കരിമ്പനി കേരളത്തിലും
കോഴിക്കോട് പേരാമ്പ്രയിലും, ഒരു മാസം മുൻപെ വില്ലുമല ആദിവാസി മേഖലയിലെ യുവാവിനും കരിമ്പനി സ്ഥിരീകരിച്ചതു പത്രമാധ്യമങ്ങളിലൂടെ അറിഞ്ഞിരിക്കുമല്ലോ.
കരിമ്പനിയെന്നത്, പേര് കേൾക്കുമ്പോ തോന്നുന്നത്ര ഭയങ്കരനൊന്നുമല്ല.
അതിനെ പരത്തുന്ന കക്ഷിയാവട്ടെ,
നമ്മുടെ കൊതുകിനെക്കാൾ,
വലുപ്പത്തിൽ മൂന്നിലൊന്ന് ചെറുതുമായ മണലീച്ചകളാണ്. ലീഷ്മാനിയ ഡോനോവാനി എന്ന ഏക കോശ പരാദജീവിയാണ് ഈ രോഗം ഉണ്ടാക്കുന്നത്.
പിന്നെയെന്തു കൊണ്ട് നമ്മളിവിടെ ഈ ഇത്തിരികുഞ്ഞനെക്കുറിച്ച് അല്പം കരുതല് വെക്കുന്നുവേന്നല്ലേ… പറഞ്ഞു തരാം.
ലോകത്ത്,
?മലമ്പനി കഴിഞ്ഞാൽ ഏറ്റവും കൂടുതൽ ആളുകളെ അകാലമരണത്തിനയച്ച പരാദ ജീവി കാരണമുള്ള പനിയെന്ന രീതിയിലും,
അസുഖ ബാധിതരുടെ എണ്ണം 2 മുതൽ 4 ലക്ഷം വരെയാണെന്ന രീതിയിലും പ്രധാന്യമർഹിക്കുന്ന അസുഖം തന്നെയാണിത്.
?തെക്കൻ യൂറോപ്പ്യൻ രാജ്യങ്ങളിലും,
അറബ് രാജ്യങ്ങളിലും സ്ഥിരമായി കണ്ടുവരുന്ന ഈ രോഗം,
ഇന്ത്യയിൽ ഏറ്റവും കൂടുതൽ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത് പശ്ചിമബംഗാളിലാണ്.
?ഈ പനിക്ക് ഒരു പേര് കൂടെയുണ്ട്.
ഡംഡം പനി (dumdum)!
ഔദ്യോഗികമായി വിസറൽ ലീഷ്മാനിയസിസ്!!
❝അസുഖത്തിന്റെ ചരിത്രത്തിലേക്ക് വരികയാണെങ്കിൽ,
കൊൽക്കത്തയിലെ ഡംഡം എന്ന സ്ഥലത്തുവെച്ച് മരിച്ച പട്ടാളക്കാരന്റെ മൃതദേഹം പോസ്റ്റ് മോർട്ടം ചെയ്യുന്നതിനിടെ,
സ്പ്ലീൻ സ്മിയറിൽ ൽ നിന്നും ഡോക്ടർ വില്യം ലീഷ്മാനും, ഇതേസമയം
ഐർലന്റുകാരനായ ഡോക്ടർ ചാൾസ് ഡോനോവാനിയും
രോഗമുണ്ടാക്കുന്ന ഈ ഏകകോശപരാദജീവിയെ കണ്ടെത്തിയതിനാൽ
രോഗാണുവിന് പേരുകൾ കൂട്ടിച്ചേർത്തു,
“ലീഷ്മാനിയ ഡോനോവാനി” എന്നും
സ്ഥലപ്പേരു വെച്ച് അസുഖത്തിന്,
“ഡംഡംപനി” എന്ന പേരും ലഭിക്കുകയുണ്ടായി.❞
കൂടാതെ,
?ശരീരത്തിലെ തൊലി കറുക്കുന്ന ലക്ഷണമുള്ളതിനാൽ തന്നെ
കാലാ (കറുപ്പ്), ആസാർ (രോഗം)
എന്നീ വാക്കുകളാൽ “കാലാ ആസാർ” എന്നും അക്കാരണത്താൽ തന്നെ മലയാളത്തിൽ “കരിമ്പനി”യെന്ന പേരും കൂടെ കിട്ടിയിട്ടുണ്ട്.
?ലീഷ്മാനിയാസിസ് എന്ന രോഗം നമ്മുടെ ആന്തരികാവയവയങ്ങളെ ബാധിക്കുമ്പോഴാണ് കരിമ്പനി ഉണ്ടാകുന്നത്.
തൊലിപ്പുറത്തെ മുഴകളും പാടുകളുമായും ഇവ പ്രത്യക്ഷപെടാറുണ്ട്.
?നേരത്തെ സൂചിപ്പിച്ച ഇത്തിരി കുഞ്ഞൻമാരായ മണലീച്ചകള് (അഥവാ സാന്റ് ഫ്ലൈ)ആണ് കരിമ്പനി പരത്തുന്നത്.
അവർക്കു രോഗാണുക്കളെ ലഭിക്കുന്നതാവട്ടെ,
രോഗികളായ മൃഗങ്ങളുടെയും മനുഷ്യരുടെയും രക്തം കുടിക്കുന്നതിലൂടെയും!
?മണലീച്ചകളുടെ കടിയിലൂടെ നമ്മുടെ രക്തത്തിലേക്ക് കടക്കുന്ന ലീഷ്മാനിയ ഡിനോവാനി എന്ന ഏകകോശജീവിയായ
ഈ പരാദം,
രക്തത്തിലെ കാവൽഭടന്മാരായ ശ്വേതരക്താണുക്കളിലെ ഒരു വിഭാഗമായ മാക്രോഫേജ് കോശങ്ങളെ,
അതിവിദഗ്ദമായി കബളിപ്പിച്ച്
അവയുടെ ഉള്ളിൽ കയറിയാണ് ശരീരത്തിലെ ആന്തരിക അവയവങ്ങളിലേക്കെത്തുന്നത്.
ഡൽഹി പിടിച്ചെടുക്കാൻ വരുന്ന ശത്രുസേനാ ഭടന്മാർ അതിർത്തി തൊട്ട് ഡൽഹി വരെ ഇന്ത്യൻ പട്ടാളത്തിന്റെ ടാങ്ക് ഓടിച്ചു വന്നാൽ എങ്ങനെ ഇരിക്കുമോ അങ്ങനെ ! 🙂
?അങ്ങനെ,
മാക്രോഫേജ് കോശങ്ങളുടെ ഉള്ളിൽ പെരുകുന്ന ലീഷ്‌മനിയ പിന്നീട്,
ആ കോശങ്ങളെ തകർത്തുതരിപ്പണമാക്കി, രക്തത്തിലൂടെ യാത്ര ചെയ്തു,
പ്ലീഹ, കരൾ, മജ്ജ തുടങ്ങിയ ആന്തരിക അവയവങ്ങളിൽ കുടിയേറുന്നു.
?അവയിലെ ചെറിയ ചെറിയ
രക്തകുഴലിലും ലിംഫ് കുഴലിലുമുള്ള പരാദങ്ങളുടെ അതിഭയങ്കരമായ തള്ളികയറ്റം കാരണം,
അവയിൽ ജംഗ്ഷനിൽ വണ്ടി പാർക്ക് ചെയ്താൽ ഉണ്ടാവുന്ന തിരക്ക് പോലെ സ്ഥിരമായ ബ്ലോക്ക് ഉണ്ടാവുകയും,
അത് മൂലം അവയെത്തുന്ന അവയവങ്ങൾക്കു തകരാർ സംഭവിച്ചു തുടങ്ങുന്നതിലൂടെ രോഗത്തിന്റെ ലക്ഷണങ്ങൾ പ്രകടമായിതുടങ്ങുന്നു.
?പ്ലീഹ തകരാറിൽ ആവുന്നത് കാരണം, ചുവന്ന രക്തകോശങ്ങളുടെ നാശവും, മജ്ജ തകരാർ കാരണം രക്തകോശങ്ങൾ നിർമിക്കാൻ സാധിക്കാത്ത അവസ്ഥയും സംഭവിക്കുന്നതും മൂലം ക്ഷീണം, ഇടയ്ക്കിടെ വരുന്ന ഉയർന്ന പനി, തളർച്ച എന്നിവ രോഗിക്ക് ആദ്യഘട്ടങ്ങളിൽ അനുഭവപ്പെടും.
തുടർന്ന് വരുന്ന പ്ലീഹ, കരൾ എന്നിവയുടെ വീക്കവും വേദനയും, കൂടാതെ ഭാരനഷ്ടവും
കരിമ്പനിയുടെ പ്രത്യേകതകൾ ആണ്.
?എന്നാൽ ആദ്യലക്ഷണമാവട്ടെ,
മണലീച്ചകളുടെ കടിയേറ്റത്തിന് ശേഷം
മാസങ്ങളോ ആഴ്ചകളോ കഴിഞ്ഞു തൊലിയിൽ വ്രണങ്ങൾ കാണുന്നതാണ് (ക്യൂട്ടേനിയസ് ലീഷ്മാനിയസിസ്).
പിന്നീട് മുകളിൽ പറഞ്ഞ ലക്ഷണങ്ങൾ കാണിക്കുകയും രോഗി അവശനിലയിലെത്തുകയും
ചെയ്യുന്നു (വിസറൽ ലീഷ്മാനിയസിസ്)
അതായത്,
?ചുരുക്കി പറഞ്ഞാൽ,
കൃത്യമായി ചികിൽസിച്ചില്ലെങ്കിൽ വളരെയധികം മരണസാധ്യത ഉള്ള രോഗമാണ് കരിമ്പനി.
എന്നാൽ നേരത്തെ കണ്ടെത്തിയാൽ ചികിൽസിച്ചു ഭേദമാക്കാം താനും!
?പേര് കിട്ടിയത് ചർമം ഉണങ്ങി കറുത്ത നിറമാറ്റം വരുന്നതിനാലൊക്കെയാണെങ്കിലും,
ഇതുവരെ റിപ്പോർട്ട് ചെയ്ത പല കേസുകളിലും ഇങ്ങനെ കാണാത്തതിനാൽ,
അത് പ്രകടമായിട്ടു മതി ചികിത്സ എന്ന രീതിയിലേക്ക് കാര്യങ്ങളെ ലഘൂകരിക്കരുതെന്നർത്ഥo.
എന്നാൽ ക്യൂട്ടേനിയസ് ലീഷ്മാനിയസിസ് കാരണo രൂപപ്പെട്ട വ്രണങ്ങൾ ചികിത്സക്ക് ശേഷവും അവിടെ തന്നെ നിലനിൽക്കാനും ചർമ്മത്തിൽ വൈരൂപ്യം ഉണ്ടാക്കുവാനും സാധ്യതയുണ്ട്.
ഇനിയീ കഥയിലെ വില്ലനായ
കുഞ്ഞൻമണലീച്ചകളികളിലേക്കു കടക്കാം.
പൊടിമണ്ണിലാണവ മുട്ടയിട്ട് വിരിയിക്കുന്നത്. അത് കൊണ്ട് തന്നെ,
പൊടിമണ്ണ് ധാരാളമായി കാണുന്ന സ്ഥലങ്ങളിലും അകവശം പൂശാത്ത ചുമരുകളുള്ള വീടുകളിലും
ധാരാളമായി കാണാം.
പക്ഷെ,
വിരുതന്മാരായ കുഞ്ഞൻ
മണലീച്ചകൾ ശബ്ദമുണ്ടാക്കാറില്ല!
കടിക്കുമ്പോഴാണേൽ വേദനയും അനുഭവപ്പെടില്ല!!
അങ്ങനെയാണവ നമ്മുടെ കൺവെട്ടത്തിൽ നിന്നും മറഞ്ഞു നിൽക്കുന്നത്.
മാത്രമല്ല,
ഇവ ഉഷാറാവുന്നതും, രക്തം കുടിക്കുന്നതും സന്ധ്യാസ്തമയസമയങ്ങളിലാണ്.
പകൽ സമയത്ത് പൊതുവെ അക്രമകാരികളല്ലെങ്കിലും,
മരക്കൊമ്പുകളിൽ ചെന്നെല്ലാം അവരെ ഉപദ്രവിക്കുകയാണെങ്കിൽ കടിക്കുവാൻ സാധ്യതയുണ്ട്.
ഈ സൂത്രശാലികളായ ജീവികളിൽ നിന്ന്
രക്ഷപെടണമെങ്കിൽ വഴികളുണ്ട്.
മണലീച്ചകളെ നശിപ്പിക്കുക, അവ വളരുന്ന ചുറ്റുപാടുകള് ഇല്ലാതാക്കുകയും ചെയ്യുക എന്നതാണത്!
അത് തന്നെയാണ് പ്രധാനപ്രതിരോധമാർഗവും!
അതെങ്ങനെയൊക്കെ ചെയ്യാമെന്നല്ലേ!
പറയാം?
വീടുകളിൽ ഇവക്കെതിരെയുള്ള കീടനാശിനി തളിക്കുകയോ കീടനാശിനിയിൽ മുക്കിയ കിടക്കവലകൾ ഉപയോഗിക്കുകയോ ചെയ്യാം.
രോഗബാധിതപ്രദേശത്ത് വീടിനു പുറത്തിറങ്ങുമ്പോൾ ശരീരം മൂടുന്ന വിധത്തിൽ വസ്ത്രങ്ങൾ ധരിക്കുവാനും വസ്ത്രത്തിന്റെ തുറന്നു കിടക്കുന്ന ഭാഗങ്ങളിൽ DEET അടങ്ങുന്ന റിപ്പലന്റസ് ഉപയോഗിക്കുവാനും ശ്രദ്ധിക്കാം.
മഴക്കാലത്ത് നിലത്തുകിടന്നോ, വീടിനു പുറത്തോ ഉറങ്ങാതിരിക്കുവാനും ശ്രദ്ധിച്ചാൽ നല്ലതാണ്.
രോഗബാധിതപ്രദേശങ്ങളിൽ ജീവിക്കുന്നവർക്കും,
അവിടെ സന്ദർശിക്കുന്നവർക്കും,
ഈ രോഗം വരാനുള്ള സാധ്യത ഏറെയാണ്.
കൂടാതെ,
സാഹസിക യാത്രികർ, പക്ഷി നിരീക്ഷകർ, ഇക്കോ ടൂറിസ്റ്റുകൾ, വനഗവേഷകർ, സൈനികർ, സമാധാന സേനാഅംഗങ്ങൾ എന്നിവർക്കും ഈ രോഗം പിടിപെടാം.
ഉൾപ്രദേശങ്ങളിലും നഗരങ്ങളുടെ പുറംപ്രദേശങ്ങളിലുമാണ് രോഗബാധിതരുടെ എണ്ണം കൂടുതൽ.
മണലീച്ചകളെ കൂടാതെ,
രോഗബാധിതയായ അമ്മയിൽ നിന്നും ഗർഭസ്ഥശിശുവിലേക്കും,
അണുവിമുക്തമാക്കാത്ത സൂചികൾ വഴിയും,
ഇഞ്ചക്ഷൻ സൂചികൾ പങ്കു വെക്കുന്നതിലൂടെയും,
കരിമ്പനി പകരാം.
അതായത്,
ആൾ നിസ്സാരക്കാരനല്ല!
ഇത്തിരി ശ്രദ്ധ ചെലുത്തണമെന്നെയുള്ളു!