· 6 മിനിറ്റ് വായന
മുലപ്പാൽ ബാങ്ക്
ബാങ്കുകൾ സർവ്വസാധാരണമാണ്. നമ്മുടെ കയ്യിൽ പണം അധികമുണ്ടെങ്കിൽ അത് ബാങ്കിൽ നിക്ഷേപിക്കാം. ആവശ്യക്കാർക്ക് അവർ പണം കടം കൊടുക്കും. നമുക്ക് തന്നെ പിന്നീട് ആവശ്യം വരികയാണെങ്കിൽ കടമെടുക്കാം. ഇതാണ് ബാങ്കിങ്ങിന്റെ അടിസ്ഥാനം. അതിന് അനേകം വാണിജ്യ താൽപര്യങ്ങൾ ഇന്നുണ്ടെങ്കിലും.
വാണിജ്യ താൽപര്യം അടിസ്ഥാനമാക്കാതെയുള്ള മറ്റു ചില ബാങ്കുകൾ കൂടി നിലവിലുണ്ട്. രക്ത ബാങ്ക്, Sperm bank എന്നിവയാണ് അവ. ഈ നിരയിൽ നമുക്ക് അധികം പരിചയമില്ലാത്ത മറ്റൊരു ബാങ്ക് കൂടെയുണ്ട്. അതാണ് മുലപ്പാൽ ബാങ്ക്.
ആഗസ്ത് ഒന്നു മുതൽ ഏഴുവരെയുള്ള ഒരാഴ്ച മുലയൂട്ടൽ വാരമാണ്.
മുലയൂട്ടലിന്റെ പ്രാധാന്യത്തെപ്പറ്റി എല്ലാവരെയും ബോധവൽക്കരിക്കാനുള്ള സമയമാണിത്.
ഒരു കുഞ്ഞ് ജനിച്ച് ആദ്യത്തെ ആറുമാസം ആ കുഞ്ഞിന് മുലപ്പാൽ മാത്രം മതിയാകും.
മറ്റു പാലുകളോ കുറുക്കു രൂപത്തിലുള്ള ഭക്ഷണങ്ങളോ അത് വരെ ആവശ്യമില്ല, ചികിൽസാപരമായ കാരണങ്ങളില്ലെങ്കിൽ. കുഞ്ഞിന് മുലപ്പാൽ ആവശ്യത്തിന് ലഭിക്കുന്നുണ്ടോ എന്ന് പരിശോധിച്ചാൽ മാത്രം മതിയാകും.
സാധാരണ പ്രസവമാണെങ്കിൽ അരമണിക്കൂറിനുളളിലും സിസേറിയൻ ആണെങ്കിൽ ഒരു മണിക്കൂറിനുള്ളിലും മുലയൂട്ടാൻ സാധിക്കും. പ്രസവത്തിന് മുമ്പ് തന്നെ അമ്മ അതിനെപ്പറ്റി ബോധവതിയായിരിക്കണം. എല്ലാ ആശുപത്രി ജീവനക്കാരും ഇക്കാര്യത്തെ പറ്റി മനസ്സിലാക്കിയിരിക്കണം, ഇത് പ്രാവർത്തികമാക്കാൻ അമ്മയെ സഹായിക്കുകയും വേണം.
എന്നാൽ ചില സാഹചര്യങ്ങളിൽ അമ്മയ്ക്ക് കുഞ്ഞിനെ മുലയൂട്ടാൻ സാധിക്കാറില്ല.
ഉദാഹരണത്തിന്
പ്രസവശേഷം കുഞ്ഞിനെ വേറെ ആശുപത്രിയിലേക്ക് റഫർ ചെയ്യേണ്ടി വരികയും അമ്മ പ്രസവം നടന്ന ആശുപത്രിയിൽ തന്നെ തുരേണ്ടി വരികയും ചെയ്താൽ.
തീരെ മാസം തികയാതെ പ്രസവിച്ച കുഞ്ഞിന്റെ ചികിൽസയ്ക്കായി ഒന്നോ രണ്ടോ മാസമൊക്കെ ആശുപത്രിയിൽ കഴിയേണ്ടിവരാറുണ്ട്. കുഞ്ഞിന്റെ ആരോഗ്യപ്രശ്നങ്ങളെക്കുറിച്ചുള്ള ആകുലത കാരണം ചിലപ്പോൾ അമ്മക്ക് തീരെ പാലില്ലാത്ത അവസ്ഥ വരാം.
കുഞ്ഞിന് മാസം തികഞ്ഞില്ലെങ്കിലോ ചില രോഗങ്ങൾ മൂലമോ മുലപ്പാൽ വലിച്ചു കുടിക്കാൻ സാധിക്കാത്ത അവസ്ഥ ഉണ്ടാകാം. അമ്മമാർ മുലപ്പാൽ പിഴിഞ്ഞെടുത്താണ് ഇത്തരം അവസരങ്ങളിൽ കുഞ്ഞിന് നൽകാറ്. എന്നാൽ ചില അമ്മമാർക്ക് ആവശ്യത്തിന് പാൽ പിഴിഞ്ഞെടുക്കാൻ സാധിക്കാറില്ല.
പ്രസവശേഷം ചില അമ്മമാർക്ക് വിഷാദരോഗം (postpartum depression) ഉണ്ടാകാറുണ്ട്. ആ സമയത്ത് ചില അമ്മമാർ കുഞ്ഞിനെ മുലയൂട്ടാൻ പറ്റിയ മാനസികാവസ്ഥയിലായിരിക്കില്ല.
പ്രസവശേഷം അമ്മയ്ക്ക് കാര്യമായ അസുഖം ഉണ്ടെങ്കിൽ താൽക്കാലികമായി മുലപ്പാൽ ഇല്ലാത്ത അവസ്ഥ ഉണ്ടാകാറുണ്ട്. സാധാരണയായി ഇത്തരം അവസരങ്ങളിൽ പൊടിപ്പാലാണ് കുഞ്ഞിന് നൽകാറുള്ളത്. എന്നാൽ ഇതിന് പല ദോഷങ്ങളുമുണ്ട്.
മാസം തികയാത്ത കുഞ്ഞുങ്ങൾക്ക് മുലപ്പാലല്ലാതെ മറ്റൊന്നും വയറ്റിൽ പിടിക്കണമെന്നില്ല.
പൊടിപ്പാൽ തുടങ്ങിയാൽ ചില രക്ഷിതാക്കൾ കുഞ്ഞുങ്ങൾക്ക് അത് ശീലമാക്കാറുണ്ട്.
കുപ്പിയിൽ പാൽ കൊടുത്ത് ശീലിപ്പിച്ചാൽ കുറെ കുഞ്ഞുങ്ങൾ പിന്നീട് മുല വലിച്ചു കുടിക്കാൻ വൈമുഖ്യം കാണിക്കാറുണ്ട്.
ശിശു സൗഹൃദ ആശുപത്രി എന്ന നിലയിൽ ആശുപത്രിയിൽ പാൽപ്പൊടിയുടെ ഉപയോഗം നിരുൽസാഹപ്പെടേണ്ടതുണ്ട്.
മാത്രവുമല്ല, അമ്മയ്ക്ക് തന്റെ കുഞ്ഞിന് കൊടുക്കാൻ ആവശ്യമായ പാൽ ഇല്ലെങ്കിൽ അടുത്ത ഓപ്ഷൻ വേറൊരമ്മയുടെ പാലാണ്.
ഇത് എങ്ങനെ സാധ്യമാകും ?
കുഞ്ഞിന് പാൽ ആവശ്യമുള്ള ഇത്തരം അവസരങ്ങളിലെല്ലാം മറ്റൊരമ്മയുടെ സാന്നിധ്യം ഉണ്ടാകണമെന്നില്ല.
മറ്റൊരു അമ്മയുടെ പാൽ കൊടുക്കുന്നതിൽ പല പ്രശ്നങ്ങളും ഉണ്ട്. മുലപ്പാൽ പിഴിഞ്ഞെടുക്കുമ്പോൾ അതിൽ ബാക്ടീരിയകൾ കയറിപ്പറ്റിയേക്കാം.
സ്വന്തം അമ്മയിലൂടെ പകരുന്നത് പോലെയല്ല വേറൊരു സ്ത്രീയുടെ മുലപ്പാലിലൂടെ പകരുന്നത്. ഇത്തരം സംഭവങ്ങൾ ഉണ്ടായാൽ ഇങ്ങനെ പാൽ കൊടുക്കാൻ നിർദ്ദേശിച്ച ഡോക്ടറോ നഴ്സോ മാത്രമാകും കുറ്റക്കാർ.
മുലപ്പാൽ മാത്രം കൊടുക്കാൻ സാധിക്കുകയും വേണം, ആശുപത്രിയിലുള്ള കുഞ്ഞിന് ആവശ്യമുള്ളപ്പോളൊക്കെ അത് ലഭ്യമാവുകയും വേണം, മേൽപറഞ്ഞ നിയമപ്രശ്നങ്ങൾ ഉണ്ടാകാനും പാടില്ല.
ഇതിനുള്ള ഉത്തരമാണ് മുലപ്പാൽ ബാങ്ക്.
പ്രതിരോധ കുത്തിവെപ്പിനോ, നിസ്സാര രോഗങ്ങളുമായോ ആശുപത്രിയിലെത്തുന്ന കുഞ്ഞുങ്ങളുടെ അമ്മമാരിൽ നിന്നും അവരുടെ സമ്മതത്തോടെ മുലപ്പാൽ ശേഖരിക്കലാണ് ആദ്യ പടി.
മുലപ്പാൽ ദാനം ചെയ്യുന്ന സ്ത്രീക്ക് HIV, Hepatitis B തുടങ്ങിയ രോഗങ്ങൾ ഉണ്ടാകാൻ പാടില്ല. പുകവലി, മദ്യപാനം, മയക്കുമരുന്നുകൾ എന്നിവ ഉപയോഗിക്കുന്നവരാകരുത്.
മുലപ്പാലിലൂടെ പുറത്ത് വരുന്ന ചില മരുന്നുകൾ (കാൻസർ കീമോതെറാപ്പി പോലുള്ളവ) ഉപയോഗിക്കുന്നവരും ആകരുത്.
ആശുപത്രി ജീവനക്കാരിൽ മുലയൂട്ടുന്നവരുണ്ടെങ്കിലോ, ആശുപത്രിയിൽ കുഞ്ഞിനോടൊപ്പം admit ആയ, സ്വന്തം കുഞ്ഞിന് അസുഖം കാരണം മുല കുടിക്കാൻ പറ്റാത്ത സാഹചര്യമുള്ള അമ്മമാർക്കും മുലപ്പാൽ ദാനം ചെയ്യാം.
സാധാരണ രീതിയിൽ മുലപ്പാൽ ആരിൽ നിന്ന് ലഭിച്ചു, ആർക്ക് കൊടുത്തു എന്ന വിവരം കൈമാറാറില്ല.
എന്നാൽ ചില മതവിശ്വാസം വച്ചുപുലർത്തുന്നവരിൽ ചിലർക്ക് ഒരമ്മയുടെ മുലപ്പാൽ കുടിച്ചവരെല്ലാം തമ്മിൽ സഹോദരീ സഹോദര ബന്ധമാണ് എന്ന ഒരു ധാരണയുണ്ട്. അങ്ങനെയുള്ളവർക്ക് ഈ ആശയത്തോട് യോജിക്കാൻ വിഷമമായിരിക്കും. അല്ലെങ്കിൽ അവർ ദാനം ചെയ്ത പാൽ ആർക്ക് കൊടുത്തു അഥവാ തന്റെ കുഞ്ഞിന് കൊടുത്ത പാൽ ആര് ദാനം ചെയ്തതാണ് എന്ന വിവരം കൈമാറേണ്ടിവരും.
ഇതിന് വേണ്ടി ഒരുക്കേണ്ട സംവിധാനങ്ങൾ എന്തൊക്കെ?
ആശുപത്രിയിലെ ഓപിയോട് ചേർന്ന് ഇതിന് വേണ്ടി ഒരു പ്രത്യേക മുറി ഉണ്ടാകും.
അവിടെ മുലപ്പാൽ പിഴിഞ്ഞെടുക്കാൻ വേണ്ടി Breast Pump ഉണ്ടാകും.
അണുവിമുക്തമാക്കിയ പ്രത്യേക പാത്രങ്ങളിലാണ് ഇത് ശേഖരിക്കുക.
ഓരോ അമ്മയുടെ പാലും വേറെ വേറെ പാത്രങ്ങളിലാണ് ശേഖരിക്കുക.
നാലോ അഞ്ചോ പേരിൽ നിന്ന് ശേഖരിച്ച പാൽ ഒന്നിച്ച് ചേർത്ത ശേഷം ഏകദേശം 60 ഡിഗ്രി സെന്റിഗ്രേഡിൽ പാസ്ചറൈസ് ചെയ്യും.
ഇത് സൂക്ഷിക്കാനായി പ്രത്യേകം സജ്ജീകരിച്ച ഒരു മുറിയും ആവശ്യത്തിന് ഫ്രിഡ്ജും ഡീപ്പ് ഫ്രീസറും മറ്റ് സജ്ജീകരണങ്ങളും ഉണ്ടാകും.
മേൽ പറഞ്ഞ ബാക്റ്റീരിയകളുടെ സാന്നിദ്ധ്യം ഇല്ല എന്നുറപ്പിക്കാനുള്ള കൾച്ചർ പരിശോധനകൾ ചെയ്യാനുള്ള സൗകര്യവും ഉണ്ടാകും.
ഫ്രിഡ്ജിനുള്ളിൽ 24 മണിക്കൂറാണ് പാൽ സൂക്ഷിക്കാനാവുക. എന്നാൽ ഫ്രീസറിനുളളിലാണെങ്കിൽ മാസങ്ങളോളം സൂക്ഷിക്കാം.
പരിശോധനകൾ പൂർത്തിയായ ശേഷം മാത്രമേ പാൽ ഉപയോഗത്തിന് കൊടുക്കുകയുള്ളൂ.
ഇന്ത്യയിൽ മുലപ്പാൽ ബാങ്കിന് പ്രത്യേകം പ്രാധാന്യമുണ്ട്,
ഇന്ത്യയിൽ ജനിക്കുന്ന കുഞ്ഞുങ്ങളിൽ 20 ശതമാനവും തൂക്കം കുറഞ്ഞ കുഞ്ഞുങ്ങളാണ്. ഇവരിൽ മരണനിരക്ക് സാധാരണയിലും കൂടുതലാണ്. തുടക്കത്തിൽ മുലപ്പാൽ ലഭ്യമല്ലാതിരിക്കുന്നത് കുഞ്ഞിന് അണുബാധ ഉണ്ടാകുവാൻ കാരണമായേക്കാം. ഉയർന്ന മരണ നിരക്കിന് ഒരു കാരണം അണുബാധയാണ്.
ഏഷ്യയിൽ ആദ്യത്തെ മുലപ്പാൽ ബാങ്ക് തുടങ്ങിയത് മുംബൈയിൽ ലെ ധാരാവിയിൽ ഡോ. അർമേഡ ഫെർണാണ്ടസ് ആണ്, 1987 ൽ. എന്നാൽ തുടർന്ന് ഇക്കാര്യത്തിൽ വലിയ പുരോഗതി ഉണ്ടായില്ല. ഒരു പക്ഷേ പാൽപ്പൊടി ഉണ്ടാക്കുന്ന കമ്പനികളുടെ സമ്മർദ്ദം ഇതിനു പിന്നിലുണ്ടോ എന്ന് പറയാൻ പറ്റില്ല.
കേരളത്തിൽ കോഴിക്കോട്, തിരുവനന്തപുരം മെഡിക്കൽ കോളേജ്, എറണാകുളം ജനറൽ ആശുപത്രി, ജൂബിലി മിഷൻ മെഡിക്കൽ കോളേജ് തുടങ്ങിയ സ്ഥലങ്ങളിൽ മുലപ്പാൽ ബാങ്ക് തുടങ്ങാനുള്ള ശ്രമം ആരംഭിച്ചു കഴിഞ്ഞു. അധികം വൈകാതെ തന്നെ കേരളത്തിലെ കൂടുതൽ പ്രസവം നടക്കുന്ന ആശുപത്രികളിലെല്ലാം മുലപ്പാൽ ബാങ്ക് തുടങ്ങുമെന്ന് പ്രത്യാശിക്കാം.