· 2 മിനിറ്റ് വായന

ഓർമ്മകൾ ഉണ്ടായിരിക്കണം

Current Affairsകോവിഡ്-19പകര്‍ച്ചവ്യാധികള്‍പൊതുജനാരോഗ്യം
മിസ്സിസ് ആൻഡേഴ്സൺ പ്രവേശിക്കുമ്പോൾ ബോട്ടിലെ യാത്രക്കാരുടെ ആകാംക്ഷയും വാത്സല്യവും നിറഞ്ഞ അനേകം കണ്ണുകൾ അവരുടെ കയ്യിലെ ബേബികാരിയേജിൽ ഉറങ്ങുന്ന രണ്ട് കുഞ്ഞുങ്ങളിൽ ഉടക്കി നിന്നു. അത്രക്ക് സുന്ദരമായിരുന്നു ആ കാഴ്ച്ച. മനോഹരമായി വസ്ത്രം ധരിപ്പിച്ച്, അണിയിച്ചൊരുക്കി, ഒരേ നിറമുള്ള പുതപ്പുകൾ കൊണ്ട് പുതപ്പിച്ച ഒരേ രൂപമുള്ള രണ്ട് കുരുന്നുകൾ .
“ഇരട്ടക്കുട്ടികളാണോ?”
“രണ്ടു പേരും നല്ല ഉറക്കമാണല്ലോ ”
യാത്രക്കാരിൽ പലരും കുശലം ചോദിക്കുന്നുണ്ടായിരുന്നു. തൻ്റെ മനസ്സിലെ വികാരങ്ങൾ മുഖത്ത് പ്രകടിപ്പിക്കാതിരിക്കാൻ മിസ്സിസ് ആൻഡേഴ്സൺ വല്ലാതെ പാടുപെട്ടു. രണ്ടു വയസ്സു തികയാത്ത തൻ്റെ ഇരട്ടക്കുട്ടികളിൽ ഒരാൾ ഇനി ഉറക്കമുണരില്ലെന്ന ചിന്ത അവരുടെ ഹൃദയത്തെ നുറുക്കുന്നുണ്ടായിരുന്നു. വേദന കടിച്ചമർത്തി അവർ യാത്രക്കാരോട് പുഞ്ചിരിക്കാൻ ശ്രമിച്ചു. തൻ്റെ കുഞ്ഞിൻ്റെ ശവസംസ്കാരത്തിനായുള്ള യാത്രയാണ്. ഒത്തിരി മൈലുകൾ അകലെ പരിചയമുള്ള ശ്മശാന സൂക്ഷിപ്പുകാരനോട് സംസാരിച്ചുറപ്പിച്ച പ്രകാരമാണ് അവർ ഇങ്ങനെ ഒരു കടുത്ത നടപടിക്ക് ഇറങ്ങി തിരിച്ചത്. ഇങ്ങനെയല്ലാതെ ശവശരീരം അത്ര ദൂരം കൊണ്ട് പോകാൻ അവർക്ക് വേറെ മാർഗ്ഗങ്ങൾ ഉണ്ടായിരുന്നില്ല. അതല്ലെങ്കിൽ തൻ്റെ നാട്ടിൽ കൂട്ടിയിട്ട ശവശരീരങ്ങളിൽ ഒന്നായി ഈ കുരുന്നിൻ്റെ ശരീരവും കാത്തു കിടക്കും. ദുർഗന്ധം വമിപ്പിച്ചു കൊണ്ട്.
ഇത് മിസ്സിസ് ആൻഡേഴ്സൻ്റെ ഒറ്റപ്പെട്ട ദുഃഖമായിരുന്നില്ല. ഫിലാഡൽഫിയയിൽ 1918 ലെ സ്പാനിഷ് ഫ്ലൂവിൽ പിഴുതെറിയപ്പെട്ട അനേകായിരം ജീവനുകളിൽ ഒന്നായിരുന്നു, അവരുടെ ഇരട്ടക്കുട്ടികളിൽ ഒരാൾ, ഒന്നര വർഷം പ്രായമായ അഗസ്റ്റ. ജീവിതത്തിലും മരണത്തിലും നീതി നിഷേധിക്കപ്പെട്ട അനേകായിരം മനുഷ്യർ ഫിലാഡൽഫിയയിൽ അന്ന് കുന്നുകൂടിക്കിടന്നു. സിമിത്തേരിപ്പറമ്പുകളിലെ കുഴികൾക്കൊന്നും ശവശരീരങ്ങൾ ഉൾക്കൊള്ളാൻ കഴിഞ്ഞില്ല. പള്ളിയിലെ ജീവനക്കാരും സെമിനാരിയിലെ വിദ്യാർത്ഥികളും രാവും പകലും ശരീരം അടക്കാനുള്ള കുഴികൾ വെട്ടിക്കൊണ്ടിരുന്നു. ഒരു കുഴിയിൽ നിരവധി ശരീരങ്ങൾ ഒന്നിച്ച് അടക്കി നോക്കി. എന്നിട്ടും അവർക്ക് ശവശരീരങ്ങളോട് മാന്യത കാണിക്കാൻ കഴിഞ്ഞില്ല. ഈച്ചകൾ പൊതിഞ്ഞ, പുഴു അരിച്ച, ശരീരങ്ങൾ കിടന്നു, ഊഴവും കാത്ത്.
ജീവനുള്ളതും മരിച്ചതുമായ രണ്ട് കുഞ്ഞുങ്ങളേയും കൊണ്ട് യാത്ര ചെയ്യേണ്ടി വന്ന ആ അമ്മ അന്ന് മനംനൊന്ത് പ്രാകിക്കാണണം. തന്റെ കുഞ്ഞിനോട് മരണത്തിൽ പോലും ദയ കാണിക്കാത്ത വിധിയെ ഓർത്ത്, സാമൂഹിക വ്യവസ്ഥിതിയെ ഓർത്ത്.
ഒന്നാം ലോകമഹായുദ്ധത്തിൽ പങ്കെടുത്ത പട്ടാളക്കാരാണ് ആ നാട്ടിലേക്ക് മരണം വിതറുന്ന വൈറസിനെ ഇറക്കുമതി ചെയ്യുന്നത്. അന്നത്തെ ശാസ്ത്രം അതൊരു അണുബാധയാണെന്നും, അത് പകർന്ന് കൂടുതൽ മരണങ്ങൾ ഉണ്ടാക്കാമെന്നും പ്രവചിച്ചു. (അത് ഇൻഫ്ലുവെൻസ എന്ന വൈറസാണെന്ന് പിന്നീട് തിരിച്ചറിഞ്ഞു). ജനങ്ങളോട് ശാരീരിക അകലം പാലിക്കാനും രോഗലക്ഷണങ്ങൾ ഉള്ളവരോട് ക്വാറന്റൈനിൽ കഴിയാനും ആരോഗ്യ പ്രവർത്തകർ ഉപദേശിച്ചു. രോഗവ്യാപനം ഒന്ന് ഒതുങ്ങിയെന്ന് തോന്നിപ്പിച്ച ഘട്ടത്തിലാണ് എല്ലാ ഉപദേശങ്ങളും കാറ്റിൽ പറത്തിക്കൊണ്ട് ഫിലാഡൽഫിയ കണ്ട ഏറ്റവും വലിയ പ്രകടനങ്ങളിൽ ഒന്നായ ‘ലിബർട്ടി പരേഡ്’ 1918 സെപ്തംബർ 28ന് അരങ്ങേറിയത്. ദേശീയ വികാരം പ്രകടിപ്പിക്കാൻ രണ്ട് ലക്ഷത്തോളം പേരാണ് തെരുവിൽ ഇറങ്ങിയത്. യുദ്ധച്ചെലവിനുള്ള പണപ്പിരിവിനു വേണ്ടി സംഗീത പരിപാടികളും ഇതിനോടൊപ്പം നടന്നു. അതിന് ആ നാട് കൊടുക്കേണ്ടി വന്ന വില വളരെ വലുതായിരുന്നു. വളരെ ചുരുങ്ങിയ ദിവസങ്ങൾ കൊണ്ട് ഫ്ലൂ പടർന്ന് പിടിച്ചു. ഒക്റ്റോബർ ആദ്യവാരങ്ങളിൽ അവിടെ മരണം താണ്ഡവമാടി . ഏതാണ്ട് 17500 പേർക്ക് ജീവൻ നഷ്ടപ്പെട്ടു. ഒറ്റ ദിവസത്തെ മരണസംഖ്യ 837 വരെ എത്തി.
ഇതൊരു ഭാവനയിൽ വിരിഞ്ഞ കഥയല്ല. 1918 ലെ സ്പാനിഷ് ഫ്ലൂ എന്ന പാൻഡമികിൻ്റെ എഴുതപ്പെട്ട ചരിത്രത്തിൽ നിന്നെടുത്ത ഒരു ഭാഗമാണ്. ഭൂമിയിൽ ജീവിച്ചിരുന്ന മൂന്നിൽ ഒന്ന് മനുഷ്യരേയും പിടികൂടിയ വൈറസ് അൻപത് ദശലക്ഷത്തിൽ കൂടുതൽ ആളുകളെയാണ് കൊന്നൊടുക്കിയത്. മനുഷ്യൻ ഭൂമിയിൽ അവതരിച്ച ശേഷം നേരിട്ട ഏറ്റവും വലിയ ദുരന്തങ്ങളിൽ ഒന്ന്.
സ്പാനിഷ് ഫ്ലൂവിന് ശേഷം ലോകം കണ്ട ഏറ്റവും വലിയ പാൻഡമിക്കിനാണ് നാം ദൃക്സാക്ഷികളാകുന്നത്. ശാസ്ത്രവും സാങ്കേതികവിദ്യകളും പുരോഗമിച്ചു. മനുഷ്യനും മനുഷ്യൻ്റെ പ്രാഥമിക വികാരങ്ങൾക്കും മാറ്റമില്ല. രോഗമുണ്ടാക്കുന്നതും കൊല്ലുന്നതും വൈറസ് തന്നെ. പക്ഷെ അതിനു വേണ്ട വളം വെച്ച് കൊടുക്കുന്നത് മനുഷ്യരുടെ പലതരത്തിലുള്ള മണ്ടത്തരങ്ങളായിരുന്നു എന്നത് ചരിത്രം. ചരിത്രം പാഠങ്ങൾ പഠിക്കാനുള്ളതാണ്.

 

ലേഖകർ
Shameer V K completed MBBS from Pariyaram Medical College and MD General Medicine from Govt Medical College, Thrissur. He has worked at Malabar Medical College, KMCT Med College, and Thrissur Medical College. Presently Assistant Professor, Kozhikode Medical College. Special interest - Infectious Diseases, Diabetes and Geriatrics.
ചിത്രകാരൻ
Design Co-ordinator, Infoclinic.

മികച്ച വർഗ്ഗങ്ങൾ

എല്ലാ വർഗ്ഗങ്ങളും
പൊതുജനാരോഗ്യം

284 ലേഖനങ്ങൾ

Current Affairs

240 ലേഖനങ്ങൾ

കോവിഡ്-19

236 ലേഖനങ്ങൾ

ആരോഗ്യ അവബോധം

115 ലേഖനങ്ങൾ

സുരക്ഷ

64 ലേഖനങ്ങൾ

ശിശുപരിപാലനം

59 ലേഖനങ്ങൾ

കിംവദന്തികൾ

53 ലേഖനങ്ങൾ

Infectious Diseases

52 ലേഖനങ്ങൾ

Medicine

45 ലേഖനങ്ങൾ