· 5 മിനിറ്റ് വായന

നിയന്ത്രണങ്ങൾക്കു ശേഷമുള്ള ആശുപത്രിക്കാലം

Current Affairsകോവിഡ്-19പകര്‍ച്ചവ്യാധികള്‍പൊതുജനാരോഗ്യം

നിപ്പാ കാലം ഓർമ്മയുണ്ടോ ? ഈ കൊച്ചു കേരളത്തിൽ മാത്രം ഇരുപതിലധികം പേരെ ബാധിച്ച്, രണ്ട് പേരൊഴികെ മറ്റെല്ലാവരും മരണമടഞ്ഞ അസുഖം ?

അന്ന് അസുഖം പകർന്നത് എവിടെ വെച്ചാണ് എന്ന് ആരെങ്കിലും ഓർക്കുന്നുണ്ടോ ?

പ്രധാനമായും മൂന്നു സ്ഥലങ്ങൾ. മൂന്നും ആശുപത്രികൾ – പേരാമ്പ്ര താലൂക്ക് ആശുപത്രി, കോഴിക്കോട് മെഡിക്കൽ കോളേജ്, ബാലുശ്ശേരി സാമൂഹിക ആരോഗ്യ കേന്ദ്രം. ആദ്യത്തെ ഒരു കേസ് ഒഴികെ ബാക്കിയുള്ള ബഹുഭൂരിപക്ഷവും പകർന്നത് ആശുപത്രികളിൽ വച്ച്.

നിപ്പ കാലം നാം മറന്നു തുടങ്ങിയെങ്കിലും കോവിഡ് കാലം മറക്കാൻ സമയമായിട്ടില്ല.

ഓർക്കേണ്ട ചിലത്:

പകർച്ചവ്യാധി വ്യാപന സാധ്യത കൂടുതലുള്ള സ്ഥലമാണ് ആശുപത്രികൾ. പ്രത്യേകിച്ച് കോവിഡ് പോലെ വളരെ പ്രത്യേകതയുള്ള ഒരു അസുഖത്തിന്റെ കാര്യത്തിൽ.

വൈറസ് ശരീരത്തിൽ കയറി, രോഗലക്ഷണങ്ങൾ ആരംഭിക്കുന്നതിനു മുൻപ് പോലും പകർന്നുനൽകാൻ സാധ്യതയുള്ള അസുഖമാണ് കോവിഡ്.

വൈറസ് ശരീരത്തിൽ പ്രവേശിച്ച ഒരാൾ ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും തെറിക്കുന്ന ചെറുതുള്ളികൾ മുഖേന, അവ പറ്റിപ്പിടിച്ചിരിക്കുന്ന പ്രതലങ്ങളിൽ സ്പർശിക്കുന്നവർ, ആ കൈ കൊണ്ട് മൂക്കോ വായയോ കണ്ണോ തിരുമ്മിയാൽ പോലും പകരാൻ സാധ്യതയുള്ള അസുഖം.

ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ ക്രമാനുഗതമായി പിൻവലിക്കുമ്പോൾ:

അപ്പോൾ ഏറ്റവും കൂടുതൽ തിരക്ക് വരാൻ സാധ്യതയുള്ള സ്ഥലങ്ങൾ ആശുപത്രികളാണ്.

ദിവസങ്ങളായി മാറ്റിവച്ചിരുന്ന ആശുപത്രി സന്ദർശനങ്ങൾ, തുടർച്ചയായി പകർച്ചേതര രോഗങ്ങൾക്ക് മരുന്നു കഴിക്കുന്നവരുടെ തുടർചികിത്സ,
മാറ്റിവെച്ച ഇലക്ടീവ് സർജറികൾ, നിയന്ത്രണങ്ങൾ കുറയുമ്പോൾ കൂടാൻ സാധ്യതയുള്ള അപകടങ്ങൾ തുടങ്ങി നൂറുകണക്കിന് കാരണങ്ങൾ കൊണ്ട് ജനങ്ങൾ ആശുപത്രിയിലേക്ക് ഓടിയെത്തും.

“കേരളത്തിൽ അസുഖങ്ങൾ ഇല്ലായിരുന്നു, കോവിഡ് കാലം അത് തെളിയിച്ചതല്ലേ” എന്നൊക്കെയുള്ള വാട്സ്ആപ്പ് കേശവൻ മാമന്മാരുടെ മണ്ടത്തരങ്ങൾ വിശ്വസിക്കരുത് എന്ന് കേരളത്തിലെ ജനങ്ങൾക്കറിയാം, സ്വന്തം ജീവനോടും ആരോഗ്യത്തോടും അത്യാവശ്യം സ്നേഹം ഉള്ളവർക്ക് ഒക്കെ അറിയാം. അതുകൊണ്ട് ആശുപത്രികളിലെ തിരക്കുകൾ ലളിതമായ വിഷയമല്ല.

ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ പിൻവലിക്കുമ്പോൾ ആശുപത്രിയിൽ വേണ്ട കരുതലുകൾ എന്തൊക്കെ ?

അത്യാവശ്യമില്ലാത്ത ആശുപത്രി സന്ദർശനങ്ങൾ ഒഴിവാക്കുക.

ടെലിമെഡിസിൻ പോലുള്ള നൂതന സങ്കേതങ്ങൾ മാർഗ്ഗ നിർദ്ദേശങ്ങൾക്കനുശ്രുതമായി ഉപയോഗയുക്തമാക്കുക.

സർക്കാർ ആശുപത്രികളിൽ ഉൾപ്പെടെ മുൻകൂട്ടി അപ്പോയ്മെൻറ് എടുക്കുന്ന സംവിധാനം നടപ്പാക്കുകയും, അത് ഏവരും പ്രയോജനപ്പെടുത്തുകയും ചെയ്യുക.

ടോക്കൺ സിസ്റ്റം ഒ.പി യിൽ മാത്രമല്ല റിസപ്ഷൻ, ഫാർമസി, ലാബ് എന്നിവിടങ്ങളിലും കൃത്യമായി നടപ്പാക്കുക.

ലാബ് റിസൾട്ടുകൾ സുരക്ഷിതമായി ലിങ്ക് ചെയ്ത കമ്പ്യൂട്ടർ ശൃംഖലാ സംവിധാനം മുഖേന ലഭ്യമാക്കുക.

ആശുപത്രിയിൽ ക്യൂ നിൽക്കേണ്ട സ്ഥലങ്ങളുണ്ടെങ്കിൽ തന്നെ രണ്ടുമീറ്റർ അകലത്തിൽ നിലത്ത് അടയാളപ്പെടുത്തുക. പെയിൻറ് കൊണ്ട് വരയ്ക്കുകയോ, ചുവപ്പോ പച്ചയോ മറ്റോ കളറുകളിലുള്ള ടേപ്പ് ഉപയോഗിച്ച് നിലത്ത് ഒട്ടിക്കുകയോ ചെയ്യാം.

രോഗികൾക്കും സന്ദർശകർക്കും ഇരിക്കാൻ വേണ്ടിയുള്ള കസേരകളിൽ ഒന്നിടവിട്ടുള്ളത് ഒഴിച്ചിടുക.

ആശുപത്രികളിൽ ബാത്ത്റൂമിന് വെളിയിൽ 70% ആൽക്കഹോൾ ഉള്ള ഹാൻഡ് സാനിറ്റൈസർ സ്ഥാപിക്കുക. കയറുമ്പോഴും ഇറങ്ങുമ്പോഴും എല്ലാവരും കൈകൾ വൃത്തിയാക്കണം.

ഓരോ വാർഡിലും പ്രധാന റൂമുകളിലും കയറുമ്പോഴും ഇറങ്ങുമ്പോഴും ഉപയോഗിക്കാൻ പറ്റുന്ന രീതിയിൽ സാനിറ്റൈസർ സ്ഥാപിക്കുക.

ആശുപത്രികളിൽ വരുന്നവർ നിർബന്ധമായും മാസ്ക് ധരിക്കുക.

ആശുപത്രിയിലെ മേശ, കസേര പോലുള്ള പ്രതലങ്ങളിൽ സ്പർശിക്കാതിരിക്കാൻ ശ്രദ്ധിക്കുക.

കൈകൾ മുഖത്ത് സ്പർശിക്കാതിരിക്കുക.

കൈകൾ സോപ്പും വെള്ളവും അല്ലെങ്കിൽ 70% ആൽക്കഹോൾ ഉള്ള സാനിറ്റൈസർ ഉപയോഗിച്ച് വൃത്തിയാക്കുക.

ആശുപത്രിയിൽ നിന്നും തിരികെ വീട്ടിലെത്തിയ ശേഷം സോപ്പ് തേച്ച് കൈകൾ കഴുകിയതിനുശേഷം/കുളിച്ചതിനു ശേഷം മാത്രം മറ്റു കാര്യങ്ങൾ ചെയ്യുക.

രോഗിയുടെ കൂടെ കഴിയുന്നതും സ്ഥിരമായി ഒരാൾ തന്നെ നിൽക്കുക, ദിവസേന 3-4 പേർ മാറി മാറി ബൈ സ്റ്റാൻഡർമാരായി നിൽക്കുന്നതൊക്കെ രോഗവ്യാപന സാധ്യത കൂട്ടും.

രോഗീ സന്ദർശനം എന്ന “അനാവശ്യ” സാമൂഹികാചാരത്തിന് കോവിഡ് മഹാമാരിയോടെ മലയാളികൾ അന്ത്യം കുറിയ്ക്കണം.

രോഗവിവരങ്ങൾ ഫോണിലൂടെയും മറ്റും അന്വേഷിച്ചറിയുക.

പകർച്ചവ്യാധി വരുന്നതിൽ മറ്റുള്ളവരെ കുറ്റപ്പെടുത്തുന്നതിൽ അർത്ഥമില്ല, പലപ്പോഴും നമ്മുടെ അശ്രദ്ധ കൂടി അതിന് കാരണമാവുന്നു എന്നോർക്കുക. ശാരീരിക അകലം പാലിക്കുക, വ്യക്തി ശുചിത്വം പാലിക്കുക എന്നതൊക്കെ വ്യക്തിഗത കടമയാണ് എന്ന് മനസ്സിലാക്കണം.

കോവിഡിൻ്റെ പരിണിത ഫലമായി പുതിയൊരു ആരോഗ്യ സംസ്കാരവും പുതുതായി ഉയർന്നു വരട്ടെ !

ലേഖകർ
Dr. Deepu Sadasivan. Obtained a medical degree from Kottayam Medical College. Currently working in Kerala State health services department. Articles related to Medical science have been published in periodicals and newspapers.
Dr. Jinesh P.S. Completed MBBS and MD in Forensic Medicine from Govt Medical College, Kottayam. He has worked in Dept. of Forensic at Govt Medical College, Kottayam as Lecturer and at Community Health Center Kumarakom and Edayazham as Medical Officer. He is interested in spreading of scientific temper, health awareness.
ചിത്രകാരൻ
Design Co-ordinator, Infoclinic.

മികച്ച വർഗ്ഗങ്ങൾ

എല്ലാ വർഗ്ഗങ്ങളും
പൊതുജനാരോഗ്യം

284 ലേഖനങ്ങൾ

Current Affairs

240 ലേഖനങ്ങൾ

കോവിഡ്-19

236 ലേഖനങ്ങൾ

ആരോഗ്യ അവബോധം

115 ലേഖനങ്ങൾ

സുരക്ഷ

64 ലേഖനങ്ങൾ

ശിശുപരിപാലനം

59 ലേഖനങ്ങൾ

കിംവദന്തികൾ

53 ലേഖനങ്ങൾ

Infectious Diseases

52 ലേഖനങ്ങൾ

Medicine

45 ലേഖനങ്ങൾ