· 5 മിനിറ്റ് വായന

ബ്ലോക്കിൽ കുടുങ്ങിയ പൾസ്‌!!!

CardiologyCurrent Affairsആരോഗ്യ അവബോധംകിംവദന്തികൾപൊതുജനാരോഗ്യം

“ഒരാശാൻ മിടിപ്പ് പിടിച്ച് എല്ലാ ബ്ലോക്കും പ്രവചിക്കുമത്രേ!”

രാവിലെ കണ്ണ് തുറന്നു നോക്കുമ്പോൾ വാട്സ്ആപ്പിൽ കണ്ട മെസേജ് വായിച്ച് ഭാര്യ.

“എന്നാ രാവിലെ വണ്ടി എടുത്തു പോകുന്നതിനു മുൻപ് ആശാനോട് ചോദിച്ചാലോ, റോഡു മുഴുവൻ ബ്ലോക്കോട് ബ്ലോക്കല്ലേ!”

“അടുക്കളയിലെ വേസ്റ്റ് പൈപ്പിലെവിടെയോ ബ്ലോക്ക് ഉണ്ട്. ആശാൻ കണ്ടു പിടിച്ച് തരുമോ?”

“ആ ബ്ലോക്കൊന്നുമല്ലപ്പാ ഇത്, ഹൃദയത്തിലെ ബ്ലോക്കാണ് ”

“ഹൃദയത്തിലെ ബ്ലോക്കെന്ന് പറയുമ്പോ….?”

തൊണ്ണൂറുകളിലെ മലയാള സിനിമകളിലെ സ്ഥിരം സീൻ. മകൾ കാമുകന്റെ കൂടെ ഒളിച്ചോടി പോകുന്നു. വിവരം അറിയുന്ന മകളെ ജീവനു തുല്യം സ്നേഹിക്കുന്ന വില്ലനല്ലാത്ത അച്ഛൻ നെഞ്ചിൽ കൈവച്ച് ബോധംകെട്ടു വീഴുന്നു. അടുത്ത സീനിൽ മുഖത്ത് ഓക്ലിജൻ മാസ്ക്, ഇ സി ജി, ഹൃദയമടിക്കുന്ന ടുംടും ശബ്ദം… വീണ്ടും ബ്ലോക്ക്!

എന്താണ് ഹാർട്ട് ബ്ലോക്ക്? എന്താണ് ഹൃദയാഘാതം?

സാധാരണക്കാർ രണ്ടും ഒന്നായാണ് പലപ്പോഴും മനസ്സിലാക്കാറ്. അർഥം മാത്രം പരിശോധിക്കുകയാണെങ്കിൽ ഇത് തെറ്റാണെന്ന് പറയാനും കഴിയില്ല. ഹൃദയത്തിന് രക്തം കൊടുക്കുന്ന രക്തധമനികളിൽ തടസ്സം നേരിടുന്നതാണ് ഹൃദയാഘാതം. ഈ തടസ്സം എന്ന വാക്കിനെ ആംഗലേയവൽക്കരിച്ചാണ് “ഹാർട്ടിൽ ബ്ലോക്കുണ്ട്” എന്ന പ്രയോഗം സാധാരണമായത്. ചിലർ അറിയാതെ ഹൃദയസ്തംഭനം എന്നും വിളിച്ച് കേൾക്കാറുണ്ട്. എന്നാൽ വൈദ്യശാസ്ത്രത്തിൽ ഇവ മൂന്നും മൂന്നാണ്. വിശദീകരിക്കാം.

1. ഹൃദയാഘാതം (ഹാർട്ട് അറ്റാക്ക്) –

ഹൃദയത്തിന്റെ പേശികൾക്ക് (മയോ കാർഡിയം) രക്തം കുറയുന്ന രോഗങ്ങളെ പൊതുവേ കൊറോണറി ആർട്ടറി ഡിസീസ് (CAD) എന്ന് വിളിക്കുന്നു.

ഹൃദയം ബാങ്ക് ജീവനക്കാരെ പോലെയാണെന്ന് പറയാറുണ്ട്. ശരീരത്തിന് ആവശ്യമുള്ള രക്തം മുഴുവൻ പമ്പ് ചെയ്യുമെങ്കിലും ഹൃദയത്തിന് രക്തം വളരെ കൃത്യമായ അളവിൽ നേരിയ രക്തക്കുഴലുകളിലൂടെ മാത്രമേ ലഭിക്കുകയുള്ളൂ. (ബാങ്ക് ജീവനക്കാരന്റെ ശമ്പളം പോലെ) ഈ രക്തക്കുഴലുകളുടെ പേരാണ് കൊറോണറി ആർട്ടറികൾ. പ്രായം കൂടുംതോറും ഈ രക്തക്കുഴലുകളുടെ വ്യാസം കുറഞ്ഞു വരികയും അടയാനുള്ള സാദ്ധ്യത വർദ്ധിക്കുകയും ചെയ്യുന്നു. അനിയന്ത്രിതമായ പ്രമേഹം, രക്തസമ്മർദ്ദം, പുകവലി, കൊളസ്ട്രോൾ തുടങ്ങിയവ ഈ രക്തക്കുഴലുകളുടെ വ്യാസം കുറക്കാനും അതുവഴി ഹൃദയത്തിലേക്കുള്ള രക്തോട്ടം കുറക്കാനും കാരണമാകുന്നു.

രക്തോട്ടം കുറഞ്ഞ ഉടൻ ഒരാൾക്ക് ഹൃദയാഘാതം ഉണ്ടാകണമെന്നില്ല. ആദ്യ കുറേ നാളുകളിൽ ആ വ്യക്തി ഒരു ബുദ്ധിമുട്ടുമില്ലാതെ ജീവിക്കാം. തടസ്സം വർദ്ധിച്ച് രക്തക്കുഴലിന്റ വ്യാസം ഒരു നിശ്ചിത ശതമാനത്തിൽ താഴുമ്പോൾ ആ വ്യകതി അതിന്റെ ലക്ഷണങ്ങൾ അറിഞ്ഞ് തുടങ്ങുന്നു. വേഗത്തിൽ നടക്കുമ്പോൾ, കയറ്റം കയറുമ്പോൾ, ഭാരമുള്ള ജോലി ചെയ്യുമ്പോളൊക്കെ നെഞ്ചിന്റെ മദ്ധ്യഭാഗത്തായി വേദന അല്ലെങ്കിൽ ഒരു ഭാരം അമർത്തുന്ന പോലത്തെ അവസ്ഥ (ആൻജൈന) ആയിരിക്കും പ്രധാന ലക്ഷണം. ഇത് കയ്യിലേക്കോ കഴുത്തിലേക്കോ വ്യാപിക്കുന്ന പോലെ തോന്നാം, വിയർക്കാം. വിശ്രമിക്കുമ്പോൾ നെഞ്ചിലെ ഭാരം അപ്രത്യക്ഷമാകുന്നുമുണ്ടെങ്കിൽ അത് ഹൃദയ സംബന്ധമാവാനുള്ള സാദ്ധ്യത കൂടുതലാണ്. ശരീരം ഇളകി ജോലി ചെയ്യുമ്പോൾ ഹൃദയം കൂടുതൽ ജോലി ചെയ്യേണ്ടി വരികയും ഹൃദയത്തിന്റെ പേശികൾക്ക് കൂടുതൽ ഓക്സിജൻ വേണ്ടി വരികയും ചെയ്യുന്നു. എന്നാൽ നേരത്തേ തന്നെ തടസ്സമുള്ള രക്തക്കുഴലുകൾക്ക് വർദ്ധിച്ച അളവിൽ ഓക്സിജൻ എത്തിക്കാൻ കഴിയുന്നില്ല. ഓക്സിജൻ കിട്ടാതെയുള്ള ഹൃദയത്തിന്റെ വിങ്ങലാണ് ആൻജൈന. ചിലർക്ക് നെഞ്ചിലെ ഭാരത്തിന് പകരം കിതപ്പ്, നെഞ്ചിടിപ്പ് എന്നിവയും അനുഭവപ്പെടാറുണ്ട്. ഈ തടസ്സം ക്രമേണ വർദ്ധിച്ച് ഹൃദയത്തിന്റെ പേശികൾക്ക് ഒട്ടും ഓക്സിജൻ കിട്ടാതെ കോശങ്ങൾ നശിച്ചു തുടങ്ങുന്ന അവസ്ഥയാണ് ഹൃദയാഘാതം.

ഹൃദയാഘാതത്തിൽ ഇവിടെ നേരത്തേ വിവരിച്ച തരത്തിലുള്ള ലക്ഷണം (നെഞ്ചുവേദന അല്ലെങ്കിൽ ഭാരം) കൂടുതൽ സമയം (സാധാരണ മുപ്പത് മിനുട്ടിൽ കൂടുതൽ) നീണ്ടു നിൽക്കുന്നു. എന്നാൽ ഒരു ലക്ഷണവും മുൻപ് കാണിക്കാത്ത ആളുകൾക്ക് പെട്ടെന്നും ഹൃദയാഘാതം ഉണ്ടാകാം. അവരുടെ രക്തക്കുഴലുകൾ കാലക്രമേണ വ്യാസം കുറഞ്ഞ് പോകുന്നതിന് പകരം പെട്ടെന്ന് അടഞ്ഞുപോകുന്നതാണ് കാരണം. പ്രമേഹരോഗികളിലാവട്ടെ ഒരു ലക്ഷണവും ഇല്ലാതെ ഹൃദയാഘാതം സംഭവിക്കാം (സൈലൻറ് അറ്റാക്ക്).

ഇത്തരത്തിലുള്ള ബുദ്ധിമുട്ടുകൾ എന്ത് അനുഭവപ്പെട്ടാലും എത്രയും നേരത്തേ ചികിത്സ തേടുന്നതാണ് നല്ലത്.

ഭൂരിഭാഗം രോഗികളിലും ഇസിജി എടുക്കുമ്പോൾ വ്യത്യാസം കണ്ടെത്താൻ കഴിയും. എന്നാൽ ഹൃദയത്തിൽ രക്തം കുറയുന്ന എല്ലാ അവസ്ഥകളും ഇ സി ജി യിലൂടെ മാത്രം കണ്ടെത്താൻ കഴിയണമെന്നുമില്ല. ഹൃദയാഘാതം സംഭവിച്ച് ഏതാണ്ട് നാലു മണിക്കൂർ കഴിയുമ്പോൾ രക്തത്തിലെ ട്രോപ്പോണിൻ എന്ന രാസവസ്തുവിന്റെ അളവ് വർദ്ധിക്കുന്നു. ഈ ടെസ്റ്റും ഹൃദയാഘാതം സംഭവിച്ചിട്ടുണ്ടോ എന്നറിയുന്നതിനായി ഉപയോഗിക്കാറുണ്ട്. ശ്രദ്ധിക്കേണ്ട കാര്യം ട്രോപ്പോണിൻ പൂർണ്ണമായ ഹൃദയാഘാതം നടന്നു കഴിഞ്ഞാൽ മാത്രമാണ് രക്തത്തിൽ വർദ്ധിക്കുന്നത്. അതിനാൽ ചെറിയ ശതമാനം രക്തക്കുറവ് വരുന്ന അവസ്ഥകൾ ഈ ടെസ്റ്റിലൂടെ കണ്ടെത്താൻ കഴിയില്ല.

എക്കോ കാർഡിയോഗ്രാം എന്ന ഹൃദയത്തിന്റെ സ്കാനിംഗ് ഉപയോഗിച്ച് ഹൃദയത്തിന്റെ ആഘാതം സംഭവിച്ച് കഴിഞ്ഞ ഭാഗം തിരിച്ചറിയാൻ കഴിയും. എന്നാൽ ഹൃദയത്തിലേക്കുള്ള രക്തോട്ടവും അതിന്റെ തടസ്സവും ഏറ്റവും കൃത്യമായി തിരിച്ചറിയുന്ന പരിശോധന ആൻജിയോഗ്രാം ആണ്. ഇവിടെ ഒരു ഡൈ രക്തക്കുഴലുകളിലൂടെ കടത്തിവിട്ട് അത് ഒഴുകുന്ന രീതിയും അതിൽ നേരിടുന്ന തടസ്സങ്ങളും കണ്ടാണ് തീരുമാനം എടുക്കുന്നത്. ഈ തടസ്സങ്ങളെ സൂചിപ്പിക്കാനാണ് പലപ്പോഴും “ബ്ലോക്ക്” എന്ന വാക്കുപയോഗിക്കുന്നത്. ഇത്തരം ബ്ലോക്ക് നീക്കലുമായി ബന്ധപ്പെട്ട നിരവധി അബദ്ധ പ്രചരണങ്ങൾ നിത്യേന സോഷ്യൽ മീഡിയകളിൽ പ്രത്യക്ഷപ്പെടാറുണ്ട്. രോഗനിർണയത്തിൽ കൃത്യമായ തീരുമാനം എടുക്കാൻ ബുദ്ധിമുട്ടുള്ള ഘട്ടങ്ങളിൽ രോഗിയെ ട്രെഡ്മില്ലിൽ നടത്തി ഹൃദയത്തിന്റെ ജോലി ഭാരം വർദ്ധിപ്പിച്ച് അതോടൊപ്പം ഇ സി ജി രേഖപ്പെടുത്തുന്ന പരിശോധനാ രീതിയാണ് TMT (ട്രെഡ്മിൽ ടെസ്റ്റ് ). അല്ലാതെ എടുക്കുന്ന ഇ സി ജി യിൽ മാറ്റങ്ങളൊന്നും കാണാത്ത സാഹചര്യത്തിലാണ് ഈ ടെസ്റ്റ് ചെയ്യുന്നത്.

ഹൃദയാഘാതത്തിന്റെ ചികിത്സയിൽ സമയം വളരെ നിർണ്ണായകമാണ്. നഷ്ടപ്പെടുന്ന ഓരോ നിമിഷവും ഹൃദയത്തിന്റെ കോശങ്ങൾ നശിച്ചു കൊണ്ടിരിക്കുന്നു. എത്ര നേരത്തേ രക്തോട്ടം പുനർവിന്യസിക്കുന്നോ അത്രയും കേടുപാടുകൾ ഹൃദയത്തിന് സംഭവിക്കുന്നത് കുറക്കാൻ കഴിയും.

2. ഹാർട്ട് ബ്ലോക്ക് –

ഹൃദയത്തിന്റ സങ്കോചവികാസങ്ങൾ വളരെ കൃത്യമായ താളത്തോടെയാണ് സംഭവിക്കുന്നത്. ഓരോ മിനുട്ടിലും 60 മുതൽ 100 വരെ തവണ ഹൃദയം സങ്കോചിക്കുകയും അത്രയും തവണ രക്തം പമ്പ് ചെയ്യുകയും ചെയ്യുന്നു. ഓരോ പമ്പിങ്ങും ഓരോ മിടിപ്പായി ( പൾസ്) രക്തക്കുഴലുകളിൽ അനുഭവപ്പെടുന്നു. ഈ സങ്കോചവികാസങ്ങൾക്കു പിറകിൽ ഒരു വൈദ്യുത മണ്ഡലം പ്രവർത്തിക്കുന്നുണ്ട്. ഈ വൈദ്യുത തരംഗം കൃത്യമായ താളത്തിൽ ഉത്ഭവിക്കുന്ന ഭാഗത്തെ SA നോഡ് എന്നാണ് വിളിക്കുന്നത്. ഹൃദയത്തിന്റെ മുകളിലത്തെ അറയായ എട്രിയത്തിലാണ് ഇതിന്റെ സ്ഥാനം. ഇവിടെ നിന്നും ഓരോ തരംഗവും ഏട്രിയക്കും വെൻട്രിക്കിളിനും ഇടക്കുള്ള A V നോഡിൽ എത്തുകയും അവിടുന്ന് വെൻട്രിക്കിളുകളിലേക്കും സഞ്ചരിക്കുകയും ചെയ്യുന്നു. ഈ വഴിയിൽ എവിടെയെങ്കിലും തടസ്സം നേരിടുന്നതിനെയാണ് ഹാർട്ട് ബ്ലോക്ക് എന്ന് മെഡിക്കൽ സയൻസിൽ വിളിക്കുന്നത്. AVനോഡിലാണ് സാധാരണ തടസ്സം കാണപ്പെടാറ് (AV ബ്ലോക്ക്). ഇത് ഹൃദയത്തിന്റെ മിടിപ്പിന്റെ എണ്ണം കുറക്കുന്നു. മിടിപ്പിന്റെ എണ്ണം ക്രമാതീതമായി കുറഞ്ഞാൽ സ്വാഭാവികമായും ഹൃദയം പമ്പ് ചെയ്യുന്ന രക്തത്തിന്റെ അളവ് കുറയുന്നു. തലച്ചോറിലേക്ക് ഒഴുകുന്ന രക്തത്തിന്റെ അളവ് കുറഞ്ഞാൽ തലകറക്കം, ബോധക്ഷയം തുടങ്ങിയ ലക്ഷണങ്ങൾ ഉണ്ടാകാം.
ഭൂരിഭാഗം ഹാർട്ട് ബ്ലോക്കുകളും ഇ സി ജി യിൽ മനസ്സിലാക്കാൻ കഴിയും. മരുന്ന് കൊണ്ട് ചികിത്സിക്കാൻ ബുദ്ധിമുട്ടുള്ള അവസരങ്ങളിൽ പേസ് മേക്കർ ഘടിപ്പിക്കാറുണ്ട്.

3. ഹൃദയസ്തംഭനം (കാർഡിയാക് അറസ്റ്റ് ) –

ഹൃദയത്തിന്റെ സങ്കോച വികാസങ്ങൾ പൂർണമായി നിന്നു പോകുന്ന അവസ്ഥ. എന്നു വെച്ചാൽ ഹൃദയം ഒട്ടും രക്തം പമ്പ് ചെയ്യാതിരിക്കുന്നു. രോഗി ബോധരഹിതനാകുന്നു. മിടിപ്പുകളെല്ലാം (പൾസ്) അപ്രത്യക്ഷമാകുന്നു. ശ്വാസം നിലക്കുന്നു. വളരെ അപകടകരമായ അവസ്ഥയാണിത്. കാരണം ശരീരത്തിലെ മറ്റു അവയവങ്ങൾക്കൊന്നും രക്തം ലഭിക്കുന്നില്ല. ഏതാനും നിമിഷങ്ങൾ ഈ അവസ്ഥയിൽ തുടർന്നാൽ മരണം സംഭവിക്കുന്നു. അതു തടയാൻ ആണ് ഹൃദയസ്തംഭനം സംഭവിച്ചാൽ ജീവൻ രക്ഷാ നടപടികൾ (CPR) ആരംഭിക്കണമെന്ന് പറയുന്നത്. നെഞ്ചിൽ ശക്തമായി അമർത്തുകയും കൃത്രിമമായി ശ്വാസോച്ഛാസം നൽകുകയും ചെയ്താൽ രോഗിയെ ഒരു പക്ഷേ രക്ഷിക്കാൻ കഴിഞ്ഞേക്കും.

സംഗ്രഹിച്ചാൽ;

ഹൃദയത്തിന്റെ പേശികൾക്ക് രക്തം കൊടുക്കുന്ന രക്തക്കുഴലുകൾ അടയുമ്പോൾ വരുന്നത് ഹൃദയാഘാതം അല്ലെങ്കിൽ ഹാർട്ട് അറ്റാക്ക്.

ഹൃദയത്തിന്റെ മിടിപ്പ് നിയന്ത്രിക്കുന്ന വയറിങ്ങിന് പ്രശ്നം വന്നാൽ ഹാർട്ട് ബ്ലോക്ക് .

ഹൃദയം ഒട്ടും പ്രവർത്തിക്കാതെ വന്നാൽ ഹൃദയസ്തംഭനം അല്ലെങ്കിൽ കാർഡിയാക് അറസ്റ്റ്

നാഡി മിടിപ്പ് നോക്കി മരണം പ്രവചിക്കുന്ന ജീവൻ മശായിയെ പോലുള്ള മഹാവൈദ്യന്മാർ നമ്മുടെ ക്ലാസിക്കുകളിലുണ്ട്. കാലാകാലമായി നമ്മുടെ ബോധത്തിൽ ഇതുറച്ചിട്ടുണ്ട്‌. ക്ഷമയോടെ രോഗി പറയുന്നത് കേട്ട് സ്നേഹത്തോടെ നാഡി പിടിച്ച് മിടിപ്പിന്റെ സ്പന്ദനം അനുഭവിക്കുന്ന ഡോക്ടർ സ്പർശനത്തിലൂടെ തന്നെ സൗഖ്യം പകരുന്നു എന്ന സങ്കൽപ്പമുണ്ട്. അതിൽ കഥയില്ല എന്നാർക്കും പറയാൻ കഴിയില്ല. നാഡിമിടിപ്പിലെ താള വ്യതിയാനങ്ങളിലൂടെ ചില വിലപ്പെട്ട പ്രാഥമിക സൂചനകൾ ഹൃദയത്തെയും രക്തപ്രവാഹത്തേയും കുറിച്ച് ലഭിക്കാമെന്നല്ലാതെ നാഡിമിടിപ്പിൽ വിരല് വെച്ച് കണ്ണടച്ച് ഏകാഗ്രമായി ഇരുന്നാൽ കൃത്യമായി രോഗനിർണയം നടത്താം എന്ന് അവകാശവാദം ഉന്നയിക്കുന്നത് മിതമായ ഭാഷയിൽ ഉഡായിപ്പാണ്.

ലേഖകർ
Shameer V K completed MBBS from Pariyaram Medical College and MD General Medicine from Govt Medical College, Thrissur. He has worked at Malabar Medical College, KMCT Med College, and Thrissur Medical College. Presently Assistant Professor, Kozhikode Medical College. Special interest - Infectious Diseases, Diabetes and Geriatrics.
Dr. Anjit.U. MBBS from Academy of Medical Sciences 2000, MD Pathology from Government Medical College, Thiruvananthapuram in 2007. Worked in various private Medical colleges before joining Govt.Medical College Manjeri in 2014 under Medical education Department . Specially interested in public health, propelling scientific culture. Member of editorial board of Kerala wing of Indian Medical Association health magazine 'Nammude Arogyam'.
ചിത്രകാരൻ
Design Co-ordinator, Infoclinic.

മികച്ച വർഗ്ഗങ്ങൾ

എല്ലാ വർഗ്ഗങ്ങളും
പൊതുജനാരോഗ്യം

284 ലേഖനങ്ങൾ

Current Affairs

240 ലേഖനങ്ങൾ

കോവിഡ്-19

236 ലേഖനങ്ങൾ

ആരോഗ്യ അവബോധം

115 ലേഖനങ്ങൾ

സുരക്ഷ

64 ലേഖനങ്ങൾ

ശിശുപരിപാലനം

59 ലേഖനങ്ങൾ

കിംവദന്തികൾ

53 ലേഖനങ്ങൾ

Infectious Diseases

52 ലേഖനങ്ങൾ

Medicine

45 ലേഖനങ്ങൾ