പാക്കറ്റ് ചക്കപ്പൊടി ക്യാൻസറിന് പരിഹാരമോ?
ആശുപത്രിയിലെ ഒരു സഹപ്രവർത്തകയുടെ മകൾക്ക് ഈയടുത്താണ് സ്തനാർബുദം കണ്ടെത്തിയത്. കീമോതെറാപ്പിയും തുടങ്ങി. അങ്ങനെ കീമോ തുടരുന്നതിനിടയിലാണറിയുന്നത്, അവർ മകൾക്ക് കൊടുക്കാൻ ചക്ക തേടി നടക്കുകയായിരുന്നു എന്ന്! ചക്ക സീസൺ തുടങ്ങുന്നല്ലേയുള്ളൂ, കിട്ടാനില്ല. കീമോ കാരണമുള്ള സകലപ്രശ്നങ്ങൾക്കും പരിഹാരമാണ് ചക്കയെന്ന് വിശ്വസിച്ചാണ് അവരീ നെട്ടോട്ടമോടുന്നത്.
കീമോതെറാപ്പി നൽകുമ്പോളുണ്ടാക്കുന്ന പ്രശ്നങ്ങളെല്ലാം ചക്ക ഇല്ലാതാക്കും എന്ന ധാരണ അവർക്കുണ്ടായത് പ്രമുഖ പത്രത്തിൽ വന്ന “വാർത്തയിൽ” നിന്നാണ്. വാർത്ത വന്ന് അധിക ദിനങ്ങളായിട്ടില്ല എന്നോർക്കണം.
ശാസ്ത്ര സംബന്ധമായ വാർത്തകൾ വസ്തുതാപരമല്ലാതെ റിപ്പോർട്ട് ചെയ്യുന്നതിൻ്റെ പരിണിതഫലമാണിത്. വരും നാളുകളിൽ ഇനിയെത്ര രോഗികൾ ക്യാൻസറിന് ചക്ക മതിയെന്നോ, വാർത്തകളിലൂടെ മാർക്കറ്റ് ചെയ്യുന്ന ബ്രാൻഡ് ചക്കപ്പൊടി മതിയെന്നോ തെറ്റിദ്ധരിക്കപ്പെട്ട് കീമോതെറാപ്പി മുടക്കുകയോ ഉപേക്ഷിക്കുകയോ ചെയ്യും എന്ന് കണ്ടറിയാം.
A) ചക്ക ഒരു മരുന്നോ, രോഗ പ്രതിവിധിയോ ആണോ?
ശാസ്ത്രം അങ്ങനെ തെളിയിച്ചുവോ ?!
ഇല്ല!
മോഡേൺ മെഡിസിനിൽ ഉപയോഗിക്കുന്ന 45% ത്തോളം മരുന്നുകളും പ്രകൃതിജന്യമായ ഉറവിടങ്ങളിൽ നിന്നാണ് വേർതിരിച്ചെടുത്തിട്ടുള്ളത്. മനുഷ്യർ ഭക്ഷ്യവസ്തുവായി ഉപയോഗിക്കുന്ന എല്ലാ സസ്യഫലമൂലാദികളിലും ഏറിയും കുറഞ്ഞും ഔഷധ പ്രഭാവങ്ങളും ഉണ്ട്. ഇവയെക്കുറിച്ചൊക്കെ ശാസ്ത്രം നിരന്തരം പഠനങ്ങൾ നടത്താറുണ്ട്.
ഉദാഹരണമായി anticancerous properties of guava / mango/ pineapple/Apple /ഓറഞ്ച് എന്നിങ്ങനെ ഓരോന്നായി ഗൂഗിൾ ചെയ്തു നോക്കൂ. ഓരോന്നിൻ്റെയും കാൻസറിനെതിരായ പ്രഭാവങ്ങൾ ലാബിൽ കണ്ടെത്തിയതിനെക്കുറിച്ച് നൂറു കണക്കിന് പഠനങ്ങൾ പ്രമുഖ ജേർണലുകളിൽ പ്രസിദ്ധീകരിച്ചതായി കാണാൻ കഴിയും.
B) എന്നാൽ ഇവയൊന്നും കാൻസറിന് അത്ഭുത മരുന്നായിട്ട് ഇറങ്ങിയിട്ടില്ല താനും! അതെന്ത് കൊണ്ടാവും?
ഒരു ഔഷധപ്രഭാവമുള്ള വസ്തു പ്രകൃതിജന്യമായി കണ്ടെത്തിയാൽ മാത്രം പോരാ, അതൊരു സുരക്ഷിതമായ മരുന്നായി മനുഷ്യരിൽ പ്രയോഗിക്കുന്ന തലത്തിലേക്ക് എത്തണമെങ്കിൽ ശാസ്ത്രീയമായ അനേകം കടമ്പകൾ കടക്കണം.
എന്നാൽ ലക്ഷ്മിതരുവും മുള്ളാത്തയും, പപ്പായനീരും തുടങ്ങി അനവധി ഭക്ഷ്യവസ്തുക്കൾ കാൻസർ ഉൾപ്പെടെയുള്ള പലവിധ രോഗപരിഹാരത്തിന് അത്യുത്തമം എന്ന രീതിയിൽ പ്രചരണങ്ങൾ അടുത്തിടെ സജീവമാണ്. ഇത്തരം വ്യാജ പ്രചരണങ്ങളിൽ കുടുങ്ങി ആരോഗ്യവും ജീവനും വരെ നഷ്ടപ്പെട്ടവർ ചുരുക്കമല്ല.
ഒടുവിലായി കേട്ടു തുടങ്ങിയിരിക്കുന്നത് ചക്കയുടെ ഔഷധ മാഹാത്മ്യമാണ്. പോഷകമൂല്യമുള്ള ഭക്ഷ്യവസ്തുവാണ് ചക്കയെന്നതിലുപരി മലയാളിക്ക് ഗൃഹാതുരത്വം നിറഞ്ഞ ഒരു സ്നേഹം ചക്കയോടുണ്ട്, ഇത് മുതലെടുത്താണ് പല പ്രചരണങ്ങളും!
ഇക്കഴിഞ്ഞ ലോക കാൻസർ ദിനത്തിൽ ഒരു പ്രമുഖ പത്രത്തിൽ ചക്ക കാൻസർ കീമോതെറാപ്പി മൂലമുള്ള വേദനകൾക്ക് പരിഹാരം എന്ന നിലയിൽ വന്ന അതിശയോക്തിപരവും അവാസ്തവഭരിതവുമായ വാർത്ത സമൂഹത്തിൽ തെറ്റിദ്ധാരണകൾ പടർത്തി തുടങ്ങിയിട്ടുണ്ട്.
ഈ വാർത്തയ്ക്ക് പിന്നിലെ സത്യവും മിഥ്യയും, വാർത്ത ആസ്പദമാക്കിയിരിക്കുന്ന പഠനത്തിൻ്റെ ആധികാരികതയും പ്രസക്തിയും അപഗ്രഥിക്കുകയാണ് ഇൻഫോ ക്ലിനിക്ക്.
?വാർത്തയിലെ അപാകതകൾ?
1.വാർത്തയിൽ കടന്നു കൂടിയ അവാസ്തവങ്ങൾ
‘പച്ചച്ചക്ക കാൻസർ രോഗികളിൽ *കീമോ പ്രശ്നങ്ങൾ* പരിഹരിച്ചതായി പഠനം.’ എന്നതാണ് ഹൈലൈറ്റ് വാചകം! ‘കീമോ ചികിത്സയുടെ വേദനാജനകമായ പാർശ്വഫലങ്ങൾക്ക് ചക്കയിലൂടെ മോചനം’ എന്ന് അസന്നിഗ്ദ്ധമായി പ്രസ്താവിച്ചിരിക്കയാണ്. കീമോതെറാപ്പി മൂലം വരുന്ന കടുത്ത ക്ഷീണം, വയറിളക്കം, ന്യുമോണിയ, വായിലെ വ്രണം എന്നീ പാർശ്വഫലങ്ങൾ ‘പച്ചച്ചക്ക പൊടി’ നൽകിയാൽ ‘വരുന്നില്ല’ എന്ന് പഠനം കണ്ടെത്തിയെന്ന് പറയുന്നു.
വാസ്തവം: കേരളത്തിലെ ഒരു സ്വകാര്യ ആശുപത്രിയിൽ നടത്തിയ ഈ പഠനത്തിൽ ഒരേയൊരു പാർശ്വഫലം മാത്രമാണ് പഠനവിധേയമാക്കിയത്. കീമോതെറാപ്പിക്ക് വിധേയമാവുന്ന രോഗികളിൽ ഉണ്ടാവുന്ന ശ്വേതരക്താണുക്കളിലെ കുറവ് പരിഹരിക്കാൻ പച്ച ചക്കയ്ക്ക് കഴിയുമോ എന്ന് മാത്രം.
വാർത്തയിൽ പറയുന്ന മറ്റ് പാർശ്വഫലങ്ങളിൽ ചക്കയ്ക്ക് പരിഹാരം നൽകാനാവുമോയെന്ന് പഠനവിധേയമാക്കിയിട്ടേയില്ല. മറ്റൊരു പാർശ്വഫലവും കുറയ്ക്കുമെന്ന് പഠനം അവകാശപ്പെടുന്നില്ല.
2.വസ്തുതാപരമായ ശാസ്ത്ര റിപ്പോർട്ടിങ്ങിന് പകരം അതിശയോക്തി/സെൻസേഷണലിസം!
ഒരു അത്ഭുത പ്രതിവിധി കാൻസറിന് കണ്ടെത്തിയെന്ന വിധം “ചക്ക മാഹാത്മ്യം” സെൻസേഷണലൈസ് ചെയ്ത് അവതരിപ്പിച്ചിരിക്കുകയാണ്. കേവലമൊരു ചെറിയ പഠനത്തെ മുൻനിർത്തി മാത്രം ഒരു ശാസ്ത്രീയ “ബ്രേക്ക് ത്രൂ” എന്ന രീതിയിൽ പർവ്വതീകരിച്ച് അതിശയോക്തിപരമായി അവതരിപ്പിച്ചിരിക്കുന്നു.
3.വാർത്തയുടെ വിവിധ വശങ്ങൾ വായനക്കാരെ അറിയിക്കും തരത്തിൽ നിഷ്പക്ഷമാവണമത്രേ റിപ്പോർട്ടിങ്ങ്! ഇവിടെയോ?
മാധ്യമപ്രവർത്തകരും ശാസ്ത്രജ്ഞരും സത്യമന്വേഷിക്കുകയും അത് ലോകത്തെ അറിയിക്കുകയും ചെയ്യുന്നു. മുൻവിധികൾ മാറ്റിവച്ച് തെളിവുകൾ ഏങ്ങോട്ട് നയിക്കുന്നുവോ അങ്ങോട്ടേയ്ക്ക് അന്വേഷണം വ്യാപിപ്പിക്കുന്നു, വാർത്തയുടെ മറുവശം കൂടി പൊതു സമക്ഷം അറിയിക്കുന്നു, ഇതൊക്കെയാണ് മാതൃകാപരമായ രീതി.
കണ്ടുപിടുത്തങ്ങൾ വലിയ അവകാശവാദങ്ങളായി മാധ്യമങ്ങൾക്ക് മുന്നിൽ അവതരിപ്പിക്കുന്നത് സാധാരണ ഗതിയിൽ കപടശാസ്ത്രങ്ങളുടെ രീതിയായി പറയാറുണ്ട്. ഉദാ: രാമർ പെട്രോൾ
ഒരു ശാസ്ത്രീയ കണ്ടെത്തലിനെക്കുറിച്ചാവുമ്പോൾ ഉത്തമമാധ്യമ പ്രവർത്തകർ വിലയിരുത്തുക,
a)പഠനം നടത്തിയവർക്ക് ആ മേഖലയിൽ പ്രസക്തമായ ഒരു ശാസ്ത്രീയ പശ്ചാത്തലം ഉണ്ടോ?
b)അവർ ഗവേഷകരെന്ന നിലയിൽ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ടോ? സജീവമായ ഒരു ഗവേഷണ കരിയർ ഉള്ളവരാണോ? സഹശാസ്ത്രജ്ഞർക്കിടയിൽ അവരുടെ നിലയും വിലയും എന്താണ്?
c)വിദഗ്ദ്ധന്റെ വീക്ഷണങ്ങളെ അനാവശ്യമായി സ്വാധീനിച്ചേക്കാവുന്ന ഏതെങ്കിലും താൽപ്പര്യ വൈരുദ്ധ്യങ്ങളോ ബാഹ്യ ഓർഗനൈസേഷനുമായുള്ള ബന്ധമോ കണ്ടെത്താനാകുമോ?
ഈ വാർത്തയെ വിശകലനം ചെയ്താൽ,
i)ശാസ്ത്രീയ പഠനങ്ങൾ സുതാര്യമാവണമെന്ന നിഷ്കർഷയാൽ, പഠനം നടത്തുന്നവർക്ക് പ്രത്യേക താൽപ്പര്യങ്ങൾ വിഷയ സംബന്ധമായി ഉണ്ടോ എന്ന് വെളിപ്പെടുത്തണം. അത്തരത്തിലൊരു താൽപ്പര്യം ഉള്ളത് പഠനത്തിൽ വെളിപ്പെടുത്തിയിട്ടുണ്ട്.
എന്നാൽ പൊതു സമക്ഷം അതറിയിക്കേണ്ടത് പ്രസക്തമായി പത്രലേഖകൻ കരുതിയിട്ടില്ല!
ചക്ക കൊണ്ട് പ്രമേഹം കുറയ്ക്കുമെന്ന് മുൻപ് കണ്ടെത്തിയെന്ന് അവകാശപ്പെടുന്ന വ്യക്തിയെ ലേഖകൻ അവതരിപ്പിക്കുന്നത് മൈക്രോസോഫ്റ്റിന്റെ മുൻ ഡയറക്ടർ ആണെന്നാണ്. എന്നാൽ പഠനത്തിൽ ഉൾപ്പെടെ പറഞ്ഞിട്ടുണ്ട് അദ്ദേഹം ചക്കപ്പൊടി ഉത്പാദിപ്പിക്കുന്ന ഒരു പ്രമുഖ കമ്പനി നടത്തുകയാണെന്ന് (6 വർഷമായി). എന്നാലിത് വാർത്തയിലില്ല. വാർത്ത വായിച്ചാൽ ചിലരെങ്കിലും തെറ്റിദ്ധരിച്ചേക്കും പ്രസ്തുത വ്യക്തി “മെഡിക്കൽ” മേഖലയിൽ ഡിഗ്രികളുള്ള ശാസ്ത്രജ്ഞനാണെന്ന്, അല്ലെന്നതാണ് സത്യം.
ii)ശാസ്ത്ര പഠനത്തെ സാധാരണ ജനങ്ങൾക്കു മനസ്സിലാകും വിധം അവതരിപ്പിക്കാൻ സാങ്കേതിക പരിജ്ഞാനമുള്ള സംവിധാനമോ, പ്രത്യേകം നിയോഗിക്കപ്പെട്ട വ്യക്തികളോ പല മാധ്യമങ്ങളിലും ഇല്ലാത്തത് പരിമിതികൾക്ക് കാരണമാവാം.
ഏതെങ്കിലും കമ്പനിയുടെ പ്രസ് റിലീസ് അല്ലെങ്കിൽ പ്രോഡക്റ്റ് ഇൻഫർമേഷൻ എന്ന് തോന്നിപ്പിക്കുന്ന രീതിയിൽ ഈ വാർത്തയെ ആരെങ്കിലും വ്യാഖ്യാനിച്ചാൽ കുറ്റം പറയാനാവില്ല.
iii)എന്താണ് ഇത്തരം വാർത്തകൾ ആരോഗ്യ മേഖലയിലുണ്ടാക്കുന്ന മോശം പ്രത്യാഘാതങ്ങൾ ?
*ഇതിൽ തെറ്റിദ്ധരിക്കപ്പെട്ട് ക്യാൻസർ പ്രതിരോധത്തിനും ചികിത്സയ്ക്കും പച്ചച്ചക്ക ഉത്തമം എന്ന നിലയിൽ ലളിതവൽക്കരിക്കാനിടയുണ്ട്.
*കീമോ ചികിത്സ എടുക്കാതിരിക്കുകയോ മുടക്കുകയോ ചെയ്യാനിടയുണ്ട്.
*പ്രത്യേകിച്ച് ഇത്തരം സംഗതികൾ പ്രചരിപ്പിക്കുന്ന സ്ഥാപിത വ്യവസായ താൽപ്പര്യക്കാരും, കപട ചികിത്സകരുമൊക്കെ സമൂഹത്തിലുള്ളതിനാൽ.
* ക്യാൻസറിന് ചക്ക എന്ന ലളിത സമീകരണ സന്ദേശങ്ങൾ സോഷ്യൽ മീഡിയയിലൂടെ ഇപ്പോഴേ പടർന്നു തുടങ്ങി.
*പലരെയും അശാസ്ത്രീയ രീതികൾ അവലംബിക്കുന്നതിലേക്കും കാൻസർ രോഗം ഗുരുതരമാക്കുന്നതിലേക്കും ഇത് നയിച്ചേക്കും.
?കൊട്ടിഘോഷിക്കുന്ന പ്രസക്തിയോ മികവോ ശാസ്ത്രീയതയോ ഈ പഠനത്തിനുണ്ടോ??
മുൻവിധികളില്ലാതെ നിഷ്പക്ഷമായി നിരീക്ഷിച്ചാൽ ഇല്ല. വിശദീകരിക്കാം.
ഒരു പഠനത്തിന്റെ രൂപകൽപ്പനയുടെ മികവ്, ശാസ്ത്രീയതയൊക്കെ നിശ്ചയിക്കുന്ന ഘടകങ്ങളിലൊന്നാണ് falsifiability അതായത് പഠനഫലം തെറ്റാണെന്ന് തെളിയിക്കാനുള്ള സാധ്യത.
അടിസ്ഥാന ശാസ്ത്രീയ രീതികളിലൊന്നാണ് പഠനത്തെ ചോദ്യം ചെയ്യൽ. അത്തരമൊരു രീതിയില്ലായിരുന്നെങ്കിൽ ഭൂമിയിപ്പോഴും പരന്നതാണെന്ന ധാരണയിൽ നാം തുടർന്നേനെ.
ശാസ്ത്രത്തെ പിഴവുറ്റതും മികവുറ്റതുമാക്കുന്ന ഈ രീതി സ്വാഗതം ചെയ്യുന്നവരാണ് മികച്ച ഗവേഷകർ. എന്നാൽ ഈ പഠനത്തിന്റെ വക്താക്കളോട് നിലവിൽ സാധ്യമായ മാർഗ്ഗങ്ങളിലൂടെ പ്രസക്തമായ ചോദ്യങ്ങൾ ഉന്നയിച്ചിട്ടും വ്യക്തമായ ഉത്തരങ്ങൾ നൽകാൻ വിസമ്മതിക്കുകയാണ്.
പ്രതിവാദമായി ഉന്നയിക്കുന്നത് Appeal to authority പോലുള്ള fallacies (വാദവൈകല്യങ്ങൾ) ആണ് (അതായത് പഠനം ജേർണലിൽ പ്രസിദ്ധീകരിക്കപ്പെട്ടു, അവതരിപ്പിച്ചപ്പോൾ പ്രമുഖർ കൈയ്യടിച്ചു, ചോദ്യങ്ങൾ ചോദിക്കാൻ നിങ്ങൾക്കുള്ള യോഗ്യതയെന്ത്? പോലുള്ള പ്രതികരണങ്ങൾ). നല്ല ഗവേഷകർ തങ്ങളുടെ പഠനങ്ങളിൽ പക്ഷപാതങ്ങളും, വ്യക്തിഗത താൽപ്പര്യങ്ങളും കടന്നു വരരുത് എന്ന് നിഷ്കർഷയുള്ളവരും, ശാസ്ത്രീയ പഠന രീതികളിൽ വെള്ളം ചേർക്കരുത് എന്ന് കരുതുന്നവരും, ചോദ്യങ്ങളോട് തുറന്ന സമീപനം പുലർത്തുന്നവരും ആവേണ്ടതാണ്.
വിരോധാഭാസം എന്തെന്നാൽ ഗവേഷകനായ മെഡിക്കൽ ഡോക്ടർ പബ്ലിഷ് ചെയ്തത് ഈ ഒരു പഠനം മാത്രമെന്നാണ് അത്തരം ഫോറങ്ങൾ പരതുമ്പോൾ ലഭ്യമാവുന്ന വിവരം.(കൂടുതൽ വിവരം ലഭ്യമാക്കിയാൽ തിരുത്താം)
പൊതു സമൂഹത്തെ ബാധിക്കുന്ന വിഷയമായത് കൊണ്ട് തന്നെ ഈ പഠനത്തിന്റെ ആധികാരികതയെയും, പഠനരീതികളെയും സംബന്ധിച്ച സംശയങ്ങളും, നിരീക്ഷണങ്ങളും പൊതു സമൂഹത്തിന് മുന്നിൽ നിഷ്പക്ഷമായി തുറന്നുകാട്ടാൻ ഇൻഫോക്ലിനിക്ക് ശ്രമിക്കുകയാണ്.
?ശാസ്ത്രീയ അപഗ്രഥനത്തിൽ പഠനമുയർത്തുന്ന ചോദ്യങ്ങൾ!?
1.അവകാശവാദങ്ങളും യാഥാർത്ഥ്യവും തമ്മിലുള്ള പൊരുത്തക്കേടുകൾ !
ഈ പഠനം ഒരു നിരീക്ഷണ ഗവേഷണമാണെന്നാണ് (Observational study) പഠനത്തിൽ അവകാശപ്പെടുന്നത്.
എന്നാൽ ഇത് പ്രത്യക്ഷത്തിൽ തന്നെ ഒരു പരീക്ഷണഗവേഷണം (Interventional study) ആണെന്ന് കാണാം. നിരീക്ഷണഗവേഷണത്തിൽ, ഗവേഷകൻ യാതൊരു രീതിയിലും ഇടപെടുന്നില്ല, നിരീക്ഷിച്ചു നിഗമനങ്ങളിൽ എത്തുക മാത്രമാണ് ചെയ്യുന്നത്.
ഇവിടെയാവട്ടെ ഗവേഷകനായ ചികിത്സകൻ, കീമോതെറാപ്പി എടുക്കാൻ വന്ന രോഗികൾക്ക്, ഒരു പ്രത്യേക ബ്രാൻഡ് ചക്കപ്പൊടിയുടെ കൂപ്പൺ നൽകി, അത് അടുത്തുള്ള കടകളിൽ നിന്ന് വാങ്ങി ദിവസത്തിൽ രണ്ടുനേരമായി വിഭജിച്ച്, ഭക്ഷണത്തിനൊപ്പം, കീമോതെറാപ്പി ചികിത്സ കഴിയുന്നതുവരെ കഴിക്കണമെന്ന് നിർദ്ദേശിച്ചിരിക്കുകയാണ്. ഇവിടെ ഗവേഷകന്റെ ഭാഗത്ത് നിന്നും ഇടപെടലുകൾ ഉണ്ടായിട്ടുണ്ടെന്നത് സുവ്യക്തമാണ്.
2. മനുഷ്യരിൽ നടത്തിയ ഈ ഔഷധഫല പരീക്ഷണ ഗവേഷണത്തിന് വേണ്ടത്ര അനുമതി അധികാരികളിൽ നിന്ന് കിട്ടിയിട്ടുണ്ടോ?
പ്രസ്തുത സ്വകാര്യ ആശുപത്രിയിലെ എത്തിക്കൽ കമ്മിറ്റിയുടെ അനുമതി മാത്രമാണ് കിട്ടിയിരിക്കുന്നതെന്നാണ് അറിവ്.
ഇത്തരം പഠനങ്ങൾക്ക്, ICMR (ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച്) നിർദ്ദേശിച്ചിട്ടുള്ള മാനദണ്ഡങ്ങൾ കൃത്യമായി പാലിക്കേണ്ടതുണ്ട്, എന്നതാണ് വ്യവസ്ഥ. മനുഷ്യരിൽ നടത്തിയ ഇത്തരം പഠനങ്ങൾ / പരീക്ഷണങ്ങൾ ക്ലിനിക്കൽ ട്രയൽ രജിസ്റ്ററിയിൽ രേഖപ്പെടുത്തി, കൃത്യമായ മേൽനോട്ടത്തിൽ മാത്രം നടത്തുവാനേ സാധരണ ഗതിയിൽ അനുവാദമുള്ളൂ. എന്നാൽ പ്രസ്തുത പഠനം ഇങ്ങനെ രെജിസ്റ്റർ ചെയ്തതായോ, മാനദണ്ഡങ്ങൾ പാലിച്ചതായോ ഉള്ള വിവരങ്ങൾ കാണുന്നില്ല. വ്യക്തമാക്കേണ്ടത് പഠനം നടത്തിയവരുടെ ബാധ്യതയാണ്.
പഠനങ്ങൾ സുതാര്യവും ധാർമ്മികവും ശാസ്ത്രീയവും ആവാനും, പഠനത്തിന് വിധേയമാക്കപ്പെടുന്ന രോഗികളുടെ ആരോഗ്യവും അവകാശങ്ങളും സംരക്ഷിക്കപ്പെടാനുമൊക്കെ വേണ്ടിയാണ് ഈ ചട്ടങ്ങൾ.
ICMR ഔദ്യോഗിക രേഖകളിൽ പ്രതിപാദിക്കുന്നത്,
The Clinical Trials Registry- India (CTRI), (www.ctri.nic.in) – trial registration in the CTRI has been made mandatory by the Drugs Controller General (India) (www.cdsco.nic.in).
“Every research study involving human subjects must be registered in a publicly accessible database before recruitment of the first subject.” Under the aegis of WHO, a joint statement on public disclosure of results from all international trials was signed by ICMR in May 2017.
All clinical research involving human participants including any intervention such as drugs, surgical procedures, devices, biomedical, educational or behavioural research, public health intervention studies, observational studies, implementation research and preclinical studies of experimental therapeutics and preventives or AYUSH studies may be registered prospectively with the CTRI.
ശാസ്ത്രീയ മൂല്യമുള്ള / ഉന്നത ധാർമ്മികതയുള്ള ഒരു ഗവേഷകനും ഈ നിയമപരമായ നിബന്ധനകൾ ഒഴിവാക്കാൻ ശ്രമിക്കാറില്ല.
3.പഠന ഗ്രൂപ്പുകളിലെ സമാനതകളില്ലായ്മ !
ഒരു താരതമ്യപഠനത്തിലെ അടിസ്ഥാന തത്വം, താരതമ്യം ചെയ്യുന്ന രണ്ടു ഗ്രൂപ്പുകളും അടിസ്ഥാനപരമായി സമാനമായിരിക്കണം എന്നതാണ്, ഇല്ലെങ്കിൽ എത്തിച്ചേരുന്ന നിഗമനങ്ങൾ തെറ്റും.
ഉദാ: 4th & 6th സ്റ്റാൻഡാർഡുകളിൽ പഠിക്കുന്ന കുട്ടികൾ തമ്മിലാണ് ഒരു താരതമ്യ പഠനം നടത്താൻ തീരുമാനിക്കുന്നതെന്ന് വിചാരിക്കുക. ആറിലെ കുട്ടികൾക്ക് മാത്രം ഒരു മാസം ഒരു പ്രത്യേക ‘എനർജി ഡ്രിങ്ക്’ നൽകി, മാസാവസാനം അവരുടെ നീളവും തൂക്കവും അളക്കുന്നു. എന്നിട്ട് ആ കുട്ടികൾക്ക്, നാലാം ക്ലാസിലെ കുട്ടികളെക്കാൾ നീളവും തൂക്കവുമുണ്ടെന്നും, അത് പ്രസ്തുത വിശിഷ്ടപാനീയം കൊണ്ടാണെന്ന് പറയുന്നത് പോലെയാണ് സമാനതകളില്ലാത്ത ഗ്രൂപ്പുകൾ താരതമ്യം ചെയ്യുമ്പോൾ കിട്ടുന്ന ഫലങ്ങളിലെ അപാകതകൾ.
നാലാം ക്ലാസിലെ കുട്ടികൾ പ്രായം കൊണ്ട് ചെറുതായത് കൊണ്ടാണ്, അല്ലാതെ ‘എനർജി ഡ്രിങ്ക്’ കുടിക്കാത്തത് കൊണ്ടല്ല നീളവും തൂക്കവും കുറഞ്ഞതെന്നു നമുക്കറിയാം.
ഇത് പോലെയാണ് പ്രസ്തുത പഠനത്തിൽ, രണ്ടു ഗ്രൂപ്പുകളും തമ്മിൽ അടിസ്ഥാനപരമായി ധാരാളം വ്യത്യാസങ്ങൾ ഉണ്ട്. ചക്കപ്പൊടി കൊടുത്ത ഗ്രൂപ്പിൽ കൂടുതലായി ഉപയോഗിച്ചിരിക്കുന്നത് “ശ്വേതരക്താണുക്കളിലെ കുറവ്” കാര്യമായി ഉണ്ടാക്കാത്ത, ഹെർസെപ്റ്റിൻ, നിമൊട്ടുസുമാബ് തുടങ്ങിയ മരുന്നുകളാണ്!
ഒരേ തരം മരുന്നുകൾ കൊടുത്താണ് രണ്ടു ഗ്രൂപ്പുകൾ താരതമ്യംചെയ്യേണ്ടത്. അങ്ങനെ ചെയ്യാത്തത് ഒരു ഗുരുതരപിഴവാണ്.
കാൻസറുകളുടെ തരം, മരുന്നുകൾ, കൊടുത്തിരിക്കുന്ന കീമോ സൈക്കിളിന്റെ എണ്ണം, എന്തിനു സ്ത്രീ പുരുഷ അനുപാതത്തിൽ പോലും രണ്ടു ഗ്രൂപ്പുകൾ തമ്മിൽ വലിയ അന്തരമുണ്ട്. കാൻസറിന്റെ സ്റ്റേജുകളോ, ഈ രോഗികളുടെ മറ്റസുഖങ്ങളോ സമാനതകളുളളവ തമ്മിൽ താരതമ്യം ചെയ്യാൻ ശ്രമിച്ചു കാണുന്നുമില്ല.
4.പക്ഷപാതിത്തം (Bias ) കടന്നു വരാനുള്ള സാധ്യത എത്രത്തോളം ഇല്ലാതാക്കി??
പക്ഷപാതിത്തം ഇല്ലാതെ നടത്തുന്ന ഒന്നായാലാണ് പഠനത്തിന് വിശ്വാസ്യത വർദ്ധിക്കുക. തിരഞ്ഞെടുത്ത രണ്ട് ഗ്രൂപ്പുകളിൽ, ഒരേ സമയം, ഒന്നിൽ പ്രസ്തുത ഉൽപ്പന്നം നൽകിയും, മറ്റേതിൽ അത് നൽകാതെയും നോക്കി, അവസാനം ഫലങ്ങൾ താരതമ്യം ചെയ്യുന്നതുമാണ് രീതി.
ഈ തെരഞ്ഞെടുപ്പില് ഗവേഷകരുടെ താൽപ്പര്യങ്ങൾ പ്രതിഫലിച്ചാൽ പഠനത്തിൻ്റെ നിഷ്പക്ഷതയും വിശ്വാസ്യതയിലും അത് നെഗറ്റീവായി പ്രതിഫലിക്കും.
ഉദാ: ഒരു രോഗി നിങ്ങള്ക്ക് വലിയ താൽപ്പര്യമില്ലാത്തയാളാണ്, അയാൾ നിങ്ങളുടെ ഉൽപ്പന്നം ഗുണമുള്ളതാണെന്ന് പറയാൻ സാധ്യതയില്ലന്ന് നിങ്ങൾ കരുതുന്നു, അല്ലെങ്കില് മറ്റൊരു രോഗി നിങ്ങളുടെ മരുന്നുകളുടെ പ്രതികൂലാവസ്ഥ വരാൻ സാധ്യതയുള്ള ഒരാളാണ്, എന്നൊക്കെ അറിഞ്ഞുകൊണ്ട് തിരഞ്ഞെടുക്കുകയോ ഒഴിവാക്കുകയോ ചെയ്യുന്ന രീതിയിൽ സെലക്ഷൻ പക്ഷപാതം വരാതിരിക്കാനാണ് റാന്ഡമൈസ്ഡ് കണ്ട്രോള്ഡ് ട്രയല് അഥവാ RCT എന്ന പദ്ധതി.
മാര്ക്കറ്റിലിറങ്ങുന്ന ഔഷധ പ്രഭാവമുള്ള ഏതൊരു വസ്തുവിൻ്റെയും ആധികാരികത ഉറപ്പാക്കുന്നത് RCTകള് വഴിയാണ്.
5. ഈ പഠനത്തിൽ റാൻഡമൈസേഷൻ ചെയ്തിട്ടുണ്ടോ?
ഏത് രോഗി ഏത് ഗ്രൂപ്പിൽ വരണം എന്നു ഗവേഷകന് ബോധപൂർവ്വം നിശ്ചയിക്കാൻ സാധ്യമല്ലാത്ത റാൻഡമൈസേഷൻ എന്ന ശാസ്ത്രീയരീതി ഈ പഠനത്തിൽ ചെയ്തിട്ടില്ല.
എന്നു മാത്രമല്ല, ചക്കപ്പൊടി കൊടുക്കാത്ത ഗ്രൂപ്പ്, പഠനം തുടങ്ങിയ ശേഷം വന്ന രോഗികളല്ല. അതേ ആശുപത്രിയിൽ പണ്ട് ചികിത്സയെടുത്തു കഴിഞ്ഞ രോഗികളുടെ കേസ് ഫയലുകളിൽ നിന്നും 50 എണ്ണം തിരഞ്ഞെടുത്തതാണ്.
ഈ രീതിയിൽ ചെയ്യുമ്പോൾ, തെരഞ്ഞെടുപ്പിൽ പക്ഷപാതം വരാനുള്ള സാധ്യത വീണ്ടും കൂടുതലാണ് എന്നത് ചിന്ത്യം. തത്വത്തിലെങ്കിലും, ബോധപൂർവ്വമോ അബോധപൂർവ്വമോ ശ്വേതരക്താണുക്കളിലെ കുറവ് ഉള്ള രോഗികളെ ക്രൺട്രോളായി കൂടുതൽ തെരഞ്ഞെടുക്കാനുള്ള സാധ്യതയൊക്കെ നിലവിലുണ്ട്.
പഴയ കേസ് ഫയൽ തിരഞ്ഞ് പോവാതെ ഒരേ കാലയളവിൽ തന്നെ Random (ക്രമരഹിതമായി) രോഗികളെ തെരഞ്ഞെടുത്തിരുന്നു എങ്കിലുണ്ടാവുമായിരുന്ന വിശ്വാസ്യത പോലും ഈ പഠനത്തിനില്ല എന്ന് വ്യക്തം.
6.പഠനഫലങ്ങളിലെ അവ്യക്തതകൾ !!
ചക്കപ്പൊടി കൊടുത്ത കീമോതെറാപ്പി രോഗികൾക്ക് മറ്റുള്ള രോഗികളെ അപേക്ഷിച്ച് ശ്വേതരക്താണുക്കളിൽ കുറവ് ഉണ്ടാവുന്നില്ല എന്നതാണ് ഇവർ തെളിയിക്കാൻ ശ്രമിക്കുന്നത് എന്നത് ഓർക്കുക.
സാരമായ അവ്യക്തതയാണ് പഠനഫലങ്ങളിൽ,
a)ടേബിൾ 2-ൽ, ചക്കപ്പൊടി കൊടുത്തവരിലും കൊടുക്കാത്തവരിലും ശ്വേതരക്താണുക്കളുടെ കുറവ് സംഭവിച്ച കീമോതെറാപ്പി സൈക്കിളുകളുടെ ശതമാനം, വലിയ വ്യതാസമില്ല എന്ന് കാണിക്കുന്നു!
b)എന്നാൽ പിന്നീട് ടേബിൾ 3-ൽ, എത്തുമ്പോൾ പഠന പ്രകാരം ചക്കപ്പൊടി കൊടുത്ത ഗ്രൂപ്പിൽ തന്നെ 14 കീമോ സൈക്കിളിൽ പ്രതികൂലഫലം അഥവാ ശ്വേതരക്താണുക്കൾ കുറവ് വന്നു.
എന്നാൽ വിചിത്രമായ രീതിയിൽ ഈ 14 സൈക്കിളുകളിലെ ഫലം എടുത്തു മാറ്റിയിട്ട്, അത് പൂജ്യം എന്നു രേഖപ്പെടുത്തുന്നു. അപ്പോൾ ടേബിൾ 3 ലെ ഫലം ചക്കപ്പൊടിക്ക് അനുകൂലമായി മാറുന്നു.
ഇത് പ്രകാരമാണ് ചക്കപ്പൊടി കൊടുത്താൽ ശ്വേതരക്താണുക്കളിലെ കുറവ് ഉണ്ടാക്കുകയില്ല എന്ന നിഗമനത്തിൽ എത്തിയിരിക്കുന്നത്.
c)ഈ എടുത്തു മാറ്റിയ 14 സൈക്കിളുകളിൽ മാത്രം, രോഗികൾ ചക്കപ്പൊടി കഴിക്കാൻ വിട്ടു പോയി എന്നാണ് എടുത്തുമാറ്റാൻ നൽകിയിരിക്കുന്ന വിശദീകരണം !!
ഇനി അങ്ങനെയെങ്കിൽ, ചക്കപ്പൊടി കഴിച്ചു തുടങ്ങിയ രോഗികളിൽ, ഏതെങ്കിലും സൈക്കിളുകളിൽ രോഗിക്ക് ചക്കപ്പൊടി കഴിക്കാൻ പറ്റാതെ വന്നാൽ (വിട്ടുപോയാൽ), ശ്വേതരക്താണുക്കളുടെ കുറവ് വരാനുള്ള സാധ്യത 67% (14/21) ആണെന്നാണ് ഈ പഠനം തന്നെ സൂചിപ്പിക്കുന്നത്. അതൊരു അവഗണിക്കാൻ വയ്യാത്ത അപകട സാധ്യതയാണെന്ന് നിരീക്ഷിക്കാം.(ചക്കപ്പൊടിയൊന്നും കഴിക്കാത്ത രോഗികൾക്ക് ആ സാധ്യത വെറും 14% മാത്രവും!)
d)അപ്പോൾ പ്രസ്തുത ബ്രാൻഡ് ചക്കപ്പൊടിയ്ക്ക് എന്തെങ്കിലും പാർശ്വഫലങ്ങൾ ഉണ്ടാക്കാൻ പറ്റുമോ എന്നു കൂടി ഈ കണക്കുകൾ പ്രകാരം തന്നെ സംശയിക്കേണ്ടിയിരിക്കുന്നു.
7.പെക്ടിൻ പ്രഭാവം എന്താണ് ? എത്രത്തോളം ആധികാരികമാണ് ?
‘പ്രസ്തുത ബ്രാൻഡ് ചക്കപ്പൊടിയിൽ അടങ്ങിയിരിക്കുന്ന പെക്റ്റിൻ’ എന്ന ഘടകമാണ് ശ്വേതരക്തണുക്കളുടെ കുറവ് തടയുന്നത് എന്ന സാങ്കൽപ്പിക സിദ്ധാന്തമാണ് ഇതിൽ ഉന്നയിച്ചിരിക്കുന്നത്.
പഠനത്തിൽ തന്നെ പറയുന്നു, പെക്റ്റിൻ നമ്മൾ സാധാരണ ഭക്ഷിക്കാത്ത ചക്കയുടെ മടലിലും, പുറന്തോടിലുമൊക്കെയാണ് അടങ്ങിയിരിക്കുന്നതെന്നും, പ്രത്യേക സാങ്കേതിക വിദ്യ ഉപയോഗിച്ച് അത് വേർതിരിച്ച്, ചക്കപ്പൊടിയിൽ ചേർത്താണ് പ്രസ്തുത ഉൽപന്നം ഉണ്ടാക്കിയതെന്നും. (ഈ പെക്ടിൻ ചക്കയിൽ മാത്രം കാണുന്ന ഒരു ഘടകം അല്ല കേട്ടോ, ആപ്പിൾ, പേരയ്ക്ക, മുന്തിരി, സ്ട്രോബെറി, ക്യാരറ്റ്, ഓറഞ്ച് etc യിലൊക്കെ ഉണ്ട്. ഇതിൽ തന്നെ ഏറ്റവും കൂടുതൽ പെക്റ്റിൻ ഉള്ളതായി അറിയപ്പെടുന്നത് ഓറഞ്ച് തോടിലാണ്.)
പെക്റ്റിനെ സംബന്ധിച്ചു രണ്ടു ചോദ്യങ്ങളാണ്.
i)പെക്റ്റിൻ ശ്വേതരക്താണുക്കൾ ഉണ്ടാക്കുന്ന മജ്ജയെ ഉത്തേജിപ്പിക്കുമോ?
ഈ അവകാശവാദത്തിന് ഇത് വരെ ശക്‌തമായ ശാസ്ത്രീയതയുള്ള മുൻപഠനങ്ങളൊന്നും തന്നെയില്ല. ചക്കയുടെ മറ്റു പല ഗുണഗണങ്ങൾക്കും മുൻപഠനങ്ങളുടെ അവലംബം ഇതിൽ കൊടുത്തു കാണുന്നുണ്ടെങ്കിലും, ഏറ്റവും പ്രധാനപെട്ട ഈ വസ്തുത ഒരു അവലംബം പോലുമില്ലാതെ എഴുതി ചേർത്തിരിക്കുന്നു. തികച്ചും വിചിത്രമായ ഈ സിദ്ധാന്തം ആണ് പഠനത്തിന്റെ ആണിക്കല്ല്. ഗവേഷകന്റെ ഭാവനയിൽ ഉദിച്ചതാണോ ഈ സിദ്ധാന്തം എന്ന് തോന്നിപ്പോവും, അങ്ങനെയെങ്കിൽ പോലും അതിനു തെളിവ് എവിടെ?
പെക്ടിൻ കുടലിൽ നിന്നും ആഗിരണം ചെയ്യുന്നതിന്റെ തോത് കുറവാണ്, അങ്ങനെ എങ്കിൽ എങ്ങനെ രക്തത്തിൽ ആവശ്യമായ അളവിൽ ആഗിരണം ചെയ്തു ശ്വേതരക്താണുക്കൾ ഉണ്ടാക്കപ്പെടുന്ന അസ്ഥിമജ്ജ പോലുള്ള ഇടങ്ങളിൽ പെക്ടിൻ എങ്ങനെയാണ് പ്രവർത്തിക്കുക??
“extraordinary claims require extraordinary evidence” അസാധാരണമായ അവകാശവാദങ്ങൾക്കു സാധാരണയിൽ കവിഞ്ഞ തെളിവുകൾ വേണം എന്നാണു ശാസ്ത്രം നിഷ്കർഷിക്കുക. ഇവിടെ തിരിച്ചാണ് ഗവേഷകരുടെ നിലപാട്.
ii)പച്ചച്ചക്ക കഴിച്ചാൽ കാൻസറിൽ ഈ ഗുണം ഉണ്ടോ?
പെക്റ്റിന് ഈ അവകാശപ്പെടുന്ന ഒരു പ്രഭാവമുണ്ടെന്ന് സങ്കൽപ്പിച്ചാൽ പോലും ഭക്ഷണമായി പാചകം ചെയ്ത് ചക്ക കഴിച്ചാൽ ഗുണം അധികം ലഭിക്കാൻ സാധ്യതയില്ല, കാരണം പച്ചച്ചക്കയുടെ ഭക്ഷ്യയോഗ്യമായ ചുളയിൽ പെക്ടിന്റെ അളവ് കൂടുതലായില്ല. ചക്കമടൽ ഒന്നും മനുഷ്യർ കഴിക്കാറുമില്ലല്ലോ?!
8.ശ്വേതരക്താണുക്കളുടെ കുറവ് ഉണ്ടാവുന്നു എന്നത് നിരീക്ഷിച്ചിരിക്കുന്നതിലെ വിചിത്ര രീതികൾ !!
a)ശ്വേതരക്താണുക്കളുടെ കുറവ് (ലൂക്കൊപീനിയ )
കേവലം കീമോതെറാപ്പി മാത്രമല്ല ലൂക്കൊപീനിയ ഉണ്ടാക്കുന്നത്.
ഉദാ:
• എല്ലാ കീമോതെറാപ്പി മരുന്നുകളും ലൂക്കൊപീനിയ ഉണ്ടാക്കണം എന്നില്ല.
• ചില മരുന്നുകൾ കൂടുതലായി ഉണ്ടാക്കാം.
• രോഗിയുടെ പ്രായം കൂടുതൽ ആണെങ്കിൽ ലൂക്കൊപീനിയ സാധ്യത കൂടാം.
• രോഗപ്രതിരോധ ശക്തി കുറയ്ക്കുന്ന അവസ്ഥകൾ ഉണ്ടെങ്കിൽ ലൂക്കൊപീനിയ സാധ്യത കൂടാം. ഉദാ: എച് ഐ വി, അവയവം മാറ്റി വെച്ച ആൾ
• രോഗാണുബാധകൾ ഉണ്ടായാൽ ലൂക്കൊപീനിയ കൂടാം
ഇതൊക്കെ കൂടാതെ കീമോമരുന്നുകളുടെ ഡോസിനെ കൂടി ആശ്രയിക്കുന്ന ഒന്നാണീ പ്രതിഭാസം. മേൽപ്പറഞ്ഞ ഘടകങ്ങൾ ഒക്കെ ഈ പഠനത്തിൽ കണക്കിലെടുത്തിട്ടുണ്ടോ? ഉള്ളതായി രേഖപ്പെടുത്തിയിട്ടില്ല.
ഒരു സന്ദർഭം ഉദാഹരണമായി എടുക്കാം:
ശ്വേതരക്താണുക്കളിൽ വലിയ ഒരു കുറവ് വന്നാൽ, പിന്നീട് രോഗിയ്ക്ക് നൽകുന്ന കീമോമരുന്നുകളിലും, ഡോസുകളിലും, സൈക്കിളിലുമൊക്കെ വ്യത്യാസം വരുത്താറുണ്ട്. ഇങ്ങനെ ഈ പഠനത്തിൽ ഉൾപ്പെട്ടിട്ടുള്ള ആളുകളിലും വരുത്തിയിട്ടുണ്ടാവാം. ഇത് പഠനഫലത്തെ കാര്യമായി തന്നെ ബാധിക്കുന്ന ഒന്നാണ്. ഇതിൽ ഒരു ഗ്രൂപ്പിന് മറു ഗ്രൂപ്പിനെക്കാൾ 30 സൈക്കിളു കളുടെ വ്യത്യാസവും കാണിച്ചിട്ടുണ്ട്.
രണ്ടു ഗ്രൂപ്പിലും ഉള്ള ആൾക്കാരുടെ ശ്വേതരക്താണുക്കളുടെ കുറവിന്റെ കണക്കുകൾ കാണിക്കാതെ, ഇത് തടയാൻ നൽകുന്ന പെർഫിലിഗ്രാസ്റ്റിൻ എന്ന മരുന്നിന്റെ വിലപ്പനയിൽ വന്ന മാറ്റം മാത്രമാണ് ഈ പഠനത്തിൽ താരതമ്യം ചെയ്തിരിക്കുന്നത്. സാമാന്യയുക്തിയിൽ പോലും വിചിത്രമായ മാനദണ്ഡം ആണ് ഇത്!
പ്രസ്തുത ആശുപത്രിയുടെ ഫാർമസിയിൽ
പഠനസമയത്ത് വിൽപന കുറഞ്ഞു എന്നതാണ് വലിയ ഒരു കണ്ടെത്തലാണ് നിരത്തിയിരിക്കുന്നത്!!
ഒരു സ്‌കൂൾ കുട്ടിയുടെ ബുദ്ധി ഉപയോഗിച്ച് ചിന്തിച്ചാൽ പോലും ഇതിലെ അപാകത പിടി കിട്ടും. മരുന്ന് വിൽപ്പന ഓരോ മാസവും കീമോ എടുക്കുന്ന രോഗികളുടെ എണ്ണം, പ്രസ്തുത മരുന്നു ഉപയോഗിക്കുന്ന കാൻസർ അല്ലാത്ത മറ്റു രോഗികളുടെ എണ്ണം (മറ്റു രോഗങ്ങൾക്കും ഈ മരുന്ന് ഉപയോഗിക്കാറുണ്ട്), എന്നിങ്ങനെ പല ഘടകത്തെയും ആശ്രയിച്ചിരിക്കുന്നതാണ്. ഒരു ഉൽപ്പന്നത്തിന്റെ ഔഷധമൂല്യം നിർണ്ണയിക്കാൻ ഉപയോഗിക്കാവുന്നതിൽ ഏറ്റവും ദുർബലമായ ഒരു രീതിയാണിത്. ഇത്തരം ഒരു മാനദണ്ഡം എന്തിനു തിരഞ്ഞെടുത്തു എന്നതാണ് ചിന്തനീയം.
9. ഗവേഷണ ധാർമ്മികതയിൽ ഉന്നത നിലവാരം പുലർത്തിയിട്ടുണ്ടോ?
ഇല്ല എന്ന് കാണാം. പഠനത്തിന്റെ തലക്കെട്ടിൽ തന്നെ ഒരു ബ്രാൻഡിന്റെ പേരാണ് ഉപയോഗിച്ചിരിക്കുന്നത്. ഇത് മാതൃകാപരമായ ഗവേഷണ ധാർമ്മികതയ്ക്ക് യോജിക്കാത്തതാണ്. ‘ചക്കപ്പൊടി’യെന്നോ, ‘വാണിജ്യപരമായി നിർമ്മിച്ച ചക്കപ്പൊടി’ എന്നോ ഒക്കെ ഉപയോഗിക്കുന്നതാണ് സാധാരണ രീതിയിൽ ഗവേഷണനൈതികത.
10.വ്യാവസായികമായി നിർമ്മിച്ച ചെക്കപ്പൊടിക്ക് മറ്റു ശാരീരിക പ്രഭാവങ്ങളോ, പാർശ്വഫലങ്ങളോ ഉണ്ടോ? ഇത് പഠിച്ചിട്ടുണ്ടോ ?
കീമോ മരുന്നുകളോടൊപ്പം കഴിക്കുമ്പോൾ, കീമോ മരുന്നുകളുടെ ആഗിരണം കുറയുന്നുണ്ടോ എന്നോ, കാൻസർ സൗഖ്യമാവുന്നതിന്റെ നിരക്കിൽ വ്യത്യാസം വരുന്നുണ്ടോ എന്നൊന്നും പഠനവിധേയമാക്കിയിട്ടില്ല.
പ്രസ്തുത ചക്കപ്പൊടി രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കും എന്നു അവകാശപ്പെടുന്ന ഗവേഷകർ, താരതമ്യേന കുറച്ചു ഭക്ഷണം മാത്രം കഴിക്കാൻ സാധിക്കുന്ന, കാൻസർ രോഗികളിൽ ഷുഗർ നില കുറഞ്ഞു പോയി ഗുരുതരാവസ്‌ഥകൾ ഉണ്ടാക്കുമോ എന്നു കൂടിയെങ്കിലും പഠിക്കേണ്ടതില്ലേ?!
11. പ്രാധാന്യം കൊടുക്കത്തക്ക ഒരു നിഗമനത്തിൽ എത്താൻ മാത്രം വേണ്ടത്ര രോഗികളിൽ പഠനം നടത്തിയിട്ടുണ്ടോ ?
ഇല്ല എന്ന് കാണാം. ഈ പഠനത്തിൽ 50 പേരെ വീതം ഓരോ ഗ്രൂപ്പിലെടുക്കാൻ തീരുമാനിച്ചതെങ്ങനെയെന്നത് വിശദീകരിച്ചിട്ടില്ല. ശരിയായ നിഗമനത്തിൽ എത്തിച്ചേരാൻ വേണ്ട രോഗികളുടെ എണ്ണം കൃത്യമായി കണക്കു കൂട്ടുന്നതെങ്ങനെ എന്നത് പഠനങ്ങളിൽ കാണിക്കേണ്ടതുണ്ട്. ഇതിൽ പറയുന്ന വ്യത്യാസം രണ്ടു ഗ്രൂപ്പുകൾ തമ്മിൽ കണ്ടെത്താൻ (80% എങ്കിലും പവർ ഉള്ള പഠനം നടത്താൻ), സ്റ്റാറ്റിസ്റ്റിക്സ് പ്രകാരം ചുരുങ്ങിയത് 150 പേരെങ്കിലും വേണ്ടി വരും. സാമ്പിളുകളുടെ എണ്ണം വേണ്ടതിലും കുറഞ്ഞാൽ നിഗമനം ശരിയായിരിക്കില്ല എന്നതും ഗവേഷണശാസ്ത്രത്തിന്റെ അടിസ്ഥാന തത്വമാണ്.
12. ഗവേഷണഫലമായി കണ്ടെത്തി പ്രചരിപ്പിക്കുന്ന നിഗമനം എത്രത്തോളം സാംഗത്യമുള്ളതാണ് ?
“കീമോതെറാപ്പി കൊണ്ടുണ്ടാവുന്ന ശ്വേതരക്താണുക്കളിലെ കുറവ്, പച്ചച്ചക്കയുടെ പൊടി നൽകുന്നത് വഴി, തടയാൻ സാധിക്കും” എന്ന് അസന്നിഗ്ദ്ധമായി പറഞ്ഞു കൊണ്ടാണ് ഈ പഠനം കൺക്ലൂഡ് ചെയ്തിരിക്കുന്നത്. (മറ്റു പഠനങ്ങൾ വേണമെന്ന് ഒഴുക്കൻ മട്ടിൽ കൂട്ടിച്ചേർത്തിട്ടുണ്ട്, പഠന മികവ് നിഷ്പക്ഷമായി വിലയിരുത്തിയാൽ ആരും പറഞ്ഞ് പോവും അത്.) ഇത്രയും ന്യൂനതകളുള്ള ഒരു പഠനത്തിൽ നിന്ന്, ഒരു വാണിജ്യ ഉല്പന്നത്തിന്, ഔഷധഗുണമുണ്ടെന്നൊക്കെ ഇത്രയും ഉറപ്പോടെ പറയുന്നത് ഗവേഷണനൈതികതയ്ക്ക് നിരക്കാത്തതാണ്.
ഔഷധ ഫലങ്ങൾ കണ്ടെത്തി ഫലപ്രാപ്തി ഉറപ്പ് വരുത്തുന്ന പഠനങ്ങൾ ഈ വിധം ലളിതമല്ല.
അതിൻ്റെ വ്യാപ്തി മനസ്സിലാക്കാൻ ഒരു ഉദാ:
“അതിവിപുലമായ പഠനത്തിൽ ഫലപ്രാപ്തി കണ്ടെത്താഞ്ഞത് കൊണ്ട് മറ്റൊരു എച് ഐ വി വാക്സിൻ പഠനം കൂടി പാതി വഴിയിൽ ഉപേക്ഷിച്ചു.”
Feb.3, 2020 നു പുറത്തു വന്ന വാർത്തയാണ്. 745 കോടി രൂപ മുടക്കി 2016 മുതൽ നടത്തി വന്നിരുന്ന 5407 മനുഷ്യർ ഉൾപ്പെട്ടിരുന്ന ക്ലിനിക്കൽ ട്രയൽ ആണ് ഉപേക്ഷിച്ചത്.
“The trial was incredibly well done and we got a definitive answer, and that’s what science is about,” ഉപേക്ഷിച്ച പഠനത്തെക്കുറിച്ച് മറ്റൊരു ഗവേഷകൻ പറഞ്ഞതാണ്. അത്രമേൽ നിഷ്പക്ഷവും സുതാര്യവുമാവണം ശാസ്ത്രീയ പഠനങ്ങൾ. ഷൂസിനൊപ്പിച്ച് കാൽ മുറിക്കുന്നത് പോലാവരുത് ഗവേഷണ രീതികൾ.
13. പഠനത്തിനെക്കുറിച്ച് ചോദ്യങ്ങൾ/ വിമർശനങ്ങൾ ഉന്നയിക്കുന്നതിൽ അപാകതയുണ്ടോ ?
വിമർശിക്കുന്നവർ വേറെ പഠനങ്ങൾ നടത്തി, ഈ നിഗമനത്തെ തിരുത്തിക്കാണിക്കണം എന്ന മറുവാദമൊക്കെ ബാലിശമാണ്. ഒരു സിനിമയെ, അല്ലെങ്കിൽ ബിരിയാണിയെ വിമർശിക്കുമ്പോൾ, ‘എന്നാൽ നിങ്ങൾ നല്ലൊരെണ്ണം ആദ്യം ഉണ്ടാക്കി കാണിക്കൂ, എന്നിട്ട് വിമർശിക്കൂ’ എന്ന വാദത്തിന്റെ വിലയേ ഇതിനും നൽകാൻ സാധിക്കൂ.
14. പഠനം ഒരു പിയർ റിവ്യൂ ഉള്ള ജേർണലിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്, അതുകൊണ്ട് മികച്ചതാണെന്ന് അംഗീകരിക്കണമെന്ന വാദത്തിൽ കഴമ്പുണ്ടോ?
പ്രസ്തുത പഠനം ഒരു ജേർണലിൽ വരുകയും, അത് മൂന്നു വിദഗ്ദ്ധർ ‘പീർ റിവ്യൂ’ ചെയ്തതുമാണ്, അതുകൊണ്ട്, മറ്റാർക്കും ഇതിനെ വിമർശിക്കാനവകാശമില്ല എന്ന വാദം ബാലിശമാണ്. ശാസ്ത്രലോകത്തെ ഏറ്റവും പ്രഗത്ഭമായ ജേർണലുകളായ ലാൻസറ്റ്, നേച്ചർ തുടങ്ങിയവയിൽ പോലും പീർ റിവ്യൂവിനു ശേഷം വന്നിട്ടുള്ള പല പഠനങ്ങളും പിന്നീട് പിൻവലിച്ചിട്ടുണ്ട്.
പ്രസിദ്ധീകരിച്ചതിനു ശേഷമാണ്, യഥാർത്ഥത്തിൽ ശാസ്ത്രപഠനങ്ങൾ വിലയിരുത്തപ്പെടുന്നത്. ശാസ്ത്രസമൂഹത്തിന്റെ ചോദ്യങ്ങൾക്കും, വിമർശനങ്ങൾക്കും ശേഷം ഗുണമേന്മയുള്ള പഠനങ്ങൾ അംഗീകരിക്കപ്പെടുകയും, അവ അവലംബമായി മറ്റു പഠനങ്ങളിൽ ഗവേഷകർ ഉപയോഗിക്കുകയും ചെയ്യും. ഗുണമേന്മയില്ലാത്ത പഠനങ്ങൾ, പിൻവലിക്കപ്പെടുകയോ, ശാസ്ത്രസമൂഹം എവിടെയും അവലംബമാക്കാതെ അവഗണിക്കുകയുമാണ് ചെയ്യുകയാണ് പതിവ്.
ഇംഗ്ലണ്ടിൽ വേയ്ക്ക്ഫീൽഡ് എന്ന ഡോക്ടർ എം ആർ വാക്സിൻ എടുത്താൽ ഓട്ടിസം ഉണ്ടാകും എന്നൊരു പഠനവുമായി വന്നു. ഏറ്റവും ആധികാരികമായ മെഡിക്കൽ ജേർണലുകളിലൊന്നായ ലാൻസെറ്റിൽ അത് പ്രസിദ്ധീകരിച്ചു. സമാനമായ തുടർ പഠനങ്ങൾ ലോകമെമ്പാടും ശാസ്ത്രജ്ഞർ നടത്തിയിട്ടും MR വാക്സിന് ഇത്തരമൊരു പാർശ്വഫലം കണ്ടെത്താനായില്ല. എന്നാൽ സൺഡേ മിറർ എന്ന മാധ്യമത്തിലെ ഒരു റിപ്പോർട്ടർ നടത്തിയ അന്വേഷണങ്ങൾ വേക്ക്ഫീൽഡിൻ്റെ വാണിജ്യ താൽപ്പര്യങ്ങൾ കണ്ടെത്തി. സ്വന്തമായി മറ്റൊരു വാക്സിൻ നിർമ്മിക്കാനുള്ള തയ്യാറെടുപ്പിലായിരുന്നു ഈ മാന്യദേഹം. തുടർന്ന് ലേഖനം പിൻവലിക്കപ്പെട്ടുവെന്ന് മാത്രമല്ല ഡോക്ടറുടെ റെജിസ്ട്രേഷൻ എടുത്തു കളയുകയും ചെയ്തു. ഇതിനൊക്കെ കുറച്ച് വർഷങ്ങൾ എടുത്തു.
Our conclusion:
?പ്രഥമ നിരീക്ഷണത്തിൽ തന്നെ പഠനരീതിയിൽ അനേകം ന്യൂനതകളുള്ള, പ്രാഥമിക മാനദണ്ഡങ്ങൾ പോലും പാലിക്കാൻ സാധിക്കാതിരുന്ന ഒരു പഠനമാണിത്.
?അതുകൊണ്ട് തന്നെ ഈ പഠനത്തിന്റെ ഫലമോ, ഇതിൽ നിന്നുമുള്ള നിഗമനമോ മുഖവിലയ്ക്കെടുക്കുവാൻ സാധിക്കില്ല.
?ഇനി ഈ അവകാശവാദം കൃത്യമായി തെളിയിക്കണമെങ്കിൽ, ശാസ്ത്രം അനുശാസിക്കുന്ന രീതിയിലുള്ള ഗുണമേന്മയുള്ള പഠനങ്ങൾ, റാൻഡമൈസ്ഡ് കണ്ട്രോൾ ട്രയൽ പോലുള്ളവ, നടത്തി നോക്കണം.
?പക്ഷെ അതുവരെ, കൃത്യമായ തെളിവുകൾ ഇല്ലാതെ, ചക്ക കീമോതെറാപ്പിയുടെ ബുദ്ധിമുട്ടുകൾ ഇല്ലാതാക്കും എന്ന അവകാശവാദങ്ങൾ ഉന്നയിക്കുന്നതും, അത്തരം പ്രചാരണങ്ങൾ മാധ്യമങ്ങൾ/ സാമൂഹിക മാധ്യമങ്ങൾ വഴി നടത്തുന്നതും ശാസ്ത്രത്തിനോടും പൊതുസമൂഹത്തിനും ചെയ്യാവുന്ന വലിയൊരു ദ്രോഹമാണെന്നതിൽ സംശയമില്ല.
?മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്ന അവാസ്തവങ്ങളെ തങ്ങൾ അംഗീകരിക്കുന്നുണ്ടോ എന്നും ഗവേഷകർ ജനങ്ങളോട് തുറന്ന് പറയേണ്ടതുണ്ട്, അല്ലയെങ്കിൽ മാധ്യമങ്ങൾക്കെതിരെ നടപടികളെടുക്കണം. അത് വരെ സംശയത്തിൻ്റെ നിഴൽ നിങ്ങളിലാവും, തെളിയിക്കേണ്ട ബാധ്യതയും നിങ്ങളിൽ തന്നെ.