എച്ച്ഐവിയും മറ്റ് ലൈംഗികരോഗങ്ങളും
“Communities make the difference – സമൂഹമാണ് പരിവർത്തനശക്തി” ഇതാണ് ഈ വർഷത്തെ ലോക എയ്ഡ്‌സ് ദിന സന്ദേശം. ഇന്ന് ഡിസംബർ 1 – ലോക എയ്ഡ്‌സ് ദിനം.
ഇക്കഴിഞ്ഞ വർഷം, ലോകമെമ്പാടുമുള്ള 37.9 ദശലക്ഷം എയ്ഡ്‌സ് ബാധിതരിൽ 79% പേർ ചികിത്സ സ്വീകരിച്ചു, 53% പേരിൽ മറ്റുള്ളവർക്കു രോഗം പകർത്താനുള്ള സാധ്യത കുറയും വിധം ഫലപ്രദമായ രോഗനിയന്ത്രണവും സാധ്യമായി. ആയിരക്കണക്കിന് ആരോഗ്യ പ്രവർത്തകരുടെയും, എച്ച്ഐവി ബാധിതരായതും അല്ലാത്തതും ആയ സാമൂഹ്യസേവകരുടെയും വിജയമാണിത്.
ഇന്ന് ഈ എയ്ഡ്‌സ് ദിനത്തിൽ എച്ച്ഐവിയും മറ്റു ലൈംഗികരോഗങ്ങളും എന്നതാണ് നമ്മുടെ ചർച്ചാവിഷയം.
എയ്ഡ്‌സ് ദിനത്തിൽ ലൈംഗികരോഗങ്ങൾക്കെന്ത് കാര്യം …???
കാര്യമുണ്ട്…
എയ്ഡ്‌സും ഒരു ലൈംഗികരോഗമാണ്. കൂടാതെ എയ്ഡ്‌സും മറ്റുള്ള ലൈംഗികരോഗങ്ങളും തമ്മിൽ ഇണപിരിയാനാകാത്ത ബന്ധമുണ്ട്.
അതിനാൽ, ലൈംഗികരോഗങ്ങളുടെ പ്രതിരോധം എച്ച്ഐവിക്കെതിരെയും ഒരു നല്ല ആയുധമാണ്.
?? ലൈംഗികരോഗങ്ങൾ എന്നാലെന്ത് ?
ലൈംഗിക ബന്ധത്തിലൂടെ പകരുന്ന ഏതു രോഗത്തെയും ലൈംഗികരോഗം (Sexually transmitted infection – STI ) എന്നു വിളിക്കാം. ബാക്ടീരിയ, വൈറസ്, പാരസൈറ്റുകൾ എന്നിവയെല്ലാം ലൈംഗികരോഗങ്ങൾക്കു കാരണമാകാം.
എച്ച്ഐവിയും ഒരു ലൈംഗികരോഗമാണ്. സിഫിലിസ്, ഹെർപിസ്, ഷാങ്കറോയ്ഡ്, ക്യാൻഡിടിയാസിസ് എന്നിവയാണ് മറ്റുള്ളവയിൽ ചിലത്.
ജനനേന്ദ്രിയങ്ങളിൽ വൃണങ്ങൾ, കുമിളകൾ, ചെറിയ മുഴകൾ, ചുവന്ന പാടുകൾ, ചൊറിച്ചിൽ, മൂത്രനാളിയിൽ നിന്നോ യോനിയിൽ നിന്നോ, മലദ്വാരത്തിൽ നിന്നോ അസാധാരണമായ സ്രവങ്ങൾ, മലമൂത്രവിസർജന സമയത്തു വേദന, മൂത്രം ചുടിച്ചിൽ, തുടയിടുക്കുകളിലെ കഴലവീക്കം എന്നിങ്ങനെ വിവിധ ലക്ഷണങ്ങളോടെ ലൈംഗികരോഗങ്ങൾ പ്രകടമാകാം.
ലക്ഷണങ്ങൾ നോക്കി മാത്രം മിക്ക ലൈംഗിക രോഗങ്ങളും ചികിൽസിക്കാൻ സാധിക്കും, ചില സന്ദർഭങ്ങളിൽ മാത്രം രക്തപരിശോധനകളോ സ്രവങ്ങളുടെ മൈക്രോസ്കോപ്പി പരിശോധനയോ വേണ്ടി വന്നേക്കാം. എല്ലാ ഗവണ്മെന്റ് ആശുപത്രികളിലും ലൈംഗികരോഗ ചികിത്സാ മരുന്നുകൾ സൗജന്യമായി ലഭ്യമാണ്.
?? എന്താണ് എച്ച്ഐവിയും മറ്റു ലൈംഗിക രോഗങ്ങളും തമ്മിലുള്ള ബന്ധം?
CD4 വർഗ്ഗത്തിൽ പെട്ട ശ്വേതരക്താണുക്കളാണ് എച്ച്ഐവി വൈറസിന്റെ ഇര. മറ്റു ലൈംഗിക രോഗങ്ങൾ മൂലമുണ്ടാകുന്ന വൃണങ്ങൾ എച്ച്ഐവി വൈറസിന് ശരീരത്തിലേക്കു കടക്കാനുള്ള വാതിൽ മലർക്കെ തുറന്നു കൊടുക്കുന്നു. കൂടാതെ വൃണങ്ങളിലേക്ക് പ്രതിരോധശക്തിയുടെ കാലാൾപ്പടയായ CD4 കോശങ്ങൾ സുരക്ഷാകവചം തീർക്കാനായി പാഞ്ഞെത്തുന്നു, ദൗർഭാഗ്യമെന്നു പറയട്ടെ, അപ്പോൾ എച്ച്ഐവി വൈറസ് കൂടി രംഗത്തെത്തിയാൽ അവ CD4 കോശങ്ങളെ കയ്യോടെ പിടികൂടി അണുബാധക്കു തുടക്കം കുറിക്കുന്നു. അങ്ങനെ മറ്റു ലൈംഗികരോഗങ്ങൾ ഉള്ള രോഗിക്ക് എച്ച്ഐവി ബാധിക്കാനുള്ള സാധ്യത സാധാരണക്കാരിലും കൂടുതലാകുന്നു.
നേരെ മറിച്ചു എച്ച്ഐവി ബാധിതർക്ക് രോഗ പ്രതിരോധശേഷിക്കുറവ് മൂലം മറ്റു ലൈംഗിക രോഗങ്ങൾ വരാനുള്ള സാധ്യതയും കൂടുതലാണ്.
അതിനാൽ തന്നെ എച്ച്ഐവി രോഗികളെ മറ്റു ലൈംഗികരോഗപരിശോധനയ്ക്കും മറ്റു ലൈംഗിക രോഗമുള്ളവരെ എച്ച്ഐവി പരിശോധനയ്ക്കും വിധേയരാക്കേണ്ടത് അത്യന്താപേക്ഷിതമാണ്.
?? എച്ച്ഐവി മറ്റു ലൈംഗികരോഗങ്ങളെ എങ്ങനെ ബാധിക്കുന്നു ???
?മറ്റു ലൈംഗികരോഗങ്ങളുടെ സാധാരണ കണ്ടു വരുന്ന ലക്ഷണങ്ങളിൽ മാറ്റങ്ങൾ വന്നു (atypical presentation) രോഗനിർണയം ദുഷ്കരമാകുന്നു.
?രോഗതീവ്രത കൂടുന്നു.
?രോഗം സങ്കീർണതകളിലേക്കു പോകാനുള്ള സാധ്യത കൂടുന്നു.
? രക്തപരിശോധനകൾ തെറ്റായ ഫലം രേഖപ്പെടുത്താൻ സാധ്യതയുണ്ട്.
?രോഗശമനം വൈകുന്നു.
?രോഗം സാധാരണ ചികിത്സാരീതികളോട് പ്രതികരിക്കാതിരിക്കാനും (resistance and treatment failure) സാധ്യത ഏറെയാണ്.
?ഫലപ്രദമായ ചികിത്സയ്ക്കു ശേഷം രോഗം വീണ്ടും ഉണ്ടാകാനുള്ള (relapse and reactivation) സാധ്യത സാധാരണക്കാരേക്കാൾ കൂടുന്നു.
?? മറ്റു ലൈംഗികരോഗങ്ങൾ എച്ച്ഐവി അണുബാധയെ എങ്ങനെ ബാധിക്കുന്നു???
? മറ്റു ലൈംഗികരോഗങ്ങൾ മൂലമുണ്ടാകുന്ന മുറിവുകളിലൂടെയോ സ്രവങ്ങളിലൂടെയോ എച്ച്ഐവി വൈറസ് പുറത്തു വന്നു എച്ച്ഐവി മറ്റുള്ളവരിലേക്ക് പകരാനുള്ള സാധ്യത വർധിക്കുന്നു.
?? എച്ച്ഐവി ഉൾപ്പടെയുള്ള ലൈംഗികരോഗങ്ങളെ എങ്ങനെ പ്രതിരോധിക്കാം
?സുരക്ഷിതമല്ലാത്ത ലൈംഗികബന്ധം ഒഴിവാക്കുക
?കോണ്ടം ഉപയോഗിക്കുക
?സുരക്ഷിതമല്ലാത്ത ടാറ്റൂ, മറ്റ് കുത്തിവയ്പ്പുകൾ ഒഴിവാക്കുക
?കുത്തിവയ്പ്പിനുപയോഗിക്കുന്ന സൂചികൾ വീണ്ടും ഉപയോഗിക്കാതിരിക്കുക
?ആവശ്യമായ പരിശോധനകളിലൂടെ അണുവിമുക്തമെന്നുറപ്പായ രക്തം മാത്രം സ്വീകരിക്കുക
?രോഗലക്ഷണങ്ങൾ കണ്ടാൽ ഉടൻ വിദഗ്‌ധ ചികിത്സ തേടുക
?ലൈംഗികപങ്കാളിയുടെ ചികിത്സ ഡോക്ടറുടെ നിർദേശാനുസരണം ചെയ്യുക
ലൈംഗികരോഗസംക്രമണം നിയന്ത്രണവിധേയമാക്കിയാൽ എച്ച്ഐവി അണുബാധിതരുടെ തോത് ഗണ്യമായി കുറയ്ക്കാൻ സാധിക്കും.
ബന്ധങ്ങൾ സുരക്ഷിതമാകട്ടെ…
സമൂഹം എന്ന പരിവർത്തനശക്തി ഇനിയും മുന്നേറട്ടെ …