· 2 മിനിറ്റ് വായന

മാസ്കിരിക്കേണ്ടിടത്തു മാസ്കിരുന്നില്ലെങ്കിൽ ! (കൊറോണക്കുറിമാനം)

Current Affairsകോവിഡ്-19പകര്‍ച്ചവ്യാധികള്‍പൊതുജനാരോഗ്യം
കോവിഡ് ചികിത്സയിലെ ഗവേഷണങ്ങളും പരീക്ഷണങ്ങളുമെല്ലാം വിശ്രമമില്ലാതെ തുടരുന്ന സാഹചര്യത്തിൽ വളരെ പ്രതീക്ഷ തരുന്ന ഒരു ആർട്ടിക്കിൾ ന്യൂ ഇംഗ്ലണ്ട് ജേർണൽ ഓഫ് മെഡിസിനിൽ സെപ്റ്റംബർ ആദ്യവാരം പ്രസിദ്ധീകരിച്ചിട്ടുണ്ട്. കോവിഡ് പ്രതിരോധിക്കുന്നതിൽ മാസ്ക് ധരിക്കുന്നതിലെ പങ്ക് ഒന്നു കൂടി അടിവര ഇടുന്നതാണ് ഈ പ്രസിദ്ധീകരണം.
പണ്ട് വസൂരി പടർന്നു പിടിച്ച കാലത്ത് വസൂരി കുമിളകളിൽ നിന്നുള്ള സ്രവം മനുഷ്യ ശരീരത്തിലേക്ക് പ്രവേശിപ്പിച്ച് മനുഷ്യനിൽ വീര്യം കുറഞ്ഞ രീതിയിൽ അണുബാധ ഉണ്ടാക്കുന്ന ഒരു രീതി ഉപയോഗിച്ചിരുന്നു. സാധാരണ ഒരു രോഗിയിൽ നിന്ന് പകർന്നു കിട്ടുന്നതിനേക്കാൾ ഇത്തരത്തിൽ അണുബാധ കിട്ടുന്നവർക്ക് വൈറസിന്റെ അളവ് കുറവായിരിക്കും എന്നതായിരുന്നു ഗുണം. അവർക്ക് രോഗലക്ഷണങ്ങളും സങ്കീർണതകളും കുറവായിരിക്കും. മാസ്ക് വ്യാപകമായി ഉപയോഗിക്കുന്നതിലൂടെ കോവിഡിലും ഇതേ പോലെ ഒരു പ്രയോജനം ഉണ്ടായേക്കാം എന്നാണ് പുതിയ പേപ്പർ അവകാശപ്പെടുന്നത്. മാസ്ക് ധരിക്കാത്ത ഒരാളുമായി താരതമ്യം ചെയ്യുമ്പോൾ മാസ്ക് ധരിച്ച ആളിലേക്ക് വൈറസിന്റെ പ്രവേശനം കുറഞ്ഞ അളവിൽ ആയിരിക്കുമെന്നും അതിനാൽ വൈറസ് കൊണ്ട് ഉണ്ടാകുന്ന രോഗത്തിന്റെ കാഠിന്യവും കുറവായിരിക്കും. ആകയാൽ ഇങ്ങനെ കോവിഡ് അണുബാധ ഉണ്ടാകുന്നുണ്ടെങ്കിലും ബഹുഭൂരിപക്ഷം ആളുകളിലും ലക്ഷണങ്ങൾ ഒന്നും തന്നെ ഉണ്ടാവാതെ രക്ഷപ്പെടുന്നു. മാസ്ക് ഉപയോഗിച്ച് മൃഗങ്ങളിൽ നടത്തിയ പഠനങ്ങളിലും ഇതേ കാര്യം തെളിയിക്ക്പ്പെടുകയുണ്ടായി. അർജൻറീനയിലെ ഒരു ക്രൂസിൽ യാത്ര ചെയ്ത ആളുകൾ എല്ലാവരും മാസ്ക് ഉപയോഗിച്ചപ്പോൾ ഒരു ലക്ഷണവും ഇല്ലാത്ത അണുബാധ 81 ശതമാനം ആയിരുന്നു എന്ന് കണ്ടു. മുൻപ് ഇതേപോലെ മാസ്ക് ഇല്ലാതെ ക്രൂസിൽ യാത്ര ചെയ്ത ആളുകൾക്ക് ലക്ഷണങ്ങൾ ഇല്ലാത്ത അണുബാധ വെറും 20 ശതമാനം മാത്രമായിരുന്നു.
അമേരിക്കയിലെ ഒരു ഭക്ഷ്യസംസ്കരണ ഫാക്ടറിയിൽ എല്ലാ ജോലിക്കാരോടും നിർബന്ധമായും മാസ്ക് ഉപയോഗിക്കാൻ ആവശ്യപ്പെട്ടപ്പോൾ അവിടെ 500 ആളുകൾക്ക് അണുബാധ ഉണ്ടായതിൽ 95 ശതമാനവും ഒരു ലക്ഷണങ്ങളും കാണിക്കാതെ രക്ഷപ്പെട്ടു. 5% ലക്ഷണങ്ങൾ കാണിച്ചപ്പോൾ അവർക്കും ഗുരുതരമായ ലക്ഷണങ്ങൾ ഒന്നും തന്നെ ഉണ്ടായില്ല. ഈ അടുത്ത കാലത്തായി നടന്ന നിരീക്ഷണങ്ങളിലെല്ലാം മാസ്ക് നിർബന്ധമാക്കിയ രാജ്യങ്ങളിലൊക്കെ കോവിഡ് അണുബാധ മൂലമുണ്ടാകുന്ന ഗുരുതരാവസ്ഥ കളും മരണങ്ങളും വളരെ കുറവാണെന്ന് കാണുന്നു. അതും നേരത്തെ ചൂണ്ടിക്കാണിച്ച കാരണങ്ങളാൽ ആവാം.
ലോക്ഡൗൺ, കണ്ടൈൻമെൻറ് തുടങ്ങിയ മാർഗ്ഗങ്ങളിലൂടെ കോവിഡ് പ്രതിരോധിക്കാൻ ശ്രമിക്കുമ്പോൾ താൽക്കാലികമായി രോഗികളുടെ എണ്ണം കുറയുമെങ്കിലും അത് പിൻവലിക്കുന്ന മുറക്ക് രോഗികളുടെ എണ്ണം കുത്തനെ കൂടാനുള്ള സാധ്യത എന്നും നിലനിൽക്കുന്നു. കാരണം രോഗത്തിനെതിരെ പ്രതിരോധ ശക്തി കുറഞ്ഞ ആളുകൾ ആ സമൂഹത്തിൽ ബാക്കിയാവുന്നു എന്നതാണ്. എന്നാൽ മാസ്ക് ഉപയോഗിക്കുന്നതിലൂടെ ചില ആളുകളിൽ കോവിഡ് അണുബാധ പൂർണമായും തടയാൻ സാധിക്കുമ്പോൾ, ചിലരിൽ അത് ലക്ഷണം ഇല്ലാത്തതോ അല്ലെങ്കിൽ ലക്ഷണം വളരെ കുറഞ്ഞതോ ആയ അണുബാധകൾ ഉണ്ടാക്കുന്നു. ഇത് ആളുകൾക്ക് രോഗപ്രതിരോധ ശക്തി നൽകുക കൂടി ചെയ്യുന്നു. അതായത് സമൂഹത്തിലെ നല്ലൊരു ശതമാനം ആളുകൾക്ക് ഗുരുതരമല്ലാത്ത നിലയിൽ അണുബാധ ഉണ്ടാകുന്നത് സമൂഹത്തിൻറെ മൊത്തം രോഗപ്രതിരോധശക്തി വർധിപ്പിക്കാൻ സഹായിക്കുന്നു.
നിലവിലുള്ള തെളിവുകൾ വെച്ച് നോക്കുമ്പോൾ കോവിഡ് പ്രതിരോധത്തിലെ ഏറ്റവും ശക്തമായ ആയുധം സർവ്വ വ്യാപകമായ മാസ്കിൻറെ ഉപയോഗമാണ് എന്നതിൽ സംശയമില്ല.
അതിനാൽ സംസാരിക്കുമ്പോൾ മാസ്ക് താഴ്ത്തുകയും താടിയിൽ മാസ്ക് വെക്കുകയും ചെയ്യുന്ന സ്വഭാവം ഉള്ള ആളാണെങ്കിൽ ഇപ്പോൾ തന്നെ നന്നായിക്കോളൂ….
മാസ്ക് മൂക്കും വായും മൂടുവാൻ തന്നെ ഉപയോഗിക്കൂ, പ്രത്യേകിച്ചും പൊതുസ്ഥലങ്ങളിലും സംസാരിക്കുമ്പോഴും…
ലേഖകർ
Shameer V K completed MBBS from Pariyaram Medical College and MD General Medicine from Govt Medical College, Thrissur. He has worked at Malabar Medical College, KMCT Med College, and Thrissur Medical College. Presently Assistant Professor, Kozhikode Medical College. Special interest - Infectious Diseases, Diabetes and Geriatrics.
ചിത്രകാരൻ
Design Co-ordinator, Infoclinic.

മികച്ച വർഗ്ഗങ്ങൾ

എല്ലാ വർഗ്ഗങ്ങളും
പൊതുജനാരോഗ്യം

284 ലേഖനങ്ങൾ

Current Affairs

240 ലേഖനങ്ങൾ

കോവിഡ്-19

236 ലേഖനങ്ങൾ

ആരോഗ്യ അവബോധം

115 ലേഖനങ്ങൾ

സുരക്ഷ

64 ലേഖനങ്ങൾ

ശിശുപരിപാലനം

59 ലേഖനങ്ങൾ

കിംവദന്തികൾ

53 ലേഖനങ്ങൾ

Infectious Diseases

52 ലേഖനങ്ങൾ

Medicine

45 ലേഖനങ്ങൾ