· 6 മിനിറ്റ് വായന

ഇന്റുസ്സസപ്ഷൻ : കുടലിൽ ഒരു ടെലിസ്കോപ്.

Gastrosurgery
വാതിൽ തുറന്ന് ഓപ്പിയിലേക്ക് അയാൾ കയറിയപ്പോൾ തന്നെ നല്ല മുഖപരിചയം തോന്നി.ഞൊടിയിടയിൽ ആളെ മനസ്സിലായി. കൂടെ കൊച്ചില്ലാത്തത് കാരണം ആദ്യം മനസ്സിലാകാഞ്ഞതാണ്. സ്ഥിരമായി കാണുന്ന കൊച്ചിന്റെ അപ്പനാണ്.കൂടെ വേറെ അപ്പനും അമ്മയും ഒരു കൈക്കുഞ്ഞുമുണ്ട്.
“ഡോക്ടറേ… അളിയനും ഭാര്യയുമാണ്.രണ്ട് ദിവസം താമസിക്കാൻ വേണ്ടി വന്നതാ.ഇന്നലെ രാത്രി എത്തിയതേ ഒള്ളൂ. രാവിലെ കുഞ്ഞിന്റെ കരച്ചില് കേട്ടാണ് എഴുന്നേറ്റത്. വല്ലാത്ത ഒരു കരച്ചിൽ. എന്റെ കൊച്ച് ഇത് വരെ ഇങ്ങനെ കരയുന്നത് ഞാൻ കേട്ടിട്ടില്ല”
“എന്നിട്ട് കുഞ്ഞ് ഇപ്പൊ നല്ല ഉറക്കമാണല്ലോ.”
“കുറച്ച് നേരം കഴിഞ്ഞ് കൊച്ച് കരച്ചിൽ നിർത്തി. വീണ്ടും ഇത്തിരി കഴിഞ്ഞ് ഭയങ്കര കരച്ചിൽ. അപ്പോ ഒന്ന് കാണിക്കാന്ന് വെച്ചു.”
“ഛർദി, വയറിളക്കം, മലത്തിൽ ചുവന്ന നിറം… അങ്ങനെ എന്തെങ്കിലും?”
“ഇല്ല ഡോക്ടർ. മാത്രല്ല. പാല് നല്ല പോലെ കുടിക്കേം ചെയ്തു.”
അത് അമ്മയാണ് പറഞ്ഞത്. വിര മരുന്ന്, ചെവിയിൽ നിന്നും ഒലിപ്പ്, അമ്മയുടെ ഭക്ഷണം, അങ്ങനെ പലതും ചികഞ്ഞ് ചോദിച്ചെങ്കിലും പ്രതീക്ഷിച്ച ഉത്തരങ്ങൾ ഒന്നും കിട്ടിയില്ല.
പരിശോധനയിൽ കാര്യമായ കുഴപ്പമൊന്നും തോന്നിയില്ല.വയറു വേദനക്ക് ഒരു മരുന്നും മൂക്കടപ്പ് തോന്നിയാൽ ഉപയോഗിക്കുവാൻ ഒരു തുള്ളിമരുന്നും കൊടുത്ത് അവരെ വീട്ടിലേക്ക് വിട്ടു.
വൈകുന്നേരം നാല് മണിയോടെ അവർ വീണ്ടും വന്നു. ഇത്തവണ കരച്ചിൽ നേരിട്ട് കണ്ടു. എന്തോ പന്തികേട് തോന്നി. വിശദമായി ചോദിച്ചിട്ടും പരിശോധിച്ചിട്ടും കൂടുതൽ ഒന്നും മനസ്സിലായില്ല. കുഞ്ഞിനെ അഡ്മിറ്റ് ചെയ്തു. കുറച്ച് നേരം കഴിഞ്ഞപ്പോൾ കരച്ചിൽ നിന്നെന്ന് മാത്രമല്ല കുഞ്ഞ് കിടന്നു കളിക്കുവാനും തുടങ്ങി.എങ്കിലും ഒന്ന് ശ്രദ്ധിക്കുവാൻ നഴ്സിനെ ചട്ടം കെട്ടി വീട്ടിലേക്ക് ഇറങ്ങി. വീടെത്തുന്നതിന് മുൻപ് തന്നെ വിളി വന്നു.
“ഡോക്ടറെ ഒന്ന് വേഗം വരോ?”
ഫോൺ കട്ടായി. അവരുടെ സ്വരത്തിൽ പരിഭ്രമം വ്യക്തം. തിരിച്ചെത്തിയപ്പോൾ കുഞ്ഞിന്റെ അമ്മ തല കറങ്ങി കസേരയിൽ ഇരിക്കുന്നുണ്ട്. കുഞ്ഞ് സുഖമായി കിടക്കുന്നു. പക്ഷേ നഴ്സിന്റെ മുഖം വിളറി ഇരിക്കുന്നു. ആൾ മെല്ലെ കുഞ്ഞിന്റെ diaper തുറന്ന് കാണിച്ച് തന്നു. വെളുത്ത ഡയപ്പറിന്റെ ഒത്ത നടുക്ക് strawberry jam കുടഞ്ഞിട്ട പോലെ! രക്തം കട്ട പിടിച്ച് കിടക്കുന്നതാണ്.
ആദ്യമായാണ് ഇത് പോലൊന്ന് കാണുന്നതെന്ന് നഴ്സിന്റെ മുഖഭാവത്തിൽ വ്യക്തം. അമ്മ തല കറങ്ങി വീണതിൽ അത്ഭുതമില്ല. ഞാനും ആദ്യമായാണ് കാണുന്നത്.പക്ഷേ പണ്ട് പുസ്തകത്തിൽ വായിച്ചത് പെട്ടന്ന് ഓർമ്മ വന്നു.
Intussusception…
ഛർദി ഉണ്ടായില്ല എന്നത് അൽപം ആശയക്കുഴപ്പം സൃഷ്ടിച്ചു. വയറു പരിശോധിച്ചപ്പോൾ മുഴയൊന്നും കിട്ടിയില്ല എന്നതും. പഠിക്കുന്ന കാലത്ത് കേട്ട ഒരു വാചകം ഓർമ്മ വന്നു.
“Diseases never read text books!”
പുസ്തകത്തിൽ പറയുന്നതെല്ലാം എല്ലാ അസുഖങ്ങളിലും എപ്പോഴും കാണണം എന്നില്ല.
കുട്ടികളുടെ സർജറി വിഭാഗമുള്ള ആശുപത്രിയിലേക്ക് കുഞ്ഞിനെ എത്തിച്ചു. ഉടനെ തന്നെ ultrasound scan ചെയ്ത് രോഗനിർണ്ണയം ഉറപ്പിച്ചു. അപ്പോൾ തന്നെ ചികിത്സക്കായി കുഞ്ഞിനെ കയറ്റി.പിറ്റേന്ന് കുഞ്ഞ് സുഖമായി ആശുപത്രി വിട്ടു.
ഇന്റുസസപ്ഷൻ.
പറയുമ്പോൾ നാക്കുളുക്കിയേക്കാം. ഈ രോഗാവസ്ഥക്ക് കൃത്യമായ മലയാള പദം കണ്ടെത്തുക ദുഷ്കരമാണ്. കുടൽ മറിയൽ, കുടലുടക്കം എന്നൊക്കെ നാട്ടിൻപുറങ്ങളിൽ പറഞ്ഞുകേൾക്കാറുണ്ടെങ്കിലും അവ ഈ രോഗത്തിന്റെ സ്വഭാവം പൂർണമായും ഉൾക്കൊള്ളുന്നില്ല. കുടലിന്റെ ഒരു ഭാഗം കുടലിന്റെ മറ്റൊരു ഭാഗത്തിനകത്തേയ്ക്ക് തള്ളിക്കയറി തടസ്സമുണ്ടാക്കുന്ന അവസ്ഥയാണിത്. ദൂരദർശിനിക്കുഴലിൽ (ടെലിസ്കോപ്) ചെറിയ കുഴൽ വലിയ കുഴലിനകത്തേയ്ക്ക് കയറിപ്പോകുന്നതുപോലെ.
അഞ്ചു മാസത്തിനും മൂന്നു വയസിനും ഇടയിലുള്ള കുഞ്ഞുങ്ങളിൽ കുടലിൽ തടസ്സമുണ്ടാകുന്നതിന്റെ പ്രധാന കാരണം ഇവനാണ്. രണ്ടു വയസ്സിനു താഴെയുള്ള കുഞ്ഞുങ്ങളിലെ വയർ സംബന്ധിയായ അത്യാഹിതങ്ങളിൽ പ്രധാനിയും ഇവൻ തന്നെ.
60 ശതമാനം കേസുകളും ഒരു വയസ്സിൽ താഴെയാണ് ഉണ്ടാവുക. ആയിരത്തിൽ നാലു കുഞ്ഞുങ്ങളെവരെ ഇതു ബാധിക്കാം. കാരണം കൃത്യമായറിയില്ലെങ്കിലും ആൺകുട്ടികളെ ഇതു പെൺകുട്ടികളെക്കാൾ മൂന്നിരട്ടി കൂടുതലായി ബാധിക്കുന്നു.
▪️രോഗകാരണം
?തൊണ്ണൂറു ശതമാനം കേസുകളിലും രോഗകാരണം വ്യക്തമായിരിക്കുകയില്ല. എങ്കിലും വയറിളക്ക രോഗങ്ങൾ, ചെവിയിൽ പഴുപ്പ്, ശ്വാസകോശ സംബന്ധമായ അണുബാധകൾ എന്നിവയുടെ സങ്കീർണതയുടെ ഭാഗമായി ഇന്റുസ്സസപ്ഷൻ പ്രത്യക്ഷപ്പെടാറുണ്ട്. മുലപ്പാലിൽ നിന്ന് മറ്റ് കട്ടിയാഹാരങ്ങളിലേക്ക് മാറുന്ന സമയത്ത് കുട്ടിയുടെ കുടലിൽ ഉണ്ടാകുന്ന മാറ്റങ്ങളാണ് ഈ രോഗത്തിന് ഒരു കാരണം എന്ന് കരുതപ്പെടുന്നു. ഭക്ഷണത്തിലൂടെ അകത്തെത്തുന്ന രോഗാണുക്കളും പുതിയ ഭക്ഷണ പദാർത്ഥങ്ങളിലെ ആന്റിജനുകളും ചെറുകുടലിലെ രോഗപ്രതിരോധ വ്യവസ്ഥയെ ഉത്തേജിപ്പിക്കുന്നു. പെയേഴ്സ് പാച്ചസ് എന്നറിയപ്പെടുന്ന പ്രതിരോധ കോശങ്ങളുടെ കൂട്ടങ്ങൾ വലുതാകുന്നതിന് ഇത് കാരണമാകുന്നു. ഭക്ഷണത്തെ വലിച്ചുകൊണ്ടു പോകുന്നതുപോലെ കുടൽ ഈ ചെറു മുഴകളെയും വലിച്ചു കൊണ്ടുപോകാൻ ശ്രമിക്കുകയും അത് കുടലിനകത്തേക്ക് കുടൽ കയറിപ്പോകുന്നതിന് കാരണമാകുകയും ചെയ്യുന്നു.
ഇത്തരത്തിലുള്ള മുഴകളെ ‘മുന്നോടി’ അഥവാ ലീഡ് പോയന്റ് എന്നു പറയാം. 8 ശതമാനം വരെ കേസുകളിൽ ഇത്തരത്തിലുള്ള ലീഡ് പോയിന്റുകൾ കാണാറുണ്ട്.
കുടലിലുണ്ടാകുന്ന ദശയും വളർച്ചയും ട്യൂമറുകളും ഒക്കെ ഇതിൽ ഉൾപ്പെടും (Meckel’s diverticulum,intestinal polyps,Cysts etc). മുഴകളും മറ്റും കുട്ടികളേക്കാൾ മുതിർന്നവരിലാണല്ലോ കൂടുതൽ കാണപ്പെടുന്നത്. അതുകൊണ്ടുതന്നെ മുതിർന്നവരിൽ അപൂർവ്വമായി മാത്രമേ ഇന്റുസസപ്ഷൻ പ്രത്യക്ഷപ്പെടാറുള്ളൂ എങ്കിലും അതു സംഭവിക്കുന്ന മിക്ക കേസുകളിലും ഇത്തരം ലീഡ് പോയിന്റുകൾ ഉണ്ടാകും. ചിലപ്പോൾ അവ ക്യാൻസറും ആകാം.
? ചെറുകുടലിന്റെ അറ്റം വൻകുടലിലേക്ക് കയറിപ്പോകുന്ന തരമാണ് ഏറ്റവും സാധാരണമായത്. ഇത്തരത്തിൽ കയറിപ്പോകുന്ന ചെറുകുടലിന്റെ ഭാഗത്തേക്കുള്ള രക്തചംക്രമണം തടസ്സപ്പെടുകയും അത് നീരു വന്നു വീർക്കുകയും കുടലിൽ തടസ്സം ഉണ്ടാകുകയും ചെയ്യുന്നു. കുടലിലെ ശ്ലേഷ്മസ്തരത്തിൽ രക്തസ്രാവമുണ്ടാകുകയും അത് മലത്തോടൊപ്പം കലരുകയും ചെയ്യും. ഇത് കഫത്തോടു ചേർന്ന് ചുവന്ന ജെല്ലിപോലെ മലദ്വാരത്തിൽ നിന്നു പുറത്തുവരാം.
വേണ്ട സമയത്ത് കൃത്യമായ ചികിത്സ ലഭിച്ചില്ലെങ്കിൽ രക്ത ചംക്രമണം നഷ്ടപ്പെട്ട് കുടലിന്റെ ഭാഗങ്ങൾ നിർജീവമാകുകയും കുടലിൽ സുഷിരമുണ്ടാകുകയും അണുബാധക്ക് വഴി തെളിക്കുകയും ചെയ്യാം. മരണവും സംഭവിക്കാം.
▪രോഗലക്ഷണങ്ങൾ
ആരോഗ്യവാനായിരിക്കുന്ന ഒരു കുഞ്ഞിൽ പെട്ടെന്നാണ് രോഗലക്ഷണങ്ങൾ പ്രത്യക്ഷപ്പെടുക.
▪ ഇടവിട്ട് ശക്തിയായി പിരിഞ്ഞു കുത്തിയുള്ള വയറുവേദന കുഞ്ഞുങ്ങൾക്ക് ഉണ്ടാകാം. കാൽമുട്ടുകൾ വയറ്റിലോട്ട് മടക്കി ഉറക്കെ കരയും പാവങ്ങൾ. തുടക്കത്തിൽ ഇടവേളകളിൽ സ്വസ്ഥമായിരുന്നേക്കാമെങ്കിലും പിന്നീട് അവർ ക്ഷീണിതരും അവശരുമായിത്തീരും.
▪ മിക്കവാറും കേസുകളിൽ ഛർദ്ദി തുടക്കത്തിലേ ഉണ്ടാകും.തുടർന്ന് പിത്തരസം കലർന്ന ഛർദ്ദിയായിത്തീരാം.
▪ ആദ്യ മണിക്കൂറുകളിൽ മലം സാധാരണ മട്ടിൽ പോകുമെങ്കിലും പിന്നീട് മലത്തിൽ രക്തം കലർന്ന് പോയിത്തുടങ്ങും. രക്തം കലർന്ന കഫം “റെഡ് കറന്റ് ജെല്ലി” യോടു താരതമ്യപ്പെടുത്തപ്പെട്ടിട്ടുണ്ട്. ( പാശ്ചാത്യനാടുകളിൽ ഉപയോഗിക്കുന്ന ഒരു ഭക്ഷ്യവസ്തുവാണ് ഇത്)
▪ വയറു വേദന , പരിശോധനയിൽ വയറ്റിൽ കാണപ്പെടുന്ന സോസേജ് രൂപത്തിലുള്ള മുഴ , റെഡ് കറന്റ് ജെല്ലി പോലുള്ള മലം എന്നിവ അടങ്ങുന്ന ക്ലാസിക് ത്രിത്വം 30 ശതമാനം കേസുകളിൽ താഴെ മാത്രമേ കാണപ്പെടാറുള്ളൂ.
▪രോഗ നിർണയം.
രോഗലക്ഷണങ്ങളും പരിശോധനയും വഴി രോഗം ഏതാണ്ട് നിർണയിക്കാം.
അൾട്രാസൗണ്ട് സ്കാനാണ് രോഗ നിർണയത്തിന് ഇപ്പോൾ വ്യാപകമായി ഉപയോഗിക്കുന്നത്. കുടലിനുള്ളിൽ കുടൽ കയറിയിരിക്കുന്നത് അൾട്രാസൗണ്ട് സ്കാനിൽ കണ്ടാൽ ഒരു ഉഴുന്നുവടയുടെ രൂപം പോലെയിരിക്കും. എക്സ് – റേ പരിശോധനയും, കോണ്ട്രാസ്റ്റ് എനിമയും മറ്റും മുമ്പത്തെപ്പോലെ വ്യാപകമായി ഇപ്പോൾ ഉപയോഗിക്കുന്നില്ല.
? ചികിത്സ
കുട്ടികളിൽ മിക്കപ്പോഴും ഓപ്പറേഷൻ ഇല്ലാതെ സുഖപ്പെടുത്താവുന്ന ഒരു സർജിക്കൽ അവസ്ഥയാണ് ഇത്. കേട്ടാൽ ലളിതമെന്ന് തോന്നാവുന്ന ഒരു ചികിത്സാ രീതിയാണ് ഏറ്റവും സാധാരണയായി ഉപയോഗിക്കപ്പെടുന്നത്. മലദ്വാരത്തിലൂടെ ഉപ്പുവെള്ളം(സലൈൻ സൊല്യൂഷൻ) കയറ്റി കുടലിനെ തള്ളിശരിയാക്കുന്ന ചികിത്സയാണ് ഇത്. ഹൈഡ്രോസ്റ്റാറ്റിക് റിഡക്ഷൻ എന്നാണ് ഈ ചികിത്സാരീതിയുടെ പേര്. മലദ്വാരത്തിലൂടെ വൻകുടലിലേയ്ക്ക് കടത്തുന്ന ട്യൂബിലൂടെ ആവശ്യമായ മർദ്ദത്തിൽ സലൈൻ കയറ്റുമ്പോൾ കുടലിൽ മർദ്ദം വർദ്ധിക്കുന്നതു മൂലം അകത്തേക്ക് കയറിയിരിക്കുന്ന കുടൽഭാഗം പൂർവ്വ സ്ഥാനത്തേക്ക് മടങ്ങിയെത്തുന്നു. ഈ പ്രക്രിയ അൾട്രാ സൗണ്ട് സ്കാൻ ഉപയോഗിച്ച് തത്സമയം നിരീക്ഷിക്കാനും കുടൽ പൂർവസ്ഥാനത്ത് എത്തിയാൽ ഉടനെ സലൈൻ കയറ്റുന്നത് നിർത്താനും സാധിക്കും.
▪ ലളിതമാണ് ഈ ചികിത്സ എങ്കിലും അസുഖലക്ഷണങ്ങൾ പ്രത്യക്ഷപ്പെട്ട് 24 മണിക്കൂറിനുള്ളിൽ ചെയ്യാൻ സാധിച്ചാലേ മികച്ച ഫലം ലഭിക്കുകയുള്ളൂ. സമയം വൈകിയാലോ കുടലിൽ അണുബാധ,പെരിട്ടോണൈറ്റിസ് എന്നിവ ഉണ്ടായാലോ കുട്ടിയുടെ പൊതുവായ ആരോഗ്യസ്ഥിതി മോശമാണെങ്കിലോ ശസ്ത്രക്രിയ നടത്തേണ്ടതായി വരാം.
ശസ്ത്രക്രിയയ്ക്കിടയിൽ കുടലിന്റെ ഏതെങ്കിലും ഭാഗം രക്തചംക്രമണം നിലച്ച് നിർജീവമായിട്ടുണ്ടെങ്കിൽ അത് മുറിച്ചു മാറ്റുകയും ശേഷിച്ച ഭാഗങ്ങൾ തുന്നിച്ചേർക്കുകയും വേണ്ടി വന്നേക്കാം.
▪️4-10 ശതമാനം കേസുകളിൽ തനിയേ തന്നെ കുടൽ തിരിയേ ഇറങ്ങുന്നതായി കണ്ടുവരുന്നു. സ്കാനൊക്കെ ചെയ്തു കഴിഞ്ഞ് ഓപ്പറേഷൻ തിയറ്ററിലേക്ക് കയറ്റിക്കഴിഞ്ഞാവും ചിലപ്പോൾ തനിയെ നേരെയായത് മനസ്സിലാവുക. ഇത്തരക്കാരിൽ തുടർ നിരീക്ഷണം ആവശ്യമാണ്.
▪️5 – 8 ശതമാനം കേസുകളിൽ ചികിത്സയ്ക്കു ശേഷവും രോഗം തിരിച്ചു വരാനും സാധ്യതയുണ്ട്.
▪️ മുതിർന്നവരിൽ താരതമ്യേന അപൂർവ്വമായാണ് ഈ രോഗം പ്രത്യക്ഷപ്പെടുന്നത് എങ്കിലും രോഗവുമായി ബന്ധപ്പെട്ട് എന്തെങ്കിലും മുഴകൾ കാണാറുണ്ട് എന്ന് പറഞ്ഞല്ലോ. അതുകൊണ്ടുതന്നെ കുട്ടികളിലെ ചികിത്സാരീതി രീതി മുതിർന്നവരിൽ പ്രായോഗികമല്ല. രോഗത്തിന് കാരണമാകുന്ന മുഴ എന്തെന്ന് കണ്ടു പിടിക്കാൻ വിശദമായ പരിശോധനകളും ചികിത്സ എന്നനിലയിൽ ശസ്ത്രക്രിയയും ആവശ്യം വരും. അതുകൊണ്ടുതന്നെ മുതിർന്നവരിൽ സവിശേഷശ്രദ്ധ അർഹിക്കുന്നു ഈ രോഗം.
കുഞ്ഞുങ്ങളിൽ ഉണ്ടാകുന്ന ഇടവിട്ടുള്ള കരച്ചിലും വയറുവേദനയും മലത്തിലൂടെ രക്തം പോകലും ഛർദ്ദിയുമൊക്കെ നിസ്സാരമായി കാണരുത്. രോഗ നിർണയം വൈകുന്നതിന് നാം വലിയ വില കൊടുക്കേണ്ടി വരും.
ലേഖകർ
Completed MBBS from Calicut Medical College. MD pediatrics & Fellowship in Neonatology from St. John's Medical College, Bangalore. Currently working at Cimar Cochin hospital, Kochi.
ചിത്രകാരൻ
Design Co-ordinator, Infoclinic.

മികച്ച വർഗ്ഗങ്ങൾ

എല്ലാ വർഗ്ഗങ്ങളും
പൊതുജനാരോഗ്യം

284 ലേഖനങ്ങൾ

Current Affairs

240 ലേഖനങ്ങൾ

കോവിഡ്-19

236 ലേഖനങ്ങൾ

ആരോഗ്യ അവബോധം

115 ലേഖനങ്ങൾ

സുരക്ഷ

64 ലേഖനങ്ങൾ

ശിശുപരിപാലനം

59 ലേഖനങ്ങൾ

കിംവദന്തികൾ

53 ലേഖനങ്ങൾ

Infectious Diseases

52 ലേഖനങ്ങൾ

Medicine

45 ലേഖനങ്ങൾ