· 14 മിനിറ്റ് വായന

പാക്കറ്റ് ചക്കപ്പൊടി പ്രേമേഹത്തിനു ദിവ്യഔഷധമോ!

Current Affairsആരോഗ്യ അവബോധംകിംവദന്തികൾനൈതികത

“ചക്കപ്പൊടി മാഹാത്മ്യവും പ്രമേഹ നിയന്ത്രണവും”

ഒരിക്കൽ കുറച്ച് ഗ്രാമവാസികളെ ഗർഭനിരോധന ഉറ എങ്ങനെ ഉപയോഗിക്കണമെന്ന് ഒരു ആരോഗ്യ പ്രവർത്തകൻ പഠിപ്പിച്ചു. ക്ലാസൊക്കെ കഴിഞ്ഞു കുറച്ചു കാലത്തിനു ശേഷവും ഉദ്ദേശിച്ച ഫലങ്ങളൊന്നും ആ ഗ്രാമത്തിലുണ്ടായില്ല! കൂടുതലന്വേഷിച്ചപ്പോഴാണ് കാര്യം പിടികിട്ടിയത്. ക്ലാസിൽ ഗർഭനിരോധന ഉറ ഉപയോഗിക്കേണ്ടതെങ്ങനെയെന്ന് പറഞ്ഞു കൊടുത്തത്, ഉറ വിരലിൽ ഇട്ടു കാണിച്ചു കൊണ്ടായിരുന്നു. ഗ്രാമവാസികൾ അതനുകരിച്ച് ലൈംഗിക ബന്ധത്തിലേർപ്പെടുമ്പോൾ ഉറ വിരലിലാണ് ഇട്ടു കൊണ്ടിരുന്നത്.
ഗുണപാഠം: ആരോഗ്യ അവബോധനം അത്ര ലളിതമായ പ്രക്രിയ അല്ല. കൃത്യമായ രീതിയിൽ തെളിമയോടെ, അന്തസത്ത ചോർന്ന് പോവാതെ ആശയം അവതരിപ്പിച്ചില്ലെങ്കിൽ ജനം തെറ്റിദ്ധരിപ്പിക്കപ്പെടാം, വിപരീതഫലം വരെ ഉണ്ടാവാം.

ഇത് പോലെയാണ് ‘ചക്ക – പ്രമേഹത്തിന് ഉത്തമം/ആശ്വാസം/പരിഹാരം’ എന്നിങ്ങനെയുള്ള ലളിത സമവാക്യങ്ങളും അമിതമായ മഹത്വവൽക്കരിക്കലുമൊക്കെ ദോഷം ചെയ്യുന്നത്.

1.അതെന്താ ദോഷം? ചക്ക മോശം ആണെന്ന് അഭിപ്രായമുണ്ടോ?

* ചക്ക മലയാളികളുടെ പ്രിയ ഭക്ഷണങ്ങളിലൊന്നാണ്.
പോഷകമൂല്യം, ലഭ്യത, കൃഷിയിലുള്ള എളുപ്പം, cost effectiveness എന്നിങ്ങനെ പല ഘടകങ്ങൾ ചക്കയെ ഒരു ഭക്ഷ്യവസ്തുവെന്ന നിലയിൽ സ്വീകാര്യമാക്കുന്നു. ചക്കയെ ജനകീയമാക്കാനുള്ള ഏത് ശ്രമവും ശ്ലാഘനീയമാണ്. എന്നാൽ ചില സ്ഥാപിത താൽപ്പര്യക്കാർ പാവം ചക്കയെ ഔഷധമായി പ്രമോട്ട് ചെയ്യുന്നതും, അത്ഭുത രോഗസൗഖ്യങ്ങൾ വരെ വാഗ്ദാനം ചെയ്യുന്നതും ചക്കയോടും സമൂഹത്തോടും ചെയ്യുന്ന ദ്രോഹമാണ്, അതിനോട് മാത്രമാണ് എതിർപ്പ്.

* മുൻപൊരു ലോകാരോഗ്യദിനത്തിൽ പ്രമുഖ പത്രത്തിൻ്റെ മുൻ പേജിൽ തന്നെ “പച്ചച്ചക്ക പ്രമേഹം കുറയ്ക്കുമെന്ന് സിഡ്നി സർവ്വകലാശാല പഠന റിപ്പോർട്ട് ” എന്നൊരു വാർത്ത വന്നിരുന്നു. സിഡ്നി സർവ്വകലാശാല അങ്ങനൊരു “പഠനം” പ്രസിദ്ധീകരിച്ചിട്ടില്ല എന്നതാണ് സത്യം. (ഒരു പച്ചച്ചക്കപ്പൊടി കമ്പനി ഉടമയും, പ്രൊഡക്റ്റും അന്നും അതേ വാർത്തയിൽ ഉണ്ടായിരുന്നു!)

2.തുടർന്ന് എന്താണ് സംഭവിച്ചത്?
ചക്ക = പ്രമേഹപരിഹാരം എന്നൊരു അന്ധവിശ്വാസം കുറച്ചു പേർക്കിടയിലുണ്ടാവുകയും പല പ്രമേഹക്കാരും കാര്യമായ ‘അളവിൽ’ തന്നെ ചക്ക വയറുനിറയെ കഴിക്കുകയും ചെയ്തു. പച്ച ചക്കപ്പുഴുക്കാണ് പ്രമേഹവുമായി ബന്ധപ്പെടുത്തി അവർ പറഞ്ഞതെങ്കിലും ചിലർ പഴുത്ത ചക്കയും (ഇത് പ്രതികൂലമെന്ന് പറയേണ്ടതില്ലല്ലോ) കഴിച്ചു. കൂടെ കഴിക്കുന്ന ഭക്ഷണത്തിൻ്റെ അളവ്/ തവണ ശ്രദ്ധിച്ചതുമില്ല. ഇങ്ങനെ പലരുടെയും പ്രമേഹനിയന്ത്രണം തകരാറിലായെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ.

3.പച്ചച്ചക്ക ഭക്ഷണക്രമത്തിൽ ഉൾപ്പെടുത്തിയാൽ ലളിതമായി പരിഹാരം കണ്ടെത്താവുന്ന ഒന്നാണോ Type 2 പ്രമേഹം ?
അല്ല. എന്ത് കൊണ്ട്?

പ്രമേഹ നിയന്ത്രണം മാന്ത്രികവടി ചുഴറ്റി പലതും അപ്രത്യക്ഷമാക്കുന്നത് പോലെ, ഭക്ഷണത്തിൽ “ചക്ക റീപ്ലേസ്മെൻറ്” എന്ന ഒറ്റഘടകം കൊണ്ട് മാത്രം സാധ്യമാവുകയേ ഇല്ല. അതീവ പ്രാധാന്യമുള്ള മറ്റു അനേകം ഘടകങ്ങൾ വേറെയുണ്ട്. അതും കൂടി കർശനമായി ശ്രദ്ധിച്ചാലേ പ്രമേഹ നിയന്ത്രണം സാധ്യമാവൂ.
ഉദാ:
a. മൊത്തത്തിലുള്ള ഭക്ഷണ നിയന്ത്രണം,
b. വ്യക്തിയുടെ പ്രായം, അവസ്ഥകൾ, ഊർജ്ജ ചെലവ് എന്നിവ അനുസരിച്ചുള്ള വ്യക്തിഗത ഡയറ്റ്,
c.അന്നജം, മാംസ്യം, കൊഴുപ്പ്, ഡയറ്ററി ഫൈബർ etc അനുപാതങ്ങൾ ക്രമീകരിച്ച സമീകൃതാഹാരം,
d.ഭാരം കുറയ്ക്കൽ,
e.കഴിക്കുന്ന ഇടവേളകൾ ( 5 -6 തവണകളായി കൃത്യ സമയത്ത്)
f. നിത്യേനയുള്ള ശരിയായ വ്യായാമം,
g.ലഹരി ഉപേക്ഷിക്കൽ
ഇത്യാദി തുല്യ പ്രാധാന്യമുള്ള ജീവിതശൈലീ ക്രമീകരണങ്ങൾ അവശ്യമാണ്.

*തുടക്കത്തിൽ ചില അവസരങ്ങളിൽ കർശനമായ ജീവിത ശൈലീ ക്രമീകരണങ്ങൾ കൊണ്ട് പ്രമേഹം റിവേഴ്സ് ചെയ്യാനോ, കുറച്ച് നാളത്തേക്ക് മാറ്റാനോ ഒക്കെ ചിലരിൽ കഴിയാറുണ്ട്.

*എന്നാൽ അങ്ങനെ സാധിക്കാത്തവർക്കാണ് മരുന്നുകളുടെയും, ഇൻസുലിൻ്റെയും കൂടി സഹായം വേണ്ടി വരുന്നത്.

4.ചക്കപ്പൊടി പാക്കറ്റിലാക്കി വിൽക്കുന്ന കമ്പനിയുടമ 2019-ൽ ഒരു പഠനം പ്രസിദ്ധീകരിച്ചു, അതിൽ ചക്കപ്പൊടി പ്രമേഹത്തിന് ഗുണകരം എന്ന് തെളിയിച്ചു എന്നൊക്കെ വാർത്തകൾ കണ്ടല്ലോ? അപ്പൊ അതിൽ കഴമ്പില്ലേ?

ഈയടുത്ത് ഇദ്ദേഹം തന്നെ ചക്കപ്പൊടി കാൻസറിനും ഗുണകരമാണെന്ന് തെളിയിച്ചുവെന്ന് ഒരു മാധ്യമത്തിലൂടെ പ്രചരിപ്പിച്ചതിന് സമാനമാണ് ഇതും. അവകാശവാദം വലുതാണ് എന്നാൽ അതിനു വിപരീതമാണ് ശാസ്ത്രീയ അടിത്തറയും തെളിവുകളും.

?അങ്ങനെ എന്ത് കൊണ്ട് പറയുന്നു എന്ന് വിശദീകരിക്കാം,

വിചിത്രമായ പഠനരീതി:-

i)ചക്ക രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കും എന്നത് കൃത്യമായി നേരിട്ടു നിരീക്ഷിച്ചറിയുന്നതിന് പകരം, ഗവേഷകന് വളഞ്ഞു മൂക്ക് പിടിക്കാനാണിഷ്ടം. ചക്കയുടെ സീസൺ തുടങ്ങുന്നതിന് തൊട്ടുമുൻപ് ഗവേഷകർ ചക്ക ക്യാമ്പയിൻ കേരളത്തിൽ നടത്തിയതായി പറയുന്നു. (പച്ച ചക്ക മാത്രം കഴിക്കണം എന്നായിരുന്നോ ആവോ?).

എന്നിട്ട് വർഷാവസാനം, കേരളത്തിലെ ഒരു വിഭാഗം കടകളിലെ പ്രമേഹ മരുന്നുകളുടെ വിൽപ്പനയുടെ കണക്കുകൾ വിവരാവകാശനിയമപ്രകാരം വാങ്ങി, അതിൽ ജൂണ് ജൂലൈ മാസങ്ങളിൽ, പ്രമേഹമരുന്നിന്റെ വിൽപന കുറവാണെന്നും, അത് ഗവേഷകൻ നടത്തിയ ചക്ക ക്യാമ്പയിൻ ഭാഗമായി, മലയാളികളിൽ നല്ലൊരു ശതമാനം പ്രമേഹരോഗികൾ, ചക്ക കഴിച്ചതു കൊണ്ടാണെന്നുമാണ് പഠനത്തിന്റെ നിഗമനം.

ii, എന്താണീ രീതിയുടെ പോരായ്മ ?

* നേരിട്ടല്ലാതെ, പരോക്ഷമായി കാര്യങ്ങൾ പഠിക്കാൻ ശ്രമിക്കുന്ന പഠനരീതിയെ ഇക്കോളജിക്കൽ പഠനമെന്നാണ് വിളിക്കുന്നത്. ഒരു ഭക്ഷ്യ വസ്തുവിന്റെ ഔഷധമൂല്യം/ ശാരീരിക പ്രഭാവങ്ങൾ പഠിക്കാൻ ഉപയോഗിക്കാവുന്നതിൽ, ഏറ്റവും ദുർബലമായ രീതിയാണിത്.

*പ്രസ്തുത വർഷം, ജൂണിൽ ഇൻസുലിൻ മരുന്നിന്റെ വില ഗണ്യമായി കൂടിയിരുന്നു, ഇതുകൊണ്ട് ജനങ്ങൾ ഇൻസുലിൻ വാങ്ങുന്നത് കുറച്ചെന്നും, സർക്കാർ ആരോഗ്യ സ്ഥാപനങ്ങളെ ആശ്രയിച്ചത് കൊണ്ടുമാണ് പ്രമേഹമരുന്നുകളുടെ വിൽപന കുറഞ്ഞതെന്നു മറ്റൊരു ഗവേഷകൻ നിഗമിച്ചാൽ, അതും തത്വത്തിൽ അംഗീകരിക്കേണ്ടി വരും. ഇതാണ് മറ്റു ഘടകങ്ങളൊന്നും കണക്കിലെടുക്കാത്ത ഇക്കോളജിക്കൽ പഠനങ്ങളുടെ വലിയ പോരായ്മ.

*ഇത്തരം വ്യക്തിഗത അനുമാനങ്ങളിൽ പിഴവും വൈരുദ്ധ്യങ്ങളും വരാം!

ഉദാ: ഒരു ഡോക്ടർ, തൻ്റെ അനുഭവം പങ്കു വെച്ചിരുന്നു, പ്രമേഹം നിയന്ത്രണത്തിലായിരുന്ന തൻ്റെ കുറേ രോഗികൾ ഷുഗർ കൂടി ആശുപത്രിയിലെത്തുന്നു. അന്വേഷിച്ചപ്പോഴാണ് അറിയുന്നത് ചക്കപ്പൊടി മാർക്കറ്റിങ്ങിൻ്റെ ഭാഗമായി പ്രമുഖ പത്രത്തിലെ വാർത്തയുടെ പരിണിതഫലമായി ആൾക്കാർ ചക്ക തോന്നുംപടി കഴിച്ചതായിരുന്നു സംഗതിയെന്ന്.

5.പച്ചച്ചക്കപ്പൊടി പ്രമേഹം കുറയ്ക്കുമെന്ന് സിഡ്‌നി സർവ്വകലാശാല “പഠനം നടത്തി” കണ്ടുപിടിച്ചു എന്ന ചക്കപ്പൊടി കച്ചവടക്കാരുടെ പ്രചരണത്തിൽ എത്ര കഴമ്പുണ്ട് ?

സിഡ്നിയിലുള്ള ഒരു ലാബിൽ പച്ച ചക്കയുടെ ഗ്ലൈസീമിക് ഇൻഡക്സ് (GI), ഗ്ലൈസീമിക് ലോഡ് (GL) എന്നിവ അയച്ചു പരിശോധിച്ചതിനാണ് “ഗവേഷണത്തിന്റെ” പരിവേഷം നൽകിയത്. ഇത് ഏതെങ്കിലും ജേർണലിൽ പബ്ലിഷ് ചെയ്ത പഠനം അല്ല. ഏത് ഭക്ഷ്യ ഉൽപ്പന്നത്തിന്റെയും ഈ സൂചികകൾ, നിശ്ചിത ഫീസ് നൽകിയാൽ പരിശോധിച്ചു നൽകുന്ന ലാബാണത്. (https://www.glycemicindex.com/testing_research.php)

സിഡ്നി യൂണിവേഴ്സിറ്റിയുടെ പേരും, പഠനം എന്ന പദവുമുപയോഗിച്ച് അദ്ദേഹം പൊതുസമൂഹത്തെ തെറ്റിദ്ധരിപ്പിക്കുകയാണോ എന്ന് സംശയിച്ചു പോവും!

6.ഈ ചക്കപ്പൊടിയുടെ വക്താക്കൾ മറ്റൊരു പഠനം ഒരു ജേർണലിൽ പ്രസിദ്ധീകരിച്ചിട്ടുണ്ടല്ലോ, അപ്പോൾ അതും ആധികാരികമല്ലേ?

* International Journal of Diabetes എന്ന ജേർണലിലാണ് ഈ പഠനം പ്രസിദ്ധീകരിച്ചത്, താരതമ്യേന മികവുള്ള ജേർണലുകൾ ലിസ്റ്റ് ചെയ്യപ്പെടാറുള്ള Pubmed, Scopus, SJR, Web of science എന്നീ സഞ്ചയങ്ങളിലൊന്നും ഇത് ലിസ്റ്റ് ചെയ്തതായി കാണപ്പെടുന്നില്ല.
*പഠനം പ്രസിദ്ധീകരിച്ചു എന്ന ഒറ്റക്കാരണം കൊണ്ട് അത് മികച്ചതെന്നോ, അതിലെ നിഗമനങ്ങൾ പ്രസക്തമെന്നോ, കണ്ടുപിടിത്തങ്ങൾ അവസാന വാക്കെന്നോ ശാസ്ത്ര സമൂഹം കരുതുകയേ ഇല്ല. അതൊരു തുടക്കം മാത്രമാണ്.
*പ്രസിദ്ധീകരിച്ച ജേർണൽ ഏറ്റവും മികച്ചത് ആയാൽ പോലും അതൊരു ആദ്യപടി മാത്രമാണ്. പഠനത്തിൻ്റെ പരിമിതികൾ ഉൾപ്പെടെ ചോദ്യം ചെയ്യപ്പെടാനുള്ള അവസരമായാണ് അത് കണക്കാക്കുക.
* പഠനം Peer റിവ്യൂ പോലും ചെയ്തതായും കാണപ്പെടുന്നില്ല.

7. മഹത്വവൽക്കരിക്കുന്നതു പോലെ ഇതൊരു “ശാസ്ത്രീയ ബ്രേക്ക് ത്രൂ” കണ്ടുപിടിത്തമാണോ?

അല്ലേയല്ല.

പഠനത്തിന്റെ ശാസ്ത്രീയതയെന്നത് :-
*പഠനരീതിയുടെ സാങ്കേതിക മികവ്,
*പുനരാവർത്തിച്ചാൽ സമാന റിസൾട്ട് കിട്ടാനുള്ള സാധ്യത,
*പരീക്ഷണ വിധേയമാക്കിയ ഗ്രൂപ്പുകൾ തെരഞ്ഞെടുത്തതിലും മറ്റും ബയസുകളുടെ സ്വാധീനം ഒഴിവാക്കിയിട്ടുണ്ടോ,
*രണ്ട് ഗ്രൂപ്പും സമാനമാണോ, പഠനത്തിൽ ഗവേഷകരുടെ മുൻവിധികൾ സ്വാധീനം ചെലുത്താതിരിക്കാൻ റാൻഡമൈസ് ചെയ്തിരുന്നോ,
*മതിയായ അംഗീകാരം നേടിയാണോ പഠനം നടത്തിയത്
ഇത്യാദിയെ ആശ്രയിച്ചാണിരിക്കുന്നത്.
ഇതെല്ലാം ശാസ്ത്ര സമൂഹത്തിൽ നിന്നുള്ള വിദഗ്ദ്ധരാണ് വിലയിരുത്തേണ്ടത്.

8.എങ്ങനെയാണ് ഒരു പഠനം പ്രസക്തമാവുകയോ, ശാസ്ത്രീയ വഴിത്തിരിവോ ആയി മാറുക?

*പഠനത്തിന് പ്രസക്തി ഉണ്ടെങ്കിൽ വിവിധ ശാസ്ത്രജ്ഞർ അതിലേക്ക് ആകർഷിക്കപ്പെടുകയും, ലോകത്തിൻ്റെ വിവിധ ഭാഗങ്ങളിൽ സമാന രീതിയിൽ മറ്റൊരു ഗ്രൂപ്പിൽ, ചിലപ്പോൾ കൂടുതൽ പേരിൽ, കൂടുതൽ മികച്ച രീതിയിൽ പഠനം പുനരാവർത്തിക്കാൻ ശ്രമിക്കുകയും ചെയ്യും.

*അതിൻ്റെ ഫലങ്ങൾ സമാനമോ, പ്രസക്തിയുള്ളതോ ആയാൽ മാത്രമാണ് ശാസ്ത്രസമൂഹം അതേറ്റെടുക്കുകയും, കൂടുതലാഴത്തിൽ ഗവേഷണം നടത്തുകയും ചെയ്യുകയുള്ളൂ.

*ഇത്തരം പഠനം മറ്റ് ഗവേഷകർ കൂടുതലായി അവലംബമാക്കി മാറ്റുന്നത് (Citations) ഒരു സൂചികയായി കാണാൻ കഴിയും. അതല്ലായെങ്കിൽ ഈ ഒരു പഠനം അങ്ങനെ അവിടെ അവലംബം പോലുമില്ലാതെ അവശേഷിക്കും. 90% പഠനങ്ങൾക്കും അതാണ് സംഭവിക്കുക.

*തെളിവുകൾ പ്രബലമെന്ന് കണ്ടാൽ, ഉദാ: ചക്കപ്പൊടിയിൽ ഔഷധ ഗുണമുള്ള ഘടകമുണ്ടെന്ന് കണ്ടെത്തിയാൽ, ആ ഘടകം വേർതിരിച്ച് ശാസ്ത്രീയമായ മരുന്ന് ട്രയൽസ് ഘട്ടങ്ങളായി നടത്തും. (മൃഗങ്ങളിൽ നടത്തി, പിന്നീട് മനുഷ്യരിൽ 3 ഘട്ടത്തിലായി നടത്തി പാർശ്വഫലങ്ങൾ ഉൾപ്പെടെ കണ്ടെത്തി സുരക്ഷിതമാണെന്ന് ഉറപ്പിച്ചാലാണ് മാർക്കറ്റിൽ വരുക. അതിന് ശേഷവും നാലാംഘട്ട പഠനങ്ങൾ നടന്നു കൊണ്ടേയിരിക്കും). വിചിത്രമായ അനുമാനങ്ങളുമായി മാധ്യമങ്ങൾക്കു മുന്നിൽ വലിയ അവകാശവാദങ്ങൾ ഉന്നയിക്കുന്നത് കപടശാസ്ത്രങ്ങളുടെ രീതിയാണ്.

*ഗവേഷണ രീതികളുടെ ദുർബല സ്വഭാവം കൊണ്ടും, ഫലത്തിൻ്റെ പ്രസക്തിയിൽ സംശയമുള്ളത് കൊണ്ടുമാവാം ലോകമെമ്പാടും അനേകം പ്രമേഹ ഗവേഷകരുണ്ടെങ്കിലും, ഈ പഠനത്തിന് ശാസ്ത്രലോകത്ത് നിന്ന് ശ്രദ്ധയോ, അവലംബങ്ങളോ, തുടർ പഠനങ്ങളോ ഇല്ലാതെ പോയത്.

9.ചികിത്സാ മാനദണ്ഡങ്ങൾ, Dietary recommendations പോലുള്ളവയിൽ ഭേദഗതി വരുത്താൻ ഗവേഷണ ഫലങ്ങൾ നിദാനമാവുന്നത് ഏത് ഘട്ടത്തിലാണ് ?

കേവലം ഒന്നോ രണ്ടോ നല്ല പഠനങ്ങൾ കൊണ്ട് മാത്രം ഇതൊന്നും സാധ്യമാവില്ല. പഴുതുകൾ തീരെ ഇല്ലാത്ത ശാസ്ത്രീയ പഠന പ്രക്രിയയിലൂടെ തെളിവ് സുശക്തമാവുമ്പോഴാണ്, ഗൈഡ്ലൈനുകളിലും മറ്റും അത് ഉൾപ്പെടുത്തുക.

അതിനാണ് മെറ്റാ അനാലിസിസ് പോലുള്ള ശാസ്ത്രീയ ഗവേഷണ രീതികൾ. അതായത് ലോകത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നടന്ന അനേകം പഠനങ്ങളെ സ്റ്റാറ്റിസ്റ്റിക്സിൻ്റെ സഹായത്തോടെ അപഗ്രഥിച്ചു നിരീക്ഷണങ്ങളിലെത്തുന്നു.

ഉദാ: രക്താതിമർദ്ദം കൊണ്ടുള്ള ആരോഗ്യ പ്രശ്നങ്ങൾ ഒഴിവാക്കാൻ ഉപ്പിൻ്റെ ഉപഭോഗം ദിവസം 5gm ൽ താഴെ നിർത്തണം എന്ന നിർദ്ദേശം ലോകാരോഗ്യ സംഘടന പുറപ്പെടുവിക്കുന്നത്, വിവിധ ഭാഗങ്ങളിലുള്ള മനുഷ്യരിൽ വിവിധ ശാസ്ത്രജ്ഞർ നടത്തിയ 9862 പഠനങ്ങളിൽ നിന്ന് ശാസ്ത്രീയ മാർഗ്ഗങ്ങളുപയോഗിച്ച് ഏറ്റവും സുശക്തമായ പഠനങ്ങൾ വേർതിരിച്ച്, അവയിലെ കണക്കുകളെ അപഗ്രഥിക്കുന്നതിലൂടെയാണ്. ഇത് തീരുമാനിച്ച കമ്മിറ്റിയിലെ ഗവേഷകരുടെ പഠനങ്ങളെ 12000 തവണ ഒക്കെ അവലംബം ആക്കിയിരിക്കുന്നു എന്ന് കാണാം.

*ശാസ്ത്ര സമൂഹത്തിൻ്റെ കൂട്ടായ പൊതുസമ്മിതിയാണ് ഒരു പഠനത്തിൻ്റെ ആധികാരികത തീരുമാനിക്കുന്നത് അതിന് ചെറുതല്ലാത്ത കാലയളവ് എടുക്കുകയും ചെയ്യും.

10. ഉൽപ്പാദകനും ഗവേഷകനുമായ വ്യക്തി വിവിധ സെമിനാറുകളിൽ ഈ പഠനം അവതരിപ്പിച്ചപ്പോൾ പ്രഗത്ഭർ സാക്ഷ്യപ്പെടുത്തിയെന്നും, അനുമോദിച്ചെന്നുമുള്ള അവകാശവാദം പഠനമികവിന് തെളിവല്ല എന്നാണോ?

പഠനം വായിച്ചത് പ്രകാരം അല്ലന്ന് ഉറപ്പിച്ച് പറയാം.

*പൊതുവായി പറഞ്ഞാൽ സെമിനാറുകളുടെയും അക്കാദമിക നിലവാരത്തിന് (പേര് കൂടുതലുള്ള എന്നതല്ല) അനുശ്രുതമായിട്ടായിരിക്കും അവിടെ ഈ വിഷയം വിമർശനാത്മകമായി വിലയിരുത്തപ്പെടുക. കാമ്പും കഴമ്പുമുള്ള ചർച്ചയൊന്നുമില്ലാതെ ഗവേഷകൻ്റെ വാചക കസർത്തിൽ വീണ് കയ്യടിച്ച് പാസ്സാക്കി പിരിയുന്ന സദസ്സുകൾ ശാസ്ത്ര കോൺഫറൻസുകളിലും കാണാറുള്ളതാണ്.

*ശാസ്ത്രം സുതാര്യമായ തെളിവുകളെ അടിസ്ഥാനപ്പെടുത്തിയുള്ളതാണ്, *Evidence based ആണ് Eminence based അല്ല*

*അവകാശവാദങ്ങളെക്കുറിച്ച് പൊതുസമൂഹത്തിൽ നിന്ന് കാമ്പുള്ള ചോദ്യങ്ങൾ ഉയരുമ്പോൾ,
സെമിനാറിൽ പ്രമുഖർ കയ്യടിച്ചു, കോൺഫറൻസിൽ സർട്ടിഫിക്കറ്റ് കിട്ടി, PWD മന്ത്രി തോളത്ത് തട്ടി അപ്പോത്തന്നെ അവാർഡ് തന്നു, പ്രമുഖ ഗവേഷകൻ ഹസ്തദാനം തന്നു, വിദേശ ഗവേഷകൻ്റെ ഒപ്പം സെൽഫി എടുത്തു, പ്രമുഖരുമായി ചർച്ച നടത്തിയിട്ടുണ്ട്, എന്നുള്ളത് പോലുള്ള വാദങ്ങൾ പഠനങ്ങളുടെ മികവിനെയോ ആധികാരികതയെയോ അളക്കാനുള്ള മാനദണ്ഡങ്ങളേയല്ലാ. ഉൽപ്പന്നം ഉപയോഗിച്ച് ഔഷധഫലം കിട്ടിയെന്ന ചില വ്യക്തികളുടെ “അത്ഭുത സാക്ഷ്യങ്ങൾ” മീഡിയ & സോഷ്യൽ മീഡിയയിലൂടെ മാർക്കെറ്റ് ചെയ്യുന്ന ഇവരുടെ വിപണന രീതിക്ക് സമാനമായ കേവലം അവകാശവാദങ്ങളാണിവ, ശാസ്ത്രീയതയ്ക്ക് തെളിവല്ല അത്.

ശാസ്ത്രത്തിൻ്റെ അടിസ്ഥാനതത്വം അറിയുന്ന ആർക്കും ചോദ്യങ്ങൾ ഉന്നയിക്കാം, മികച്ച ഗവേഷകർ ഇതിൽ നിന്ന് ഒഴിഞ്ഞ് മാറുകയോ ചോദിക്കുന്നവരുടെ യോഗ്യത ചോദ്യം ചെയ്യുകയോ ആയിരിക്കില്ല പകരം, കൃത്യമായ ഉത്തരങ്ങൾ കൊടുക്കും.

ഗവേഷണ രംഗത്ത് ഇദ്ദേഹം പബ്ലിഷ് ചെയ്തിരിക്കുന്നത് കേവലം രണ്ടു പഠനങ്ങൾ മാത്രമാണ്, രണ്ടും ഇദ്ദേഹത്തിന്റെ ബ്രാൻഡ് ചെക്കപ്പൊടിയെക്കുറിച്ചു മാത്രം, Citations ഉള്ളതായി അറിയില്ല.

രോഗികളിൽ നേരിട്ട് ഔഷധ പ്രഭാവം പരീക്ഷിക്കാത്ത ദുർബലമായ പഠനത്തെ ആസ്പദമാക്കി ഇത്തരം വലിയ അവകാശവാദങ്ങൾ ഉന്നയിക്കുന്നത് ശാസ്ത്രീയ മൂല്യങ്ങൾക്കോ ധാർമ്മികതയ്ക്കോ ചേർന്നതല്ല.

11.”Appeal to Authority” എന്നൊരു കുയുക്തിയുണ്ട് അതാണിവിടെ പ്രയോഗിക്കുന്നത്, എന്താണത്?

*”നൊബേൽ ഡിസീസ്” എന്നൊരു പ്രയോഗം ഉണ്ട്. നൊബേൽ പുരസ്കാരമൊക്കെ വാങ്ങിയ പല പ്രഗത്ഭരും പിൽക്കാലത്ത് വിചിത്രമായ പലതും, കപട ശാസ്ത്രങ്ങൾ ഉൾപ്പെടെ, അംഗീകരിക്കുകയോ പ്രചരിപ്പിക്കുകയോ ചെയ്യുന്ന അവസ്ഥ.

*അനേകം പ്രഗത്ഭ ശാസ്ത്രകാരന്മാർ വിചിത്ര കാര്യങ്ങളിൽ (ഉദാ: പ്രേതങ്ങൾ, പാരാനോർമൽ ആക്ടിവിറ്റി, നാസിതത്വശാസ്ത്രം) വിശ്വസിക്കുകയും, ഗ്ലോബൽ വാമിങ്ങും, HIV വരെ അസംബന്ധങ്ങളാണെന്ന് കരുതുകയും ചെയ്തിരുന്നു എന്ന് കേട്ടാൽ ഞെട്ടുമോ?

*ഞെട്ടേണ്ട. പിയറി & മേരി ക്യൂറി എന്നിവർ Eusapia Palladino എന്ന ഒരു സ്ത്രീക്ക് മേശ പോലുള്ള വസ്തുക്കൾ ഗ്രാവിറ്റിക്ക് വിപരീതമായി ഉയർത്താൻ കഴിയുമെന്ന് വിശ്വസിച്ചിരുന്നു. ഒടുവിൽ ഹൗഡിനിയെ പോലുള്ളവർ ചേർന്ന് ഈ സ്ത്രീയുടെ വാദം പൊളിക്കുക ആയിരുന്നു. ലിനസ് പോളിങ്ങ് – (കെമിസ്ട്രിയിൽ ഉൾപ്പെടെ 2 നോബേൽ പുരസ്കാരം നേടിയ അതികായൻ) അദ്ദേഹം ഒരു സിദ്ധാന്തം ഉണ്ടാക്കി പ്രചരിപ്പിച്ചു – ഉയർന്ന ഡോസിൽ വൈറ്റമിൻ സി കഴിച്ചാൽ ജലദോഷം ഉണ്ടാവില്ല, അത് പ്രചരിച്ച് ക്യാൻസറിന് വരെ പ്രതിവിധിയായി ചിത്രീകരിക്കപ്പെട്ടു. എന്നാൽ വിശദമായ ശാസ്ത്രീയ പഠനങ്ങളിൽ ഇതിന് തെളിവില്ല എന്ന് മനസ്സിലാക്കപ്പെട്ടു.

*വ്യക്തി കേന്ദ്രീകൃതമല്ല ശാസ്ത്രത്തിൻ്റെ അടിസ്ഥാന ശിലകൾ, കാരണം വ്യക്തികൾക്ക് ഇത്തരം മുൻവിധികൾ, തെറ്റിദ്ധാരണകൾ, പക്ഷപാതങ്ങൾ, സ്ഥാപിത താൽപ്പര്യങ്ങൾ എന്നിവ മൂലമുള്ള തെറ്റുകൾ വരാം. അതിൽ നിന്ന് നൊബേൽ പുരസ്കാര ജേതാക്കൾ പോലും മോചിതരല്ല. ഒരു കാലത്ത് അതികായരായിരുന്ന ഫ്രോയിഡിൻ്റെയും, ഡാർവിൻ്റെയുമൊക്കെ മിക്ക സിദ്ധാന്തങ്ങളുമിന്ന് തിരസ്കരിക്കപ്പെട്ടു. ഇതിന് കാരണമാവുന്നത് വിമർശനാത്മക സമീപനവും ചോദ്യം ചെയ്യലും തന്നെയാണ്.

12. ശാസ്ത്രീയത കുറഞ്ഞ പഠന രീതിയും മാർഗ്ഗങ്ങളും തെറ്റായ നിഗമനങ്ങളിലേക്ക് എത്തിച്ചേക്കില്ലേ?

അതിനുള്ള സാധ്യത കൂടുതലാണ്.
ഉദാ: തവളയെ വച്ചുള്ള പരീക്ഷണത്തിൻ്റെ കഥ.
തവളയോട് “ചാട് ” എന്ന് പറയുമ്പോൾ, അത് ചാടുന്നതായി ഗവേഷകൻ നിരീക്ഷിച്ചു. അടുത്ത ഘട്ടത്തിൽ തവളയുടെ ഒരു കാൽ മുറിച്ചിട്ട് ഇതേ പ്രക്രിയ ചെയ്തു, ബുദ്ധി മുട്ടി തവള ചാടി. 2 കാൽ കൂടി മുറിച്ചിട്ട് ആവർത്തിച്ചപ്പോൾ അതീവ പ്രയാസത്തോടെ ചാടി. നാല് കാലും മുറിച്ചിട്ട് എത്ര പ്രാവശ്യം ചാടാൻ പറഞ്ഞിട്ടും അത് ചാടിയില്ല.
ഗവേഷകൻ്റെ കണ്ടുപിടുത്തം ഈ വിധമായിരുന്നു, നാല് കാലും മുറിച്ച് കഴിഞ്ഞാൽ തവളയ്ക്ക് ചെവി കേൾക്കില്ല!! ഗവേഷകൻ്റെ അവധാനപൂർവ്വമല്ലാത്ത യുക്തികൾ ഇത്തരം വിചിത്ര സിദ്ധാന്തങ്ങള് രൂപീകരിക്കും.

13. ശാസ്ത്രീയമായ തുടർ പഠനങ്ങൾ നടത്താതെ അവകാശവാദങ്ങൾ ഉന്നയിച്ചു എന്നത് അസ്വാഭാവികം ആണോ?
അതെ. അവകാശങ്ങളിൽ കഴമ്പുണ്ടെങ്കിൽ ഗുണമേന്മയുള്ള പഠനം നടത്തി, തെളിയിക്കാമായിരുന്നു ചക്കയ്ക്ക് പ്രമേഹത്തിൽ ഔഷധമൂല്യമുണ്ടെന്ന്. ഒരുവിഭാഗം പ്രമേഹരോഗികളിൽ ചക്ക കൊടുത്തും, മറ്റൊരു വിഭാഗത്തിൽ ചക്ക കൊടുക്കാതെയും, രണ്ടു ഗ്രൂപ്പിലെയും രോഗികളിൽ, നിശ്ചിത ഇടവേളകളിൽ രക്തത്തിലെ പഞ്ചസാരയുടെ അളവ് നോക്കിയാൽ, കൃത്യമായ നിഗമനത്തിലെത്തിച്ചേരാൻ യാതൊരു ബുദ്ധിമുട്ടുമില്ല. എന്നിട്ടും സ്വന്തം പഠനത്തിന് ശാസ്ത്രീയ അടിത്തറ ഉണ്ടാക്കാൻ ഗവേഷകന് വലിയ താല്പര്യം ഉണ്ടെന്നു തോന്നുന്നില്ല.

?പഠനത്തിലെ അവകാശവാദങ്ങൾ v/s യാഥാർഥ്യങ്ങൾ?

A)പച്ച ചക്കയ്ക്ക് പ്രമേഹ നിയന്ത്രണത്തിൽ യാതൊരു റോളും ഇല്ലെന്നാണോ?

ലഭ്യമായ അനേകം ഭക്ഷ്യ വസ്തുക്കളെ പോലെ ചില ഗുണ വിശേഷങ്ങൾ ഉണ്ടെന്നതിൽ തർക്കമില്ല.

1. മധുരമുള്ള പഴുത്ത ചക്ക പ്രമേഹരോഗികൾക്ക് അത്ര നല്ലതല്ല എന്ന് തർക്കമുണ്ടായിരിക്കില്ല. പച്ച ചക്കയാണ് ഇവിടെ പ്രതിപാദ്യം.
2. എന്നാൽ ചക്കപ്പുഴുക്ക് ഒക്കെ ആയി കഴിക്കുന്ന നാച്ച്വറൽ പച്ചച്ചക്കയും വ്യാവസായിക ഉൽപ്പന്നമായ പച്ചക്കപ്പൊടിയും വേറെ വേറെ ആയി വേണം വിലയിരുത്താൻ.
3.പച്ച ചക്കയിൽ അന്നജം കുറവും, ഭക്ഷ്യനാര് കൂടുതലുമാണെന്നും, അതിനാൽ അത് ഭക്ഷണക്രമത്തിന്റെ ഭാഗമായി ഉൾപ്പെടുത്തുന്നത് പ്രമേഹരോഗികൾക്ക് നന്നെന്നുമാണ് ഒരു വാദം. ഈ വാദത്തോട് ഭാഗികമായി യോജിക്കുന്നു.
4. വിയോജിപ്പുള്ളത്, ചക്ക പ്രമേഹത്തിൽ ഔഷധപ്രഭാവമുള്ള അമൂല്യവസ്തു എന്ന രീതിയിൽ പ്രചരിപ്പിക്കുന്നതിനോടാണ്. ചക്കയെ അമിത മഹത്വവൽക്കരിക്കുകയും അതിലൂടെ പ്രമേഹ നിയന്ത്രണത്തിൽ മറ്റെല്ലാം അപ്രധാനമെന്ന സമീപനവുമാണ് ആണ് പ്രചാരണക്കാരുടേത്.

B)പ്രമേഹ നിയന്ത്രണത്തിൽ ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങൾ?

a. പ്രമേഹ നിയന്ത്രണം ഒരു ലളിത സൂത്രവാക്യം അല്ല അതിലേക്കു ചക്ക ചേർത്ത് ഉടൻ സോൾവ് ചെയ്യാൻ!
കഴിക്കുന്ന ചക്കപ്പുഴുക്കിന്റെ അളവ്, കൂടെ കഴിക്കുന്ന മറ്റു ഭക്ഷ്യ വസ്തുക്കളുടെ അളവ്, തവണ, മുൻ പറഞ്ഞ മറ്റ് ജീവിതശൈലീ ക്രമീകരണങ്ങൾ ഉൾപ്പെടെ അനേകം ഘടകങ്ങൾ അതിപ്രധാനമാണ്.

b. രോഗി ഓരോ തവണയും/ ദിവസവും കഴിക്കുന്ന ആകെ ഭക്ഷണം, അതിലെ ആകെ കാലറി, ഗ്ലൈസീമിക് ഇൻഡക്സ് (GI), ഗ്ലൈസീമിക് ലോഡ് (GL), രോഗിയുടെ ഊർജ്ജ ആവശ്യം എന്നിവയെല്ലാം അയാളുടെ ഷുഗർ നിയന്ത്രണത്തെ ബാധിക്കുന്നു.
ഉദാ: വ്യായാമം പരിമിതമായ ഒരാൾക്ക് പ്രമേഹ നിയന്ത്രണത്തിൽ 1400 കാലറി/ ദിനം പരിമിതപ്പെടുത്തുന്നത് നന്നാവുമ്പോൾ, ഒരു കായിക താരത്തിനോ, ഗർഭിണിക്കോ അതിലേറെ കാലറി വേണ്ടി വരും.

c.ലഭ്യത – പച്ചച്ചക്ക സീസണൽ ആയി മാത്രമാണ് ലഭ്യം (വർഷം മുഴുവൻ ലഭ്യമാക്കാം എന്ന് ചില കർഷകർ അവകാശപ്പെടുന്നുണ്ട്).

d.പച്ചച്ചക്കപ്പുഴുക്ക് മാത്രം എല്ലാ നേരവും കഴിക്കാൻ നിർദ്ദേശിക്കുന്നത് ഒരാൾക്കും സ്വീകാര്യമാവാനിടയില്ല.

C)അപ്പോൾ ഇഷ്ടം പോലെ ചക്കപ്പുഴുക്ക് കഴിക്കാമെന്നാണോ?
അല്ല. പ്രമേഹ രോഗികൾക്ക് അനുവദനീയമായ ചോറ് കഴിക്കുന്ന അതേ അളവിൽ ചക്കപ്പുഴുക്ക് കഴിച്ചാൽ, രക്തത്തിലെ പഞ്ചസാരയുടെ അളവ് ചോറ് കഴിക്കുന്നതിനേക്കാൾ കുറവായിരിക്കും. (എന്നാൽ ചോറിന്റെ അളവ് കുറച്ചും ഇത് സാധ്യമാക്കാം.)

പ്രമേഹ രോഗികൾ വയറു നിറച്ചു ചക്കപ്പുഴുക്ക് തിന്നാൽ ചിലപ്പോൾ രക്തത്തിലെ ഷുഗർ ലെവൽ അനിയന്ത്രിതമായി കൂടിയേക്കാം.

D) പച്ച ചക്കയ്ക്ക് പകരം വെക്കാൻ പറ്റുന്ന ഭക്ഷ്യവസ്തുക്കൾ പ്രമേഹരോഗ നിയന്ത്രണത്തിൽ ഇല്ലേ?

ഉണ്ട്, നാട്ടിൽ സുലഭമായ, വീടുകളിൽ കൃഷി ചെയ്യാവുന്ന, അനേകം ഭക്ഷ്യ വസ്തുക്കൾ പച്ച ചക്കയ്ക്ക് ഒപ്പം അല്ലെങ്കിൽ അതിനേക്കാൾ പ്രമേഹനിയന്ത്രണത്തിൽ ഗുണഗണങ്ങൾ ഉള്ളവ ഉണ്ട്.
അതൊക്കെ ഉപയോഗിച്ച് GL, GI, അന്നജത്തിന്റെ അളവ്, ഭക്ഷ്യനാര് എന്നിവയുടെ കണക്കിൽ ഒപ്പം നിൽക്കുന്നതോ, മെച്ചപ്പെട്ടതോ ആയ ഡയറ്റ് ക്രമങ്ങൾ മികച്ച ഒരു ഡയറ്റിഷ്യനോ ഡോക്ടർക്കോ നിർദ്ദേശിക്കാൻ കഴിയും.

E) ബ്രാൻഡഡ് പച്ചച്ചക്കപ്പൊടി സംബന്ധിച്ച അവകാശവാദങ്ങളിൽ എത്ര ശാസ്ത്രീയതയുണ്ട് ?

അവകാശവാദങ്ങളിലും അവതരണത്തിലും ശാസ്ത്രീയതയെക്കാൾ, പരസ്യങ്ങളിൽ ഉപയോഗിക്കുന്ന വിപണന തന്ത്രങ്ങൾ ആണ് മുഴച്ചു നിൽക്കുന്നത്. ശാസ്ത്രസത്യങ്ങളെയും പിന്നെ ചില അർദ്ധ സത്യങ്ങളെയും വളച്ചൊടിച്ചു കൊണ്ടുള്ള പൊടിക്കൈകളും കണക്കിലെ കളികളുമാണ് പ്രയോഗിക്കപ്പെട്ടിരിക്കുന്നത്.

ആധികാരികത തോന്നിപ്പിക്കാൻ ഉപയോഗിക്കുന്ന ചില സാങ്കേതികപദങ്ങൾ കൂടി എന്തെന്ന് പൊതുജനങ്ങൾ അറിയണം.

? i)എന്താണ് ഗ്ലൈസിമിക് ഇൻഡക്സ് (GI) ?

ഭക്ഷണം രക്തത്തിലെ ഷുഗർ ലെവലിനെ എങ്ങിനെ സ്വാധീനം ചെലുത്തുന്നു എന്നറിയാനുള്ള ഒരു സൂചികയാണിത്. ധാരാളം നാരുകൾ അടങ്ങിയ ഭക്ഷണം കഴിച്ചാൽ പതുക്കെയേ രക്തത്തിലെ ഷുഗറിൻ്റെ അളവ് കൂടുകയുള്ളൂ.

പച്ചക്കറികളിൽ നാരുകൾ കൂടുതൽ ഉള്ളതിനാൽ ഗ്ലൈസിമിക് ഇൻഡക്സ് കുറവായിരിക്കും. 0 മുതൽ 100 വരെയാണ് GI സ്കെയിലിൽ ഉള്ളത്.
GI 55 നു മുകളിലുള്ള ഭക്ഷണങ്ങൾ പെട്ടെന്ന് ദഹിക്കുകയും, രക്തത്തിലുള്ള ഷുഗർ ലെവൽ പെട്ടന്ന് കൂടുകയും ചെയ്യും. ഭക്ഷ്യവസ്തുവിൻ്റെ GI കുറയുന്തോറും ഈ വേഗത കുറയും.

ഉദാ: ആപ്പിളിന്റെ GI 38 ആണ്. ഉരുളക്കിഴങ്ങിന്റെ 85 ഉം. അരിയുടെ 40 മുതൽ 65 വരെ. ഇത് ഒരു ‘ക്വാളിറ്റേറ്റിവ് (ഗുണാത്മകമായ)’ നമ്പർ ആണ്. അളവും (quantity) കൂടി എടുക്കുന്ന യൂണിറ്റ് ആണ് ഗ്ലൈസിമിക് ലോഡ്.

GI കുറഞ്ഞ ഭക്ഷണമാണ് പ്രമേഹരോഗികളിൽ നല്ലത്.

? ii) ഗ്ലൈസിമിക് ലോഡ് (GL) എങ്ങിനെയാണ് കണക്കാക്കുന്നത്?

GL = GI x കാർബോ ഹൈഡ്രേറ്റ് (ഗ്രാമിൽ) ÷ 100.

? iii)അപ്പോൾ പച്ച ചക്കയുടെ ഗ്ലൈസിമിക് ഇൻഡക്സ് എത്രയാണ്?

ശാസ്ത്ര പ്രസിദ്ധീകരണങ്ങളിൽ ഒന്നും തന്നെ പച്ചച്ചക്കയുടെ/ അല്ലെങ്കിൽ പച്ച ചക്ക വേവിച്ചതിന്റെ GI & GL കൃത്യമായി റിപ്പോർട്ട് ചെയ്തിട്ടില്ല. സിഡ്‌നിയിലെ ഇപ്പറഞ്ഞ ലാബിൽ നടത്തിയ പരിശോധനയിൽ, 30 ഗ്രാം ചക്കയിൽ GI 65, GL17, കാർബോ ഹൈഡ്രേറ്റ് 25g എന്നിങ്ങനെയാണ്.

പ്രസ്തുത ഉൽപ്പന്നത്തിന്റെ മേന്മ എടുത്തു കാണിക്കാൻ സൗകര്യപൂർവ്വം അവതരിപ്പിക്കുന്ന കണക്കിലെ കളികൾ.

?താരതമ്യത്തിലെ കളികൾ,

i) ഗ്ലൈസീമിക് ഇൻഡക്സ്നു പകരം ഗ്ലൈസീമിക് ലോഡിനെക്കുറിച്ചു മാത്രം പ്രചരിപ്പിക്കുന്ന തന്ത്രം.

? *പച്ചച്ചക്കയുടെ GI അല്ല, സ്വന്തം ബ്രാൻഡിന്റെ GI ആണ് പഠിച്ചത് അത് 65 ആയിരുന്നു, (GI 55 ൽ താഴെയാണ് ഉത്തമം). ഇതേ ലാബിൽ തന്നെ പഠിച്ചിരിക്കുന്ന പല ബ്രാൻഡ് അരിയുടെ GI ഇതിലും താഴെ ഉള്ളവ ഉണ്ട് (40 തൊട്ട്).

? *GI താരതമ്യത്തിന് എടുക്കാതെ സൗകര്യപൂർവ്വം തന്റെ ചക്കപ്പൊടിയുടെ ഗ്ലൈസീമിക് ലോഡ് 17 ആണെന്നത് മാത്രമാണ് പ്രോജക്ട് ചെയ്യുന്നത്. (ഇത് അത്രയ്ക്ക് അങ്ങ് തീരെ കുറവൊന്നും അല്ല കേട്ടോ “GL low” എന്നാൽ 10 ൽ താഴെ ആയിരിക്കണം, 20 നു മുകളിൽ വന്നാൽ High.)

? ഇതിൽ ചില കൗതുക കണക്കുകൾ കാണാം, ഉയർന്ന GI 80 ഉള്ള തണ്ണിമത്തന് GL 4 മാത്രമാണ്. ഒരു ആപ്പിളിന് 5 ഉം.

ii)പച്ചച്ചക്കപ്പൊടിയുടെ അളവ് വളരെ കുറച്ചും മറ്റുള്ളവയുടെ അളവ് കൂടുതലും എടുത്തുള്ള താരതമ്യം!!

?30 ഗ്രാം ചെക്കപ്പൊടിയെ 50 ഗ്രാം പച്ചരിയുമായാണ് താരതമ്യം. പിന്നീട് 120 ഗ്രാം ചപ്പാത്തിയുമൊക്കെ താരതമ്യം ചെയ്താണ് മേന്മ ഉയർത്തിക്കാണിക്കുന്നത്.

?ഈ പൊടി ഒരു ചായ ഗ്ലാസിൽ എടുത്താൽ നൂറ് ഗ്രാം ഉണ്ടാവും, ഇവിടെ സൗകര്യ പൂർവ്വം വെറും 30 ഗ്രാം മാത്രം എടുത്തിട്ടു അതിൻ്റെ GL17 ആണെന്നത് വെച്ചാണ് അവതരണം. താരതമ്യം ചെയ്യുന്ന മറ്റു പദാർത്ഥങ്ങളുടെ അളവിലാണെങ്കിൽ ചക്കപ്പൊടിയുടെ ഗ്ലൈസീമിക് ലോഡും കൂടും.

iii)സിഡ്നി ലാബിലെ കണക്കു പ്രകാരം തന്നെ നോക്കിയാൽ, പച്ചച്ചക്കയേക്കാൾ ഈ സൂചികകൾ കുറവുള്ള, സുലഭമായ വേറെയും ചില ഭക്ഷ്യവസ്തുക്കൾ നമ്മുടെ നാട്ടിൽ ഉണ്ട്.

?നാട്ടിൽ സുലഭമായ മാങ്ങയും, നേന്ത്രപഴവും, ചേനയും (ചേനയുടെ GI 51 & GL 10), കപ്പയുമൊക്കെ ഇദ്ദേഹത്തിന്റെ പച്ചച്ചക്കപ്പൊടിയേക്കാൾ ഗ്ലൈസീമിക് ലോഡ് കുറവു കാണിക്കുന്നു കണക്കുകളിൽ.

1.പച്ച മാങ്ങ (120g ) GI 41, *GL – 8*, കാർബോഹൈഡ്രേറ്റ് -20g
2. പഴുത്ത നേന്ത്രപ്പഴം (120g) GI 51, *GL- 13* കാർബോഹൈഡ്രേറ്റ് -25g
3. മരച്ചീനി (250g) GI 70, *GL – 12*, കാർബോഹൈഡ്രേറ്റ് -18g

?ഇതേ ലാബിൽ അരിയുടെയോ കപ്പയുടെയോ ഡേറ്റ നോക്കിയാൽ, അതൊക്കെ പല ഇനങ്ങൾക്കും, വിവിധ രീതിയിൽ പാചകം ചെയ്യുമ്പോഴുമൊക്കെ, വൈവിധ്യമാർന്ന GI/GL values ആണ് ലഭ്യമാകുക എന്ന് വ്യക്തമാകും.

?• ഒരു ചപ്പാത്തിയുടെ (60ഗ്രാം) – ഗ്ലൈസീമിക് ലോഡ് 16 ആണ് (GI- 59, കാർബോഹൈഡ്രെറ്റ് -27).
ഇത് 30 ഗ്രാം ചക്കപ്പൊടിയേക്കാൾ കുറവാണ്, ഫൈബർ കൂടുതലും!

?• കേരളത്തിൽ ഏറ്റവും കൂടുതൽ ഉപഭോഗം ഉള്ള (ബ്രൗൺ റൈസ്-100ഗ്രാം), ഗ്ലൈസീമിക് ലോഡ് 15 ആണ് (GI 66, കാര്ബോഹൈഡ്രേറ്റ് 22g). ഇതും 30 ഗ്രാം ചക്കപ്പൊടിയേക്കാൾ കുറവാണ്. എന്നാൽ പഠനത്തിൽ താരതമ്യം ചെയ്തിരിക്കുന്നത് ഗ്ലൈസീമിക് ലോഡ് കൂടുതലുള്ള പച്ചരിയോടാണ്
(ഫൈബർ ധാരാളമുള്ള തവിടുള്ള അരി ഇന്ന് പലരും കഴിക്കുന്നുണ്ട്.)

F) ഇത്തരം ചില കണക്കിലെ കളികൾ കൊണ്ട് പ്രമേഹരോഗികളിൽ രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാം എന്നു പറയുന്നതിലെ സാംഗത്യം ഉണ്ടോ?

പ്രമേഹരോഗികളിൽ കൃത്യമായ നിബന്ധനകളും അനുമതികളും വാങ്ങി നടത്തുന്ന ശാസ്ത്രീയ പഠനത്തിലൂടെ അല്ലാതെ, രക്തത്തിലെ പഞ്ചസാരയുടെ അളവ്, പച്ചച്ചക്കപ്പൊടിക്ക് കുറയ്ക്കാൻ സാധിക്കുമെന്ന അവകാശവാദം അംഗീകരിക്കാനാവില്ല.

ചക്ക കഴിക്കാൻ ഉള്ള ഒരു ക്യാമ്പയിൻ നടത്തി തുടർന്ന് പ്രമേഹ മരുന്ന് വിൽപ്പന കുറഞ്ഞു എന്ന് അവകാശപ്പെടുന്നു. എന്നാൽ പച്ചച്ചക്കപ്പൊടിയിൽ അത്തരത്തിൽ ഒരു പഠനവും നാളിതുവരെ നടത്തിയിട്ടില്ല.

G) പച്ചച്ചക്കയും മാർക്കെറ്റ് ചെയ്യപ്പെടുന്ന പച്ചച്ചക്കപ്പൊടിയും താരതമ്യം അർഹിക്കുന്നുവോ?

താഴെ പറയുന്ന കാര്യങ്ങൾ വായിച്ചിട്ട് നിങ്ങൾ തന്നെ തീരുമാനിക്കുക,

a. ബ്രാൻഡഡ് പച്ചച്ചക്കപ്പൊടിയിൽ ഭക്ഷ്യയോഗ്യമായ ചുളയുടെ ഭാഗങ്ങൾ മാത്രമല്ല ഉള്ളത്, ചക്കയുടെ വേസ്റ്റ് ഭാഗങ്ങൾ ആയ മടൽ പോലുള്ളവ കൂടി വേവിച്ചു പൊടിച്ചു ചേർത്ത് പ്രോസസ്സ് ചെയ്ത ഒരു ഉൽപ്പന്നം ആണ് ഇത്. അരി പൊടിക്കുന്നത് പോലെ വെറുതെ പൊടിച്ചെടുക്കുകയല്ല.

b. ഈ ചക്കപ്പൊടി മറ്റു ധാന്യപ്പൊടികളുടെ കൂടെ ചേർത്തു ചപ്പാത്തിയോ ദോശയോ ഉണ്ടാക്കാം, അപ്പോഴും GL കുറയും എന്നാണ് അവതരണം, മറ്റു ധാന്യപ്പൊടികളുടെ മൂന്നിലൊരു ഭാഗത്തിനു പകരം ചക്കപ്പൊടി എടുക്കുമ്പോൾ, ഗ്ലൈസീമിക് ലോഡ് രണ്ടു പൊടികളുടെയും കൂടെ കൂട്ടണം, അല്ലാതെ ഗ്ലൈസീമിക് ലോഡ് ഇല്ലാതാവുന്ന പ്രതിഭാസമല്ല ഉണ്ടാവുക!

c. പച്ചച്ചക്കപ്പുഴുക്ക് ഒരാൾ കഴിക്കുന്നത് പോലെ ഒരു സ്വതന്ത്ര ഭക്ഷണമായി ഈ പൊടി കഴിക്കാൻ പറ്റില്ല എന്നത് ഓർക്കുക, വെറുതെ പൊടി കഴിക്കാനോ, കുറുക്കി കഴിക്കാനോ പറ്റില്ല. 30g വെച്ച് മൂന്നു നേരം ഇത് മാത്രം കഴിച്ചാൽ വിശപ്പ് മാറുകയും ഇല്ല. ഇതിൽ കൂടുതൽ അളവിൽ ഭക്ഷണങ്ങളിൽ ചേർക്കാനും പറ്റില്ല, ചവർപ്പ് ഉണ്ടാവും എന്ന് അവർ തന്നെ പറയുന്നു.

d. ഇതേ പച്ചച്ചക്കപ്പൊടിക്ക് കാൻസർ രോഗികളിൽ ഔഷധ പ്രഭാവം ഉണ്ടെന്ന പഠനവുമായി വിൽപ്പനക്കാർ ഇപ്പോൾ കടന്നു വന്നിരിക്കുകയാണ്. അത് മുഖവിലയ്ക്ക് എടുത്താൽ അത്തരം ഔഷധ പ്രഭാവങ്ങൾക്കൊപ്പം പാർശ്വഫലങ്ങൾ ഉണ്ടോയെന്ന് വിശദമായ ശാസ്ത്രീയ പഠനങ്ങളിലൂടെ തെളിയിക്കേണ്ടതില്ലേ? അത് ഇതുവരെ നടത്തിയിട്ടില്ല.

e. പച്ചച്ചക്കപ്പൊടി അതായത് ഒരു നേരത്തെ ഭക്ഷണം ആയല്ല വിഭാവനം ചെയ്യുന്നത്, മറ്റു ഭക്ഷണങ്ങളുടെ കൂടെ ചേർക്കുന്ന ഒരു ഫുഡ് സപ്പ്ളിമെൻറ് മാത്രമാണത്രേ.

f. അങ്ങനെ വരുമ്പോൾ ഒരു സാധാരണക്കാരനായ പ്രമേഹ രോഗിക്ക് ഇത് എത്രത്തോളം മുടക്കുന്ന കാശിനു മൂല്യം ഉള്ളതാണ് എന്ന് പരിശോധിക്കണം.

ഉദാ: ചോറിൻ്റെ അളവ് കുറച്ച് ചീരതോരനോ, ചപ്പാത്തിയുടെ എണ്ണം കുറച്ച് സോയാ ചങ്ക്സ് കറി കൂടുതലായോ കഴിക്കുന്ന ലളിതമായ ഓപ്ഷനേക്കാൾ എത്രത്തോളം ഗുണകരവും, മൂല്യമുള്ളതുമാണ് എന്ന് ചോദിച്ചാൽ..?

അതായത് 90gm ചെക്കപ്പൊടി ദിവസേന വെച്ച് ഒരു മാസത്തേക്ക് കഴിക്കുമ്പോൾ ഏകദേശം 900 രൂപ ആവും. കൂടെ മറ്റുഭക്ഷണങ്ങൾ കഴിക്കണം എന്നതും ഓർക്കണം.

കേരളത്തിൽ സാധാരണക്കാർക്ക് റേഷൻ കടകളിലൂടെ സൗജന്യമായോ മിതമായ നിരക്കിലോ അരി/ ഗോതമ്പു മുതലായവ ലഭ്യമാവുന്നുണ്ട്. ചോറിന്റെ/ ചപ്പാത്തിയുടെ ഒക്കെ അളവ് കുറച്ചും വീട്ടിൽ ലഭ്യമായ പച്ചക്കറികൾ കൂടുതലായി കഴിച്ചും പ്രമേഹ രോഗികൾക്ക് ഉതകുന്ന ഭക്ഷണക്രമങ്ങൾ നിശ്ചയിക്കാം. വീട്ടിൽ ലഭ്യമായ പഴങ്ങൾ പോലും 100 ഗ്രാമിൽ താഴെ കഴിക്കുന്നതിൽ അപാകത ഇല്ല.

പണം ചിലവാക്കാൻ ബുദ്ധിമുട്ടില്ലാത്ത പ്രമേഹരോഗികൾക്ക് കാലറി കുറഞ്ഞ/ ഫൈബർ കൂടുതൽ ഉള്ള, ഒരു നേരത്തെ ആഹാരമായി കഴിക്കാവുന്ന അനേകം ഭക്ഷ്യ ഉൽപ്പന്നങ്ങൾ നിലവിലും ഉണ്ടെന്നത് ഓർക്കണം.

മാർക്കറ്റിങ് ധാർമ്മികത പാലിക്കുന്നത് കൊണ്ടാവും, അവയുടെയൊന്നും പേരിൽ ഇത് പോലെ അതിശയോക്തിപരമായ അവകാശവാദങ്ങളോ , ദുർബല പഠനങ്ങളോ അവതരിപ്പിച്ചു പൊതുസമൂഹത്തെ തെറ്റിദ്ധരിപ്പിക്കുന്നില്ല എന്ന് മാത്രം.

H) പച്ചച്ചക്കപ്പൊടിക്കു നാം കഴിക്കുന്ന മറ്റു ഭക്ഷ്യ വസ്തുക്കളെക്കാൾ ഉന്നത മൂല്യം പ്രമേഹരോഗ നിയന്ത്രണത്തിൽ ഉണ്ടോ?

?30ഗ്രാം ചക്കപ്പൊടിയിൽ (1.95 g ഫൈബർ), 50 ഗ്രാം അരിയേക്കാൾ കൂടുതൽ ഫൈബർ അടങ്ങിയിട്ടുണ്ടെന്നാണ് വാദം. എന്നാൽ അരി മാത്രമായി ആരും ഭക്ഷിക്കുന്നില്ലല്ലോ. ഒരു ചപ്പാത്തി കഴിച്ചാൽ തന്നെ അതിലേറെ ഫൈബർ (2.7g) ലഭിക്കും. അല്ലെങ്കിൽ ചോറിനൊപ്പം, ചീര പോലുള്ള വിവിധയിനം പച്ചക്കറികൾ ധാരാളമായി ചേർത്താലും, ഈ പറഞ്ഞതിലും അധികം ഫൈബർ (നാര്) ലഭിക്കും.

?തവിടുള്ള ചോറിൽ ധാരാളം ഫൈബർ ഉണ്ട്.
അന്നജം പ്രദാനം ചെയ്യുന്ന ഭക്ഷ്യവസ്തുക്കളായ ചോറ്, ചപ്പാത്തി, ദോശ എന്നിവ അളവിൽ കുറച്ച് കഴിച്ച്, നാരുള്ള പച്ചക്കറികൾ ധാരാളമായും, ഒപ്പം മത്സ്യമോ, മുട്ടയോ, മാംസമോ, പയർവർഗ്ഗങ്ങളോ ക്രമീകൃതമായ അളവിൽ കഴിച്ചാൽ, ആവശ്യത്തിന് ഫൈബർ (നാര്), മാംസ്യം എന്നിവ ലഭിക്കുകയും, രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കുവാനും സാധിക്കും.

?ഇങ്ങനെ പ്രമേഹരോഗികൾക്ക് സാധാരണ നിർദേശിക്കുന്ന വീട്ടിൽ ഉണ്ടാക്കുന്ന പലവിധ ഭക്ഷണക്രമത്തിനേക്കാൾ നല്ലത്, വ്യാവസായികമായി പ്രോസസ്‌ ചെയ്ത ചക്കപ്പൊടി പോലുള്ള ഒരു ഉൽപന്നം നിത്യം ഉപയോഗിക്കുന്നതാണ് എന്ന് പറയുന്നത് വ്യാവസായിക താൽപര്യം കൊണ്ട് കൂടിയാണോ എന്നു സംശയിക്കേണ്ടി വരും.

I) സിലോൺ മെഡിക്കൽ ജേർണലിൽ വന്ന ഒരു പഠനത്തിൽ ചക്ക പ്രമേഹത്തിൽ ഉപയോഗിക്കാം എന്നു നേരത്തെ തെളിയിച്ചുവെന്ന് ചക്കപ്പൊടിവാദികൾ അവകാശപ്പെട്ടു കണ്ടു. അതും ഇതുപോലൊരു പഠനപ്രഹസനമാണോ?
?
സിലോൺ ജേർണലിലെ ലേഖനം, പഴുത്ത ചക്കച്ചുളയും, ചക്കക്കുരുവുമൊക്കെ ചേർത്തുള്ള ശ്രീലങ്കൻ വിഭവം പത്തു പേർക്ക് നൽകിക്കൊണ്ട്, ഇതിന്റെ ഗ്ലൈസീമിക് ലോഡ് തുടങ്ങിയവയൊക്കെ പഠിച്ച ഒരു ചെറിയ പഠനമാണ്. ആ പഠനം നടത്തിയത് പ്രമേഹരോഗികളിൽ പോലുമല്ല. ഉയർന്ന ഗ്ലൈസീമിക് ഇൻഡക്സ് (75) ആണ് ഈ വിഭവത്തിനെന്നും, പക്ഷെ ഗ്ലൈസീമിക് ലോഡ് ഇതിനു കുറവായതിന്റെ കാരണം, ചക്കക്കുരുവിൽ അടങ്ങിയ ലെക്റ്റിൻ ആയിരിക്കാം എന്നും ഗവേഷകർ പറയുന്നുണ്ട്.
?പച്ചച്ചക്കപ്പൊടിയ്ക്ക് ഔഷധമൂല്യം ഉണ്ടെന്ന്, തെളിയിക്കാൻ പഴുത്തചക്കയെയും കുരുവിനെയും പഠിച്ച സിലോൺ പഠനത്തെ ഉയർത്തിപിടിക്കുന്നത് നിഷ്‌കളങ്കമാണോ എന്നു സംശയിക്കേണ്ടി വരും!

J). ഇത്ര ദുർബലമായ ഒരു പഠനത്തെ എന്തുകൊണ്ടായിരിക്കും ചില ഡോക്ടർമാർ പ്രത്യക്ഷമായോ പരോക്ഷമായോ അംഗീകരിക്കുന്നത്? ചുരുക്കം ചിലർ പരസ്യമായി തന്നെ ഈ ഉൽപ്പന്നത്തെ പിന്താങ്ങുന്നുമുണ്ട്.

ദുരൂഹമായ ഒരു കാര്യമാണത്, പ്രസ്തുത വ്യക്തികളാണ് ഉത്തരം തരേണ്ടത്?
ഉദാ: ഒരു ഡോക്ടർ ചാനൽ ചർച്ചയിൽ പരസ്യമായി തന്നെ പറഞ്ഞു, അവരുടെ രോഗികൾ നൂറു പേർക്ക് ഈ ഉൽപ്പന്നം കൊടുത്ത് “പഠനം” നടത്തി എന്ന്! അങ്ങനെ മനുഷ്യരിൽ പരീക്ഷണങ്ങൾ നടത്തിയിട്ടുണ്ടെങ്കിൽ അതിനു മതിയായ അനുമതികൾ എത്തിക്കൽ കമ്മിറ്റിയിൽ നിന്നും നേടിയിട്ടുണ്ടോ, ICMR ൽ പഠനം രജിസ്റ്റർ ചെയ്തിട്ടുണ്ടോ എന്നൊക്കെ അന്വേഷണം നടത്തേണ്ടതാണ്. ഇല്ലെങ്കിൽ അത് കുറ്റകരമാണ്. ഇത്തരം ഉൽപ്പന്നങ്ങൾക്ക് വേണ്ടി വ്യക്തി സാക്ഷ്യം പറയുന്നതും മറ്റും പ്രൊഫെഷണൽ ധാർമ്മികതയ്ക്കു നിരക്കാത്ത കാര്യമാണ്.

?Our Conclusion?

ചക്ക കിട്ടാത്ത സീസണിൽ ചക്കപ്പൊടി കാശ് കൊടുത്ത് വാങ്ങിക്കഴിക്കണം എന്നത് ഒരു പ്രമേഹരോഗിയുടെ ആവശ്യം അല്ല. ആ പൊടി വിൽക്കേണ്ടത് അതുണ്ടാക്കിയവരുടെ മാത്രം ആവശ്യമാണ്. ചക്ക ഒരു ദിവ്യ വസ്തു ആയി അവതരിപ്പിക്കുന്നതും, തെളിയിക്കാത്ത ഔഷധ ഗുണങ്ങൾ തെളിയിച്ചു എന്നൊക്കെ പ്രചരിപ്പിക്കുന്നതും, പച്ച ചക്ക കിട്ടാത്ത സീസണിൽ ജനങ്ങൾ പച്ച ചക്കപ്പൊടി കഴിക്കുന്നതിലേക്ക് എത്തിക്കാനുള്ള വിപണന തന്ത്രമായിരിക്കാം എന്ന് ന്യായമായും ചിന്തിക്കാം.

ലേഖകർ
Dr. Deepu Sadasivan. Obtained a medical degree from Kottayam Medical College. Currently working in Kerala State health services department. Articles related to Medical science have been published in periodicals and newspapers.
ചിത്രകാരൻ
Design Co-ordinator, Infoclinic.

മികച്ച വർഗ്ഗങ്ങൾ

എല്ലാ വർഗ്ഗങ്ങളും
പൊതുജനാരോഗ്യം

284 ലേഖനങ്ങൾ

Current Affairs

240 ലേഖനങ്ങൾ

കോവിഡ്-19

236 ലേഖനങ്ങൾ

ആരോഗ്യ അവബോധം

115 ലേഖനങ്ങൾ

സുരക്ഷ

64 ലേഖനങ്ങൾ

ശിശുപരിപാലനം

59 ലേഖനങ്ങൾ

കിംവദന്തികൾ

53 ലേഖനങ്ങൾ

Infectious Diseases

52 ലേഖനങ്ങൾ

Medicine

45 ലേഖനങ്ങൾ