· 3 മിനിറ്റ് വായന

റാനിറ്റിഡീൻ വിഷമോ?

Current AffairsPharmacologyആരോഗ്യമേഖല

ഫേസ്ബുക്കിൽ കണ്ട ഒരു കുറിപ്പാണ് സാൻ്റാക് എന്നൊക്കെ പേരുള്ള റാണിറ്റിഡിൻ എന്ന മരുന്ന് നിരോധിച്ചു എന്നത്. കേട്ടപാതി കേൾക്കാത്ത പാതി അതിനു താഴെ “ആധുനിക വൈദ്യശാസ്ത്രം കൊടുക്കുന്ന വിഷം” എന്ന വിഷയത്തിൽ ചർച്ച കൊടുമ്പിരി കൊള്ളുന്നുണ്ട്.

എങ്കിൽ എന്തരാണ് സംഗതി എന്ന് നമുക്കൊന്ന് പരിശോധിക്കാം.

അമേരിക്കയിലെ ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്റ്റ്രേഷൻ സെപ്റ്റംബർ 13 ന് ഒരു പ്രസ്താവന പുറത്തിറക്കി. റാണിറ്റിഡിൻ എന്ന മരുന്നിൻ്റെ ചില ബ്രാൻഡുകളിൽ വളരെ ചെറിയ അളവിൽ NDMA (എൻ-നൈട്രോസോ ഡൈമീതൈലമീൻ) എന്ന പദാർഥത്തിൻ്റെ സാന്നിദ്ധ്യം കണ്ടെത്തി എന്നാണ് FDA പ്രസ്താവന. അവിടം കൊണ്ട് തീരുന്നില്ല. NDMA എന്നത് പഴങ്ങളിലും പച്ചക്കറികളിലും പാൽ, പാലുല്പന്നങ്ങൾ, ഇറച്ചി എന്നിവയിലും കാണപ്പെടുന്ന ഒരു മാലിന്യമാണ് എന്ന് എഫ്.ഡി.എ വിശദീകരിക്കുന്നു.

ഇപ്പോൾ പ്രാഥമിക പരിശോധനകളിൽ റാണിറ്റിഡിനിൽ കണ്ടെത്തിയിരിക്കുന്നത് ആ ഭക്ഷണപദാർഥങ്ങളിൽ പ്രതീക്ഷിക്കുന്നതിനെക്കാൾ ഒരല്പം മാത്രം കൂടുതലാണ് എന്നും കുറിപ്പിൽ തുടരുന്നുണ്ട്. അതുകൊണ്ട് തന്നെ കൂടുതൽ പഠനങ്ങൾ നടത്തുകയാണെന്നും ഇപ്പോൾ മരുന്ന് പിൻവലിക്കാൻ എഫ്.ഡി.എ ആവശ്യപ്പെടുന്നില്ലെന്നും പ്രസ്താവനയിലുണ്ട്.

NDMA എന്താണെന്ന് ഗൂഗിളിൽ തിരഞ്ഞവർക്ക് കിട്ടിയ കാർസിനോജൻ എന്ന വാക്കാവാം ചിലപ്പോൾ പരിഭ്രാന്തിക്ക് കാരണം. കാൻസറുണ്ടാക്കുന്ന ഒന്നാണോ നമ്മൾ കഴിച്ചുകൊണ്ടിരുന്ന മരുന്ന് എന്ന ചിന്ത ഉറപ്പായും ഒരു ഞെട്ടിക്കലിന് സ്കോപ്പുള്ളതാണ്.

റാനിറ്റിഡീൻ എന്ന വിവാദ മരുന്ന് എന്തിനുള്ളതാണ് ?

വയസ്സായ സർജൻമാർ ഗൃഹാതുരത്വത്തോടെ ഓർക്കുന്ന ഒരു ഓപ്പറേഷനുണ്ട്. ആമാശയത്തിലേക്കുള്ള വാഗൽ നാഡി കണ്ടിച്ചുകളയുകയും ആമാശയം കുടലുമായി തുന്നിപ്പിടിപ്പിക്കുകയും ചെയ്യുന്ന ഓപ്പറേഷൻ. (Trunkal vagotomy & gastrojejunostomy) എൺപതുകളിലും തൊണ്ണൂറുകളുടെ തുടക്കം വരെയും നമ്മുടെ നാട്ടിൽ വളരെ സാധാരണമായിരുന്നു ഈ ഓപ്പറേഷൻ. ആമാശയത്തെ ബാധിക്കുന്ന അൾസറുകളുടെ ചികിത്സയ്ക്കായിരുന്നു ഇതു ചെയ്തിരുന്നത്‌.

ആമാശയത്തിൽ ഉണ്ടാക്കുന്ന ഹൈഡ്രോക്ലോറിക് ആസിഡ് ആണ് അൾസറുകൾ ഉണ്ടാക്കുന്നതിൽ മുഖ്യ വില്ലൻ എന്ന് അന്നേ കണ്ടുപിടിച്ചിരുന്നു. രോഗാണുക്കളിൽ നിന്ന് നമ്മെ രക്ഷിക്കാനാണ് ആമാശയത്തിലെ പരേറ്റൽ കോശങ്ങൾ ഹൈഡ്രോക്ലോറിക് ആസിഡ് ഉണ്ടാക്കുന്നതെങ്കിലും പാര ആമാശയത്തിനു തന്നെ തിരിച്ചു കിട്ടുകയും അൾസർ ഉണ്ടാകുകയും ചെയ്യുന്ന സാഹചര്യം അപൂർവ്വമായിരുന്നില്ല. പരേറ്റൽ കോശങ്ങളിലെ H2 എന്നറിയപ്പെടുന്ന സ്വീകരണികൾ ബ്ലോക്ക് ചെയ്താൽ അവ നിർമ്മിക്കുന്ന ആസിഡിന്റെ അളവ് കുറയ്ക്കാനാകും എന്ന കണ്ടുപിടിത്തം 1970കളിൽ ഉണ്ടായി. ഈ കഴിവുള്ള മരുന്നുകളിൽ ഒന്നായ റാനിറ്റിഡിൻ 1977 ലാണ് കണ്ടു പിടിക്കപ്പെടുന്നത്. ഇന്ന് വിവാദമായ മരുന്നും അതുതന്നെ.

കണ്ടുപിടിക്കപ്പെട്ട കാലത്ത് ഒരു വിപ്ലവമായിരുന്നു റാനിറ്റിഡിൻ. 1980കളിൽ ലോകത്ത് ഏറ്റവുമധികം വിറ്റ മരുന്നുകളിൽ ഒന്നും അതുതന്നെയായിരുന്നു. ഓപ്പറേഷൻ ഇല്ലാതെ ചികിത്സിക്കാൻ പറ്റാത്ത ലക്ഷക്കണക്കിന് രോഗികളിലെ അൾസറുകളാണ് റാനിറ്റിഡിൻ നിസ്സാരമായി മാറ്റിയത്. അൾസറിനുള്ള ശസ്ത്രക്രിയകൾ ഇല്ലാതായി എന്നു തന്നെ പറയാം. റാന്റാക്, സാന്റാക് എന്നീ പേരുകളിലൊക്കെ ഇന്ത്യയിലും വിദേശത്തും ഈ മരുന്ന് സ്വീകാര്യവുമായി. ലക്ഷക്കണക്കിന് ആളുകളെ മാരകമായ ആമാശയ ക്യാൻസറിൽ നിന്ന് റാനിറ്റിഡീൻ സംരക്ഷിച്ചു. റാനിറ്റിഡീനെക്കാൾ ഫലപ്രദമായ വേറെ ക്ലാസുകളിൽ ഉള്ള മരുന്നുകൾ കണ്ടെത്തിയതോടെ പ്രഭാവം ഒന്നു മങ്ങിയെങ്കിലും ഇന്നും വളരെ വ്യാപകമായി കുറിച്ചുകൊടുക്കപെടുന്ന മരുന്നാണ് ഇത്.

എന്താണ് എൻഡിഎംഏ ?

N-Nitrosodimethylamine എന്ന രാസവസ്തുവിന്റെ ചുരുക്കപ്പേരാണ് ഇത്. പല ഭക്ഷണപദാർത്ഥങ്ങളും പാകം ചെയ്യുമ്പോൾ ആകസ്മികമായി ഉണ്ടാകുന്നതും പല വ്യാവസായിക രാസ പ്രവർത്തനങ്ങളിലും ബൈ പ്രോഡക്റ്റ് ആയി ഉണ്ടാകുന്നതുമായ ഒരു രാസവസ്തുവാണ് ഇത്. വെള്ളം ക്ലോറിനേറ്റ് ചെയ്യുമ്പോഴും ഈ രാസവസ്തു ഉണ്ടാകുന്നുണ്ട്. പരീക്ഷണ ആവശ്യത്തിന് എലികളിൽ കാൻസർ സൃഷ്ടിക്കാൻ ഈ രാസവസ്തു ഉപയോഗിക്കാറുണ്ട്. മനുഷ്യരിൽ കാൻസർ സൃഷ്ടിക്കാൻ ഈ രാസവസ്തുവിനു സാധിക്കും എന്നതിന് തെളിവൊന്നുമില്ലെങ്കിലും എലികളിൽ അങ്ങനെ സംഭവിക്കുന്നതിനാൽ സംശയിക്കാൻ ന്യായമുണ്ട്. അതുകൊണ്ടാണ് ക്യാൻസർ വരുത്താൻ സാധ്യതയുള്ള രാസവസ്തുക്കളുടെ പട്ടികയിൽ ഇതിനെ ഉൾപ്പെടുത്തിയിരിക്കുന്നത്. ഒരു വസ്തു വിഷമാണോ എന്ന് തീരുമാനിക്കുന്നത് അതിൻറെ സ്വഭാവം മാത്രമല്ല അളവു കൂടി പരിഗണിച്ചാണല്ലോ. ഭക്ഷണ പദാർഥങ്ങളിൽ നിന്നും വെള്ളത്തിൽ നിന്നും പൂർണമായി ഒഴിവാക്കാനാകാത്തതിനാൽ നിയമപരമായ ഒരു ഉയർന്ന അളവും ഈ രാസവസ്തുവിനു നിശ്ചയിച്ചിട്ടുണ്ട്. താഴ്ന്ന അളവിൽ പോലും കരളിനെ ബാധിക്കാൻ ശേഷിയുള്ളതിനാൽ ഈ രാസവസ്തുവിന്റെ സാന്നിധ്യത്തെ പറ്റി നാം ബോധവാന്മാരാകണം.

എങ്ങനെയാണ് റാനിറ്റിഡിനിൽ ഈ രാസവസ്തു കടന്നുകൂടിയത് ?

പല വ്യാവസായിക ഉത്പാദന പ്രക്രിയകളുടെയും ബൈ പ്രോഡക്റ്റ് ആയി ഇവ ഉണ്ടാകും എന്നു പറഞ്ഞല്ലോ. വളരെ താഴ്ന്ന അളവുകളിൽ ഈ രാസവസ്തുവിനെ കണ്ടുപിടിക്കാനും പ്രയാസമാണ് കണ്ടുപിടിച്ചാൽ നീക്കം ചെയ്യാൻ അത്ര എളുപ്പവുമല്ല. ഈ മരുന്ന് ഉൽപാദനത്തിന്റെ ഏതെങ്കിലും ഘട്ടത്തിൽ മരുന്നിൽ കടന്നുകൂടിയതാകണം ഈ രാസവസ്തു. മുൻപ് പല മരുന്നുകളിലും ഈ രാസവസ്തു കണ്ടെത്തുകയും ഉയർന്ന അളവുകളിൽ കണ്ടെത്തിയതിനാൽ മരുന്നുകൾ തിരിച്ചു വിളിക്കേണ്ട സാഹചര്യം ഉണ്ടാവുകയും ചെയ്തിട്ടുണ്ട്. എന്നാൽ ഇത്തവണ മരുന്നിൽ കണ്ടെത്തിയ രാസവസ്തുവിന്റെ അളവ് സാധാരണ ഭക്ഷണപദാർത്ഥങ്ങളിൽ കണ്ടുവരുന്നതിലും അല്പം മാത്രം അധികമായതിനാൽ മരുന്നുകൾ തിരിച്ചു വിളിക്കുകയോ മരുന്നുകൾ നിർത്താൻ ആളുകളോട് ഉപദേശിക്കുകയോ FDA ചെയ്തിട്ടില്ല, എന്നാൽ ചിലയിടങ്ങളിലും ചില കമ്പിനികളും അതീവ കരുതൽ എന്ന നിലയ്ക്ക് താൽക്കാലികമായി മരുന്നു വിതരണം നിർത്തി വെച്ചിട്ടുണ്ട്.
ഈ മരുന്നിൽ നിന്ന് മാറാൻ താല്പര്യമുള്ളവർ ഡോക്ടറെ കണ്ട് സമാനമായ മറ്റു മരുന്നുകളുടെ ഉപയോഗത്തെപ്പറ്റി സംസാരിക്കേണ്ടതാണ് എന്നാണ് FDA നിർദ്ദേശിച്ചിരിക്കുന്നത്. അതുകൊണ്ടുതന്നെ നിലവിൽ ഭീതിയുടെയോ അമിതാശങ്കയുടെയോ സാഹചര്യമില്ല.

ചിത്രകാരൻ
Design Co-ordinator, Infoclinic.

മികച്ച വർഗ്ഗങ്ങൾ

എല്ലാ വർഗ്ഗങ്ങളും
പൊതുജനാരോഗ്യം

284 ലേഖനങ്ങൾ

Current Affairs

240 ലേഖനങ്ങൾ

കോവിഡ്-19

236 ലേഖനങ്ങൾ

ആരോഗ്യ അവബോധം

115 ലേഖനങ്ങൾ

സുരക്ഷ

64 ലേഖനങ്ങൾ

ശിശുപരിപാലനം

59 ലേഖനങ്ങൾ

കിംവദന്തികൾ

53 ലേഖനങ്ങൾ

Infectious Diseases

52 ലേഖനങ്ങൾ

Medicine

45 ലേഖനങ്ങൾ