· 2 മിനിറ്റ് വായന
സൂചിയില്ലാ സൂചി!
കുഞ്ഞാവകൾക്ക് മാത്രമാണ് സൂചിയെ പേടി എന്ന് കരുതേണ്ട. ചില “വല്ല്യാവ”കൾക്കും സൂചി അസാരം പേടിയാണ്.
സൂചിയെ പേടിച്ച് വാക്സിൻ എടുക്കാതെ മുങ്ങുന്നവർക്ക് ഒരു സന്തോഷ വാർത്തയുണ്ട്.
കോവിഡിനെതിരായി തദ്ദേശീയമായി വികസിപ്പിച്ച രണ്ടാമത്തെ വാക്സിൻ “സൈക്കോവ്-ഡി” സൂചിയില്ലാത്ത ഇഞ്ചക്ഷൻ ആണ്. ആദ്യത്തേത് കോവാക്സിൻ ആണ്.
അഹമ്മദാബാദ് ആസ്ഥാനമായ സൈഡസ് കാഡില എന്ന കമ്പനിയുടെ ഈ വാക്സിന് ഡ്രഗ് കൺട്രോളർ ജനറലിന്റെ അടിയന്തിര ഉപയോഗാനുമതി ലഭിച്ചു കഴിഞ്ഞു.
വിപണിയിൽ ലഭ്യമാവുന്ന ആദ്യത്തെ പ്ലാസ്മിഡ് ഡി.എൻ.എ. വാക്സിൻ ആണ് സൈക്കോവ് ഡി.
ഈ വാക്സിൻ മൂന്നു ഡോസുകൾ ആണ് നൽകേണ്ടത്. ആദ്യത്തെ ഡോസ് കഴിഞ്ഞ് 28 ദിവസം കഴിഞ്ഞ് രണ്ടാമത്തെ ഡോസും 56 ദിവസം കഴിഞ്ഞ് മൂന്നാമത്തെ ഡോസും നൽകണം.
പ്രത്യേകമായി രൂപകൽപ്പന ചെയ്ത ഫാർമജെറ്റ് ഇഞ്ചക്ടറിന്റെ (TROPIS ID) സിറിഞ്ച് തൊലിയോട് അമർത്തി വെച്ച് പിസ്റ്റൺ അമർത്തുമ്പോൾ തൊലിക്കുള്ളിലേക്ക് 0.1 മില്ലി വാക്സിൻ വീതം ഡെലിവർ ചെയ്യും. ഉയർന്ന സമ്മർദ്ദത്തിൽ നേരിയ അളവ് വാക്സിൻ തൊലിക്കുള്ളിലേക്ക് എത്തിപ്പെടുമ്പോൾ സാധാരണ സൂചി വെപ്പിലേതു പോലെ വേദന ഉണ്ടാകില്ല. മാത്രവുമല്ല സാധാരണ ഇഞ്ചക്ഷൻ എടുത്തതിന് ശേഷം ഉണ്ടാകാറുള്ള തടിപ്പും നീർക്കെട്ടും മറ്റും കുറവായിരിക്കുകയും ചെയ്യും.
തേഡ് ഫേസ് ക്ലിനിക്കൽ ട്രയലിൽ 66.6 ശതമാനം ഫലപ്രാപ്തി ഉണ്ടെന്ന് തെളിയിക്കപ്പെട്ട സൈക്കോവ് ഡി വാക്സിൻ ഗുരുതരമായ കോവിഡ് ബാധക്കെതിരെ വളരെ മികച്ച പ്രതിരോധം നൽകുന്നതായാണ് കണ്ടെത്തിയത്.
ഇന്ത്യയിൽ ആദ്യമായി 12 വയസ്സിന് മേലെയുള്ള കുട്ടികളിലും പഠനങ്ങൾ നടക്കുകയും ഫലപ്രാപ്തി തെളിയിക്കപ്പെടുകയും ചെയ്തതിനാൽ, 12 വയസ്സിന് മേലെയുള്ള കുട്ടികളിൽ രാജ്യത്ത് ആദ്യമായി നൽകപ്പെടുന്ന കോവിഡ് വാക്സിൻ മിക്കവാറും സൈക്കോവ് ഡി തന്നെയായിരിക്കും. മൂന്നു മുതൽ പന്ത്രണ്ട് വയസ്സു വരെയുള്ള കുട്ടികളിലും സൈക്കോവ് ഡി വാക്സിന്റെ ക്ലിനിക്കൽ പരീക്ഷണത്തിന് സൈഡസ് കാഡിലാക് കമ്പനി അനുമതി തേടിയിട്ടുണ്ട്.
ഫാർമജെറ്റ് ഇഞ്ചക്ടറിന്റെ ലഭ്യതയിൽ ഉണ്ടായേക്കാവുന്ന ഏറ്റക്കുറച്ചിലും പൂർണ പ്രതിരോധത്തിന് മൂന്ന് ഡോസ് വേണമെന്നതും സൈക്കോവ് ഡി ഉപയോഗിച്ചുള്ള വാക്സിനേഷൻ മന്ദഗതിയിൽ ആക്കിയേക്കാം എന്ന ആശങ്ക ഉണർത്തുന്നുണ്ട് എങ്കിലും ഫലപ്രാപ്തിയുളള കൂടുതൽ വാക്സിനുകൾ വിപണിയിൽ ലഭ്യമാകുന്നത് കോവിഡിനെതിരായ പോരാട്ടത്തിൽ മുതൽക്കൂട്ടാവും എന്നതിൽ തർക്കമില്ല.
കോവാക്സിൻ നിർമ്മിച്ച ഭാരത് ബയോടെക്കിന്റെ മൂക്കിൽ ഒഴിക്കാവുന്ന തുള്ളി മരുന്നു രൂപത്തിലുള്ള നേസൽ കോവിഡ് വാക്സിന്റെ ആദ്യ ഘട്ട പരീക്ഷണ ഫലങ്ങളും ആശാവഹമാണ്.