· 9 മിനിറ്റ് വായന
തുടരുന്ന പീഡനങ്ങൾ; ഒഴിയാത്ത മരണങ്ങൾ
സ്ത്രീകൾക്ക് എതിരെ കുടുംബത്തിൽ നിന്ന് ഉണ്ടാകുന്ന അതിക്രമങ്ങളുടെ നേർക്കാഴ്ചകൾ നമ്മൾ കണ്ടുകൊണ്ടിരിക്കുകയാണല്ലോ. വിദ്യാഭ്യാസപരമായും, സാമൂഹികമായും വളരെ മുന്നിൽ നിൽക്കുന്ന കേരളത്തിലും സ്ത്രീധന പീഡനവും, മറ്റു ഗാർഹിക പീഡനങ്ങളും ഒട്ടും കുറവില്ല എന്നാണ് ഈ അടുത്ത് പുറത്തുവരുന്ന വാർത്തകൾ സൂചിപ്പിക്കുന്നത്. സ്ത്രീകൾ നേരിടുന്ന ശാരീരിക-മാനസിക പീഡനങ്ങളിൽ ഏറിയ പങ്കും ഉണ്ടാക്കുന്നത് കുടുംബത്തിൽ നിന്നും (ഡൊമസ്റ്റിക് വയലൻസ്) അതിൽ തന്നെ ജീവിത പങ്കാളികളായ പുരുഷന്മാരിൽ നിന്നുമാണ് ( Intimate Partner Violence ). LGBTIQ വ്യക്തികളുടെ ബന്ധങ്ങളിലും ഈ തരത്തിലുള്ള പങ്കാളി പീഡനങ്ങൾ നടക്കുന്നുണ്ട്. കുട്ടികൾ അനുഭവിക്കുന്ന പീഡനങ്ങളും പല വാർത്തകളിൽ നിറയുന്നുണ്ട്. എന്നാൽ ഈ ലേഖനത്തിൽ സ്ത്രീകൾ കുടുംബത്തിൽ നിന്ന് നേരിടുന്ന പീഡനങ്ങളെ കുറിച്ചാണ് പറയാൻ ശ്രമിക്കുന്നത്. ഈ ഒരു അവസ്ഥയെ കുറിച്ച് നമുക്ക് ഒന്ന് പരിശോധിക്കാം.
എന്താണ് ഇന്റിമേറ്റ് പാർട്ണർ വയലൻസ് (Intimate Partner Violence) ?
ശാരീരികമായോ, ലൈംഗികമായോ, മാനസികമായോ ദോഷം ഉണ്ടാകുന്ന തരത്തിൽ തൻ്റെ പങ്കാളിയിൽ നിന്നോ, മുൻ പങ്കാളിയിൽ നിന്നോ ഉണ്ടാകുന്ന ഏതൊരു പ്രവർത്തിയെയും IPV എന്ന് പറയാം. അത് ചിലപ്പോൾ ശാരീരികമോ- ലൈംഗികമായോ ഉള്ള അതിക്രമം ആകാം, വൈകാരികവും- മാനസികവുമായ പീഡനം ആകാം, അതുപോലെ വ്യക്തി സ്വാതന്ത്ര്യത്തെ ഹനിക്കുന്നതാകാം.
പങ്കാളിയോടുള്ള അതിക്രമം പലതരത്തിലാകാം:
1. ശാരീരിക പീഡനം: അടിക്കുക, തൊഴിക്കുക തുടങ്ങി പങ്കാളിയുടെ ശാരീരിക ആരോഗ്യത്തെ ബാധിക്കുന്ന തരത്തിലുള്ള അതിക്രമങ്ങൾ.
2. ലൈംഗിക പീഡനം: വ്യക്തിയുടെ അനുവാദം ഇല്ലാതെയും, ആളുടെ താല്പര്യത്തിനു വിരുദ്ധമായും ഉണ്ടാകുന്ന ലൈംഗിക ബന്ധവും മറ്റ് ലൈംഗിക പ്രവർത്തികളും.
3. മാനസിക വൈകാരിക പീഡനം: ഭയപ്പെടുത്തുക, കളിയാക്കുക, ചെറുതാക്കി കാണിക്കുക, ഉപദ്രവിക്കുമെന്നു പറയുക തുടങ്ങിയ പ്രവർത്തികൾ.
4. വ്യക്തി സ്വാതന്ത്ര്യം ഹനിക്കുക: ബന്ധുക്കളിൽ നിന്നും സുഹൃത്തുക്കളിൽ നിന്നും അകറ്റുക, അവര് ചെയുന്ന ഓരോ കാര്യവും നിരീക്ഷിക്കുക, പഠിക്കാനും ജോലിക്കു പോകാനും അനുവദിക്കാതെയിരിക്കുക, വേണ്ട ആരോഗ്യ പരിചരണവും സാമ്പത്തിക സ്വാതന്ത്ര്യവും നൽകാതെയിരിക്കുക തുടങ്ങിയവ ഒക്കെ പീഡനം തന്നെയാണ്.
പേടിപ്പിക്കുന്ന കണക്കുകൾ!
പങ്കാളിയോടുള്ള അതിക്രമങ്ങൾ ലോകം മുഴുവൻ വ്യാപിച്ചു കിടക്കുന്ന ഒരു നിശബ്ദ പാൻഡെമിക്കാണ്. എല്ലാ സാമ്പത്തിക സാമൂഹിക രാഷ്ട്രീയ ചുറ്റുപാടുകളിലും ഈ പീഡനങ്ങൾ തുടരുന്നുണ്ട്. ലോകാരോഗ്യ സംഘടനയുടെ 2018 ലെ കണക്കുകൾ പ്രകാരം മൂന്നിൽ ഒരു സ്ത്രീ (30%) പങ്കാളിയിൽ നിന്നുള്ള ശാരീരിക മാനസിക പീഡനങ്ങൾ ഏറ്റുവാങ്ങുന്നുണ്ട്. സ്ത്രീ കൊലപാതകങ്ങളിൽ 38%വും, സ്ത്രീകളുടെ ആത്മഹത്യകളിൽ മൂന്നിലൊന്നിന് പിന്നിലും പങ്കാളിയുടെ പീഡനമാണെന്ന് കണക്കുകൾ പറയുന്നു. ശാരീരിക-ലൈംഗിക പീഡനങ്ങൾ അനുഭവിക്കുന്ന സ്ത്രീകളുടെ കണക്ക് ചില രാജ്യങ്ങളിൽ 50% ത്തിലും കൂടുതലാണ്. ഏറ്റവും കൂടുതൽ സ്ത്രീകൾ അനുഭവിക്കുക മാനസിക വൈകാരിക പീഡനങ്ങളാണ്. പക്ഷെ ഇത് പലപ്പോഴും തിരിച്ചറിയാതെ പോവുകയാണ് ചെയ്യുക.
ഗാർഹിക-പങ്കാളി പീഡനത്തിൻ്റെ കാരണങ്ങൾ?
ഈ ഒരു സാമൂഹിക വിപത്തിൻ്റെ യാഥാർത്ഥ കാരണങ്ങൾ കണ്ടുപിടിക്കുക ബുദ്ധിമുട്ടാണെങ്കിലും ലോകത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നടക്കുന്ന പഠനങ്ങൾ ചില കാരണങ്ങൾ തുടർച്ചയായി ഗാർഹിക-പങ്കാളി പീഡനത്തിനു കാരണമാകുന്നു എന്ന് കണ്ടെത്തിയിട്ടുണ്ട്. അവയെ പൊതുവെ ഇങ്ങനെ തിരിക്കാം.
1. സാമൂഹിക ഘടകങ്ങൾ:
സ്ത്രീകളോട് ഉണ്ടാകുന്ന പങ്കാളി പീഡനത്തിന് പ്രധാന കാരണം തെറ്റായ സാമൂഹിക കാഴ്ചപ്പാടുകളാണെന്നു പറയാം.
2. ലിംഗ വിവേചനം: സ്ത്രീകൾ രണ്ടാം കിട പൗരന്മാരാണ്, അവർ എന്നും പുരുഷന് വിധേയമായി ജീവിക്കണം, അവർക്ക് തുല്യ അവകാശങ്ങൾക്ക് അർഹതയില്ല തുടങ്ങിയ കാഴ്ചപ്പാടുകൾ.
സ്ത്രീകളുടെ വിവാഹത്തിൻ്റെ പേരിലുള്ള “സ്ത്രീധനം” പോലെയുള്ള സാമ്പത്തിക ഇടപാടുകൾ ഇന്ത്യ പോലെയുള്ള രാജ്യത്ത് സ്ത്രീകൾ നേരിടുന്ന പീഡനങ്ങൾക്ക് പ്രധാന കാരണമാണ്.
3. ദാരിദ്ര്യം, സാമ്പത്തിക സ്വാതന്ത്ര്യം ഇല്ലാത്ത അവസ്ഥ.
4. സ്ത്രീ സംരക്ഷണ നിയമങ്ങളുടെ അഭാവം,നീതി നിവഹണത്തിലെ പ്രശ്നങ്ങൾ.
5. പങ്കാളി അതിക്രമങ്ങളെ കുറിച്ച് സമൂഹത്തിനുള്ള അറിവില്ലായ്മ.
6. സ്ത്രീ സ്വാന്ത്ര്യതിനും, സ്ത്രീ സുരക്ഷക്കും പ്രാധന്യം നൽകാത്ത വിവാഹ നിയമങ്ങൾ.
7. ശാരീരിക അതിക്രമങ്ങളെ ന്യായീകരിക്കുകയും സ്വാഭാവികമായി കാണുകയും ചെയുന്ന സമൂഹം.
ഈ കാരണങ്ങൾ ഒക്കെ സ്ത്രീകളോടുള്ള അതിക്രമങ്ങൾക്കുള്ള പ്രധാന കാരണങ്ങളാണ്. ഒപ്പം അവർക്ക് ഇതിൽ നിന്ന് പുറത്തു വാരാനുള്ള സാധ്യതയും ഇത്തരം സാമൂഹിക സാഹചര്യങ്ങൾ ഇല്ലാതെയാക്കും. ഇത്തരത്തിൽ സമൂഹത്തിൽ നിലനിൽക്കുന്ന ചില കാഴ്ചപ്പാടുകൾ ഏതൊക്കെയെന്ന് നമുക്ക് നോക്കാം…
a. പുരുഷനാണ് സ്ത്രീയെക്കാളും ഉന്നതൻ, സ്ത്രീകളുടെമേൽ അധികാരം ഉപയോഗിക്കാൻ പുരുഷന് അവകാശമുണ്ട്.
b. സ്ത്രീയെ വരുതിക്ക് നിർത്താൻ വേണ്ടി വന്നാൽ ശാരീരികമായി അതിക്രമിക്കുന്നതിലും തെറ്റില്ല.
c. സ്ത്രീ എല്ലാ അതിക്രമങ്ങളും സഹിച്ചും ക്ഷമിച്ചും അവളുടെ കുടുംബ ജീവിതം സംരക്ഷിക്കണം.
d. ലൈംഗിക ബന്ധം വിവാഹ ജീവിതത്തിൽ പുരുഷന്റെ അവകാശമാണ്, അവൻ്റെ ലൈംഗീക തൃഷ്ണ ശമിപ്പിക്കേണ്ടത് സ്ത്രീയാണ്.
ഇത്തരത്തിലുള്ള പൊതു ധാരണകളാണ് സ്ത്രീകൾക്ക് എതിരെയുള്ള അതിക്രമങ്ങൾ കൂടാൻ കാരണം
വ്യക്തിപരമായ ഘടകങ്ങൾ:
സ്ത്രീകൾ അതിക്രമങ്ങൾക്ക് ഇരയാകുന്നത് കൂട്ടുന്ന ഘടകങ്ങൾ:
1. കുറഞ്ഞ വിദ്യാഭ്യാസം.
2. തൊഴിലില്ലായ്മ.
3. സാമ്പത്തിക സ്വാതന്ത്ര്യം ഇല്ലായ്‌മ.
4. ചെറുപ്പത്തിൽ ശാരീരിക-മാനസിക അതിക്രമങ്ങൾക്ക് ഇരയാകുന്നത്.
5. വിവാഹ ബന്ധത്തിൽ സ്ത്രീയുടെ പ്രായം കുറഞ്ഞിരിക്കുന്നത്.
6. സാമൂഹിക-ജീവിത നൈപുണ്യങ്ങളുടെ കുറവ്.
അതിക്രമം നടത്തുന്ന വ്യക്തികളിലും ചില പ്രത്യേകതകൾ കണ്ടിട്ടുണ്ട്.
a. ലഹരി ഉപയോഗം.
b. ചില വ്യക്തിത്വ വൈകല്യങ്ങൾ (personality disorder)
c. വീട്ടിൽ ഇത്തരത്തിലുള്ള അതിക്രമങ്ങൾ കണ്ടു വളരുന്നത്.
c. കുട്ടി ആയിരിക്കുമ്പോൾ കടുത്ത പീഡനങ്ങൾ അനുഭവിക്കുക.
d. അതിക്രമങ്ങളെ ന്യായീകരിക്കുന്ന മനോഭാവം.
e. മുൻപ് ഉള്ള പങ്കാളിയിൽ നിന്ന് അതിക്രമം നേരിടുക/അതിക്രമിക്കുക.
ബന്ധത്തിലെ ഘടകങ്ങൾ
1. ബന്ധത്തിലെ അതൃപ്തി/ അസ്വാരസ്യങ്ങൾ.
2. സാമ്പത്തിക ബുദ്ധിമുട്ടുകൾ.
3. പങ്കാളികൾ തമ്മിലുള്ള വിദ്യാഭ്യാസത്തിലെ /സാമൂഹിക നിലയിലെ അന്തരം.
4. പുരുഷൻ്റെ വിവാഹേതര ബന്ധങ്ങൾ.
5. ബന്ധത്തിലെ പുരുഷ മേധാവിത്വം.
ഗാർഹിക- പങ്കാളി പീഡനത്തിൻ്റെ പരിണിതഫലങ്ങൾ:
പങ്കാളി പീഡനങ്ങൾ നേരിട്ടും അല്ലാതെയും വ്യക്തിയെ ബാധിക്കാം. ശാരീരിക-മാനസിക ആരോഗ്യ പ്രശ്നങ്ങൾക്ക് ഒപ്പം തന്നെ നീണ്ട കാലം ഈ അവസ്ഥയിൽ തുടരുന്നത് നീണ്ടു നിൽക്കുന്ന ആരോഗ്യ പ്രശ്നങ്ങൾക്കും കാരണമാകും എന്നാണ് പഠനങ്ങൾ പറയുന്നത്.
1. അപകടങ്ങൾ-ശാരീരിക രോഗങ്ങൾ:
അതിക്രമം മൂലം പരിക്കുകൾ ഉണ്ടാകുക സാധാരണമാണ്. 50% ആളുകളിൽ വരെ ശാരീരികമായി പരിക്കുകൾ ഉണ്ടാകുന്നുണ്ട് എന്നാണ് കണക്കുകൾ. ഇതോടപ്പം പ്രമേഹം, രക്താതി സമ്മർദ്ദം തുടങ്ങിയ രോഗാവസ്ഥകൾ ഉണ്ടാക്കനുള്ള സാധ്യതയും ഇവരിൽ കൂടുതലാണ്.
2. മാനസിക പ്രശ്നങ്ങൾ:
ഗാർഹിക പീഡനങ്ങൾക്ക് ഇരയാകുന്ന സ്ത്രീകളിൽ വിഷാദം, ഉത്കണ്ഠ രോഗം, PTSD, ഉറക്ക പ്രശ്നങ്ങൾ തുടങ്ങിയ മാനസിക രോഗാവസ്ഥകൾ ഉണ്ടാകാനുള്ള സാധ്യത പല മടങ്ങ് കൂടുതലാണ്. അതുപോലെ ആത്മഹത്യ പ്രവണതും, ആത്മഹത്യയും ഇവരിൽ വളരെ കൂടുതലായി കാണുന്നുണ്ട്
3. ലൈംഗിക ആരോഗ്യം:
അനവസരത്തിൽ ഉണ്ടാകുന്ന ഗർഭ ധാരണം, അബോർഷൻ, മറ്റ് ലൈംഗിക രോഗങ്ങൾ (STD, HIV-AIDS) ഒക്കെ ഇവരിൽ കൂടുതലാണ്. ഒപ്പം ലൈംഗിക താല്പര്യം കുറയാനും, സംതൃപ്തി കുറയാനും കാരണമാകാം.
4. കൊലപാതകങ്ങളും മരണവും:
സ്ത്രീകളുടെ കൊലപാതകങ്ങളിൽ നല്ലൊരു ശതമാനവും പങ്കാളിയുടെ, അല്ലെങ്കിൽ മുൻ പങ്കാളിയുടെ കൈകൾ കൊണ്ടാണ് എന്നാണ് കണക്കുകൾ പറയുന്നത്. അതുപോലെ സ്ത്രീകളുടെ ആത്മഹത്യയുടെ ഒരു പ്രധാന കാരണവും ഈ പീഡനങ്ങളാണ്. അതിനോടൊപ്പം ശാരീരിക രോഗങ്ങൾ മൂലമുള്ള മരണങ്ങളിലും ഗാർഹിക പീഡനത്തിന് പങ്കുണ്ട്.
5. കുട്ടികളുടെ ആരോഗ്യം:
സ്ത്രീകളെ മാത്രമല്ല, ഇത്തരം സാഹചര്യത്തിൽ ജീവിക്കുന്ന കുട്ടികളുടെ ആരോഗ്യവും മോശമാകും. ശാരീരിക വളർച്ച കുറവ്, പോഷകാഹാര കുറവ്, ശിശു മരണ നിരക്ക് തുടങ്ങിയവ ഇത്തരം സഹാചര്യത്തിൽ വളരുന്ന കുട്ടികളിൽ കൂടുതലാണ്. അതോടൊപ്പം കുട്ടിയുടെ ശാരീരിക മാനസിക വളർച്ചയെയും ബാധിക്കാം.
എന്തുകൊണ്ട് പലരും പുറത്തു പറയുന്നില്ല ?
ഗാർഹിക പീഡന വാർത്തകൾ പുറത്തു വരുമ്പോൾ പലരും ചോദിക്കുന്ന ചോദ്യമാണിത്. എന്തുകൊണ്ട് ഇവർ ഈ കാര്യങ്ങൾ പുറത്തു പറയുന്നില്ല? അല്ലെങ്കിൽ എന്തുകൊണ്ട് ആ ബന്ധം ഉപേഷിക്കുന്നില്ല എന്നത് ?
അത്ര സിംപിൾ ആയിട്ടുള്ള ഒരു സംഗതിയല്ലത്. പല ഘടകങ്ങൾ ഇതിന് കാരണമാകും. ഗാർഹിക പീഡനങ്ങൾ അനുഭവിക്കുന്ന വ്യക്തികൾ കടന്നു പോകുന്ന അവസ്ഥകളെ സാമൂഹിക ശാസ്ത്രത്തിൽ സൈക്കിൾ ഓഫ് അബ്യുസ് എന്ന് പറയാറുണ്ട്. Lenore E. Walker ആണ് ഈ ഒരു ആശയം മുന്നോട്ട് വെച്ചത്. 4 ഘട്ടങ്ങളാണ് ഇതിൽ ഉള്ളത്.
Tension building: ചെറിയ വഴക്കുകളും തർക്കങ്ങളും ഒക്കെ ഇവിടെ പതിവായിരിക്കും. പീഡകന് അയാളെ പങ്കാളി വില കുറച്ചു കാണുന്നു, ബഹുമാനിക്കുന്നില്ല തുടങ്ങിയ ചിന്തകളുണ്ടാകാം. ഇരയാകുന്ന വ്യക്തി ചിലപ്പോൾ പീഡകന് ഇഷ്ടമുള്ള രീതിയിലേക്ക് മാറും, ചിലപ്പോൾ തർക്കങ്ങൾ കൂടും.
Incident: ശാരീരികമോ മാനസികമോ ആയ അതിക്രമം നടക്കുന്നു. പീഡകന് താൻ പങ്കാളിയെ കീഴ്‌പ്പെടുത്തി എന്നൊരു തോന്നൽ ഉണ്ടാകുന്നു. ഇര അത് അർഹിച്ചതാണ് എന്ന പ്രതീതി ഉണ്ടാക്കാൻ ശ്രമിക്കും.
Reconciliation: പീഡകന് ഈ സമയത്തു ചിലപ്പോൾ കുറ്റബോധമോ പേടിയോ തോന്നാം . അതുകൊണ്ടു തന്നെ ഇരയെ ആശ്വസിപ്പിക്കാൻ പലതും ചെയ്യും. ക്ഷമ പറയുക, തിരുത്താനുള്ള ആഗ്രഹം അറിയിക്കുക, അതിനുള്ള ശ്രമം തുടങ്ങുക, പങ്കാളി ഉപേക്ഷിച്ചു പോയാൽ മരിക്കും എന്ന് ഭീഷണിപ്പെടുത്തുക, തുടങ്ങിയ പല കാര്യങ്ങളും ചെയ്യും. ഇരയായ വ്യക്തിക്ക് കടുത്ത അമർഷവും സങ്കടവും ഉണ്ടെങ്കിലും ചിലപ്പോൾ താൻ കാരണമാണ് ഇങ്ങനെ ഉണ്ടായത് എന്നൊരു ചിന്ത ഉണ്ടാകാം. അതുപോലെ പങ്കാളി തിരുത്തലുകൾ വരുത്തി നല്ലൊരു വ്യക്തിയാകും എന്ന പ്രതീക്ഷയും കാണും. അതുകൊണ്ടു ബന്ധത്തിൽ തുടരാനുള്ള തീരുമാനം എടുക്കും.
Calm/honeymoon phase: വീണ്ടും ശാന്തമായ അവസ്ഥ ഉണ്ടാകുന്നു. പീഡകൻ തിരുത്തലുകൾ വരുത്താൻ കൗൺസലിംഗ് അടക്കം പോകാൻ തയ്യാറാകുന്നു. പങ്കാളിയെ സ്നേഹം കൊണ്ട് പൊതിയുന്നു, അവരുടെ ആവശ്യങ്ങൾ സാധിച്ചു കൊടുക്കുന്നു. അവരോടു വീണ്ടും വീണ്ടും ക്ഷമ ചോദിക്കുന്നു. പങ്കാളി അതുമായി സമരസപ്പെടുന്നു. പക്ഷെ കുറച്ചു കഴിയുമ്പോൾ വീണ്ടും ചെറിയ ടെൻഷനുകൾ ഉണ്ടാകുന്നു,തർക്കങ്ങൾ വരുന്നു, ആൻഡ് ദി സൈക്കിൾ ഗോസ് ഓൺ.
ആളുകൾ പലപ്പോഴും പീഡനത്തെ കുറിച്ച് പുറത്തു പറയാതെയിരിക്കുന്നത് എന്തുകൊണ്ടാണ്?
a. സാമ്പത്തികമായ പിന്തുണയും സുരക്ഷയും ഇല്ലാത്തത്, ബന്ധം അവസാനിച്ചാൽ തനിക്കും കുട്ടികൾക്കും എന്ത് സംഭവിക്കും എന്ന പേടി.
b. പുറത്തു അറിഞ്ഞാൽ പീഡകൻ കൂടുതൽ ഉപദ്രവിക്കുമോ എന്ന പേടി.കുട്ടികളുടെ സുരക്ഷയെ കുറിച്ചുള്ള ആകുലതകൾ.
c. കുടുംബത്തിൽ നിന്നും സുഹൃത്തുക്കളിൽ നിന്നും ആവശ്യത്തിന് പിന്തുണ കിട്ടാത്തത്.
d. വിവാഹ ജീവിതത്തിൽ നിന്ന് പുറത്തു വന്നാൽ സമൂഹം എന്ത് കരുതുമെന്നുള്ള ചിന്ത.
e. ഞാനും ഈ അവസ്ഥക്ക് കാരണമാണ് എന്നുള്ള ചിന്താരീതികൾ.
f. പങ്കാളി എന്നെങ്കിലും ഈ രീതിയിൽ നിന്ന് മാറും, അതുവരെ ഞാൻ കൂടെ ഉണ്ടാകണം എന്ന ചിന്ത.
നമ്മൾക്ക് എന്ത് ചെയ്യാൻ പറ്റും ?
പല തലങ്ങളിലുള്ള കൂട്ടായ പരിശ്രമങ്ങൾ ഉണ്ടായാൽ മാത്രമേ ഇത്തരം അവസ്ഥകൾ ഇനിയും ഉണ്ടാകാതെ നോക്കാൻ പറ്റൂ.
ഹെൽത്തി അല്ലാത്ത ബന്ധങ്ങൾ ഉപേക്ഷിക്കുന്നതിനെ പ്രോത്സാഹിപ്പിക്കുന്ന രീതിയിൽ സാമൂഹ്യസാഹചര്യങ്ങൾ മാറണം. ഡൈവോഴ്സ് ചെയ്യുന്നത് എന്തോ മോശമാണ് എന്നുള്ള കാഴ്ചപ്പാട് മാറേണ്ടതുണ്ട്.
സ്ത്രീധനം പോലുള്ള ഡിമാൻഡുകൾ അവസാനിക്കണം.
ദാമ്പത്യജീവിതത്തിൽ സ്ത്രീപുരുഷസമത്വം ഉറപ്പാക്കുന്ന രീതിയിൽ സാമൂഹ്യസാഹചര്യങ്ങൾ മാറണം, ഇതിന് ആവശ്യമായ മാറ്റങ്ങൾ വിദ്യാഭ്യാസ പദ്ധതിയിൽ തന്നെ ഉൾപ്പെടുത്തണം.
സ്ത്രീ സുരക്ഷക്ക് പ്രാധാന്യം നൽകുന്ന നിയമ-നീതിന്യായ വ്യവസ്ഥതികൾ ഉണ്ടാകണം. ഇത്തരത്തിലുണ്ടാകുന്ന പരാതികളിൽ കൃത്യമായ നിയമനടപടികൾ ഉണ്ടാവണം.
സ്ത്രീ അവകാശങ്ങൾക്കു പ്രാധാന്യം ലഭിക്കുന്ന, ലിംഗ വിവേചനം കുറക്കുന്ന നിയമ സംവിധാനങ്ങൾ ഉണ്ടാകണം.
മാതൃകാപരമായ ശിക്ഷണ നടപടികൾ കുറ്റക്കാർക്ക് എതിരെ ഉണ്ടാകാണം.
നിയമത്തിൻറെ സംരക്ഷണം തേടി വരുന്നവരെ കോംപ്രമൈസ് ആക്കി കൈ കഴുകുന്നത് പോലുള്ള കാര്യങ്ങൾ ഉണ്ടെങ്കിൽ അവസാനിപ്പിക്കണം.
പേടി ഇല്ലാതെ നിയമ വ്യവസ്ഥയെ സമീപിക്കാനുള്ള സംവിധാനങ്ങൾ ഉണ്ടാവുകയും അവയെ കുറിച്ച് സമൂഹത്തെ ബോധവല്കരിക്കുകയും വേണം.
വിദ്യാഭ്യാസ പ്രക്രിയയിൽ കാതലായ മാറ്റം ഉണ്ടാകണം. ജോലി സ്ഥലത്തും മറ്റും സ്ത്രീ സുരക്ഷാ ഉറപ്പാക്കാൻ സംവിധാനം വേണം.
തനിക്കുള്ള അവകാശങ്ങളെ കുറിച്ചും അത് എങ്ങനെ നേടാം എന്നതിനെ കുറിച്ചും സ്ത്രീകളെ ബോധവതികളാക്കണം.
ഗാർഹിക പീഡനങ്ങൾ നിസ്സാരവല്കരിക്കുന്ന സിനിമകൾ, മറ്റു മീഡിയ വാർത്തകൾ ഒക്കെ നിയന്ത്രിക്കാൻ പറ്റണം. മാധ്യമങ്ങളെ ബോധവൽകരണം നടത്താൻ ഉപയോഗിക്കാം.
പീഡനങ്ങളിലേക്ക് നയിക്കുന്ന കാരണങ്ങൾ നേരത്തെ കണ്ടെത്താനും പരിഹാരം കാണാനും സംവിധാനം ഉണ്ടാകണം.
സ്‌കൂൾ കാലം മുതൽ ജീവിത നൈപുണ്യങ്ങൾ, മറ്റു സാമൂഹിക നൈപുണ്യങ്ങൾ ഇവയിൽ പരിശീലനം നൽകുക.
പല വിദേശരാജ്യങ്ങളിലും ഉള്ളതുപോലെ ഗാർഹികപീഡനം നേരിട്ടാൽ റിപ്പോർട്ട് ചെയ്യാനും, അത്തരത്തിൽ ആവശ്യമുള്ളവർക്ക് താമസ സൗകര്യം നൽകാനും വേണ്ടിയുള്ള സേഫ് സ്റ്റെപ്സ് പോലുള്ള സർക്കാർ സംവിധാനങ്ങൾ രൂപപ്പെടണം.
സ്ത്രീകൾക്ക് എതിരെയുള്ള അതിക്രമങ്ങൾ തടയാനായി ലോകാരോഗ്യ സംഘടന തയ്യാറാക്കിയ പ്രോഗാം ആണ് RESPECT എന്നത്. ഇവ എന്തൊക്കെയാണെന്ന് നോക്കാം.
R – Relationship skills strengthening- വ്യക്തി ബന്ധങ്ങൾ ശക്തിപ്പെടുത്താനുള്ള പരിശീലനം
E – Empowerment of women – സ്ത്രീ ശാക്തീകരണം
S – Services ensured- ആവശ്യമായ സേവനങ്ങൾ ഉറപ്പാക്കുക
P – Poverty reduced- ദാരിദ്ര്യം കുറക്കുക
E – Enabling environments (schools, workplaces, public spaces)
C – Child and adolescent abuse prevention
T – Transformed attitudes, beliefs, and norms
ഗേ, ലെസ്‌ബിയൻ ബന്ധങ്ങൾ, ട്രാൻസ്ജൻഡർ വ്യക്തികളുടെ ജീവിതങ്ങൾ ഇവയിലും പങ്കാളി പീഡനം കടന്നുവരുന്നതാണ്. എന്നാൽ മറ്റുള്ളവർക്ക് ലഭിക്കുന്ന നിയമപരമായും സാമൂഹികമായും ഉള്ള സേവനങ്ങൾ ഇവർക്ക് ലഭിക്കാറില്ല എന്നതാണ് സത്യം. ഈ അവസ്ഥക്കും മാറ്റം ഉണ്ടാകേണ്ടതുണ്ട്.
ഇത്തരത്തിൽ വിവിധ തലങ്ങളിൽ നടപ്പിലാക്കുന്ന തുടർച്ചയായ ഇടപെടലുകൾ ഉണ്ടെകിൽ മാത്രമേ സ്ത്രീകൾ നേരിടുന്ന ഈ അതിക്രമങ്ങൾ ഇല്ലാതെയാവുകയുള്ളൂ. അതിനായി നാം ഓരോരുത്തരും ശ്രമിക്കേണ്ടതുണ്ട്. വാർത്തകൾ ഉണ്ടാകുമ്പോൾ മാത്രം കാണുന്ന ജനരോഷത്തിന് അപ്പുറത്ത് നമ്മുടെ വ്യക്തി സാമൂഹിക ജീവിതത്തിൽ പങ്കാളികളെ തുല്യരായി കാണാനും ബഹുമാനിക്കാനും നമ്മൾ ശ്രമിക്കണം. എങ്കിലേ ഈ കഷ്ടതകളും മരണങ്ങളും ഇനിയും ഉണ്ടാകാതെ ഇരിക്കൂ.