സമ്പർക്കവിലക്കിൽ മനസ്സിനെക്കാക്കാം
കോവിഡ്-19 ബാധിച്ചിട്ടുണ്ടോ എന്ന സന്ദേഹത്താല് മറ്റുള്ളവരുമായുള്ള സമ്പര്ക്കം വിലക്കപ്പെട്ട് വീട്ടിലോ ആശുപത്രിയിലോ കഴിയുന്നവരുടെയെണ്ണം കൂടിവരികയാണ്. ഇത്തരക്കാരില് മനസ്സംഘര്ഷവും മാനസിക പ്രശ്നങ്ങളും നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. “ഐസൊലേഷന് നിര്ദ്ദേശിച്ചയാള് ചാടിപ്പോയി” എന്നൊക്കെയുള്ള വാര്ത്തകള് പുറത്തുവരുന്നുമുണ്ട്. എബോള, സാര്സ് തുടങ്ങിയ പകര്ച്ചവ്യാധികള് വ്യാപകമായപ്പോഴും ഏറെപ്പേര് സമ്പര്ക്കവിലക്കില്ക്കഴിഞ്ഞിരുന്നു. അവരിലുളവായ മാനസിക വൈഷമ്യങ്ങളെപ്പറ്റി നടന്ന പഠനങ്ങളുടെയൊക്കെ ഒരവലോകനം ലാന്സെറ്റ് എന്ന ജേണല് ഈയിടെ പ്രസിദ്ധീകരിച്ചു. അതിലെ പ്രധാന കണ്ടെത്തലുകള് ഇതാ:
?മനോവൈഷമ്യങ്ങളിലേക്കു നയിക്കുന്ന ഘടകങ്ങള് ?
? സ്വന്തം ആരോഗ്യസ്ഥിതിയെക്കുറിച്ചുള്ള ആശങ്ക
? കുടുംബാംഗങ്ങള്ക്കോ മറ്റോ രോഗം സംക്രമിപ്പിച്ചു കഴിഞ്ഞോ എന്ന ഭീതി
? സ്വാതന്ത്ര്യമില്ലായ്ക
? ഉറ്റവരെ പിരിഞ്ഞിരിക്കേണ്ടി വരുന്നത്
? ദൈനംദിനചര്യകള് തെറ്റുന്നത്
? ഹോബികളും മറ്റും നടക്കാതെ പോകുന്നത്
? ബോറടി
?മനോവൈഷമ്യങ്ങള്ക്കു സാദ്ധ്യതയേറ്റുന്ന സാഹചര്യങ്ങള്?
? പരസ്പര വിരുദ്ധമായ വാര്ത്തകള് കേള്ക്കേണ്ടി വരുന്നത്
? എന്തൊക്കെയാണു ചെയ്യേണ്ടതും ചെയ്യരുതാത്തതും എന്നതിനെപ്പറ്റി മതിയായ നിര്ദ്ദേശങ്ങള് ലഭിക്കാതെ പോകുന്നത്
? തനിക്കുള്ള റിസ്ക് എത്രത്തോളമാണ് എന്നതിനെക്കുറിച്ച് വ്യക്തത കിട്ടാതെ പോകുന്നത്
? പകര്ച്ചവ്യാധിയുയുടെ വ്യാപ്തിയെപ്പറ്റിയുള്ള അധികാരികളുടെ വെളിപ്പെടുത്തലുകള് വിശ്വസനീയമല്ലെന്ന തോന്നലുണ്ടായാല്
? തൊഴില് ചെയ്യാനാകാതെ പോകുന്നതും മറ്റും സാമ്പത്തികക്ലേശങ്ങള്ക്കു വഴിവെക്കുന്നത്
? സമ്പര്ക്കവിലക്കിനു ദൈര്ഘ്യം കൂടുന്നത്
?ഇത്തരക്കാരില് സാധാരണമായ പ്രശ്നങ്ങള്?
? കോപം, നിരാശ
? ഉറക്കക്കുറവ്, തളര്ച്ച
? അശ്രദ്ധ, ചിന്താക്കുഴപ്പം
? ആകെയൊരു മരവിപ്പ്, ആത്മഹത്യാപ്രവണത
സമ്പര്ക്കവിലക്ക് അവസാനിച്ച ശേഷവും ഇവരില് പൊതുസ്ഥലങ്ങളില്നിന്ന് ഒഴിഞ്ഞുനില്ക്കാനുള്ള പ്രവണത,ജോലിക്കു പോകാന് വൈമനസ്യം, അമിത മദ്യപാനം എന്നിവ ദര്ശിക്കപ്പെട്ടിട്ടുണ്ട്. സമ്പര്ക്കവിലക്കു തീര്ന്ന ശേഷവും അയല്ക്കാരും സഹപ്രവര്ത്തകരും മുന്വിധിയോടെ പെരുമാറുന്നതും ഭയത്തോടെ നോക്കിക്കാണുന്നതും ഒഴിവാക്കാന് ശ്രമിക്കുന്നതും കുറ്റപ്പെടുത്തലുകള് ഉയര്ത്തുന്നതുമൊക്കെ ഇതിനു കാരണമാകുന്നുണ്ട്. ഇതു മൂലം, അതിനു ശേഷം മറ്റു രോഗങ്ങള് വന്നാലും ഇവര് പുറത്തറിയിക്കാനും ചികിത്സ തേടാനും മടിക്കുന്ന പ്രവണതയുമുണ്ട്.
സമ്പര്ക്കവിലക്കു നേരിട്ട ആരോഗ്യ പ്രവര്ത്തകരില് ഇത്തരം പ്രശ്നങ്ങള് കൂടുതലായി കണ്ടുവരുന്നുണ്ട്. വിലക്കില്നിന്നു പുറത്തുവന്ന ശേഷം ചിലര് ജോലി ഉപേക്ഷിക്കുന്നതായും അവരില്നിന്ന് ഇനിയും രോഗം പകര്ന്നേക്കും എന്ന ആശങ്കയാല് അവരെ ജോലിയില്നിന്ന് പുറത്താക്കുന്നതായുമൊക്കെ നിരീക്ഷിക്കപ്പെട്ടിട്ടുമുണ്ട്.
?മാനസിക പ്രത്യാഘാതങ്ങള് ലഘൂകരിക്കാനുള്ള മാര്ഗങ്ങള്?
? സമ്പര്ക്കവിലക്കില് ഉള്ളവര്ക്ക് അതിന്റെ ആവശ്യകതയെയും രോഗലക്ഷണങ്ങളെയും കുറിച്ച് ബോധവല്ക്കരണം നല്കുക. ശരീരത്തില് ദൃശ്യമാകുന്ന ഓരോ മാറ്റത്തെയും മാരകരോഗത്തിന്റെ ലക്ഷണങ്ങളെന്നു തെറ്റിദ്ധരിക്കാനുള്ള പ്രവണത തടയാന് ഇതിനാലാകും.
? ഭക്ഷണവും മരുന്നും പോലുള്ള അവശ്യവസ്തുക്കള് ലഭ്യമാക്കിക്കൊണ്ടിരിക്കുക. സ്മാര്ട്ട് ഫോണ്, ഇന്റര്നെറ്റ് കണക്ഷന്, വൈദ്യുതി തുടങ്ങിയവയും ഉറപ്പുവരുത്തുക.
? സമ്പര്ക്കവിലക്കു നിമിത്തം ജോലി ചെയ്യാനാവാതെ പോകുന്നവര്ക്ക്, വിശേഷിച്ച് ദിവസക്കൂലിക്കാര്ക്ക്, സാമ്പത്തിക സഹായം നല്കുക.
? “വര്ക്ക് ഫ്രം ഹോം” അനുവദിക്കാന് തൊഴില്ദായകര് മനസ്സിരുത്തിയാല് സമ്പര്ക്കവിലക്കു മൂലമുള്ള ബോറടിയ്ക്കും അനുബന്ധ പ്രശ്നങ്ങള്ക്കും പരിഹാരമാകാം.
? മാദ്ധ്യമങ്ങള് അനാവശ്യ ഭീതി പരത്താതിരിക്കാന് ശ്രദ്ധിക്കുക.
? സമ്പര്ക്കവിലക്കിലുള്ള മുന്നേതന്നെ മാനസിക പ്രശ്നങ്ങളുള്ളവര്ക്കും ആരോഗ്യ പ്രവര്ത്തകര്ക്കും പ്രത്യേകം കരുതല് കൊടുക്കുക.
? സമ്പര്ക്കവിലക്ക് നിര്ബന്ധിച്ച് അടിച്ചേല്പ്പിക്കാതെ, പ്രായമായവരുടെയും ശാരീരിക പ്രശ്നങ്ങള് ഉള്ളവരുടെയുമൊക്കെ സുരക്ഷയെക്കരുതിച്ചെയ്യുന്ന ഒരു ത്യാഗമാണ് എന്ന രീതിയില് അവതരിപ്പിക്കുക.
? അസുഖത്തെക്കുറിച്ചും സമ്പര്ക്കവിലക്കിന്റെ പ്രസക്തിയെയും ആവശ്യകതയെയും കുറിച്ചും പൊതുസമൂഹത്തിന് വ്യക്തവും കൃത്യവുമായ വിവരങ്ങള് നല്കുന്നത് സമ്പര്ക്കവിലക്കു നേരിട്ടവര് അതിനു ശേഷം വേര്തിരിവു നേരിടാനുള്ള സാദ്ധ്യത കുറയ്ക്കാം. ജോലിസ്ഥലങ്ങളിലും സ്കൂളുകളിലും ഇതിനു സവിശേഷ പ്രസക്തിയുണ്ട്.
? സമ്പര്ക്കവിലക്കില് ഉണ്ടായിരുന്നവര്ക്ക് അതിനുശേഷം ഒത്തുകൂടാനും അനുഭവങ്ങളും പ്രശ്നങ്ങളും പങ്കുവെക്കാനും അവസരം ഒരുക്കുക.