണെന്ന് മാത്രം.ഒരു തവണ കോവിഡ് ബാധിച്ച് രോഗമുക്തി നേടിയവർ താരതമ്യേന സുരക്ഷിതരാണ് എന്ന കാഴ്ചപ്പാടിൽ സ്വീകരിച്ച നയം. അതും സ്വമേധയാ മാത്രം. അല്ലാതെ നിർബന്ധിച്ച് അടിച്ചേൽപ്പിച്ചല്ല.
ഒരു നിവൃത്തിയും ഇല്ലാതെ വന്നപ്പോൾ ഇറ്റലിയിലും മറ്റും ഇങ്ങനെ സംഭവിച്ചിട്ടുണ്ട്. ഇവിടെ നിലവിൽ അതല്ല അവസ്ഥ.

കോവിഡ് ചികിൽസയ്ക്കിടെ രോഗബാധിതരാവുന്ന ഡോക്ടർമാർ എങ്കിൽപ്പിന്നെ കൊവിഡ് രോഗികളെ ചികിൽസിക്കട്ടെ എന്ന ചിന്ത അശാസ്ത്രീയം മാത്രമല്ല മനുഷ്യത്വരഹിതം കൂടിയാണ്.

കൊവിഡ് രോഗബാധിതരിൽ പ്രത്യക്ഷ ലക്ഷണങ്ങൾ പുറമെ ഇല്ലാതിരിക്കുമ്പോൾ തന്നെ മറ്റു ചില ഗുരുതരാവസ്ഥ ചിലരിലെങ്കിലും ഉണ്ടായേക്കാം.

ഉദാ:
1. “ഹാപ്പി ഹൈപ്പോക്സിയ”

എന്ന പേരിലുള്ള ചില പ്രതിഭാസങ്ങൾ ഉണ്ട്. അതായത് വലിയ ലക്ഷണങ്ങൾ ഒന്നുമില്ലാത്ത അരോഗദൃഢ ഗാത്രർ ആയ പലരും പോലും നിന്ന നിൽപ്പിൽ ARDS, Respiratory Failure എന്നിവയിലേക്ക് പോവാം. തുടക്കത്തിൽ രക്തത്തിലെ ഓക്സിജന്റെ അളവ് കുറയുമ്പോൾ രോഗി അത് പുറമെ ശ്വാസം മുട്ടലായി അറിയണം എന്നില്ല. ഇത് അറിയണം എങ്കിൽ പൾസ് ഓക്സി മീറ്റർ എന്ന ഉപകരണം ഉപയോഗിക്കണം.

2. വൈറസ് രോഗബാധ മൂലം ഹൃദയത്തിനുണ്ടാവുന്ന തകരാർ

വൈറൽ മയോകാർഡൈറ്റിസ് പോലുള്ള കാരണങ്ങളാൽ പെട്ടെന്നുള്ള മരണം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

റിസ്ക് എത്ര ചെറുതായാലും
ഇത്തരം അപകട സാധ്യതകൾ നിലനിൽക്കുന്ന ഒരു രോഗം ബാധിച്ച ആരോഗ്യ പ്രവർത്തകരോട് എങ്ങനെയാണ് ജോലി ചെയ്യാൻ ആവശ്യപ്പെടാനാവുക?

ഇന്ന് വീട്ടിൽ ക്വാറന്റയിനിൽ ഇരിക്കവേ 31 വയസ്സുള്ള ഒരാൾ മരണപ്പെട്ട വാർത്ത കായംകുളത്തു വന്നിട്ടുണ്ട്. ഏതൊരു വൈറൽ രോഗത്തിനും വേണ്ടത് ശാരീരികവും മാനസികവുമായ വിശ്രമം ആണ്. കോവിഡിനെ സംബന്ധിച്ചിടത്തോളം ജാഗ്രതയോടെ ഉള്ള നിരീക്ഷണവും.

മേൽ തീരുമാനത്തിലേക്ക് നയിച്ച കൂടിയാലോചനകളിൽ മുതിർന്ന അധികാരികളും ഐഎംഎ യും ഉൾപ്പെട്ടിരുന്നു എന്നായിരുന്നു കളക്ടറുടെ പോസ്റ്റിൽ പറഞ്ഞിരുന്നത്. എന്നാൽ, തൃശൂർ ഐഎംഎ ഈ ചർച്ചയിൽ തന്നെ മേൽ നിർദേശത്തെ എതിർത്തിരുന്നു എന്നും ഇത്തരം ഒരു തീരുമാനത്തോട് ഒരു കാരണവശാലും യോജിക്കാനാവില്ല എന്നുമുള്ള നിലപാട് വ്യക്തമാക്കിയിട്ടുണ്ട്.

ജോലി ചെയ്യാൻ ഡോക്ടർമാരെ കിട്ടുന്നില്ല !!!

എത്രത്തോളം ശരിയാണ് ഇതെന്ന് നോക്കാം,

ഹെൽത്ത് സർവീസിലേക്കുള്ള റാങ്ക് ലിസ്റ്റിൽ ആയിരക്കണക്കിന് ഡോക്ടർമാരാണ് ജോലി കാത്തിരിക്കുന്നത്. പല ജില്ലകളിലും താൽക്കാലികമായി കോൺട്രാക്ട് അടിസ്ഥാനത്തിൽ ജോലിക്ക് ക്ഷണിച്ചപ്പോൾ നൂറുകണക്കിന് നഴ്സുമാരാണ് അപ്ലൈ ചെയ്തത്. എങ്ങനെയെങ്കിലും ഒരു ജോലി ലഭിക്കാൻ വേണ്ടി പരിചയത്തിലുള്ള ആൾക്കാരെ ഒക്കെ കണ്ടപേക്ഷിക്കുന്ന നിരവധി അപേക്ഷകരെ അറിയാം. അടുത്തിടെ താൽക്കാലിക നിയമനത്തിലൂടെ നഴ്സുമാരെ ക്ഷണിച്ച ആശുപത്രികളിൽ എത്തിയ അപേക്ഷകരുടെ തിരക്ക് വാർത്തകളിൽ വന്നതാണ്. അതായത് ഡോക്ടർമാരടക്കം ഉള്ള ആരോഗ്യ പ്രവർത്തകരുടെ ലഭ്യത ഇല്ലായ്മ അല്ല പ്രശ്നം.

രോഗം പിടിപെട്ട ആരോഗ്യ പ്രവർത്തകരോട് യാതൊരു വിധത്തിലുമുള്ള സഹാനുഭൂതിയും ഇല്ലാത്ത തീരുമാനം ആണ് ഇതെന്ന് നിസ്സംശയം പറയാം. ഇതൊരു ഉത്തരവായി ഇറങ്ങിയാൽ പിന്നെ ആരോഗ്യ പ്രവർത്തകർക്ക് സമ്മതം ഉണ്ടോ ഇല്ലയോ എന്നൊന്നും വിഷയം ആവില്ല. മുകളിൽ ഇരിക്കുന്ന ജില്ലാ മെഡിക്കൽ ഓഫീസർമാർ മുതൽ പോസ്റ്റിങ്ങ് ഓർഡർ ഇട്ടു തുടങ്ങും. നിലവിൽ മാസങ്ങളായി വിശ്രമമില്ലാതെ ജോലി ചെയ്യുന്ന, ജോലിയുടെ ഭാഗമായി രോഗത്തിന് അടിപ്പെട്ട ആരോഗ്യ പ്രവർത്തകർ രോഗം ബാധിച്ച ശരീരവും, തളർന്ന മനസുമായി ജോലി ചെയ്യേണ്ടി വരും.

കോവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെൻറ് സെന്ററുകളിൽ ഉള്ള ഒരു ഡോക്ടർ അല്ലെങ്കിൽ ആരോഗ്യ പ്രവർത്തകൻ സ്വമനസ്സാലെ ടെലിമെഡിസിൻ അല്ലെങ്കിൽ എന്തെങ്കിലും സേവനം ചെയ്യുന്നത് ആണെങ്കിൽ മനസ്സിലാക്കാം. ഇത് അങ്ങനെയൊരു നിർദേശം പോലുമല്ലല്ലോ.

നിലവിൽ ഡോക്ടർമാർ അടക്കമുള്ള ആരോഗ്യപ്രവർത്തകർ ചെയ്യുന്ന ജോലി എന്തെന്ന് അറിയാൻ ഉള്ള മനസാക്ഷി ഇത്തരം തീരുമാനങ്ങൾ എടുക്കുന്ന അധികാരികൾക്ക് ഇല്ല എന്ന് പറയേണ്ടി വരും. തങ്ങളുടെ അധികാരപരിധിയിലെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് ആർക്കു മേലും അധികാരത്തിന്റെ മുഷ്ടി ഉപയോഗിച്ച് ഇത്തരം തീരുമാനങ്ങൾ അടിച്ചേൽപ്പിക്കുന്ന നയം ഈ മഹാമാരിക്കാലത്ത് എതിർക്കപ്പെടേണ്ടതാണ്

ഇത്തരം അധികാരികളെ 10 മീറ്ററെങ്കിലും അകലത്തിൽ നിർത്തുന്നതാണ് ആരോഗ്യ പ്രവർത്തകർക്ക് നല്ലത്. അതുപോലെ ഇതൊക്കെ നല്ല ആശയമാണ് എന്ന് പറയാൻ കുറേ പ്രമുഖരും തലമുതിർന്ന ഡോക്ടർമാരും വരാനുള്ള സാധ്യതയുമുണ്ട്. അവരെയും ലേശം അകറ്റിനിർത്തുന്നത് ആയിരിക്കും നല്ലത്. കാരണം ആരോഗ്യപ്രവർത്തകർ മനുഷ്യരാണ് എന്ന് അവർ കരുതുന്നില്ല… എന്നാൽ പറയുമ്പോൾ ആരോഗ്യ പ്രവർത്തകരുടെ മുകളിൽ പാലും തേനും ചൊരിയുകയും ചെയ്യും.

രോഗബാധ കുറയ്ക്കാൻ രോഗമുളളവരെക്കൊണ്ട് ജോലി ചെയ്യിക്കുന്നത് ഒരു പരിഹാരമല്ല. രോഗമില്ലാത്തവർ മതിയായ സുരക്ഷാ മുൻ കരുതലുകൾ സ്വീകരിക്കുകയാണ് ചെയ്യേണ്ടത്. പോസ്റ്റ് ഇപ്പോൾ പിൻവലിച്ചിട്ടുണ്ട്. എങ്കിലും പറയാനുള്ളത് പറഞ്ഞു വെക്കുന്നു. ആരോഗ്യ പ്രവർത്തകർ മനുഷ്യരാണ്, രോഗം ബാധിച്ചാലും ഇല്ലെങ്കിലും മനുഷ്യർക്കുള്ള എല്ലാ അവകാശങ്ങളും ഉള്ള മനുഷ്യർ.

ഇൻഫോ ക്ലിനിക്

Edited at 7.20 pm,20/07/20

ഇന്നത്തെ പത്രസമ്മേളത്തിൽ ഇതു സംബന്ധിച്ച് ഉയർന്ന ചോദ്യത്തിന് മുഖ്യമന്ത്രി മറുപടി പറഞ്ഞത് , കോവിഡ് ബാധിച്ചാൽ ചികിത്സയാണ് വേണ്ടതെന്നും ആരോഗ്യ പ്രവർത്തകർക്ക് കൊവിഡ് ബാധിച്ചാൽ അവരെക്കൊണ്ട് ജോലി എടുപ്പിക്കുന്ന സമീപനം ഒരിക്കലും ഉണ്ടാവുകയില്ലെന്നുമാണ്.

വ്യക്തമായ നിലപാടെടുത്ത മുഖ്യമന്ത്രിക്ക് നന്ദി.

ലേഖകർ
ചിത്രകാരൻ
Design Co-ordinator, Infoclinic.

മികച്ച വർഗ്ഗങ്ങൾ

എല്ലാ വർഗ്ഗങ്ങളും
പൊതുജനാരോഗ്യം

284 ലേഖനങ്ങൾ

Current Affairs

240 ലേഖനങ്ങൾ

കോവിഡ്-19

236 ലേഖനങ്ങൾ

ആരോഗ്യ അവബോധം

115 ലേഖനങ്ങൾ

സുരക്ഷ

64 ലേഖനങ്ങൾ

ശിശുപരിപാലനം

59 ലേഖനങ്ങൾ

കിംവദന്തികൾ

53 ലേഖനങ്ങൾ

Infectious Diseases

52 ലേഖനങ്ങൾ

Medicine

45 ലേഖനങ്ങൾ