· 7 മിനിറ്റ് വായന

കോവിഡ് 19: വൈറസ് വായുവിലൂടെ 8 മീറ്റർ സഞ്ചരിക്കുമോ ?

Current Affairsകോവിഡ്-19പകര്‍ച്ചവ്യാധികള്‍പൊതുജനാരോഗ്യം

കോവിഡ് 19 പടർത്തുന്ന കൊറോണ വൈറസ് വായുവിലൂടെ 8 മീറ്റർ സഞ്ചരിക്കുമോ ? വായുവിലൂടെ പടരുമോ?

ഇത് പുതിയ ഒരു വൈറസ് ആയതു കൊണ്ട് തന്നെ ഇത് സംബന്ധിച്ച പഠനങ്ങൾക്ക് വ്യക്തതയും, ആധികാരികതയും, സ്ഥിരീകരണവും വരണമെങ്കിൽ ആഴത്തിൽ ഉള്ള വിവിധ പഠനങ്ങളും അതിനു വേണ്ടുന്ന കാലയളവും അനിവാര്യമാണ്.

അത് വരെ നമ്മുടെ മുന്നിൽ വരുന്ന നിഗമനങ്ങൾക്ക് അമിത പ്രാധാന്യമില്ല, അത്തരം അനുമാനങ്ങൾ സ്ഥിരീകരിക്കും വരെ കാക്കേണ്ടതായി വരും.

ഇത്തരമൊരു അടിയന്തിര സാഹചര്യമായതു കൊണ്ട് തന്നെ, മുൻപെന്നെത്തേക്കാളും വേഗത്തിൽ പഠനങ്ങൾക്ക് ശ്രദ്ധ കിട്ടുന്നുണ്ട്.

പക്ഷേ ആധികാരികത ഉറപ്പാക്കും മുൻപേ തന്നെ കിട്ടിയത് വെച്ച് തലക്കെട്ടുകളിൽ സെൻസേഷണലിസം ചേർത്ത് മാധ്യമങ്ങൾ പ്രചരിപ്പിക്കുന്നുണ്ട്. വേറിട്ട വാർത്തകളും, ഞെട്ടിക്കൽ വാർത്തകളും സ്വാഭാവികമായും കൂടുതൽ പടർന്നു പിടിക്കും.

പുതിയതായി ഉയർന്ന ഒരു ചോദ്യമാണ്,

കോവിഡ് 19 പടർത്തുന്ന വൈറസുകൾക്കു മൈക്രോ ഡ്രോപ്പ്ലെറ്റുകളായി ഇപ്പോൾ കരുതുന്നതിനേക്കാൾ കൂടുതൽ ദൂരം സഞ്ചരിച്ചു രോഗം പകർത്താൻ കഴിയുമോ?

മസാച്യുസെറ്റ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ അസ്സ്സോസിയേറ്റ് പ്രൊഫസർ Lydia Bourouiba ഫ്ള്യൂയിഡ് ഡയനാമിക്സ്ൽ നടത്തിയ ഗവേഷണങ്ങളും നിരീക്ഷണങ്ങളുമാണ് നിലവിൽ ചർച്ചാ വിഷയം ആയിരിക്കുന്നത്.

വൈദ്യശാസ്ത്ര മേഖലയിലേതല്ല, മറിച്ച്, അടിസ്ഥാനപരമായി ഒരു ഭൗതികശാസ്ത്ര പഠനമാണിത്. ചുമയ്ക്കുമ്പോഴും, തുമ്മുമ്പോഴും പുറത്തെത്തുന്ന കണങ്ങളുടെ പാത (trajectory), അതിവേഗ ക്യാമറകളുടെ സഹായത്തോടെ, പൂർണ്ണമായും ലാബ് സാഹചര്യങ്ങളിൽ കണ്ടെത്തുന്ന പഠനമായിരുന്നു ഇത്.

ഇതിൽ വളരെ ചെറിയ കണങ്ങൾ പോലും ചുമയ്ക്കുമ്പോൾ ഉണ്ടാവാം എന്നും, അവ ഏറെ ദൂരം ചെന്നു പതിയ്ക്കാം എന്നും കണ്ടെത്തിയിരുന്നു.ഈ പഠനം നടത്തിയത് 2014ലാണ്. ഈ പഠനം, ഈ മേഖലയിൽ മുൻപുള്ള പല ധാരണകൾക്കും വിരുദ്ധമായ നിരീക്ഷണങ്ങളാണ് മുന്നോട്ട് വെച്ചത്.

എന്നാൽ ഒരു പൂർണ്ണ ഭൗതികശാസ്ത്ര പഠനം ആയത് കൊണ്ട് തന്നെ, ഈ ദീർഘദൂരമെത്തുന്ന കണങ്ങൾ, രോഗാണുക്കളെ വഹിക്കുന്നുണ്ടോ എന്നോ, രോഗം പരത്തുമോ എന്ന വശങ്ങളൊന്നും തന്നെ പഠന ഉദ്ദേശ്യമായി എടുത്തിരുന്നില്ല.

ഈ പഠനം വന്ന് ഇത്രയും വർഷങ്ങൾ ആയിട്ടും, ലോകാരോഗ്യസംഘടനയോ, സി.ഡി.സിയോ ഡ്രോപ്‌ലെറ്റ് വഴി പടരുന്ന രോഗങ്ങളുടെ ദൂരപരിധി കൂട്ടി നിശ്‌ചയിച്ചിട്ടില്ല.

ഇതേ പഠനം ഉയർത്തി, നിപ്പ വന്ന കാലത്തും, അത് 8 മീറ്റർ ദൂരം വരെ പകർന്നേക്കാം എന്ന ആശങ്ക പൊതുവെ പരന്നിരുന്നു. എന്നാൽ യഥാർത്ഥ രോഗി സമ്പർക്ക മേഖലകളിൽ, അല്ലെങ്കിൽ, ആശുപത്രികളിൽ നടന്ന പഠനങ്ങളിൽ ഒന്നുംതന്നെ നിപ്പ 2 മീറ്ററിലേറെ വിട്ട് നിൽക്കുന്ന മറ്റൊരാളിലേക്ക് പടരുന്നതായി തെളിയിക്കപ്പെട്ടില്ല

ഇപ്പോൾ 2014 ലെ ഈ പഠനത്തിനെ ആസ്പദമാക്കി, കോവിഡ് 19 എന്ന ഈ രോഗത്തിലും ചർച്ചകൾ ഉയർന്നു വന്നിരിക്കുന്നു.

ഇതുവരെ ലഭ്യമായ ആയിരക്കണക്കിനോളം, രോഗികളുടെ സമ്പർക്ക പഠനത്തിൽ നിന്നും മനസ്സിലാക്കാനാവുന്നത്, തുമ്മുമ്പോൾ അല്ലെങ്കിൽ ചുമയ്ക്കുമ്പോൾ, ദീർഘദൂരം സഞ്ചരിക്കുന്ന കണങ്ങളിൽ, രോഗം പരത്താൻ വേണ്ടത്ര തോതിൽ വൈറസ് ഉണ്ടാവുന്നില്ല എന്നാണ്.

നിലവിൽ ലോകാരോഗ്യ സംഘടന & സി ഡി സി പോലുള്ള പ്രമുഖ ഏജൻസികൾ സ്ഥിരീകരിച്ചിരിക്കുന്ന വസ്തുത,

ഇതുവരെ ശാസ്ത്രീയ തെളിവുകൾ സൂചിപ്പിക്കുന്നത്‌;

കൊറോണ വൈറസിന് ഡ്രോപ്‌ലെറ്റ് മുഖേനയാണ് പ്രധാനമായും രോഗ വ്യാപനം സാധ്യമാവുക. അഥവാ ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും ഒരാളുടെ വായുവിൽ നിന്നും തെറിക്കുന്ന സ്രവ കണികകൾ വഴിയാണ് 1 to 2 മീറ്ററിനുള്ളിൽ ഉള്ള ഒരാളിലേക്കു വൈറസിന് നേരിട്ട് എത്താൻ സാധിക്കുന്നത് എന്നാണ്

നെബുലൈസേഷൻ, ശ്വാസ നാളത്തിൽ ട്യൂബ് കടത്തൽ പോലുള്ള ചില മെഡിക്കൽ പ്രക്രിയകൾ ചെയ്യുമ്പോൾ ഉണ്ടാവുന്ന ഏറോസോളുകൾ രോഗപ്പകർച്ചയ്ക്കു കാരണമാവാം എന്ന പഠനം വന്നിരുന്നു. അതിനെ തെറ്റായി വ്യാഖ്യാനിച്ചു വായുവിലൂടെ രോഗം പടരും എന്ന തെറ്റായ വാർത്താ റിപ്പോർട്ടുകൾ വന്നിരുന്നു. എന്നാൽ അത്തരം പ്രക്രിയ ചെയ്യുന്ന ആരോഗ്യ പ്രവർത്തകർ ശ്രദ്ധിക്കണം എന്ന കരുതൽ നിർദ്ദേശം മാത്രമാണ് ലോകാരോഗ്യ സംഘടന നൽകിയത്.

എന്താണ് വാർത്തയ്ക്കു പിന്നിലെ വസ്തുതകൾ ?

തത്തുല്യമായ പദങ്ങൾ ഇല്ലാത്തതിനാൽ ഇത്തരം സാങ്കേതിക കാര്യങ്ങൾ മലയാളീകരിക്കുമ്പോൾ ആശയക്കുഴപ്പങ്ങൾ ഉണ്ടായേക്കാം എന്നത് ഒരു പരിമിതിയാണ്.

ഒരു ഉദാഹരണത്താൽ വ്യക്തമാക്കാൻ ശ്രമിക്കാം

വായുവിലൂടെ പടരുന്നു എന്ന് സാധാരണഗതിയിൽ വിവരിക്കപ്പെടുന്നു രോഗങ്ങളിൽ, രോഗി ശ്വസിക്കുകയോ, സംസാരിക്കുകയോ ഒക്കെ ചെയ്യുമ്പോൾ പോലും രോഗാണുക്കൾ പുറത്തേയ്ക്കു പടർത്തുന്നു. ഈ ഈ വൈറസുകൾ അന്തരീക്ഷത്തിലൂടെ ദീർഘ ദൂരം സഞ്ചരിച്ചു ദൂരെ ഉള്ള ആൾക്കാർക്ക് പോലും രോഗം ഉണ്ടാക്കാൻ പ്രാപ്തരാവുന്നു. ഉദാ: ചിക്കെൻ പോക്സ് അണുക്കൾ ഏകദേശം പത്തു കിലോമീറ്റർ ചുറ്റളവിൽ ഉള്ള ആൾക്ക് പോലും രോഗം ഉണ്ടാക്കാം.

എന്നാൽ അത്തരം ഒരു രോഗപ്പകർച്ച കോവിഡ് രോഗത്തിൽ ഉണ്ടെന്നു ആരും കരുതുന്നില്ല.

എന്നാൽ ഇപ്പൊ വന്നിരിക്കുന്ന പഠനങ്ങൾ എന്താണ് മുന്നോട്ടു വെക്കുന്നത്?

വലിയ ഡ്രോപ്പ്ലെറ്റുകൾ, ചെറിയവ, തീരെ ചെറിയവ, ഏറോസോൾസ് എന്നിവയൊക്കെ തമ്മിൽ നേർത്ത വത്യാസം മാത്രമാണ് ഉള്ളത്. ഇവയുടെ വേർതിരിച്ചു നിർവ്വചനവും അത്ര കൃത്യതയുള്ളതല്ല, എന്നാണു പ്രസ്തുത ഗവേഷകരുടെ നിരീക്ഷണങ്ങൾ.

പഠനത്തിൽ പറയുന്നത്, തുമ്മൽ, ചുമ പോലുള്ള ശക്തമായ ഉച്ഛ്വാസ പ്രക്രിയകളിൽ ഒരു വായൂ പടലം സൃഷ്ടിക്കും.

അവയിൽ ഡ്രോപ്‌ലെറ്റുകളുടെ കൂട്ടങ്ങൾ പല വലിപ്പത്തിൽ ഉള്ളത് ഉണ്ടാവും.

ഈ പടലത്തിനുള്ളിലെ ഈർപ്പവും ചൂടും അവയെ കൂടുതൽ ദൂരം അതായത് എട്ടു മീറ്ററോളം സഞ്ചരിക്കാൻ അനുവദിക്കും.

ഇത്തരം സാഹചര്യത്തിൽ ഡ്രോപ്പ്ലെറ്റിന്റെ അതിജീവനം വായുവിൽ സെക്കന്റിന്റെ അംശം മുതൽ മിനുട്ടുകൾ വരെ ആവാം അത്രേ.

മറുവാദങ്ങൾ ?!

എന്നാൽ മറുവശത്തു പകർച്ച വ്യാധി രോഗങ്ങളെ കുറിച്ച് പഠിക്കുന്ന ശാസ്ത്രജ്ഞർ മറ്റു ചോദ്യങ്ങൾ ഉയർത്തുന്നുണ്ട്‌.

ഇൻഫെക്ഷ്യസ് ഡിസീസ് പ്രൊഫസർ യൂണിവേഴ്സിറ്റി ഓഫ് വാഷിംഗ്‌ടൺ സ്കൂൾ ഓഫ് മെഡിസിൻ – Dr. Paul Pottinger പറയുന്നത് ശ്രദ്ധിക്കുക.

“ചോദ്യം വൈറസുകൾക്കു എത്രത്തോളം ദൂരം യാത്ര ചെയ്യാം എന്നതല്ല, മറിച്ചു എത്ര നേരം രോഗം പകർത്തുന്ന അവസ്ഥയിൽ വായുവിൽ തുടരാൻ കഴിയും എന്നതാണ്.”

വൈറസുകൾ ഒരു ഭീഷിണി ആയി മാറാതെ എത്ര ദൂരത്തോളം സഞ്ചരിക്കാം എന്നതാണ് പ്രസക്തം. ഡ്രോപ്‌ലെറ്റ് കളുടെ വലിപ്പം കുറയും തോറും അവയുടെ രോഗം ഉണ്ടാക്കാനുള്ള ഭീഷണി കുറയും എന്ന് അദ്ദേഹം പറയുന്നു.

ലിഡിയയുടെ പഠനത്തിൽ പറയും പോലെ ആയിരുന്നു എങ്കിൽ നിലവിൽ ഉള്ളതിനേക്കാൾ രോഗികൾ സമൂഹത്തിൽ ഉണ്ടായേനെ എന്നാണു അദ്ദേഹത്തിൻറെ അഭിപ്രായം.

ഒരു നിശ്ചിത എണ്ണം വൈറൽ പാർട്ടിക്കിൾ അഥവാ വൈറിയോൺസ് ഉണ്ടെങ്കിൽ മാത്രമേ ഒരാളുടെ രോഗപ്രതിരോധ വ്യവസ്ഥയെ തകർത്ത് രോഗം ഉണ്ടാക്കാനാവൂ സാധാരണഗതിയിൽ.

എത്രയാണ് കോവിഡിന്റെ കാര്യത്തിൽ ആ അളവ് എന്ന് നിലവിൽ നമ്മുക്ക് നിശ്ചയമില്ല പക്ഷേ, ശരിക്കും കൊറോണ വൈറസുകൾ വായുവിലൂടെ വ്യാപനം നടത്താൻ ശരിക്കും പ്രാപ്തമായിരുന്നു എങ്കിൽ സ്ഥിഗതികൾ വേറെ ആയിരുന്നേനേ. ഈ ചർച്ചകൾക്ക് പോലും പ്രസക്തി ഉണ്ടാവില്ലായിരുന്നു എന്നും അദ്ദേഹം കൂട്ടി ചേർത്തു.

ലോകാരോഗ്യ സംഘടന ഇതേക്കുറിച്ചു തങ്ങളുടെ പ്രസ്താവനയിൽ പറഞ്ഞത്,

“WHO പുതിയതായി ഈ വിഷയത്തിൽ ഉയർന്നു വരുന്ന തെളിവുകളെയും പഠനങ്ങളെയും നിരീക്ഷിച്ചു കൊണ്ട് ഇരിക്കുകയാണ്, കൂടുതൽ വിവരങ്ങൾ കിട്ടിയാൽ ഈ വിഷയത്തിൽ അപ്ഡേറ്റ് ചെയ്യുന്നതാണ്. മോഡലിംഗ് പഠനങ്ങളെ തങ്ങൾ സ്വാഗതം ചെയ്യുന്നു പ്ലാനുകൾ തയ്യാറാക്കാൻ അത് സഹായകരം ആണ്.”

സംഗ്രഹം:

പുതിയ ഏതെങ്കിലും തെളിവ് ഇതിനെതിരെ ലഭിക്കുന്നത് വരെ, ലാബ് സാഹചര്യങ്ങളിലെ ഭൗതികശാസ്ത്രപഠത്തിനെക്കാൾ, യഥാർഥ രോഗികളിൽ നിന്നുള്ള പഠനങ്ങൾക്കാണ്, ലോകാരോഗ്യസംഘടനയും സി. ഡി.സി യും മുൻഗണന നൽകുന്നത്.

ഇത്തരം പഠനങ്ങൾ വാർത്തകളായി വരുമ്പോൾ പ്രായോഗികമായ പോംവഴികൾ ഉരുത്തിരിയുകയുമില്ല. ഉദാ: ഒന്നര മീറ്ററിൽ കൂടുതൽ (CDC നിർദ്ദേശിക്കുന്നത് ഏകദേശം 2 മീറ്റർ) ശാരീരിക അകലം പാലിക്കാൻ ആണ് പലരാജ്യങ്ങളും നിർദ്ദേശങ്ങൾ നൽകുന്നത്.

അതുകൊണ്ട് നിലവിൽ അമിത ഭീതി വേണ്ട. ഒന്നര മീറ്ററിൽ കൂടുതൽ ശാരീരിക അകലം പാലിക്കാൻ ശ്രദ്ധിക്കുക. വ്യക്തി ശുചിത്വം പാലിക്കാൻ ശ്രദ്ധിക്കുക.

ദൂരം മാത്രമല്ല ഇടപെടുന്ന സമയവും പരിഗണിക്കേണ്ട വിഷയങ്ങളിൽ ഒന്നാണ്.

എന്നാൽ 8 മീറ്റർ എന്നത് ക്ലിനിക്കൽ സെറ്റപ്പിൽ ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടില്ല എന്നത് മാത്രമല്ല, പ്രായോഗികമായി നടപ്പിൽ വരുത്താൻ പ്രയാസവുമാണ്.

ലേഖകർ
Dr. Deepu Sadasivan. Obtained a medical degree from Kottayam Medical College. Currently working in Kerala State health services department. Articles related to Medical science have been published in periodicals and newspapers.
Dr. Jinesh P.S. Completed MBBS and MD in Forensic Medicine from Govt Medical College, Kottayam. He has worked in Dept. of Forensic at Govt Medical College, Kottayam as Lecturer and at Community Health Center Kumarakom and Edayazham as Medical Officer. He is interested in spreading of scientific temper, health awareness.
ചിത്രകാരൻ
Design Co-ordinator, Infoclinic.

മികച്ച വർഗ്ഗങ്ങൾ

എല്ലാ വർഗ്ഗങ്ങളും
പൊതുജനാരോഗ്യം

284 ലേഖനങ്ങൾ

Current Affairs

240 ലേഖനങ്ങൾ

കോവിഡ്-19

236 ലേഖനങ്ങൾ

ആരോഗ്യ അവബോധം

115 ലേഖനങ്ങൾ

സുരക്ഷ

64 ലേഖനങ്ങൾ

ശിശുപരിപാലനം

59 ലേഖനങ്ങൾ

കിംവദന്തികൾ

53 ലേഖനങ്ങൾ

Infectious Diseases

52 ലേഖനങ്ങൾ

Medicine

45 ലേഖനങ്ങൾ