· 4 മിനിറ്റ് വായന

HIV രോഗമുക്‌തി: ആശകളും ആശങ്കകളും

Infectious Diseasesആരോഗ്യ അവബോധം

ഇംഗ്ലണ്ടിലെ കേംബ്രിഡ്‌ജ്‌ സർവകലാശാലയിൽ എച്.ഐ.വി ബാധിതൻ ആയ ഒരു വ്യക്തി മജ്ജ മാറ്റിവെക്കൽ ശസ്ത്രക്രിയയിലൂടെ ‘രോഗമുക്തൻ’ ആയെന്ന വാർത്ത പരക്കെ പൊതുജനശ്രദ്ധ ആകർഷിക്കുണ്ടായല്ലോ. ഈ സംഭവത്തെ വിശദീകരിക്കുകയാണ് ഈ ലേഖനം കൊണ്ട് ഉദ്ദേശിക്കുന്നത്.

Human Immunodeficiency Virus(HIV) എന്ന വൈറസ് ശരീരത്തിൽ പ്രവേശിച് ശരീരത്തിന്റെ രോഗപ്രതിരോധശേഷി സാരമായി ദുർബലപെടുമ്പോൾ ഉണ്ടാകുന്ന മാരകമായ രോഗവസ്ഥയെ ആണ് AIDS എന്നു പറയുന്നത്. ആദ്യം എങ്ങനെ ആണ് എച്.ഐ.വി അപകടകാരി ആവുന്നത് എന്നു നോക്കാം. ശരീരത്തിന്റെ പ്രതിരോധകോശങ്ങളിൽ വളരെ പ്രധാനപ്പെട്ട ഒരു തരം ശ്വേതാരക്താണുക്കൾ(White blood cells) ആണ് ഹെൽപെർ ടി കോശങ്ങൾ(Helper T-Cells). ഈ ഹെൽപ്പർ ടി ശ്വേതരക്താണുക്കളുടെ ഉള്ളിൽ കടന്നു കൂടി അവയെ നശിപ്പിക്കുന്നത് ആണ് എച്.ഐ.വി വൈറസിന്റെ രീതി. ഇത് വഴി ശരീരത്തിന്റെ രോഗപ്രതിരോധവ്യവസ്ഥ ദുര്ബലപ്പെടുന്നത് കാരണം മറ്റു രോഗാണുക്കളേയും, കാൻസർ കോശങ്ങളെയും ശരീരത്തിന് ഫലപ്രദമായി നേരിടാൻ കഴിയാതെ വരുന്നതാണ് എച്.ഐ.വി ബാധയിലെ രോഗകാരണം.

ഇനി എങ്ങനെ ആണ് എച്.ഐ.വി ഹെൽപ്പർ ടി കോശങ്ങൾക്ക് അകത്തു കടക്കുന്നത് എന്നു നോക്കാം. നമ്മുടെ കഥയിലെ വളരെ പ്രധാനപ്പെട്ട ഭാഗം ഇതാണ്. ഹെൽപ്പർ ടി കോശങ്ങളുടെ പുറത്ത് മാത്രം കാണുന്ന ചില പ്രത്യേക പ്രോട്ടീനുകളെ തിരിച്ചറിഞ്ഞു അവയെ ഉപയോഗിച്ചാണ് എച്.ഐ.വി വൈറസ് അവയുടെ ഉള്ളിൽ കടക്കുന്നത്. പ്രധാനമായും ശ്വേതാരക്താണുക്കളുടെ പുറത്ത് കാണുന്ന CD4, CCR5 എന്നീ പ്രോട്ടീനുകൾ ആണ് എച്.ഐ.വി വൈറസ് ഉപയോഗിക്കുന്നത്. ഈ പ്രോട്ടീനുകളുടെ അഭാവത്തിൽ എച്.ഐ.വി വൈറസിന് കോശങ്ങളെ ബാധിക്കുക സാധ്യമല്ല. അപൂർവങ്ങളിൽ അപൂർവം ആയി ചില മനുഷ്യരിൽ ജനിതകമ്യുട്ടേഷൻ കാരണം CCR5 പ്രോട്ടീൻ ഘടന സാധാരണയിൽ നിന്നും വ്യത്യസ്തം ആയതോ, CCR5 പ്രോട്ടീൻ ഇല്ലാത്തതോ ആയ അവസ്ഥ ഉണ്ടാവാറുണ്ട്. അവരുടെ ഹെൽപ്പർ ടി കോശങ്ങളെ ബാധിക്കുക വൈറസിന് സാധ്യം ആവാതെ വരും. എച്.ഐ.വി വൈറസിനെതിരെ ഇത്തരം വ്യക്തികൾക്ക് ജനിതകപരമായ പ്രതിരോധം ഉണ്ടാവാം. ഉത്തരയൂറോപ്പിലെ ഏതാനും 1% വ്യക്തികളിൽ ഇത്തരം CCR5 മ്യുട്ടേഷൻ ഉണ്ട്.

ഇനി കേംബ്രിഡ്ജ് സർവകലാശാലയിൽ ചികിത്സയിൽ ആയിരുന്ന “ലണ്ടൻ രോഗി”ക്ക് സംഭവിച്ചത് എന്താണെന്നു നോക്കാം. 2003ൽ ആണ് ഇദ്ദേഹത്തിന് എച്.ഐ.വി പിടിപെട്ടത്. ശരീരത്തിൽ എച്.ഐ.വി വൈറസുകളുടെ വളർച്ച ഫലപ്രദമായി തടയാൻ സാധിക്കുന്ന ആന്റി-റിട്രോ വൈറൽ(Anti retroviral therapy – ART) മരുന്നുകൾ ലഭ്യമാണ്. ഇത് വഴി ഏതാണ്ട് സാധാരണ ജീവിതം നയിക്കാൻ രോഗികൾക്ക് സാധിക്കും. ശരീരത്തിനകത്ത് വൈറസ് പെരുകുന്നത് തടയുക ആണ് ഈ മരുന്നുകൾ ചെയ്യുന്നത്. എന്നാലും വൈറസ് ബാധിച്ച ഹെൽപ്പർ ടി കോശങ്ങൾ ശരീരത്തിൽ കുറച്ചെങ്കിലും അവശേഷിക്കും എന്നത് കൊണ്ട് പൂർണമായി ഈ ഇൻഫെക്ഷൻ ശരീരത്തിൽ നിന്നു നീക്കം ചെയ്യാൻ ഈ മരുന്നുകൾ കൊണ്ട് സാധ്യമല്ല. എച്.ഐ.വി രോഗബാധ കണ്ടെത്തിയത് തൊട്ട് ആന്റി-റിട്രോ വൈറൽ മരുന്നുകൾ വഴി എച്.ഐ.വി ബാധയെ നിയന്ത്രണവിധേയം ആക്കിയാണ് ‘ലണ്ടൻ രോഗി’ ജീവിച്ചത്. അങ്ങനെ ഇരിക്കെ 2012ൽ ‘ഹോഡ്ജ്കിൻസ് ലിംഫോമ’ എന്ന ഒരു തരം രക്താർബുദം ഇദ്ദേഹത്തെ ബാധിച്ചു. മജ്ജയിൽ നിന്നു ചില ശ്വേതരക്താണുക്കൾ അനിയന്ത്രിതമായി ഉത്പാദിപിക്കപ്പെടുന്നതാണ് ഈ രോഗത്തിന് കാരണം. 2016 ൽ അർബുദം ഗുരുതരമായ അവസ്ഥയിൽ രോഗകാരണം ആയ മജ്ജ മാറ്റി ആരോഗ്യമുള്ള വ്യക്തിയുടെ മജ്ജ മാറ്റിവെക്കുന്ന ശസ്ത്രക്രിയയാണ് (Bone marrow transaplant) ഇദ്ദേഹത്തിന് നിർദ്ദേശിച്ചത്. കേംബ്രിഡ്ജ് സർവകലാശാലയിലെ ഡോ. രവീന്ദ്ര ഗുപ്തയുടെ നേതൃത്വത്തിൽ ആണ് ശസ്ത്രക്രിയ നടന്നത്.

എന്താണ് മജ്ജ മാറ്റിവെക്കൽ ശസ്ത്രക്രിയയിൽ ചെയ്യുന്നത്? അര്ബുദകോശങ്ങളെ നിർമിക്കുന്ന രോഗിയുടെ മജ്ജയെ റേഡിയേഷൻ വഴിയോ, മരുന്നുകൾ വഴിയോ പൂർണമായി നശിപ്പിച്ചതിന് ശേഷം ആരോഗ്യമുള്ള ഒരു വ്യക്തിയുടെ മജ്ജ മാറ്റിവെക്കുകയാണ് ഈ ചികിത്സാരീതി. മാറ്റിവെക്കപ്പെട്ട മജ്ജ തുടർന്ന് രോഗിയുടെ ശരീരത്തിൽ രക്തകോശങ്ങളെ നിർമിക്കും. അഥവാ, ശസ്ത്രക്രിയക്ക് ശേഷം മജ്ജ ദാതാവിന്റെ ശരീരത്തിലേത് സമാനമായ രക്തകോശങ്ങൾ ആയിരിക്കും മജ്ജ മാറ്റിവെക്കപ്പെട്ട രോഗിയിൽ പിന്നീട് ഉണ്ടാവുക. നമ്മുടെ ‘ലണ്ടൻ രോഗിയുടെ’ കാര്യത്തിൽ CCR5 മ്യുട്ടേഷൻ ഉള്ള ഒരു വ്യക്തിയിൽ നിന്നാണ് ആദേഹത്തിന് മജ്ജ മാറ്റിവെച്ചത്. മജ്ജ മാറ്റിവെക്കലിന് ശേഷം അദ്ദേഹത്തിന്റെ ശരീരം പിന്നെ നിർമിച്ചത് CCR5 പ്രോട്ടീൻ ഇല്ലാത്ത ഹെൽപ്പർ ടി കോശങ്ങൾ ആയിരുന്നു! ഈ കോശങ്ങളിൽ എച്.ഐ.വി വൈറസ് ബാധ അസാധ്യമാണല്ലോ. അങ്ങനെ ആണ് ഇദ്ദേഹം ഇപ്പോൾ എച്.ഐ.വി മുക്തൻ ആയത്. നേരത്തെ കൊടുത്തു കൊണ്ടിരുന്ന ആന്റി-റിട്രോവൈറൽ മരുന്നുകൾ ഇദ്ദേഹം ഇപ്പൊൾ ഉപയോഗിക്കുന്നില്ല. ARTയുടെ അഭാവത്തിൽ 18മാസം കഴിഞ്ഞിട്ടും എച്.ഐ.വി വൈറസിനെ ഇദ്ദേഹത്തിന്റെ ശരീരത്തിൽ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. 🙂 Case of sustained remission എന്നാണ് ഈ അവസ്ഥയെ ഡോ. ഗുപ്ത വിശേഷിപ്പിക്കുന്നത്. കാലങ്ങൾ കൂടെ കഴിഞ്ഞു മാത്രമേ പൂർണമായി “രോഗമുക്തൻ (cured)” എന്ന് പറയാൻ സാധിക്കുകയുള്ളൂ.

ഈ രീതിയിൽ എച്.ഐ.വി മുക്തൻ ആയ ലോകത്തിലെ രണ്ടാമത്തെ വ്യക്തി ആണ് ലണ്ടൻ രോഗി. 12 വർഷങ്ങൾക്ക് മുന്നേ മറ്റൊരു വ്യക്തിയും ഇതേ രീതിയിലുള്ള ക്യാൻസർ ചികിത്സയുടെ ഭാഗമായി നടന്ന മജ്ജമാറ്റിവെക്കൽ ശസ്ത്രക്രിയ വഴി എച്.ഐ.വി മുക്തൻ ആയിരുന്നു. “ബെർലിൻ രോഗി” എന്ന് വിളിപ്പേരുള്ള അദ്ദേഹം ഇന്നും രോഗമുക്തൻ ആയി ജീവിച്ചിരിപ്പുണ്ട്.

എന്താണ് കേംബ്രിഡ്ജ് സർവകലാശാലയിൽ നടന്നത് എന്ന് മനസിലായ സ്ഥിതിക്ക് അടുത്തതായി ഈ സംഭവവും ആയി ബന്ധപ്പെട്ട എച്.ഐ.വി രോഗചികിത്സയിലെ സാധ്യതകൾ നമുക്ക് നോക്കാം.

1. മജ്ജമാറ്റിവെക്കൽ ശസ്ത്രക്രിയ എച്.ഐ.വി ചികിത്സയ്ക്ക് ഉപയോഗിക്കാവുന്ന സാധുവായ ഒരു മാർഗം അല്ല,ഇപ്പോഴും. മജ്ജ മാറ്റിവെക്കൽ ശസ്ത്രക്രിയ വഴി എച്.ഐ.വി മുക്തം ആയ ലോകത്തിലെ രണ്ട് കേസുകളും എച്.ഐ.വിക്ക് വേണ്ടി ചെയ്ത ചികിത്സകൾ അല്ലെന്ന് മനസിലാക്കണം. ഗുരുതരമായ രക്താർബുദത്തിനുള്ള ചികിത്സയായാണ് മജ്ജ മാറ്റിവെക്കൽ ചെയ്തത്. ഒരുപാട് സങ്കീർണതകൾക്ക് സാധ്യത ഉള്ള ശസ്ത്രക്രിയ ആണ് മജ്ജ മാറ്റിവെക്കൽ. അതിനേക്കാൾ പതിന്മടങ്ങ് സുരക്ഷിതം ആണ് ഇന്ന് ലഭ്യമായിട്ടുള്ള ART മരുന്നുകൾ. Risk-benefit-cost analysis വെച്ച് നോക്കിയാൽ മജ്ജ മാറ്റിവെക്കൽ ഇപ്പോഴത്തെ അവസ്ഥയിൽ എച്.ഐ.വിക്ക് സാധുവായ ഒരു ചികിത്സാ മാർഗം അല്ല.

2. CCR5 മ്യുട്ടേഷൻ ഉള്ള വ്യക്തകളിൽ നിന്നു മജ്ജ മാറ്റിവെച്ചാൽ മാത്രമേ ഈ രീതിയിൽ എച്.ഐ.വി നിർമാർജനം സാധ്യമാവൂ. നോർത്ത് യൂറോപ്യൻ മേഖലയിലെ ഏതാണ്ട് 1% വ്യക്തികളിൽ മാത്രം കാണുന്ന ഒരു അപൂർവ മ്യുട്ടേഷൻ ആണ് ഇത്. അവയവമാറ്റിവെക്കൽ(organ transplant)ന് മുന്നേ വേണ്ടുന്ന അവശ്യമായ നിബന്ധന ആണ് സ്വീകർത്താവും ദാതാവും തമ്മിൽ വേണ്ടുന്ന tissue matching. അതായത് CCR5 മ്യുട്ടേഷൻ ഉള്ള വ്യക്തിയിൽ നിന്നു മജ്ജ സ്വീകരിക്കണമെങ്കിൽ തന്നെ മറ്റ് പല രീതിയിലും tissue matching സാധ്യം ആവേണ്ടതുണ്ട്.

3. ഈ രീതിയിൽ ഉള്ള മജ്ജ മാറ്റിവെക്കൽ ശസ്ത്രക്രിയ ഒരുപക്ഷേ, എച്.ഐ.വി ചികിത്സയിൽ സാധുവായ ഒരു മാർഗം ആവില്ലെങ്കിലും എച്.ഐ.വി ചികിത്സക്കുള്ള നൂതനമായ ചില സാധ്യതകൾ ഇത് മുന്നോട്ട് വെക്കുന്നുണ്ട്. CCR5 പ്രോട്ടീനെ ലക്ഷ്യം വെച്ച് കൊണ്ടുള്ള ചികിത്സാരീതികൾ ഫലപ്രദം ആവാൻ സാധ്യത ഉണ്ട്. എച്.ഐ.വി രോഗിയുടെ ശരീരത്തിലെ CCR5 പ്രോട്ടീനുകൾക്കെതിരെ പ്രവർത്തിക്കുന്ന മരുന്നുകൾ ഗവേഷണഘട്ടങ്ങളിൽ ഇപ്പോൾ തന്നെ നിലവിൽ ഉണ്ട്.

CCR5 പ്രോട്ടീൻ നിർമിക്കുന്ന ജീനിനെതിരെ ജനിതകസാങ്കേതിക വിദ്യകൾ വഴിയുള്ള ചികിത്സാമാർഗങ്ങളും ഗവേഷണ പരിധിയിൽ ഉണ്ട്. ജീൻ എഡിറ്റിംഗിലെ സാങ്കേതികസങ്കീർണതകളും, നൈതികവിഷയങ്ങളും കുറെക്കൂടെ മെച്ചപ്പെടുമ്പോൾ ഭാവിയിൽ സാധ്യമായ ഒരു ചികിത്സ മാർഗം ആണ് ഇത്.

അവസാനമായി ഇന്ന് സാധ്യമായ എച്.ഐ.വി ചികിത്സയെ കുറിച്ച് കൂടെ പറഞ്ഞു കൊണ്ട് നിർത്താം.വളരെ നിയന്ത്രണവിധേയം ആയ ഒരു അസുഖം ആണ് ഇന്ന് എച്.ഐ.വി. ശരിയായ സമയത്ത് കണ്ടെത്തി ചികിൽസ തുടർന്നാൽ എച്.ഐ.വി ബാധിതൻ അല്ലാത്ത ഒരാളുടേതിനു സമാനമായ ആയുസ് പോലും ഇന്ന് സാധ്യമാണ്. ഡയബറ്റിസ് വേണോ, എഛ്.ഐ.വി വേണോ എന്നൊരു ചോയ്സ് തിരഞ്ഞെടുക്കേണ്ടി വന്നാൽ എച്.ഐ.വി ആണ് സങ്കീർണതകൾ കുറഞ്ഞതും, ചികിൽസിക്കാൻ എളുപ്പവുമായ കൂടുതൽ മെച്ചപ്പെട്ട രോഗം എന്നു വരെ ചികിത്സരംഗത്ത് ഉള്ളവർ പറയുന്നുണ്ട്! പക്ഷെ, ലൈംഗികബന്ധം കൊണ്ട് പകരാം എന്ന കാരണം കൊണ്ട് എപ്പോഴും തിരശീലയ്ക്ക് പിറകിലും, ഒച്ചയടച്ച സ്വകാര്യസംഭാഷണങ്ങളിലും, തെറ്റായ വിവരങ്ങളിലും മാത്രം ഒതുങ്ങി പോകുന്ന ഒരു രോഗം ആണ് എച്.ഐ.വി.

ഇന്നത്തെ സാഹചര്യത്തിൽ എച്.ഐ.വി ബാധിതർക്ക് മെഡിക്കൽ പ്രശ്നങ്ങളെക്കാൾ കൂടുതൽ നേരിടേണ്ടി വരുന്നത് സാമൂഹികമായ പ്രശ്‌നങ്ങളും മാനസികപ്രശ്നങ്ങളും ആണ്. ശരിയായ അവബോധവും, രോഗത്തെ സംബന്ധിച്ച ശാസ്ത്രീയവീക്ഷണവും സമൂഹത്തിൽ ഉണ്ടാവേണ്ടത് ചികിത്സയെ പോലെ തന്നെ പ്രധാനമാണ്.

ലേഖകർ
ചിത്രകാരൻ
Design Co-ordinator, Infoclinic.

മികച്ച വർഗ്ഗങ്ങൾ

എല്ലാ വർഗ്ഗങ്ങളും
പൊതുജനാരോഗ്യം

284 ലേഖനങ്ങൾ

Current Affairs

240 ലേഖനങ്ങൾ

കോവിഡ്-19

236 ലേഖനങ്ങൾ

ആരോഗ്യ അവബോധം

115 ലേഖനങ്ങൾ

സുരക്ഷ

64 ലേഖനങ്ങൾ

ശിശുപരിപാലനം

59 ലേഖനങ്ങൾ

കിംവദന്തികൾ

53 ലേഖനങ്ങൾ

Infectious Diseases

52 ലേഖനങ്ങൾ

Medicine

45 ലേഖനങ്ങൾ