ഞാൻ വളരുകയല്ലേ അമ്മേ..
“പുതുപുത്തൻ ഉടുപ്പുകൾ ചെറുതാവുന്നു ”
എന്ന അമ്മയുടെ സ്നേഹം നിറഞ്ഞ പരിഭവത്തിന് ,
“ഞാൻ വളരുകയല്ലേ മമ്മീ” എന്ന മറുപടി കൊടുക്കുന്ന മകൻ.
കയ്യോ കാലോ വളരുന്ന തെന്ന് ആറ്റു നോറ്റിരിക്കുന്ന അച്ഛനമ്മമാർക്ക് കാതിന് തേന്മഴയായിരുന്നു ഒരിക്കൽ ഈ പരസ്യം! കാലം മാറിയെങ്കിലും “എന്റെ കുഞ്ഞിന് വണ്ണോം പൊക്കോം ഇല്ല, ദേ… വാരിയെല്ല് പെറുക്കിയെടുക്കാം അതിന്റെ… ഒരു തരി വിശപ്പില്ല ” എന്നൊക്കെ സദാ പയ്യാരം പറയുന്ന അച്ഛനമ്മമാർ ഇപ്പോഴും ഇത്തരം പരസ്യങ്ങളിൽ ആകൃഷ്ടരായി എന്തു വില കൊടുത്തും ഏതുതരം പൊടികളും കുഞ്ഞുങ്ങൾക്ക് വാങ്ങിനൽകാൻ തയ്യാറുമാണ്.
കുഞ്ഞുങ്ങൾക്ക് ആവശ്യമായ പോഷകങ്ങളെക്കുറിച്ച് അറിയാമെങ്കിലും, നമ്മുടെ അശ്രദ്ധ അവരുടെ വളർച്ചയ്ക്കാവശ്യമായ എല്ലാത്തരം പോഷകങ്ങളും ഉൾക്കൊള്ളുന്ന വിവിധ ആഹാരപദാർത്ഥങ്ങൾ നിത്യജീവിതത്തിലെ ആഹാരക്രമത്തിൽ ഉൾപ്പെടുത്തുന്നതിന് വിഘാതമാവുന്നു.
കുട്ടികൾക്ക് അത്യന്താപേക്ഷിതമായ പോഷകങ്ങളെക്കുറിച്ചും അവയടങ്ങിയിട്ടുള്ള ആഹാരപദാർത്ഥങ്ങളെക്കുറിച്ചും കുട്ടികളിലെ ആഹാരരീതികളെക്കുറിച്ചും ഒരു ഓർമ്മപ്പെടുത്തലാണ് ഈ ലേഖനം.
അന്നജം
നമുക്ക് ഊർജ്ജം പ്രദാനം ചെയ്യുന്നതിൽ പ്രധാനിയാണിവൻ. പ്രതിദിനം വേണ്ടുന്ന ഊർജത്തിന്റെ 50-55 ശതമാനവും വരുന്നതീവഴിയ്ക്കാണ്. വിവിധ ധാന്യങ്ങളും കിഴങ്ങു വർഗങ്ങളും ചാമ, തിന, പഞ്ഞപ്പുല്ല് പോലുള്ള കുഞ്ഞമ്മാരും, ക്യാരറ്റ്, കപ്പ തുടങ്ങിയ വേരു വർഗങ്ങളും, പാലും പഞ്ചസാരയും എല്ലാം അന്നജത്തിന്റെ പ്രധാന ഉറവിടങ്ങളാണ്.
ധാന്യങ്ങളിൽ പ്രോട്ടീൻ 7-11 ശതമാനം മാത്രമേ ഉള്ളൂ. പക്ഷേ വയറു നിറച്ച് ചോറുണ്ണുന്ന മലയാളികൾക്ക് നല്ലൊരു പങ്ക് പ്രോട്ടീനും ചോറിൽ നിന്നും കിട്ടും. പക്ഷേ അതിനനുസരിച്ച് അന്നജവും ആവശ്യത്തിലധികം അകത്താവും! പൊതുവേ ധാന്യങ്ങളിൽ ലൈസീൻ എന്ന അവശ്യ അമിനോ ആസിഡ് അപര്യാപ്തമാണ്. എന്നാൽ നമ്മുടെ സ്വന്തം അരിയിൽ ലൈസീൻ ആവശ്യത്തിനുണ്ട്.(ഗോതമ്പിൽ ലൈസീൻ, ത്രിയോണിൻ എന്നീ അവശ്യ അമിനോ ആസിഡുകൾ കുറവാണ് )
അരിയുടെ തവിടിലാണ് വൈറ്റമിൻ ബി ഉള്ളത്. അതു കൊണ്ട് തന്നെ തവിടുള്ള അരിയാണ് പോഷക സമുദ്ധം.
“എന്റെ കൊച്ച് ഒരു മണി ചോറുണ്ണില്ല … ”
സ്ഥിരം കേൾക്കുന്ന പരാതികളിലൊന്നാണ് മാതാപിതാക്കളുടെ വക ! അരിയാണ് നമ്മുടെ പ്രധാന ഭക്ഷണമെങ്കിലും കുഞ്ഞ് അത് കഴിക്കുന്നില്ലെന്ന് വെച്ച് ബേജാറാവണ്ട. അന്നജം ആവശ്യത്തിന് ലഭിക്കുന്ന മറ്റേതെങ്കിലും ധാന്യങ്ങളോ കിഴങ്ങ് വർഗ്ഗങ്ങളോ കുഞ്ഞിന്റെ ആഹാരത്തിൽ ഉൾപ്പെടുത്തിയാൽ മതി.
മാംസ്യം (പ്രോട്ടീൻ)
ഗ്രീക്ക് ഭാഷയിൽ പ്രോട്ടീൻ എന്നതിന് “ഏറ്റവും പ്രാധാന്യമുള്ളത് ” എന്നാണർത്ഥം. ശരീര കലകളുടെ നിർമ്മാണത്തിന് അത്യന്താപേക്ഷിതമാണ് പ്രോട്ടീനുകൾ.എൻസൈമുകൾ, ഹോർമോണുകൾ, ആൻറിബോഡികൾ എന്നിവയുടെ രൂപീകരണത്തിനും പ്രോട്ടീൻ വേണം. വേണ്ടത്ര അന്നജം ലഭ്യമല്ലെങ്കിൽ ഊർജ്ജത്തിന് വേണ്ടിയും പ്രോട്ടീനുകൾ ഉപയോഗിക്കപ്പെടും.
പ്രോട്ടീനുകളുടെ അടിസ്ഥാന ഘടകങ്ങൾ അമിനോ ആസിഡുകളാണ്. 24 അമിനോ ആസിഡുകൾ ഉള്ളതിൽ 8 എണ്ണം നമ്മുടെ ശരീരത്തിൽ ഉൽപ്പാദിപ്പിക്കാൻ കഴിയാത്തവയാണ്. അവശ്യ അമിനോ ആസിഡുകൾ എന്നറിയപ്പെടുന്ന ഇവ നമുക്ക് ആഹാരത്തിലൂടെ തന്നെ ലഭിക്കേണ്ടതുണ്ട്.
എല്ലാ അവശ്യ അമിനോ ആസിഡുകളും അടങ്ങിയ ഗുണമേന്മയുള്ള പ്രോട്ടീൻ സമുദ്ധമായുള്ള മുട്ടയാണ് മാതൃകാ പ്രോട്ടീൻ ആയി കണക്കാക്കപ്പെടുന്നത്.
മത്സ്യം, മാംസം, മുട്ട, പാൽ, പാലുൽപ്പന്നങ്ങൾ എന്നിവയാണ് പ്രധാന പ്രോട്ടീൻ ദാതാക്കൾ. സസ്യാഹാരികളെ സംബന്ധിച്ച് പ്രോട്ടീന്റെ പ്രധാന സ്രോതസ് പയർ വർഗങ്ങളാണ്. ധാന്യങ്ങളിൽ കാണുന്നതിനേക്കാൾ ഇരട്ടിയിലധികം പ്രോട്ടീൻ (ശരാശരി 24 %) പയർ വർഗങ്ങളിൽ നിന്ന് ലഭിക്കും. വിവിധ തരം കടലകളും, പരിപ്പുമെല്ലാം നമ്മുടെ ആഹാരക്രമത്തിൽ ഉൾപ്പെടുത്തേണ്ടതുണ്ട്. പയർ വർഗത്തിൽ സോയാബീനിലാണ് ഏറ്റവും കൂടുതൽ പ്രോട്ടീൻ ഉള്ളത് (42%).
പയർ വർഗങ്ങൾ പ്രോട്ടീൻ സമ്പുഷ്ടമാണെങ്കിലും അവയിൽ മെത്തിയോണിൻ എന്ന അവശ്യ അമിനോ ആസിഡ് ആവശ്യത്തിനില്ല. ധാന്യങ്ങൾ ലൈസീൻ എന്ന അമിനോ ആസിഡിന്റെ കാര്യത്തിൽ അപര്യാപ്തമാണ് എന്ന് നേരത്തേ പറഞ്ഞല്ലോ. ധാന്യങ്ങളും പയർവർഗങ്ങളും ചേർന്ന ആഹാരം ഇവയിലെ കുറവുകളെ മറികടന്ന് സമീകൃതമായ പോഷകാഹാരം ഉറപ്പാക്കുന്നു. ഉത്തരേന്ത്യക്കാരുടെ പ്രമാദമായ ചപ്പാത്തി / റൊട്ടി / നാൻ എന്നിവയോടൊപ്പം ദാലും ( പരിപ്പ്) ചേർന്ന കോംബോ കിടിലൻ ആണെന്നർത്ഥം. നമ്മുടെ കഞ്ഞിയും പയറും പുട്ടും കടലയും തകർപ്പൻ തന്നെയാണ് കേട്ടോ!
കൊഴുപ്പ് (ഫാറ്റ്)
കൊഴുപ്പ് എന്ന് കേൾക്കുമ്പോഴേ എല്ലാവർക്കും പെട്ടെന്ന് ആധിയാവും അല്ലേ? എന്നാൽ ഊർജ സാന്ദ്രതയേറിയ കൊഴുപ്പ് നമുക്ക് ഒഴിച്ചു കൂടാനാവാത്തതാണ്. കൊഴുപ്പിന്റെ അടിസ്ഥാന ഘടകങ്ങൾ ഫാറ്റി ആസിഡുകളാണ്. ഇവ പൂരിത ഫാറ്റി ആസിഡുകൾ, അപൂരിത ഫാറ്റി ആസിഡുകൾ എന്നിങ്ങനെ രണ്ടു തരമുണ്ട്. അപൂരിത ഫാറ്റി ആസിഡിൽ പെട്ട (PUFA) ലിനോലീക് ആസിഡ് (ഒമേഗ 6), ലിനോലിനിക് ആസിഡ് (ഒമേഗ 3) എന്നിവ നമ്മുടെ ശരീരത്തിൽ ഉൽപ്പാദിപ്പിക്കാനാവാത്തതിനാൽ അവശ്യ ഫാറ്റി ആസിഡുകളായി കണക്കാക്കപ്പെടുന്നു. ഇവയിൽ നിന്നും ഉൽപ്പാദിപ്പിക്കപ്പെടുന്ന EPEA, DHEA എന്നിവ ഹൃദയ സുരക്ഷയിലും തലച്ചോറിന്റെ വികാസത്തിലും പ്രധാന പങ്ക് വഹിക്കുന്നു.
വിവിധ എണ്ണകൾ, നെയ്യ്, വെണ്ണ എന്നിങ്ങനെ നമുക്ക് കാണാവുന്ന കൊഴുപ്പിന് (വിസിബlൾ ഫാറ്റ്) പുറമേ ഇറച്ചി, മീൻ, നട്സ് തുടങ്ങി നേരിട്ട് ദൃശ്യമല്ലാതെയും (ഇൻവിസിബിൾ ഫാറ്റ്) കൊഴുപ്പ് നമ്മുടെ ഉള്ളിലെത്തുന്നുണ്ട്. കൊഴുപ്പിൽ നിന്നുമുള്ള ഊർജം 30% ത്തിൽ നിന്നും കൂടരുതെന്നാണ്. ശരാശരി ഇന്ത്യൻ ഭക്ഷണക്രമത്തിൽ 10-15 % കൊഴുപ്പ് ഇൻവിസിബിൾ ഫാറ്റ് ആയി നമുക്ക് ലഭിക്കുന്നുണ്ട്. അതു കൊണ്ട് തന്നെ ദൃശ്യഗോചരമായ കൊഴുപ്പിൽ നിന്നുമുള്ള ഊർജം പ്രതിദിനം ആകെ ലഭ്യമാകുന്നതിന്റെ 20 ശതമാനത്തിൽ കൂടുതൽ ആവാൻ പാടില്ല.
മൃഗങ്ങളിൽ നിന്നുമുള്ള കൊഴുപ്പ് പൊതുവെ പൂരിത കൊഴുപ്പുകളാണ്. എന്നാൽ കോഡ് ലിവർ ഓയിൽ, മത്തി എന്നിവയിൽ അപൂരിത കൊഴുപ്പാണുള്ളത്. മാത്രമല്ല അവയിൽ അവശ്യ ഫാറ്റി ആസിഡുകൾ യഥേഷ്ടമുണ്ട് താനും.
അപൂരിത ഫാറ്റി ആസിഡുകൾ അടങ്ങിയ സൂര്യകാന്തി എണ്ണ, നിലക്കടല എണ്ണ, പാമോയിൽ എന്നിവയിൽ ഒമേഗ 6/ഒമേഗ 3 ഫാറ്റി ആസിഡ് അനുപാതം വളരെ ഉയർന്നതാണ്. ( 5:1 ആണ് അഭികാമ്യമായിട്ടുള്ളത്) ആയതിനാൽ ഇവ ആരോഗ്യ പ്രശ്നങ്ങളുണ്ടാക്കാം.
വെളിച്ചെണ്ണയിൽ പൂരിത കൊഴുപ്പ് കൂടുതൽ ആണെങ്കിലും മീഡിയം ചെയിൻ ട്രൈഗ്ലിസറൈഡുകൾ അടങ്ങിയിട്ടുള്ളത് ഗുണപ്രദമാണ്.
ഒമേഗ 6 : ഒമേഗ 3 അനുപാതം ഏതാണ്ട് ഒത്തു വരുന്നത് നെയ്യിലും നമുക്ക് വായിൽ കൊള്ളാൻ പറ്റാത്ത കടുകെണ്ണയിലുമാണ്.
ഇരുമ്പ് (അയൺ)
രക്തത്തിലെ ഹീമോഗ്ലോബിൻ ഉൽപ്പാദിപ്പിക്കുന്നതിലെ പ്രധാന ഘടകം അയേൺ ആണ്. ജീവവായുവായ ഓക്സിജൻ ശ്വാസകോശത്തിൽ നിന്നും ശരീരത്തിലെ നാനാഭാഗങ്ങളിലേക്ക് എത്തിക്കുന്നത് ഹീമോഗ്ലോബിൻ വഴിയാണ്.
ഭക്ഷണത്തിലൂടെ ആവശ്യത്തിന് ഇരുമ്പ് സത്ത് ലഭിച്ചില്ലെങ്കിലോ, കൊക്കോപ്പുഴു ബാധ, അർശസ് ഇത്യാദികളിലെ രക്ത നഷ്ടം വഴിയോ, അയേൺ ആഗിരണം ചെയ്യപ്പെടുന്നതിലുള്ള വ്യതിയാനങ്ങൾ വഴിയോ അയേണിന്റെ അപര്യാപ്തത ഉടലെടുക്കാം.
അനീമിയ (വിളർച്ച) ആണ് ഇരുമ്പിന്റെ കുറവ് കൊണ്ടുണ്ടാകുന്ന അസുഖം. കുട്ടികളിൽ ഇത്തരം അനീമിയ വളരെ വ്യാപകമാണ് (ഏതാണ്ട് 53 ശതമാനം കുട്ടികളിൽ) എന്നാണ് വിവിധ പഠനങ്ങൾ ചൂണ്ടിക്കാട്ടുന്നത്.
അയേണിന്റെ അപര്യാപ്തത മൂലമുള്ള വിളർച്ച, ചെറിയ തോതിലേ ഉള്ളൂവെങ്കിൽ പലപ്പോഴും തിരിച്ചറിയപ്പെടാതെ പോകുന്നു.
വിളർച്ച, ക്ഷീണം, ഉത്സാഹക്കുറവ്, കിതപ്പ്, നെഞ്ചിടിപ്പ്, ശ്രദ്ധയില്ലായ്മ, പഠനത്തിൽ പിന്നോക്കമാകൽ, വളർച്ചക്കുറവ്, വിശപ്പില്ലായ്മ, മണ്ണ്, അരി തുടങ്ങിയവ തിന്നാനുള്ള ത്വര എന്നിവയെല്ലാം അയേണിന്റെ അപര്യാപ്തത മൂലമുള്ള അനീമിയയുടെ ലക്ഷണങ്ങളാവാം.
മത്സ്യ മാംസാദികൾ, മുട്ട, ധാന്യങ്ങൾ, പയർ വർഗങ്ങൾ, ഇലക്കറികൾ, ഈന്തപ്പഴം, റാഗി, ശർക്കര തുടങ്ങിയവ ഇരുമ്പ് സത്ത് കലർന്ന ആഹാരങ്ങളാണ്.
ആറു മാസം വരെ പൂർണമായും മുലപ്പാൽ മാത്രം നൽകപ്പെടുന്ന കുട്ടികൾക്ക് ആവശ്യത്തിന് അയേൺ മുലപ്പാലിൽ നിന്ന് ലഭിക്കും. ആറുമാസത്തിന് വളർച്ചയുടെ തോത് കൂടുന്നതിനുസരിച്ച് കൂടുതൽ അയേൺ അവശ്യമായി വരും. കട്ടിയാഹാരം നൽകിത്തുടങ്ങുമ്പോൾ ധാന്യങ്ങൾക്കും പയർ വർഗങ്ങൾക്കുമൊപ്പം ഇലക്കറികളും നൽകിത്തുടങ്ങണം. ആറുമാസത്തിന് ശേഷം കുഞ്ഞുങ്ങൾക്ക് അയേൺ ഫോളിക് ആസിഡ് സപ്ലിമെന്റേഷൻ തുടങ്ങാം.
സ്കൂൾ കുട്ടികൾക്ക് ആഴ്ചയിൽ ഒരിക്കൽ നൽകുന്ന അയേൺ ഫോളിക് ആസിഡ് ഗുളികകൾ (WIFS) ഇത്തരം വിളർച്ച തടയുക എന്ന ലക്ഷ്യത്തിനായി നടപ്പാക്കിയിട്ടുള്ളതാണ്.
ഇരുമ്പിന്റെ അപര്യാപ്തത മൂലമുള്ള വിളർച്ചയ്ക്ക് അയേൺ നൽകിയുള്ള ചികിത്സ ചിലപ്പോൾ മാസങ്ങളോളം തുടരേണ്ടി വരും. ആയതിനായി ഡോക്ടറുടെ നിർദ്ദേശം കൃത്യമായി പാലിക്കുക.
കാൽസ്യം
പല്ല്, എല്ല് എന്നിവയുടെ രൂപീകരണത്തിലും, പേശികളുടേയും നാഡീവ്യൂഹത്തിന്റെയും പ്രവർത്തനത്തിലും രക്തം കട്ടപിടിക്കുന്നതിന് സഹായിക്കുന്നതിനുമൊക്കെ കാൽസ്യം ഗണ്യമായ പങ്കുവഹിക്കുന്നു.
പാലും പാലുൽപ്പന്നങ്ങളും, മീൻ, കക്ക, ഞണ്ട്, ആട്ടിറച്ചി, ഇലക്കറികൾ, റാഗി, എള്ള് എന്നിവ കാത്സ്യം ധാരാളമായി അടങ്ങിയിട്ടുള്ള ആഹാരപദാർത്ഥങ്ങളാണ്.
കൗമാരപ്രായത്തിൽ ആവശ്യത്തിന് കാൽസ്യം അടങ്ങുന്ന ഭക്ഷണം കഴിയ്ക്കുന്നത് വളർച്ചക്ക് സഹായകമാകുന്നതിന് പുറമേ വയസ്സാംകാലത്ത് എല്ലുതേമാനം ഉണ്ടാവുന്നത് തടയാനും ഉപകരിക്കും.
അയഡിൻ
നമ്മുടെ മാനസികവും ശാരീരികവുമായ വളർച്ചാ വികാസത്തിനും തലച്ചോറിന്റെ വികാസത്തിനും താപനില നിലനിർത്തുന്നതിനും മറ്റും അത്യന്താപേക്ഷിതമായ തൈറോയ്ഡ് ഹോർമോണിന്റെ അവിഭാജ്യ ഘടകമാണ് അയഡിൻ. അയഡിന്റെ കുറവ് വളർച്ചാ മുരടിപ്പിനും ബുദ്ധിമാന്ദ്യത്തിനും വഴിതെളിയ്ക്കുന്നു. ഗർഭിണികളിൽ ഉണ്ടാകുന്ന അയഡിന്റെ അപര്യാപ്തത ഗർഭമലസലിനും ചാപിള്ളകൾ പിറക്കുന്നതിനും ജന്മവൈകല്യങ്ങൾക്കും കാരണമാകുന്നു.
കടൽ വിഭവങ്ങളിൽ ധാരാളമായി അയഡിൻ അടങ്ങിയിട്ടുണ്ട്.
അയഡൈസ് ചെയ്ത ഉപ്പിന്റെ ഉപയോഗം അയഡിൻ അപര്യാപ്തത തടയുന്നതിനുള്ള ഒരു പ്രധാന മാർഗമാണ്.
എന്നാൽ നിർമ്മാണ തിയ്യതി തൊട്ട് ഒരു വർഷത്തിനുള്ളിൽ തന്നെ അയഡൈസ് ചെയ്ത ഉപ്പ് ഉപയോഗിക്കുന്നതാണ് ഗുണപ്രദം. നനവും സൂര്യപ്രകാശവും കടുത്ത ചൂടും തട്ടാത്ത വിധം അടപ്പുള്ള പാത്രങ്ങളിൽ വേണം അയഡൈസ്ഡ് ഉപ്പ് സൂക്ഷിക്കാൻ. ആഹാരം പാചകം ചെയ്തതിന് ശേഷം മാത്രം ആഹാരത്തിൽ ഉപ്പ് ചേർക്കുന്നത് അയഡിന്റെ നഷ്ടം കുറയ്ക്കും.
വൈറ്റമിൻ D3
ഒരു ദിവസം ഒന്നര വയസ്സായ തങ്ങളുടെ കുഞ്ഞിനേയും കൊണ്ട് അച്ഛനമ്മമാർ എന്റെ ക്ലിനിക്കിൽ വന്നു. കാലുകൾക്ക് വളവ് എന്നായിരുന്നു അവരുടെ പ്രധാന പരാതി. പരിശോധിച്ചു നോക്കിയപ്പോൾ കാലുകൾ വില്ലു പോലെ വളഞ്ഞിരിക്കുന്നു, കാൽമുട്ടുകൾ ഉള്ളിലോട്ട് മുട്ടിച്ചേർന്നിരിക്കുന്നു നിൽക്കുമ്പോൾ. കൈക്കുഴയ്ക്ക് മുകളിൽ വീതി കൂടിയിരിക്കുന്നു. നെഞ്ചിന്റെ താഴ്ഭാഗത്തായി രണ്ട് വശങ്ങളിലും ചാല് ദൃശ്യമാണ്. ഇതെല്ലാം വൈറ്റമിൻ ഡി 3 യുടെ അപര്യാപ്തത മൂലമുള്ള റിക്കറ്റ്സ് എന്ന രോഗത്തിന്റെ പ്രകടഭാവങ്ങളാണ്.
വൈറ്റമിൻ ഡി നമ്മുടെ തൊലിയിൽ ഉൽപ്പാദിപ്പിക്കപ്പെടുന്ന ഒന്നാണ്. സൂര്യപ്രകാശമേൽക്കുമ്പോൾ അതിലെ അൾട്രാവയലറ്റ് രശ്മികൾ തൊലിയിൽ ഉളവാക്കുന്ന രാസപ്രവർത്തനങ്ങൾ വഴിയാണ് വൈറ്റമിൻ ഡി ഉണ്ടാകുന്നത്. തുടർന്ന് കരളിലും വൃക്കയിലും ഉള്ള രാസപ്രവർത്തനങ്ങൾ വഴി വൈറ്റമിൻ ഡി 3 എന്ന സജീവ തന്മാത്രയായി മാറുന്നു.
മേൽപ്പറഞ്ഞ കുഞ്ഞ് ഒരു ഗൾഫ് രാജ്യത്ത് ജനിച്ചു വളർന്നതാണ്. അൽപ്പം പോലും സൂര്യപ്രകാശമേൽക്കാതെ വീടിന്റെ ചുവരുകൾക്കുള്ളിൽ തളച്ചിടപ്പെട്ട പാവം. ഇങ്ങനെ പുറം ലോകം കാണാതെ, ആവശ്യത്തിന് സൂര്യപ്രകാശമേൽക്കാതെ, പുറത്ത് കളിക്കാതെ വളരുന്ന കുഞ്ഞുങ്ങളിലാണ് ഇപ്പോൾ റിക്കറ്റ്സ് കൂടുതലും കാണുന്നത്.
കാത്സ്യം, ഫോസ്ഫറസ് എന്നിവയുടെ ശരീരത്തിലെ സന്തുലനാവസ്ഥ നിലനിർത്തുന്നതിൽ വൈറ്റമിൻ ഡി 3 പ്രധാന പങ്ക് വഹിക്കുന്നു. എല്ലിന്റെയും പല്ലിന്റേയും അൻപ് തോഴൻ!
മീൻ, മീനെണ്ണ, മുട്ടയുടെ മഞ്ഞക്കരു, വെണ്ണ എന്നിവയിൽ ഒക്കെ വൈറ്റമിൻ ഡി 3 ഉണ്ടെങ്കിലും ഭക്ഷണത്തിൽ നിന്നുമുള്ള പങ്ക് കേവലം 5 -10 % മാത്രമേ ആവുന്നുള്ളൂ.
അപ്പോൾ കുട്ടികൾ പുറം ലോകം കണ്ട് കളിച്ച് വളരട്ടെ. സൂര്യപ്രകാശമേറ്റ് തെളിയട്ടെ ആ ബാല്യങ്ങൾ!
വൈറ്റമിൻ എ
കണ്ണിന് കണ്ണായ കൺമണികളാണ് നമുക്ക് കുഞ്ഞുങ്ങൾ.ആ കൺമണികളുടെ കണ്ണ് തെളിയണമെങ്കിൽ വൈറ്റമിൻ എ കൂടിയേ തീരൂ.കൂടാതെ പ്രത്യുൽപാദനം, രോഗ പ്രതിരോധം, കോശങ്ങളുടേയും കലകളുടേയും വളർച്ചാ വികാസം എന്നിവയിലും വൈറ്റമിൻ എ പ്രധാന പങ്ക് വഹിയ്ക്കുന്നു. നവജാത ശിശുക്കളുടെ വളർച്ചാ വികാസത്തിനും വൈറ്റമിൻ എ വേണം.
കാരറ്റ്, മാങ്ങ, പപ്പായ, ഓറഞ്ച് തുടങ്ങിയ ഫലങ്ങളിലും ഇലക്കറികളിലും മഞ്ഞ – ഓറഞ്ച് പച്ചക്കറികളിലും വൈറ്റമിൻ എ ധാരാളമായി അടങ്ങിയിട്ടുണ്ട്.
വൈറ്റമിൻ എ യുടെ അപര്യാപ്തത മൂലം നിശാന്ധത, കോർണിയയിലുണ്ടാകുന്ന വ്രണങ്ങൾ തുടങ്ങി അന്ധത വരെയുണ്ടാകാം.
ദേശീയ രോഗ പ്രതിരോധ കുത്തിവെപ്പ് പട്ടിക പ്രകാരം വൈറ്റമിൻ എ, ഒമ്പത് ഡോസുകൾ കുഞ്ഞുങ്ങൾക്ക് നൽകേണ്ടതായുണ്ട്. ആദ്യത്തെ ഡോസ് ഒമ്പതാം മാസത്തെ അഞ്ചാം പനിയ്ക്കുള്ള കുത്തിവെപ്പിന് ഒപ്പമാണ്. രണ്ടാമത്തെ ഡോസ് ഒന്നര വയസ്സിലും, തുടർന്നുള്ള ഡോസുകൾ ആറു മാസം ഇടവിട്ട് അഞ്ചു വയസ്സു വരേയുമാണ്. ഇത് നിങ്ങളുടെ തൊട്ടടുത്ത ആരോഗ്യ കേന്ദ്രത്തിൽ ലഭ്യമാണ്.
ബി കോംപ്ലക്സ് വൈറ്റമിനുകൾ ..
കുട്ടികളുടെ നാവിൽ നിന്ന് തൊലി പോയാലോ, വായുടെ കോൺ വിണ്ടു കീറിയാലോ ഉടൻ മുതിർന്നവരുടെ കമന്റ് വരും “അതേ ബീ കോംപ്ലക്‌സിന്റെ കുറവാണ്”. സംഗതി ശരിയാണ് ബി കോംപ്ലക്സ് വൈറ്റമിനിൽ പെട്ട റൈബോഫ്ലാവിന്റെ അപര്യാപ്തതയുടെ സാധാരണ ലക്ഷണങ്ങളാണിവ. എന്നാൽ നമ്മുടെ ശരീരത്തിലെ വിവിധ ചയാപചയ പ്രവർത്തനങ്ങളിലും നാഡീവ്യവസ്ഥയുടെ ഗതിവേഗങ്ങളിലും പ്രധാന പങ്ക് വഹിക്കുന്ന വൈറ്റമിൻ ബി കോംപ്ലക്സിന്റെ അപര്യാപ്തത ബെറി ബെറി (തയാമിൻ കുറവ് മൂലം), പെല്ലഗ്ര (നിയാസിന്റെ കുറവ് ), വിളർച്ച (പിരി ഡോക്സിൻ, വൈറ്റമിൻ ബി 12 എന്നിവയുടെ കുറവ്) തുടങ്ങിയ ഗൗരവമേറിയ അസുഖങ്ങളുണ്ടാക്കാം.
ഇറച്ചി, മീൻ, ധാന്യങ്ങൾ, ഇലക്കറികൾ എന്നിവ ബി കോംപ്ലക്സ് വൈറ്റമിനുകളുടെ പ്രധാന സ്രോതസ്സുകളാണ്.
വൈറ്റമിൻ ബി 12 സസ്യജന്യമായ ആഹാരങ്ങളിൽ അടങ്ങിയിട്ടില്ല. പാലു പോലും കുടിക്കാത്ത സസ്യാഹാരികൾക്ക് വൈറ്റമിൻ ബി 12 ന്റെ കുറവു മൂലമുള്ള വിളർച്ച വരാൻ സാധ്യത ഏറെയാണ്.
വൈറ്റമിൻ സി
കൊളാജൻ നിർമ്മാണത്തിലും പല്ലിന്റേയും എല്ലിന്റേയും രൂപീകരണത്താലും പ്രധാന പങ്ക് വഹിക്കുന്ന ഒന്നാണ് വൈറ്റമിൻ സി. വെള്ളത്തിൽ ലയിക്കുന്ന ഈ വൈറ്റമിൻ നെല്ലിക്ക, പേരയ്ക്ക, നാരങ്ങ, ഓറഞ്ച്, മുളച്ച ധാന്യങ്ങൾ, പയർ വർഗങ്ങൾ എന്നിവയിൽ അടങ്ങിയിട്ടുണ്ട്. എന്നാൽ ഇവ പാചകം ചെയ്യുമ്പോൾ വൈറ്റമിൻ സി നഷ്ടപ്പെടുന്നു. പഴവർഗ്ഗങ്ങളും മറ്റും പാചകം ചെയ്യാതെ ഭക്ഷിയ്ക്കുന്നത് വൈറ്റമിനുകളുടെ അളവ് നഷ്ടപ്പെടാതിരിക്കുന്നതിന് സഹായകരമാകും.
പോഷകങ്ങളെപ്പറ്റി വായിച്ചു തല പെരുത്തു കാണും അല്ലേ …
എന്നാൽ ഒരു ചോദ്യത്തിനുത്തരം പറയൂ..
നമ്മൾ മലയാളികളുടെ ഭക്ഷണ രീതിയുടെ ഏറ്റവും വലിയ ദോഷം എന്താണ്?
നമുക്ക് അരിയാണഖിലസാരമൂഴിയിൽ … രാവിലെ പുട്ട്, ഉച്ചയ്ക്ക് ചോറ്, രാത്രീലും ചോറ് ! ഇടനേരം വല്ലതും കടിയുണ്ടെങ്കിൽ അതും അരിപ്പലഹാരം അല്ലെങ്കിൽ മൈദ.
കൂട്ടാൻ എന്ന് പറഞ്ഞാൽ നമുക്ക് “തൊട്ടുകൂട്ടാൻ ” എന്നാണർത്ഥം. വെള്ളമടിക്കാരുടെ ടച്ചിംഗ്സ് പോലെ (അവരുടെ ടച്ചിംഗ്സ് ഇതിലും അളവ് കൂടുതലുണ്ട്! )
ധാന്യങ്ങൾ, കിഴങ്ങു വർഗങ്ങൾ, മത്സ്യ മാംസാദികൾ, പച്ചക്കറികൾ, പയർ വർഗങ്ങൾ, പഴങ്ങൾ, ഇലക്കറികൾ എല്ലാം ഭക്ഷണത്തിൽ ഉൾപ്പെടുത്തണം. പാത്രത്തിൽ മുക്കാൽ പങ്കും ചോറും ബാക്കി കറികളും എന്നത് മാറ്റണം. പകുതി ചോറും പകുതി കറികളും ആവട്ടെ.
ടോട്ടാച്ചാന്റെ കോബായാഷി മാഷിനെ ഓർമ്മയില്ലേ?
മലയിൽ നിന്നുള്ള പങ്കും കടലിൽ നിന്നുമുള്ള പങ്കും ഉച്ചഭക്ഷണ സമയത്ത് കുട്ടികളോട് ആവശ്യപ്പെട്ട് പങ്ക് വെച്ച് കഴിപ്പിയ്ക്കുന്ന മാഷിനെ ..
റ്റോമോ സ്കൂളിലെ ആ പാട്ടും ..
“ചവച്ചരച്ചിറക്കിടാം
കഴിച്ചിടുന്നതൊക്കെയും
ചവച്ചരച്ച് മെല്ലവേ
ഇറച്ചി ചോറ് മീൻ കറീം ”
ഒന്ന് മനസ്സ് വെച്ചാൽ നിങ്ങൾക്കും കൊബായാഷി മാഷാവാം. നിങ്ങളുടെ കുഞ്ഞുങ്ങൾ വയറും മനസ്സും നിറഞ്ഞുണ്ട് വളർന്ന് അവരുടെ കുഞ്ഞുങ്ങളെ ഊട്ടുമ്പോഴും നിങ്ങൾ നൽകിയ ഭക്ഷണത്തിന്റെ രുചിയും മണവും അവരുടെ നാവിൻതുമ്പിലുണ്ടാവും. നിങ്ങളുടെ സ്നേഹം അവരുടെ മനസ്സിലും!