· 7 മിനിറ്റ് വായന

വിഷമദ്യ ദുരന്തങ്ങൾ

Psychiatry
?കുറച്ചു വർഷങ്ങൾ മുൻപുവരെ പത്രങ്ങളിലെ സ്ഥിരം വാർത്തകളിൽ ഒന്നായിരുന്നു വിഷമദ്യം കഴിച്ചതുമൂലം കാഴ്ച നഷ്ടപ്പെടുകയും ,മരണം സംഭവിക്കുകയും ചെയ്യുന്നവരുടെ വാർത്തകൾ . എന്നാൽ ചാരായ നിരോധനം, ശക്തമായ നിയമങ്ങൾ, എക്‌സൈസ് -പോലീസ് ഇടപെടൽ തുടങ്ങിയവയും അതുപോലെ മറ്റു മദ്യങ്ങളുടെ ലഭ്യത കൂടിയതും ,അവബോധം വർധിച്ചതും ഇത്തരം പ്രശ്നങ്ങൾ കുറയാൻ കാരണമായിട്ടുണ്ട്. എന്നിരുന്നാലും കേരളത്തിൽ പല ഗ്രാമങ്ങളിലും , പ്രത്യേകിച്ച് അതിർത്തി പ്രദേശങ്ങളിലും, ആദിവാസി ഊരുകളിലും ഇപ്പോഴും ചാരായത്തിന്റെ ഉപയോഗവും, വിഷമദ്യങ്ങൾ കൊണ്ടുള്ള പ്രശ്നങ്ങളും കാണാറുണ്ട്.
ഇടുക്കിയിൽ ഹോംസ്റ്റേ ഉടമയും ജോലിക്കാരനും വിഷമദ്യം ഉപയോഗിച്ചത് മൂലം മരണപ്പെട്ടത് കഴിഞ്ഞ ആഴ്ചകളിലാണ്. അതുപോലെ പാലക്കാട് ആദിവാസി ഗ്രാമത്തിലും 5 പേര് വിഷമദ്യം കഴിച്ചു കഴിഞ്ഞ ദിവസം മരിച്ചിരുന്നു. ഈ വാർത്തകൾ കണ്ടത് കൊണ്ടാണ് ഇങ്ങനെ ഒരു കുറിപ്പ് എഴുതാൻ തീരുമാനിച്ചത്. ഇവിടെ സംഭവിക്കുന്നത് എന്ന് നമുക്ക് ഒന്ന് നോക്കാം .
❓എന്താണ് വിഷമദ്യം?
?സാധാരണ നമ്മൾ ലഹരിയായി ഉപയോഗിക്കുന്ന മദ്യത്തിൽ അടങ്ങിയിരിക്കുന്നത് ഈതൈൽ ആൽക്കഹോൾ(ethanol) എന്ന രാസവസ്തുവാണ്. ചെറിയ അളവിൽ ലഹരിയും ,കൂടിയ അളവിൽ ശാരീരിക മാനസിക പ്രശ്നങ്ങളും, വളരെ കൂടിയ അളവിൽ വിഷബാധ ഉണ്ടാക്കാനും ഇതിനു കഴിയും(ഇതും വിഷം തന്നെയാണന്നർത്ഥം ). ഈ മദ്യത്തിന് ഒപ്പം ആൽക്കഹോൾ ഗണത്തിൽ പെടുന്ന മീതൈൽ ആൽക്കഹോൾ , എത്തിലീൻ ഗ്ലൈക്കോൾ . ഐസോപ്രൊപ്പൈൽ ആൽക്കഹോൾ തുടങ്ങി ചെറിയ അളവിൽ തന്നെ കടുത്ത വിഷബാധയും ജീവനാശവും ഉണ്ടാക്കാവുന്ന വസ്തുക്കൾ ചേരുമ്പോൾ ആണ് വിഷമദ്യം ഉണ്ടാവുക.
?സാധാരണയായി വ്യവസായിക ആവശ്യത്തിനാണു ഇത്തരം ആൽക്കഹോൾ ഉപയോഗിക്കുക. നമ്മൾ നിത്യജീവിതത്തിൽ ഉപയോഗിക്കുന്ന പല വസ്തുക്കളിലും സോൾവെൻറ് ആയിട്ട് ഈ രാസവസ്തുക്കൾ ഉപയോഗിക്കാറുണ്ട്. ഇതിൽ വളരെ സാധരണയായി ഉപയോഗിക്കുന്ന വസ്തുവാണ് മീതൈൽ ആൽക്കഹോൾ. നമ്മുടെ നാട്ടിൽ വിഷമദ്യങ്ങളിൽ കൂടുതലായി കാണുന്നതും മീതൈൽ ആൽക്കഹോൾ ആണ്. സാധാരണ ആൽക്കഹോൾ വ്യാവസായിക ആവശ്യത്തിന് ഉപയോഗിക്കുന്ന അവസരത്തിൽ ( ഉദാഹരണം – ഹാൻഡ് santizer ,ഹോസ്പിറ്റൽ സ്പിരിറ്റ് ) ആളുകൾ ദുരുപയോഗം ചെയ്യാതെ ഇരിക്കാൻ അതിൽ മീതൈൽ ആൽക്കഹോൾ ചേർക്കാറുണ്ട്.
❓എങ്ങനെയാണ് ഇത്തരം വിഷമദ്യം ഒരാളുടെ ഉള്ളിൽ ചെല്ലുക ?
?ഒരേ നിറമുള്ള വസ്തുക്കൾ അബദ്ധത്തിൽ കുടിക്കുന്നത് വഴി സംഭവിക്കാം – കുട്ടികളിലും പ്രായമായ വ്യക്തികളിലും ഇങ്ങനെ സംഭവിക്കാം.
?ചാരായം ഉണ്ടാക്കുമ്പോൾ ,തെറ്റായ രീതികൾ ഉപയോഗിക്കുന്നതും ,അബദ്ധങ്ങൾ സംഭവിക്കുന്നതും വഴി മദ്യത്തിൽ മീതൈൽ ആൽക്കഹോൾ കലരാം.
?സാധാരണ മദ്യത്തിൽ വീര്യം കൂട്ടാനായി മീതൈൽ ആൽക്കഹോൾ ചേർക്കുന്ന രീതിയുമുണ്ട്. വിഷമദ്യ ദുരന്തങ്ങൾ ഉണ്ടാകാൻ കാരണം ഈ രീതിയാണ്. ചാരായത്തിലും കള്ളിലും ഒക്കെ ഈ രീതിയിൽ കലർത്തുന്ന രീതിയുണ്ട്.
? വ്യാവസായിക ആവശ്യത്തിന് ഉപയോഗിക്കുന്ന മദ്യം അടങ്ങിയ രാസവസ്തുക്കൾ ലഹരിക്കായി ഉപയോഗിക്കുന്നത് വഴിയും (ഇടുക്കിയിൽ അങ്ങനെയാണ് സംഭവിച്ചത് എന്നാണ് വാർത്തകൾ ) വിഷമദ്യം ഉള്ളിൽ ചെല്ലാം .
❓മെഥനോൾ എങ്ങനെയാണ് വിഷബാധ ഉണ്ടാക്കുക ?
?30-240 മില്ലിലിറ്റർ മെഥനോൾ മിക്ക വ്യക്തികൾക്കും വിഷബാധ ഉണ്ടാക്കാം. മെഥനോളിനെ ശരീരം നിർവീര്യമാക്കി പുറത്തു കളയുന്നത് കരളിലെ രാസ പ്രവർത്തനം വഴിയാണ് . ഇത് വഴി മീതൈൽ ആൽക്കഹോൾ ആദ്യം ഫോർമാൽഡിഹൈഡും പിന്നെ ഫോർമിക് ആസിഡും ഫോർമിക് ആസിഡ് അവസാനം വെള്ളവും കാർബൺ ഡൈ ഓക്സൈഡും ആയിമാറുകയും ചെയ്യുന്നു..
? ഫോർമിക് ആസിഡ് ഉണ്ടായി കഴിഞ്ഞാൽ അത് ശരീരത്തിന് പുറത്തു പോകാൻ വളരെയധികം സമയം എടുക്കും. കൂടുതൽ അളവിൽ വിഷമദ്യം ഉള്ളിൽ ചെന്നാൽ കൂടുതൽ ഫോർമിക് ആസിഡ് ഉണ്ടാവുകയും അതിന്റെ അളവ് ശരീരത്തിൽ കൂടുകയും ചെയ്യും. ഫോർമിക് ആസിഡാണ് വിഷമദ്യം കൊണ്ടുള്ള ശാരീരിക പ്രശ്നങ്ങൾക്ക് കാരണം.
? ഈതൈൽ ആൽക്കഹോൾ നിർവീര്യം ആക്കപെടുന്നതും ഇതേ രീതിയിൽ ആണെങ്കിലും , ഉണ്ടാകുന്ന വസ്തുക്കൾ വളരെ വേഗം നിർവീര്യം ആക്കപ്പെടുന്നത് കൊണ്ട് വിഷബാധ ഉണ്ടാവുകയില്ല. അല്ലെങ്കിൽ വളരെ വലിയ അളവിൽ മദ്യം കഴിക്കണം .
?ഫോർമിക് ആസിഡിന്റെ അളവ് ശരീരത്തിൽ കൂടുന്നതുവഴി നമ്മുടെ ശരീരത്തിലെ അമ്ലത്വത്തിൽ വ്യത്യാസം ഉണ്ടാവുകയും , ലവണങ്ങളുടെ അളവിൽ മാറ്റമുണ്ടാവുകയും ചെയ്യും. നമ്മുടെ കോശങ്ങളുടെ ഉള്ളിലുള്ള മൈറ്റോകോൺഡ്രിയ അടക്കമുള്ള ഭാഗങ്ങളുടെ പ്രവർത്തനം തകരാറിൽ ആവുകയും തന്മൂലം കോശങ്ങൾക്ക് ഓക്സിജൻ കൃത്യമായി ഉപയോഗിക്കാൻ പറ്റാതെ വരികയും ചെയ്യും. ഇതാണ് കണ്ണുകൾ , തലച്ചോർ , മറ്റു അവയവങ്ങൾ ഇവക്കു തകരാർ ഉണ്ടാകാൻ കാരണം .
❓എന്തൊക്കെയാണ് വിഷമദ്യം ഉള്ളിൽ ചെന്നാൽ ഉണ്ടാകുന്ന ലക്ഷണങ്ങൾ ?
?മുകളിൽ സൂചിപ്പിച്ചതു പോലെ മെഥനോളിൽ നിന്ന് ഫോർമിക് ആസിഡ് ഉണ്ടായിവരുന്ന പ്രക്രിയ വളരെ പതിയെ നടക്കുന്നതായതുകൊണ്ട് ലക്ഷണങ്ങൾ കാണിച്ചു തുടങ്ങാൻ കുറച്ചു സമയമെടുക്കും.
?സാധാരണ 12 മുതൽ 24 മണിക്കൂർ കഴിഞ്ഞാണ് ലക്ഷണങ്ങൾ കാണിച്ചു തുടങ്ങുക. വളരെ വലിയ അളവിൽ മെഥനോൾ കഴിച്ചിട്ടുണ്ട് എങ്കിൽ ഇതിനും മുന്നേ ലക്ഷണങ്ങൾ കാണിക്കാം.
?പൊതുവെയുള്ള ക്ഷീണം, വയറിനു വേദന, ഓക്കാനം, ഛർദി ഇവയാണ് പ്രാരംഭ ലക്ഷണങ്ങൾ.
?പിന്നീട് മന്ദത, തലകറക്കം, ബോധ കുറവ് ,ജെന്നി , കൈകൾക്ക് വിറയൽ ഇവയുണ്ടാകാം.
?കാഴ്ചക്ക് ഉണ്ടാകുന്ന ബുദ്ധിമുട്ടുകൾ : വിഷമദ്യം കഴിച്ചു കാഴ്ച നഷ്ടപ്പടുന്നത് വളരെ സാധരണമായി കാണാറുള്ളതാണ് .കാഴ്ച മങ്ങൽ, വെളിച്ചത്തിൽ നോക്കാൻ ബുദ്ധിമുട്ട്, കണ്ണിനു ചുവപ്പ്, കണ്ണിന്റെ ഞരമ്പിനു നീർക്കെട്ട് ഇവയുണ്ടാവാം. പൂർണ്ണമായി കാഴ്ച നഷ്ടപ്പെടാനും സാധ്യതയുണ്ട്. ചിലർക്ക് സ്ഥിരമായുള്ള കാഴ്ചനഷ്ടം ഉണ്ടാകാം.
?കൃത്യമായ പരിചരണവും ചികിത്സയും കിട്ടിയില്ല എങ്കിൽ , തലച്ചോർ , കണ്ണുകൾ , വൃക്കകൾ ഇവയുടെ പ്രവർത്തനം പൂർണ്ണമായി തകരാറിൽ ആകും.
?അബോധാവസ്ഥയും ,ജെന്നിയും ഉണ്ടാവുകയും , ശ്വസന പ്രക്രിയ അവതാളത്തിൽ ആവുകയും മരണം സംഭവിക്കുകയും ചെയ്യാം
❤️❤️പരിചരണവും ചികിത്സയും
വ്യക്തിയെ ഒട്ടും താമസിക്കാതെ ആശുപത്രിയിൽ എത്തിക്കണം . രക്ത പരിശോധനയും , രക്തത്തിൽ ആൽക്കഹോൾ , മെഥനോൾ എന്നിവയുടെ അളവും പരിശോധിക്കും. രോഗിക്ക് ആവശ്യമായ ഓക്സിജൻ , iv ഫ്ലൂയിഡ് ,മറ്റു പരിചരണം ഒക്കെ നൽകും. പലപ്പോഴും തീവ്ര പരിചരണ വിഭാഗത്തിൽ കിടത്തിയുള്ള ചികിത്സ വേണ്ടി വരും .
?മറുമരുന്ന് ;
വിഷമദ്യത്തിനു മറുമരുന്ന് മദ്യമാണോ ?
ആദ്യകാലങ്ങളിൽ ഈതൈൽ ആൽക്കഹോൾ ഉപയോഗിച്ചിരുന്നു. കുടിക്കാൻ കൊടുക്കുന്നതിനു പകരം കുത്തിവെപ്പ് ആയിട്ട് നൽകാറുണ്ട് . സാധരണ മറ്റുമരുന്നുകൾ ഇല്ലാതെ വരുമ്പോളാണ് ഇത് ചെയ്യുക.
?മുൻപ് സൂചിപ്പിച്ചത് പോലെ മെഥനോളും എഥനോളും നിർവീര്യം ആക്കുന്നത് ഒരേ എൻസൈമുകൾ ആണ്. ഈ എൻസൈമുകൾക്കു കൂടുതൽ സ്നേഹം എഥനോളിനോട് ആണ്. അതുകൊണ്ടു എഥനോളും മെഥനോളും ഒരുമിച്ചു ഉള്ളപ്പോ ,എഥനോൾ ആയിരിക്കും വേഗത്തിൽ നിർവീര്യം ആക്കപെടുക . അതുവഴി മെഥനോളിൽ നിന്ന് വിഷബാധയ്ക്ക് കാരണമാകുന്ന ഫോർമിക് ആസിഡ് ഉണ്ടാകുന്നത് കുറയും .
?പക്ഷെ ഒരു പ്രശനമുള്ളതു , എത്ര എഥനോൾ വേണം എന്ന് കണ്ടു പിടിക്കുന്നതും അത് വ്യക്തിക്ക് നൽകുന്നതും ബുദ്ധിമുട്ടുള്ള പ്രക്രിയയാണ്. മാത്രവുമല്ല മദ്യം കൊണ്ടുള്ള മറ്റു ആരോഗപ്രശ്നങ്ങൾക്കും സാധ്യതയുണ്ട്. അതുകൊണ്ടു പലപ്പോഴും മറ്റു ചികിത്സകൾക്ക് ആണ് പ്രാധാന്യം നൽകുക
?ഇപ്പോൾ കൂടുതലായി ഉപയോഗിച്ച് വരുന്ന മറുമരുന്ന് ഫോമിപിസോൾ എന്ന മരുന്നാണ് . ഇതു കൂടുതൽ ശക്തിയോടെ മെഥനോളിൽ നിന്ന് ഫോമിക് ആസിഡ് ഉണ്ടാകുന്നതു തടയും. എളുപ്പത്തിൽ ഡോസ് നിർണയിക്കാനും , ഇൻജെക്ഷൻ ആയിട്ട് മരുന്ന് നൽകാനും കഴിയും. ഈ മരുന്ന് ലഭ്യമല്ല എങ്കിൽ മാത്രമാണ് എഥനോൾ നൽകുക.
?ഇത് കൂടാതെ രക്തത്തിലെ അമ്ലത്വം കൃത്യമാക്കാനുള്ള മരുന്നുകളും മറ്റും നൽകാറുണ്ട്. കൂടുതൽ അളവിൽ വിഷമദ്യം കഴിച്ചു രക്തത്തിൽ വലിയ അളവിൽ മെഥനോൾ ഉള്ളവർക്കും , വൃക്കകൾ തകരാറിൽ ആയവർക്കും ഡയാലിസിസ് ചെയ്യാറുണ്ട് .
?പെട്ടെന്ന് തന്നെ അവസ്ഥയെ കണ്ടെത്തുകയും ,കൃത്യമായ ചികിൽസ ലഭിക്കുകയും ചെയ്താൽ ആളുകൾ വേഗം രക്ഷപെടാറുണ്ട്. അല്ലാത്തവരിൽ ,കാഴ്ച കുറവ് , തലച്ചോറിന്റെ പ്രശ്നങ്ങൾ ഒക്കെ സ്ഥായിയായി നിൽക്കാറുണ്ട്.ചിലരിൽ മരണവും ഉണ്ടാകും.
വിഷമദ്യ ദുരന്തം ഒഴിവാക്കാൻ നമ്മൾക്ക് എന്ത് ചെയ്യാൻ സാധിക്കും ?
?കഴിയുമെങ്കിൽ മദ്യപാന ശീലം ഉപേക്ഷിക്കുക.
? അംഗീകൃത ഷോപ്പുകളിൽ നിന്ന് മാത്രമേ മദ്യം വാങ്ങി ഉപയോഗിക്കാവൂ.
? മദ്യം സ്വയം വാറ്റി ഉണ്ടാക്കുന്നത് നിയമവിരുദ്ധം ആണ്. അത് ഉപയോഗിക്കുന്നതും. അതുകൊണ്ട് ഇവ ഒഴിവാക്കുക.
? വ്യാവസായിക ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്ന ആൽക്കഹോൾ കുട്ടികൾ എടുക്കാതെ ഭദ്രമായി സൂക്ഷിക്കുക.
❤️ഒരു കാലഘട്ടത്തിൽ നിരവധിയാളുകളുടെ ജീവൻ അകാലത്തിൽ പൊലിയാൻ കാരണമാവുകയും , പലർക്കും സ്ഥിരമായ അന്ധതയും ,മറ്റു നിരവധി ആരോഗ്യ പ്രശ്നങ്ങൾക്കും കാരണമാവുകയും ചെയ്ത ഒരു സാമൂഹിക ആരോഗ്യ പ്രശ്നം ആയിരുന്നു വിഷമദ്യ ദുരന്തങ്ങൾ. പല കുടുംബങ്ങളും ഇതുവഴി അനാഥമായിട്ടുണ്ട്. ഇന്ന് ഈ സാഹചര്യത്തിന് കുറവുണ്ടായിട്ടുണ്ട് എങ്കിലും ചില സ്ഥലങ്ങളിൽ പ്രശ്നങ്ങൾ നിലനിൽക്കുന്നു എന്നതിന്റെ തെളിവാണ് അടുത്തിടെ ഉണ്ടായ മരണങ്ങൾ. സർക്കാരുകളുടെയും നിയമപാലകരുടെയും പൊതു സമൂഹത്തിന്റെയും ഇടപെടൽ കൂടി ഉണ്ടെങ്കിലേ ഈ പ്രശനങ്ങൾ നമ്മുക്ക് തടയാൻ സാധിക്കു.
ലേഖകർ
Medical doctor,psychiatry resident interested in public health. Areas of interest are public health, neuropsychiatry, addiction medicine and human evolution gender psychiatry and LGBTQ issues
ചിത്രകാരൻ
Design Co-ordinator, Infoclinic.

മികച്ച വർഗ്ഗങ്ങൾ

എല്ലാ വർഗ്ഗങ്ങളും
പൊതുജനാരോഗ്യം

284 ലേഖനങ്ങൾ

Current Affairs

240 ലേഖനങ്ങൾ

കോവിഡ്-19

236 ലേഖനങ്ങൾ

ആരോഗ്യ അവബോധം

115 ലേഖനങ്ങൾ

സുരക്ഷ

64 ലേഖനങ്ങൾ

ശിശുപരിപാലനം

59 ലേഖനങ്ങൾ

കിംവദന്തികൾ

53 ലേഖനങ്ങൾ

Infectious Diseases

52 ലേഖനങ്ങൾ

Medicine

45 ലേഖനങ്ങൾ