· 4 മിനിറ്റ് വായന

കോവിഡ്-19 ശരീരത്തിന് പുറത്ത്‌ അതിജീവിക്കുമോ?

Current Affairsകോവിഡ്-19പകര്‍ച്ചവ്യാധികള്‍പൊതുജനാരോഗ്യംസുരക്ഷ

ശരീരത്തിന് പുറത്ത് കോവിഡ് 19 വൈറസ് എത്രത്തോളം അതിജീവിക്കും ?

അദൃശ്യരായ സൂക്ഷ്മാണുക്കൾ നമ്മുക്കു ചുറ്റുമുണ്ടെന്ന ശാസ്ത്രസത്യം, നിത്യജീവിതത്തിൽ പലരും ഓർക്കാറുണ്ടായിരുന്നിരിക്കില്ല. എന്നാൽ നാം സ്പർശിക്കുന്ന ഓരോ പ്രതലത്തിലും, ഉള്ളിലേക്കെടുക്കുന്ന ഓരോ ശ്വാസത്തിലും, നമുക്കു ചുറ്റും തന്നെയും എവിടെയൊക്കെയോ രോഗകാരണമായ വൈറസുകൾ അദൃശ്യമായി ഉണ്ടെന്ന ഭീതി, ഈ കൊറോണ കാലത്തുണ്ടാവാം.

കൊറോണ വൈറസുകൾ ശരീരത്തിന് പുറത്ത്, എത്ര സമയം ജീവിക്കും, എന്നത് പൊതുവെയുള്ള ഒരു സംശയമാണ്.

COVID19 കൊറോണ രോഗാണുക്കൾ എങ്ങനെയൊക്കെയാണ് നമ്മുടെ ഉള്ളിലെത്തുന്നത് ?

ഇതുവരെ ലഭ്യമായ ശാസ്ത്രീയ വിവരങ്ങൾ പറയാം.

A. കൊറോണ വൈറസുകൾ, ശരീരത്തിന് പുറത്ത്, അന്തരീക്ഷത്തിൽ തങ്ങി നിന്നു കൊണ്ട്, രോഗം പരത്തുമോ?

ഈ വൈറസ് പകരുന്നത് Droplet infection രീതിയിലാണ്,

?1. അതായത് രോഗികൾ തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും പുറത്തെത്തുന്ന ചെറു കണങ്ങൾ (droplet), നേരിട്ട് മറ്റു വ്യക്തികളുടെ മൂക്കിലോ കണ്ണിലോ വായിലോ എത്തുമ്പോഴാണ് (direct droplet transmission) രോഗം പകരുന്നത്. ഈ ചെറു കണങ്ങൾ, വായുവിൽ അധികനേരം തങ്ങി നിൽക്കാൻ മാത്രം ചെറുതല്ല. ഇവ ഭാരമുള്ളവയായതിനാൽ തന്നെ, അന്തരീക്ഷത്തിൽ തങ്ങി നിൽക്കാതെ, ഒരു മീറ്റർ ചുറ്റളവിനുള്ളിൽ തന്നെ, തെറിച്ച് , പല പ്രതലങ്ങളിൽ വീണ് പറ്റി കിടക്കും.

?2.രോഗികൾ മുഖേന പ്രതലങ്ങളിൽ എത്തപ്പെടുന്ന കണങ്ങൾ, മറ്റുള്ളവർ സ്പർശിച്ച ശേഷം അവരുടെ കണ്ണ് മൂക്ക്, വായ് എന്നിവ വഴിയുണ്ടാവുന്ന നേരിട്ടല്ലാത്ത പകർച്ചയെ (indirect droplet transmission) വിളിക്കുന്നത് ഫോമൈറ്റ് (fomite) ട്രാൻസ്മിഷൻ എന്നാണ്. ഈ രണ്ടു രീതികളിലൂടെയാണ് കൊറോണ വൈറസ് പകരുന്നത്.

?3. എന്നാൽ Air Borne ഇൻഫെക്ഷൻ എന്ന മറ്റൊരു തരം രോഗപ്പകർച്ചാ രീതി ഉണ്ട്. ഈ രീതിയിൽ കൊറോണ വൈറസുകൾ പകരില്ല.

☢️മേൽപ്പറഞ്ഞ, അന്തരീക്ഷത്തിൽ തങ്ങിനിൽക്കുന്ന ഡ്രോപ്‌ലെറ്റുകളെക്കാൾ, തീരെ ചെറിയ കണങ്ങളാണ് മറ്റു ചില അസുഖങ്ങളായ, അഞ്ചാം പനി, ചിക്കൻപോക്സ്, ക്ഷയം എന്നീ രോഗപകർച്ച ഉണ്ടാക്കുന്നത്.

☢️രോഗിയുടെ വായിൽ നിന്നോ, മൂക്കിൽ നിന്നോ പുറത്തെത്തുന്ന രോഗാണു അടങ്ങിയ ഇത്തരം തീരെ ചെറിയ കണങ്ങൾ, അന്തരീക്ഷത്തിൽ തങ്ങി നിൽക്കുകയും, രോഗി അവിടെ നിന്ന് പോയാലും പിന്നീട് മണിക്കൂറുകൾക്ക് ശേഷം അവിടെ എത്തുന്ന മറ്റൊരു വ്യക്തി, ശ്വസിക്കുന്ന വായുവിലൂടെ ഇത് പകരുകയും ചെയ്യുന്നതാണ് എയർബോണ് പകർച്ച (airborne transmission).

☢️എന്നാൽ കൊറോണ വൈറസുകൾക്ക് ഇത് വരെ ഡ്രോപ്‌ലെറ്റ് പകർച്ച മാത്രമേ കണ്ടെത്തിയിട്ടുള്ളൂ. എയർബോണ് പകർച്ചാ രീതി ഇല്ല.

☢️അപ്പോൾ നാം പോകുന്നിടത്തൊക്കെയുള്ള പൊതുവിടങ്ങളിൽ ഒക്കെ ശ്വസിക്കുന്ന വായുവിൽ ജീവനുള്ള വൈറസുകളുണ്ടോയെന്ന അമിതഭീതി വേണ്ടെന്നു സാരം.

?4. എന്താണ് എയ്‌റോസോളുകൾ? അന്തരീക്ഷത്തിൽ എയ്‌റോസോളുകളിൽ കൊറോണ വൈറസ് ദീർഘ നേരം തങ്ങി നിൽക്കുന്നതായി കണ്ടെത്തിയിട്ടുണ്ടോ?

▶️ആശുപത്രിയിൽ ചെയ്യുന്ന ചില പ്രക്രിയകളുടെ ഫലമായി രോഗിയുടെ ശ്വാസ കോശത്തിൽ നിന്ന് പുറത്തെത്തി അന്തരീക്ഷത്തിൽ തങ്ങി നിൽക്കാൻ ശേഷിയുള്ള ചെറിയ കണങ്ങളാണ് ഇവ.

▶️നെബുലൈസേഷൻ, വെന്റിലേഷൻ, ശ്വാസകോശത്തിലേക്ക് നേരിട്ട് കുഴൽ ഇറക്കുന്ന ഇൻട്യുബേഷൻ തുടങ്ങിയ പ്രക്രിയകൾക്കിടയിൽ പുറത്തെത്തുന്ന, ഇത്തരം വൈറസ് അടങ്ങിയ എയ്‌റോസോളുകൾ, മൂന്നു മണിക്കൂറോളം അന്തരീക്ഷത്തിൽ തങ്ങി നിൽക്കാം. അതിനാൽ തന്നെ, ഈ പ്രക്രിയകൾ നടത്തുന്ന വേളയിൽ, ആരോഗ്യപ്രവർത്തകൾ നിർദ്ദിഷ്ട പൂർണ്ണവ്യക്തിഗതസുരക്ഷാ മാർഗ്ഗങ്ങൾ സ്വീകരിക്കണം. ഇതിന് N95 മാസ്കിന്റെ ഉപയോഗവും നിർബന്ധമാണ്.

B. പ്രതലങ്ങളിൽ കോവിഡ് 19 വൈറസ് എത്ര സമയം രോഗം പകർത്തുന്ന നിലയിൽ തുടരാം?

?തെറിച്ചു വീഴുന്ന കണങ്ങളിലടങ്ങിയിട്ടുള്ള കൊറോണ വൈറസുകൾ, ഏതാനും മണിക്കൂറുകൾ മുതൽ ദിവസങ്ങൾ വരെ പ്രതലങ്ങളിൽ അതിജീവിച്ചേക്കാം.

?ഈയടുത്ത് പ്രസിദ്ധീകരിക്കപ്പെട്ട പഠനമനുസരിച്ച്, ചെമ്പ് പ്രതലങ്ങളിൽ നാല് മണിക്കൂറും, കാർഡ് ബോർഡിൽ 24 മണിക്കൂറും, പ്ലാസ്റ്റിക്ക് സ്റ്റീൽ പ്രതലങ്ങളിൽ 3 മുതൽ 4 ദിവസത്തോളവും കോവിഡ് 19 വൈറസ് അതിജീവിക്കാം.

C. ശരീരത്തിന് പുറത്തുള്ള വൈറസിന്റെ അതിജീവനത്തെ ബാധിക്കുന്ന മറ്റു ഘടകങ്ങൾ എന്തൊക്കെയാവാം?

⏹️a. പ്രതലങ്ങൾ ബ്ലീച്ച്‌ ലായനി, 70% വീര്യമുള്ള ആൽക്കഹോൾ എന്നിവ കൊണ്ട് തുടയ്ക്കുന്നത് വൈറസിനെ നശിപ്പിക്കും.

⏹️b. അന്തരീക്ഷ താപനിലയും, പ്രതലങ്ങളിലെ താപനിലയും കോവിഡ് 19 വൈറസിനെ നശിപ്പിക്കുമോ?

⏹️ഇപ്പോഴത്തെ കോവിഡ് 19 വൈറസിനെ കുറിച്ചുള്ള പഠനങ്ങൾ ലഭ്യമല്ലെങ്കിലും, അന്തരീക്ഷ താപനില, ഊഷ്മാവ് എന്നിവ, പ്രതലങ്ങളിൽ ജീവനോടെ വൈറസ് നിലനിൽക്കുന്നതിന്റെ സമയത്തെ ബാധിച്ചേക്കാം, എന്ന് മുൻ പഠനങ്ങൾ പറയുന്നു.

✴️എന്നാൽ ഈ ഘടകങ്ങൾ രോഗം നേരിട്ട് വായുവിലൂടെ പകരുന്ന (direct droplet transmission) നിരക്കിനെ യാതൊരു രീതിയിലും സ്വാധീനിക്കുന്നില്ല എന്നത് പ്രസക്തമാണ്.

⏹️ഫോമൈറ്റ് ട്രാൻസ്മിഷൻ എന്ന നേരിട്ടല്ലാത്ത പകർച്ചാ രീതിയെ, താപനില, ഊഷ്മാവ് എന്നിവ ഏതെങ്കിലും രീതിയിൽ സ്വാധീനിക്കുന്നുണ്ടോ എന്നു പറയാനും, നിലവിൽ Covid 19 വൈറസിൽ നടത്തിയ പഠനങ്ങളൊന്നും തന്നെയില്ല.
ഫോമൈറ്റ് ട്രാൻസ്മിഷൻ കുറയ്ക്കാൻ, നിരന്തരം തൊടാൻ സാധ്യതയുള്ള വസ്തുക്കളും, പ്രതലങ്ങളും അണുവിമുക്തമാക്കാം.

ഉദാ: മൊബൈൽ ഫോണുകൾ, വാതിൽ പിടികൾ തുടങ്ങിയ ചെറിയ പ്രതലങ്ങൾ, 70% ആൽക്കഹോൾ ഉപയോഗിച്ച്, പത്തു മിനിറ്റ് കോണ്ടാക്ട് സമയം നൽകിയാൽ തന്നെ വൈറസ് വിമുക്തമാക്കാം. രോഗിയുടെ വസ്തുക്കൾ ബ്ലീച്ച് ലായനിയിൽ 30 മിനുട്ട് മുക്കി വെച്ചും വൈറസിനെ നിർജ്ജീവമാക്കാം. (5% ബ്ലീച്ച് സൊലൂഷൻ, നൂറിൽ ഒന്ന് എന്ന അളവിൽ വെള്ളത്തിൽ ചേർത്ത് ഈ ലായനി ഉണ്ടാക്കാം)

ഏറ്റവും കൂടുൽ കേട്ട ചില ചോദ്യങ്ങളും, അവയുടെ വിശദീകരണവും.

1️⃣ രോഗബാധിതരുള്ള ദൂരസ്ഥലങ്ങളിൽ നിന്നും വരുന്ന പാർസലുകളിൽ രോഗം പരത്തുമോ?

ഇങ്ങനെ വരുന്ന പാഴ്സലുകളോ കത്തുകളോ വഴി രോഗം പടർന്നതായി, ഇത് വരെ ലോകത്തെവിടെയും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. അത്‌ കൊണ്ട് തന്നെ ഇങ്ങനെയൊരു പകർച്ചാ രീതിയെക്കുറിച്ച് ആശങ്കപ്പെടേണ്ടതില്ല എന്നാണ് ലോകാരോഗ്യസംഘടന പറയുന്നത്.

2️⃣നാണയങ്ങളും, നോട്ടും കൈമാറുന്നത് വഴി രോഗപകർച്ച ഉണ്ടാവുമോ? ലോകാരോഗ്യ സംഘടന ഇത്തരത്തിൽ ഒരു പ്രസ്താവന പുറപ്പെടുവിച്ചു എന്ന വാർത്ത സത്യമാണോ?

?രോഗി ഉപയോഗിച്ച ഏത് വസ്തുക്കളും നേരിട്ട് കൈകാര്യം ചെയ്യുന്ന മറ്റൊരാൾക്ക് രോഗപ്പകർച്ച വരാൻ തത്വത്തിൽ സാധ്യതയുണ്ട്.

?ഒരു WHO വക്താവ് (പേര് പ്രസിദ്ധീകരിച്ചിട്ടില്ല) പറഞ്ഞ ഒരു കമന്റ് ഉദ്ധരിച്ചു ടെലിഗ്രാഫ് എന്ന മാധ്യമത്തിൽ വന്ന വാർത്തയാണ് ഈ ധാരണ പടരാൻ കാരണം. എന്നാൽ പിന്നീട് CNBC യോട് ലോകാരോഗ്യസംഘടനയുടെ മറ്റൊരു വക്താവ് തന്നെ കാര്യങ്ങൾ വ്യക്തമാക്കിയിരുന്നു.

?ലോകാരോഗ്യ സംഘടന കറൻസി നോട്ടുകൾ സംബന്ധിച്ച് ഇത്തരം ഒരു പ്രത്യേക നിർദ്ദേശമോ മാർഗ്ഗ രേഖയോ നൽകിയിട്ടില്ല, ക്യാഷ് ലെസ്സ് പേയ്‌മെന്റ് ഉപയോഗിക്കാനും നിർദ്ദേശം കൊടുത്തിട്ടില്ല.

?ചൈനയിലും ദക്ഷിണ കൊറിയയിലും നോട്ടുകൾ രോഗാണു വിമുക്തമാക്കാൻ ശ്രമിച്ചിരുന്നതും, കുറച്ച് നോട്ടുകൾ നശിപ്പിച്ചതും ഈ ആശങ്കകൾക്ക് കാരണമായിട്ടുണ്ടാവാം, എന്നാൽ ആ പ്രവർത്തി ശാസ്ത്രീയമായ തീർപ്പ് ഉണ്ടായതിനാൽ അല്ല, മറിച്ചു അനുമാനത്തിൽ അടിസ്ഥാനപ്പെടുത്തി മാത്രം ആയിരുന്നു.

?പോസിറ്റിവ് ആയ രോഗിയിൽ നിന്ന് നേരിട്ട് വാങ്ങുന്ന നാണയങ്ങളിൽ, സ്രവങ്ങൾ പുരണ്ടിട്ടുണ്ടെങ്കിൽ രോഗപ്പകർച്ച തത്വത്തിൽ സാധ്യമാണ്. എന്നാൽ ഈ വിഷയത്തിൽ ഇത് വരെ ഒരു ശാസ്ത്രീയ പഠനം നടന്നിട്ടില്ല.

?ഒരു പാട് പേർ കൈമാറി വന്ന നാണയങ്ങളിൽ നിന്ന് രോഗം പകരാനുള്ള സാധ്യത കുറവാണ്.
നാം തൊടുന്ന ഏതൊരു പ്രതലത്തിനും ഈ സാധ്യത നില നിൽക്കുന്നു എന്നോർക്കണം, ഉദാഹരണത്തിന് ക്യാഷ്നു പകരം കാർഡ് ഉപയോഗിക്കുന്നു എന്ന് കരുതുക കാർഡ് കൈകാര്യം ചെയ്യുന്ന ആളുടെ കൈകൾ അണുക്കൾ നിറഞ്ഞതായാലും , കാർഡ് മെഷീന്റെ ബട്ടണുകൾ രോഗാണുക്കൾ നിറഞ്ഞതായാലും ഒക്കെ സാധ്യതകൾ ഉണ്ട്.

?ആയതിനാൽ അമിത ആശങ്ക വിടുക, ഇതൊക്കെ മറികടക്കാൻ നമ്മുടെ മുന്നിൽ ഉള്ള മാർഗ്ഗം ഇത്തരം എന്ത് വസ്തു തൊട്ടതിനു ശേഷവും, ഇടയ്ക്കിടെയും നിർദ്ദിഷ്ട രീതിയിൽ കൈകൾ ശുചിയാക്കുന്ന ശീലമുണ്ടാക്കിയാൽമതി. ഈ വിദൂര സാധ്യതകളെ നമ്മുക്ക് ഒഴിവാക്കാം.

നോട്ട് തുപ്പൽ തൊട്ട് എണ്ണുന്ന ശീലം എന്തായാലും ഏവരും ഉപേക്ഷിക്കേണ്ടതുണ്ട്. (ഇത് പോലെ പേജുകൾ മറിക്കുന്നതും)

സൂക്ഷ്മാണുക്കളുടെ അതിജീവനത്തെക്കുറിച്ചു പഠനങ്ങൾ നടത്തുന്നത് പലരീതിയിലാണ്. ലബോറട്ടറി സാഹചര്യങ്ങളിൽ കൃത്രിമമായി വൈറസുകളുള്ള ചെറുകണങ്ങൾ ഉണ്ടാക്കി, അത് പല പ്രതലങ്ങളിലും, വായുവിലും സ്പ്രേ ചെയ്ത്, പല ഇടവേളകളിലായി സൂക്ഷ്മാണുക്കളുടെ സാന്നിധ്യം, ഇവിടെയൊക്കെ പരിശോധിക്കുന്ന രീതിയാണ് ഒന്ന്. താപനില, ഊഷ്മാവ്, വ്യത്യസ്ത പ്രതലങ്ങൾ, ആന്റിസെപ്റ്റിക്കു കളുടെ സാന്നിധ്യം എന്നിവയിലും ഈ പരിശോധനകൾ നടത്തും.

?Conclusion

?ദീർഘനേരം കഴിഞ്ഞും പ്രതലങ്ങളിൽ അതിജീവിക്കുന്ന വൈറസുകൾ രോഗം പരത്തുമെന്ന് ഉറപ്പിച്ചു പറയണമെങ്കിൽ, യഥാർഥ സാഹചര്യങ്ങളിൽ നിന്ന് രോഗം പകർന്നു കിട്ടിയ കേസുകളുടെ വിവരങ്ങൾ തന്നെ വേണം. വളരെ പുതിയ വൈറസ് ആയത് കൊണ്ട് തന്നെ, വിപുലമായ പഠനങ്ങൾ നടന്നു വരുന്നതേയുള്ളൂ.

?എന്നാൽ ഈ തെളിവുകൾ വരും കാലങ്ങളിൽ ലഭ്യമായാലും ഇല്ലെങ്കിലും, എല്ലാ പകർച്ചാസാധ്യതകളെയും മറികടക്കാൻ, നിലവിൽ നമുക്കറിയാവുന്ന രോഗപ്രതിരോധമാർഗ്ഗങ്ങൾ കൊണ്ട് തന്നെ സാധിക്കും. വ്യക്തിശുചിത്വം, ചുമ മര്യാദകൾ, ഇടയ്ക്കിടെയുള്ള കൈകഴുകൽ എന്നിവ ശരിയായി പാലിച്ചാൽ തന്നെ, ഇതിലേത് സാധ്യതയെയും തടയാം എന്നയറിവാണ് കൂടുതൽ പ്രധാനം.

ലേഖകർ
Dr. Deepu Sadasivan. Obtained a medical degree from Kottayam Medical College. Currently working in Kerala State health services department. Articles related to Medical science have been published in periodicals and newspapers.
ചിത്രകാരൻ
Design Co-ordinator, Infoclinic.

മികച്ച വർഗ്ഗങ്ങൾ

എല്ലാ വർഗ്ഗങ്ങളും
പൊതുജനാരോഗ്യം

284 ലേഖനങ്ങൾ

Current Affairs

240 ലേഖനങ്ങൾ

കോവിഡ്-19

236 ലേഖനങ്ങൾ

ആരോഗ്യ അവബോധം

115 ലേഖനങ്ങൾ

സുരക്ഷ

64 ലേഖനങ്ങൾ

ശിശുപരിപാലനം

59 ലേഖനങ്ങൾ

കിംവദന്തികൾ

53 ലേഖനങ്ങൾ

Infectious Diseases

52 ലേഖനങ്ങൾ

Medicine

45 ലേഖനങ്ങൾ