പീഡനങ്ങളെ അതിജീവിക്കാന്‍
?പീഡനങ്ങളെ അതിജീവിക്കാന്‍?
അതിക്രമങ്ങളുടെ മനശ്ശാസ്ത്രം-സ്ത്രീകള്ക്കും കുട്ടികള്ക്കും നേരെയുള്ള മാനസികമോ ശാരീരികമോ ലൈംഗികമോ ആയ അതിക്രമങ്ങള് അധികരിച്ചിരിക്കുന്ന ഇക്കാലത്ത് എന്തുകൊണ്ട് അതിക്രമങ്ങളുണ്ടാകുന്നു എന്നത് ഏറെ പ്രസക്തമായ ഒരു ചോദ്യമാണ്. അക്രമികളുടെ മനശ്ശാസ്ത്രത്തെക്കുറിച്ച് നടന്ന പഠനങ്ങളെല്ലാം ജീവശാസ്ത്രപരവും മാനസികവും സാമൂഹികവുമായ ഒരുപാടു ഘടകങ്ങളിലേക്കാണ് വെളിച്ചം വീശിയിട്ടുള്ളത്. അവയെന്തെല്ലാമെന്നു നോക്കാം…
?ചൊട്ടയിലെ ശീലം?
ഒരാള് ചെറുപ്പം മുതലേ എന്തുകണ്ടു വളരുന്നു, എന്തനുഭവിച്ചു വളരുന്നു എന്നതെല്ലാം സ്വഭാവരൂപീകരണത്തില് വളരെ പ്രാധാന്യമര്ഹിക്കുന്നു. ഗാര്ഹികപീഡനം കണ്ടുവളരുകയോ ബാല്യത്തില് ലൈംഗികപീഡനത്തിനു വിധേയരാവുകയോ ചെയ്യപ്പെട്ടവരില് ലൈംഗികാതിക്രമത്വര കൂടുതലായി കാണപ്പെടാറുണ്ട്. ഇവരില് ലൈംഗികതയെക്കുറിച്ചുള്ള വികലധാരണകളും അക്രമസ്വഭാവങ്ങളെ ന്യായീകരിക്കാനുള്ള പ്രവണതയും സ്വന്തം പ്രവര്ത്തികള്ക്ക് അതിരുകള് നിര്ണ്ണയിക്കാനുള്ള കഴിവും കുറവായിരിക്കും. പോര്ണോഗ്രഫിയുടെ അമിതസ്വാധീനം ആണ്കുട്ടികളില്, സ്ത്രീ ലൈംഗീകോപകരണമാണെന്നും അതിക്രമമാര്ഹിക്കുന്നുവെന്നുമുള്ള ചിന്ത വളര്ത്തും. ചെറുപ്രായം മുതലേ നാം കുട്ടികളില് വളര്ത്തുന്ന, ‘സ്ത്രീകള് ചെയ്യുന്ന ജോലികള്’ ‘പുരുഷന്മാര് ചെയ്യുന്ന ജോലികള്’ എന്നിങ്ങനെയുള്ള വേര്തിരിവുകളും ഇതിനെ സ്വാധീനിക്കും. പാഠപുസ്തകങ്ങളില് വരെ ചായയുണ്ടാക്കുന്ന അമ്മയെയും പത്രം വായിക്കുന്ന അച്ഛനെയും വരച്ചു ചേര്ക്കുമ്പോള്വികലലൈംഗികതാപാഠമാണ് സിലബസില് ഉള്പ്പെടുത്തുന്നത് എന്നു നാം മറന്നുപോകുന്നു. പുരുഷകേന്ദ്രീകൃതമായ പാട്രിയാര്ക്കിക് കുടുംബങ്ങളില്വളര്ന്നവരെക്കാളും സമത്വാധിഷ്ടിത കുടുംബങ്ങളില് വളര്ന്നവരില്അതിക്രമവാസന കുറവായാണ് കാണപ്പെടുന്നത്. വിദ്യാഭാസക്കുറവും, സാമ്പത്തികസാമൂഹിക പിന്നോക്കാവസ്ഥയും അക്രമവാസനയ്ക്ക് അകമ്പടിയാവാറുണ്ട്.
?ലഹരിയില് മറക്കുന്നത്?
ലൈംഗികവും അല്ലാത്തതുമായ എല്ലാ അതിക്രമങ്ങള്ക്കു പുറകിലും പൊതുവെ ലഹരിയുടെ സാന്നിധ്യം കാണാറുണ്ട്. മദ്യവും അക്രമാസക്തിയും തമ്മില്സങ്കീര്ണ്ണമായ ബന്ധമാണുള്ളത്.മദ്യം തലച്ചോറിലുണ്ടാക്കുന്ന വ്യത്യാസങ്ങള്പലപ്പോഴും വ്യക്തികളില് ഇന്ഹിബിഷന് അഥവാ ഉള്വിലക്കുകളെ ഇല്ലാതാക്കുകയും നല്ല ബോധത്തില് അവര് ചെയ്യാത്ത കാര്യങ്ങളിലേര്പ്പെടാന്വഴിയൊരുക്കുകയും ചെയ്യുന്നു. മദ്യപിച്ച ഒരാള് മറ്റുള്ളവരുടെ സ്വാഭാവികപെരുമാറ്റങ്ങളെ ലൈംഗികസൂചനകളായി തെറ്റിദ്ധരിക്കാനിടവരുന്നുവെന്നും പഠനങ്ങള് കാണിക്കുന്നു. തലച്ചോറിന്റെ ഇന്ഫോര്മേഷന് പ്രോസിസ്സിംഗ് പ്രക്രിയയെ മദ്യം തകിടം മറിക്കുന്നതു മൂലമാണിത്. രസകരമായ മറ്റൊരു വസ്തുതയെന്തെന്നാല്, മദ്യമാണ് എന്നു വിശ്വസിപ്പിച്ച് മറ്റു പാനീയങ്ങള് നല്കി നടത്തിയ ഒരു പഠനം കാണിച്ചത് താന്കഴിച്ചിരിക്കുന്നത് മദ്യമാണെന്നു വിശ്വസിക്കുന്നവരും മദ്യപന്റേതായ സ്വഭാവരീതികള് പ്രകടിപ്പിച്ചു എന്നാതാണ്. അതുകൊണ്ടുതന്നെ മദ്യം എന്ന ലഹരിയുടെ സ്വാധീനമാണോ അതല്ല മദ്യം ഒരു ഒഴിവുകഴിവായെടുക്കാമെന്ന സാമൂഹ്യബോധമാണോ ഇത്തരം സ്വഭാവങ്ങള്ക്കു വളം വയ്ക്കുന്നത് എന്നും തര്ക്കമുണ്ട്.
?മനസ്സും മസ്തിഷ്കവും?
വ്യക്തിത്വവൈകല്യങ്ങളുടെയും മാനസികപ്രശ്നങ്ങളുടെയും സാന്നിധ്യവും ഇത്തരക്കാരിലുണ്ടെന്ന് പലപഠനങ്ങളും തെളിയിക്കുന്നു. വ്യക്തിത്വവൈകല്യങ്ങളുള്ളവര്, പ്രത്യേകിച്ചും മറ്റുള്ളവരുടെ വ്യക്തിസ്വാതന്ത്ര്യത്തിലും അവകാശങ്ങളിലുംകൈകടത്താന്മടികാണിക്കാത്തവരും നിയമങ്ങള് അനുസരിക്കാതിരിക്കാനോ ചൂഷണംചെയ്യാനോ ചതിക്കാണോ മടികാണിക്കാത്തവരുമായ ആന്റിസോഷ്യല്വ്യക്തിത്വ വൈകല്യമുള്ളവരും എടുത്ത്തുചാട്ടവും അനുചിതമായ വികാരവിക്ഷോഭങ്ങളും പ്രകടമാക്കുന്ന ബോര്ഡര്ലൈന്വ്യക്തിത്വവൈകല്യവിഭാഗത്തില് പെടുന്നവരുമെല്ലാം കൂടുതലായി ഇത്തരം അതിക്രമങ്ങളിലേര്പ്പെടുന്നതായി കാണപ്പെടുന്നു. എരിതീയില്എണ്ണയൊഴിക്കാനെന്ന പോലെ ഈ വ്യക്തിത്വ വൈകല്യങ്ങള് ജനിതകമായി മദ്യാസക്തിയുമായി കൈകോര്ത്തുകിടക്കുന്നുമുണ്ട്.
പുരുഷ ഹോര്മോണായ ടെസ്റ്റോസ്റ്റെറൊണിന്റെ കൂടിയ അളവ്, നാഡീരസങ്ങളായ സീറോടോണിന് ഡോപമിന് തുടങ്ങിയവയുടെ പ്രവര്ത്തനങ്ങള് എന്നിങ്ങനെ ശരീരശാസ്ത്രപരമായ പലകാരണങ്ങളും അക്രമവാസനയ്ക്ക് പുറകിലുള്ളതായി പഠനങ്ങള് കാണിക്കുന്നുണ്ടെങ്കിലും സ്ത്രീകളോടുള്ള അതിക്രമത്തിന്റെ നിയതമായ കാരണങ്ങളായി ഇവയെ ചൂണ്ടിക്കാട്ടാനായിട്ടില്ല. നാഡീ വ്യവസ്ഥയിലുണ്ടാകുന്ന ചില തകരാറുകള് അവ ഗര്ഭാവസ്ഥയില് സംഭവിച്ചതായാലും പിന്നീടുണ്ടായതായാലും അക്രമവാസന കൂട്ടുന്നതായി കാണപ്പെടുന്നു. ശ്രദ്ധ ഓര്മ്മ ഭാഷ എന്നിവയുടെ ഇരിപ്പിടമായ മസ്തിഷ്കഭാഗങ്ങളിലുണ്ടാകുന്ന തകരാറുകള് പലപ്പോഴും വൈകൃത ലൈംഗികസ്വഭാവങ്ങളുണ്ടാക്കാറുണ്ട്. അപകടങ്ങളും മറ്റും മൂലം തലച്ചോറിനു ക്ഷതം സംഭവിക്കുന്നവരിലും ഇത്തരം അക്രമസ്വഭാവം വര്ദ്ധിക്കുന്നതായി കണ്ടുവരുന്നു.
?അധമമായ ആദിമത്വം?
പരിണാമപ്രക്രിയയുടെ നെടുംതൂണാണ് വംശവര്ദ്ധനം.ഒരു ജീവിവര്ഗ്ഗം എന്ന നിലയില് അതിജീവനം അത്യന്താപേക്ഷിതമായിരുന്ന ആദിമകാലത്ത് ആണിന്റെ ചോദനകള് കഴിയുന്നത്ര സന്താനങ്ങളെ ഉത്പാദിപ്പിക്കാനും പെണ്ണിന്റെത് ഏതു വിധേനെയും തന്റെ കുഞ്ഞുങ്ങളെ സംരക്ഷിക്കാനുമായിരുന്നു.. അതുകൊണ്ടു തന്നെ പുരുഷന് കൂടുതല് ഇണകളുമായി ഇടപഴകാനുള്ള താല്പര്യം കൂടുതലും പ്രതിബദ്ധതയോടെയുള്ള ബന്ധങ്ങളിലെര്പ്പെടാനുമുള്ള ജന്മവാസന കുറവുമായിരിക്കുമെന്നുമാണ് നരവംശശാസ്ത്രം പറയുന്നത്. ഇത്തരം സാഹചര്യങ്ങളില് ഇണയില്മതിപ്പുളവാക്കാനുള്ള കഴിവുകുറഞ്ഞ പുരുഷന്മാര് ലൈംഗിക അതിക്രമങ്ങളിലെര്പ്പെടാന് സാധ്യത കൂടുതലാണെന്നും ഒരുസിദ്ധാന്തമുണ്ട്. എന്നാല് ഒരു പരിഷ്കൃത മനുഷ്യസമൂഹത്തില് ഇത്തരം ആദിമമൃഗീയചോദനകള്ക്ക് യാതൊരുസ്ഥാനവുമില്ല.
?ഭാവശുദ്ധിയുടെ ഭാരം?
എന്നാലിന്നും പ്രതാപിയായ പുരുഷന് സ്ത്രീയെ ചൊല്പ്പടിക്കു നിര്ത്തുമെന്ന പൊതുബോധവും , സ്ത്രീകള്ക്കു മീതെ അധീശത്വം പുലര്ത്താനായുള്ള ത്വരയും അവര്ക്കെതിരെ അക്രമാസക്തരാകുന്നതിനു പ്രേരകമായി വിദഗ്ധര്ചൂണ്ടിക്കാട്ടുന്നുണ്ട്. ഇന്ത്യ പോലൊരു രാജ്യത്ത് ഒരു സ്ത്രീയുടെ ശരീരവും ലൈംഗികതയും അവരുടെ വ്യക്തിത്വസമഗ്രതയുടെയും, വ്യക്തിസ്വാതന്ത്ര്യത്തിന്റെയും വിഷയം എന്നതിലുപരി കുടുംബത്തിന്റെയും നാടിന്റെയും സമൂഹത്ത്തിന്റെയുമെല്ലാം അഭിമാനം എന്ന ബോധത്തിലാണ് അധിഷ്ടിതമായിരിക്കുന്നത്. ലൈംഗികഅതിക്രമം എന്നതിനേക്കാള് മാനഭംഗം എന്ന വാക്കാണ് പലപ്പോഴും നമുക്കു ചുറ്റും കേള്ക്കാറുള്ളത്. സ്ത്രീയോടുള്ള അതിക്രമം മനുഷ്യാവകാശവിരുദ്ധമായ ഒന്ന് എന്നതിനേക്കാള് സമൂഹത്തിന്റെ അഭിമാനപ്രശ്നം കൂടിയാകുന്നത് ഇത്തരം അതിക്രമങ്ങളുടെ രൂക്ഷത വര്ദ്ധിപ്പിക്കുകയേയുള്ളൂ. ഗ്രാമീണപഞ്ചായത്തുകള് വിധിക്കാറുള്ള ശിക്ഷയായും, ഒരു യുദ്ധകാല അനുഷ്ഠാനമായും സ്ത്രീകള്ക്കു നേരെയുള്ള അതിക്രമങ്ങള്മാറുന്നതിന്റെ സാമൂഹ്യമനശ്ശാസ്ത്രവും ഈ മാനാഭിമാനക്കണക്കാണ്. സ്ത്രീകളുടെ വസ്ത്രധാരണത്തെയും സ്ത്രീകള് പാലിക്കേണ്ട പെരുമാറ്റച്ചട്ടങ്ങളെയും പറ്റി നമ്മുടെ സംസ്കാരവുമായി കൂട്ടിയിണക്കി തീരുമാനമെടുക്കുന്നതിനു പുറകിലും ഈ അഭിമാനപ്രശ്നവും സ്ത്രീലൈംഗികത വ്യക്തിയുടെ എന്നതിനേക്കാള്സമൂഹത്തിന്റെ നിയന്ത്രണത്തിലായിരിക്കണം എന്ന വിശ്വാസവുമാണ്. ഇതേ സങ്കല്പമാണ് തന്റെ സാമൂഹ്യബോധത്തിനിണങ്ങാത്ത, ഉദാഹരണമായി രാത്രിയില് തനിയെ യാത്രചെയ്യുന്ന അല്ലെങ്കില് സാമ്പ്രദായിക വസ്ത്രങ്ങള്ഉപയോഗിക്കാത്ത സ്ത്രീകളോട്, അതിക്രമം കാണിക്കുന്നതിനെ ന്യായീകരിക്കുന്നതിന്റെയും പുറകില്. ലൈംഗീക താല്പര്യത്തെക്കാള്അക്രമപരതയും അധീശത്വപ്രകടനമാണ് പല കുറ്റവാളികളിലും മുന്നിട്ടുനില്ക്കുന്നതായി കാണുന്നത്. പലപ്പോഴും ലൈംഗികത്വരയുണർത്തുന്ന പ്രേരകങ്ങളൊന്നുമില്ലെങ്കില് പോലും ലൈംഗികാതിക്രമങ്ങള് നടക്കുന്നതും ഇതുകൊണ്ടുതന്നെയാണ്.
?എന്തു പ്രതിവിധിയാണ് ഈ അവസ്ഥയ്ക്കുള്ളത്??
പ്രായോചിതമായ ലൈംഗീകതാവിദ്യാഭ്യാസം, ലിംഗസമത്വാധിഷ്ടിതമായ അടിസ്ഥാന വിദ്യാഭ്യാസം, പെരുമാറ്റവൈകല്യങ്ങള് ചെറുപ്രായത്തിലെ തിരിച്ചറിഞ്ഞു ചികിത്സ നല്കാനുള്ള സൗകര്യം, ശക്തമായ ലഹരിവിരുദ്ധനയം, സ്ത്രീസുരക്ഷാനിയമങ്ങള്, സ്ത്രീശാക്തീകരണം ഇവയെല്ലാം അഭികാമ്യമായ പ്രതിവിധികളാണ്.
ലൈംഗികാതിക്രമങ്ങള് സ്ത്രീകളുടെ പ്രശ്നങ്ങള് എന്ന നിലയില് നിന്നും സാമൂഹ്യസുരക്ഷാപ്രശ്നമായും മാനാഭിമാനപ്രശ്നങ്ങള് എന്ന നിലയില്നിന്നും മനുഷ്യാവകാശപ്രശ്നമായും തിരിച്ചറിയാനുള്ള ഉള്ക്കാഴ്ച ഓരോവ്യക്തിയ്ക്കും കൈവരിക്കാനായാലേ ഈ അവസ്ഥ മെച്ചപ്പെടൂ.
?പീഡനത്തില് പതറാതെ മുന്നേറാന്‍?
പീഡനം നീണ്ടുനിന്നേക്കാവുന്ന ദുരോര്മ്മകള് സമ്മാനിക്കാനിടയുള്ളപ്പോള്ജീവിതവും സന്തോഷവും തിരികെപ്പിടിക്കാന് എന്തെല്ലാം ശ്രദ്ധിക്കണം? ആത്മവിശ്വാസം നശിപ്പിക്കുകയും കുറ്റബോധത്തിന്റെ വിത്തുകള് പാകുകയും ചെയ്യുന്ന, പീഡനത്തെപ്പറ്റിയുള്ള തെറ്റിദ്ധാരണകളെ എങ്ങനെ ഒഴിവാക്കാം? പീഡനത്തിന്റെ തുടര്ച്ചകളായി വരുന്ന മാനസിക പിരിമുറുക്കങ്ങളെ എങ്ങനെ കൈകാര്യം ചെയ്യാം?സമ്മര്ദ്ദങ്ങള് ഒഴിവാക്കാനും സാധാരണ ജീവിതത്തിലേക്കു തിരിച്ചുവരാനും എന്തെല്ലാമാണ് ശ്രദ്ധിക്കേണ്ടത്?അറിയാന് ശ്രമിക്കാം…
?കുറ്റബോധമുളവാക്കുന്ന ചില തെറ്റിദ്ധാരണകള് ?
?നശിച്ചുപോയി/കളങ്കപ്പെട്ടു/കഴിവുകെട്ടവരായി
?പീഡനശേഷം മാനസികപിരിമുറുക്കം സാധാരണമാണ്. നിസ്സഹായതയും, ആത്മനിന്ദയും, നാണക്കേടുമെല്ലാം മാനസികസമ്മര്ദ്ദത്തിന്റെ ലക്ഷണങ്ങള്മാത്രമാണ്. പീഡനവിധേയരായ ആരും എന്നേക്കുമായി നിസ്സഹായരും നശിപ്പിക്കപ്പെട്ടവരുമാവുന്നില്ല എന്നതാണ് യാഥാര്ത്ഥ്യം.
?‘പീഡനത്തിന്റെ ഇര’
?ഈ ലേബല് സ്വയം എടുത്തണിയുന്നതിനു പകരം പീഡനവുമായി ബന്ധപ്പെട്ട ഓര്മ്മകളും കുറ്റബോധങ്ങളും മാറ്റിയെടുക്കാന് ശ്രമിക്കുന്നത് വേഗത്തില് ആശ്വാസമേകും.
?പീഡനസാധ്യത മുന്കൂട്ടിക്കാണാനായില്ല
?പലപ്പോഴും വ്യക്തികളുടെ കഴിവിന്റെ പരിധിക്കുമപ്പുറത്തുള്ള കാര്യമാണിത്. മുതിര്ന്നവര്ക്കുപോലും എപ്പോഴും സാധിക്കാത്ത ഒന്ന്.കുട്ടികളെയാകട്ടെ പലപ്പോഴും പീഡകര് സൌഹൃദപരമായി അഭിമുഖീകരിക്കുന്നത് ഇതിനൊരു കാരണമാണ്. പീഡകരെ പെരുമാറ്റം കൊണ്ടോ വസ്ത്രധാരണരീതികൊണ്ടോ തിരിച്ചറിയാനാവില്ല.
??പീഡനസമയത്ത് എതിര്ക്കുകയോ തിരിച്ചു പ്രതികരിക്കുകയോ ചെയ്തില്ല
?ഇത്തരം സന്ദര്ഭങ്ങളില് ശരീരവും തലച്ചോറും തരിച്ചു പോകുന്ന അവസ്ഥയുണ്ടാകാറുണ്ട്. പെട്ടെന്നുള്ള ഭയത്താലോ അമ്പരപ്പാലോ മൂലമാണ് എതിര്ക്കാനും പ്രതികരിക്കാനുമാകാതെ വരുന്നത്. പല കാരണങ്ങളാലും, എനിക്കിനിയൊന്നും ചെയ്യാനില്ല ഞാന് തികച്ചും നിസ്സഹായാവസ്ഥയിലാണ് ‘എന്നൊക്കെ അനുമാനിച്ചു പോകുന്ന “learned helplessness” എന്നറിയപ്പെടുന്ന’ ഒരു ഘട്ടം ദീര്ഘകാലം പീഡിപ്പിക്കപ്പെട്ടവരില് സംജാതമാകാറുണ്ട്.
?ഞാനതു ചോദിച്ചു വാങ്ങിയതാണ്
?അവസരങ്ങളെ കൃത്യമായുപയോഗിച്ചു ചെയ്യുന്ന കുറ്റകൃത്യങ്ങളാണ് പീഡനങ്ങള്. പീഡിപ്പിക്കപ്പെടുന്നവരുടെ വസ്ത്രധാരണത്തെയോ പെരുമാറ്റരീതിയെയോ ശരീരപ്രകൃതിയെയോ അല്ല പീഡകര് നോട്ടമിടുന്നത്, മറിച്ച് ആ സമയത്തെ അവരുടെ നിസ്സഹായാവസ്ഥയെയാണ്.
?മറ്റുള്ളവര് എന്നെ മോശമെന്നുകരുതും
?അതിനേക്കാള് പ്രധാനപ്പെട്ടതാണ് സ്വയം എന്തുകരുതണമെന്നു തീരുമാനിക്കുന്നത്. സംഭവിച്ച അത്യാഹിതത്തെപ്പറ്റി വിശകലനം ചെയ്യുകയും സ്വന്തം നിരപരാധിത്വം തിരിച്ചറിയുകയുമാണ് ആദ്യം വേണ്ടത്. മറ്റൊരാള്ചെയ്തകുറ്റകൃത്യം ഒരിക്കലും സ്വന്തം തെറ്റാകുകയില്ല.
?പുറത്തുപറഞ്ഞാല് നാണക്കേടാകും
?വിവരം പുറത്തുപറയാതിരുന്നാല് പീഡനം ഇല്ലാതായിപ്പോകില്ല;മറിച്ച് തുടര്പീഡനത്തിനുള്ള സാധ്യതകള് വര്ദ്ധിക്കുകയേ ഉള്ളൂ.
?ആര്ക്കുമെന്നെ സഹായിക്കാനാവില്ല
?പീഡകര് പരിചിതരും തങ്ങള്ക്കും കുടുംബത്തിനും പ്രിയപ്പെട്ട വ്യക്തിയാണെങ്കില് പോലും വിവരങ്ങള് തുറന്നുപറഞ്ഞാല് മറ്റുള്ളവര്സഹായിക്കും.തുറന്നുപറയുന്നത് വിശ്വാസമുള്ളവരോടായിരിക്കണം.
വീട്ടിലാരെയും ആശ്രയിക്കാന് സാധിക്കാത്ത സാഹചര്യമാണെങ്കില് കുട്ടികള്ക്ക് അധ്യാപകരുടെയോ സ്കൂള് കൌണ്സലര്മാരുടെയോ ചൈല്ഡ് ലൈനിന്റെയോ സഹായം തേടാം, മുതിര്ന്നവര്ക്ക് സുഹൃത്തുക്കളുടെയോ സഹപ്രവര്ത്തകരുടെയോ മാനസികാരോഗ്യപ്രവര്ത്തകരുടെയോ സഹായമോ ഹെല്പ് ലൈനുകളോ ഉപയോഗപ്പെടുത്താം
?പുറത്തിറങ്ങുന്നത് നാണക്കേടാണ്
?പ്രിയപ്പെട്ടവരുമായി ഇടപഴകുന്നത്, കഴിയുന്നത്ര വേഗം സാധാരണജീവിതത്തിലേക്കു തിരിച്ചുവരാനും സ്വന്തം ശക്തി മനസ്സിലാക്കാനും സഹായിക്കും. മറ്റുള്ളവരെ സഹായിക്കുകയോ സുഹൃത്തുക്കള്ക്കൊപ്പം വിവിധ പ്രവര്ത്തനങ്ങളില് ഏര്പ്പെടുകയോ ചെയ്‌താല് കഴിഞ്ഞുപോയ കാര്യങ്ങളെക്കുറിച്ചു കൂടുതല് ചിന്തിക്കുന്നത് ഒരുപരിധി വരെ ഒഴിവാക്കാനാകും.കൂടുതല് ആത്മധൈര്യവും നേടാനാകും.
?എന്റെ ഭാഗത്തും തെറ്റുണ്ട്
?ഇത്തരത്തിലൊരാളെയാണല്ലോ ഞാന് വിശ്വസിച്ചനുസരിച്ചിരുന്നത് എന്ന തിരിച്ചറിവ് മുന്പേ പരിചയമുള്ളവരാല് പീഡിപ്പിക്കപ്പെട്ടവരില്കുറ്റബോധമുണ്ടാക്കാം. വിശ്വസിക്കുന്നതല്ല മറിച്ച് പീഡകനെപ്പോലെ വിശ്വാസവഞ്ചന ചെയ്യുന്നതാണ് തെറ്റ് എന്നു തിരിച്ചറിയണം.
?കയ്പ്പുള്ള ഓര്മ്മകളെ കൈകാര്യംചെയ്യാന്‍?
?കരുതിയിരിക്കുക
?ലൈംഗികപീഡനം പോലുള്ള അനുഭവങ്ങളിലൂടെ കടന്നുപോയവരില് തന്മൂലം തലച്ചോറിലുണ്ടാകുന്ന ചെറിയ വ്യത്യാസങ്ങള് ശരീരത്തെ സദാജാഗ്രത പുലര്ത്തുന്ന ഒരവസ്ഥയിലെത്തിക്കും. നടന്ന സംഭവങ്ങള് കണ്മുന്നില്വീണ്ടുമുണ്ടാകുന്ന തരം അനുഭവങ്ങള് (ഫ്ലാഷ്ബാക്ക്) ആദ്യത്തെ ഏതാനും മാസങ്ങളിലെങ്കിലും ഉണ്ടായേക്കാം. ഇത്തരമനുഭവത്തെക്കുറിച്ചുള്ള മുന്നറിവ് അതു തലപൊക്കുമ്പോള് അനുഭവപ്പെടാവുന്ന വൈഷമ്യങ്ങളുടെ തീവ്രത കുറയ്ക്കും.
?ഓര്മ്മകളുണര്ത്തുന്നത്
?സംഭവവുമായി ഏതെങ്കിലും രീതിയില് ബന്ധമുള്ള സ്ഥലങ്ങളോ വ്യക്തികളോ ശബ്ദങ്ങളോ ഗന്ധങ്ങളോ എല്ലാം ഫ്ലാഷ്ബാക്കുകള്ക്ക് കാരണമാകും. ഇത്തരം സാഹചര്യങ്ങളെ തിരിച്ചറിഞ്ഞ് ഒഴിവാക്കുന്നത് ഈയനുഭവങ്ങളെ അകറ്റിനിര്ത്താന് സഹായിക്കും.
?ശരീരത്തിന്റെ സൂചനകള്
?ഫ്ലാഷ്ബാക്കുകള്ക്കു മുന്പേ ശരീരം പല സൂചനകളും നല്കും. ശ്വാസോച്ഛാസവും ഹൃദയമിടിപ്പും വര്ദ്ധിക്കുകയും മസിലുകള് മുറുകുകയുമെല്ലാം ഉണ്ടാകാം. ഈ സൂചനകളെ തിരിച്ചറിയുന്നതും ഫ്ലാഷ്ബാക്കുകളെ നേരിടാന്തയ്യാറാകാന് സഹായിക്കും.
?ആഴത്തില് ശ്വസിക്കുക
?നീട്ടി ശ്വാസോച്ഛാസം ചെയ്യുന്നത് ഉത്കണ്ഠയുടെ ലക്ഷണങ്ങളെ കുറയ്ക്കാന്സഹായിക്കും. ഇത് നിത്യവും ചെയ്തു പരിശീലിച്ചാല് ലക്ഷണങ്ങള്പ്രത്യക്ഷപ്പെടുമ്പോള് സ്വയം റിലാക്സുചെയ്യാന് സഹായകമാകും
?ഫ്ലാഷ്ബാക്കിനെ നേരിടാം
?യഥാര്ത്ഥ അത്യാഹിതം കഴിഞ്ഞിരിക്കുന്നു എന്നും പിന്നെയനുഭവിക്കുന്നത് ഫ്ലാഷ്ബാക്ക് മാത്രമാണെന്നും അപകടമില്ലെന്നും സ്വയം ആശ്വസിപ്പിക്കുക.
?ഗ്രൗണ്ടിംഗ്
?കടന്നുപൊയ്ക്കൊണ്ടിരിക്കുന്ന നിമിഷത്തിലേക്ക് ശ്രദ്ധയെ തിരിക്കുന്ന രീതിയാണിത്. സ്വന്തം കയ്യില് തൊടുകയോ തട്ടുകയോ ചുറ്റുപാടുകളെ വിവരിക്കുകയോ (ഉദാ:ഇന്നത്തെ ദിവസം,ചുറ്റും കാണുന്ന മൂന്നു വസ്തുക്കള്) എല്ലാം ചെയ്തു ശ്രദ്ധ തിരിച്ച് ഫ്ലാഷ്ബാക്കിന്റെ പ്രഭാവത്തെ കുറയ്ക്കാം.
?ശരീരത്തിനെയും ചിന്തകളെയും ചേര്ത്തുപിടിക്കാം?
?സ്വയം വെറുക്കുന്നുണ്ടോ?
?ദുരനുഭവത്തിന്റെ ഓര്മ്മകളില് നിന്നും സംരക്ഷിക്കാന് മനസ്സിനെ സ്വയം മരവിപ്പിക്കാറുണ്ട് ചിലരെല്ലാം. എല്ലാറ്റിനോടും നിര്വ്വികാരമായ പ്രതികരണമായിരിക്കും ഇവരുടേത്. അസഹ്യമായ ഓര്മ്മകളില് നിന്നും മാത്രമല്ല എല്ലാത്തരത്തിലുള്ള സന്തോഷങ്ങളില് നിന്നും ഇത്തരക്കാര്അകന്നുമാറും.ഫലത്തില് ജീവച്ഛവമായിമാറും.ഇത് ഉപകാരമൊന്നും ചെയ്യുകയുമില്ല
?മരവിപ്പ് എങ്ങനെ തിരിച്ചറിയാം?
?ചുറ്റുപാടുകളില് നിന്നും അവരവരില് നിന്നും തന്നെയും വേര്പെട്ടെന്ന തോന്നലായോ,ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള ബുദ്ധിമുട്ടായോ,ഒന്നിനോടും താല്പര്യമില്ലാത്ത അവസ്ഥയായോ ഇതനുഭവപ്പെടാം. ചിലരെല്ലാം സ്വപ്നലോകത്തോ ടിവിയിലോ വീഡിയോ ഗെയ്മുകളിലോ ആപത്കരമായ പ്രവൃത്തികളിലോ മുഴുകാന് ശ്രമിക്കാം. ലഹരിയുപയോഗവും സ്വയം വേദനിപ്പിക്കുന്ന ശീലവും ചിലര് കാണിക്കാം
?സ്വശരീരത്തെ സ്നേഹിക്കുക
?പീഡനം സ്വന്തംശരീരത്തെ ശത്രുവാക്കാനിടയാകരുത്. ശരീരത്തിനും മനസ്സിനും ആവശ്യമായ പരിചരണവും വിശ്രമവും നല്കുക. പോഷകാഹാരവും ശരീരശുചിത്വവും ഉറപ്പുവരുത്തുക. വ്യായാമത്തില് ശ്രദ്ധിക്കുക.
?താളാത്മകമായ ചലനങ്ങള്
?നൃത്തം പോലുള്ള, ശരീരത്തിന്റെ താളത്തിലുള്ള ചലനങ്ങള് ശരീരത്തെ റിലാക്സു ചെയ്യാനും ശരീരത്തിനു മേല് സ്വന്തം നിയന്ത്രണം കൂടുതലനുഭവപ്പെടാനും സഹായിക്കും. താളവും ചലനവും ചേര്ന്ന എന്തും, മാര്ച്ച് ചെയ്യുന്നതുപോലും സഹായകമാണ്.
?മെഡിറ്റേഷന്
?മൈന്ഡ് ഫുള്നെസ്സ് പോലുള്ള മെഡിറ്റേഷന് രീതികള് ശീലിക്കുന്നത് ശരീരത്തെയും ചിന്തകളെയും പീഡനത്തിന്റെ മരവിപ്പില് നിന്നും ഉണര്ത്തിയെടുക്കാന് സഹായിക്കും
?മസാജ് തെറപി
?പീഡനശേഷം പ്രത്യേകിച്ചും മുതിര്ന്ന കുട്ടികള്ക്ക് മനുഷ്യസ്പര്ശത്തോട് തോന്നാവുന്ന വെറുപ്പിന് മസാജ്തെറപി ഒരു നല്ല പ്രതിവിധിയാണ്.
?സ്വയം സഹായിക്കുക?
?സാമൂഹ്യബന്ധങ്ങള് മെച്ചപ്പെടുത്തുക
? പുതിയ കൂട്ടുകാരെയുണ്ടാക്കുക, പഴയവരുമായി സമയം ചെലവിടുക.
?സാമൂഹ്യമാധ്യമങ്ങളുടെ ഉപയോഗം
?മാനസികാശ്വാസത്തിനായി സാമൂഹ്യമാധ്യമങ്ങളില് അഭയം തേടുന്നതിനു മുന്പ് അത് ഉപദ്രവകരമായി ഭവിക്കാനുള്ള സാധ്യതയും വിലയിരുത്തണം. ഓണ്ലൈന് പീഡനങ്ങളുടെ സാധ്യത മുതല് ദുരോര്മ്മകളെ ഇളക്കിവിടുന്ന പോസ്റ്റുകള്വരെ സോഷ്യല്മീഡിയയിലുണ്ട്. സൂക്ഷിച്ചുമാത്രം തീരുമാനമെടുക്കുക
?തെറാപ്യൂടിക് ജേര്ണലിസം
?അസ്വസ്ഥത അനുഭവപ്പെടുമ്പോള് മനസ്സില് തോന്നുന്ന കാര്യങ്ങളും അനുഭവങ്ങളും കുറിച്ചുവയ്ക്കുന്നതും ആശ്വാസം നല്കും.
?താങ്ങാകാനാകും ബന്ധുമിത്രാദികള്ക്കും രക്ഷിതാക്കള്ക്കും?
?ലൈംഗികാതിക്രമങ്ങള്ക്കു വിധേയരായവരെ സാധാരണ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാന് മാതാപിതാക്കള്ക്കും ബന്ധുമിത്രാദികള്ക്ക്എന്തെല്ലാം ചെയ്യാനാകും?
?പീഡനമുണ്ടായതായി വെളിപ്പെടുത്തിയാല് സമചിത്തതയോടെ അവര്ക്കു പറയാനുള്ളത് കേള്ക്കുക
?ധൈര്യം പകരുകയും വൈകാരികമായി പിന്തുണയ്ക്കുകയും ചെയ്യുക.
?വലിയ എന്തോ അത്യാഹിതം സംഭവിച്ചു എന്ന മട്ടില് അവര്ക്കു മുന്നില് വച്ചു പ്രതികരിക്കാതിരിക്കുക;ചെറിയ കുട്ടികളാണെങ്കില് പ്രത്യേകിച്ചും.
?അവരെ കുറ്റപ്പെടുത്താതിരിക്കാന് ശ്രദ്ധിക്കുക
?സംഭവിച്ചതിന്റെ ഉത്തരവാദി അല്പം പോലും അവരല്ലെന്നും ഇങ്ങനെയൊക്കെപ്പറ്റിയത് അവരുടെ പിഴവുകൊണ്ടല്ലെന്നും ബോധ്യപ്പെടുത്താന്ശ്രമിക്കുക
?വൈകാതെ വൈദ്യപരിശോധനയ്ക്കു വിധേയരാകാന് പ്രേരിപ്പിക്കുകയും സഹായിക്കുകയും ചെയ്യുക
?സംഭവം പോലിസിലറിയിക്കുന്നതിനും നിയമനടപടികള് സ്വീകരിക്കുന്നതിനും സഹായിക്കാന് മടി കാണിക്കരുത്.
?പീഡനശേഷം അവര്ക്കുണ്ടാകാനിടയുള്ള വൈകാരിക പ്രശ്നങ്ങളെക്കുറിച്ചും പെരുമാറ്റവ്യത്യാസങ്ങളെക്കുറിച്ചും അറിവുനേടുക.
?സംഭവത്തിന്റെ പേരില് അവരെ അവഗണിക്കുകയോ ഒറ്റപ്പെടുത്തുകയോ വീട്ടില്നിന്നും മാറ്റിത്താമസിപ്പിക്കുകയോ ചെയ്യാതിരിക്കുക.
?പരിചയക്കാരായ പീഡകരോട് ഒന്നും സംഭവിച്ചിട്ടില്ലെന്ന മട്ടില് തുടര്ന്നും ഇടപെടുന്നത് ഒഴിവാക്കുക.
?ആവശ്യമെങ്കില് മാനസികാരോഗ്യ പ്രവര്ത്തകരുടെ സഹായം സ്വീകരിക്കുക.
?പീഢനമേറ്റ കുട്ടികള്,ലൈംഗികകാര്യങ്ങളില് കൂടുതല് താല്പര്യം കാണിക്കുകയോ മറ്റു കുട്ടികളോടോ മുതിര്ന്നവരോടോ അത്തരം പ്രവര്ത്തികള്ക്കു മുന്കയ്യെടുക്കുകയോ ചെയ്യുന്നുണ്ടെങ്കില്, സമചിത്തതയോടെ അവരുടെ ശ്രദ്ധയെ മറ്റെന്തെങ്കിലും കാര്യങ്ങളിലേക്ക് തിരിച്ചുവിടാന് ശീലിക്കുക.
?കുട്ടികള്ക്കു രക്ഷാകര്ത്താവിനോടും സമൂഹത്തോടുമുള്ള വിശ്വാസ്യത നിലനില്ക്കണമെങ്കില് മാതാപിതാക്കള് കുട്ടികളുടെ വാക്കുകളെ മുഖവിലയ്ക്കെടുക്കുന്നു എന്ന വിശ്വാസം അവരിലുണ്ടാക്കണം.
?പീഡകരെ കുട്ടിയില് നിന്നും അകറ്റിനിര്ത്താന് വേണ്ട നടപടികള്കൈക്കൊള്ളുക.