· 6 മിനിറ്റ് വായന

കൊറോണക്കെതിരെ കരുതലോടെ കേരളം

Current AffairsInfectious Diseasesആരോഗ്യ പരിപാലനംകോവിഡ്-19പൊതുജനാരോഗ്യം

ഒരാൾ തൻ്റെ ആദ്യ അവസരത്തിൽ തന്നെ വളരെ കഠിനമായ ഒരു മത്സരം അല്ലെങ്കിൽ പരീക്ഷണം അപ്രതീക്ഷിതമായി അതിജീവിച്ചാൽ നമ്മൾ ഒരു തുടക്കക്കാരൻ്റെ ഭാഗ്യം (beginners luck) എന്ന് വിശേഷിപ്പിക്കാറുണ്ട്. പക്ഷേ വിജയം വീണ്ടും വീണ്ടും ആവർത്തിച്ചാൽ..?

ഇത് തന്നെയാണ് പകർച്ചവ്യാധികളുടെ കാര്യത്തിൽ കേരളത്തിൽ സംഭവിച്ചതും. നിപ നിയന്ത്രണത്തിലാക്കാൻ കഴിഞ്ഞത് ഒരു തുടക്കക്കാരൻ്റെ ഭാഗ്യം മാത്രമാണെങ്കിൽ വെള്ളപ്പൊക്കത്തിന് ശേഷമുള്ള അണുബാധ? രണ്ടാം നിപ? ഇപ്പോൾ കോവിഡ് 19 (കൊറോണ)?

കേരളം വീണ്ടും വീണ്ടും തെളിയിക്കുകയാണ്. ഇത് വെറുമൊരു ഭാഗ്യമോ യാദൃച്ഛികതയോ ആവാൻ തരമില്ല.

ഇതു പോലെ ഏതൊരു കഠിനമായ കർത്തവ്യം ഏറ്റെടുക്കുമ്പോഴും അത് മൂന്ന് ഘടകങ്ങളെ ആശ്രയിച്ചിരിക്കും
1. ആസൂത്രണം
2. നിറവേറ്റുന്ന രീതി
3. ഭൗതിക സാഹചര്യങ്ങൾ

കേരളത്തിൽ സാംക്രമിക രോഗങ്ങളെ (എപ്പിഡമിക്കുകൾ) നേരിടാൻ ഈ ഘടകങ്ങളെ കോർത്തിണക്കുന്നത് എങ്ങനെയാണെന്ന് കൊറോണയെ നേരിടുന്ന മാർഗ്ഗങ്ങൾ ഉദാഹരണമാക്കി പരിശോധിക്കാം.

?വുഹാനിലെ കൊറോണയും കേരളവും?

ചൈനയിലെ വുഹാനിൽ കൊറോണ ബാധ സ്ഥിരീകരിക്കുകയും അവിടെയുള്ള ആളുകളിൽ കൂടുതലായി രോഗം കണ്ടു തുടങ്ങുകയും ചെയ്ത അവസരത്തിൽ തന്നെ കേരളത്തിൽ ഈ രോഗത്തെ കുറിച്ചുള്ള ചിന്തകൾ ഉണർന്നു കഴിഞ്ഞിരുന്നു. ജനവാസമുള്ള ലോകത്തിൻ്റെ ഏത് കോണിലും ഒരു മലയാളിയെങ്കിലും ഉണ്ടാകും എന്നത് വെറുമൊരു തമാശയല്ല. ചൈനയിലും മലയാളി സാന്നിദ്ധ്യം അപൂർവമല്ല.

ഏറ്റവും കൂടുതൽ ചൈനയിൽ പോകുന്നത് എം ബി ബി എസ് പഠനത്തിനാണെങ്കിൽ ബിസിനാവശ്യത്തിന് വേണ്ടി പോകുന്നതും കുറവല്ല. അതു കൊണ്ടു തന്നെ വുഹാനിലെ അണുബാധ കേരളത്തിൽ ആരോഗ്യ പ്രവർത്തകരുള്ള വാട്ട്സ്ആപ്പ് ഗ്രൂപ്പുകളിലെല്ലാം സജീവ ചർച്ചക്ക് വഴിതെളിച്ചിരുന്നു.

ചൈനയിലല്ലാതെ ഒരാൾക്കു പോലും രോഗം കണ്ടെത്തുന്നതിന് മുൻപ് തന്നെ രോഗം പുറം ലോകങ്ങളിലേക്ക് വ്യാപിക്കാനുള്ള സാദ്ധ്യതയെ കുറിച്ചും ഇവിടെ ചർച്ചകൾ തുടങ്ങി. മാദ്ധ്യമങ്ങളെല്ലാം തന്നെ അവരുടെ വാർത്തകളിൽ പ്രഥമ പരിഗണന കൊറോണക്ക് നൽകി. സർക്കാർ മെഡിക്കൽ കോളേജുകളിൽ ഒരു ഔദ്യോഗിക നിർദ്ദേശം ലഭിക്കും മുൻപ് തന്നെ ഇത്തരം സാഹചര്യങ്ങൾ സംജാതമായാൽ എങ്ങനെ നേരിടുമെന്നുള്ള ആലോചനകളും തയ്യാറെടുപ്പുകളും തുടങ്ങി.

അത് കഴിഞ്ഞാണ് ചൈനയിലെ രോഗികളുടെ എണ്ണം ക്രമാതീതമായി വർദ്ധിക്കുന്നതും മറ്റു പല രാജ്യങ്ങളിലും രോഗം സ്ഥിരീകരിക്കുന്നതും. ഇന്ത്യക്കും ചൈനക്കും ഇടയിൽ ഉള്ള യാത്രയും മറ്റു ബന്ധങ്ങളും പരിഗണിച്ച് ഇന്ത്യൻ സർക്കാർ ഉടനടി കൊറോണ മാർഗ്ഗരേഖകൾ പ്രഖ്യാപിച്ചു. കേരള ആരോഗ്യ വകുപ്പ് ഇതിൻ്റെ കേരള പതിപ്പ് പുറത്തിറക്കുകയും എല്ലാ റെഫറൽ കേന്ദ്രങ്ങളിലും നടപടികൾ ആരംഭിക്കാൻ ആവശ്യപ്പെടുകയും ചെയ്തു. അന്നു മുതൽ കേരളത്തിലെ ആരോഗ്യ പ്രവർത്തകർ, സർക്കാർ സ്വകാര്യ വിത്യാസം ഇല്ലാതെ നിതാന്ത ജാഗ്രതയിലായിരുന്നു.

രോഗം പകരുന്ന മാർഗ്ഗത്തിൽ കൃത്യമായ അറിവുണ്ടാവുക, അതേ കുറിച്ച് സമൂഹത്തിൽ അവബോധം സൃഷ്ടിക്കുക എന്നതായിരുന്നു തടയാനുള്ള ഒരേ ഒരു മാർഗ്ഗം. ഈ നാളു കൊണ്ട് അതിനുള്ള എല്ലാ ശ്രമങ്ങളും തുടങ്ങി കഴിഞ്ഞിരുന്നു. മനുഷ്യനിൽ നിന്ന് മനുഷ്യരിലേക്ക് പകരാമെന്നും, ഇനി ചൈനയിൽ നിന്നും രോഗമുള്ള മറ്റു രാജ്യങ്ങളിൽ നിന്നും രോഗാണു വാഹകരായ ആളുകൾ കേരളത്തിലേക്ക് എത്താമെന്നുമുള്ള കൃത്യമായ കണക്കുകൂട്ടൽ ഇവിടെ ഉണ്ടായിരുന്നു. ഇവരെ നിരീക്ഷിക്കുന്നത് വിമാനത്താവളങ്ങളിൽ തന്നെ തുടങ്ങാമെന്നാണ് തീരുമാനിച്ചത്.

ഈ രാജ്യങ്ങളിൽ നിന്നും എത്തുന്നവരുടെ ലിസ്റ്റ്, അവരുടെ ഫോൺ നമ്പറും അഡ്രസ്സുമടക്കം ആരോഗ്യ പ്രവർത്തകർക്കു കൈമാറുന്ന സിസ്റ്റം നിലവിൽ വന്നു. വിമാനത്താവളത്തിലെ ജീവനക്കാർ ഇതിനോട് പ്രത്യേകം സഹകരിച്ചു. അവരെ സഹായിക്കാൻ ആരോഗ്യ പ്രവർത്തകരുടെ പ്രത്യേക കൗണ്ടർ വിമാനത്താവളങ്ങളിൽ തുറന്നു. യാത്രക്കാരിൽ പനിയുള്ളവരെ അവിടെ വെച്ച് തന്നെ കണ്ടെത്താനുള്ള നടപടികളും ആരംഭിച്ചു. ഈ രാജ്യങ്ങളിൽ നിന്നും മടങ്ങിയവരുടെ വിവരങ്ങൾ വെച്ച് ഒരു ഗൂഗിൾ ഷീറ്റ് രൂപീകരിച്ച് അതിൽ കൂട്ടി ചേർത്തു കൊണ്ടിരുന്നു.

ഒരാൾ കേരളത്തിൽ വന്നിറങ്ങുമ്പോൾ അതാത്‌ ജില്ലാ ആരോഗ്യ കാര്യാലയങ്ങളിൽ അയാളുടെ വിശദാംശങ്ങൾ, അയാളുടെ തൊട്ടടുത്ത പ്രാഥമികാരോഗ്യകേന്ദ്രം, ചാർജുള്ള സർക്കാർ ഡോക്ടർ, ഹെൽത്ത് ഇൻസ്പക്റ്റർ തുടങ്ങിയവരുടെ വിശദാംശങ്ങൾ അടക്കം രേഖപ്പെടുത്തി. അതേ സമയം തന്നെ പ്രസ്തുത ആരോഗ്യ പ്രവർത്തകർക്ക് ഈ യാത്രക്കാരുടെ വിവരങ്ങൾ കൈമാറുകയും അവരുടെ മുഴുവൻ ഉത്തരവാദിത്തവും ആ പ്രവർത്തകർക്ക് നൽകുകയും ചെയ്തു.

യാത്രക്കാർക്ക് ഇരുപത്തിയെട്ട് ദിവസത്തെ ക്വാറൻ്റൈൻ നിർബന്ധമാക്കി. ഇവർക്കു ഉണ്ടാവാൻ സാദ്ധ്യതയുള്ള ലക്ഷണങ്ങൾ ദൃശ്യ, ശ്രവണ, സമൂഹ മാദ്ധ്യമങ്ങളിലൂടെ പരസ്യപ്പെടുത്തിക്കൊണ്ടിരുന്നു. അതോടൊപ്പം ലക്ഷണങ്ങൾ ഉണ്ടാകുന്ന സാഹചര്യങ്ങളിൽ അവർ പോകേണ്ട ആശുപത്രി, വിളിക്കേണ്ട നമ്പർ എന്നിവയും നിത്യേന അറിയിച്ചു കൊണ്ടിരുന്നു.

പ്രധാനപ്പെട്ട ജില്ലകളിലെല്ലാം ചെറിയ ലക്ഷണങ്ങളുമായി വരുന്നവർക്ക് ജില്ലാ ആശുപത്രികളിലും സങ്കീർണ്ണതകളുമായി വരുന്നവർക്ക് മെഡിക്കൽ കോളേജുകളിലും ഐസൊലേഷൻ വാർഡുകളും തയ്യാറാക്കി നിർത്തി. സംശയമുള്ള ലക്ഷണങ്ങളുമായി വരുന്നവരുടെ സാംപിളുകൾ പരിശോധനക്കയക്കാനുള്ള സൗകര്യങ്ങൾ ഈ കേന്ദ്രങ്ങളിൽ ഒരുക്കി. സാംപിളുകൾ ടെസ്റ്റ് ചെയ്ത് നെഗറ്റീവ് റിപ്പോർട്ട് കിട്ടുന്നവരെ ഇവരെ പുറം ലോകവുമായി സമ്പർക്കം അനുവദിക്കാതെ ഐസൊലേഷനിൽ തന്നെ നിലനിർത്തി.

?കേരളത്തിലെ കൊറോണയുടെ സ്ഥിരീകരണം?

ഏകോപനത്തോടെയുള്ള പ്രവർത്തനങ്ങൾ നടന്നുകൊണ്ടിരിക്കുമ്പോഴാണ് കേരളത്തിലെ ആദ്യത്തെ രോഗിയുടെ സ്രവങ്ങളിൽ കൊറോണ കണ്ടെത്തുന്നത്. ഈ രോഗി സഞ്ചരിച്ച വഴികൾ പരിശോധിച്ചാൽ തന്നെ കേരളത്തിലെ അതുവരെയുള്ള പ്രതിരോധ പ്രവർത്തനങ്ങളുടെ ഏകദേശ രൂപം നമുക്കു ലഭിക്കും.

ഇവർ ചൈനയിൽ നിന്നും കൊൽക്കത്ത വഴി കേരളത്തിൽ എത്തിയ ഒരാളായിരുന്നു. കേരളത്തിൽ വന്നിറങ്ങുമ്പോൾ യാതൊരു ലക്ഷണങ്ങളും ഉണ്ടായിരുന്നില്ല. അവർ ആരോഗ്യ പ്രവർത്തകരുടെ നിർദ്ദേശങ്ങൾ അനുസരിച്ച് വീട്ടിൽ കഴിയുകയായിരുന്നു. ചെറിയ തൊണ്ടവേദനയും ചുമയും പ്രത്യക്ഷപ്പെട്ടപ്പോൾ നേരെ ജില്ലാ ആശുപത്രിയിൽ ചികിത്സ തേടി. അവിടെ ഐസൊലേഷനിൽ പ്രവേശിപ്പിക്കപ്പെട്ടു.

രണ്ടു ദിവസം കഴിഞ്ഞ് വന്ന പരിശോധനാ ഫലം കൊറോണ സ്ഥിരീകരിക്കുകയായിരുന്നു. ചൈനയിലൂടെ നടത്തിയ യാത്രകൾ, കൊൽക്കത്ത വരെ നടത്തിയ യാത്ര, കൊൽക്കത്തയിൽ നിന്നും കേരളത്തിലേക്കുള്ള യാത്ര എന്നിവ ഒഴിച്ചു നിർത്തിയാൽ അവർ പിന്നീടങ്ങോട്ട് പൂർണമായും ക്വാറൻ്റൈൻ അല്ലെങ്കിൽ ഐസൊലേഷനിൽ ആയിരുന്നെന്ന് കാണാൻ കഴിയും.

ചെറിയ ലക്ഷണങ്ങൾ കണ്ടുതുടങ്ങിയപ്പോൾ മുതൽ അവർ മാസ്ക് ഉപയോഗിക്കാതെ ബന്ധുക്കളോടുപോലും ഇടപഴകിയിരുന്നില്ല. രണ്ടു തവണ ടെസ്റ്റ് ചെയ്ത് സ്രവങ്ങളിലോ രക്തത്തിലോ വൈറസിൻ്റെ അംശങ്ങളൊന്നും ഇല്ലെന്ന് ബോധ്യം വന്ന ശേഷമാണ് അവർ പുറം ലോകവുമായി ബന്ധപ്പെടുന്നത്. ഒരു മാസത്തോളം സമയം അവർ ഐസൊലേഷനിൽ കഴിഞ്ഞിട്ടുണ്ടാവണം.

കേരളത്തിലെ പ്രതിരോധ പ്രവർത്തനങ്ങളെ ആദ്യത്തെ കൊറോണ പോസിറ്റീവ് രോഗി പല രീതിയിലും സ്വാധീനിച്ചു. പ്രവർത്തനങ്ങൾ ഊർജ്ജിതമായി. നേരത്തേ ഐസൊലേഷൻ വാർഡുകൾ തുടങ്ങി വെച്ചിരുന്നെങ്കിലും ആലസ്യത്തോടെ പ്രവർത്തിച്ചിരുന്നവ കുറ്റമറ്റ രീതിയിലേക്ക് മാറ്റേണ്ടി വന്നു.

ഐസൊലേഷൻ വെറുമൊരു പേരല്ല. നേരത്തേ പ്രവർത്തിക്കുന്ന വാർഡുകളിലെ രോഗികളെ ഒഴിപ്പിച്ച് പുതിയ ബോർഡ് സ്ഥാപിച്ചാലും ഐസൊലേഷൻ വാർഡാകില്ല. രോഗി മറ്റൊരാൾക്ക് രോഗാണു കൈമാറാനുള്ള ഒരു സാഹചര്യവും അവിടെ ഉണ്ടാവാൻ പാടില്ല. കേരളത്തിലെ സർക്കാർ ആശുപത്രികൾ പോലെ തിരക്കുള്ള ഇടങ്ങളിൽ ഇവ സ്ഥാപിക്കലും നിലനിർത്തലും അത്യന്തം ദുഷ്കരമായ പരീക്ഷണം തന്നെയാണ്.

ഇവിടെ ഏറ്റവും വലിയ കടമ്പ ആരോഗ്യ പ്രവർത്തകർക്ക് അണുബാധ ഏൽക്കാതെ നോക്കുക എന്നുള്ളതാണ്. കാരണം ഐസൊലേഷനിൽ രോഗിയുമായി സമ്പർക്കം ആരോഗ്യ പ്രവർത്തകർക്കാണല്ലോ. നേരത്തേ ഐസൊലേഷനിൽ പ്രവർത്തിച്ചു പരിചയമില്ലാത്ത തൃശൂർ, ആലപ്പുഴ, കാഞ്ഞങ്ങാട് എന്നീ സ്ഥലങ്ങളിൽ മണിക്കൂറുകൾ കൊണ്ടാണ് ഐസൊലേഷൻ പൂർണ്ണ സജ്ജമാക്കുന്നത്. ആയിരക്കണക്കിന് ആരോഗ്യ പ്രവർത്തകർക്ക് ദിവസങ്ങൾ കൊണ്ട് പരിശീലനം കൊടുക്കേണ്ടി വന്നു. മറ്റൊരാൾക്കും അണുബാധ പകർന്നു കിട്ടിയില്ല എന്നത് ഇവരുടെ പ്രവർത്തനവിജയത്തിൻ്റെ അളവുകോൽ ആയി എടുക്കാവുന്നതാണ്.

ആദ്യത്തെ പോസിറ്റീവ് രോഗി ചികിത്സാ കേന്ദ്രങ്ങളിൽ മാത്രമല്ല മാറ്റങ്ങൾ ഉണ്ടാക്കിയത്. മറ്റ് നിരീക്ഷണ മേൽനോട്ട സംവിധാനങ്ങളും അന്നു മുതൽ കൂടുതൽ ശക്തി ആർജിച്ചു. ആരോഗ്യ മന്ത്രിയുടെ നേതൃത്വത്തിൽ നിത്യേന അവലോകന യോഗങ്ങൾ നടന്നു. ആദ്യ രോഗി അഡ്മിറ്റായ തൃശൂരിൽ മന്ത്രി നേരിട്ടെത്തി പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുത്തു. വലിയ ദുരന്തങ്ങൾ ഉണ്ടാകുന്നതിന് മുൻപ് തന്നെ കേരളത്തിൽ കൊറോണ സംസ്ഥാന ദുരന്തമായി പ്രഖ്യാപിക്കപ്പെട്ടു.

ജില്ലകൾ കേന്ദ്രീകരിച്ച് ജില്ലാ കലക്ടർമാർ, ജില്ലാ മെഡിക്കൽ ഓഫീസർമാർ, നോഡൽ ഓഫീസർമാർ, പൊതു ആരോഗ്യ വിഭാഗത്തിലെ തലവൻമാർ തുടങ്ങിയവർ ദിവസവും ആസ്ഥാനങ്ങളിൽ യോഗം ചേർന്ന് പ്രവർത്തനങ്ങൾ വിലയിരുത്തി. ക്വാറന്റൈനിൽ ഉള്ളവരുടെ, ഐസൊലേഷനിൽ ഉള്ളവരുടെ, കൂടെ അവരുടെ സമ്പർക്കത്തിൽ വന്നവരുടെ ലിസ്റ്റ് പുതുക്കിക്കൊണ്ടിരുന്നു.

ഓരോ വീട്ടിലും ക്വാറൻ്റൈനിൽ ഇരിക്കുന്ന ആളുകളെ അതത് സ്ഥലങ്ങളിലെ ആരോഗ്യ കേന്ദ്രങ്ങളിൽ നിന്നും നിരന്തരം ഫോണിലൂടെ ബന്ധപ്പെട്ടുകൊണ്ടിരുന്നു. ഓരോ ദിവസത്തെ നിരീക്ഷണങ്ങൾ അവർ ജില്ലാ കേന്ദ്രങ്ങളിൽ അറിയിച്ചു. ഇത് കൂടാതെ ജില്ലാ കേന്ദ്രത്തിൽ നിന്ന് നേരിട്ട് വീടുകളിലേക്ക് വിളിച്ച് ക്രോസ് ചെക്ക് ചെയ്തു കൊണ്ടിരുന്നു. ഓരോ ദിവസത്തെയും പുരോഗതി, അന്നത്തെ ഐസൊലേഷനിലെ രോഗികളുടെ എണ്ണം അടക്കം ഔദ്യോഗികമായി പൊതു ജനത്തെ അറിയിച്ചു കൊണ്ടിരുന്നു. അത് പൊതു സമൂഹത്തിൻ്റെ ഭീതി കുറച്ചൊക്കെ ഇല്ലാതാക്കാനും സഹായിച്ചു.

അങ്ങനെ ഒരേ സമയം നല്ല ഐസൊലേഷൻ സംവിധാനങ്ങൾ റെഫറൽ കേന്ദ്രങ്ങളിലും, താളാത്മകമായി പ്രവർത്തിക്കുന്ന നിരീക്ഷണ മേൽനോട്ട സംവിധാനങ്ങൾ പുറത്തും – ഇതാണ് ഓരോ എപ്പിഡമിക്കുകളിലെയും പ്രതിരോധ പ്രവർത്തനങ്ങളുടെ നെടുംതൂണുകൾ.

?കേരളത്തിലെ ഭൗതികസൗകര്യങ്ങളും മനുഷ്യവിഭവശേഷിയും?

വാക്കുകളിലൂടെ വർണ്ണിക്കാൻ എളുപ്പമാണെങ്കിലും മേൽ പറഞ്ഞ കാര്യങ്ങൾ പ്രയോഗത്തിലെത്തുമ്പോൾ അത്യന്തം കഠിനമായിരിക്കും. ഒരു സംസ്ഥാനത്തിൻ്റെ പല ഭാഗങ്ങളിൽ ചിതറിക്കിടക്കുന്ന ജനക്കൂട്ടത്തിൻ്റെ ജീവിതം ഒരു സിസ്റ്റത്തിൻ്റെ നിർദ്ദേശങ്ങൾക്കനുസൃതമാക്കി കൊണ്ടുവരുന്നതിൻ്റെ പ്രായോഗിക ബുദ്ധിമുട്ടുകൾ ഊഹിക്കാവുന്നതിലും അധികമാണ്. ഇത്ര ഭാരിച്ച ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കാനുള്ള ഭൗതിക സൗകര്യങ്ങൾ കേരളത്തിൽ ഉണ്ടായിരുന്നോ എന്ന ചോദ്യവും വളരെ പ്രസക്തമാണ്.

കേരളം കൈവരിക്കുന്ന നേട്ടങ്ങളും കേരളത്തിൽ നിലവിലുണ്ടായിരുന്ന സൗകര്യങ്ങളും ആനുപാതികമായിരുന്നില്ല എന്നതാണ് സത്യം. സർക്കാർ ആശുപത്രികളിൽ എവിടെയും സ്വന്തമായി ഐസൊലേഷൻ സൗകര്യങ്ങൾ ഉണ്ടായിരുന്നില്ല. അതോടൊപ്പം ആശുപത്രിക്കുള്ളിൽ വെച്ച് ഉണ്ടാകാൻ സാദ്ധ്യതയുള്ള അണുബാധകൾ തടയാനുള്ള അത്യാവശ്യ നടപടികൾ പോലും പല ആശുപത്രികളിലും സ്വീകരിക്കാൻ കഴിയുമായിരുന്നില്ല.

അനിയന്ത്രിതമായ തിരക്ക് തന്നെ പ്രധാന കാരണം. ഈ ആശുപത്രികളിൽ ജോലി ചെയ്യുന്ന ഭൂരിപക്ഷം ജീവനക്കാരും ഇത്തരം അണുബാധകളെ നേരിടാനുള്ള പരിശീലനം ലഭിച്ചവർ ആയിരുന്നില്ല. സർക്കാർ ആരോഗ്യമേഖലയിൽ കുറവുകൾ വരാതെ പ്രവർത്തിക്കാനുള്ള എണ്ണം ജീവനക്കാർ ഉണ്ടായിരുന്നില്ല. അങ്ങനെ ഒട്ടനവധി ന്യൂനതകളും പ്രാരാബ്ധങ്ങളും ഉള്ള ഒരു സംവിധാനം ഉപയോഗിച്ചാണ് ഇത്തരം പ്രവർത്തനങ്ങൾ ഏറ്റെടുക്കുന്നതെന്ന് പ്രത്യേകം എടുത്തു പറയേണ്ടതാണ്.

പിന്നെ ഇതെങ്ങനെ സാദ്ധ്യമാകുന്നു?

ഭൗതികസൗകര്യങ്ങളുടെ ഈ ന്യൂനതകളെല്ലാം ആരോഗ്യ പ്രവർത്തകരുടെയും അധികാരികളുടേയും പൊതുജനത്തിൻ്റേയും അവസരോചിതമായ ഇടപെടലുകളിലൂടെയും കൂട്ടായ്മയിലൂടെയും ഏകോപിതമായ കഠിനാധ്വാനത്തിലൂടെയുമാണ് നികത്തുന്നത്. അമിത സമയം ജോലി ചെയ്തും തങ്ങളുടേതല്ലാത്ത പല ജോലികൾ ഏറ്റെടുത്തുമൊക്കെ ഡോകടർമാരും ജീവനക്കാരും ഒന്നിച്ച് നിൽക്കുന്നതിൻ്റെ ഫലമാണ് ഈ വിജയങ്ങൾ എന്ന് നിസ്സംശയം പറയാം.

ഈ പ്രതിരോധത്തിലെ പൊതു ജനത്തിൻ്റെ പങ്കും പരാമർശിക്കാതിരുന്നുകൂട. ആരോഗ്യ വകുപ്പിൻ്റെ നിർദ്ദേശങ്ങൾ പൊതു ജനം അനുസരിച്ചാൽ മാത്രമേ ഈ പ്രവർത്തനങ്ങൾ വിജയിക്കൂ. ഒറ്റപ്പെട്ട ചില സംഭവങ്ങൾ ഒഴിച്ചാൽ കേരളീയരുടെ സഹകരണം ഏറ്റവും കൂടുതൽ കണ്ട അവസരങ്ങളായിരുന്നു നിപ്പയും വെള്ളപ്പൊക്കവും കഴിഞ്ഞാൽ കൊറോണ.

ഇതിൽ പ്രത്യേകം നന്ദി പറയേണ്ട വിഭാഗമാണ് ചൈനയിൽ നിന്നും തിരിച്ചെത്തിയവർ. നീണ്ട 28 ദിവസങ്ങൾ പുറം ലോകവുമായി ബന്ധമില്ലാതെ അവർ ഒളിവിൽ താമസിച്ചു. ഒറ്റപ്പെട്ടതാണെങ്കിലും ചിലയിടങ്ങളിൽ അവർ കുറ്റപ്പെടുത്തലുകളും പീഢനങ്ങളും അനുഭവിക്കേണ്ടിയും വന്നു. ചിലരുടെ കുടുംബത്തേയും കുട്ടികളേയും പൊതു സമൂഹം മാറ്റി നിർത്തി. നാടിൻ്റെ നന്മക്കു വേണ്ടിയുള്ള കൂട്ടായ ചികിത്സയുടെ ഒരു ചെറിയ പാർശ്വഫലമായിരുന്നു ഇതെന്ന് തൽക്കാലം സമാധാനിക്കാം.

?സാംക്രമിക രോഗങ്ങൾ – പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാവി?

ഭൗതിക സാഹചര്യങ്ങളിലെ പല കുറവുകളും നികത്തുന്നത് കൂട്ടായ്മയും കിനാദ്ധ്വാനവുമാണെന്ന് പറഞ്ഞ് കഴിഞ്ഞല്ലോ. ഇത് എല്ലാ തവണയും ആവർത്തിക്കുമെന്ന് പ്രതീക്ഷിച്ച് ഇരുന്നു കൂടാ. സ്ഥിരമായ ഒരു സംവിധാനം നമുക്ക് ഇത്തരം പ്രതിസന്ധികളെ പ്രതിരോധിക്കാൻ ആവശ്യമാണ്. സുസജ്ജമായ ഐസൊലേഷൻ സംവിധാനങ്ങൾ, ആവശ്യത്തിന് പരിശീലനം ലഭിച്ച ജീവനക്കാർ, പെട്ടെന്ന് പരിശോധനാ ഫലം ലഭിക്കുന്ന ലാബ് സൗകര്യം തുടങ്ങിയവ സംസ്ഥാനത്ത് അത്യന്താപേക്ഷിതമാണ്.

നോവൽ കൊറോണയുടെ പേര് കോവിഡ് 19 ആയി. ചൈനയിൽ രോഗികളുടെ എണ്ണം കുറഞ്ഞു തുടങ്ങി. പക്ഷേ ഇറാൻ പോലെയുള്ള അറബ് രാജ്യങ്ങളിൽ എണ്ണം കൂടിത്തുടങ്ങി. ഇന്ത്യയിൽ പുതിയ മൂന്ന് രോഗികളിൽ കോവിഡ് സ്ഥിരീകരിച്ചു. കേരളത്തോട് കോവിഡ് ഒന്നുകൂടി അടുക്കുകയാവാം. കോവിഡ് അല്ലെങ്കിൽ മറ്റൊരു വൈറസ് ഇനിയും നമ്മളെ ആക്രമിക്കാം. ഇനിയൊരു വൈറസ് ആക്രമിക്കാൻ വന്നാൽ “എൻറുപ്പൂപ്പാക്കൊരാനണ്ടാർന്ന്” എന്ന് പറഞ്ഞിരുന്നാൽ വൈറസ് കീഴടങ്ങുമെന്ന് പ്രതീക്ഷിക്കരുത്. അനുഭവങ്ങളിൽ നിന്ന് പാഠം പഠിച്ച്, വിജയങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട്, തെറ്റുകൾ തിരുത്തി നാം മുന്നേറുകയാണ് വേണ്ടത്.

ലേഖകർ
Shameer V K completed MBBS from Pariyaram Medical College and MD General Medicine from Govt Medical College, Thrissur. He has worked at Malabar Medical College, KMCT Med College, and Thrissur Medical College. Presently Assistant Professor, Kozhikode Medical College. Special interest - Infectious Diseases, Diabetes and Geriatrics.
ചിത്രകാരൻ
Dr. Jinesh P.S. Completed MBBS and MD in Forensic Medicine from Govt Medical College, Kottayam. He has worked in Dept. of Forensic at Govt Medical College, Kottayam as Lecturer and at Community Health Center Kumarakom and Edayazham as Medical Officer. He is interested in spreading of scientific temper, health awareness.

മികച്ച വർഗ്ഗങ്ങൾ

എല്ലാ വർഗ്ഗങ്ങളും
പൊതുജനാരോഗ്യം

284 ലേഖനങ്ങൾ

Current Affairs

240 ലേഖനങ്ങൾ

കോവിഡ്-19

236 ലേഖനങ്ങൾ

ആരോഗ്യ അവബോധം

115 ലേഖനങ്ങൾ

സുരക്ഷ

64 ലേഖനങ്ങൾ

ശിശുപരിപാലനം

59 ലേഖനങ്ങൾ

കിംവദന്തികൾ

53 ലേഖനങ്ങൾ

Infectious Diseases

52 ലേഖനങ്ങൾ

Medicine

45 ലേഖനങ്ങൾ